Monday, 17 July 2023

കൈപ്പുറം അബ്ബാസ്

പഴയ തുന്നൽക്കാരൻ; ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി!

പതിനേഴ് വർഷം തുന്നൽക്കാരനായിരുന്ന യുവാവ്ഇപ്പോൾ നാടറിയുന്ന സർപ്പസ്നേഹി.പത്തി വിടർത്തി ചീറ്റുന്ന ഏത് ഉഗ്രവിഷ സർപ്പവും കൈപ്പുറം അബ്ബാസിൻ്റെ ഇരുമ്പു കൊളുത്തിൽ മയങ്ങി കിടക്കും. നിത്യേനയെന്നോണം അബ്ബാസിൻ്റെ സേവനം തേടി നിരവധി ഫോൺ കോൾ എത്തും. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നാണ്വിളി വരുന്നത്. ഉടൻ ഹീറോ ഗ്ലാമർ ബൈക്കിൽ അബ്ബാസ് പുറപ്പെടും. മായാജാലക്കാരൻ കൂടിയായ ഈ പാമ്പുപിടിത്തക്കാരൻ മൂന്ന് പതിറ്റാണ്ടായി സർപ്പ രക്ഷകനാണ്. 

ഉഗ്ര സർപ്പങ്ങളെ തല്ലിക്കൊല്ലുന്ന പതിവ് പഴംകഥയായത് അബ്ബാസിൻ്റെ വരവോടെയാണ്. വീട്ടിലോ, വഴിയിലോ, തൊഴുത്തിലോ, കിണറ്റിലോ എവിടെ പാമ്പിനെ കണ്ടാലും ഒന്ന് വിളിച്ചാൽ കൈപ്പുറം അബ്ബാസ്‌ പാഞ്ഞെത്തും. ഏത് പ്രതികൂല സാഹചര്യമുണ്ടായാലും അബ്ബാസ് കുലുങ്ങില്ല. ഏത് പൊത്തിൽ നിന്നും പാമ്പിനെ തഞ്ചത്തിൽ പുറത്ത് ചാടിക്കും. വാത്സല്യത്തോടെ തൊട്ടുതലോടിയും വാലിൽ തൂക്കിപ്പിടിച്ചും നാട്ടുകാരുടെ സർപ്പ ഭീതി അകറ്റും. ചെറിയ പാമ്പിനെ സ്വന്തം പോക്കറ്റിലിട്ട് നടക്കും. വലിയ സർപ്പങ്ങളെ കുപ്പിയിലോ ചാക്കിലോ കയറ്റും. പിന്നീട്‌ ബൈക്കിൽ വെച്ച് കാട്ടിൽ കൊണ്ടുവിടും. 

മൂന്ന് പതിറ്റാണ്ട് മുമ്പ് അയൽക്കാരി ബീവിതാത്തയുടെ കിണറ്റിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ പച്ച ഈർക്കിലിൽ കുരുക്കിട്ട്‌ പിടിച്ച് കരക്കെത്തിച്ചു കൊണ്ട് തുടങ്ങിയതാണ് ഈ സേവനം.  അന്ന്‌ നാട്ടുകാർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചപ്പോഴാണ്‌ പാമ്പുപിടിത്തത്തെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചത്‌. പിന്നീടൊരിക്കൽ കുന്നംകുളത്ത്‌ നാടോടി സ്‌ത്രീ പാമ്പിനെ കളിപ്പിക്കുന്നതുകണ്ട്‌ പിന്നാലെ കൂടി. പാമ്പുകളെപ്പറ്റി ചോദിച്ചറിഞ്ഞു. സർപ്പശാസ്ത്ര പഠനത്തിൽ അന്ന്ഭാര്യ ജമീലയ്‌ക്കും മകൾ നസ്റീനയ്‌ക്കും എതിർപ്പുണ്ടായിരുന്നെങ്കിലും ഇന്ന്‌ അവരെല്ലാം  കൂടെനിൽക്കുന്നുണ്ട്. 

മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, മലമ്പാമ്പ് ഉൾപ്പെടെ ആയിരക്കണക്കിന്‌ പാമ്പുകളെ ഇതിനകം പിടിച്ചിട്ടുണ്ട്‌. 2013ൽ വനം വകുപ്പിന്റെ  മികച്ച പാമ്പുപിടിത്തക്കാരനുള്ള പുരസ്കാരം നേടി. അപകടഭീഷണി ഉയർത്തുന്ന കടന്നൽ, തേനീച്ച എന്നിവയുടെ കൂടുകൾ നീക്കംചെയ്യുന്നതിലും അബ്ബാസ് മിടുക്കനാണ്‌. മാജിക് പഠിച്ച അബ്ബാസ് 2010ൽ തിരുവേഗപ്പുറ പഞ്ചായത്ത് ഓഫീസ് മുതൽ തൃത്താല കൊപ്പംവരെ കണ്ണുകെട്ടി മോട്ടോർ സൈക്കിൾ ഓടിച്ച്‌ ശ്രദ്ധ നേടിയിരുന്നു. 

No comments: