Friday, 10 February 2023

സിനിമ / ഇരട്ട

രോഹിത്തിൻ്റെ സിനിമാസ്വപ്നങ്ങൾ പൂവണിഞ്ഞു.

രോഹിത് എം.ജി കൃഷ്ണൻ മലയാള സിനിമയുടെ പ്രതീക്ഷയാണ്. അത് അരക്കിട്ടുറപ്പിക്കുന്ന സിനിമയാണ് 'ഇരട്ട'. ചെറുപ്പം മുതൽ സിനിമ മനസ്സിലിട്ട് നടക്കുകയും ഹൃസ്വചിത്രങ്ങളിലൂടെ അത് തെളിയിക്കുകയും ചെയ്ത രോഹിതിൻ്റെ 'ഇരട്ട' കാണാൻ രണ്ടാം വാരത്തിലും തിരക്കുണ്ട്.

എൻജിനീയറിങ് പഠിക്കുകയും ഒറ്റപ്പാലത്ത് തപാൽ വകുപ്പിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്ന രോഹിത് ആരവങ്ങളില്ലാതെയാണ് 'ഇരട്ട 'തിയേറ്ററുകളിൽ എത്തിച്ചത്.

എഞ്ചിനീയറിങ്ങ് കഴിഞ്ഞത് മുതൽ സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന രോഹിത്, 2014ൽ തപാൽ വകുപ്പിൽ ജോലിക്ക് കയറിയതിനു ശേഷം സിനിമയെ കുറിച്ച് പഠനം തുടങ്ങിയിരുന്നു. അങ്ങനെ 2015 മുതൽ ഷോർട് ഫിലിം സാധ്യതകൾ പരീക്ഷിച്ചു. ആ സമയം മുതൽ തിരക്കഥകൾ എഴുതി പലരെയും സമീപിച്ചു. 

2017ലാണ് 'ഇരട്ട'യുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിയത്. പലരോടും കഥ പറഞ്ഞു പറഞ്ഞു മടുത്തെങ്കിലും 2022ൽ ആ സ്വപ്നം പൂവണിഞ്ഞു.

'ഇരട്ട'യായി ജോജു ജോർജാണ് സ്ക്രീനിൽ നിറഞ്ഞാടുന്നത്. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഗൗരവമേറിയ കഥാപശ്ചാത്തലമാണ് 'ഇരട്ട' കൈകാര്യം ചെയ്യുന്നത്. 

പോലീസ് സേനയിൽ നിരവധി ക്രിമിനൽ പശ്ചാത്തലമുള്ളവർ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ തന്നെ അംഗീകരിച്ച കാര്യമാണ്. അത്തരമാളുകൾ ഒരു സ്റ്റേഷനിൽ ഒന്നിച്ചാൽ സ്ഥിതിയെന്താകുമെന്ന് പറയേണ്ടതില്ലല്ലൊ. ഏതാനും കുട്ടികളുടെ പന്തുകളിയിൽ നിന്ന് തുടങ്ങുന്ന സിനിമ വാഗമൺ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഒരു ഭവന സമർപ്പണ ചടങ്ങിൻ്റെ ഒരുക്കങ്ങളിലേക്കും തുടർന്ന് ഉയർന്നു കേൾക്കുന്ന മൂന്ന് വെടിയൊച്ചകളിലേക്കും ഒരു പൊലീസുകാരന്റെ ദാരുണ മരണത്തിലേക്കും തുടർന്ന് ഉണ്ടാകുന്ന അന്വേഷണത്തിലേക്കും അതിൻ്റെ ട്വിസ്റ്റുകളിലേക്കും പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത് ആകാംക്ഷ നിലനിർത്തിക്കൊണ്ടാണ്. 

പോലീസ് സ്റ്റേഷൻ്റെ അങ്കണത്തിൽ നാട്ടുകാരുണ്ട്. മാധ്യമ പ്രവർത്തകരുണ്ട്. ഉന്നത പോലീസുദ്യോഗസ്ഥരുണ്ട്. ഉദ്ഘാടനത്തിനെത്തുന്ന മന്ത്രിയെ വരവേൽക്കാൻ തിടുക്കത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടയിൽ പട്ടാപ്പകൽ, സർവീസ് റിവോൾവറിൽ നിന്നുള്ള മൂന്ന് വെടിയൊച്ചകളും മരണവും, നാടിനെ ഞെട്ടിക്കുന്നു. പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പൊലീസുകാരെ ചോദ്യം ചെയ്യാൻ എസ്.പിയും ഡി.വൈ.എസ്.പിയും ഒടുവിൽ മന്ത്രിയും എത്തുന്നു. 

മരണം പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിച്ചതുകൊണ്ടു തന്നെ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന സമ്മർദ്ദം ശക്തമാവുകയും മന്ത്രി തന്നെ ഇടപെടുകയും ചെയ്യുന്നു. ആരാകും കൊലയാളി? എന്തിനാകും സ്റ്റേഷനിൽ വച്ചു തന്നെ കൊലപാതകം നടത്തിയത്? ഈ ചോദ്യങ്ങളിലൂടെ ഉദ്വേഗജനകമായൊരു കഥ പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ രോഹിത്.

പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാരിൽവിനോദാണ് കൊല്ലപ്പെടുന്നത്. അവരുടെ സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും കൂടെയാണ് കഥ സഞ്ചരിക്കുന്നത്. സംശയമുനയിൽ നിൽക്കുന്ന മൂന്ന് പോലീസുകാരെ ചോദ്യം ചെയ്യുന്നതിൻ്റെ ഭാഗമായി അവർ പറയുന്ന പിൻ കഥകളാണ് സിനിമയെ നാടകീയ തലത്തിലേക്ക് കൊണ്ടുപോകുന്നത്. സഹോദരനായ ഡി.വൈ.എസ്.പി പ്രമോദിനെപ്പോലും സംശയത്തിൻ്റെ നിഴലിൽ നിർത്തുന്നതാണ് മരിച്ച വിനോദിന്റെ പങ്കാളി പറയുന്ന കഥ. ഇരട്ട സഹോദരങ്ങളുടെ മുൻകാല ജീവിതവും അവരുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഓർമകളുമൊക്കെ ചിത്രത്തിൽ പിൻ കഥകളായി വന്നുപോകുന്നുണ്ട്. അതുകൊണ്ടു തന്നെ സ്ഥിരം ക്രൈം സ്റ്റോറിയുടെ പതിവുചേരുവകളൊന്നും 'ഇരട്ട'യെ തീണ്ടിയിട്ടില്ല. 

സ്വഭാവം കൊണ്ട് വിഭിന്ന ധ്രുവങ്ങളിൽ നിൽക്കുന്ന പോലീസ് സഹോദരന്മാരാണ് ജോജു ജോർജ് അവതരിപ്പിക്കുന്ന പ്രമോദ്, വിനോദ് എന്നിവർ. പോലീസ് കുപ്പായമിട്ട താന്തോന്നിയാണ് ഇതിൽ എ.എസ്.ഐ വിനോദ് കുമാർ. എന്നാൽ ഡി.വൈ.എസ്.പി പ്രമോദിന്റെ ജീവിതവും ഇഴ പൊട്ടിയ തറിയാണ്.

തീരെ അപ്രധാനമെന്ന് തോന്നിപ്പിക്കുന്ന ചില സീനുകളാണ് കഥാഗതിയെ ആകെ മാറ്റിമറിക്കുന്നത്. സിനിമയിലെ പാട്ടിനു പോലും കഥയെ മാറ്റിമറിക്കാൻ ശക്തിയുണ്ട്. അതുകൊണ്ടു തന്നെ ഓരോ സീനിനും മൗലികതയുണ്ട്.  പ്രമേയത്തെ അതിന്റെ ആഴത്തിലൂന്നി അവതരിപ്പിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെയും ഇഴച്ചിൽ അനുഭവപ്പെടാതെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. 

എ.എസ്.ഐ വിനോദിൻ്റെ മരണത്തിന് ഉത്തരവാദി ആരെന്നുള്ള പ്രേക്ഷകരിലെ സംശയം അവസാന നിമിഷം വരെ നിലനിർത്തിക്കൊണ്ടുപോകുവാനും തിരക്കഥയ്ക്കു കഴിഞ്ഞു. സഹപ്രവർത്തകരെ മാത്രമല്ലാ ലോക്കപ്പ് പ്രതിയേയും ഇരട്ട സഹോദരനേയും വരെ സംശയമുനയിൽ നിർത്തിയാണ് സിനിമ ക്ലൈമാക്സിലെത്തുന്നത്.

ഒടുവിൽ അസാധാരണവും ഊഹിക്കാൻ പറ്റാത്തൊരു ക്ലൈമാക്സുമാണ് ഇരട്ടയെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുകയും നടുക്കമുണ്ടാക്കുകയും ചെയ്യും. 

ഇരട്ടയായുള്ള ജോജു ജോർജിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് സിനിമയുടെ കരുത്ത്. കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അഭിനയമാണ് ജോജുവിന്റേത്. ശാന്തതയും സഹാനുഭൂതിയും നിസ്സഹായതയും  നിരാശയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ ജോജു അവതരിപ്പിച്ചിരിക്കുന്നു.

ഡി.വൈ.എസ്.പി പ്രമോദ് കുമാർ, ഇയാളുടെ ഇരട്ടസഹോദരൻ എ.എസ്.ഐ വിനോദ് കുമാർ എന്നിവരുടെ ശിഥിലമായ ബാല്യകാലവും തൊഴിൽ പരമായ ഈഗോയുമെല്ലാം ഇരട്ട വ്യക്തിത്വത്തോടെ ജോജു കാഴ്ചവെച്ചിട്ടുണ്ട്.  

ഒന്നോ രണ്ടോ സീനുകളിൽ വന്നു പോകുന്നവർ പോലും കഥാഗതിയെ മാറ്റിമറിക്കാൻ കെല്പുള്ള കഥാപാത്രങ്ങളാണ്. പാസ്റ്ററായി എത്തിയ ജിത്തു അഷ്റഫിന്റെ അഭിനയം എടുത്തുപറയാതെ വയ്യ. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ്, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ.

തഴക്കം ചെന്നൊരു സംവിധായകന്റെ കയ്യടക്കമാണ് നവാഗതനായ രോഹിത്തിൽ കാണാനാകുക. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു പ്രമേയമല്ല ഇരട്ടയുടേത്. ഒരു മാന്ത്രികൻ്റെ കയ്യടക്കത്തോടെ പുറത്തെടുക്കുന്ന ഓരോ പിൻകഥകൾക്കും ജീവനുണ്ട്. 

മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയുടെ സംഗീതം ഇതെല്ലാം ഇഴുകിചേർന്ന് ചിത്രത്തിൽ ഒഴുകുന്നത് കാണാം. മാർട്ടിൻ പ്രക്കാട്ട് എന്ന നിർമാതാവിനോടൊപ്പമുള്ള അരങ്ങേറ്റം സംവിധായകൻ രോഹിത് ​ഗംഭീരമാക്കിയിട്ടുണ്ട്. നായാട്ട് എന്ന ചിത്രത്തിന് ശേഷം മനസിനെ വേട്ടയാടുന്ന തരത്തിൽ ഒരു മികച്ച ചിത്രം മലയാളസിനിമയ്ക്ക് നൽകിയതിൽ മാർട്ടിൻ പ്രക്കാട്ടിനും ജോജു ജോർജിനും അഭിമാനിക്കാം.

പെരിന്തൽമണ്ണ ആലിപറമ്പ് സ്വദേശിയാണ് സംവിധായകൻ രോഹിത്. അമ്മയും ഭാര്യ രോഹിണിയും മകനും രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്നതാണ് രോഹിതിന്റെ കുടുംബം. 

No comments: