Sunday, 27 December 2020

പോസ്റ്റമ്മ

 *പോസ്റ്റമ്മ*

നാൽപത് വർഷത്തോളമായി ചെമ്പ്ര തപാൽ ഓഫീസിൽ പോസ്റ്റമ്മയായി ജീവിക്കുന്ന പത്മാവതിച്ചേച്ചിയെക്കുറിച്ച് പരുതൂർ ഹൈസ്കൂളിലെ കുട്ടികൾ എഴുതിയ ചെറുകുറിപ്പുകൾ സമാഹരിച്ച് തയ്യാറാക്കിയ ഫോൺ ബുക്ക് പ്രകാശനം ചെയ്തു. 

ക്രിസ്തുമസ് ദിനത്തിൽ പത്മാവതി ചേച്ചിക്കുള്ള സമ്മാനമായി സൂം മീറ്റിലാണ് ഇത് പ്രകാശനം ചെയ്തത്. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ടി.വി.എം.അലി ഫോൺ ബുക്ക് പ്രകാശനം നിർവഹിച്ചു.  തപാൽ വകുപ്പ് ജീവനക്കാരായ സുഭാഷ്, പ്രമോദ്, മുൻ പ്രധാനധ്യാപകൻ വി.ആർ.അച്യുതൻ തുടങ്ങിയവർ അതിഥികളായി. പ്രധാനദ്ധ്യാപിക ഇ.ലത, അധ്യാപകൻ കെ.ജയാനന്ദ്, കുറിപ്പുകൾ എഴുതിയ സന ഷെറിൻ, എം.ഡി.പവിത്ര, കെ.നിധി എന്നിവരും സൂം മീറ്റിൽ സംസാരിച്ചു.പോസ്റ്റമ്മയുടെ രേഖാചിത്രങ്ങൾ പ്രകാശനും, കവർ ജയൻ മന്ത്രയുമാണ് തയ്യാറാക്കിയത്. 

1980ൽ ചെമ്പ്ര തപാൽ ഓഫീസിൽ ഗ്രാമീണ തപാൽ ജീവനക്കാരിയായി സേവനം തുടങ്ങിയ പത്മാവതി അടുത്ത വർഷം സർവീസിൽ നിന്ന് വിരമിക്കും. അവരോടുള്ള നാടിൻ്റെ സ്നേഹാദരമാണ് പോസ്റ്റമ്മ എന്ന ഫോൺ ബുക്കിൻ്റെ ഉള്ളടക്കം.

Tuesday, 27 October 2020

സാന്ത്വനം സഹയാത്ര

മൂന്നര പതിറ്റാണ്ടിലേറെക്കാലമായി  

ചക്രകസേരയിൽ ജീവിതം ഉരുട്ടി നീക്കുന്ന വാസുണ്ണിക്ക് നാടുനീളെ യാത്ര ചെയ്യാൻ സഹപാഠികളുടെ സ്നേഹ സമ്മാനം.

എല്ലാം അവസാനിച്ചു എന്ന തോന്നലില്ലാതെ സഹജീവികളെ ചേർത്തു പിടിക്കാനും നമ്മളൊന്നാണ് എന്ന് ഉറക്കെ വിളിച്ചു പറയാനും ഇനി വാസുണ്ണിക്ക് പുതിയ പ്രഭാതങ്ങളിലേക്ക് പുതിയ കാറിൽ 

യാത്ര ചെയ്യാം. ഒന്നും അവസാനിച്ചിട്ടില്ല;  അവസാനിക്കുകയുമില്ല എന്നാണ് പരുതൂർ ഹൈസ്കൂളിലെ ആദ്യ ബാച്ചുകാരായ വാസുണ്ണിയുടെ കൂട്ടുകാർ ഇതിലൂടെ തെളിയിക്കുന്നത്. 


1979 ലെ എസ്.എസ്.എൽ.സി പഠിതാക്കൾ ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ഒത്തുചേരൽ പദ്ധതിയിട്ടത്. നിരന്തരമായ ശ്രമത്തിൻ്റെ ഫലമായി ആദ്യ ബാച്ചിലെ മുഴുവൻ കൂട്ടുകാരുടേയും മേൽവിലാസം കണ്ടെത്തി അവരുമായി ബന്ധപ്പെട്ടു. ഒരു കമ്മിറ്റി ഉടലെടുത്തു.

2020 ഏപ്രിൽ മാസത്തിൽ നടക്കുന്ന ഒത്തുചേരലിന് നമ്മളൊന്ന് എന്ന പേരു നൽകി. അധ്യാപകരെ ക്ഷണിച്ചു. പരിപാടികൾ ആസൂത്രണം ചെയ്തു. എന്നാൽ നിനച്ചിരിക്കാതെ വന്നു ചേർന്ന കോവിഡ് മഹാമാരി സംഗമത്തിനു തടസ്സമായി. 


ഒരു കാര്യം അവർ ആദ്യമേ തീരുമാനിച്ചിരുന്നു. കേവലം ഒരു ഒത്തുചേരലിനപ്പുറം തങ്ങളാലാവുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്നായിരുന്നു ആ തീരുമാനം. മഹാമാരി നീണ്ടുപോകുന്നുവെന്ന തോന്നലുണ്ടായപ്പോൾ ഏറ്റെടുക്കേണ്ട കാരുണ്യ പ്രവർത്തനത്തെപ്പറ്റിയുള്ള ചർച്ചയും കനപ്പെട്ടു. പല തരം നിർദ്ദേശങ്ങൾ ഉയർന്നു വന്നു. അപ്പോഴാണ് സഹപാഠി വാസുണ്ണി എന്ന വാസുദേവൻ ചർച്ചയിൽ ഇടം പിടിച്ചത്. നമ്മളൊന്ന് പരിപാടിയുടെ ആസൂത്രണത്തിൽ മുന്നിൽ വാസുണ്ണിയുണ്ട്. കഠിനമായ ജീവിത പരീക്ഷണങ്ങളെ മനോബലം കൊണ്ട് കീഴടക്കി ചക്രക്കസേരയിൽ ജീവിതം നയിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ. ഏറെക്കാലം ഒരു മുറിയിൽ ഒതുങ്ങിക്കൂടി ജീവിക്കേണ്ടി വന്ന വാസുണ്ണി ഇന്ന് സവിശേഷമായി രൂപകൽപ്പന ചെയ്ത വാഹനത്തിൽ കേരളത്തിലാകെ സഞ്ചരിക്കുകയും അരയ്ക്കു താഴെ തളർന്നു പോയവരുടെ ക്ഷേമത്തിനായി ജീവിതം മാറ്റി വയ്ക്കുകയും ചെയ്തിരിക്കുകയാണ്.


കൂറ്റനാട് പ്രവർത്തിക്കുന്ന 'സഹയാത്ര'യുടെ നേതൃനിരയിലും വാസുണ്ണിയുണ്ട്.

വാസുണ്ണി ഇപ്പോൾ ഉപയോഗിക്കുന്ന വാഹനത്തിന് പഴക്കമുണ്ട്. അതിൻ്റെ കണ്ടീഷൻ മോശമാണെന്ന് അവർക്കറിയാം. ആ വാഹനം ഓട്ടം നിർത്തിയാൽ വാസുണ്ണിയുടെ പ്രവർത്തനങ്ങളാകെ താളം തെറ്റും. അങ്ങനെ സംഭവിച്ചുകൂടാ എന്ന് കൂട്ടുകാർ തീരുമാനിച്ചു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. സുഹൃത്തുക്കൾ തങ്ങൾക്കാവുന്നതിലുമപ്പുറം സാമ്പത്തിക സഹായം നൽകി. ഒരു വാഹനം അവർ കണ്ടെത്തി, കൈവശപ്പെടുത്തി.

ഈ വിവരം വാസുണ്ണിയിൽ നിന്നും അവർ മറച്ചുവെച്ചു. ഈ തീരുമാനം വാസുണ്ണി പെട്ടെന്ന് അംഗീകരിക്കില്ല എന്നു സഹപാഠികൾക്കറിയാമായിരുന്നു. 

എങ്കിലും തങ്ങളുടെ സ്നേഹത്തിനു  

മുന്നിൽ വാസുണ്ണി വഴങ്ങും എന്ന ചിന്ത കൂട്ടുകാർക്കുണ്ടായിരുന്നു.


വാസുണ്ണിക്ക് ഒരു വാഹനം കൈമാറുമ്പോൾ അത് ലഭിക്കുന്നത് അവനു മാത്രമല്ല, ഒരു കൈത്താങ്ങ് ആവശ്യമുള്ള മുഴുവൻ മനുഷ്യർക്കുമാണ് എന്ന ബോധ്യമാണ് ഈ ശ്രമത്തിലേക്ക് അവരെ നയിച്ചത്.

37വർഷങ്ങൾക്ക് മുമ്പ് ബാംഗളൂരിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് വാസുണ്ണിയുടെ അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. തിരുവേഗപ്പുറ പട്ടാഴി കോമത്ത് വാസുദേവൻ എന്ന വാസുണ്ണിയുടെ ജീവിതം തന്നെ അതോടെ മാറിമറിഞ്ഞു. പട്ടാളത്തിൽ ചേരാനുളള മോഹവുമായാണ് വാസുണ്ണി ബാംഗ്ലൂരിലേക്ക് അന്ന് വണ്ടി കയറിയത്. വാസുണ്ണി സഞ്ചരിച്ചിരുന്ന സൈക്കിളിൽ ട്രക്ക് ഇടിച്ചായിരുന്നു അപകടം. നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് വർഷങ്ങളോളം ചികിത്സ നടന്നെങ്കിലും ഫലം കണ്ടില്ല. 

രണ്ട് പതിറ്റാണ്ടുകാലം വീട്ടിലെ മുറിയിൽ ജീവിതം തളച്ചിട്ടു. എന്നാൽ വിധിയെ പഴിചാരി  ജീവിതത്തെ തളച്ചിടാൻ വാസുണ്ണി തയ്യാറായില്ല. വർഷങ്ങൾക്ക് ശേഷം  പരസഹായമില്ലാതെ യാത്ര ചെയ്യാവുന്ന കാർ  സ്വന്തമാക്കി. 2003ൽ വാസ്സുണ്ണി പുറംലോകത്തേക്ക് കടന്ന് വന്നു.


2004ൽ തിരുവേഗപ്പുറ ചെക്ക് പോസ്റ്റിന് സമീപം സഹോദരൻ്റെ സഹായത്തോടെ സ്‌പെയർ പാർട്‌സ് കട സ്വന്തമായി ആരംഭിച്ചു. ശരീരത്തിന്റെ പരിമിതിയെ മറികടന്നപ്പോൾ, തന്നെ പോലെ സങ്കടപ്പെടുന്നവർക്ക് താങ്ങാവണമെന്ന് വാസുണ്ണിക്ക് തോന്നി. അവധി ദിവസങ്ങളിൽ സമാന ദുരിതമനുഭവിക്കുന്നവരെ നേരിൽ കാണാൻ സമയം കണ്ടെത്തി.

പിന്നീട് സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായി. കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൊറ്റിയിലും, ആൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റായും വാസുണ്ണി പ്രവർത്തിക്കുന്നുണ്ട്.


വാസുണ്ണിയുടെ ഇച്ഛാശക്തിയും മനോബലവും സഹപാഠികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

പരുതൂർ ഹൈസ്‌കൂളിലെ 1979ലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചുകാരനാണ് വാസുണ്ണി. 40 വർഷങ്ങൾക്ക് ശേഷം സഹപാഠികൾ ഒത്തുകൂടി. കഴിഞ്ഞ ഏപ്രിലിൽ വിപുലമായ പൂർവ്വവിദ്യാർഥി സംഗമം ലക്ഷ്യമിട്ടെങ്കിലും കോവിഡ് വില്ലനായി. എങ്കിലും എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനം നടത്താമെന്ന കൂട്ടായ്മയുടെ തിരുമാനത്തിന് തടസ്സമുണ്ടായില്ല. അങ്ങനെയാണ് സഹപാഠികൾ എല്ലാവരും ചേർന്ന് വാസുണ്ണിക്ക് സമ്മാനിക്കാൻ മാരുതി സെലേറിയോ കാർ വാങ്ങിയത്. 

കാറിൽ പ്രത്യേകം സജ്ജമാക്കിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് വാസുണ്ണി കാർ ഓടിക്കുന്നത്. 

സ്‌കൂളിലെ പൂർവ്വ അധ്യാപകനും ഗുരുനാഥനുമായ ചെമ്പ്രയിലെ വി.ആർ. അച്ച്യുതന്റെ വീട്ടിലാണ് വിജയദശമി ദിനത്തിൽ കൂട്ടുകാർ ഒത്തുകൂടിയത്. വാസുണ്ണിക്കൊപ്പം എല്ലാവരുമുണ്ടെന്നുള്ള ഓർമ്മപ്പെടുത്തലാണ് ഈ സമ്മാനം കൊണ്ട് ലക്ഷ്യമിടുന്നതെന്നും വാസുണ്ണിയുടെ ജീവിതത്തിന് ഇനി കൂടുതൽ കരുത്തും വേഗവും ലഭിക്കുമെന്നും താക്കോൽദാനം നിർവഹിച്ച അച്ച്യുതൻ മാഷ് പറഞ്ഞു.

ചെമ്പ്രയിൽ നടന്ന ചടങ്ങിൽ പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡന്റ് അബ്ദുൾ അസീസ്,  ഹരിദാസ്, പ്രകാശൻ, തങ്കമണി, ശരത് ചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. കൂട്ടുകാരുടെ സ്നോപഹാരത്തിന് വാസുണ്ണി നന്ദി പറഞ്ഞു.

Friday, 18 September 2020

ജീവിതപ്പാത

 ജീവിതപ്പാത 

~~~~~~~~~


അമ്മ തന്നത്

ആറ്റികുറുക്കിയ

ആട്ടിൻ പാൽ.


അച്ഛൻ തന്നത്

അളന്നു മുറിച്ച

സ്നേഹ പീലി.


പെങ്ങൾ തന്നത്

പൊങ്ങാത്ത നൂറു

പൊന്നിൻ കുടം.


കൂട്ടുകാർ തന്നത്

ആട്ടങ്ങ പോൽ

പൊട്ടുന്ന സൌഹൃദം.


മുതലാളി തന്നത്

മൂല്യം കുറഞ്ഞു

തേഞ്ഞ നാണയം.


കാമുകി തന്നത്

കരളിൽ പച്ച കുത്തിയ

ചുടു ചുംബനം.


ഭാര്യ തന്നത്

പെറ്റ വയറിന്റെ

ചുട്ട വേദന.


മക്കൾ തന്നത്

വഴിയമ്പലത്തിലേക്ക്

ഒരു ഊന്നു വടി.


നാട്ടുകാർ തന്നത്

വാടിയ പൂക്കൾ

കൊണ്ടൊരു റീത്ത്!

           ****


©  ടി.വി.എം.അലി ©

Monday, 17 August 2020

അലീമ

 /കഥ/


       *            അലീമ         *


~~~~~~  ടി.വി.എം.അലി ~~~~~


വാതിൽ തുറന്നപ്പോൾ മുന്നിൽ അലീമ നിൽക്കുന്നു.

അലീമ തന്നെയല്ലേ അവൾ ?

അതെ ! അലീമ തന്നെ ! അലീമ ബീവി.

കൊടുങ്കാറ്റിൽ ആടിയുലഞ്ഞ പനിനീർ 

പൂ പോലെ …

 - ങും… എന്തുപറ്റി നിനക്ക്? 

ഈ അസമയത്ത് എന്തിനു വന്നൂ?


അവൾ ഒന്നും പറയുന്നില്ല. 

അല്ലെങ്കിൽ പറയാനെന്തുണ്ട്? 

എല്ലാം അറിഞ്ഞിട്ടും ചോദിക്കുന്നു, 

എന്തു വേണമെന്ന് ? ദുഷ്ടൻ.

- വരൂ... കയറി ഇരിക്കൂ ബീവി.

മാനത്ത് മിന്നൽ പിണരുകൾ പുളയുന്നു.

എന്തൊരു ചൂട്? 

മഴ പെയ്തേക്കാം. 

മഴ പെയ്യുക തന്നെ ചെയ്യും.


അലീമ മുറ്റത്തു തന്നെ നിൽക്കുകയാണ്. 

അലീമയുടെ കണ്ണുകളിൽ മഴ പെയ്യുന്നു. 

ദൂരെ നിന്ന് കാറ്റിന്റെ ചൂളം വിളി.

അലീമ എന്തോ പറയാൻ തുടിക്കുന്നുണ്ട്. 

എന്നിട്ടും കറുത്ത ശില കണക്കെ അവൾ നിൽക്കുകയാണ്. 

ഇടക്കിടെ പുളയുന്ന മിന്നൽ പ്രകാശത്തിൽ ആ കറുത്ത ശില കത്തുന്നതു പോലെ…

- എന്റെ കൂടെ ഒന്ന് വരണം.

എന്റെ ഹൃദയത്തിൽ ഇടിയും മിന്നലും.

അലീമയുടെ കൂടെ ഞാൻ ചെല്ലണമെന്ന്!


എങ്ങോട്ട്?

ഞാനെന്തിന് ചെല്ലണം?

അലീമ എനിയ്ക്കാരാണ് ?

ഞാൻ പൂർണ്ണ നിസംഗതയിൽ നിന്നു. 

എന്റെ മൗനത്തിന്റെ ഭീകരമായ മുഴക്കം കേട്ടിട്ടാവാം അലീമ വിതുമ്പി കരയാൻ തുടങ്ങി.

ഞാൻ അസ്വസ്ഥനായി.

- കരയേണ്ട... ഞാൻ വരാം. 

എങ്ങോട്ടു വേണമെങ്കിലും വരാം എന്ന് പറയണമെന്ന് തോന്നി. 

പക്ഷേ പറഞ്ഞില്ല.

ഇത് പറയാൻ ഞാനാര്?


ബീവി ഒന്നും വിചാരിക്കരുത്. 

മക്കന കൊണ്ട് മുഖം മറച്ച് വന്ന വഴി പൊയ്ക്കോളൂ... അതല്ലേ നല്ലത്?

അയ്യോ…കഷ്ടം! വീണ്ടും എന്നിലെ നീചൻ ഉണരുന്നത് കണ്ടില്ലേ?

ഈ പട്ടണത്തിൽ എത്രയോ ആളുകൾ താമസിക്കുന്നു. എന്നിട്ടും അലീമ ഓടിവന്നത് എന്റെ അടുത്തേയ്ക്കല്ലെ ? 

അപ്പോൾ ഞാൻ…

- നടക്കൂ... ബീവി … ഇതാ ഈ കുട ചൂടിക്കോളൂ…

- ഹാവൂ.. അലീമ നെടുവീർപ്പിട്ടു. 

അവളുടെ കണ്ണിൽ ആശ്വാസത്തിന്റെ വെളിച്ചം കണ്ടു.


അലീമയും ഞാനും നടക്കുകയാണ്. 

നേരിയ ചാറ്റൽ മഴ വീഴുന്നുണ്ട്. 

റോഡിൽ നിന്ന് ആവി പൊങ്ങുന്നത് കാണാം. നിരത്തിൽ വലിയ ബഹളമില്ല.

നിനച്ചിരിക്കാതെയാണല്ലൊ മഴ പെയ്തത്. 

കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും കനകം വിളയുമത്രെ! 

ചൂട് കൂടുകയേയുള്ളു. 

ഇപ്പോൾ തന്നെ എന്തൊരു ചൂടാണ്.

പർദ്ദയണിഞ്ഞ സ്ത്രീകളെപ്പോലെ ഓട്ടോറിക്ഷകൾ ഓടുന്നു. 

കൈകൊട്ടി നോക്കി. ആരും ശ്രദ്ധിച്ചില്ല.

- നമുക്ക് ഇത്തിരി ദൂരം നടക്കാം… 

അലീമയ്ക്കും അതാണിഷ്ടം. എനിക്കറിയാം!


അലീമ എന്നോടൊപ്പമോ അതോ ഞാൻ അലീമയോടൊപ്പമോ എന്നറിയില്ല, ഞങ്ങൾ ഫുട്പാത്തിലൂടെ നടക്കുകയാണ്. 

വാഹനങ്ങൾ ചളി തെറിപ്പിച്ചുകൊണ്ട് പാഞ്ഞു പോവുന്നു. 

- മേലൊക്കെ ചളിയായി…

അലീമ എന്റെ വസ്ത്രങ്ങളിലേക്ക് വിരൽ ചൂണ്ടി.

- ഓ… ഇത് കഴുകിയാൽ പോവും. 

നമ്മുടെ മനസിലേക്ക് ആരും ചളി എറിയാതിരുന്നാൽ മതി.

- എനിയ്ക്കൊരു തെറ്റുപറ്റി. 

ഞാൻ അങ്ങോട്ടു വരേണ്ടിയിരുന്നില്ല. 

അലീമ സ്വയം കുറ്റപ്പെടുത്തുകയാണ്.

- ബീവി ഒരു തെറ്റും ചെയ്തിട്ടില്ല. സമാധാനപ്പെട്…

- ആരെങ്കിലും കണ്ടാൽ …?

- എന്തെങ്കിലും വിചാരിച്ചോട്ടെ…

ആൾക്കാരുടെ വിചാരങ്ങളെ മാറ്റാൻ നമുക്കാവുമോ? ഇല്ലല്ലൊ….

- അപ്പൊ വിചാരിച്ചോട്ടെ അല്ലേ ?

ഞാൻ എന്താണ് പറയുന്നത് എന്ന് എനിക്കു തന്നെ നല്ല തിട്ടമുണ്ടായിരുന്നില്ല. 

പനി പിടിച്ചവൻ പിച്ചും പേയും പറയുന്നതു പോലെ എന്തൊക്കെയോ പറയുന്നു.

- എന്തെങ്കിലും പറയൂ…

- എന്തു പറയാൻ? എല്ലാം എന്റെ വിധി…


എല്ലാം വിധിയാണ് പോലും. 

നോക്കണേ, ഈ പെണ്ണുങ്ങളുടെ ഒരു വിചാരം!

 - ഇത് ചതിയാണ്. ഭയങ്കര ചതി. 

ഞാൻ അന്നേ പറഞ്ഞതാണ്. ആരും കേട്ടില്ല. വേണ്ടാ കേൾക്കണ്ടാ …അനുഭവിച്ചോ …


അല്ലിങ്ങൽ പൂക്കുഞ്ഞിക്കോയ തങ്ങൾ പ്രഗത്ഭനും പ്രശസ്ഥനുമാണ്. ഇത്തിരി മന്ത്രവാദവും സമുദായ പ്രവർത്തനവും ഉള്ളതു കൊണ്ട് എല്ലാവരും അറിയും

അദ്ദേഹത്തിന്റെ മകൻ അൻവർ സിദ്ധീഖ് ഗൾഫിൽ ബിസിനസുകാരനാണ്. 

എല്ലാം എനിക്കറിയാം.

നിന്നെ കെട്ടുന്നതിനു മുമ്പ് അൻവറിന് നിരവധി വെപ്പാട്ടികളുണ്ടായിരുന്നു. 

കൂടാതെ ഒന്നോ രണ്ടോ കെട്ടി തീർത്തിട്ടുമുണ്ട്. അവർക്ക് യത്തീമായ സന്താനങ്ങളുണ്ട്. 

എന്നിട്ടും നിന്റെ ബാപ്പ പറഞ്ഞു: ആണുങ്ങളായാൽ അതൊക്കെ കാണുമെന്ന്!

കണ്ടോ… നല്ലോണം കണ്ടോ …

അയാൾ ഇനിയും കെട്ടും!

നിന്നെ ആര് കെട്ടും?

- എന്താ മിണ്ടാത്തത്?

- ഒന്നും പറയാനില്ല… 

എല്ലാം വിധി!


മഴ തോർന്നിട്ടില്ല.

അലീമ ഓർക്കുകയാണ്. 

അവളുടെ ഓർമകൾ തീമഴയാണ്.

റമദാൻ മാസത്തിനു മുമ്പാണ് അൻവർ അലീമയെ നിക്കാഹ് ചെയ്തത്.

അൻവറിന് ജീവിതമെന്നാൽ മധുചഷകമാണ്.

അവൻ വണ്ടാണ് പോലും! കരിവണ്ട്!

ആ തെമ്മാടി എന്നോട് പറഞ്ഞിട്ടുള്ളതാണ്.


- അലീമ അതാ ബസ് …

ഹാവൂ… തിരക്കില്ല.

ഞങ്ങൾ ഒരു സീറ്റ് പങ്കിട്ടു. 

എന്റെ ചങ്കിടിപ്പ് കൂടി.

തൊലി പൊള്ളുന്നു.

പക്ഷേ അലീമ ആഹ്ലാദിച്ചു. 


അൻവർ സിദ്ധീഖിന്റെ മണവാട്ടിയായി അലീമ പടി ഇറങ്ങുമ്പോൾ ദൂരെ നിന്ന് എന്റെ മനസ് കരയുകയായിരുന്നു.

അമ്പതു പവന്റെ പൊന്നും അത്ര തന്നെ പണവും മറ്റു സ്ഥാവര ജംഗമ വസ്തുക്കളും നൽകിയിട്ടാണ് അലീമ അൻവറിന്റെ ബീവിയായത്.

കേമം! കെങ്കേമം!


നോമ്പ് തീർന്നാൽ അൻവർ പറന്നു പോവും.

മധുവിധു നാളുകൾ വ്രതമാസത്തിലാണ്. 

അലീമ ശങ്കിച്ചു: എന്തു ചെയ്യും? 

നോൽമ്പ് നിർബന്ധമാണ്. പുണ്യ മാസത്തിൽ മധുവിധു മാറ്റി വെക്കാം. 

രണ്ടും കൂടി കൂട്ടി കുഴക്കാനാവില്ല.

- മണവാട്ടി പെണ്ണ് നോമ്പെടുത്താൽ നൂറിരട്ടി പുണ്യം കിട്ടും. നോമ്പെടുക്കാതെ മദിച്ചു നടന്നാൽ നരകത്തിലെ തീക്കുണ്ഡത്തില് വീഴും. അമ്മായിഅമ്മ നിലപാട് വ്യക്തമാക്കി.


അലീമ തളർന്നു. മോഹങ്ങളും സ്വപ്നങ്ങളും വേഴാമ്പലായി.

- അൻവർ സിദ്ധീഖോരെ, എന്താദ് കഥ? 

രണ്ടും കൂടി വയ്യ! 

മണിയറയിൽ അലീമ നിലപാട് തുറന്നു പറഞ്ഞു. 

- ഇവിടത്തെ പെണ്ണുങ്ങൾക്ക് ഇതൊക്കെ നിർബന്ധമാണ്.

അൻവറിലെ പൗരുഷം ഉണർന്നു. 

- അപ്പൊ ആണുങ്ങൾക്ക് ഇതൊന്നും ബാധകമല്ലേ? അവൾ ചോദിച്ചു.


- മോളെ അലീമാബി… ഒന്നിനു വേണ്ടി മറ്റൊന്ന് ബലി കഴിക്കേണ്ടതില്ല. എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ് … 

പരിശുദ്ധ മാസം. അന്നപാനീയങ്ങൾ വെടിഞ്ഞ് പരിശുദ്ധമായ ശരീരം. അംഗശുദ്ധിയും അനുഷ്ഠാനവുമായി നമ്മളങ്ങനെ…

കഷ്ടം! എന്തു പറയാൻ?

അലീമ അൻവറിന്റെ ഭാര്യയാണ്.

സഹനത്തിന്റെ സഹ്യനെ ചുമക്കേണ്ടവളാണ്.


അലീമ, ഒന്നും ഓർക്കരുത്. 

രണ്ട് മിസ്ക്കാൽ മഹറിനു പകരമായി നിന്നെയും നിന്റെ യൗവ്വനത്തേയും നിന്റെ സൗന്ദര്യത്തേയും മറ്റു സ്ഥാവര ജംഗമ വസ്തുക്കളേയും അൻവർ സിദ്ധീഖ് പൊരുത്തപ്പെട്ട് സ്വീകരിച്ചിരിക്കുന്നു.

ഇനി മിണ്ടരുത്.

ക്രൂരമായ ഒരു ഓർമ്മ കുറിപ്പായി, വ്രണിത ഹൃദയവുമായി, ചടച്ച ഉടലുമായി നീ അവശേഷിക്കുന്നു.


ഭാഗ്യം! 

നിനക്ക് ജീവനുണ്ട്. 

നരച്ച ഏകാന്തതയിൽ ശിഷ്ടകാലം കഴിഞ്ഞുകൂടാം.

നിരത്തോരത്ത് നിന്റെ പർദ്ദ കൊത്തിവലിക്കാൻ കഴുകൻ കണ്ണുകളുണ്ടാവും.

കോടതി മുറിയിൽ നിന്നെ പിച്ചിചീന്താൻ നിയമ സംഹിതകളുടെ കറുത്ത കൈകളുണ്ടാവും.

എല്ലാം നിന്റെ ശാന്തത തകർക്കും. 

അപ്പോൾ നീ അലകടലാവും.


ഓ! അലീമാ... നീ ഇപ്പോൾ തന്നെ അലകടലാണല്ലൊ.

നീ എന്തിനാണ് കിതയ്ക്കുന്നത്?

- ഇറങ്ങൂ… വീടെത്തി…

അലീമ വിയർക്കുകയാണ്. 

അവൾ ദൂരേയ്ക്ക് മിഴി നട്ട് അമർന്നിരിക്കുകയാണ്.

അലീമയെ ബസ്സിൽ നിന്ന് താഴെ ഇറക്കാൻ ബലം പ്രയോഗിക്കേണ്ടി വന്നു. 

- അലീമ… ഇങ്ങോട്ട് നോക്കൂ... നിനക്കെന്തുപറ്റി?

അവൾ ക്ഷോഭത്തോടെ എന്നെ തുറിച്ചു നോക്കി.

- നിങ്ങൾ … നിങ്ങൾ അൻവറാണ്… 

നിങ്ങളെ ഞാൻ കൊല്ലും…


ഒരു ഭ്രാന്തിയെപ്പോലെ അവൾ എന്നെ കടന്നു പിടിച്ചു. ഭാഗ്യം!

നിരത്തിൽ ആരും ഉണ്ടായിരുന്നില്ല. 

ചുറ്റും ഇരുട്ടായിരുന്നു. 

- എന്താണിത് അലീമാ … ഞാൻ അൻവറല്ലാ... എന്നെ മനസിലായില്ലേ ? 

എന്റെ കഴുത്ത് തിരിച്ചെടുക്കാൻ ഞാൻ വളരെ പണിപ്പെട്ടു. 

