കുഞ്ഞനന്ദൻ ചിന്തയിലാണ്. എത്ര ആലോചിച്ചിട്ടും സംഗതി പിടി കിട്ടുന്നില്ല.
എവിടെയാണ് പിഴവ് പറ്റിയത്. കുഴിമാടം മണ്ഡലത്തിൽ പത്രിക നൽകുമ്പോൾ എന്തെല്ലാം മോഹങ്ങളായിരുന്നുവെന്നോ? കല്ലുവെട്ടാൻ പുരക്കൽ കുഞ്ഞനന്ദൻ എന്ന കെ.പി. കുഞ്ഞൻ നൂറു വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരണാധികാരി മുമ്പാകെ എത്തിയത്. തള്ളാതിരിക്കാൻ മൂന്നു സെറ്റ് പത്രികയും അനുയായികൾ കരുതിയിരുന്നു. മണൽ, ക്വാറി മാഫിയക്കാരും കള്ളക്കടത്ത്, കഞ്ചാവ് ലോബികളും സഹായിച്ചതുകൊണ്ടാണ് കഴിഞ്ഞ
തവണ ജയിച്ചു കയറിയതെന്നാണ് എതിരാളികൾ ആരോപിക്കുന്നത്. അവർക്ക് എന്തും പറയാം. പത്രിക നൽകുന്ന സമയം മുതൽ ഫല പ്രഖ്യാപനം വരെയുള്ള ഒരു മാസം കഴിഞ്ഞു കൂടാൻ എന്തോരം കാശ് വേണം? നാട്ടിലാകെ ഫ്ലക്സ് വെക്കണം. അതിൽ നിറ ചിരിയോടെ നാട്ടുകാരെ വണങ്ങി നിൽക്കുന്ന മൾടി കളർ പടം വേണം. പ്രവർത്തകർക്ക് മൂന്നു നേരം വെട്ടി വിഴുങ്ങാൻ ബിരിയാണി കൊടുക്കണം. അന്തി മയക്കത്തിന് കുപ്പി വേണം. എല്ലാം കൂടി ഒരു കോടി ഉറുപ്പിക ഉണ്ടായാൽ പോലും തികയില്ല. ഉറങ്ങുന്ന സമയത്ത് പോലും ചിരി ചുണ്ടിൽ നിന്ന് മാഞ്ഞു പോകാതെ തടഞ്ഞു നിർത്താനുള്ള സ്വതസിദ്ധമായ തന്റെ സിദ്ധിയെ പറ്റി അസൂയാലുക്കൾ പലതും പറയുന്നുണ്ട്. അതൊന്നും കുഞ്ഞൻ നേതാവ് കാര്യമായി എടുക്കാറില്ല. കഴിഞ്ഞ അഞ്ചു വർഷം താൻ ചെയ്ത വികസനം എണ്ണിയെണ്ണി പറഞ്ഞാൽ ആരാണ് അത് നിഷേധിക്കുക? രണ്ടാം വട്ടം മത്സരിക്കുന്നത് വലിയ പാപം ഒന്നും അല്ലല്ലോ? ഐക്യ കേരളം നിലവിൽ വന്ന കാലം മുതൽ നിയമസഭയിൽ സ്ഥിര താമസം നടത്തുന്ന നിരവധി ജനപ്രതിനിധികൾ ഉണ്ടല്ലോ. അവരോട് മാറി നിൽക്കാൻ ആരും പറയുന്നില്ലല്ലോ. പിന്നെ കെ.പി. കുഞ്ഞൻ നേതാവ് മാത്രം മാറി കൊടുക്കണം എന്ന് പറയുന്നതിന്റെ ഗുട്ടൻസ് എന്താണ്? എത്രയോ ഉദാരമനസ്കർ നിർബന്ധിച്ചത് കൊണ്ടാണ് അഞ്ചു വർഷം മുമ്പ് അങ്കതതട്ടിൽ ഇറങ്ങിയത്. അന്ന് കൊല കൊമ്പൻ എതിരാളി കുഞ്ഞികണ്ണനെ തോൽപ്പിക്കാൻ ഈ കെ.പി. കുഞ്ഞൻ തന്നെ വേണമായിരുന്നു. നാട്ടുകാരും മാഫിയക്കാരും കയ്യും മെയ്യും മറന്ന് സഹായിച്ചു എന്നത് നേരുതന്നെയാണ്. ഒന്നും മറന്നിട്ടില്ല. തന്നെ സഹായിച്ച എല്ലാവർക്കും മനസ്സറിഞ്ഞ് തിരിച്ചു കൊടുത്തിട്ടുണ്ട്. അതൊന്നും ആരും മറക്കരുത്.
