കൂകി പായാത്ത തീവണ്ടിക്കാലം.
ഇതു പോലെ ഒരു കാലം ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം. ഒന്നര നൂറ്റാണ്ടിനിടയിൽ യുദ്ധകാലത്തുപോലും കൂകി പാഞ്ഞിരുന്ന യാത്രാ വണ്ടികളാണ് പാളങ്ങളിൽ നിന്ന് അപ്രത്യക്ഷമായത്. റെയിൽ പാതയോരങ്ങളിൽ താമസിക്കുന്നവർ ചൂളം വിളി കേൾക്കാതായിട്ട് മാസമൊന്ന് പിന്നിടുകയാണ്. നാട്ടുകാരുടെ സമയക്രമം നിശ്ചയിച്ചിരുന്ന ഒരു തീവണ്ടിക്കാലമാണ് കോവിഡിന് വഴിമാറിയത്.
ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊറോണ വ്യാപന ഭീതി മൂലം യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്.
1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചിട്ടുള്ളത്.
ഇപ്പോൾ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായതോടെ മെയ് 3 വരെ എല്ലാ യാത്രാ ട്രെയിനുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
അതിനു ശേഷവും ഓടുമെന്ന് പറയാറായിട്ടില്ല. ചാർട് ചെയ്ത ചില ചരക്കു വണ്ടികള്‍ മാത്രമാണ് ഇപ്പോൾ ഓടുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് കടലുണ്ടിക്ക് സമീപം തീവണ്ടി പുഴയിൽ വീണതിനെ തുടർന്ന് ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ തീവണ്ടി ഗതാഗതം ഏതാനും ദിവസം നിർത്തിവെച്ചിരുന്നു.
പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, മരുന്ന്, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടികളില്‍ കൊണ്ടു പോകുന്നുണ്ട്.
എന്നാൽ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനം ഇന്ത്യൻ റെയിൽവേ ഈ സമയത്ത് ചെയ്തിട്ടുണ്ട്. കോവിഡ് -19 പ്രതിരോധ പരിപാടിയുടെ ഭാഗമായി ഐസൊലേഷൻ കോച്ചുകളുടെ നിർമാണം നിശ്ചിത സമയത്തിനകം അവർ പൂർത്തിയാക്കിയത് പ്രശംസനീയമാണ്.
തുടക്കത്തിൽ റെയിൽവേ ബോർഡ് സതേൺ റെയിൽവേയ്ക്ക് 473 കോച്ചുകൾ പരിവർത്തനം ചെയ്യാനാണ് നിർദ്ദേശിച്ചത്. പിന്നീട് ഇത് 573 കോച്ചുകളായി ഉയർത്തുകയും ഏപ്രിൽ പത്തിനകം പൂർത്തിയാക്കുകയും ചെയ്തു.
മറ്റു മേഖലകളെ അപേക്ഷിച്ച് ദക്ഷിണ റെയിൽവേയാണ് കൂടുതൽ കോച്ചുകൾ പരിവർത്തനം ചെയ്തത്.
ചെന്നൈ, ട്രിച്ചി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലെയും 15 പ്രധാന ഡിപ്പോകളിലെയും ജീവനക്കാരാണ് പഴയ കോച്ചുകളിൽ പരിവർത്തന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. പെരമ്പൂർ കാരേജ് ആൻ്റ് വാഗൺ വർക്ക്സ്, പെരമ്പൂർ ലോക്കോ വർക്ക്സ്, ട്രിച്ചി ഗോൾഡൻ റോക്ക് വർക്ക് ഷോപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള ടീമുകൾ ഏകോപിച്ച് പ്രവൃത്തി പൂർത്തിയാക്കിയത്.
ക്വാറണ്ടയ്ൻ / ഐസൊലേഷൻ കോച്ചുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്: കോച്ചിലെ ഇന്ത്യൻ സ്റ്റൈൽ ലാവറ്ററി, ബാത്ത് റൂമാക്കി മാറ്റി. രോഗികളെ വേർതിരിക്കുന്നതിനായി ക്യാബിന്റെ പ്രവേശന കവാടത്തിൽ പ്ലാസ്റ്റിക് കർട്ടനുകൾ സ്ഥാപിച്ചു. ഓരോ ക്യാബിനിലും ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള മാലിന്യ ബാഗുകൾ നൽകി. ബക്കറ്റ്, സോപ്പ് ഡിസ്പെൻസറുകൾ, സോപ്പ് വിഭവങ്ങൾ എന്നിവയും ഓക്സിജൻ സിലിണ്ടറുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചു. പരിവർത്തനം ചെയ്ത ബാത്ത് റൂമുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലാമ്പുകൾ നൽകി. കൊതുക് വല, 3 പെഗ് കോട്ട് ഹുക്കുകൾ, അധിക മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും ഐസൊലേഷൻ കോച്ചുകളിലുണ്ട്.
ഐസൊലേഷൻ കോച്ചുകൾ ആവശ്യാനുസരണം ഇന്ത്യയിൽ എവിടേക്കും കൊണ്ടുപോവാൻ കഴിയും. ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ആരോഗ്യ കാര്യത്തിലും റെയിൽവേ ജാഗ്രത കാണിച്ചു. രാജ്യത്തെ ജനകോടികളെ കൂട്ടി യോജിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് അഭിവന്ദനം.
// ടി.വി.എം.അലി //
No comments:
Post a Comment