വീണ്ടും വരുന്നു...
1986 ജനുവരി മുതൽ ഏപ്രിൽ വരെ ഖണ്ഡശ: ദേശാഭിമാനി വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ബാലനോവലാണ് ഈസൻ മൂസ. 2001ൽ 'കഥാലയം' ബുക്സ് ആദ്യ പതിപ്പ് പുറത്തിറക്കി. ഇപ്പോഴിതാ 'അക്ഷരജാലകം' ബുക്സ് പരിഷ്കരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കുന്നു.
ഇന്ത്യയുടെ പ്രഥമ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട ഈ നോവലിന് അന്നെന്ന പോലെ ഇന്നും പ്രസക്തിയുണ്ട്. കട്ടിൽമാടം കോട്ടയിൽ എത്തുന്ന ബഹിരാകാശ ജീവിയും, അതിനെ പിടികൂടാൻ എത്തുന്ന അന്വേഷണ സംഘവും, കഥയറിയാതെ അന്ധാളിച്ചു നിൽക്കുന്ന ഗ്രാമത്തിലെ കുട്ടികളും ഉദ്വേഗജനകമായ ഒരന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അതു കൊണ്ടാണ് മൂന്നര പതിറ്റാണ്ടിന് ശേഷവും പരിഷ്കരിച്ച ഈ പതിപ്പ് പുറത്തിറക്കുന്നത്. ചാന്ദ്രയാൻ - 3 വിജയകരമായി ദൗത്യം പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്ഈസൻ മൂസയുടെ രണ്ടാം വരവ് എന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്.
അതിഭാവുകത്വത്തെ (Fantasy) യാഥാർത്ഥ്യ (Realism)ങ്ങളുമായി ഇണക്കിച്ചേർത്തുകൊണ്ടുള്ള ഒരു നൂതന ശൈലിയാണ് ഈ നോവലിൽ അവലംബിച്ചിട്ടുള്ളതെന്നും, ഇത്തരം ക്രാഫ്റ്റുകൾ ബാലസാഹിത്യത്തിൽ അധികമാരും ഉപയോഗിച്ചിട്ടില്ലെന്നും അവതാരികയിൽ പ്രമുഖ ബാലസാഹിത്യകാരൻ എം.എസ് കുമാർ ആദ്യ പതിപ്പിൽ തന്നെ രേഖപ്പെടുത്തിയിരുന്നു.
കുട്ടികൾക്കും വലിയവർക്കും ഇഷ്ടപ്പെടുകയെന്നത് ഒരുത്തമ ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്. പുതിയ തലമുറയ്ക്കു കൂടി 'ഈസൻ മൂസ'യെ പരിചയപ്പെടുത്തുന്നതിനു വേണ്ടിയാണ് രണ്ടാം പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. കുട്ടികളും മുതിർന്നവരും 'ഈസൻ മൂസ'യെ ഒരിക്കൽക്കൂടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.അച്ചടിയിലുള്ള പുസ്തകം ഉടൻ തന്നെ നിങ്ങളുടെ കൈകളിൽ എത്തും.
No comments:
Post a Comment