ആയുർവേദ ബാലചികിത്സാ വിദഗ്ദ്ധൻ
എം.ഗംഗാധരൻ വൈദ്യരുടെ എൺപത്തിനാലാം പിറന്നാൾ
ലോക് ഡൗണിൽ ആഘോഷമില്ലാതെ
കടന്നു പോയി.
ഒരു നാട് ഒന്നടങ്കം ഇന്ന് മേഴത്തൂരിൽ ഒഴുകി എത്തേണ്ടതായിരുന്നു. സാധാരണ ഗ്രാമീണൻ മുതൽ നാടുവാഴുന്ന ഭരണസാരഥികൾ വരെ ആശംസകളുമായി പ്രവഹിക്കുമായിരുന്നു. കൊട്ടും കുരവയും ആരവങ്ങളുമായി വൈദ്യരുടെ ശതാഭിഷേകം നാടിൻ്റെ ഉത്സവമായി ആഘോഷപൂർവ്വം നടക്കുമായിരുന്നു. എന്നാൽ നേരത്തെ എടുത്ത തീരുമാനം കോവിഡ് മഹാമാരിക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ പതിനായിരങ്ങൾക്ക് സാന്ത്വനമേകിയ ഗംഗാധരൻ വൈദ്യർ, പതിവുപോലെ ലോകത്തിനു മുഴുവൻ സൗഖ്യമേകാൻ ധന്വന്തരി ദേവനോട് പ്രാർത്ഥിച്ചു കൊണ്ടാണ് ഇന്ന് എൺപത്തിനാലാം പിറന്നാൾ ദിനത്തെയും വരവേറ്റത്. ആയിരം പൂർണ്ണചന്ദ്ര പ്രഭ ഏറ്റുവാങ്ങിയ ഗംഗാധരൻ വൈദ്യർക്ക് നാടിൻ്റെ ആശംസ സന്ദേശങ്ങളിലും പ്രാർത്ഥനകളിലും ഒതുങ്ങി.
പ്രമുഖ ബാലചികിത്സാകനായിരുന്ന യശഃശരീരനായ ചാത്തര് നായരുടെ ശിഷ്യനായാണ് ബാലചികിത്സയുടെ ലോകത്തേക്ക് ഗംഗാധരൻ നായരെത്തുന്നത്.
കാഞ്ഞൂര് നാരായണൻ നായരുടെയും മാരിപ്പറമ്പിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. കർഷക കുടുംബത്തിലായിരുന്നു ജനനം. വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യൻ കൂടിയാണ് ഗംഗാധരൻ വൈദ്യർ.
വീടിന്റെ പരിമിതികൾക്കിടയിൽ ഇ.എസ്.എൽ.സി. കഴിഞ്ഞു തുടർപഠനം സാധിക്കാതിരുന്ന കാലത്താണ് ഗുരുനാഥനായ ചാത്തര് നായരുടെ അരികിലേക്ക് എത്തുന്നത്.
ഗുരുനാഥന്റെ അനുഭവ ജ്ഞാനം ഗുരുകുലരീതിയിൽ സ്വായത്തമാക്കി. അതിനെ കുട്ടികളുടെ വ്യാധികൾക്കു മരുന്നായി മാറ്റി ഗംഗാധരൻ വൈദ്യർ. ഗുരുവിന്റെ പേരമകളായ വിജയലക്ഷ്മി അമ്മയെ ജീവിതപങ്കാളിയായി സ്വീകരിച്ചു.
പൊള്ളുന്ന ഉണ്ണികൾ എന്ന പേരിലറിയപ്പെട്ട പാലക്കാട് പിരായിരിയിലെ സഹോദരങ്ങൾക്കുൾപ്പടെ സങ്കീർണ്ണ രോഗം ബാധിച്ച ഒട്ടേറെ രോഗികൾക്ക് ആരോഗ്യം തിരിച്ചു നൽകി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ ഗംഗാധരൻ വൈദ്യരുടെ ചികിത്സ കൊണ്ട് സാധിച്ചു.
തൃത്താലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖനാണ് വൈദ്യർ. തൃത്താല സർവീസ് സഹകരണ ബാങ്കിൽ അര നൂറ്റാണ്ടായി ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു വരുന്നു. അഷ്ടാംഗം ആയുർവേദ കോളേജിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നു. ഗുരുനാഥന്റെ പേരിലാരംഭിച്ച സി.എൻ.എസ് ചികിത്സാലയം എന്ന സ്ഥാപനത്തിന്റെ അമരക്കാരനും പ്രധാന വൈദ്യനുമാണ് അദ്ദേഹം. സി.എൻ.എസ്സിലൂടെയും സഹോദര സ്ഥാപനങ്ങളിലൂടെയും നൂറിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ഏഴു പതിറ്റാണ്ടിലധികമായി ബാലചികിത്സാ രംഗത്തു തൻ്റെ ജീവിത കർമ്മം തുടർന്നു വരുന്നു. മക്കളായ ഡോ.കെ.പി. യശോദാമണി, ഡോ.കെ.പി.മണികണ്ഠൻ, മരുമകൻ ഡോ.ടി.ശ്രീനിവാസൻ എന്നിവർ വൈദ്യരുടെ പാതയിലൂടെ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. മറ്റൊരു മകളായ കെ.പി.ആനന്ദവല്ലി സകുടുംബം അമേരിക്കയിലാണ്.
No comments:
Post a Comment