ഷൊർണൂരിൽ കോവിഡ് കോച്ചുകളുടെ നിർമാണം ത്വരിതഗതിയിൽ.
ലോകത്തെ മുഴുവൻ മുൾമുനയിലാക്കിയ കോവിഡിനെ നേരിടാൻ സതേൺ റെയിൽവേ പ്രത്യേക കോച്ചുകൾ നിർമിക്കുന്നു.
പാലക്കാട് ഡിവിഷൻ്റെ കീഴിൽ ഷൊർണൂരിൽ 12 കോച്ചും മംഗളുരുവിൽ 15 കോച്ചുമാണ് നിർമിക്കുന്നത്. ഷൊർണൂരിൽ അഞ്ചു ദിവസമായി പ്രവൃത്തി നടക്കുന്നുണ്ട്. ദിനേന 25 ജീവനക്കാർ കോച്ച് നിർമാണത്തിൽ സജീവമാണ്.
ചെന്നൈ സോണിൻ്റെ കീഴിൽ തിരുവനന്തപുരം, സേലം, ട്രിച്ചി, മധുര ഡിവിഷനുകളിലും കോവിഡ് ചികിത്സക്ക് കോച്ചുകൾ സജ്ജമാക്കുന്നുണ്ട്. ലോക് ഡൗൺ മൂലം ചില സാധനങ്ങൾ കിട്ടാൻ പ്രയാസമുണ്ടെന്നത് ഒഴിച്ചാൽ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ഇരുപതു വർഷത്തിലേറെ പഴക്കമുള്ള പാസഞ്ചർ തീവണ്ടികളുടെ കോച്ചുകളാണ് റെയിൽവേ മെക്കാനിക്കൽ, ഇലക്ട്രിക് വിഭാഗങ്ങൾ ചേർന്ന് ചികിത്സാ മുറികളാക്കി മാറ്റുന്നത്. രോഗികളെ നിരീക്ഷണത്തിൽ കിടത്താനും, വിദഗ്ദ ചികിത്സ നൽകാനും കോച്ചുകൾ സജ്ജമാണ്. ബെഡ്, പാരാമെഡിക്കൽ ഏരിയ, മെഡിക്കൽ ഉപകരണം വെക്കാനുള്ള സ്ഥലം, ഓക്സിജൻ സിലിണ്ടർ സൗകര്യം, കുളിമുറി, വാഷ്ബേസിൻ, കാബിൻ സ്റ്റോർ, ഡസ്റ്റ് ബിൻ തുടങ്ങിയവ ഓരോ കോച്ചിലും സ്ഥാപിച്ചിട്ടുണ്ട്.
ഏഴു മുതൽ 14 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം കോച്ചിലുണ്ട്. വെള്ളവും വൈദ്യുതിയും ലഭ്യമാക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന എല്ലാ സംവിധാനവും ഒരുക്കി നൽകാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം.
കോച്ചുകൾ റെയിൽവേ മാർഗം രാജ്യത്ത് എവിടേക്കും കൊണ്ടുപോകാനും കഴിയുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
No comments:
Post a Comment