Saturday, 21 October 2023

മായാവിയുടെ തിരുപ്പിറവി


പന്തിരുകുല പുരാവൃത്തങ്ങളുടേയും നവോത്ഥാന ചരിത്ര സ്മൃതിയുടേയും വൈദ്യ പാരമ്പര്യത്തിൻ്റെയും നാടകാദി കലകളുടേയും മറ്റും ഈറ്റില്ലമാണ് മേഴത്തൂർ ഗ്രാമം. നിളാതീരത്തുള്ള ഈ ഗ്രാമത്തിൽ ഇപ്പോൾ നവ വിസ്മയങ്ങളുടെ മാന്ത്രിക ചെപ്പുമായി നിറഞ്ഞു നിൽക്കുകയാണ് മേഴത്തൂർ മായാവിയായ ഡോ.ആനന്ദ് മേഴത്തൂർ. പന്തിരുകുലത്തിലെ സീമന്തപുത്രനായ മേഴത്തോൾ അഗ്നിഹോത്രി അങ്ങേയറ്റത്തും, മഹാവിസ്മയങ്ങളുടെ രാജകുമാരനായ ഡോ.ആനന്ദ് മേഴത്തൂർ ഇങ്ങേയറ്റത്തും നിൽക്കുമ്പോൾ, പന്തിരുകുല മാതാവായ പഞ്ചമിയും പിതാവായ വരരുചിയും പഴമ്പുരാണങ്ങളുടെ വിസ്മയ ചെപ്പു തുറക്കാൻ നമ്മുടെ മുന്നിലെത്തും. അതോടൊപ്പം പാക്കനാരും, രജകനും, കാരയ്ക്കലമ്മയും, അകവൂർ ചാത്തനും, വടുതല നായരും, വള്ളോൻ എന്ന തിരുവള്ളുവരും, ഉപ്പുകൂറ്റനും, പാണനാരും, ഉളിയന്നൂർ പെരുന്തച്ചനും, വായില്ലാക്കുന്നിലപ്പനും, നാറാണത്ത് ഭ്രാന്തനും മാന്ത്രിക ദണ്ഡ് ചുഴറ്റി മായാവിയോടൊപ്പം പ്രത്യക്ഷപ്പെടും. ഈ പുസ്തകത്തിൻ്റെ പേരിൽ തന്നെ മായാജാലത്തിൻ്റെ മഴവിൽ ചന്തം കാണാം. യജ്ഞ സംസ്കാരത്തെ പുനരുദ്ധരിക്കാനായി മേഴത്തോൾ അഗ്നിഹോത്രി 100 സോമയാഗങ്ങൾ നടത്താനിറങ്ങിയെന്നത് പുരാവൃത്തം.  

നൂറു സോമയാഗങ്ങൾ നടത്തുന്ന പുരുഷൻ ഇന്ദ്രപദത്തിന്‌ പ്രാപ്തനാണ്‌ എന്നാണ്‌ വിശ്വാസം. ഇവിടെ മേഴത്തൂർ മായാവി നടത്തുന്നതാവട്ടെ എണ്ണമറ്റ മാന്ത്രിക മഹായാഗങ്ങളാണ്. അതും മാനവ സാഹോദര്യവും ദേശീയോദ്ഗ്രഥനവും ലക്ഷ്യമിട്ട്. തൊണ്ണൂറ്റി ഒൻപതാമത്തെ യാഗം അവസാനിയ്ക്കുന്ന ദിവസം ഇന്ദ്രൻ‍ നേരിട്ട്‌ യാഗശാലയിൽ എത്തിയെന്നും  നൂറാമത്തെ യാഗം നടത്തുന്നതിൽ നിന്നും പിന്തിരിയണമെന്ന് അഗ്നിഹോത്രിയോട്‌ അഭ്യർത്ഥിച്ചെന്നും ഐതിഹ്യം. തന്റെ ലക്ഷ്യം ദേശീയോദ്ഗ്രഥനമായതിനാൽ ഏത് ഇന്ദ്രൻ അഭ്യർത്ഥിച്ചാലും തൻ്റെ മഹാമാന്ത്രിക യാഗം നിർത്തില്ലെന്ന പ്രതിജ്ഞയിലാണ് മേഴത്തൂർ മായാവി.  കഴിഞ്ഞ കാൽനൂറ്റാണ്ടായി ആനന്ദിനെ എനിക്കറിയാം. ആനന്ദിൻ്റെ അരങ്ങേറ്റ വാർത്ത മുതൽ ഈയിടെ ലഭിച്ച ഡോക്ടരേറ്റ് വാർത്ത വരെ റിപ്പോർട്ട് ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി.

ആനന്ദിനെ ഏറെ ശ്രദ്ധേയനാക്കിയത് തൃത്താല മുതൽ ചെർപ്ലശ്ശേരി വരെ വാരിക്കുഴികൾ നിറഞ്ഞ നിരത്തിലൂടെ 45 കി.മീറ്റർ ദൂരം കണ്ണ് കെട്ടി ബൈക്ക് ഓടിക്കലായിരുന്നു. ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ പട്ടാമ്പിയിൽ പ്രാദേശിക ന്യൂസ് ചാനൽ എഡിറ്ററായിരുന്നു. പ്രത്യേക താൽപ്പര്യമെടുത്ത് മറ്റു ചാനലുകൾക്കും പത്രങ്ങൾക്കും വാർത്ത കൈമാറിയതിനാൽ ആനന്ദിന് നല്ല കവറേജ് ലഭിക്കാനിടയായി. നാട്ടുകാർക്കിടയിൽ മായാവിയായതും ജാലവിദ്യക്കാർക്കിടയിൽ അംഗീകാരം ലഭിച്ചതും ഈയൊരു പ്രകടനത്തിലൂടെയായിരുന്നു.

മഹാമാന്ത്രികനായ കടമറ്റത്ത് കത്തനാരേക്കാൾ ആനന്ദിൻ്റെ മനസിൽ ഇടം നേടിയത് പ്രൊഫസർ ഗോപിനാഥ് മുതുകാട് മാത്രമാണ്. മാന്ത്രിക ചക്രവർത്തിയായ മുതുകാടിൻ്റെ ടീമിൽ ഇടം ലഭിച്ചതും ലോകമെങ്ങും മായാവിയായി പറന്നു നടന്ന് മായാജാലം അവതരിപ്പിക്കാൻ സാധ്യമായതും ജീവിതത്തിലെ വഴിത്തിരിവായി. 

വിസ്മയ സ്വരാജ് യാത്രയിലൂടെ അനുഭവങ്ങളുടെ മഹാപർവ്വതങ്ങളേയും സപ്ത സാഗരങ്ങളേയും നെഞ്ചേറ്റുവാങ്ങാനും അവ ചെറുനുറുങ്ങുകളായി കുറിച്ചിടാനും വരും തലമുറയ്ക്കത് പകർന്നു നൽകാനും ആനന്ദ് മുതിർന്നുവെന്നത് പ്രത്യേക പ്രശംസ തന്നെ നേടുന്നുണ്ട്. ആറ്റിക്കുറിക്കിയ വാക്കുകളിലൂടെയുള്ള യാത്രാവിവരണം ഒരു പക്ഷേ ഇതാദ്യമായിരിക്കാം. ഓരോ ദിവസവും ഡയറി താളിൽ കുറിച്ചു വെച്ച അനുഭവങ്ങൾ പുസ്തകതാളിലേക്ക്‌ പകർന്നു നൽകുക മാത്രമാണ് ആനന്ദ് ഇവിടെ ചെയ്തിട്ടുള്ളത്. 

ഓരോ ദിനസരി കുറിപ്പും വിസ്തരിച്ചു പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാർക്ക് തോന്നാം. അനേകം താളുകളിലേക്ക് പകർത്തി വെക്കാവുന്ന സംഗതികൾ ഓരോ ദിവസവും സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു മഹാ മാന്ത്രികൻ്റെ കയ്യടക്കം എന്ന കല തന്നെയാണ് ഇവിടെയും മഴവിൽ ചന്തം പകരുന്നത്. യാത്രാ വിവരണത്തോടൊപ്പം തന്നെ തൻ്റെ ഭൂതകാലത്തിൻ്റെ പരിച്ഛേദം കൂടി അനാവരണം ചെയ്തതും ഉചിതമായി. മഹാമാന്ത്രികനെന്ന പോലെ മഹാഗ്രന്ഥകാരൻ എന്ന നിലയിലും ഡോ.ആനന്ദ് മേഴത്തൂർ തിളങ്ങട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.

(പുസ്തകത്തിൽ ഇടം പിടിച്ച കുറിപ്പ്)

ടി വി എം അലി

No comments: