വേനൽ ചൂടിൽ വെന്തുരുകുന്ന റോഡിലേക്ക് ഇറങ്ങിയപ്പോൾ തപാൽ ശിപായി കുഞ്ഞപ്പൻ്റെ കണ്ണുകൾ മഞ്ഞളിച്ചു. പാദങ്ങൾ പൊള്ളച്ച് പൊട്ടിയൊലിക്കുകയും ചെയ്തു. വേവും നോവും സഹിച്ച് കുഞ്ഞപ്പൻ ചാടിച്ചാടി നടന്നു. വാറു പൊട്ടിയ ചെരിപ്പിനെ ശപിച്ചു കൊണ്ട് നടക്കുന്നതിനിടയിൽ മേൽവിലാസങ്ങൾ പലതും ഓർമ്മയിൽ നിന്ന് അകന്നുപോയി.
കുഞ്ഞപ്പന് വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. അയാൾ ഇന്ന് ഒന്നും കഴിച്ചിട്ടില്ല. ശരീരം തളരുന്നതുപോലെ തോന്നി. ചിരപരിചയം കൊണ്ട് ബാലൻസ് തെറ്റാതെ അയാൾ നടന്നു.
ഇന്നേവരെ അനുഭവപ്പെടാത്ത ഒരു തരം ഭയം ശരീരമെമ്പാടും വ്യാപരിച്ചു കൊണ്ടിരുന്നു. കാലുകൾ പ്രാഞ്ചിപ്രാഞ്ചിയാണ് നീങ്ങുന്നത്. വീഴാതിരിക്കാൻ വേണ്ടി അയാൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പെരുവഴിയിൽ വീണുപോയാൽ നഷ്ടപ്പെടുന്നത് തൻ്റെ മേൽവിലാസമായിരിക്കും എന്ന് കുഞ്ഞപ്പന് നന്നായറിയാം. ആ അറിവ് അയാളെ നിരന്തരം പിന്തുടരുകയും മാന്തിപ്പൊളിക്കുകയും ചെയ്യുന്നുണ്ട്.
ഈയിടെയായി കുഞ്ഞപ്പൻ ആകെ അസ്വസ്ഥനാണ്. അശുഭകരമായ ചിന്തകളും ദു:സ്വപ്നങ്ങളും ഉറുമ്പുകളെപ്പോലെ അവനെ പൊതിയുകയാണ്. സർക്കസ് കൂടാരത്തിനുള്ളിലെ, വലിഞ്ഞുമുറുകിയ ഒറ്റക്കമ്പിയിലൂടെ, ഒരു കോമാളിയെപ്പോലെ താൻ നടക്കുകയാണെന്ന് അവന് തോന്നി. ഈ പെരുവഴി ഇത്രമാത്രം നേർത്തുപോയത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും അവന് പിടികിട്ടിയില്ല. കുഞ്ഞപ്പൻ കാലുകൾ പറിച്ചുനടുകയും നട്ടതു പറിക്കുകയും ചെയ്തു കൊണ്ട് അവിരാമം നടന്നു നീങ്ങി.
താൻ നിത്യേന ചുമന്ന് നടക്കുന്നത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമാണെന്ന് ആളുകൾ പറയാൻ തുടങ്ങിയിരിക്കുന്നു. ഒരു ദുശ്ശകുനം കണ്ടാലെന്ന പോലെ അവർ മുഖം തിരിക്കാൻ തുടങ്ങിയിരിക്കുന്നു.
- അമ്മേ, അതിർത്തിയിൽ വെടി പൊട്ടുന്നുണ്ട്. ഏതു നിമിഷവും ഒരു യുദ്ധം തുടങ്ങിയേക്കാം. അതു കൊണ്ട് ഇത്തവണയും അവധി കിട്ടില്ല…
വടക്കേ അറ്റത്തു നിന്ന് പറന്നെത്തുന്ന പച്ച നിറത്തിലുള്ള ഇൻലൻ്റുകളിൽ കൂർത്ത കറുത്ത അക്ഷരങ്ങൾ. അത് വായിച്ചു കൊടുക്കുമ്പോൾ വെടിമരുന്നിൻ്റെയും കരിഞ്ഞ മാംസത്തിൻ്റെയും ഗന്ധം മൂക്കിലേക്ക് ഇരച്ചുകയറുന്നു. മേലെ അനേകം കഴുകന്മാർ വട്ടമിട്ടു പറക്കുന്നു.
- ശിപായിക്കറ്യോ? ഇനീം എന്തിനാപ്പൊ യുദ്ധം?
ഒന്നുമറിയാത്ത അമ്മമാരുടെ, സഹോദരങ്ങളുടെ കൂർത്തു വരുന്ന ചോദ്യങ്ങൾക്കു മുമ്പിൽ കുഞ്ഞപ്പൻ പിടയുന്നു. ഒരു മിസൈൽ അവൻ്റെ ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു.
വയറിനുള്ളിൽ വന്യമൃഗങ്ങളുടെ മുരൾച്ച കേൾക്കാം.
വൻ കുടലുകൾ കരിഞ്ഞുനാറുന്ന മണം മൂക്കിലേക്ക് ഇരച്ചു വന്നപ്പോൾ അവൻ്റെ ബോധേന്ദ്രിയങ്ങൾ അനേകം ചീളുകളായി തെറിച്ചു വീഴുന്നതു പോലെ തോന്നിച്ചു. അതൊരു മനംപുരട്ടലായി, കൊഴുത്ത ദ്രാവകമായി വായിലേക്ക് നുരച്ചു വന്നപ്പോൾ ഒട്ടും വൈഷമ്യമില്ലാതെ അവൻ അകത്തേക്ക് തന്നെ ഇറക്കിവിട്ടു. ആഴമുള്ള കിണറ്റിൽ ഭാരിച്ചതെന്തോ വീണതുപോലെ ഉദരത്തിൽ നിന്ന് വന്യമായ മുഴക്കം തിരയടിച്ചു. അത് വിശപ്പിൻ്റെ രൗദ്ര നടനമാവാം എന്നവൻ സമാധാനിക്കുകയും ചെയ്തു.
- ഈ മാസം പണം അയക്കാൻ കഴിയില്ല. ഇവിടെ ശമ്പളം വെട്ടിക്കുറച്ചു. തൊഴിൽ നിയമം കർശനമാക്കി. ജോലി തീരാറായി. ഇനി രക്ഷയില്ല. ഏതു നിമിഷവും കയറ്റി വിട്ടേക്കാം…
അത്തറിൻ്റെ മണമുള്ള കത്തുകക്കുള്ളിൽ നിന്നും തീവ്ര വേദനയുടെ ചീഞ്ഞ നാറ്റം വമിക്കുന്നു. ഓരോരുത്തരുടേയും സ്വകാര്യ നൊമ്പരങ്ങൾ കുഞ്ഞപ്പനെ സ്പർശിക്കുകയാണ്.
കുഞ്ഞപ്പൻ്റെ മനസ് രഹസ്യങ്ങളുടെ കലവറയാണ്. അറ നിറഞ്ഞ് അനേകം രഹസ്യങ്ങൾ പുറത്തേക്ക് തെറിക്കാൻ പാകത്തിൽ നിൽക്കുന്നുണ്ട്. ഏതെങ്കിലും ഒരു ദ്വാരത്തിലൂടെ അവ പുറത്തുചാടിയേക്കാം എന്ന വിചാരം കുഞ്ഞപ്പനെ ഒട്ടൊന്നുമല്ല അലട്ടുന്നത്.
അവന് അറിയാവുന്ന രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ വേണ്ടി ചിലർ പ്രലോഭനങ്ങളുമായി സമീപിക്കുന്നുണ്ട്. കുഞ്ഞപ്പൻ്റെ വിശപ്പും ദാരിദ്ര്യവും അവർ ഓർമ്മപ്പെടുത്തുന്നു: കുഞ്ഞപ്പാ നെനക്ക് കിട്ടുന്ന നൂറ്റിചില്ലാനം 'നൊട്ട' കൊണ്ട് എങ്ങനെയാടാ നീയ് കഴിയ്ണത്?
നീയൊന്ന് മനസ് വെച്ചാ നെൻ്റെ പുത്തിമുട്ട് തീരും….
ഒരു നിമിഷം തൻ്റെ ശിരസ് ഒന്ന് കുനിഞ്ഞാൽ അവർ തല വെട്ടിക്കൊണ്ടു പോകും എന്ന് കുഞ്ഞപ്പന് തോന്നിയിട്ടുണ്ട്. പക്ഷേ എത്ര വിശന്നാലും തളർന്നാലും കുഞ്ഞപ്പൻ ശിരസ് ഉയർത്തി പറയും: നെങ്ങടെ പാടും നോക്കി പോകിനെടാ… ഈ കുഞ്ഞപ്പനെ വെലക്കെടുക്കാൻ നെനക്കൊന്നും കഴിയില്ലടാ…
കുഞ്ഞപ്പൻ്റെ പെരുമാറ്റം അവരെ അരിശം കൊള്ളിക്കാറുണ്ട്. അതു കൊണ്ടു തന്നെ കുഞ്ഞപ്പൻ്റെ പേരിൽ നിരവധി കള്ള പരാതികൾ പൊയ്കൊണ്ടിരുന്നു. യഥാസമയം അവ അന്വേഷിക്കാൻ എത്തുന്ന മേലുദ്യോഗസ്ഥൻ്റെ ചോദ്യശരങ്ങൾക്കു മുന്നിൽ കുഞ്ഞപ്പൻ ചൂളാതെ, വിളറാതെ, പതറാതെ നിന്നു.
ഈ നക്കാപിച്ച പണി ഇട്ടെറിഞ്ഞ് ഓടണമെന്ന് കുഞ്ഞപ്പന് തോന്നിയിട്ടുണ്ട്. പക്ഷേ ഗ്രാമത്തിൽ അനവധി യുവതീയുവാക്കൾ ഡിഗ്രിയെടുത്ത് തൊഴിൽ ഇല്ലാതെ അലയുന്നുണ്ട്. അവരെ കാണുമ്പോൾ, അവരുടെ വെളിച്ചം കെട്ടുപോയ കണ്ണുകളിലേക്ക് നോക്കുമ്പോൾ കുഞ്ഞപ്പൻ സ്വയം അഹങ്കരിക്കും: തനിക്കൊരു തൊഴിലുണ്ട്. താനൊരു തപാൽ ശിപായിയാണ്. കേന്ദ്ര സർക്കാരിൻ്റെ ദാസനാണ്. ഗ്രാമത്തിലെ എല്ലാ വീടുകളിലും കയറി ഇറങ്ങാൻ ലൈസൻസുള്ളവനാണ്. അങ്ങനെയുള്ള താൻ എത്ര ഭാഗ്യവാനാണ്!
അടുത്ത ക്ഷണത്തിൽ തന്നെ ആ അഹങ്കാരത്തിൻ്റെ രുചി അലിഞ്ഞില്ലാതായി തീർന്ന് അവജ്ഞയും നിന്ദയും മനസ്സിൽ പെറ്റുപെരുകാൻ തുടങ്ങും. തൊഴിൽ ഇല്ലാത്ത ചങ്ങാതിമാർ പോലും തന്നിൽ നിന്ന് അകന്നു പോകുന്നതു കാണുമ്പോൾ വല്ലാത്ത വേദന തോന്നും. ആർക്കും തന്നെ കണ്ടു കൂടാതായിരിക്കുന്നു. ഒരു ഇൻ്റർവ്യൂ കാർഡിനുവേണ്ടി കാത്തിരിക്കുന്ന നൂറുകണക്കിന് ചങ്ങാതിമാരെ എന്നും നിരാശപ്പെടുത്തേണ്ടി വരുമ്പോൾ സങ്കടം കൊണ്ട് തൊണ്ടയിടറി പറയും: വരുമെടാ .. ഇന്നല്ലെങ്കിൽ നാളെ … മറ്റന്നാൾ തീർച്ചയായും …
പക്ഷേ തൻ്റെ ആശ്വാസ വാക്കുകൾ ഒന്നും അവർ മുഖവിലക്കെടുക്കാറില്ല. നൈരാശ്യത്തോടെ തിരിച്ചു നടക്കുമ്പോൾ അമർഷത്തോടെ അവർ പറയും: ഓ! നെൻ്റെ വാക്ക് കേട്ടാൽ തോന്നും നീയ്യാണ് എംപ്ലോയ്മെൻ്റ് ആപ്പീസർ എന്ന്! ഒന്ന് പോടോ…
തൻ്റെ പാടും നോക്കിയിട്ട്…
- സുഹൃത്തെ എന്നോടെന്തിന് ദേഷ്യപ്പെടണം?
ഞാനും തന്നെപ്പോലെ ഒരാളല്ലെ? കുഞ്ഞപ്പൻ ചോദിച്ചു.
- അത് പള്ളീച്ചെന്ന് പറഞ്ഞാ മതി… മാസാമാസം ശമ്പളോം, വീടുവീടാന്തിരം കിമ്പളോം വാങ്ങി നടക്കുന്ന നെനക്ക് തൊഴിലില്ലാത്തോൻ്റെ വെഷമം അറിയില്ലടാ…
കുഞ്ഞപ്പന് ഇതൊന്നും പുത്തരിയല്ല. നിത്യേന ഇമ്മട്ടിൽ കേൾക്കുന്നതാണ്. തൊഴിൽ ഇല്ലാത്തവൻ്റെ
ശത്രു തൊഴിൽ ഉള്ളവനാണെന്ന് ഏതോ ഒരു നേതാവ് പ്രസംഗിച്ചിട്ട് പോയതിനു ശേഷമാണ് ഇത്തരം അനുഭവങ്ങൾ ഏറിവന്നത്.
സൂര്യൻ തിളച്ചുമറിയുകയാണ്.
എത്ര വീടുകൾ കയറി ഇറങ്ങി എന്ന് കുഞ്ഞപ്പന് ഓർമ്മയില്ല. വിശപ്പും ദാഹവും ചിന്തകളും അവനെ മദിച്ചു.
പക്ഷേ ഒരു കാര്യം അവന് ഓർമ്മ വന്നു. ഇന്ന് താൻ കയറി ഇറങ്ങിയ ഒറ്റ വീട്ടിലും ഒരാണ്ടറുതിയോ, പിറന്നാളോ, കല്യാണ നിശ്ചയമോ, പ്രസവമോ, മരണമോ, അടിയന്തിരമോ ഉണ്ടായിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചിരുന്നുവെങ്കിൽ കുഞ്ഞപ്പൻ്റെ ഒരു നേരത്തെ വിശപ്പ് അടക്കി നിർത്താമായിരുന്നു.
താമരക്കുട മടക്കി, തല താഴ്ത്തി വീട്ടിലേക്ക് കയറുമ്പോൾ കുഞ്ഞപ്പൻ്റെ മകൻ വിളിച്ചു പറഞ്ഞു: -അമ്മേ, അമ്മേ ശിപായിയച്ഛൻ വന്നൂ…
അതു കേൾക്കേ കുഞ്ഞപ്പൻ്റെ തളർച്ച ഇരട്ടിച്ചു.
അവന് അരിശം വന്നു. അവൻ അകത്തേക്ക് വിളിച്ചുകൂവി: -ഹെടീ... അൻ്റെ അറാം പെറന്ന ചെക്കൻ്റെ നാവ് ഞാനരിയും… ങാ... പറഞ്ഞില്ലാന്ന് വേണ്ടാ …
അകത്തുനിന്ന് കുഞ്ഞപ്പൻ്റെ ഭാര്യ രുക്മിണി, ചെക്കൻ്റെ കൈപിടിച്ചു വലിച്ചുകൊണ്ട് പാഞ്ഞുവന്നു:
- അരിയ്യ്... ഇപ്പൊത്തന്നെ അരിയ്യ്... കൊറെ കാലായല്ലോ അരിയാൻ തൊടങ്ങീട്ട്... അച്ചനാന്ന് പറഞ്ഞ് നടന്നാ വയറ് നെറയൂലാ… പോസ്റ്റ്മേനാന്ന്
കള്ളം പറഞ്ഞ് കെട്ടിക്കൊണ്ടുവന്ന്ട്ട് പട്ടിണിക്കിട്ട് കൊന്നതുപോരെ… ഇനി കുട്ട്യോളേം കൂടി കൊല്ലണോ? …
കുഞ്ഞപ്പൻ ഒന്നും കേൾക്കാത്തവനെപ്പോലെ തിണ്ണയിൽ മലർന്നു കിടന്നു. അവൻ ഗാഢമായ ചിന്തയിൽ മുഴുകി.
കുഞ്ഞപ്പൻ എന്ന വ്യക്തി എന്നോ മരിച്ചു കഴിഞ്ഞിരിക്കുന്നു. കുഞ്ഞപ്പൻ എന്ന തൻ്റെ പേര് ഒരാളും ഉച്ചരിക്കുന്നില്ല. എല്ലാവരും തന്നെ 'ശിപായി' ആക്കി മാറ്റിയിരിക്കുന്നു.
അച്ഛൻ പറയുന്നു:
ൻ്റെ മൂത്ത ചെക്കൻ ശിപായ്യ്യാ…
അമ്മ പറയുന്നു:
ഓൻ പോഷ്ട്മേനോനാ…
മകൻ പറയുന്നു:
ശിപായ്യ്യച്ചൻ…
പൊടുന്നനെ കുഞ്ഞപ്പന് ഒരു വെളിപാടുണ്ടായി.
അവൻ ഉറക്കെ അകത്തേക്ക് വിളിച്ചു:
- റുക്കൂ ... ഹെടീ ... റുക്കൂ …
രുക്മിണി വിളി കേട്ടു:
- എന്താച്ചാ പറഞ്ഞ് തൊലയ്ക്ക് മനുസ്യാ…
- ഹെടീ… ഞാൻ നെൻ്റെ ആരാ…?
കുഞ്ഞപ്പൻ രോഷത്തോടെ ചോദിച്ചു.
- ആവോ… ഇയ്ക്കറീല്ല്യാ …
- അറീല്യേ ? ന്നാ അറീയ്ക്കും ഞാൻ ... കേട്ടോ ... അൻ്റെ ചെക്കൻ എന്നെ ശിപായി അച്ഛൻന്നാ വിളിച്ചത് ... എന്നെക്കൂടാതെ അവന് വേറെ അച്ഛന്മാരുണ്ടോ? ... പറയടീ ഉണ്ടോന്ന് …
- ഒണ്ടെങ്കീ എന്തോ ചെയ്യും?
രുക്മിണി കൂസലേന്യെ തിരിച്ചു ചോദിച്ചപ്പോൾ കുഞ്ഞപ്പൻ തളർന്നു.
അവൻ വിയർത്തു കുളിച്ചു. അവന് അലമുറയിട്ട് കരയണമെന്ന് തോന്നി. പക്ഷേ കരച്ചിൽ വന്നില്ല. തൊണ്ടയിൽ നിന്ന് ചുമ പുറത്തുവന്നു.
- കുരയ്‌ക്കുന്ന പട്ടി കടിക്കില്ലാ …
രുക്മിണി പ്രതികരിക്കുന്നത് കേട്ടു.
കുഞ്ഞപ്പൻ കുടിൽ വിട്ട് പുറത്തേക്കിറങ്ങി.
അപ്പോൾ കുഞ്ഞപ്പൻ്റെ മകൻ വിളിച്ചുകൂവി :
- അമ്മേ... ദാ ... യച്ഛൻ പോണൂ…
- പൊയ്ക്കോട്ടെടാ…
രുക്മിണിയുടെ പ്രതിധ്വനി കേട്ടു.
രുക്മിണിയെ കുറ്റപ്പെടുത്താനാവില്ല എന്ന് കുഞ്ഞപ്പന് നന്നായറിയാം. അവൾ പട്ടിണി കിടന്ന് ഈ പരുവത്തിലായതാണ്. ഒരു ഭർത്താവിൻ്റെ, പിതാവിൻ്റെ, രക്ഷകൻ്റെ കടമകൾ നിർവ്വഹിക്കാനാവാതെ തനിയ്ക്കവരെ തിരുത്താനാവില്ല, എന്ന് അവനറിയാമായിരുന്നു.
കുഞ്ഞപ്പൻ ഇരുട്ടിലൂടെ നടന്നു.
ഗ്രാമത്തിൽ ഇരുട്ട് വെറുങ്ങലിച്ചു നിൽക്കുകയാണ്. വീടുകളിൽ നിന്ന് സന്ധ്യാനാമങ്ങളും റേഡിയോവിലെ കലപിലകളും കൂടിക്കലർന്ന് ഒഴുകി വരുന്നുണ്ട്.
നാളെ നേരം വെളുത്താൽ നൂറ് രൂപ കടം വീട്ടാനുണ്ട്.
കഴുത്തറക്കുന്ന ബ്ലേഡ് മുതലാളിയിൽ നിന്ന് വാങ്ങിയതാണത്. കൊടുത്തില്ലെങ്കിൽ പലിശ ഇരട്ടിക്കും. നൂറ് രൂപ ആയിരമായി രൂപാന്തരപ്പെടും. അതു കൂടാതെ നാളെ തന്നെ ഒരു ചങ്ങാതിക്കുറിയുണ്ട്. ഇരുപത്തി അഞ്ച് രൂപ എങ്കിലും കൊടുത്തേ പറ്റൂ. തൻ്റെ കല്യാണത്തിന് തന്നതാണ്.
കുഞ്ഞപ്പൻ താഴത്തെ ബംഗ്ലാവിലേക്ക് നടന്നു.
അവിടുന്ന് കിട്ടിയില്ലെങ്കിൽ വേറെ ഒരിടത്തു നിന്നും കിട്ടുകയില്ല.
ബംഗ്ലാവിൻ്റെ മുന്നിൽ കുഞ്ഞപ്പൻ ഓച്ഛാനിച്ചു നിന്നു.
ഒരു കുട്ടി ഓടി വന്നു.
കുഞ്ഞപ്പൻ ചോദിച്ചു: മോൻ്റെ പേരെന്താ?
ആ മുതലാളിക്കുട്ടി ഗൗരവത്തോടെ തിരിച്ചു ചോദിച്ചു: ങും... എന്തിനാ എപ്പളും പേര് ചോദിക്ക്ണത്?
- ഹേയ് ! ഒന്നിനൂംല്യ… ആട്ടെ... മോൻ്റെ പെറന്നാള് എപ്പളാ?
- ഇന്നലെ ... ഇന്നലേർന്നൂ ...കുട്ടി മൊഴിഞ്ഞു.
- അയ്യേ ... എന്നിട്ട് മോനെന്തേ ഈ ശിപായി മാമനോട് പറയാഞ്ഞേ?
- ഹും! തന്നോട് പറയണംന്ന് വല്ല നിയമോം ണ്ടൊ?
കുട്ടി ഭീമാകാരം പ്രാപിച്ചു.
കുഞ്ഞപ്പൻ നടുങ്ങി.
ഉണങ്ങിയ ചുണ്ടു നനച്ച്, ചുറ്റും നോക്കി വിളർച്ച മാറ്റി. എന്നിട്ട് തന്മയത്വത്തോടെ കുട്ടിയെ തഴുകി. എന്നിട്ട് കുഞ്ഞപ്പൻ വിക്കി വിക്കി പറഞ്ഞു:
- അതു ശര്യാ ... പറയണംന്ന് നെയമം ഒന്നും ല്ലാട്ടൊ …
അതുപോട്ടെ… എന്തൊക്കേർന്നൂ വിഭവങ്ങള് ?
പഴം, പപ്പടം, പായസം, കേക്ക്, ഹൽവ…
- നിർത്ത്... നിർത്ത് ... താൻ വേം പൊയ്ക്കൊ ... അല്ലെങ്കീ ഞാൻ ടൈഗറെക്കൊണ്ട് കടിപ്പിക്കും.
കുഞ്ഞപ്പൻ്റെ നാവിലെ വെള്ളം തണുത്തുറഞ്ഞു. വായിൽ മഞ്ഞുകട്ടകൾ അരിച്ചു നടക്കുന്നതു പോലെ തോന്നി. ഇനി ഇവിടെ നിന്നതു കൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലായി. കുഞ്ഞപ്പൻ ബംഗ്ലാവിൽ നിന്ന് മടങ്ങി.
തല താഴ്ത്തി നടക്കുന്നതിനിടയിൽ ആരോ പേർ ചൊല്ലി വിളിക്കുന്നതു കേട്ടു.
കുഞ്ഞപ്പൻ നിന്നു.
മുന്നിൽ പഴയ സഹപാഠി നിൽക്കുന്നു.
പട്ടാളക്കാരനാണ്.
-വാടൊ ... അവൻ ക്ഷണിച്ചു.
പിറകെ മൗനമായ് നടന്നു.
പട്ടാളക്കാരൻ വെടിയിറച്ചി കിട്ടിയ സന്തോഷത്തോടെ
ഭാര്യയെ വിളിച്ചു:
- എടീ ... നീ കുഞ്ഞപ്പനെ കണ്ടോ? ങ്ആ ... നെനക്ക് കത്തും കാശും തരുന്നത് ഇവനല്ലേ? ... നമുക്ക് ഇബനെ ഒന്ന് സൽക്കരിക്കാം…
മുന്നിൽ മേശപ്പുറത്ത് വലിയ കുപ്പികൾ നിരന്നു. ഗ്ലാസുകൾ നിരന്നു.
കുഞ്ഞപ്പൻ കുപ്പി തൊട്ടു. പൊടുന്നനെ കുപ്പി വായിലേക്ക് കമഴ്ത്തി. പട്ടാളക്കാരൻ മിഴിച്ചിരുന്നു.
ഇടറുന്ന കാലുകളോടെ കുഞ്ഞപ്പൻ വീട്ടിലെത്തി.
രുക്മിണിയും കുട്ടികളും കിടന്നിരുന്നു.
ചിമ്മിനി വെട്ടത്തിൽ വേച്ചുവേച്ച് അകത്തു കടന്ന് അവൻ അവൾക്കരികിൽ വീണു.
പൊടുന്നനെ അതു സംഭവിച്ചു.
രുക്മിണി കുഞ്ഞപ്പനെ പിടിച്ചു തള്ളി. എന്നിട്ട് അരിശത്തോടെ പുലമ്പി: തിരുമ്പി കുളിക്കാൻ എണ്ണേം സോപ്പും വാങ്ങി തരാൻ വയ്യാ … വന്നിരിക്ക്ണൂ സ്വൈരം കെടുത്താൻ ... കാലമാടൻ!
ഇപ്പോൾ ശരിയ്ക്കും കുഞ്ഞപ്പൻ്റെ ലഹരി ഇറങ്ങി.
പിന്നെ ആ കോമാളി ഉറക്കെ കരയാൻ തുടങ്ങി.
***********
® 1991ൽ പ്രസിദ്ധപ്പെടുത്തിയ 'ചിരി മറന്ന കോമാളി' എന്ന കഥാസമാഹാരത്തിൽ നിന്ന് ©