Friday, 13 May 2016

പാരഡി പാട്ടിന്റെ പൂരം


കേരളം മുഴുവൻ ഇപ്പോൾ പാട്ടുകാലമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ 
വോട്ടർമാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി വിവിധ സ്ഥാനാർഥികളുടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്.
ഓരോ പാട്ടും കർണ്ണ ഭേദകമാണ്. മാപ്പിളപ്പാട്ടും കലാഭവൻ മണിയുടെ നാടൻ പാട്ടും പടിഞ്ഞാറൻ ഡിജിറ്റൽ സംഗീതവും എല്ലാം കേരളം കേട്ടു കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡിമേഡ് കാസ്സറ്റ്‌ പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവർത്തിക്കുന്ന യുവ ജന ക്ലബുകൾക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്.
അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ
ഈറ്റില്ലമായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം ഞങ്ങൾ ഏറ്റെടുത്തു.
എം.എസ്. കുമാർ , ആര്യൻ മാഷ്‌ , ശിവശങ്കരൻ മാഷ്‌, സുകുമാരൻ മാഷ്‌, ടി.കെ.നാരായണദാസ്‌ ,തുടങ്ങിയ പ്രമുഖരോടൊപ്പം എനിക്കും രണ്ടു പാട്ട് എഴുതാൻ അവസരം ലഭിച്ചു. തിരൂർ ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു ക്ലബിലെ കുട്ടികൾ കൊട്ടും പാട്ടും പഠിച്ചിരുന്നത്.
തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും 
ക്ലബിൽ ഉണ്ടായിരുന്നു.
പാട്ട് എഴുതാൻ നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾഎല്ലാം ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു:
" പടച്ചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും
അടരാടാൻ എത്തുന്നെ ..." ,
" പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ കൂടി ഹിറ്റായി എന്നേ പറയേണ്ടു. 
തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നൽകുന്ന സർഗ സ്മരണയാണ്‌.
---------------------------
ടി വി എം അലി
---------------------------

No comments: