കുഞ്ഞിരാമന്റെ അയൽക്കാരനാണ് കുഞ്ഞി മരക്കാർ. രണ്ടു പേരും ഉറ്റ ചങ്ങാതിമാരാണ്. ഒരു കുടുംബം പോലെയാണ് അവർ കഴിയുന്നത്.
കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി. കുഞ്ഞരക്കാരുടെ കെട്ട്യോള്
കുഞ്ഞാത്തുവിന്റെ നിലവിളി കേട്ടാണ് കുഞ്ഞിരാമൻ ഓടിച്ചെന്നത്.
-ന്റെ കുഞ്ഞേട്ടാ ങ്ങള് കണ്ടില്ലേ ഈ കായ്ച്ചാ-
കുഞ്ഞാത്തു വിരൽ ചൂണ്ടിയ മൂലയിലേക്ക് കുഞ്ഞിരാമൻ സൂക്ഷിച്ചു നോക്കി.
ഒരു കീറപ്പായയിൽ പഴന്തുണിക്കെട്ടു പോലെ ചുരുണ്ടു കിടക്കുകയാണ് കുഞ്ഞരക്കാര്.
-രണ്ടു ദെവസായി ഒരേ പോക്കാ- ദാ നോക്ക് -ന്റെ കൊടവയറ് അമുങ്ങിപ്പോയി. കുഞ്ഞരക്കാര് വിശദീകരിക്കുന്നതിന് മുമ്പ് കുഞ്ഞാത്തു ഇടപെട്ടു. -
-ന്റെ കുഞ്ഞേട്ടാ- എല്ലാ കുറും കൗശലോം ഞമ്മള് നോക്കി. കട്ടൻ കാപ്പില് ചെറുനാരങ്ങ പിയിഞ്ഞത് കൊടുത്തു. മൊല്ല വൈദ്യര്ടെ വെള്ളം ഓതിക്കൊടുത്തു. കുട്ടൻ വൈദ്യര്ടെ ചൂർണം മോരിൽ കാച്ചിക്കൊടുത്തു. ഇന്ന് ട്ടും ഇന്നോടൊ എന്ന മട്ടിലാ
വാണം വിട്ട പോലെ വയറ്റീന്ന് പോക്ക്. ഇഞ്ഞി ഞമ്മളെന്താ ശെയ്യണ്ട് കുഞ്ഞേട്ടാ- ഇങ്ങള് പറയിൻ. കുഞ്ഞാത്തുവിന്റെ പെയ്ത്ത് നിന്നപ്പൊ കുഞ്ഞിരാമൻ കിതച്ചു.
ഇന്ന് രാവിലെ റേഡിയോ ല് കേട്ട ചില വർത്തമാനങ്ങൾ ഓർമ വന്നു.
ഉഷ്ണതരംഗം, സൂര്യാതപം, നിർജലീകരണം, സൂര്യാഘാതം, മരണസംഖ്യ ഉയരുന്നു തുടങ്ങിയ കടുകട്ടി വാക്കുകൾ തികട്ടി വന്നു.പിന്നെ ഒന്നും ഓർക്കാൻ നിന്നില്ല.
വീടിന്റെ കോലായിൽ ചാരി വെച്ചിരുന്ന ചാരുകസേര എടുത്ത് കുഞ്ഞരക്കാരെ
അതിൽ കിടത്തി കുഞ്ഞാത്തുവിനോട് പിടിക്കാൻ കല്പിച്ച് പുറത്തേക്ക് എത്തിച്ചു. കുഞ്ഞരക്കാരുടെ ദീനരോദനം അകമ്പടിയാക്കി കുഞ്ഞിരാമനും കുഞ്ഞാത്തുവും മഞ്ചലോട്ടം തുടർന്നു. പിറകെ മൂക്കൊലിപ്പിച്ച് കുഞ്ഞരക്കാര്ടെ രണ്ട് പൈതങ്ങളും ഓടി. '
ധർമാശുപത്രിയിൽ ഡാക്കിട്ടരും മരുന്നും ഉണ്ടാവണേ പടച്ചോനേ എന്ന് മന്ത്രിച്ചു കൊണ്ടാണ് കുഞ്ഞാത്തു കുണ്ടു പാടവരമ്പ് ചാടിക്കടന്നത്. അപ്പോഴും
കുഞ്ഞരക്കാര്ടെ കുടവയറിന്റെ തുളയിലൂടെ
ചോർച്ച തുടർന്നു കൊണ്ടിരുന്നു.
------------------------
ടി വി എം അലി
------------------------
No comments:
Post a Comment