മഷിനോട്ടങ്ങൾ എന്ന പ്രഥമ കാവ്യകൃതിയിൽ നിന്ന് വയലറ്റ് എന്ന രണ്ടാമത്തെ പുസ്തകത്തിലേക്ക് താജീഷ് ചേക്കോട് നടന്നു കയറുമ്പോൾ കണ്ണാന്തളിക്കരയിലെ പൂക്കൾ തല ഉയർത്തി നോക്കുന്നതുപോലെയുള്ള ഒരനുഭൂതിയാണ് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുക. ജ്ഞാനപീഠം കയറിയ എം.ടിയുടെ കൂടല്ലൂരും താജീഷിൻ്റെ ചേക്കോട് ഗ്രാമവും തമ്മിൽ വഴി പിരിയാത്ത ഒരു ബന്ധമുണ്ട്. പറക്കുളം കുന്നിൽ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ എം.ടിയുടെ താന്നിക്കുന്നും മാടത്ത് തെക്കേപ്പാട്ട് തറവാടും കൂടല്ലൂർ കൂട്ടക്കടവും വയലേലകളും കാണാം. എം.ടിക്ക് നീലത്താമര പോലെ കണ്ണാന്തളിയും ഏറെ പ്രിയപ്പെട്ടതാണ്. ചേക്കോട് താമസിക്കുന്ന താജീഷിനാവട്ടെ കണ്ണാന്തളി ഹൃദയദളം തന്നെയാണ്.
മഷിനോട്ടങ്ങൾ എന്ന ആദ്യ പുസ്തകത്തിൽ കണ്ണാന്തളി എന്ന പേരിലൊരു കവിതയുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്: കുറേ നാളായി ഉറക്കത്തിലായിരുന്നു / ഇടയ്ക്ക് ആരുമറിയാതെ തലയൊന്നു പുറത്തേക്കിട്ടു ഒളിച്ചു നിന്നു /ഞാനിവിടെയുണ്ടെന്ന് ബോധ്യപ്പെടുത്തണമല്ലൊ /വികസന കുതിപ്പിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അനേകം സസ്യലതാദികളിൽ ഒന്നാണ് കണ്ണാന്തളി. കുന്നുകളെല്ലാം വയലുകളിലേക്ക് താമസം മാറ്റിയെന്നും വയലുകൾ മാളുകളിലേക്ക് കൂറുമാറിയെന്നും കണ്ണാന്തളിയും തുമ്പയും സ്വർഗ്ഗത്തിൽ മാത്രം വിരിയാൻ തുടങ്ങിയെന്നുംവികസനം എന്ന മറ്റൊരു കവിതയിലൂടെ താജിഷ് ആദ്യ കൃതിയിൽ എഴുതിയിട്ടുണ്ട്.
പാരിസ്ഥിതികമായ വേവലാതികളിൽ നിന്നാണ് താജീഷിൻ്റെ ഓരോ രചനയും വാർന്നു വീഴുന്നത്. ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും സമൃദ്ധമായി വളരുന്ന കണ്ണാന്തളി ഈയടുത്ത കാലം വരെ കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നു. ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും എല്ലാം കാലയവനികയിലമർന്നുവെങ്കിലും താജീഷിനെപ്പോലെയുള്ള എഴുത്തുകാർ അവയെ പുന:സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
വയലറ്റ് എന്ന നീണ്ടകഥയിലും കണ്ണാന്തളി തന്നെയാണ് പ്രധാന കഥാപാത്രം. കഥയുടെ പശ്ചാത്തലം തന്നെ കണ്ണാന്തളിക്കര എന്ന ഗ്രാമമാണ്. ഗ്രാമനാമം തന്നെ വായനക്കാരെ ആകർഷിക്കാൻ പോന്നതാണ്. പണ്ടു പണ്ട് കുന്നിൻ പുറത്തെ മുനിപ്പാറ എന്ന ഗുഹയിൽ ഒരു ദിവ്യൻ താമസിച്ചിരുന്നുവെന്നും ആ ദിവ്യൻ്റെ കണ്ണുകളിൽ നിന്ന് പതിച്ച ആനന്ദാശ്രുക്കളാണ് കണ്ണാന്തളി ചെടികളായി മാറിയതെന്നും വിശ്വസിക്കുന്ന ഗ്രാമവാസികളാണ് കണ്ണാന്തളിക്കരയിലുള്ളത്. അതു കൊണ്ടു തന്നെ കണ്ണാന്തളി പൂക്കൾക്കും ദിവ്യത്യമുണ്ടെന്ന് നാട്ടുകാർ കരുതുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന പൊട്ടൻ പൂതത്തിനെ ദൂരെ നിർത്താൻ പോലും കണ്ണാന്തളിക്ക് സിദ്ധി ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെല്ലാവരും കണ്ണാന്തളി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന വഴികളിലൂടെയാണ് വിദ്യ തേടി പോയിരുന്നത്. ഇങ്ങനെ കണ്ണാന്തളിയുടെ വിശുദ്ധി വരച്ചിട്ടു കൊണ്ടാണ് നീണ്ടകഥ തുടങ്ങുന്നത്.
