കുറെക്കാലത്തിന് ശേഷമാണ് കവി (പി.ടി.നരേന്ദ്രമേനോൻ) യേയും കവിപത്നി (സുകുമാരി നരേന്ദ്രമേനോൻ) യേയും കാണുന്നത്. എൻ്റെ ഗ്രാമത്തിലായിരുന്നു ആ കൂടിക്കാഴ്ച.
സകലകലാവല്ലഭനായിരുന്ന കോതയാത്ത് ഭാസ്ക്കരൻനായരുടെ മരണമറിഞ്ഞ് അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കവിയും പത്നിയും. ആൾക്കൂട്ടത്തിനിടയിൽ രണ്ടിടത്തായി ഇരിക്കുന്ന ഇരുവരേയും ഒറ്റമാത്രയിൽ അഭിവാദ്യം ചെയ്ത് പരിചയം പുതുക്കി. മരണാനന്തര ക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സംസാരിക്കാൻ സാവകാശം ലഭിച്ചത്.
എഴുത്തുകാരൻ എ.എച്ച് തൃത്താലയുമൊത്ത് ഒറ്റപ്പാലം പാലാട്ട് വീട്ടിൽ വർഷങ്ങൾക്ക് മുമ്പ് ചെന്ന കഥ ഉണർത്തിച്ചപ്പോൾ കവി മാനസം പ്രശോഭിതമായി. സൗഹൃദത്തിൻ്റെ നറുനിലാവ് പരന്നൊഴുകി. അതിനിടയിൽ സുഹൃത്ത് കെ.സി.എസ് കുട്ടി കവിയുടെ അനുവാദത്തോടെ ഫ്ലാഷ് മിന്നിച്ചു.
ഒറ്റപ്പാലത്തെ പ്രമുഖ അഭിഭാഷകൻ, കവി, ഉജ്വലപ്രഭാഷകൻ, സഹൃദയൻ, ശാസ്ത്രീയ, പരമ്പരാഗത കലകളിൽ അഗാധ പണ്ഡിതൻ, ഹിന്ദുസ്ഥാനി കർണ്ണാടക സംഗീതത്തിൻ്റെ ആരാധകൻ എന്നിങ്ങനെ അറിയപ്പെടുന്ന ബാബുവേട്ടൻ എന്ന നരേന്ദ്രമേനോനേയും കവി പത്നി പ്രമുഖ സംഗീതജ്ഞ സുകുമാരി ചേച്ചിയേയും സ്നേഹപൂർവ്വം 'കഥാലയ'ത്തിലേക്ക് ക്ഷണിച്ചു.
സമയം സായാഹ്നം. പിറപ്പ് റോഡിൽ ഇരുൾ വീഴുന്നു. തെക്കേ തൊടിയിൽ ചിതയാളുന്നു. കവിയുടെ കൂടെയുള്ളവർ പുറപ്പെടാൻ തിടുക്കപ്പെടുന്നു. പിന്നീടാവാമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം യാത്രയാവുന്നു. ഈ സൗഹൃദത്തിനും സ്നേഹത്തിനും നന്ദി!
https://youtu.be/iegTajuw_Bw
No comments:
Post a Comment