പിന്നെ ഇപ്പോൾ ഇങ്ങിനെയൊക്കെ സംഭവിച്ചത് വലിയ ചതിയായി പോയി. നാട്ടിലുള്ള
സകല ഇടവഴിയും, സംസ്ഥാന പാതയാക്കുമെന്ന്
പറഞ്ഞിട്ടും ജനം മറിച്ചു കുത്തിയത് കുറച്ചിലായിപ്പോയി. കൂടെ ഊട്ടിയും ഉറക്കിയും കൊണ്ടു നടന്നവരാണ് ഈ പിൻകുഴി കുത്തിയത്. എന്നിട്ട് ലോക്കൽ നേതാക്കൾ പറയുന്നതോ വോട്ടിംഗ് യന്ത്രം ചതിച്ചതാണെന്ന്. ചിരിച്ചു നിൽക്കുന്ന പടം വോട്ടിംഗ് യന്ത്രത്തിൽ പതിക്കാൻ പറ്റില്ലെന്ന് വരണാധികാരി വാശി പിടിച്ചുവത്രെ. പല വട്ടം കെഞ്ചി നോക്കി. അവർ സമ്മതിച്ചില്ല. ചിരിക്കാത്ത തന്റെ മുഖം കണ്ടാൽ വോട്ടർമാർ തിരിച്ചറിയില്ലെന്നുപോലും പറഞ്ഞു നോക്കി. കടുകിട കേട്ടില്ല. കമ്മീഷന്റെ ഉത്തരവ് അങ്ങിനെയാണത്രെ. അങ്ങിനെ നിർവികാരമായ മുഖം മാത്രം വോട്ടു പെട്ടിയിൽ പതിക്കേണ്ടി വന്നു. ഒരു വികാര ജീവിയായ തന്നെ ഇങ്ങിനെ നിർവികാരനാക്കാൻ പടമെടുപ്പുകാരൻ പെട്ട പാട് പറയാതിരിക്കുകയാണ് നല്ലത്. എത്ര മണിക്കൂർ നേരം പോസ് ചെയ്തിട്ടാ അങ്ങിനെ ഒന്ന് കിട്ടിയത്. പടം കണ്ടപ്പോൾ താൻ പോലും തന്നെ തിരിച്ചറിഞ്ഞില്ല. അത്ര ഭീകരമായ ഒരു മുഖം താനിത് വരെ കണ്ടിട്ടില്ല. ഇത് കണ്ടാൽ ഒരു നാട്ടുകാരൻ പോലും തനിക്കു വോട്ട് ചെയ്യില്ലെന്ന് ഉറപ്പായിരുന്നു. തന്റെ അനുയായികൾക്ക് പോലും തന്നെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ടാണ് താൻ തോറ്റുപോയത്. അല്ലാതെ എതിരാളിയായ പയ്യൻ സുന്ദരനായത് കൊണ്ടല്ലാ എന്നാണ് പാർടി വിലയിരുത്തുന്നത്. ഇനി അഞ്ചു കൊല്ലം എങ്ങിനെ കഴിഞ്ഞു കൂടും എന്ന് ഓർക്കുമ്പോഴാണ് നിയമ സഭയുടെ കാലാവധി ഒരു വർഷമാക്കി കുറക്കേണ്ടതായിരുന്നുവെന്ന് തോന്നുന്നത്. വർഷം തോറും തെരഞ്ഞെടുപ്പ് വന്നാൽ ഈ കുഞ്ഞനെ തോൽപ്പിക്കാൻ ആർക്കാ കഴിയുക?
--------------------------------------
ടി വി എം അലി
----------------------------------------