നിള വരണ്ടു: കുടിവെള്ള വിതരണം നിലച്ചു.
--------------------------------------------------------------------------
കൊടും വേനലിൽ നിള വറ്റി വരണ്ടതോടെ പട്ടാമ്പിയിൽ ജലവിതരണം നിർത്തി. പുഴയിൽ ബസ് സ്റ്റാൻറ് പരിസരത്തും നിളാ ആശുപത്രി പരിസരത്തും കുടിവെള്ള സംഭരണത്തിന് രണ്ട് കിണറുകൾ ആണുള്ളത്. ഇവ രണ്ടും വറ്റിയതോടെ പമ്പിങ്ങ് മുടങ്ങി.
തൃത്താല വെള്ളിയാങ്കല്ല് പദ്ധതി വന്ന ശേഷം പുഴയിൽ ജല പരപ്പ് തിരുമിറ്റക്കോട് വരെ കാണപ്പെട്ടിരുന്നു. എന്നാൽ മുമ്പൊന്നും ഇല്ലാത്ത വിധം മേടം കത്തി ജ്വലിക്കുകയാണ്. തടാകം പോലെ പരന്നു കിടന്നിരുന്ന ജല സംഭരണിയിൽ വരൾച്ച രൂക്ഷമായതാണ് പമ്പിങ്ങ് തടസ്സപ്പെട്ടത്. 24 മണിക്കൂറും 50 എച്ച്.പി. 40 എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ്ങ് നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം അര മണിക്കൂർ പോലും പമ്പിങ്ങ് സാധ്യമായില്ല.
പട്ടാമ്പിയിൽ ത്വരിത ഗ്രാമീണ ശുദ്ധ ജല പദ്ധതിയും, പഴയ കുടിവെള്ള വിതരണ പദ്ധതിയും ഉണ്ട്. രണ്ടിലും കൂടി 6000 ഗൃഹ കണക്ഷൻ ആണുള്ളത്. പുഴയോരത്തുള്ള സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കിണറുകളും വറ്റിക്കഴിഞ്ഞു. ഇനിയെന്ത് ചെയ്യും എന്നറിയാതെ ഉഴറുകയാണ് നിളാതീരവാസികളും നഗര ഭരണ സാരഥികളും.
No comments:
Post a Comment