പ്രകൃതിയെ നന്മയുടെ പക്ഷത്ത് നിർത്തിക്കൊണ്ട് മുന്നേറുന്ന നീണ്ട കഥയിൽ, ആദിമ ഗോത്ര സമൂഹത്തിൻ്റെ പിന്തുടർച്ചക്കാരനായ കറുത്ത ശിവൻ എന്ന കഥാനായകൻ വിജ്ഞാന തൃഷ്ണകൊണ്ടും കഠിന പ്രയത്നത്തിലൂടെയും ഡോക്ടരാവുന്നു. എന്നാൽ തീവ്രസാന്ത്വന പരിചരണ സേവനത്തിനിടയിലും തൻ്റെ ഗോത്ര ജീവിതത്തിൻ്റെ തായ് വേര് അറ്റുപോകാതിരിക്കാൻ കരിങ്കാളി വേഷമണിയുന്നതും, ഇന്നലെകളെ വിസ്മരിക്കുന്നവരുടെ വർത്തമാനകാലത്ത് ഏറെ പ്രസക്തമാണ്. അതേ സമയം കഥാനായിക പാർവതിയാവട്ടെ മൂന്നാക്ക സമുദായത്തിൻ്റെ പ്രതിനിധിയും കരിങ്കാളി വേഷക്കാരെ ഭയപ്പെടുന്നവളുമാണ്. അസ്തമിച്ച പ്രതാപകാലത്തിൻ്റെ നോവും നൊമ്പരവുമായി ദൂരെയുള്ള അൺ എയ്ഡഡ് വിദ്യാലയത്തിൽ അധ്യാപികയായി അവർ ജോലി ചെയ്യുകയാണ്.
കണ്ണാന്തളിക്കാരായ ശിവനും പാർവതിയും സഹപാഠികളാണെങ്കിലും ഏറെ വർഷങ്ങൾക്കു ശേഷം അവർ കണ്ടുമുട്ടുന്നത് തികച്ചും യാദൃശ്ചികമായ ഒരന്തരീക്ഷത്തിലാണ്. അവിടെ നിന്ന് വീണ്ടും തുടങ്ങുന്ന ആത്മബന്ധമാണ് വയലറ്റിലെ ഇതിവൃത്തം. ശിവ പാർവതി സമാഗമത്തോടെ തുടങ്ങുന്ന പ്രണയത്തിനും കണ്ണാന്തളി പൂക്കളുടെ സ്വർഗീയ സുഗന്ധം പകരാൻ താജീഷിന് കഴിയുന്നുണ്ട്. വയലറ്റിന് മനോഹാരിത പകരുന്ന ബാബുരാജ് പുൽപ്പറ്റയുടെ കവർ ചിത്രവും ഉൾചിത്രങ്ങളും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. ഇതിവൃത്തത്തോട് ഇഴുകിചേർന്ന് നിൽക്കുന്നതാണ് ഓരോ ചിത്രവും. വർഷങ്ങൾക്കു മുമ്പ് കഥാകാരൻ പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത്, പത്രപ്രവർത്തന കമ്പം മൂത്ത് എൻ്റെ ശിഷ്യത്വം സ്വീകരിക്കുകയും പ്രാദേശിക ചാനലിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നീട് 2001ൽ മർത്യഭാഷ എന്ന പേരിൽ താജീഷ് ആരംഭിച്ച പ്രസിദ്ധീകരണത്തിൽ അണിയറ എന്ന പേരിൽ ഒരു കോളമെഴുത്തുകാരനായി ഞാൻ മാറിയതും ഈ സന്ദർഭത്തിൽ ഓർമ്മയിൽ തെളിയുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി തുടരുന്ന ഞങ്ങളുടെ സൗഹൃദത്തിന് സുഗന്ധം പൂശിക്കൊണ്ട് ഈ ആസ്വാദന കുറിപ്പ് ഉപസംഹരിക്കുന്നു. താജീഷിനും അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മക്കും ഒരു പിടി കണ്ണാന്തളി പൂക്കൾ സമർപ്പിക്കുന്നു. വായനാ സമൂഹം വയലറ്റ് എന്ന കൃതിയും നെഞ്ചോട് ചേർക്കുമെന്ന് പ്രത്യാശിക്കുന്നു.
No comments:
Post a Comment