Wednesday, 22 April 2020

കോവിഡ് കാലത്തെ ഭൗമദിന ചിന്തകൾ
~~~~~~~~~~~~~~~~~~~~~~~~

ഓരോ വർഷവും ഈ ദിനത്തിലെങ്കിലും   ലോകമെങ്ങുമുള്ള മനുഷ്യർ ഭൗമ വിചാരവുമായി കഴിയുമെന്ന് കരുതാൻ ആവുമോ?  ഇല്ല.
ഭൂമിയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു തല പുണ്ണാക്കാൻ ആർക്കും സമയമില്ല.

ലോകമെങ്ങും മഹാമാരി മരണമാരിയായി മാറുന്ന സമയത്ത് പ്രത്യേകിച്ചും.
കവികളും ചിന്തകരും ശാസ്ത്രജ്ഞരും ഭൗമ വിചാരങ്ങളുമായി കഴിയുന്നുണ്ടാവാം. ഭൂമിയുടെ ഭാവിയെപ്പറ്റി വേവലാതിപ്പെടുന്നുണ്ടാവാം.
പ്രപഞ്ചത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിക്കുന്നുണ്ടാവാം.

എന്നാൽ ലോകം വാഴുന്ന ഭരണാധികാരികൾ പോലും ഉദ്ബോധനത്തിന് അപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
വികസനമെന്ന അജണ്ടയുടെ ദുർബ്ബലമായ അടിത്തറയിലാണ് ഭരണകൂടങ്ങൾ കെട്ടിപ്പൊക്കുന്നത്. സകല ജീവജാലങ്ങളുടേയും വളർച്ചയും വികാസവും പുരോഗതിയും ഒന്നും അവർക്ക് വിഷയമാവുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്കു മുമ്പിൽ വ്യക്തിസ്വാതന്ത്ര്യമൊന്നും വിലമതിക്കുന്നില്ലല്ലൊ!

ഇതിന് ക്ഷതമേല്പിക്കുന്ന ചിന്തകളെ വികസന വിരുദ്ധമായി കണക്കാക്കുകയും, അവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യും. ഭൂമിയുടെ നിലനില്പ് അനിവാര്യമാണ് എന്ന വിചാരം പോലും ഇനിയും പൊതുബോധമായി വളർന്നിട്ടില്ല.
പരിസ്ഥിതി പ്രവർത്തകർ
ബോധവൽക്കരണ പരിപാടികൾ കൊല്ലം തോറും നടത്താറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ അതു പോലും ഭ്രാന്തൻ ജല്പനങ്ങളായി അവഗണിക്കപ്പെടുകയാണ് പതിവ്!

ഭൂമിയുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാണോ? നമ്മുടെ പൂർവ്വീകർ നമ്മെ ഏല്പിച്ചു തന്ന ഭൂമിയാണോ ഇന്നുള്ളത്? 
ആഘോഷമായി ഒരു തൈ നട്ടാൽ ഭൂമിക്കൊരു കുടയാവുമൊ? 

കേരളത്തിലെ കാര്യമെടുക്കുക.
നൂറോ ഇരുന്നൂറോ വർഷം മുമ്പുള്ള കേരളമാണോ ഇന്ന് നാം കാണുന്നത്?
വനം, വയൽ, നീർത്തടം, കുന്നുകൾ എന്നിവയുടെ അവസ്ഥ എന്താണ്?
വനഭൂമിയുടെ വിസ്തൃതി, കൃഷി നിലത്തിന്റെ ശോഷണം, കുന്നുകളും പർവ്വതങ്ങളും നാടു നീങ്ങുന്ന കാഴ്ച, പുഴകളും നീർത്തടങ്ങളും
ഊഷരമാവുന്ന അവസ്ഥ, ജലചൂഷണവും, അനിയന്ത്രിത ഖനനവും, ഭൂപരിവർത്തനവും, വായു മലിനീകരണവും മറ്റും സൃഷ്ടിക്കുന്ന
വിപത്ത് തുടങ്ങിയ വിഷയങ്ങൾ നാം ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ?

ഇല്ല. നമുക്ക് അതിനൊന്നും സമയമില്ല. താനൊരുത്തൻ  വിചാരിച്ചതു കൊണ്ട് ഈ ഭൂമിയെ രക്ഷിക്കാൻ
കഴിയുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. എങ്കിലും
വരും തലമുറക്ക് കൈ മാറാൻ ഭൂമി അവശേഷിക്കണം. അതിനു നാം ഓരോരുത്തരും ഭൂമിയുടെ മക്കളും
സംരക്ഷകരും ആയി മാറണം. കൊറോണ വൈറസ് വ്യാപന മഹാമാരിയുടെ ഭീതിക്കു മുന്നിൽ അരക്ഷിതാവസ്ഥയിൽ ലോകം നിൽക്കുമ്പോഴും ഭൗമ ചിന്ത കൈ വെടിയാൻ ആവില്ല. മഹാമാരികൾ വരും, മരണം വിതച്ച് കടന്നു പോകും. ദുരിതങ്ങൾ നാം അതിജീവിക്കും. പ്രതിസന്ധികൾ മറികടന്ന് പ്രപഞ്ചമിനിയും അവശേഷിക്കും.

ഭൂമിയിൽ വിരുന്നുകാരായി വന്ന മനുഷ്യർക്ക് ഒന്നും നശിപ്പിക്കാൻ അവകാശമോ അധികാരമോ ഇല്ല. തലമുറകൾ ഇനിയും കടന്നു വരാനുണ്ട്. അവർക്ക് നമ്മുടെ ഭൂമി അതിൻ്റെ വിശുദ്ധിയോടെ തന്നെ കൈമാറേണ്ടതുണ്ട്. ഈ ഭൗമദിനം മുതൽ  അതിൻ്റെ കരുതലുണ്ടാവണം. അടച്ചിടേണ്ടി വന്ന ലോകത്തിൻ്റെ അകത്തളത്തിൽ ഇരുന്നു കൊണ്ട് ചിന്തിക്കുക.
ഈ മഹാപ്രപഞ്ചത്തെ ഭീകരമായ നാശത്തിന്റെ പാതാളത്തിൽ നിന്ന്
കരകയറ്റുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

// ടി.വി.എം.അലി //

No comments: