വായനക്കാരാ നീയറിയുന്നോ അയാൾ ഗ്രന്ഥകാരനാണ്.
ലോക് ഡൗണിൻ്റെ ഏകാന്തതയിലിരുന്നു കൊണ്ട് എ.വി.ശശിയുടെ ഓർമ പുസ്തകം ( പകർച്ച നീയറിയുന്നോ വായനക്കാരാ...) ഒറ്റയിരുപ്പിലാണ് വായിച്ചു തീർത്തത്.
പാലക്കാട് ജില്ലയിലെ നഗരിപ്പുറം സ്വദേശിയായ ശശി മൂന്നു പതിറ്റാണ്ടായി പുസ്തക വില്പനക്കാരനാണ്. അതിനേക്കാളുപരി നല്ലൊരു വായനക്കാരനാണ്. എഴുത്തുകാരനാണ്.
പുസ്തകസഞ്ചാരം തുടങ്ങിയ കാലം മുതൽ എനിക്ക് ശശിയെ അറിയാം. പല സാംസ്കാരിക സമ്മേളന വേദികളിലും ശശിയോടൊപ്പം ഞാനും എൻ്റെ പുസ്തകങ്ങളുമായി വിപണി പങ്കിട്ടിട്ടുണ്ട്.
ശശിയുടെ പുസ്തക ശേഖരങ്ങളുടെ കാവലാളാവാനും ഇടവന്നിട്ടുണ്ട്.
വി.കെ.ശ്രീരാമൻ്റെ മുഖ പ്രസാദത്തോടെയാണ് പകർച്ച തുടങ്ങുന്നത്. അതിൽ ശശിയെ കുറിച്ച് അറിയേണ്ടതെല്ലാമുണ്ട്. നഗരിപ്പുറം വാരിയത്തെ കൃഷ്ണനുണ്ണി- സത്യബാല ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായ ശശി ചരിത്രത്തിൽ ബിരുദമെടുത്ത ശേഷം പല തൊഴിലും പരീക്ഷിച്ച് പിന്മാറിയതിൻ്റെ വിവരണമുണ്ട്. ഒടുവിൽ ഇരുപതാം വയസിൽ തൻ്റെ നിയോഗമിതാണെന്ന് തിരിച്ചറിയുകയും ശശി പുസ്തക വിൽപനക്കാരനായി മാറുകയും ചെയ്തു.
വായനയും പുസ്തകങ്ങളും ശുദ്ധവായു പോലെയാണ് ശശിയ്ക്ക്. എവിടെയും കയറി ചെല്ലും. 1984ൽ പത്താം ക്ലാസ് പരീക്ഷാസമയത്ത് വീടിൻ്റെ തട്ടിൻപുറത്തിരുന്ന് വായിച്ചു പഠിച്ചത് വിലാസിനിയുടെ അവകാശികൾ. ഫലം വന്നപ്പോൾ പത്താംതരം വെടിപ്പായി തോറ്റു.
എന്നാൽ വായനയുടെ പത്താംതരം എന്നേ ജയിച്ച ശശി ഒറ്റപ്പാലം എൻ.എസ്.എസ്.കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നു. ശശിയുടെ ജീവിതഗതി
തിരിച്ചുവിട്ടത് എസ്.എഫ്.ഐ നേതാവ് കുട്ടപ്പനായിരുന്നു. വിപ്ലവം, ലഹരി, കവിത, വായന എന്നിവ മദപ്പാടോടെ വിഹരിച്ച കാലമായിരുന്നു അത്.
പാലക്കാട് ഡി.സി.ബുക്സിൽ നിന്നാണ് പുസ്തകസഞ്ചി തോളിൽ കയറിയത്.
അതൊരു നിയോഗം തന്നെയായിരുന്നു.
ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസവും
മാധവിക്കുട്ടിയുടെ എൻ്റെ കഥയും തോൾസഞ്ചിയിൽ അന്നം തന്ന നാളുകൾ.
കാമ്പസുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, പൊതുസമ്മേളന വേദികൾ തുടങ്ങിയ ഇടങ്ങളിലെല്ലാം അവധൂതനെപ്പോലെ എത്തുന്ന ശശിയെ കാത്തിരുന്നത് വായനക്കാർ മാത്രമല്ല, വി.കെ.എൻ ഉൾപ്പെടെയുള്ള മഹാരഥന്മാരായിരുന്നു.
രാവിലെ ഏഴരയോടെ പുസ്തകസഞ്ചി തോളിലിട്ട് വീട്ടിൽ നിന്നിറങ്ങുന്ന ശശി പാലക്കാട്, തൃശൂർ ജില്ലകളിലാണ് അധികവും സഞ്ചാരം നടത്തുന്നത്. വൈകുന്നേരത്തിനു മുമ്പ് തിരിച്ചെത്തും. ശരാശരി ഓരോ ദിവസവും രണ്ടായിരമോ മൂവായിരമോ വിറ്റുവരവുണ്ടാവും. ശാസ്ത്രം, ചരിത്രം, ഭക്തി, സെക്സ് ഇനങ്ങളിൽപ്പെട്ട ഒരു ടൈറ്റിൽ പോലും ശശിയുടെ സഞ്ചിയിൽ പ്രതീക്ഷിക്കരുത്.
മഴക്കാലത്ത് തകർന്ന റോഡിലൂടെ, വേനലിൽ പൊടിപൊങ്ങുന്ന പാതയിലൂടെയുള്ള യാത്ര ശരീരത്തെ തകരാറിലാക്കുന്നുണ്ടെങ്കിലും വിട്ടുമാറാത്ത നടുവേദനയും, ആസ്ത്മയും സഹയാത്രികരായി കൂടെയുണ്ടെങ്കിലും യാത്ര ചെയ്തു തളരുമ്പോൾ കലുങ്കിലോ ആൽത്തറയിലോ കയറിയിരുന്ന് വായിക്കും.
പാലക്കാടിൻ്റെ മണ്ണിലൂടെ നടക്കുമ്പോൾ, മല കടന്നുള്ള ഈ കാറ്റ് ദേഹത്ത് തട്ടുമ്പോൾ ഞാൻ എല്ലാവരേക്കാളും ശക്തനാകുന്നു എന്നാണ് ശശി പറയുന്നത്.
ഭൂമിയിൽ അജ്ഞാനവും ദാരിദ്ര്യവും ഉള്ളിടത്തോളം പുസ്തകങ്ങൾ നിലനിൽക്കുമെന്ന വിശ്വാസമാണ് ശശിയെ നയിക്കുന്നത്. പുസ്തകങ്ങൾ ഒരു കാലത്തും മരിക്കുന്നില്ല. അത് നെഞ്ചോട് ചേർത്തു കിടക്കുന്ന സുഖം മറ്റൊന്നും നൽകുന്നില്ലെന്ന് പതിറ്റാണ്ടുകളെ സാക്ഷിയാക്കി ശശി പറയുന്നു.
അനുഭവം, ഓർമ, അഭിമുഖം, കവിത എന്നിങ്ങനെ വൈവിധ്യപൂർണമാണ് പുസ്തകം. പുസ്തകോപാസന, മൃത്യുപാസന എന്നിങ്ങനെ രണ്ടു ഭാഗങ്ങളും വി.കെ.എന്നുമായി മുഖാമുഖവും, രണ്ടു കവിതകളും, ഫിറോസ് കെ.പടിഞ്ഞാർക്കരയുടെ അന്ത്യേഷ്ടിയും, പാലക്കാട് മിഷൻ സ്കൂൾ പ്രധാനധ്യാപകന് സമർപ്പിച്ച എഞ്ചുവടിയും, ടി.ജയശ്രീയുടെ പുസ്തകമിദം ശരീരം എന്ന അഭിമുഖവും
ശശിയുടെ പുസ്തകതാളിലുണ്ട്.
തൃശൂർ തിങ്കൾ ബുക്സാണ് പ്രസാധകർ.
ബൈജു ദേവിൻ്റെ ചിത്രങ്ങളും അക്ബർ പെരുമ്പിലാവിൻ്റെ കവർ ഡിസൈനും ആകർഷകമാണ്.
നഗരിപ്പുറം 'അക്ഷര'ത്തിലാണ് താമസം.
ഭാര്യ: ജയലക്ഷ്മി. മകൻ: നിരൂപ്.
ഫോൺ: 9495 502 434.
No comments:
Post a Comment