Sunday, 8 May 2016

പട്ടാമ്പിക്ക് വേണം ഒരു സാംസ്കാരിക അക്കാദമി



ഭാരതപ്പുഴയും തൂതപ്പുഴയും കൈ കുടന്നയിലാക്കിയ പട്ടാമ്പിക്ക് പഴയ പ്രതാപങ്ങളുടെ വിഴുപ്പ് അലക്കി വെളുപ്പിക്കാൻ ഒരു സാംസ്കാരിക കടവ് ആവശ്യമാണ്‌. എന്തുകൊണ്ടോ നാളിതുവരെ അങ്ങിനെ ഒരു ചിന്ത ഉദിച്ചുയർന്നു വന്നിട്ടില്ല. രണ്ടു നദികളുടെ ഉർവര പ്രദേശമാണെങ്കിലും വേനൽ ആരംഭത്തോടെ തന്നെ വൃഷ്ടിതതടങ്ങളിൽ ഊഷരതയുടെ കനൽ കാറ്റാണ്‌ വീശുന്നത്. പുഴകളുടെ മാറിടം മാന്തി പണിതുയർത്തിയ കുടിവെള്ള പദ്ധതികൾ ഒട്ടേറെ ഉണ്ടെങ്കിലും ജനപദങ്ങളിൽ അവ ആവശ്യത്തിനുപകരിക്കാറില്ല. പുഴകളെ കറന്ന് ചെറുകിട ജലസേചന പദ്ധതികൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും അവശ്യ സമയങ്ങളിൽ ചുരത്താറില്ല. ഇവിടെയാണ്‌ നമ്മുടെ അടിസ്ഥാന വികസനങ്ങൾക്ക് അടിത്തറ ഇല്ലെന്ന് ബോധ്യപ്പെടുന്നത്. 
ഓരോ വർഷവും കോടികളുടെ വികസന കഥകൾ നാം കേൾക്കുകയും കാണുകയും ചെയ്യുന്നു. ഒരു ഭൂരഹിതന് സ്ഥലമോ വീടോ നൽകാൻ സർക്കാർ അനുവദിക്കുന്ന തുക എത്രയാണ്? പരമാവധി രണ്ടോ രണ്ടരയോ ലക്ഷം രൂപ മാത്രം. എന്നാൽ റോഡരികിൽ അടിത്തറയോ ഇരിപ്പിടമോ ഇല്ലാത്ത ഒരു ബസ് വൈയ്റ്റിംഗ് ഷെഡ്‌ പണിയാൻ സർക്കാർ അനുവദിക്കുന്നത് ഇരുപത് ലക്ഷം രൂപ. പൊതു ഖജനാവിൽ നിന്ന് ഈ തരത്തിൽ ഒഴുകി പോകുന്ന തുകയാണ് നമ്മുടെ വികസന പട്ടികയിൽ നേട്ടങ്ങളുടെ പെരുമ്പറ മുഴക്കുന്നത്. 
അതേ സമയം നമ്മുടെ പൂർവ ചരിത്രമോ സംസ്കാരമോ ചികഞ്ഞു നോക്കാൻ ഒരു രൂപ പോലും മണ്ഡലത്തിൽ ചിലവഴിക്കപ്പെട്ടതായി കേട്ടിട്ടില്ല. ഏതൊരു നാടിനോടും കിടപിടിക്കാവുന്നതോ അതിൽ കൂടുതലോ ഉള്ള ഒരു സംസ്കൃതി നമുക്കുണ്ട് എന്ന് എല്ലാവരും പറയാറുണ്ട്. ഭാരതപ്പുഴക്ക് മീതെ അര നൂറ്റാണ്ടു മുമ്പ് ഒരു കോസ് വേ (പാലം) വന്നപ്പോൾ നമ്മുടെ ദേശ ചരിത്രത്തിൽ ആരും കാണാത്ത ചില വേലിയേറ്റങ്ങളുണ്ടായി. അതുപോലെ തൂതപ്പുഴയുടെ മീതെ പാലം പണിതപ്പോഴും ചില വേലിയിറക്കങ്ങൾ ഉണ്ടായി. അതിനു മുമ്പ് പട്ടാമ്പിയെ നെടുകെ പിളർത്തി  ആദ്യമായി തീവണ്ടി കൂകി പാഞ്ഞപ്പോഴും ഗതി മാറ്റങ്ങളുണ്ടായി. ഇതര പ്രദേശങ്ങളുടെ സംസ്കാരങ്ങളുടെ ഇടകലരലും ഇഴുകിച്ചേരലും ഓരോ നാട്ടിലും അനിവാര്യതയാണ്. പുരാവൃത്തങ്ങളുടെ പുണ്യ ഭൂമിയിൽ നാടൻ പാട്ടിനോടൊപ്പം കഥകളിയും  കോൽക്കളിയും, മാർഗം കളിയും മറ്റും അലിഞ്ഞു ചേരുന്നത് എല്ലാം ഉൾക്കൊള്ളാനുള്ള മാനവികതയുടെ വിശാലതയാണ് സൂചിപ്പിക്കുന്നത്.
പണ്ഡിതരാജൻ പുന്നശ്ശേരി നമ്പിയുടെ ' സാരസ്വതോദ്യോതിനി ' എന്ന സംസ്കൃത പാഠശാലയിൽ സവർണ്ണരോടൊപ്പം ഇതര വിഭാഗക്കാരും ജ്ഞാനം തേടി എത്തിയിരുന്നു എന്നത് വള്ളുവനാടിന്റെ ഹൃദയ വിശാലതയാണ് രേഖപ്പെടുത്തുന്നത്.' വിജ്ഞാന ചിന്താമണി ' എന്ന പ്രസിദ്ധീകരണവും അച്ചുകൂടവും ചിന്താമണി വൈദ്യശാലയും പെരുമുടിയൂരിന്റെ മഹിത ചരിത്രമായി ഇന്നും വിളങ്ങുന്നുണ്ട്. ജാതി ചിന്തകളും വിവേചനങ്ങളും അയിത്തം പോലെയുള്ള വിലക്കുകളും നിറഞ്ഞു നിന്നിരുന്ന ഒരു കാലത്താണ് ദേവവാണിയുടെ ഉപാസകനായിരുന്ന നീലകണ്‌ഠശർമ എല്ലാവർക്കും പന്തി ഭേദം കൂടാതെ വിജ്ഞാനം വിളമ്പിയത്. 
കാവ്യ നാടകങ്ങളും, തർക്കം, വ്യാകരണം, വൈദ്യം, ജ്യോതിഷം തുടങ്ങിയവയും ഗുരുമുഖത്തു നിന്ന് പഠിച്ചവർ ഏറെയാണ്‌. ഗുരുനാഥന്റെ 'പട്ടാമ്പി പഞ്ചാംഗം' ഏറെ പ്രശസ്തമായിരുന്നു. 
പുന്നശ്ശേരിയെപ്പോലെ കുപ്പായമിടാത്ത മറ്റൊരു ഗുരുവായിരുന്നു കാരക്കാട് അബൂബക്കർ മുസ്ലിയാർ. അറബി ഭാഷയിലും, മതപരമായ വിജ്ഞാനത്തിലും അവഗാഹമുണ്ടായിരുന്ന അബൂബക്കർ മുസ്ലിയാർ ഗുരുകുല വിദ്യാഭ്യാസത്തോട് സാമ്യമുള്ള 'ദർസു'കളുടെ സ്ഥാപകനാണ്. പട്ടാമ്പി പള്ളിയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയ അനേകം കുട്ടികൾ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ താമസിച്ചു പഠിച്ചിരുന്നു. 
കലാ സാഹിത്യ മേഖലകളിൽ തിളങ്ങി നിന്നിരുന്ന ഒട്ടേറെ നക്ഷത്രങ്ങൾ വള്ളുവനാടിന്റെ ഹൃദയാകാശത്ത് ഇന്നും പ്രഭ ചൊരിയുന്നുണ്ട്. ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, 
ഡോ.കെ.എൻ. എഴുത്തച്ഛൻ, കല്ലന്മാർതൊടി, ചെറുകാട്, പള്ളം, മോഴിക്കുന്നം തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്. അതുപോലെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന വെങ്ങാലിൽ കൃഷ്ണമേനോൻ, ഇ.പി. ഗോപാലൻ, എൻ.എസ്. കൃഷ്ണൻ, വീരമണി അയ്യർ, അസൈനാർ വൈദ്യർ, ഡോ .എ.കെ. വാരിയർ, കെ.പി. തങ്ങൾ, എളവള്ളി അപ്പു നായർ, അബ്ദുള്ള ഹാജി, സി. ഗോപാലൻ, എ.എസ്.കെ. രാമയ്യർ, സെയ്ദു ഹാജി തുടങ്ങിയവരും സ്മരണീയരാണ്. ഇ.എം.എസ്., മഹാകവി പി. കുഞ്ഞിരാമൻ നായർ, എം.ടി. വാസുദേവൻ നായർ, കുറുമാപ്പള്ളി കേശവൻ നമ്പൂതിരി, പുലാക്കാട്ട് രവീന്ദ്രൻ, സാറ ജോസഫ് തുടങ്ങിയവരുടെ സഹവാസവും എടുത്തുപറയേണ്ടതുണ്ട്. 
ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തിലും കർഷക സമരത്തിലും തനതായ പങ്ക് വഹിച്ച വള്ളുവനാടിന്റെ ഓർമ ചെപ്പിൽ പടയോട്ടത്തിന്റെ കുളമ്പടി നാദമുണ്ട്. രാമഗിരിയുടെ ഉച്ചിയിൽ അതിന്റെ മുറിവടയാള.മുണ്ട്. പറയി പെറ്റ പന്തിരുകുല പുരാവൃത്തങ്ങളുടെ തോറ്റം പാട്ട് ഓരോ തുലാമഴയിലും ഉയർന്നു കേൾക്കാറുണ്ട്. വേലകളും കാളകളും നാടിന്റെ മുഖ മുദ്രയാണ്. പൂതൻ, തിറ, ആണ്ടി വേഷം കെട്ടുന്നവരുടെ ഒരു സംസ്കാരം ഉത്സവകാലത്ത് ഉണർത്തു പാട്ടാണ്. കാർഷിക വിപ്ലവം പോലെ നാടക, സാഹിത്യാദി കലകളിലും ഗ്രന്ഥശാലകളുടെ വളർച്ചയിലും നാടോടി കലകളിലും വള്ളുവനാടിന്റെ വിരലടയാളം പതിഞ്ഞു കിടക്കുന്നുണ്ട്. 
ഇങ്ങിനെയൊക്കെയാണെങ്കിലും നമ്മുടെ ദീപസ്തംഭങ്ങളെ തിരിച്ചറിയാനോ, പൈതൃകം കാത്തു സൂക്ഷിക്കാനോ ശ്രമം ഉണ്ടായിട്ടില്ല. ഇന്നലെകളുടെ ചരിത്രം  തേടിയുള്ള യാത്രകളിൽ പുരാവൃത്തങ്ങളും, നാടോടി കലകളും നാടോടി സാഹിത്യവും, പഴഞ്ചൊല്ലുകളും, നാടൻ കൃഷി രീതികളും, വിത്തുകളുടെ കലവറകളും, അധ്വാനവുമായി ബന്ധപ്പെട്ട മാനവിക സംസ്കാരവും കാണാനാവും. അവയെല്ലാം വരും തലമുറക്ക് കൈ മാറാൻ നമുക്ക് ബാധ്യതയുണ്ട്. അതിനുവേണ്ടി ഒരു സാംസ്കാരിക അക്കാദമി കൂടിയേ തീരു. ഒരു ജനപക്ഷ വീക്ഷണം ഇക്കാര്യത്തിൽ ആവശ്യമാണ്‌. 

-----------------------------
ടി വി എം  അലി 

No comments: