Sunday, 5 April 2020

കഥ/ ആങ്ങള



ഒരു ആങ്ങളയും നാലു പെങ്ങന്മാരും ബസ് കാത്തു നിൽക്കുകയാണ്.
ഒരു ദൂരയാത്രയ്ക്കുള്ള പുറപ്പാടാണെന്ന് അവരെ കണ്ടാൽ അറിയാം.

ആങ്ങളയുടെ കയ്യിൽ
ചെറിയൊരു സ്യൂട്ട്കേയ്സും പെങ്ങന്മാരുടെ തോളുകളിൽ തുകൽ സഞ്ചിയും ഉണ്ട്. ബസ്റ്റോപ്പിൽ അവരെ കൂടാതെ മറ്റാരുമില്ല. നിരത്തിൽ വാഹനങ്ങളുടെ ശല്യവുമില്ല.

ആങ്ങള ഈയിടെ നാട്ടിലെത്തിയ
'ഗൾഫുകാരൻ' ആണ്. പക്ഷേ ഗൾഫിൻ്റെ വർണ്ണപ്പൊലിമയോ ഗമയോ ഒന്നും അയാളിൽ കാണുന്നില്ല. എന്നാൽ പെങ്ങന്മാർ പളപളാ തിളങ്ങുന്ന സാരിയും ജാക്കറ്റും ധരിച്ചിരിക്കുന്നു.

ആദ്യമായാണ് അവർ സാരി ഉടുത്തിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. ഞൊറിവുകളൊന്നും ശരിയായിട്ടില്ല. അടിപ്പാവാടയുടെ മീതെയാണ് സാരിയുടെ കീഴറ്റം. സാരി അരയിൽ ഉറയ്ക്കുന്ന ലക്ഷണമില്ല. ഇടയ്ക്കിടെ അവരത് ഉറപ്പിയ്ക്കുന്നുണ്ട്. സാരിയുടെ തലപ്പ് തലയിൽ കിടക്കുന്നില്ല.
അത് തോളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഉടയാട ശരിക്കിടാൻ പരസ്പരം അവർ സഹായിക്കുന്നുണ്ട്.

അതിനിടയിൽ അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുമുണ്ട്. അത്തറിൻ്റെ ഗന്ധം അവിടെ തങ്ങി നിൽക്കുകയാണ്. ഉടുത്തിരിക്കുന്ന വസ്ത്രങ്ങളെപ്പറ്റിയും അത്തറിൻ്റെ മണത്തെപ്പറ്റിയും ബസ് വരാത്തതിനെ കുറിച്ചും ഒക്കെ അവർ വാതോരാതെ സംസാരിക്കുകയാണ്.

ആങ്ങള ഇതൊന്നും ശ്രദ്ധിക്കുന്നില്ല. യൗവ്വനത്തിൻ്റെ പ്രസരിപ്പിനു പകരം വാർധക്യത്തിൻ്റെ ഭാവമാണ് അയാളിൽ നിറഞ്ഞു നിൽക്കുന്നത്. കവിളും കണ്ണും കുഴിഞ്ഞിരിക്കുന്നു. മുഖത്ത് ദുഃഖത്തിൻ്റെ
നിഴൽ. വീതിയേറിയ നെറ്റി തടത്തിൽ ചുളിവുകളുടെ തിരകളടിക്കുന്നു.
കാലുകൾ തെന്നുന്നു. കൈവിരലുകളിൽ കണക്കുകൂട്ടുന്നത് പോലെയുള്ള ആംഗ്യങ്ങളും. വിരലുകൾ സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്.

മനസ്സ് പ്രക്ഷുബ്ധമാണെന്ന് മനസ്സിലാക്കാൻ വിഷമമില്ല. ഇടത്തെ കയ്യിലെ സ്യൂട്ടുകെയ്സ് വലത്തെ കയ്യിലേക്കും പിന്നെ വീണ്ടും ഇടത്തെ കയ്യിലേക്കും മാറ്റി പിടിക്കുന്നത് കാണാം. പിന്നീട് പൊടുന്നനെ നടുറോഡിൽ കയറി നിന്ന് ബസ് വരുന്നുണ്ടോ എന്ന് ദൂരേയ്ക്ക് നോക്കുന്നു. നൈരാശ്യത്തോടെ പിറുപിറുക്കുന്നു.

അവരുടെ സ്വകാര്യതയിലേക്ക് രണ്ടു മൂന്നു ആളുകൾ വലിഞ്ഞു കയറി വന്നു.
അവരും ബസ് കാത്തു നിൽക്കാൻ തുടങ്ങി. ആഗതരിൽ ഒരാൾ ആങ്ങളയെ തിരിച്ചറിഞ്ഞുകൊണ്ട് അടുത്തുചെന്നു:

"അള്ളാ ആരിത് ? അബുദാബില് പോയ അബു അല്ലേ ഇത്? ഇജ്ജ് എപ്പം വന്ന്ണ്ണി? ഞമ്മള് അറിഞ്ഞില്ലട്ടോ... ആട്ടെ ഇജ്ജ് എങ്ങട്ടാ?  എത്രംണ്ട് ലീവ്? ''

ആങ്ങളയുടെ മുഖത്ത് യാതൊരു ഭാവമാറ്റവും കാണുന്നില്ല. ആഗതൻ ഇത്രയൊക്കെ അന്വേഷിച്ച സ്ഥിതിക്ക് ഒന്ന് ചിരിക്കുകയെങ്കിലും വേണ്ടേ?
പക്ഷേ അബു ചിരിച്ചില്ല. അവൻ്റെ കണ്ണുകളിൽ നനവൂറുന്നതു പോലെ തോന്നി.

യാത്രയ്ക്ക് ഒരുങ്ങുമ്പോൾ തന്നെ ഇതൊക്കെ പ്രതീക്ഷിച്ചതാണ്. നാട്ടുകാർക്ക് എന്തെല്ലാം കാര്യങ്ങളാണ് അറിയേണ്ടത്? ഒന്നും ഒറ്റവാക്കിൽ ഒതുക്കി കൂടാ. വിസ്തരിച്ചു വിളമ്പണം.

''എന്താണ്ണീ ഒന്നും മുണ്ടാണ്ടെ മുയിച്ച് നോക്ക്ണ്? ... ഞമ്മളെ അണക്ക് മനസ്സിലായില്ലേ?''
ആഗതൻ ഓർമിപ്പിച്ചു.

അബു എന്ന ആങ്ങള ഇനിയും വന്നു ചേരാത്ത ബസ്സിനെ പ്രാകിക്കൊണ്ട് പറഞ്ഞു:
''അറിയാഞ്ഞിട്ടല്ല തൊണ്ടേലൊരു വേദന... മിണ്ടാൻ വയ്യ.''

അതുകേട്ട് നാലു പെങ്ങന്മാരും ചിരിച്ചു.
ആങ്ങള എത്ര സമർത്ഥമായാണ് നുണ പറയുന്നത്!

''അപ്പോ ഇജ്ജ് പോണേൻ്റെ മുമ്പേ പെങ്ങന്മാരെ ഒക്കെ കെട്ടിക്കണ്ടേ...
കണ്ടില്ലേ കൂറ്റത്ത്യോളായി നിക്ക്ണത്....
അല്ലാ ഇബറ്റേനെം  തെളിച്ചു എങ്ങട്ടാപ്പൊ യാത്ത്ര?''

''ഞങ്ങള് മലമ്പൊയ കാണാനാ''...
പെങ്ങന്മർ ഒരുമിച്ചാണ് ഉത്തരം കൊടുത്തത്. അതുകൊണ്ടൊന്നും ആഗതൻ തൃപ്തിപ്പെട്ടില്ല. അയാൾ അടുത്തു ചെന്ന് ആങ്ങളയുടെ പോക്കറ്റിലേക്ക് ഊതി.

''സീക്രറ്റൊന്നും ല്ലേ അബ്വോ?''
''ഊഹും...'' അബു മൂളി.

''ഇജ്ജ് എന്തൊരു
ദുബായിക്കാരനാടോ... ഒരു സികരറ്റും  ഇല്ലാണ്ട് പൊറത്തിറങ്ങ്വാ?  ആട്ടെ വല്ലതും കൊടുന്നിട്ടുണ്ടോ? ബിസ്ക്കറ്റൊ ഡോളറോ തുണിയോ?''

അബുവിൻ്റെ  മുഖം ചുവന്നു. ഈ ശല്യം ഒന്ന് അവസാനിപ്പിക്കാൻ ഒരൊറ്റ മാർഗമേ ഉള്ളൂ: ''ഏയ് കാക്കാ ....എന്നെ കൊല്ലാതെ കൊല്ലല്ലേ ....വേറെ വല്ലോരേം കിട്ടും ... ചെല്ല് ...മൂർച്ചല്ലാത്ത ബ്ലേഡ്...''

ആഗതൻ പതുക്കെ പിൻവലിഞ്ഞു. അയാളുടെ മുഖത്ത് ഇളിഭ്യതയും രോഷവും കണ്ടു. ആങ്ങളയുടെ പെരുമാറ്റം പെങ്ങന്മാർക്ക് തീരെ രസിച്ചില്ല. അവരത് തുറന്നു പറയുകയും ചെയ്തു:
''ഇക്കാ അയാളെ പെണക്കെണ്ടേർന്നില്ലാ... അയാള് എപ്പളും ഇക്കാടെ കാര്യം ചോദിച്ചു കുടീല് വരാറ്ണ്ട്..."

ആങ്ങള അത് കേട്ടതായി ഭാവിച്ചില്ല. അയാൾ നിരത്തിൻ്റെ ഓരം ചേർന്നു നിന്നു. അപ്പോഴാണ് ഒരു സംഘം ആളുകൾ ചിരിച്ചു രസിച്ച് വന്നെത്തിയത്.
''ഹല്ലാ നമ്മടെ അബു അല്ലെ ദ്?
ങ്ആ... അറിഞ്ഞില്ലേ? നമ്മുടെ ക്ലബ്ബിൻ്റെ നാടകമുണ്ട് ... ഒരു നൂറിൻ്റെ  ടിക്കറ്റ് കൊടുക്കടൊ..."

പഴയ സുഹൃത്താണ്. അവൻ്റെ ആജ്ഞ പാലിക്കാൻ കുറേ പിള്ളേരും. തഞ്ചത്തിൽ മാറണം:
''പിന്നെ ... പിന്നെ മതി... ഞാൻ നാളെ വരും...''

നാടക രശീതി സംഘം പിരിഞ്ഞുപോയി. ഇനിയും എന്തൊക്കെ വൈതരണികൾ ആണ് വരാനുള്ളത് എന്നറിയില്ല.
ആങ്ങളയ്ക്ക് പെങ്ങന്മാരോട് വല്ലാത്ത ദേഷ്യം തോന്നി. ആങ്ങള വന്നതിൽ പിന്നെ ഇന്നാണ് പുറത്തിറങ്ങുന്നത്. അതും പെങ്ങന്മാർക്ക് വേണ്ടി!

നാലു പെങ്ങന്മാർക്ക് ഒരു ആങ്ങള എന്ന അനുപാതം എത്ര ക്രൂരമാണ്. അവരെ പോറ്റാൻ താൻ പെടുന്ന പാട് തനിക്കല്ലേ അറിയൂ. അബു ഓർക്കുകയാണ്.
അവൻ തന്നെത്തന്നെ ശപിക്കുകയാണ്. ആങ്ങളയുടെ മനോവേദനകൾ ആരും അറിയുന്നില്ല.

ബാപ്പ മരിക്കുമ്പോൾ അവർ കൊച്ചു കുട്ടികളായിരുന്നു. ഒന്നോ ഒന്നരയോ വയസ്സിൻ്റെ അകലത്തിൽ നാലു പെൺകുട്ടികൾ. ആ കുട്ടികളെയും ഉമ്മയെയും തന്നെ ഏല്പിച്ചുകൊണ്ട് ബാപ്പപറഞ്ഞു:
"ഞാൻ ഇവരെ നിൻ്റെ കയ്യിൽ തര്വാണ്. അണക്ക് ഇവരെ നോക്കാൻ പ്രാപ്തില്ലാണ്ടെ വന്നാൽ അവരെ കൊന്നു കളഞ്ഞോ.... അതില് എനിക്ക് വിരോധംല്ലാ ... അവരെ കഷ്ടപ്പെടുത്തി അനാഥാക്കിട്ട് ഇജ്ജ് പോകരുത് ... അല്ലാഹു സുബ്ഹാനത്താല ഒരു വയി കാണിക്കാതിരിക്കൂലാ ...''

എന്നെന്നും തൻ്റെ കാതുകളിൽ മുഴങ്ങുന്ന മന്ത്രമാണിത്. ഉറക്കം കളയുന്ന വാക്കുകൾ... നിരന്തരം വേട്ടയാടുന്ന വാക്കുകൾ....
അബു ഓർത്തു.

ഒരു പണിയും ഇല്ലാതെ തെണ്ടുന്ന കാലത്താണ് ബാപ്പ മരിച്ചത്.
അതോടെ വീടിൻ്റെ ചുമടും അബുവിൻ്റെ ചുമലിൽ വീണു. എന്തുചെയ്യണമെന്നറിയാതെ അബു തപിച്ചു.

ഒടുവിൽ ഉമ്മ തന്നെ ഒരു വഴി കണ്ടെത്തി : "മാനേ എല്ലാരും പ്പോ ദുബായ്
പോണ് ണ്ടല്ലൊ. അണക്കും വെയ്ക്കും ച്ചാ പൊയ്ക്കൂടേ?

നാടുവിടാൻ അബു ഒരിക്കലും ആഗ്രഹിച്ചതല്ല. നൊന്തുപെറ്റ ഉമ്മ തന്നെ 'പോടാ' എന്നു പറയുമ്പോൾ പിന്നെ എന്തു ചെയ്യും?

പുരയിടം പണയപ്പെടുത്തി മുപ്പതിനായിരം രൂപ കൊടുത്തു വിസ സമ്പാദിച്ചു. ആദ്യവർഷത്തിൽ കടം വീട്ടുമെന്നും
രണ്ടാം വർഷത്തിൽ ഒന്നോ രണ്ടോ പെങ്ങമ്മാരെ കെട്ടിച്ചു വിടാമെന്നും അബു കരുതി. ഏജൻറ് പറഞ്ഞതും  അതായിരുന്നു.

ഉമ്മ പെങ്ങന്മാരുടെ ഏക ആൺതരിയായ അബു ഗൾഫിലെത്തി. അബുദാബിയിലെ ധനാഢ്യനായ അറബിയുടെ ബംഗ്ലാവിൽ അബു ആണുങ്ങൾക്കു ചേരാത്ത പണിയൊക്കെ ചെയ്തു.

വീട്ടിൽ നിന്നെത്തുന്ന കത്തുകളിൽ പെങ്ങന്മാർ പ്രായം തികഞ്ഞതും കല്യാണാലോചനകൾ വരുന്നതും പൊന്നിനു വില കൂടുന്നതും സ്ത്രീധന നിരോധനം വന്നതിനാൽ  മുൻകൂറായി പണം കൊടുക്കുന്ന നാട്ടുനടപ്പ് വന്ന കാര്യവും ഒക്കെ അറിഞ്ഞുകൊണ്ടിരുന്നു.

അബു കത്തുകളെ ഭയന്നു. അറബിയെ ഭയന്നു. എഗ്രിമെൻറ് വ്യവസ്ഥകൾ കാറ്റിൽ പറന്നു പോയ കാര്യം മറന്നു. മൂന്നുവർഷത്തെ അടിമപ്പണി കൊണ്ട് അബു ഒന്നും നേടിയില്ല.

പുരയിടം തിരിച്ചെടുക്കാനോ  പെങ്ങമ്മാരെ കെട്ടിച്ചു വിടാനോ കഴിഞ്ഞില്ല. മാസാമാസം 1000 ഇന്ത്യൻ രൂപയാണ് അബുവിന് കിട്ടിയിരുന്നത്. അവിടത്തെ ചെലവുകൾ കഴിച്ച് മാസാമാസം 500 രൂപ വീട്ടിലേക്ക് അയച്ചിരുന്നു.

ഇപ്പോൾ വെറും കൈയോടെയാണ് വന്നത്. പക്ഷേ ആരും അക്കാര്യം വിശ്വസിക്കുകയില്ല. ഉമ്മയ്ക്ക് പോലും സംശയമുണ്ട്.
വന്നു കയറിയപ്പോൾ തൊട്ട് ഉമ്മ ഓർമ്മപ്പെടുത്തുകയാണ്.
ഒരുത്തിക്ക് കല്യാണം ഏതാണ്ട് ഉറപ്പിച്ച മട്ടാണ്. 25 പവനും 25,000 രൂപയും കൊടുത്താൽ കല്യാണം നടക്കും. മുമ്പൊക്കെ പത്തു പവനും പതിനായിരം രൂപയും ചോദിച്ചു വന്നവരാണ് ഇപ്പോൾ
കൂടിയ തുക ചോദിക്കുന്നത്. ദുബായ്ക്കാരൻ്റെ പെങ്ങളല്ലേ? ചോദിക്കുന്നത് കിട്ടാതിരിക്കില്ല എന്നാണ് ആളുകൾ കരുതുന്നത്.

അബു ഉറപ്പിച്ച് ഒന്നും പറഞ്ഞില്ല. അവൻ കണക്കു കൂട്ടുകയാണ്. 25 പവന് അമ്പതിനായിരം രൂപ. സ്ത്രീധനം കൂട്ടിയാൽ എഴുപത്തയ്യായിരം. കല്യാണ ചെലവും കൂട്ടിയാൽ ഒരു ലക്ഷം രൂപ.

ഒരു പെങ്ങളെ കെട്ടിച്ചയക്കാൻ ഒരു ലക്ഷം. നാലാൾക്ക് മിനിമം നാലുലക്ഷം. പുരയിടത്തിൻ്റെ കടം പലിശയടക്കം അമ്പതിനായിരം. മൊത്തം നാലര ലക്ഷം രൂപയുടെ കടബാധ്യത ഉണ്ട്.

പത്തു പൈസ കടം കൊടുക്കാൻ ഇല്ലാതിരുന്ന അബു നാലര ലക്ഷത്തിലേറെ രൂപയുടെ കടക്കാരൻ ആയിരിക്കുന്നു.
ഇതിനെന്താണ് ഒരു വഴി?
അത് ആലോചിക്കുമ്പോഴാണ് പെങ്ങമ്മാരുടെ നിവേദനം.
അവർക്ക് മലമ്പുഴ കാണണം.
കഴിഞ്ഞ പെരുന്നാളിന് അടുത്ത വീട്ടിലെ കൂട്ടുകാരികളൊക്കെ മലമ്പുഴ കണ്ടു വന്നു.

''ഞങ്ങളും കാണും ഞങ്ങടെ ഇക്കാക്ക വരട്ടെ നോക്കിക്കോ...'' എന്ന് പെങ്ങന്മാർ അവരോട് പറയുകയും ചെയ്തിട്ടുണ്ട്. ഇത്രയും പറയുന്നതിനു മുമ്പ് തന്നെ ആങ്ങള കൊണ്ടുപോകാൻ തീർച്ചപ്പെടുത്തി കഴിഞ്ഞിരുന്നു:
''നാളെത്തന്നെ പൊറപ്പെട്ട്യോളിൻ " ആങ്ങള അത് പറഞ്ഞപ്പോൾ
പെങ്ങന്മാർക്ക് വിസ്മയം.
അവർ ചെറിയ കുട്ടികളെ പോലെ തുള്ളിച്ചാടി. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ഉടനെ തന്നെ തുടങ്ങുകയും ചെയ്തു.
"ഇക്കാ ... അതാ ബസ്സ് .... "

ചിന്തയിൽ നിന്ന് ഉണർന്ന അബു ബസ്സിൽ കയറി. പെങ്ങന്മാർ വഴിയോരക്കാഴ്ചകൾ കണ്ടു രസിക്കുകയാണ്.
ആങ്ങള ഉള്ളുരുകി കരയുകയാണ്. അവൻ്റെ  മനസ്സിൽ നാലരലക്ഷം എങ്ങനെ ഉണ്ടാക്കണം എന്ന ചിന്തയായിരുന്നു. അല്ലെങ്കിൽ ഈ കടം എങ്ങനെ നിഷ്പ്രയാസം വീട്ടി തീർക്കാം?

ഓടുന്ന ബസ്സിൽ അവൻ്റെ ചിന്തകളും ഓടിക്കൊണ്ടിരുന്നു. ബാപ്പ മരിക്കാൻ നേരത്ത് പറഞ്ഞ വാക്കുകൾ മിന്നൽ പിണരായി മനസ്സിലുദിച്ചു.
ജീവിപ്പിക്കാനാവില്ലെങ്കിൽ കൊല്ലുക...
ബാപ്പയുടെ തത്വശാസ്ത്രം അതായിരുന്നു.

"മക്കളേ  മലമ്പുഴയെത്തി. ഇറങ്ങിക്കോളിൻ ...''
ആങ്ങള പെങ്ങമ്മാരെ ഉദ്യാനത്തിലേക്ക് തെളിച്ചു. അതിനു മുമ്പ് ഹോട്ടലിൽ കയറി വയറു നിറപ്പിച്ചു.
''നിങ്ങക്ക് വേണ്ടതൊക്കെ തിന്നോളിൻ... ഇനി തിന്നാൻ കിട്ടൂലാ ...''
ആങ്ങള പറഞ്ഞു.
''ഇക്ക എന്താ തിന്നാത്തത്?"
'' ഇക്ക് പൈക്ക്ണില്യാ... ''
''ഇഞ്ഞി ഒന്നും വേണ്ടേ?''
ആങ്ങള വീണ്ടും ചോദിച്ചു.
"വേണ്ട ... ഇപ്പൊ തന്നെ കായ് കൊറേ ആയിട്ട്ണ്ടാവും...."
''അത് സാരല്ലാ ...മക്കൾക്ക് വേണ്ടത് ഒക്കെ കഴിച്ചോളിൻ .... "
"ഒന്നും വേണ്ട ... അല്ലാ ഇക്ക എന്താ ഇങ്ങനെ വെശർക്കണത്?  പങ്ക തിരിയ്ണണ്ടല്ലൊ... ഞങ്ങക്ക് നല്ല തണുപ്പാ തോന്ന്ണത്..."

ആങ്ങള ഞെട്ടി. തൻ്റെ നഗ്നത വെളിവാക്കപ്പെട്ടതുപോലെ അവൻ വിഷമിച്ചു:
"വരിൻ ...നേരം കൊറെയായി ...."

അവർ ഉദ്യാനത്തിൽ എത്തി.
പല പല കാഴ്ചകളും കണ്ടു വിസ്മയം കൊണ്ടു.
"ഹായ് മലമ്പൊയ എന്തു രസാണേ ... നോക്കടീ യച്ചീ ... ''
" അള്ളാ പേട്യാക്ണൂ ... "
"എടി അത് കല്ലാണ്....''
''അതാ വെള്ളം ചാടിച്ചാക്ണ് ..."
''ഛീ മുണ്ടാണ്ടിരി .. ഇക്ക ചീത്താറയും...''
''ഇല്ലല്ലാ ഇക്കാക്ക് ഞമ്മളോട് പെരുത്തിഷ്ടം ണ്ട് ...അല്ലെങ്കി ഇങ്ങട്ട് കൊണ്ടരൊ ?''
''ങ്ആ മതി .... വായ് മൂട്.... ''

ആങ്ങള ദൂരെ ഒരിടത്ത് ഇരിക്കുകയായിരുന്നു. പെങ്ങന്മാർ കാഴ്ച കണ്ടും തർക്കിച്ചും നടന്നു.

ഒടുവിൽ സന്ധ്യാ നേരത്താണ് അവർ അണക്കെട്ടിനു മുകളിൽ എത്തിയത്. അവർ കീഴ്പ്പോട്ടു നോക്കി.
വെള്ളം ചാടി ചാവുന്ന കാഴ്ച അവർ കണ്ടു.
''മക്കളെ ...." ആങ്ങള വിളിച്ചു.

''എന്താക്കാ... '' അവർ വിളി കേട്ടു.
''ആ ഒന്നുല്ലാ... പിന്നെ ഇതാ അണക്കെട്ടിൻ്റെ ഒതുക്ക് .... അതിമ്മൽക്കൂടെ വീഴാതെ ഇറങ്ങിക്കോളിൻ ... "
''അള്ളോ തലചുറ്റ്ണ്... താഴത്തേക്കു
വീണാ മജ്ജത്താവൂലെ?"
"ഏയ്.... അവിടെ അരയ്ക്ക് വെള്ളേ ള്ളു. നീന്തിക്കേറാം. ബോട്ടിലും കേറാം.
പതുക്കെ ഇറങ്ങിൻ ... "

ആങ്ങളയുടെ വാക്ക് കേട്ട് അവർ അണക്കെട്ടിൻ്റെ ചരിഞ്ഞ ഒതുക്കുകളിലൂടെ  ഇറങ്ങാൻ തുടങ്ങി.

ആങ്ങള ചുറ്റും നോക്കി. ആരുമില്ല.
അവൻ്റെ ശരീരം വിറകൊണ്ടു.
ഹൃദയം പെരുമ്പറയടിച്ചു.
പിന്നെ ഏതോ പ്രേരണയാൽ ആങ്ങള
നാലു ലക്ഷത്തിൻ്റെ കടം വീട്ടി.

ആങ്ങള പടവുകൾ കയറി നിരത്തിലൂടെ ഓടി. പിന്നെ കിതപ്പാറ്റാൻ നിന്നു.
പൊടുന്നനെ താൻ ചെയ്ത കടുംകൈയെ കുറിച്ച് ഓർത്ത് പൊട്ടിക്കരയാൻ തുടങ്ങി.

അവൻ നിരത്തോരത്ത് കിടന്ന് കരഞ്ഞു. പിന്നെ തളർന്നു മയങ്ങി.
പിറ്റേന്ന് സൂര്യൻ ഉണരും മുമ്പേ ആങ്ങള എണീറ്റു. അവൻ പതുക്കെ നടത്തം ആരംഭിച്ചു.

ഉദ്യാനത്തിൻ്റെ കവാടത്തിൽ എത്തിയപ്പോൾ അവൻ വൈദ്യുതി ആഘാതമേറ്റവനെ പോലെ മരവിച്ചു ജഡമായി മാറി.
'' ഇക്കാ .... ''

അവൻ്റെ കണ്ണുകൾക്ക് മുന്നിൽ നനഞ്ഞു കുതിർന്ന പെങ്ങന്മാർ ജീവനോടെ നിൽക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ ആങ്ങള കരഞ്ഞു.
പിന്നെ ഉറക്കെ ചിരിച്ചു!

(1980 കളിലാണ് 'ആങ്ങള' എഴുതിയത്. 'ദേശാഭിമാനി' വാരിക പ്രസിദ്ധപ്പെടുത്തി. പിന്നീട് 1991ൽ പുറത്തിറക്കിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തി- ടി.വി.എം.അലി)

No comments: