Saturday, 18 February 2023

ഞാൻ നീലാണ്ടൻ


~~~~~~~~~~~~

ഞാൻ നീലാണ്ടൻ. എനിക്ക് വേണ്ടി ഒരു രാത്രി നിങ്ങൾ മാറ്റി വെച്ചിട്ടുണ്ട്.

എന്നെ ഉറക്കി കിടത്തി നിങ്ങൾ ഉണർന്നിരിക്കുന്ന ദിവസം.മഹാശിവരാത്രി എന്നാണ് നിങ്ങളീ ദിനത്തെ വിശേഷിപ്പിക്കുന്നത്.

അതി പ്രാചീനരുടെ കാലനാണ് ഞാൻ.    ആര്യ സമൂഹം എന്നെ രുദ്രനെന്നു വിളിച്ചു. സൗന്ദര്യവും ഭീകരതയും ഒന്നിച്ചു ചേർന്ന ഒരു ജന്മം. അതുകൊണ്ട് വരദമൂർത്തിയായി.

അഞ്ചു കല്പങ്ങളിലൂടെ കടന്നു പോന്നു. വ്യത്യസ്ത രൂപവും ഭാവവും കൈകൊണ്ടു. ഒന്നാം കല്പത്തിൽ ഞാൻ വെള്ളക്കാരനായിരുന്നു.

രണ്ടാം കല്പത്തിൽ ചൊക ചൊകപ്പൻ സുന്ദരനായ വാമദേവൻ. മൂന്നാമൂഴത്തിലാവട്ടെ ബ്രഹ്മം നിറയുന്ന പീതാംബര തല്പുരുഷൻ. 

നാലിലാവട്ടെ കറു കറുത്ത കാലഹന്താവ്. അഞ്ചിൽ എത്തിയപ്പോൾ വിശ്വം നിറയുന്ന അഘോരകല്പം. അങ്ങനെ പഞ്ചമുഖനായി. പിന്നീട് എത്രയെത്ര പേരുകൾ. 

എല്ലാം ഒന്നിനൊന്നു കേമം. നടരാജനായും കാലപുരുഷനായും ബവനായും ശരവണനായും പശുപതിയായും കപാലിയായും വൃഷദേവനായും സുഖം നൽകുന്ന

ശംഭുവായും ബ്രാഹ്മണരുടെ ഈശനായും ഉഗ്രനായും ഹരനായും മൃഡനായും ശങ്കരനായും അഷ്ടമൂർത്തിയായും

ദക്ഷിണാമൂർത്തിയായും അശനിയായും പ്രിയപ്പെട്ട മഹാദേവനായും നിങ്ങളീ നീലാണ്ടനെ ആരാധിച്ചു.

കയ്യിൽ കട്ടാരയും  തലയോടും കഴുത്തിൽ നാഗഹാരവും അരയിൽ പുലിത്തോലും മാറിൽ ആനത്തോലും

അകമ്പടിക്ക്‌ കുറുനരിയും കാട്ടു മൃഗവും കപാലം കൊണ്ട് ഇരന്നും നടന്നും ഹിമ സാനുക്കളിലൂടെ അലഞ്ഞൊരു ജന്മം. അതിനിടയിൽ എന്തെല്ലാം പ്രശ്നങ്ങൾ. 

രതിയും മൃതിയും താണ്ഡവമാടിയ കല്പാന്തങ്ങൾ. കോപവും താപവും വേട്ടയും രൗദ്രവും മാറി മറിഞ്ഞ നാളുകൾ. ദമരുവിൽ നിന്നുണ്ടായ ഭാഷയും താളവും നിങ്ങൾ സ്വന്തമാക്കി. 

കുംഭ മാസത്തിലെ കറുത്ത പക്ഷ ചതുർദശി നാളിൽ എന്നെ ഉറക്കി നിങ്ങൾ പാട്ടും കൂത്തുമായി രസിക്കുന്നു. ഞാനോ പ്രണയത്തിന്റെ കാളകൂടരസം ഭുജിച്ചു നീലാണ്ടനായി ശക്തിയെ കാത്തിരിക്കുന്നു.


/ടി.വി.എം.അലി/

No comments: