സംരക്ഷണവുമായി എസ്. അഴഗിരി
നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകളുടെ സംരക്ഷണവും പരിപാലനവുമായി രംഗത്തെത്തിയിരിക്കുകയാണ് പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ മുൻ ലൈബ്രേറിയൻ എസ്.അഴഗിരി.
ഇതിനായി പുന്നശ്ശേരി നമ്പിയുടേയും, അഴഗിരിയുടെ മുത്തശ്ശനായ തമിഴ്നാട് നാഗർകോവിലിലെ മുരുകൻ ജ്ഞാനിയാരുടേയും പേരിൽ ഒരു ട്രസ്റ്റിനും ഇദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. പുന്നശ്ശേരിയുടെ താളിയോല ഗ്രന്ഥങ്ങൾ കണ്ടെത്തുക, അവ പ്രിന്റ് ചെയ്യുക, കൂടാതെ പഴയ കാലത്തെ ചരിത്രം, വട്ടെഴുത്ത്, ഗ്രന്ഥലിപി, പഴയ മലയാളം എന്നിവ പഠിപ്പിക്കുക എന്നിവയാണ് ട്രസ്റ്റിലൂടെ അഴഗിരി ലക്ഷ്യമിടുന്നത്.
പുന്നശ്ശേരി നമ്പിയുടെ ആദ്യ ശിഷ്യൻമാരിൽ ഒരാളായ കുട്ടി എഴുത്തച്ഛന്റെ പേരമകനായ ഇ.പി.ഭാസ്കര ഗുപ്തൻ മാസ്റ്ററുടെ വീട്ടിൽ പുന്നശ്ശേരിയുടെ പല താളിയോലകളും ഉണ്ടെന്ന വിവരം പട്ടാമ്പി കോളേജ് ലൈബ്രേറിയനായിരിക്കെ തന്നെ അഴഗിരിക്കറിയാമായിരുന്നു. അവിടെ നിന്നുള്ളതും മറ്റു സ്ഥലങ്ങളിൽ നിന്നുമായി ഇരുപതിൽ പരം താളിയോല ഗ്രന്ഥങ്ങളാണ് ഇപ്പോൾ അഴഗിരിയുടെ കയ്യിലുള്ളത്. ജ്യോതിഷവും ജാതകവും മാത്രമല്ല ഇവയിൽ ഉള്ളത്. പുന്നശ്ശേരിയുടെ പല കൃതികളും ഇന്ന് ലഭ്യമല്ല. തന്റെ പക്കലുള്ള താളിയോലയിൽ നിന്ന് പുന്നശ്ശേരിയുടെ ശിവപുരാണവും, കടമ്പഴിപ്പുറം ഭാഗത്തെ ഒരു ഭൂമിയുടെ ആധാരവും കണ്ടെത്തിയിട്ടുണ്ട്.
രാജമുദ്രയുള്ള ഈ ആധാരത്തിന് 200 വർഷത്തിലേറെ പഴക്കമുണ്ട്. താളിയോലയിലെ ലിപികൾ പഠിക്കാനും സംരക്ഷിക്കാനുമായി 16 ശിഷ്യന്മാർ ഇപ്പോൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഴഗിരിയെ തേടി എത്തുന്നു. ഇവരിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഇവരാവട്ടെ പി.ജിയും ഡോക്ടറേറ്റും നേടിയവരാണ്. കോഴിക്കോട് മുതൽ ചാലക്കുടി വരെയുള്ളവരാണ് ഇപ്പോഴത്തെ വിദ്യാർത്ഥികൾ.
താളിയോലകൾ സംരക്ഷിക്കുന്നതിന് പുൽതൈലവും ടിഷ്യൂ പേപ്പറും ചില കെമിക്കലുകളുമാണ് ഉപയോഗിക്കുന്നത്. താളിയോലകൾ അവയുടെ കാലഗണന അനുസരിച്ച് ഒതുക്കുക എന്നത് നിസാര കാര്യമല്ലെന്നും, തങ്ങളുടെ ഉദ്യമത്തിന് താളിയോലകൾ നൽകി സഹായിക്കണമെന്നും എസ്.അഴഗിരി ആവശ്യപ്പെട്ടു. താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽ ചെയ്യുന്നതിന് മാതാ അമൃതാനന്ദമയി ഗ്രൂപ്പ് സഹായം അറിയിച്ചിട്ടുണ്ടെന്നും എസ്. അഴഗിരി പറഞ്ഞു.
പട്ടാമ്പി ലയൺസ് ക്ലബിൽ ഇന്ന് രാവിലെ നടന്ന താളിയോലകളുടെ പ്രദർശനം ഡോ.കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഭാരവാഹി മുഹമ്മദ് ഇർഷാദ്, ഡോ.സി.എം. നീലകണ്ഠൻ, ശ്രീദേവി ടീച്ചർ എന്നിവർ സന്നിഹിതരായി.
No comments:
Post a Comment