ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യക്ക് നാല് പതിറ്റാണ്ട്!
സാമൂഹ്യ പ്രതിബദ്ധതയോട് വിട്ടുവീഴ്ച ചെയ്യാതെ ഗോപിനാഥ് പാലഞ്ചേരിയുടെ കലാസപര്യ നാല് പതിറ്റാണ്ട് പിന്നിടുന്നു. യുവതലമുറയെ കീഴ്പ്പെടുത്തി നശിപ്പിക്കുന്ന മാരകവിപത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് "മരണമൊഴി” എന്ന ഏകപാത്ര നാടകവുമായി ഇപ്പോൾ കൂടുതൽ സ്വീകാര്യനാവുകയാണ് നാടക പ്രതിഭയായ ഗോപിനാഥ് പാലഞ്ചേരി. ലഹരി ഉപയോഗം മൂലം നശിച്ചു പോകുന്ന ഒരു ചെറുപ്പക്കാരന്റേയും കുടുംബത്തിന്റെയും ദയനീയ ചിത്രം ഹൃദയദ്രവീകരണക്ഷമമായി അവതരിപ്പിക്കുന്നതാണ് ഈ നാടകം.
20 മിനിട്ടു മാത്രം ദൈർഘ്യമുള്ള ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി കാണികളെ ബോധ്യപ്പെടുത്തുന്നതിൽ പാലഞ്ചേരി പൂർണ വിജയം നേടുന്നു. ചാലിശ്ശേരി ഗവ. ഹൈസ്കൂളിൽ നടന്ന സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ത്രിദിന ക്യാമ്പിലും, ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ "വെളിച്ചം" സപ്തദിന ക്യാമ്പിലും വിദ്യാർഥികൾ വലിയ ആവേശത്തോടെയാണ് നാടകം ഏറ്റുവാങ്ങിയത്.
തനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം ലഹരിയാണ്. നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ഒട്ടും വീര്യം ചോരാത്ത ആ ലഹരിയാണ് തന്നെ നിലനിർത്തുന്നതെന്ന് കരുതുകയാണ് ഗോപിനാഥ് പാലഞ്ചേരി. സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മുഖത്ത് ചായം തേക്കാൻ. നാടക കൂട്ടായ്മകളുടെ ഭാഗമായി ചാലിശ്ശേരിയിലെയും അയൽ ഗ്രാമങ്ങളിലെയും അരങ്ങുകളിലൂടെ നാട് ചുറ്റി നാടകം പഠിച്ച കാലമായിരുന്നു അത്. ഒരു നടൻ എന്ന നിലയിൽ അത്യാവശ്യം അറിയപ്പെടാൻ തുടങ്ങിയതോടെ പ്രൊഫഷണൽ നാടകങ്ങളിലേക്ക് ചുവടുമാറ്റം നടത്തി, അങ്കമാലി സംഗമം, ഗുരുവായൂർ വിശ്വഭാരതി, പാലക്കാട് സമന്വയ എന്നീ സമിതികളിലാണ് പ്രധാനമായും സഹകരിച്ചിട്ടുള്ളത്. അതിൽ തന്നെ ഗുരുവായൂർ വിശ്വഭാരതിയുടെ ഏറെ പ്രശസ്തമായ "കുറൂരമ്മ" എന്ന നാടകത്തിൽ അവതരിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് പാലഞ്ചേരിക്ക് നാടകരംഗത്ത് പ്രശസ്തിയും അംഗീകാരവും നേടിക്കൊടുത്തത്.
ഒരു മുഴുവൻ സമയ നാടക പ്രവർത്തകനായി വേദികളിൽ നിന്നും വേദികളിലേക്ക് പോകാൻ അവസരം ലഭിച്ചിട്ടും വൈതരണികളുടെ കടമ്പ താണ്ടാൻ കഴിഞ്ഞില്ല. വ്യക്തിപരമായ ഉത്തരവാദിത്തങ്ങൾ മുന്നിൽ നിറഞ്ഞാടിയപ്പോൾ ഇടയ്ക്കൊരു പിന്മാറ്റം നടത്തി. എങ്കിലും നാട്ടിലെ വേദികളിൽ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുമായും സജീവമായിരുന്നു. കെ.മോദരന്റെ "പാട്ടബാക്കി" എന്ന നാടകം 86 വർഷത്തിനുശേഷം ചാലിശ്ശേരിയിൽ പുനരവതരിപ്പിക്കുകയുണ്ടായി. അതിലെ ക്രൂരനായ കാര്യസ്ഥൻ രാമൻ നായരുടെ വേഷം ഗോപിനാഥിന് വളരെയേറെ പ്രേക്ഷക പ്രശംസ നേടിക്കൊടുക്കുകയുണ്ടായി.
ഏകദേശം നൂറിനടുത്ത് നാടകങ്ങളും, മുപ്പതോളം ഹ്രസ്വ ചിത്രങ്ങളിലും, നാല് പരസ്യ ചിത്രങ്ങളിലും ഏഴു ദേശങ്ങൾക്കുമകലെ, ഒരു ദേശ വിശേഷം, മേരെ പ്യാരെ ദേശ് വാസിയോം, സമീർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ അഭിനയിച്ചത് എം.ടിയുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന "ശിലാലിഖിതം" എന്ന ചിത്രത്തിലാണ്.
നാടകത്തിന് എന്നും എപ്പോഴും പ്രാധാന്യം നൽകിവരുന്ന ഗോപിനാഥ് പാലഞ്ചേരിയുടെ ഏറ്റവും പുതിയ സംരംഭം "മരണമൊഴി" എന്ന ഏകപാത്ര നാടകമാണ്. 20 മിനിറ്റ് ദൈർഘ്യമുള്ള ഈ ഒറ്റയാൾ പ്രകടനത്തിലൂടെ ലഹരിയെന്ന സാമൂഹ്യ വിപത്തിന്റെ വ്യാപ്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ഗോപിനാഥിന് കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യ ബോധവത്കരണത്തിന് നാടകം പോലെ ഏറ്റവും അനുയോജ്യമായ മറ്റൊരു ആർട്ട് ഫോം ഇല്ല എന്ന തിരിച്ചറിവും, ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള മാധ്യമം എന്ന നിലയിലുമാണ് മരണമൊഴി എന്ന ഏകപാത്ര നാടകം രൂപപ്പെട്ടതെന്ന് ചാലിശ്ശേരി സ്വദേശിയായ ഗോപിനാഥ് പറയുന്നു.
/ ടി.വി.എം അലി /
No comments:
Post a Comment