പക്ഷേ നൊടിയിടയിൽ അലീമ എന്നെ തനിയെ വിട്ടു കൊണ്ട് … 

- അലീമാ… അലീമാ… നിൽക്കൂ…

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് അലീമ ഓടുകയാണ്.

~~~~~~~~~~~~~~~~~~~

(ചിരി മറന്ന കോമാളി എന്ന കഥാസമാഹാരത്തിൽ നിന്ന്)

Thursday, 16 July 2020

കവാടം അടയുന്നു.

റെയിൽവേയുടെ പക പോക്കൽ വീണ്ടും.

പട്ടാമ്പി ബസ്റ്റാൻ്റിനു സമീപം പടിഞ്ഞാറെ കമാനത്തിൽ നടന്നു കൊണ്ടിരുന്ന കോൺക്രീറ്റ് റോഡ് നിർമ്മാണം റെയിൽവേ അധികൃതർ പൊളിച്ചു നീക്കി. ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിലാണ് വാർപ്പ് പൊളിക്കൽ നടക്കുന്നത്. റെയിൽവേയുടെ സ്ഥലത്ത്  അനധികൃത നിർമ്മാണം നടത്തുകയാണെന്ന് കാണിച്ച് ആർ.പി.എഫ് കേസെടുത്തതിനു പിറകെയാണ് പൊളിച്ചുനീക്കൽ.

നിലവിൽ ഓവുചാലായി കിടക്കുന്ന കമാന വഴി സഞ്ചാരയോഗ്യമാക്കാൻ നിരവധി തവണ നിവേദനം നൽകിയിട്ടും റെയിൽവേ അവഗണിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി നാട്ടുകാർ കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലുമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. പട്ടാമ്പി -ഗുരുവായൂർ റോഡ് ജങ്ഷണിലും പാലക്കാട് റോഡിലും ഗതാഗത കുരുക്ക് മുറുകുമ്പോൾ ഇരുചക്രവാഹനങ്ങളും, ഓട്ടോറിക്ഷകളും ഈ വഴിയാണ് മേലെ പട്ടാമ്പി ഭാഗത്തേക്ക് എത്തിപ്പെടുന്നത്. വർഷങ്ങൾക്ക് മുൻപ് പാലക്കാട് റോഡിലെ റെയിൽവെ കമാനം പൊളിച്ചുപണിയുമ്പോൾ പടിഞ്ഞാറെ കമാനം വഴി ചെറുവാഹനങ്ങൾക്ക് റെയിൽവെ യാത്രാ സൗകര്യം ഒരുക്കിയിരുന്നു. രണ്ടര മീറ്റർ വീതിയിൽ മുപ്പത് മീറ്റർ നീളത്തിലുള്ള പാതയിൽ 20 മീറ്റർ കോൺക്രീറ്റ് പണി ഇതിനകം നാട്ടുകാരുടെ ശ്രമദാനത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കി ഭാഗത്ത് ഗ്രിൽ വർക്കും കഴിഞ്ഞതാണ്. പണി നടക്കുന്ന വേളയിൽ തന്നെ പണി നിർത്തിവെക്കാനും കോൺക്രീറ്റ് ചെയ്തത് പൊളിച്ചുനീക്കാനും റെയിൽവെ നിർദ്ദേശം നൽകിയിരുന്നുവെങ്കിലും അത് അനുസരിക്കാതിരുന്നതിനാലാണ്  റെയിൽവേയുടെ നടപടി. നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ ക്രമസമാധാന പാലനത്തിന് പട്ടാമ്പി പോലീസും സ്ഥലത്തുണ്ടായിരുന്നു.

ഷൊർണൂർ - മംഗലാപുരം റെയിൽപ്പാത പട്ടാമ്പി ടൗണിനെ രണ്ടാക്കി മുറിച്ചു കൊണ്ട്  കടന്നു പോകുന്നതിനാൽ റെയിൽപ്പാതയുടേയും ഭാരതപ്പുഴയുടേയും ഇടയിൽപ്പെട്ട ടൗണിൻ്റെ പാതിയെ കൂട്ടി ചേർത്തു നിർത്തിയിരുന്ന ചെറുകവാടമാണ് പടിഞ്ഞാറെ കമാനം. പട്ടാമ്പിയിൽ അണ്ടർ ബ്രിഡ്ജ് പണിയുമ്പോൾ പ്രഥമ പരിഗണന നൽകാവുന്ന വഴിയാണിത്. ഇടുങ്ങിയ കമാന പാത വികസിപ്പിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബസ് സ്റ്റാന്റിന് പടിഞ്ഞാറ് ഭാഗത്ത് റെയിൽവേ ലൈനിന് അടിയിലൂടെ അടിപാത നിർമിക്കാനുള്ള പദ്ധതികൾ ആലോചിച്ചത്‌. മുൻകാലങ്ങളിലെ എം.എൽ.എമാരും, എം.പി മാരും, തദ്ദേശഭരണസാരഥികളും  അടിപാത നിർമ്മാണമെന്ന ആവശ്യവുമായി റെയിൽവേയെ പലതവണ സമീപിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു വർഷം മുമ്പ് അണ്ടർ ബ്രിഡ്ജ് നിർമിക്കാൻ റെയിൽവേ തീരുമാനിച്ചതായിരുന്നു. ഉന്നത റെയിൽവേ അധികാരികൾ സ്ഥലപരിശോധന നടത്തുകയും മൂന്നര കോടി രൂപ കെട്ടിവെക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അതിനു മുമ്പ് ബസ്റ്റാൻ്റിനേയും താലൂക്ക് ആശുപത്രിയേയും ബന്ധിപ്പിക്കാൻ കാൽനട മേൽപ്പാലം പണിയാനുള്ള നിർദ്ദേശവും നാട്ടുകാർ ഉന്നയിച്ചിരുന്നു. അതിന് തുക നൽകാൻ നഗരസഭയും എം.പി, എം.എൽ.എമാരും തയ്യാറായിരുന്നു. എന്നാൽ ഇത്തരം വികസന കാര്യങ്ങളിൽ റയിൽവേയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടാവത്തിനാൽ അടിപാതയെന്ന സ്വപ്നം നീണ്ടുപോകുകയാണ്. പല തവണ ജനപ്രതിനിധികളും റെയിൽവേ ഉന്നത ഉദ്ദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. ജനങ്ങൾക്കു വേണ്ടിയാണ് റെയിൽവേ നിലകൊള്ളുന്നത് എന്ന വിശ്വാസം കളഞ്ഞു കുളിക്കുകയാണ് അധികൃതർ ചെയ്തത്. പഴയ ബസ്റ്റാൻ്റിൽ പുതിയ വ്യാപാര സമുച്ചയം പണിയാൻ നഗരസഭക്ക് കഴിയാത്തത് റെയിൽവേയുടെ മർക്കടമുഷ്ടി മൂലമാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. താലൂക്ക് ആസ്ഥാനമായ മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്ന സമയത്തും റെയിൽവേയുടെ അനുമതി നീണ്ടുപോയിരുന്നു. കോവിഡിൻ്റെ പേരിൽ പ്ലാറ്റ്ഫോമിലെ വഴി അടച്ചു കെട്ടിയതിനു പിറകെയാണ് ഇപ്പോൾ പടിഞ്ഞാറെ കമാനത്തിൽ നാട്ടുകാർ നടത്തിയ നവീകരണം പോലും നശിപ്പിച്ചത്.

പട്ടാമ്പി - പാലക്കാട് റോഡിനുമീതെ പുനർനിർമാണം നടത്തിയ പ്രധാന ഓവർ ബ്രിഡ്ജ് രണ്ടായി പകുത്ത് നിർമിച്ചതും റെയിൽപ്പാളത്തിലെ മാലിന്യമെല്ലാം യാത്രക്കാരുടെ ശിരസിൽ തള്ളാനിടയാക്കിയതും പട്ടാമ്പിയോടുള്ള റെയിൽ അധികൃതരുടെ പക പോക്കലാണെന്ന് നാട്ടുകാർ കരുതുന്നുണ്ട്.  ഒരു വ്യക്തിയുടെ പരാതിയുടെ പേരിലാണ് പടിഞ്ഞാറെ കമാന പാത പൊളിക്കുന്ന റെയിൽവേയുടെ നടപടിയെന്നാണ് അറിയുന്നതെന്നും ഇതിനെതിരെ നഗരസഭ കോടതിയെ സമീപിക്കുമെന്നും  ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ അറിയിച്ചു.

Tuesday, 7 July 2020

മാന്നനൂരിലെ ഉരുക്ക് തടയണ:



പുഴ വഴി മാറി ഒഴുകുന്നു.

പാലക്കാട് ജില്ലയിലെ മാന്നനൂരിനേയും തൃശൂർ ജില്ലയിലെ പൈങ്കുളത്തേയും ബന്ധിപ്പിച്ചു കൊണ്ട് ഭാരതപ്പുഴയിൽ അഞ്ച് വർഷം മുമ്പ് നിർമിച്ച ഉരുക്ക് തടയണക്ക് ഇനിയും അരിക് ഭിത്തിയായില്ല.

2018ലെ ആദ്യ പ്രളയത്തിൽ തകർന്ന ഉരുക്കുതടയണയുടെ സംരക്ഷണ ഭിത്തിനിർമാണം ഇതുവരെ തുടങ്ങുകപോലും ചെയ്തിട്ടില്ല.
മഴ കനത്തതോടെ തകർന്ന സംരക്ഷണ ഭിത്തിയുടെ വശത്തുകൂടിയാണ് പുഴ വഴി മാറി ഒഴുകുന്നത്.
തീവ്രമഴ പെയ്താൽ ഈ പ്രദേശം വീണ്ടും വെള്ളത്തിലാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.

ജലവിഭവ വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് ഉരുക്കു തടയണ കെട്ടിയത്. ഭാരതപ്പുഴയിൽ നിർമിച്ച കേരളത്തിലെ ആദ്യ ഉരുക്കുതടയണയാണിത്. കുടിവെള്ള ലഭ്യതക്കും കാർഷിക ജലസേചനത്തിനും ഏറെ സഹായകരമായ പദ്ധതി എന്ന നിലയിൽ ജനമനസ്സിൽ ഇടം പിടിച്ച തടയണ ഇപ്പോൾ നാടിൻ്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്. പുഴയോരത്തെ നെൽപാടം മുഴുവൻ പ്രളയം കവർന്നെടുത്തതിനു പുറമെ റെയിൽ പാതയ്ക്കും മാന്നനൂർ റെയിൽവേ സ്റ്റേഷനും തടയണ ഭീഷണിയാവുകയാണ്. ഇനിയൊരു പ്രളയ പ്രവാഹമുണ്ടായാൽ പുഴ പൂർണ്ണമായും ഗതി മാറി ഒഴുകുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്.

രണ്ടു വർഷം മുമ്പ് പ്രളയത്തിൽ 200 മീറ്റർ നീളത്തിലും 500 മീറ്ററോളം വീതിയിലും തടയണയുടെ വലതുഭാഗത്ത് ഭിത്തി ഇടിഞ്ഞുപോയിരുന്നു. 2019ലും വെള്ളപ്പൊക്കമുണ്ടായി ഭാരതപ്പുഴ മാന്നന്നൂർ റെയിൽവേ സ്റ്റേഷൻ വരെയെത്തിയിരുന്നു.
റെയിൽവേ പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം ഇടിയുന്ന സ്ഥിതിയുമുണ്ടായി. തുടർന്ന് ജലസേചനവകുപ്പിന്റെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സംരക്ഷണഭിത്തി നിർമാണത്തിനായി പദ്ധതിരേഖയും സമർപ്പിച്ചു. രണ്ടരക്കോടി രൂപയുടെ പദ്ധതിരേഖയാണ് സമർപ്പിച്ചത്.

എന്നാൽ, പിന്നീട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കാതാവുകയായിരുന്നു. തടയണയുടെ പുനർനിർമാണത്തിന്റെ സാങ്കേതിക നടപടികളുടെ ചുമതല ജലസേചനവകുപ്പിലെ ഡിസൈൻ റിസർച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം (ഐ.ഡി.ആർ.ബി) ചീഫ് എൻജിനീയർക്ക്‌ നൽകിയിരുന്നു. ദുരന്തനിവാരണത്തിൻ്റെ പേരിൽ ഭാരതപ്പുഴയുടെ മണൽ കോരി വിൽക്കാൻ കാണിക്കുന്ന തിടുക്കം പുഴയുടെ നിലനിൽപ്പിന് പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

കേരള ഇറിഗേഷൻ ആൻ്റ്  ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡ് കോർപ്പറേഷൻ മുഖേന നിർമാണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇനിയും വെള്ളപ്പൊക്കമുണ്ടായാൽ റെയിൽ ഗതാഗതത്തിനും ഏക്കറുകണക്കിന്‌ നെൽക്കൃഷിക്കും ഭീഷണിയാവും എന്ന ആശങ്കയിലാണ് കർഷക സമൂഹവും നാട്ടുകാരും.
                       

ആധുനിക ഗുരുക്കന്മാരും കോവിഡ് കാലവും




കോവിഡ് വ്യാപന കാലത്ത് രണ്ടു തവണകളായി നടത്തിയ എസ്.എസ്.എൽ.സി.പരീക്ഷയുടെ റിസൽറ്റ് പുറത്തു വന്നപ്പോൾ വിജയശതമാനത്തിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.
4,22,902 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ
4,17,101 കുട്ടികൾ തുടർ പഠനയോഗ്യത നേടി. വിജയം 98.82 ശതമാനം.
അടുത്ത വർഷം ഇത് നൂറിൽ എത്തിയേക്കാം.

കോവിഡ് കാലത്തുണ്ടായ ഉയർന്ന വിജയശതമാനവും, എ.പ്ലസിലുണ്ടായ കുതിച്ചു ചാട്ടവും പരിഗണിക്കുമ്പോൾ തുടർപഠനമെന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്ന് രക്ഷിതാക്കളും കുട്ടികളും ഉറക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്നത് ഏതൊരു രക്ഷിതാവിന്റെയും സ്വപ്‌നമാണല്ലൊ.
അതിനിടയിലാണ് സംസ്ഥാനത്തെ കോളേജുകളിൽ നാല് വർഷ ഓണേഴ്സ് ബിരുദ കോഴ്സുകൾ ആരംഭിക്കാൻ വിദഗ്ദ സമിതി സർക്കാരിന് റിപ്പോർട് നൽകിയത്. മൂന്ന് വിഷയങ്ങൾക്ക് തുല്യപരിഗണനയുള്ള ട്രിപ്ൾ മെയിൻ ബിരുദ കോഴ്സുകൾ തുടങ്ങണമെന്നും റിപ്പോർടിലുണ്ട്. പ്രധാന വിഷയത്തിൽ മേജർ ഡിഗ്രിക്ക് പുറമെ വിദ്യാർത്ഥിക്ക് താൽപര്യമുള്ള വിഷയത്തിൽ മൈനർ ഡിഗ്രി കൂടി സമ്പാദിക്കുന്ന രീതി നടപ്പാക്കണമെന്നും എം.ജി.സർവകലാശാല വൈസ് ചാൻസലർ ഡോ.സാബു തോമസ് അധ്യക്ഷനായ വിദഗ്ദ സമിതി നിർദ്ദേശിക്കുന്നു. ഏതായാലും സർക്കാർ റിപ്പോർട് പഠിക്കട്ടെ.

പഠിക്കുന്നത് വിജ്ഞാനമുണ്ടാക്കാനാണ്. അതോടൊപ്പം സമൂഹത്തിൻ്റെ അംഗീകാരവും, മികച്ച ജോലിയും ധന സമ്പാദനവും നേടുകയും വേണം.
ഇവയെല്ലാം നേടിയെടുത്തവരിലും തികഞ്ഞ അരക്ഷിതാവസ്ഥയും,
അശാന്തിയും, സുരക്ഷിത ബോധമില്ലായ്‌മയും തെളിഞ്ഞു കാണുമ്പോൾ ഈ നേട്ടം കൊണ്ട് എന്തു കാര്യം എന്ന് ചോദിക്കേണ്ടി വരും.

പ്രൈമറി വിദ്യാർത്ഥികൾ മുതൽ പലരും ലഹരിയുടെ മായിക വലയത്തിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട് എന്നത് വലിയൊരു ദുരന്ത ചിത്രമാണ്.  ചതിക്കുഴികളിൽ വീഴ്ത്താൻ ചുറ്റിലും നിഗൂഢസംഘങ്ങളും പ്രവർത്തിക്കുന്നുമുണ്ട്. ഒരു തലമുറ തകർന്നു തരിപ്പണമാവുന്നത് കാണാൻ ആരെല്ലാമോ ആഗ്രഹിക്കുന്നുവെന്ന് സാരം.
കെട്ട കൂട്ടുകെട്ടിൽ അകപ്പെട്ടു പോയവർ ഒറ്റപ്പെട്ട നിലയിൽ പൊതു സമൂഹത്തിൽ ബഹിഷ്കൃതരായി മാറുകയാണ് പതിവ്.

കേരളത്തിൽ സ്റ്റേറ്റു സിലബസ്സു പ്രകാരം പത്താം തരം വരെ എല്ലാവരേയും ജയിപ്പിക്കുന്ന ഏർപ്പാട് കാലങ്ങളായി നടന്നു വരുന്നു. ഇപ്പോൾ പത്തിലും പൊത്തോന്ന് വീഴുന്നവരുടെ എണ്ണം തുലോം കുറഞ്ഞിരിക്കുന്നുവെന്ന് സാരം. 
ഇങ്ങനെ എല്ലാവരും ജയിക്കുന്ന തരത്തിൽ പരീക്ഷ നടത്തുന്നതെന്തിനാണ് എന്ന ചോദ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്നുണ്ട്. കോവിഡ് വ്യാപന കാലത്ത് പരീക്ഷ തന്നെ വേണ്ടന്ന് വെക്കേണ്ടി വരുന്ന സ്ഥിതിയും സംജാതമായിരുന്നുവല്ലൊ.

പത്താം തരത്തില്‍ തോറ്റതിൻ്റെ പേരിൽ നടക്കുന്ന ആത്മഹത്യ കുറഞ്ഞിട്ടുണ്ടെന്നത് നേരാണ്. വേണമെങ്കിൽ അതൊരു നേട്ടമായി കരുതാമെന്ന് മാത്രം. പക്ഷേ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്തതിൻ്റെ പേരിലാണല്ലൊ ഈയിടെ ആത്മഹത്യ നടന്നത്. ഇനി ടിക് ടോക് നിരോധനത്തിൻ്റെ പേരിലും ആത്മഹത്യ നടക്കില്ലെന്നാര് കണ്ടു?

എഴുത്തും വായനയും കണക്കും അറിയാത്തവരും ഇന്നും സുഖ സൗഭാഗ്യങ്ങളോടെ ജീവിക്കുന്നുണ്ട്.
നമ്മുടെ പൂര്‍വ്വീകരിൽ മിക്കവർക്കും പ്രാഥമിക വിദ്യാഭ്യാസമൊന്നും ഇല്ലായിരുന്നുവെങ്കിലും പല കാര്യങ്ങളിലും അവർ നമ്മേക്കാൾ അഗ്രഗണ്യന്മാരും, അതി ബുദ്ധിമാന്മാരും ആയിരുന്നുവല്ലൊ! 
അതേ സമയം ആംഗലേയ മീഡിയത്തില്‍ പഠിച്ച ഇന്നത്തെ പല കുട്ടികള്‍ക്കും കാര്യ പ്രാപ്‌തിയും തന്റേടവും കുറവായി കാണുന്നുണ്ടെന്ന് പല രക്ഷിതാക്കളും സ്വന്തം ബോധ്യത്തിൽ നിന്ന് സമ്മതിക്കാറുണ്ട്.
ചില വിഷയങ്ങളില്‍ ചിലർക്ക് അറിവുണ്ടാകുമെങ്കിലും പല ഇന്റര്‍വ്യുകളിലും, ജീവിതത്തില്‍ അഭിമുഖികരിക്കേണ്ട പല പ്രധാന പ്രശ്നങ്ങളിലും അവർ പരാജയപ്പെടുന്നുണ്ടെന്നാണ് രക്ഷിതാക്കൾ തിരിച്ചറിയുന്നത്. 

കുട്ടികള്‍ക്ക്‌ പരാജയ ബോധം സൃഷ്ടിക്കാതെ വിജയം കാഴ്‌ച വെയ്‌ക്കുന്ന പാഠ്യപദ്ധതി നല്ലതാണ്‌. എന്നാല്‍ പത്താം തരം വരെ എത്തിക്കാതെ അതിനു മുമ്പു തന്നെ ചിലരെ അഭിരുചിക്കനുസരിച്ച് വഴിതിരിച്ചു വിടാവുന്നതാണ്‌ എന്ന് വിദഗ്ദർ നിർദ്ദേശിക്കുന്നുണ്ട്. ടെക്ക്‌നിക്കലായി അഭിരുചിയുള്ളവരെ നേരത്തെ തന്നെ കണ്ടു പിടിച്ച്‌ ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളിലേക്കോ, ചിത്രരചനയില്‍ വാസനയുള്ളവരെ ചിത്ര രചന പാഠശാലയിലേക്കോ വിടാമെന്നർത്ഥം.
ജ്ഞാനം, നന്മ, ക്ഷമ, പക്വത, വ്യക്തിത്വ വികസനം, പരസ്‌പര ധാരണ, പരോപകാര ശീലം, മുതിര്‍ന്നവരെയും സഹജീവികളേയും മറ്റും സ്‌നേഹിക്കുക, ബഹുമാനിക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിദ്യാഭ്യാസം കൊണ്ട് നേടേണ്ടവയുണ്ട്. 
അവ ഒന്നും തന്നെ മിക്കവരും നേടിയിട്ടില്ല.

പണ്ടത്തെ ഗുരുകുല സമ്പ്രദായത്തില്‍ കൊച്ചു കൊച്ചു കഥകളിലൂടെയായിരുന്നു കുട്ടികള്‍ക്ക്‌ വിദ്യ പകര്‍ന്നു കൊടുത്തിരുന്നത്‌. അതാതു കാലങ്ങളില്‍ അതാതു വിദ്യാര്‍ത്ഥികള്‍ക്ക്‌ അവര്‍ക്ക്‌ ആവശ്യമുള്ള വിദ്യകള്‍ ഗുരുക്കന്മാര്‍ പകര്‍ന്നു നല്‍കുകയായിരുന്നു. അന്നത്തെ ഗുരുക്കന്മാര്‍ക്ക്‌ അനുഭവ സമ്പത്ത്‌ ധാരാളം ഉണ്ടായിരുന്നു. അന്ധകാരം അകറ്റുന്നവനായിരുന്നു ഗുരു. പണ്ടത്തെ ഗുരുക്കന്മാര്‍ അവരവരുടെ പക്കലുള്ള അറിവ്‌ പകര്‍ന്നു കഴിഞ്ഞാല്‍ യോഗ്യതയുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ന്ന പഠനത്തിനായി മറ്റു ഗുരുക്കന്മാരുടെ അടുക്കലേക്ക്‌ പറഞ്ഞയക്കും. ആയോധന കലകളടക്കം, വൈദ്യശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, ജ്യോതി- ജോതിഷ ശാസ്‌ത്രം തുടങ്ങീ എല്ലാം തന്നെ അങ്ങിനെയായിരുന്നു അഭ്യസിച്ചിരുന്നത്‌.
ശാസ്‌ത്രശാഖയിൽ അറിവ്‌ സായിപ്പിന്റെ മാത്രമല്ല, ഭാരതീയന്റേയും പങ്കുണ്ട്‌.
പൂജ്യം കണ്ടുപിടിച്ച്‌ കോടാനു കോടികളുടെ ക്രിയകള്‍ കമ്പ്യൂട്ടര്‍ സഹായം കൂടാതെ തന്നെ പെട്ടെന്ന്‌ ഗണിച്ച്‌ എടുക്കാവുന്ന വിദ്യകള്‍ വരെ ഭാരതീയര്‍ വളരെ മുമ്പുതന്നെ കണ്ടു പിടിച്ചിട്ടുണ്ട്‌.
പക്ഷേ മൂല്യച്യുതി നിറഞ്ഞ വർത്തമാനകാലത്ത് സ്വന്തം സംസ്കാരവും ചരിത്രവും വിസ്മരിക്കപ്പെടുകയാണ്.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് അക്ഷര കേരളം വളരെയേറെ മുന്നിലാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ പൊതുവിദ്യാഭ്യാസ രംഗത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും, ഡിജിറ്റൽ ലൈബ്രറിയും, ആധുനിക ശുചിമുറികളും, സ്കൂൾ റേഡിയോയും സ്കൂൾ സിനിമയുമെല്ലാം വന്നതോടെ  പഴയ പള്ളിക്കൂടങ്ങളുടെ മുഖച്ഛായ തന്നെ മാറി.
പണ്ട് പള്ളിക്കൂടങ്ങളിൽ മൂത്രപ്പുരയോ കുടിവെള്ളമോ കാറ്റടിച്ചാൽ വീഴാത്ത കെട്ടിടമോ വിരളമായിരുന്നുവെന്ന് നമുക്കറിയാം.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷാ ഫലങ്ങളിൽ ഓരോ വർഷവും വൻ കുതിപ്പുണ്ടാവുന്നുണ്ടെങ്കിലും വിജയശതമാനം ഉയരുന്നതിന് അനുസൃതമായി കുട്ടികളുടെ പ്രായോഗിക നിലവാരം ഉയരുന്നില്ലെന്നത് വസ്തുതയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കാൻ കഴിയുന്നില്ല. വാണിജ്യ ബാങ്കിലോ തപാൽ ഓഫീസിലോ ചെന്നാൽ ഒരു ചലാൻ ഫോറമോ മണിയോർഡർ ഫോറമോ പൂരിപ്പിക്കാനറിയാതെ കുട്ടികൾ ഇരുട്ടിൽ തപ്പുന്നത് പതിവ് കാഴ്ചയാണ്. മാതൃഭാഷയിൽ ഒരു ഡ്രാഫ്റ്റ് തയ്യാറാക്കേണ്ടി വന്നാലും സ്ഥിതി ഇതുതന്നെയാണ്. പതിനഞ്ച് വർഷത്തിലേറെ വിദ്യാഭ്യാസത്തിനു വേണ്ടി ചെലവിടുന്ന ഒരു വിദ്യാർത്ഥിക്ക് പ്രാഥമിക കാര്യങ്ങളിൽ അറിവില്ലെന്ന് വരുന്നത് നീതീകരിക്കാൻ കഴിയില്ല. ആൾ പ്രമോഷൻ സമ്പ്രദായം വന്നതിനു ശേഷമാണ് ഇത്തരം ദുരവസ്ഥ ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടി പഠിച്ചാലും ഇല്ലേലും ലിഫ്റ്റിൽ കയറിയ പോലെ പത്തിലോ പന്ത്രണ്ടിലോ ചെന്നു വീഴുകയാണ്. ക്ലാസിൽ ഹാജർ പറയുന്നവരെല്ലാം ഉപരി പഠന യോഗ്യത നേടിയവരായി മാറുന്നു. അതു കൊണ്ടു തന്നെ പി.എസ്.സി. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യാവലിക്ക് മുന്നിൽ കുട്ടികൾ അന്തം വിടുന്ന കാഴ്ചയും കാണേണ്ടി വരുന്നു.
പരീക്ഷാ ഫലങ്ങളുടെ വിജയശതമാന കുതിപ്പിനെപ്പറ്റി ഊറ്റം കൊള്ളുമ്പോൾ ബോധന നിലവാര തകർച്ചയെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്.

കോവിഡ് വ്യാപന ഭീതി മൂലം വിദ്യാലയങ്ങൾ തുറക്കാനാവാത്ത പ്രത്യേക സാഹചര്യത്തിൽ ഇപ്പോൾ ഓൺലൈൻ പഠനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണല്ലൊ. ഒട്ടനവധി പരിമിതികളും പരാധീനതകളും മാനസിക സംഘർഷങ്ങളും ഓൺലൈൻ പഠനത്തിൻ്റെ സ്വീകാര്യതക്ക് തടസ്സമാവുന്നുണ്ട്.
സാങ്കേതിക പ്രതിസന്ധികൾ പരിഹരിക്കപ്പെടാതെ ഇതിന് മുന്നേറാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പുതിയൊരു ബോധന രീതിയും പരീക്ഷിക്കപ്പെടേണ്ടതുണ്ട്.

വിദൂരങ്ങളിൽ ഇരുന്നു കൊണ്ട് തൻ്റെ മുന്നിലുള്ള കുട്ടികളെ മാത്രമല്ലാ രക്ഷിതാക്കളേയും പൊതു സമൂഹത്തേയും പഠിപ്പിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവുമാണ് ഓൺലൈൻ ഗുരുക്കന്മാർ ഏറ്റെടുക്കേണ്ടി വരുന്നത്. വിശാലമായ സമൂഹ വിദ്യാലയത്തിൽ ഭിന്ന രുചിക്കാരായ വിദ്യാർത്ഥികളോടും വിഭിന്ന ചിന്തകളും പ്രായഭേദങ്ങളുമുള്ള രക്ഷിതാക്കളോടും ഒരേ സമയം സംവദിക്കുന്ന ആധുനിക ഗുരുക്കന്മാരുടെ നല്ല കാലമാണ് കോവിഡ് കാലത്ത് കാണാൻ കഴിയുന്നത്. അതേ സമയം പഴയ ക്ലാസ് മുറിയിലെ വിരസമായ അധ്യാപനം തന്നെ ഓൺലൈനിലും പിന്തുടരാൻ ശ്രമിച്ചാൽ കുട്ടികൾ ഓഫ് ലൈനിലേക്ക് മാറും. കോവിഡ് കാലത്ത് പഴയ ഗുരുകുല സമ്പ്രദായവും ഏകാധ്യാപക വിദ്യാലയവും തിരിച്ചെത്തുകയാണ്. സമൂഹത്തിൻ്റെ ഭിന്ന രുചി മനസിലാക്കുന്നതിനുള്ള അതീന്ദ്രിയ ജ്ഞാനം ആധുനിക ഗുരുക്കന്മാർക്ക് അനിവാര്യമാണ്. അവർക്ക് മാത്രമേ കോവിഡ് കാലത്ത് വഴി കാട്ടാൻ കഴിയൂ.
                           ******

Friday, 26 June 2020

ദുരന്തനിവാരണമോ മണൽ കൊള്ളയോ?

ഭാരതപ്പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്തു തുടങ്ങിയതിനെതിരെ തൃത്താലയിൽ പ്രതിഷേധം തുടങ്ങി. ദുരന്തനിവാരണത്തിൻ്റെ മറവിൽ മണൽ കൊള്ളയെന്ന് ആക്ഷേപിച്ചാണ് പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയത്.

ഭാരതപ്പുഴയിൽ വെള്ളിയാങ്കല്ല് തടയണയിൽ അടിഞ്ഞുകൂടിയ മണൽ കോരി നീക്കുന്ന പ്രവൃത്തിക്കാണ്  സർക്കാർ അനുമതി നൽകിയത്. ഇതിനു വേണ്ടി പുഴയോരത്ത് താൽക്കാലിക ഓഫീസ് കെട്ടിടവും, സുരക്ഷാ ഗേറ്റും, നിരീക്ഷണ ക്യാമറയും നോ എൻട്രി ബോർഡും സ്ഥാപിച്ചു.

പ്രളയാനന്തരം വെള്ളിയാങ്കല്ല് തടയണയിൽ രൂപപ്പെട്ട മണൽത്തിട്ട നീക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ധൃതഗതിയിലാണ് ജലവിഭവ വകുപ്പിന്റെ മേൽനോട്ടത്തിൽ പൂർത്തിയായത്.
ഇവിടെ നിന്ന് 15000 എം.ക്യൂബ് മണലാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മണൽ കോരി മാറ്റുന്നതിനുള്ള ജെ.സി.ബി സംവിധാനവും മറ്റും സജീവമാണ്.
മഴ ശക്തമാവുന്നതിനു മുമ്പ് പരമാവധി മണൽ കോരി മാറ്റാനാണ് ശ്രമം. 

ദുരന്ത നിവാരണ നിയമപ്രകാരമാണ് പുഴയിൽ അടിഞ്ഞ് കൂടിയ മണൽ നീക്കം ചെയ്യുന്നത്‌. പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയിൽ ഒമ്പത് ഭാഗങ്ങളിൽ 35,380 എം.ക്യൂബ് മണൽ നീക്കാനാണ് പദ്ധതി.
പ്രധാനമായും സർക്കാരിൻ്റെ നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കാനാണ് മണൽ കോരുന്നതെന്നാണ് പറയുന്നത്. വെള്ളിയാങ്കല്ല് മുതൽ തവനൂർ വരെ
5644831.67 എം.ക്യൂബ് മണൽ മൂന്നു വർഷത്തിനകം നീക്കും. വെള്ളിയാങ്കല്ലിന് പുറമെ ഭാരതപ്പുഴയിലെ കൊച്ചിൻ പാലത്തിന് മുൻവശത്തുള്ള തടയണ, ചങ്ങണാംകുന്ന് റഗുലേറ്റർ എന്നിവിടങ്ങളിലേയും അടിഞ്ഞ് കൂടിയ മണൽ ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ കോരി മാറ്റും.

അതേ സമയം വെള്ളിയാങ്കല്ല് തടയണയിലെ മണൽ നീക്കുന്നതിനെതിരെ ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുകയാണ്. പുഴയിൽ അങ്ങിങ്ങായി കാണുന്ന മണൽ തിട്ടകളാണ് പ്രളയകാരണമാകുന്നത് എന്ന വാദത്തിന്റെ മറവിൽ ഭാരതപ്പുഴയടക്കമുള്ള എട്ടു നദികളിൽ നിന്നും മണൽ വാരലിനുള്ള ശ്രമങ്ങൾ ആരംഭിച്ച സാഹചര്യത്തിലാണ് ഭാരതപ്പുഴ സംരക്ഷണ സമിതി നിയമ നടപടിയിലേക്ക് നീങ്ങുന്നത്  .

ഗ്രീൻ ട്രൈബ്യൂണലിന്റ ഉത്തരവു പ്രകാരം നിർത്തിവെക്കപ്പെട്ട മണലെടുപ്പ് ദുരന്ത നിവാരണത്തിന്റെ പേരിലാണ് ഇപ്പോൾ കോരി വിൽകാൻ ഒരുങ്ങുന്നത്.
ദുരന്ത നിവാരണത്തിന്റെ പേരിൽ മണലെടുത്ത് വിൽക്കാൻ അനുവദിക്കില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ശാസ്ത്രീയമായ രീതിയിൽ പാരിസ്ഥിതികാഘാതപഠനം നടത്താതെയും, പുഴയുടെ ഉപരിതല പരിപാലനം സമഗ്രമായി നിർവ്വഹിക്കാതെയുമുള്ള മണലെടുപ്പ് പുഴയുടെ ഭൗതികമായ നിലനില്പിനെ കൂടുതൽ അപകടപ്പെടുത്താനിടയുണ്ട് എന്നാണ് ആശങ്ക.

പ്രളയാനന്തരമുണ്ടായ ചില മണൽ തിട്ടുകളാണ് പ്രളയമുണ്ടാക്കിയത് എന്ന വാദവും വിചിത്രമാണ്. പുഴയിലെ മണൽ ഒരിടത്തു നിന്ന് മറ്റൊരു ഭാഗത്തേക്ക് ശക്തിയായ ഒഴുക്കിൽ നിക്ഷേപിക്കപ്പെട്ടതാണ് മണൽക്കൂനയായത്. വെള്ളപ്പൊക്കത്തിൽ  മണൽ ശേഖരം വർധിച്ചിട്ടില്ല. അതു കൊണ്ടു തന്നെ കോരി എടുക്കുന്ന മണൽ പുഴയുടെ ഗർത്തങ്ങളിലേക്ക് നിക്ഷേപിക്കണമെന്നാണ് വാദം. പ്രളയത്തിൽ കൂമ്പാരമായ മണൽ ശേഖരം വീണ്ടും പ്രളയ ദുരന്തമുണ്ടാക്കുമെന്ന വാദം തനി അസംബന്ധമാണെന്നും ജലദോഷം മാറ്റാൻ മൂക്ക് മുറിക്കലാണിതെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

ദുരന്തനിവാരണമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പുഴയിലെ പുൽക്കാടും മൺതിട്ടും നീക്കണം. രണ്ടു വർഷം മുമ്പ് തകർന്ന റഗുലേറ്ററിൻ്റെ സംരക്ഷണഭിത്തി പുനർനിർമിക്കണം. പറിഞ്ഞു പോയ ഷട്ടർ സ്ഥാപിക്കണം. പാലത്തിൻ്റെ തകർന്ന അടിത്തറ ഭദ്രമാക്കണം. ഇതൊന്നും പരിഗണിക്കാതെ കൂടിക്കിടക്കുന്ന പഞ്ചാര മണൽ കടത്തുന്നതാണ് ദുരന്തനിവാരണമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.  അതു കൊണ്ടാന്ന് തുടർ പ്രക്ഷോഭ പരിപാടികൾ  നടത്തുന്നതിന്മെ തീരുമാനിച്ചതെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.

മൂന്നു പതിറ്റാണ്ടുകാലത്തെ അനിയന്ത്രിതമായ മണൽക്കൊള്ള മൂലം ഭാരതപ്പുഴയുടെ ഉൾത്തടം ശരാശരി മൂന്നു മീറ്റർ താണിട്ടുണ്ട് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഈ വസ്തുത പരിഗണിക്കുമ്പോഴാണ് പ്രളയ ശേഷം പുഴയിലങ്ങിങ്ങായി ഒരുക്കൂടിയ നാമമാത്രമായ മണൽതിട്ടകൾ പ്രളയകാരണമായിത്തീരും എന്ന വാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുന്നത്  എന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

തൃത്താല വെള്ളിയാങ്കല്ല് മുതൽ കൂട്ടക്കടവ്
റഗുലേറ്റർ വരെ പുഴ രണ്ടായി പിളർന്ന നിലയിലാണ് കിടക്കുന്നത്. പതിറ്റാണ്ടുകളായി നടത്തിയ മണൽ കൊള്ളയാണ് പുഴയെ രണ്ടായി ഭാഗിച്ചത്. പുഴയുടെ മധ്യഭാഗത്ത് കനത്ത നട്ടെല്ല് പോലെ നാല്കി.മീറ്റർ നീളത്തിൽ ചരലും പുൽക്കാടും ഉയർന്നു നിൽക്കുന്നുണ്ട്. പുഴയുടെ ഇരു തീരങ്ങളിലൂടെയുമുള്ള കുത്തൊഴുക്ക് മൂലം കര ഇടിയുന്ന പ്രവണതയുണ്ട്. കഴിഞ്ഞ രണ്ട് പ്രളയത്തിലും പുഴ ഗതി മാറി ഒഴുകിയതും കൂടല്ലൂരും ആനക്കരയും വെള്ളപ്പൊക്കത്തിൽ മുങ്ങിയതും പുഴയുടെ വിഭജനം മൂലം സംഭവിച്ചതാണ്. പ്രളയ ദുരന്തം ഒഴിവാക്കാനാണ് ലക്ഷ്യമെങ്കിൽ ഈ ഭാഗത്ത് മണൽതിട്ട നീക്കുകയാണ് വേണ്ടത്. അതിനു ശ്രമിക്കാതെ പഞ്ചാര മണൽ വിറ്റ് കാശാക്കാനാണ് നീക്കമെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു.
കഥ/


@@@  ഇര @@@

~~~~~~~~~~~~

ഒരു ദിവസം ഇരുൾ വീഴും മുമ്പ് തന്നെ അയാൾ കയറി വന്നപ്പോൾ അവൾക്ക് അന്ധാളിപ്പുണ്ടായി.
അവളുടെ കരുവാളിച്ച മുഖത്ത് ഒരു ചോദ്യ ചിഹ്നത്തിന്റെ ചുളിവ് അയാൾ കാണാതിരുന്നില്ല. അപ്പോഴും അയാളുടെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വീണു കിടന്നിരുന്നു.
കണ്ണുകളിൽ ഇന്നോളം കാണാത്ത നിസംഗതയും.

അയാൾ മദ്യപിച്ചിട്ടില്ലെന്ന അറിവ് അവളെ വല്ലാതെ അത്ഭുതപ്പെടുത്തി. നെടുനാളത്തെ പ്രാർത്ഥനയുടെ ഫലമാവാം ഈ മാറ്റമെന്ന് അവൾ ആശ്വസിച്ചു.
രാത്രി ഏറെ വൈകി തെറിപ്പാട്ടു പാടി കടന്നു വന്ന് പുലഭ്യം പറഞ്ഞ് പ്രഹരിക്കുന്ന ഭർത്താവായിരുന്നല്ലൊ ഇന്നലെ വരെ അയാൾ!

ഒരു ദിവസം കൊണ്ട് അയാൾക്ക് എങ്ങിനെ മാറാൻ കഴിഞ്ഞുവെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടി കിട്ടിയില്ല.
പിറ്റേന്ന് മറ്റൊരത്ഭുതവും കൂടി സംഭവിച്ചു. പുകവലി, പാൻപരാഗ്, ഹാൻസ്, മുറുക്ക് എന്നിവയും അയാൾ ഉപേക്ഷിച്ചു. ഇപ്പോൾ പിറന്നു വീണ കുഞ്ഞിനെ പോലെ അയാൾ ഉറങ്ങുന്നതു കണ്ടപ്പോൾ അവളുടെ മനസ്സിൽ ഒരാന്തലുണ്ടായി. ദിവസങ്ങൾ നീങ്ങുംതോറും അവൾക്ക് വേവലാതി വർധിച്ചു.

ഈശ്വരാ ഇയാൾ എന്തിനുള്ള പുറപ്പാടാണ്? അവൾ സ്വയം ചോദിച്ചു.
എല്ലാ ദുശീലങ്ങളും ഉപേക്ഷിച്ച ഈ മനുഷ്യൻ ദൈവദൂതനോ പുരോഹിതനോ ആയി മാറുമോ എന്ന് പോലും അവൾ ശങ്കിച്ചു.
അയാൾ തികച്ചും  അപരിചിതനായി മാറിയെന്ന് അവൾ വിലയിരുത്തി. എല്ലാറ്റിനേയും ത്യജിക്കാനുള്ള കഴിവ് ഇയാൾക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
ഇയാളെ ഉപേക്ഷിക്കാൻ മുമ്പ് പലവട്ടം ശ്രമിച്ചിട്ടും താൻ പരാജയപ്പെട്ട കാര്യം അവളിൽ തികട്ടി വന്നു. പക്ഷേ ഇപ്പോൾ പേടി തോന്നുന്നു. ദുശ്ശീലങ്ങൾ ത്യജിക്കാനുള്ള കഴിവ് അയാൾ നേടി കഴിഞ്ഞിരിക്കുന്നു.

ഒരു ദിവസം ഒന്നും പറയാതെ അയാൾ പടി ഇറങ്ങി പോകുമെന്നും തന്നേയും മക്കളേയും ഉപേക്ഷിക്കുമെന്നും അവൾക്ക് വെളിപാടുണ്ടായി.
ഇല്ല. തോറ്റു കൊടുക്കാനാവില്ല. അവൾ ഉറച്ച കാൽ വെപ്പുകളോടെ മേശവലിപ്പിൽ നിന്ന് നോട്ടുബുക്കെടുത്ത് നടുവിലെ താളുകീറി.
തല പെരുത്ത് പൊട്ടുമെന്ന് തോന്നി:
എല്ലാം ഉപേക്ഷിക്കാനുള്ള അങ്ങയുടെ പുറപ്പാട് എന്നെ വല്ലാതെ ആശങ്കയിലാക്കുന്നു. ദുശ്ശീലങ്ങൾ ഉപേക്ഷിക്കാൻ കേണപേക്ഷിച്ച കാലത്ത് താങ്കൾ ഒരു ധിക്കാരിയായിരുന്നു. ക്രമേണ ഞാൻ വഴങ്ങി. ഇണങ്ങിചേരാനുള്ള എന്റെ കഴിവിനെ താങ്കൾ പുകഴ്ത്തുകയും ചെയ്തു. ഇപ്പോൾ ആരുടേയും നിർബന്ധമില്ലാതെ ദുശീലങ്ങളെല്ലാം  ഉപേക്ഷിക്കാനുള്ള തീരുമാനം എന്നെ ഭയപ്പെടുത്തുന്നു.
അടുത്ത ഇര ഞാനാവാം എന്നും  ഭയപ്പെടുന്നു.
അങ്ങിനെ സംഭവിക്കുന്നതിനു മുമ്പ് ഞാൻ പോകുകയാണ്.

വാതിലടച്ച് അവൾ പുറത്തിറങ്ങി.
എഴുത്ത് നാലായി മടക്കി വാതിലിന്റെ നെഞ്ചിൽ വെച്ചു.
വൈകുന്നേരം അയാൾ വന്നപ്പോൾ വീട് ഉറക്കത്തിലായിരുന്നു. വെളിച്ചമോ ആളനക്കമോ കണ്ടില്ല.
കാറ്റു വീശിയപ്പോൾ വാതിലിന്റെ നെഞ്ചിൽ നിന്നടർന്നു വീണ കടലാസ് അയാൾ കണ്ടു.
ഇരുട്ടിന് കനം വെച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയപ്പോൾ എല്ലാ വഴികളിലും അയാൾ വലിച്ചെറിഞ്ഞതെല്ലാം വാരിപ്പുണരാൻ കാത്തു നിന്നിരുന്നു.

(2002 ൽ 'വെളിച്ചം'
ഗ്രാമ പത്രം പ്രസിദ്ധപ്പെടുത്തിയത്)

Sunday, 21 June 2020

~~~~~~~~~~~~~~~~~~~~~~~
മറക്കാൻ കഴിയുമോ മഴയോർമകൾ.
--------------   ടി.വി.എം.അലി  -------------
~~~~~~~~~~~~~~~~~~~~~~~

മഴയെ കുറിച്ച് വിചാരിക്കുമ്പോൾ എല്ലാം ഓർമകളിൽ നിറയുന്നത് കൈതക്കുളവും, കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പി പുഴയുമാണ്.
എത്ര മഴ നനഞ്ഞാണ് കാലം കടന്നു പോയത് എന്ന് അളന്നു നോക്കാൻ ആവില്ല.
ഓരോ മഴയും ഓരോന്നായിരുന്നു.

ഒന്നും മറ്റൊന്നിനോട് ലയിക്കാതെ വേറിട്ടു നിൽക്കുന്ന മഴയോർമ്മകൾ. കുഞ്ഞുനാളിൽ മഴ നനയാൻ മോഹിച്ചു മുറ്റത്തിറങ്ങി നിൽക്കുമ്പോൾ അരുതാത്തത് എന്തോ ചെയ്ത അപരാധത്തിന്റെ പേരിൽ ഉടലിൽ ഈർക്കിൽ വീണ ചുവന്ന വരകൾ ഇപ്പോഴും മാഞ്ഞിട്ടില്ല.

ചെറിയൊരു വീടിന്റെ ഇടുങ്ങിയ മുറികളിൽ, ഓട്ടപ്പുരയിൽ നിന്ന് അടർന്നുവീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ,
ഗോട്ടി കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു.

പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൽ ആവേശമായിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിന്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്?

കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ, തോർത്തിൽ പിടയുന്ന പരൽമീൻ ആയിരുന്നു മഴ. കൈതക്കുളത്തിന്റെ ആഴങ്ങളിൽ മുങ്ങാംകുഴി മുങ്ങുമ്പോൾ കാലിൽ ചുറ്റുന്ന നീർക്കോലി ആയിരുന്നു മഴ.

ഋതുഭേദങ്ങളിൽ, പല ഭാവങ്ങളിൽ, പരിഭവം പറഞ്ഞ് പെയ്തിറങ്ങിയത് പ്രണയ മഴയായിരുന്നു.

പതിറ്റാണ്ടുകൾക്കു മുമ്പ് 1970കളുടെ അന്ത്യപാദത്തിൽ കോവൈ നഗരത്തിൽ ജോലിചെയ്തിരുന്ന നാളുകളിൽ,
ഓർക്കാപ്പുറത്ത് പൊട്ടിവീണ പേമാരിയിൽ,
നിരത്ത് പുഴയായതാണ്
ആദ്യത്തെ പ്രളയ സ്മരണ.

പഴയ പുസ്തകങ്ങൾ വിൽക്കുന്ന യുനിവേഴ്സൽ ബുക്ക്സ്റ്റാളിന്റെ  മുന്നിൽ ചാക്ക് വിരിച്ച് അന്തിയുറങ്ങിയ ഒരു കാലമുണ്ടായിരുന്നു.
ഒരു രാത്രി പാതിര പിന്നിട്ടനേരത്ത് കാറ്റിനോടൊപ്പം പെയ്തിറങ്ങിയ ഉഗ്രമഴയെ ചെറുക്കാൻ ടാർപ്പായ വലിച്ചുകെട്ടിയിട്ടും രക്ഷയുണ്ടായില്ല.

കാനകൾ എല്ലാം നിറഞ്ഞ് നഗര മാലിന്യം മുഴുവൻ നിരത്തിലേക്ക് പൊങ്ങിയപ്പോൾ ടൗൺഹാളും, നവാബ് ഹക്കീം റോഡും, എം.എം.മാർക്കറ്റും പുഴയായി മാറിയിരുന്നു.
പുസ്തക കടയിൽ പ്രളയജലം വായന തുടങ്ങിയപ്പോൾ, തൊട്ടടുത്ത ഇരുമ്പു കടയിലേക്ക് മാറിനിന്ന് നേരം വെളുപ്പിച്ചത് എങ്ങനെ മറക്കാനാണ്?

കൗമാരത്തിൽ കാടിറങ്ങിവന്ന മഴക്കെല്ലാം നല്ല തണുപ്പായിരുന്നു.
എത്ര മൂടിപ്പുതച്ചാലും
മനസ്സിലേക്ക് കടന്നു വരുന്ന ശീത മഴ.
മഴയത്ത് കുടചൂടിയും ചൂടാതെയും നടക്കുന്നതായിരുന്നു ഏറെ ഇഷ്ടം.
ചൂരൽ കാലുള്ള
കാലൻ കുടയുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നുനീങ്ങിയ 13 വർഷത്തെ മഴയായിരുന്നു നിറഭേദങ്ങളുടെ സംഗീത പെരുമഴ.

ഒരു കർക്കിടക മഴയിൽ പട്ടാമ്പി പാലത്തിലൂടെ നടന്നു പോയിരുന്ന വയോധികൻ കുടയോടൊപ്പം പുഴയിലേക്ക് പറന്നുപോയത് ഒരിക്കലും മറക്കാൻ കഴിയാത്ത മഴയോർമയാണ്. 
ആ സാധു മനുഷ്യന്റെ നിലവിളി ഇന്നും മഴയുടെ ആരവത്തോടൊപ്പം കേൾക്കാറുണ്ട്.
വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും കർക്കടക മഴ പെയ്യുമ്പോൾ ആ മനുഷ്യന്റെ നിലവിളിയാണ് മഴ. 
മഴയുടെ, കാറ്റിന്റെ സംഗീതം സീൽക്കാരമായി മാറുകയാണ് ഓർമകളിൽ.

പുഴയുടെ സമാന്തര നിരത്തിലൂടെ നടക്കുന്നതിനിടയിൽ ഒരു ഇടവപ്പാതി മഴയോടൊപ്പം കടന്നുവന്ന കാറ്റ് എന്റെ ചൂരൽ കാലുള്ള കുട തട്ടിയെടുക്കാൻ നടത്തിയ നീക്കം ചെറുക്കാൻ പൊരിഞ്ഞ പോരാട്ടം വേണ്ടി വന്നതും ഓർമയുണ്ട്. പാടത്തിന്റെ നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോഴാണ് ഇടവപ്പാതി, പുഴ കടന്ന് തിരിമുറിയാതെ ആർത്തലച്ചു വന്നത്.

വിശാലമായ വയലിലോ നിരത്തിലോ ആരും ഉണ്ടായിരുന്നില്ല. കാറ്റിന്റെ മൂളലും മഴയുടെ താളവും കാലൻ കുടയിൽ പതിച്ചു കൊണ്ടിരിക്കെ, കുട പൊങ്ങുന്നതു പോലെ തോന്നി. കുടയുടെ പിടിവിടാത്തതിനാൽ എന്റെ കാലുകളും തറയിൽ നിന്ന് പൊങ്ങുകയാണോ എന്നൊരു സംശയവും ഉണ്ടായി. സംഗതി പന്തിയല്ലെന്ന് ബോധ്യമായപ്പോൾ  നടന്നുകൊണ്ടിരുന്ന ഞാൻ തറയിലിരുന്നു. നിലത്ത് കുത്തി നിർത്തിയ കാലൻ കുടക്കീഴിൽ അങ്ങിനെ അല്പനേരം ഇരുന്നപ്പോൾ  കരിമ്പനകളെ വിറപ്പിച്ച കാറ്റിന്റെ സീൽക്കാരമായിരുന്നു മഴ. 

പിന്നീട് മഴയോർമകൾ പെയ്തിറങ്ങുന്നത്  ഓലമേഞ്ഞ ഷെൽട്ടറിലേക്കാണ്.
അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന 1980കളിലായിരുന്നു നാട്ടിലെ ഷെൽട്ടർ ജീവിതം. അന്ന് ഓരോ മഴക്കാലവും യുവമിഥുനങ്ങളുടെ കദനമായിരുന്നു മഴ.

വേനലിൽ കെട്ടിമേയാത്തതിന്റെ പരിഭവത്തിൽ ഓട്ട വീണ പനമ്പട്ടകളിൽ നിന്ന് ഊർന്നിറങ്ങിവന്ന മഴനാരുകൾ മുറി നിറയുമ്പോൾ തല നനയാതിരിക്കാൻ
കാൽ ഇളകിയ ബെഞ്ചിന്റെ
താഴെ നേരം വെളുപ്പിച്ച യുവമിഥുനങ്ങളുടെ കണ്ണീർ മഴ തോർന്നതെന്നാണ് ?

വർഷങ്ങൾക്ക് ശേഷം 2018 ഡിസംബർ 30ന് പുലരിയിൽ മുന്നൊരുക്കമോ അലർട്ടുകളോ
അകമ്പടിയില്ലാതെ നേരിയ മഴക്കൊപ്പം നങ്കൂരമിട്ട ചുഴലി കാറ്റിൽ ആകാശത്തോളം പൊങ്ങിയ മഞ്ചാടി മരത്തിന്റെ കൊമ്പ് അടർന്നുവീണതും വീട് ഭാഗികമായി തകർന്നതും അത്ഭുതകരമായി മൂന്ന് ജീവനുകൾ പോറലൊന്നുമേൽക്കാതെ രക്ഷപ്പെട്ടതും പ്രകൃതിയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് ?

അവിടംകൊണ്ട് അവസാനിക്കുന്നില്ല മഴയോർമ്മകൾ.
2019 മെയ് 17ന് രാത്രി ഓർക്കാപ്പുറത്ത് പെയ്ത വേനൽ  മഴയും അകമ്പടി വന്ന കാറ്റും ഭീകര താണ്ഡവമാടിയത് ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
രാത്രി അത്താഴം കഴിക്കുന്ന നേരത്താണ് വേനൽമഴ വിരുന്നു വന്നത്.
കൂടെ വന്ന കാറ്റിന് ആയിരം കൈകളുണ്ടായിരുന്നു. ഓടിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ തത്തിക്കളിച്ച കാറ്റ് ഓടുകൾ
ഓരോന്നും പുറത്തേക്ക് എറിഞ്ഞ് രസിച്ചു. പരിസരത്ത് നിന്നിരുന്ന തേക്കും തെങ്ങും കവുങ്ങും മുരിങ്ങയും കാറ്റിൽ വിറകൊണ്ടു.

ഓടുകൾ പറന്നു വീഴുന്നതും മഴ വീടകം നിറയുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് സീൽക്കരിക്കുന്നതും തീവ്ര മഴ പൊട്ടി വീഴുന്നതും ഭീതിയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. നിമിഷങ്ങൾക്കകം വീട് ശിരസ്സിൽ പതിക്കുമെന്നും മൂന്നു മനുഷ്യജീവികൾ സമാധിയടയുമെന്നും മനസ്സിലുറപ്പിച്ച് നിൽക്കെയാണ് വധശിക്ഷ കാത്തു കഴിയുന്നവരെ വെറുതെ വിട്ടതു പോലെ കാറ്റും മഴയും ദയാദാക്ഷിണ്യത്തോടെ പിൻവാങ്ങിയത്.
ഒരു ഓട് പോലും ശിരസ്സിലേക്ക് ഇടാതെ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ കാറ്റിന്റെ കൈകളെ പഴിക്കുവതെങ്ങനെയാണ് ?

മഴ നൽകിയ നവരസങ്ങൾ എല്ലാം തകിടം മറിയുന്ന വർത്തമാന കാലത്ത്, 
പ്രളയ മഴയും തീവ്ര മഴയും നമുക്ക് പരിചിതമാവുകയാണല്ലോ. പ്രണയമഴ പ്രളയമഴയായും മരണമഴയായും പരിണമിക്കുമ്പോഴും, മഴയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലല്ലോ.

ആകാശത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ചുവെച്ച സമുദ്രങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയിക്കുമ്പോഴും മനസ്സിനെ തണുപ്പിച്ച പവിഴ മഴയേയും, ജീവൻ നൽകിയ കാരുണ്യ മഴയേയും, ജീവ ജലത്തിന്റെ ജൈവ നീതിയേയും നമിക്കാതെ വയ്യ!

                     °°°°°°°°°°°°°°°

സൂര്യഗ്രഹണം

ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ദൃശ്യമായി.

ഹിമാചല്‍ പ്രദേശ്, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയ ഗ്രഹണമാണ് ദൃശ്യമായതെങ്കിലും കേരളം അടക്കമുള്ള സ്ഥലങ്ങളില്‍ ഭാഗിക ഗ്രഹണമാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ 30 മുതല്‍ 40 ശതമാനം വരെ പരിപൂര്‍ണതയോടെ മാത്രമാണ് ഗ്രഹണം കാണാനായത്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലാണ് ഗ്രഹണം ആരംഭിച്ചത്. ഉച്ചയ്ക്ക് 1.30നു മുന്‍പായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 

ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമായത്. പരമാവധി സൂര്യബിംബത്തിന്റെ 30 മുതല്‍ 40 ശതമാനം വരെ മറയ്ക്കുന്ന ദൃശ്യമാണ് ലഭിച്ചത്. മഴക്കാലമായതിനാല്‍ പലയിടത്തും മേഘങ്ങള്‍ കാഴ്‌ച മറച്ചത് നിരാശക്കിടയാക്കി.

സൂര്യൻ അഗ്നി വലയം പോലെ പ്രത്യക്ഷപ്പെടുന്ന വാർഷിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ ഉത്തരേന്ത്യക്കാർക്ക് അവസരമുണ്ടായി. സൂര്യഗ്രഹണം പകൽ വിവിധ ഘട്ടങ്ങളിൽ ദൃശ്യമായിരുന്നു.  സൂര്യഗ്രഹണത്തിന്റെ ആദ്യ ഘട്ടം രാവിലെ 9.16 ന് ആരംഭിച്ചപ്പോൾ ചിലയിടങ്ങളിൽ രാവിലെ 10.19 നാണ് ദൃശ്യമായത്. ഗ്രഹണം ഉച്ചയ്ക്ക് 2.02 ന് അവസാനിച്ചു. ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ ഭാഗിക ഗ്രഹണമാണ് കാണാനായത്. ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ഗ്രഹണ ദൃശ്യം മനോഹരമായിരുന്നു.
(Photo Courtesy: India Today)


Tuesday, 16 June 2020

വിസ്മൃതിയിലേക്ക്



പട്ടാമ്പിയിലെ ശാരദാ സമാജം വിസ്മൃതിയിലേക്ക്; ഗവ.താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ പൊളിച്ചുനീക്കും.

പട്ടാമ്പി റെയിൽവേ സ്റ്റേഷൻ്റേയും താലൂക്ക് ആസ്ഥാന മന്ദിരമായ മിനി സിവിൽ സ്റ്റേഷൻ്റേയും തൊട്ടരികിലുള്ള ശാരദാ സമാജം വിസ്മൃതിയിലേക്ക്. നഗരമധ്യത്തിലാണെങ്കിലും വിജനത അനുഭവപ്പെടുന്ന, നിഴലുറങ്ങുന്ന ഒരു തുണ്ട് ഭൂമിയാണിത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്കാരിക നായകരും പൊതുരംഗത്തുള്ള പ്രമുഖരും ഒത്തുകൂടിയിരുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു ശാരദാ സമാജം.

1930-50കളിൽ വിദ്വാൻ സി.എസ്.നായർ, കല്ലന്മാർതൊടി രാവുണ്ണി മേനോൻ, വിദ്വാൻ ചാത്തുക്കുട്ടി എഴുത്തച്ഛൻ, ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായർ, കെ.എൻ.എഴുത്തച്ഛൻ തുടങ്ങിയവരുടെ സാഹിത്യ, രാഷ്ട്രീയ ചർച്ചകൾക്ക് ചേർന്നിരിക്കാൻ പറ്റിയ സ്ഥലമായിരുന്നു സമാജം. അന്ന് കവിതയുടെ തലസ്ഥാനമായിരുന്നു പട്ടാമ്പിയെന്ന് മഹാകവി പി.കുഞ്ഞിരാമൻ നായർ വിശേഷിപ്പിച്ചിരുന്നു. കവികളെ കൂടാതെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഇ.പി.ഗോപാലൻ, അസൈനാർ വൈദ്യർ, വെങ്ങാലിൽ കൃഷ്ണമേനോൻ, മഞ്ഞപ്ര കുഞ്ഞപ്പ മേനോൻ തുടങ്ങിയവരുടെ സാന്നിധ്യവും പതിവായിരുന്നു.

പുതിയ തലമുറകളുടെ കടന്നു വരവോടെ ശാരദാ സമാജത്തിനും മാറ്റങ്ങളുണ്ടായി. പട്ടാമ്പിയിലെ യുവാക്കൾ ചെസ്സും കാരംസും ബാഡ്മിൻറനും കളിക്കാൻ സമാജം ഉപയോഗിച്ചു. 1980കളിൽ കെട്ടിടവും കോമ്പൗണ്ടും ഭാർഗ്ഗവി നിലയമായി മാറി. തുടർന്ന് ഇ.പി.ഗോപാലനും, ഡോ.കെ.പി.മുഹമ്മദുകുട്ടിയും നേതൃത്വം നൽകിയിരുന്ന പട്ടാമ്പി വികസന സമിതി രണ്ടു തവണ പുനരുദ്ധാരണം നടത്തി. എന്നിട്ടും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ വിരുദ്ധർ ചീട്ടുകളി കേന്ദ്രമാക്കിയതോടെ ശാരദാ സമാജത്തിൻ്റെ അവസ്ഥ കൂടുതൽ ദയനീയമായി.

ഈ ദു:സ്ഥിതിയിൽ നിന്ന് മോചനം ലഭിച്ചത് 15 വർഷം മുമ്പ് പട്ടാമ്പി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ഇവിടെ പ്രവർത്തനം തുടങ്ങിയ ശേഷമാണ്. ശാരദാ സമാജം മികച്ച സാന്ത്വന കേന്ദ്രമായി മാറുകയും ചെയ്തു. തൊട്ടരികിലുള്ള പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയുടെ വികസനത്തിനു വഴിമാറുക എന്ന നിയോഗമാണ് ഇപ്പോൾ ശാരദാ സമാജത്തിനുള്ളത്.

നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി 99 ലക്ഷം രൂപ ചെലവിട്ട് ഇരുനില കെട്ടിടം പണിയാൻ കരാറായിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ ഒ.പി. കം ഡയാലിസിസ് കെട്ടിടമാണ് ഇവിടെ പണിയുക. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൻ്റെ മുന്നോടിയായി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ബാങ്ക് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ശാരദാ സമാജം പൊളിച്ചുമാറ്റുന്നതോടെ പട്ടാമ്പിയുടെ ദേശ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന ഒരടയാളമാണ് നാടുനീങ്ങുന്നത്.

Sunday, 7 June 2020

കോവിഡ് ബാലറ്റ്

കേരളത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താൻ ഒരുക്കം തുടങ്ങി. 

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ അവസാനം രണ്ടുഘട്ടങ്ങളിലായി നടക്കും. 
കോവിഡ് രോഗബാധ തുടരുകയാണെങ്കിൽ പ്രോട്ടോക്കോൾ പാലിച്ചും മുൻകരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. നവംബർ 12ന് മുമ്പ് പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ടതിനാൽ തിരഞ്ഞെടുപ്പ് ഇനി നീട്ടിവെക്കാനാവില്ല.

സെപ്റ്റംബറിൽ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടർപ്പട്ടിക അടുത്ത ദിവസം തന്നെ പ്രസിദ്ധപ്പെടുത്തും. 
അപേക്ഷകരിൽ ഇരട്ടിപ്പ് ഒഴിവാക്കിയും തെറ്റുകൾ തിരുത്തിയുമാണ് പട്ടിക പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകൾ കണ്ടെത്തിയാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂർണമായും തിരുത്തും. പേരുചേർക്കാൻ ഒരിക്കൽക്കൂടി അവസരം നൽകും.

തെരഞ്ഞെടുപ്പിന് നാലര മാസത്തിലേറെ സമയമുണ്ട്. അപ്പോഴേക്കും കോവിഡ് ഭീതി മാറുമെന്നാണ് കരുതുന്നത്. കോവിഡ് ഒഴിഞ്ഞിട്ട് നടത്താനിരുന്നാൽ സമയത്ത് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നാട് ഇളക്കിമറിച്ചും വീട് കയറി ഇറങ്ങിയും പ്രചാരണം നടത്താൻ കഴിയില്ല. വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് പ്രചാരണം ഒതുങ്ങും. 

2015ലെ തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. തദ്ദേശ സാരഥികളുടെ സംവരണത്തിലും, വനിത, പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിലും ഇത്തവണ മാറ്റമുണ്ടാവും. അതേ സമയം വാർഡ് വിഭജനം ഉണ്ടാവില്ല. ഏഴു ജില്ലകൾ വീതം രണ്ടു ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടത്തുക.

14 ജില്ലാപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്, 941 ഗ്രാമപ്പഞ്ചായത്ത്, 
86 മുനിസിപ്പാലിറ്റി, 6 കോർപ്പറേഷൻ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പുതിയ ഭരണസാരഥികളെ കാത്തിരിക്കുന്നത്. 

Sunday, 31 May 2020



ജീവൻ മണക്കുന്ന കഥകൾ

••••••••• അജേഷ്.പി •••••••••

ഒരു പട്ടാമ്പിക്കാരന്റെ വലിയ കഥകളെന്ന് 'പൂഴിപ്പുഴ' എന്ന കഥാസമാഹാരത്തെ ഞാൻ വിളിക്കുന്നു. പട്ടാമ്പിക്കാരായ എതൊരാൾക്കും ബാഗുതൂക്കി നടന്നു പോകുന്ന ആ മനുഷ്യനെ പരിചിതമാണ്.

പട്ടാമ്പിയുടെ സ്വന്തം ശ്രീ.ടി.വി.എം.അലിയുടെ (അലിമാഷ്) ഏറ്റവും പുതിയ കഥാസമാഹാരമാണ് ''പൂഴിപ്പുഴ ".
വായനക്കാരന്റെ മനസ്സിനെ അസ്വസ്ഥമാക്കാൻ
13 കഥകൾ അടങ്ങിയ സമാഹാരത്തിനു കഴിയുന്നു. താൻ നടന്നു വന്ന കാലത്തിനപ്പുറത്തേക്ക് ചിന്തകളുടെ വഴിവെട്ടാൻ  ഈ കഥകൾക്കാവുന്നു.

അസ്വസ്ഥമായ  മനസ്സുമായി നടക്കുന്ന മനുഷ്യന് ഒരിക്കലും എവിടെയും  സ്വസ്ഥമായി ഇരിക്കാൻ കഴിയില്ല എന്നു   പറഞ്ഞു വെയ്ക്കുന്ന കഥയാണ്
"ബ്രഹ്മപദം". ബാബുജി എന്ന കഥാപത്രത്തിന്റെ അശാന്തമായ മനസ്സിലൂടെയാണ് ഈ കഥ സഞ്ചരിച്ച് നമ്മിലേക്ക് എത്തുന്നത്.

"പ്രതിമയുടെ മകൻ" എന്ന കഥ വർത്തമാനകാലത്തിന്റെ പരിച്ഛേദമാണ്. ഓരോ പ്രതിമകളും ഒരോ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഈ സ്വപ്നങ്ങൾക്കുമേൽ പുതിയവ കടന്നു കയറുമ്പോൾ പഴയ ചിഹ്നങ്ങളും സാക്ഷാത്കാരങ്ങളും വെറും നോക്കുകുത്തികളും സ്ഥലം മുടക്കികളുമായി മാറുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറുന്ന മുഖം കഥയിൽ ദർശിക്കാം. ചരിത്രവും ചരിത്ര നിർമിതികളും ഇവിടെ പ്രതിമകളെ പോലെ നിശ്ചലമാകുന്നു ആർക്കും വേണ്ടാത്ത നോക്കുകുത്തികളാകുന്നു.

തനിക്കു ഭാഗ്യമേകിയ ഹതഭാഗ്യനായ ബാലനെ തേടിയുള്ള യാത്രയാണ് "സ്വർണനൂലിഴകൾ " എന്ന കഥ.
തനിക്കു കിട്ടിയ ഭാഗ്യത്തേക്കാൾ എത്രയോ മുകളിലാണ്, തന്റെ ഔദാര്യം തിരസ്കരിച്ച് പാടം കടന്ന് മറഞ്ഞ ആ ബാലനെന്ന് അയാൾ തിരിച്ചറിയുന്നു.

രാഷ്ട്രീയത്തിന്റെ അപചയം വരച്ചു വെയ്ക്കുന്ന കഥയാണ് "പൂഴിപ്പുഴ". മുന്നിലുള്ള നിരാലംബ ജീവിതങ്ങളെ കാണാൻ നേരമില്ലാത്ത, മുന്നിലുള്ളത് ശത്രുവാണോ, മിത്രമാണോ, ദയതേടി നിൽക്കുന്ന പാവങ്ങളാണോ എന്നു നോക്കാതെ പകരത്തിനു പകരമെന്ന പുതു രാഷ്ട്രീയ മുറകളെ കാണിച്ചു തരുന്നു ഈ കഥ. നിറങ്ങളേതായാലും
നാണം മറക്കാൻ വഴിവക്കിൽ തൂങ്ങി കിടക്കുന്ന ബാനറുകൾ കൊതിയോടെ നോക്കുന്നു സെൽവനും രാശാത്തിമാരും.  പൂഴിപ്പുഴയുടെ വരണ്ട ചൂടിലെന്ന പോലെ നഗ്നരായി ഇവർ നമുക്കിടയിലൊക്കെയുണ്ട്.

മകന്റെ വേർപ്പാടിൽ വെന്തുരുകുന്ന മാതൃഹൃദയത്തെ "മിഴിനാരുകൾ" എന്ന കഥയിൽ കാണാം. വരുന്നവരിലൊക്കെ മകനെ കാണാൻ അമ്മ ഹൃദയങ്ങൾക്കല്ലാതെ ആർക്കാണാവുക. വർത്തമാന കാലത്തെ പാരിസ്ഥിതിക - ദളിത് രാഷ്ട്രീയങ്ങൾ ഉറക്കെ വിളിച്ചു പറയുന്ന കഥയാണ് "കോലങ്ങൾ".
തങ്ങളുടെ ഇടത്തിലേക്ക് കടന്നു വരുന്ന ശക്തികൾക്കെതിരെ തങ്ങളുടെ സ്വത്വത്തോടെ ചാത്തുണ്ണിയും, ചെമ്പിയും, മലമുത്തപ്പനും അവർക്കു കൂട്ടായ് പ്രകൃതിയും ചെറുത്തു നിൽക്കുന്നു. ദുരന്തപൂരിതമായ വർത്തമാനത്തെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഈ കഥ.

"ഉത്തമൻ" എന്ന കഥയിൽ, പങ്കുവെയ്ക്കാതെ പോയ ബന്ധങ്ങളുടെ ഊഷ്മളത കാണിച്ചുതരുന്നു. പ്രവാസിയും പിന്നീട് ഉത്തമ കൃഷിക്കാരനുമായി മാറിയ അയാളും, തന്നെ ഉത്തമനായ  കൃഷിക്കാരനാക്കി മാറ്റിയ ഷബാനു എന്ന കൃഷി ഓഫസറും തങ്ങൾക്ക് തങ്ങൾ ആരായിരുന്നു എന്ന് തേടുന്ന കഥയാണിത്.

ജനപ്രിയ നോവലിസ്റ്റ് കൃഷ്ണനുണ്ണിയെന്ന മനുഷ്യന്റെ ഒറ്റപ്പെടലിന്റെ കഥ പറയുന്ന "സൂര്യകളങ്കം''. ദാരിദ്യത്തിന്റെയും മാറി മറയുന്ന സൗന്ദര്യബോധത്തിന്റെ കഥ പറയുന്ന ''നൊങ്ക് ", വസുമതിയിൽ നിന്ന് 'വാസു'മതിയിലേക്ക് കാത്തുനില്പാണ് ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന "മുഖമുദ്ര" എന്ന കഥ.

"ചക്കി" എന്ന കഥയക്ക് കാലഭേദങ്ങളില്ല, എല്ലാ കാലത്തും സംഭവിക്കാനിടയുള്ളതാണത്. താനിരിക്കുന്ന സ്ഥാനത്തിനനുസരിച്ച് അമ്മയുടെ ചൂരും, വർത്തമാനവും, സ്നേഹവും തൊട്ടുകൂടാത്തതാവുന്ന മനോഭാവത്തിനു മുന്നിൽ ഒറ്റയ്ക്ക് ഉയർന്നു നിൽക്കുന്നു ചക്കി.
കുറത്തി, അർദ്ധവിരാമം തുടങ്ങിയ കഥകൾ കൂടി ഉൾപ്പെടുന്ന ഈ പുസ്തകം ലോക്ക്ഡൗൺ പിറക്കുന്നതിന് രണ്ടു ദിവസം മുൻപാണ് കൈകളിലെത്തുന്നത്.

കാലത്തിനതീതമായി നിലനിൽക്കുന്ന ഈ കഥകൾ മനസ്സിൽ വലിയ വലിയ ചോദ്യങ്ങൾ ഉയർത്തും. വൈവിധ്യമായ ആഖ്യാനങ്ങളും ഭാഷാപരമായ മികവും, ഗ്രാമീണതയുടെ ബിംബങ്ങളും ചേരുന്ന ഈ കഥകൾ നല്ല വായനാനുഭവം പകരുന്നു.
കാലത്തിന്റെ അതിരുകൾ ഭേദിച്ച് നിലനിൽക്കും ടി.വി.എം.അലിയെന്ന മനുഷ്യന്റെ ഈ 'വലിയ'കഥകൾ.


Wednesday, 27 May 2020

~~~ മരണം ~~~

കൂടെയുണ്ടൊരാൾ
കൂട്ടുകാരൻ
കൂടെ കൂട്ടുവാൻ
കനിവുള്ള നാഥൻ!
~~~~~~~~~~~~~
വരവേൽക്കാൻ
കാത്തു നിന്നു;
വന്നപ്പോൾ
അറിഞ്ഞതേയില്ല!
~~~~~~~~~~~~~
ഇരുട്ടുമുറിയിലുണ്ടൊരു
കറുത്ത പൂച്ച;
തുണിക്കടയിലുണ്ടൊരു
വെളുത്ത കച്ച!
~~~~~~~~~~~~~~~~
ഇരുളിലിരിക്കില്ല
ഉഷസ്സ്!
വെട്ടത്ത് നിൽക്കില്ല
തമസ്സ്!

~~~ ടി.വി.എം.അലി ~~~

Sunday, 3 May 2020


ലോക് ഡൗണിന്റെ കാലത്ത്
വാർത്താ മാധ്യമങ്ങളുടെ ഭാവി...
~~~~~~~~~~~~~~~~~~~

സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസര കാലത്ത്, മത്സരത്വരയോടെ വെല്ലുവിളി ഏറ്റെടുത്തു പ്രവർത്തിച്ചു കൊണ്ടിരുന്ന വാർത്താ മാധ്യമങ്ങൾ ഇന്ന് കോവിഡിന്റെ മുന്നിൽ ഇടിവെട്ടേറ്റ് നിൽക്കുകയാണ്. അടച്ചിട്ട ലോകത്ത് അടിത്തറ തകർന്ന നിലയിലാണ് മിക്ക മാധ്യമ സ്ഥാപനങ്ങളും. അതിജീവനത്തിന്റെ ഇന്നലെകളെപ്പോലെ നാളെകളിൽ നില നിൽക്കാൻ കഴിയുമോ എന്ന ആശങ്ക വ്യാപകമാണ്. മോഹിപ്പിക്കുന്ന പരസ്യങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന കളർ പേജുകൾ ഓർമ്മയാവുമോ എന്നാണ് മാധ്യമ ലോകം ഉറ്റുനോക്കുന്നത്. പത്രത്തിന്റെ താളുകൾ വെട്ടിക്കുറച്ചു കൊണ്ടാണ് പ്രമുഖ പത്രങ്ങൾ വായനക്കാരിലെത്തുന്നത്.
കോവിഡ് വ്യാപനം ഭയന്ന് പത്രങ്ങൾ വേണ്ടെന്ന് വെച്ചവരും ഏറെയാണ്. പരസ്യ വരുമാനവും സർക്കുലേഷൻ പ്രതിസന്ധിയും ചേർന്ന് പത്രങ്ങളെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ലോക പത്ര സ്വാതന്ത്ര്യ ദിനം കൊണ്ടാടപ്പെടുന്നത്.

വിജ്ഞാനം വിരൽ തുമ്പിൽ എത്തിയതോടെ പത്രങ്ങൾ മത്സരിക്കുന്നത് സോഷ്യൽ മീഡിയയോടാണ്. ഒരു സ്മാർട് ഫോൺ കൈയിൽ ഉണ്ടെങ്കിൽ പത്രപ്രവർത്തനത്തിൽ താൽപ്പര്യമുള്ള ആർക്കും തത്സമയ റിപ്പോർട്ടിങ് നടത്താമെന്ന സ്ഥിതി നിലവിലുണ്ട്.
പല പ്രധാന സംഭവങ്ങളും ആദ്യം പുറം ലോകത്ത് എത്തിക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയാണ്. ഇത് പത്രങ്ങളേക്കാൾ ഏറെ ദോഷകരമായി ബാധിച്ചത് സാറ്റലൈറ്റ് മാധ്യമങ്ങളെയാണ്. മത്സരം കടുത്തപ്പോൾ പ്രാദേശിക കേബിൾ ചാനലുകാരെ കൂട്ടുപിടിച്ചു കൊണ്ടാണ് കുത്തക സാറ്റലൈറ്റ് വാർത്താ മാധ്യമങ്ങൾ പിടിച്ചു നിന്നത്. എന്നാൽ കോവിഡ് വ്യാപനം വന്നപ്പോൾ ചരടറ്റ പട്ടം പോലെ വാർത്താ സംപ്രേഷണം കൈ വിട്ട കളിയായി.
ഇതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളാണ് അടിത്തറ ഉറപ്പിക്കാൻ കിണഞ്ഞ് ശ്രമം നടത്തുന്നത്.

ഒരു പത്രം പിറന്നു വീഴുന്നത് പലപ്പോഴും കാലഘട്ടത്തിന്റെ അനിവാര്യതയിൽ നിന്നും തീക്ഷ്ണ മുഹൂർത്തങ്ങളിൽ നിന്നുമാണ്. എന്നാൽ മത്സരാധിഷ്ഠിത കാലത്ത് പ്രമുഖ പത്രങ്ങളും ചാനലുകളും സ്വാർത്ഥ താൽപ്പര്യമനുസരിച്ച് വാർത്തകൾ വളച്ചൊടിക്കുകയോ വികൃതമായി വ്യാഖ്യാനിക്കുകയോ ചെയ്താൽ, ഒരു തിരുത്തൽ ശക്തിയായി നിലകൊള്ളുന്നത് സോഷ്യൽ മീഡിയയാണ് എന്ന് കാണാം.  കമ്പോളത്തിൽ വാർത്തയും ഒരു ഉല്പന്നമാണ്. മത്സരാധിഷ്ഠിത സമൂഹത്തിൽ നിലനിൽപ്പിനുവേണ്ടി പൊരുതുന്ന ദൃശ്യമാധ്യമങ്ങൾ അതിശയോക്തി നിറഞ്ഞ ബ്രേക്കിങ് ന്യൂസ് തള്ളിയാണ് ഉയർന്ന റേറ്റിങ് യോഗ്യത നേടിയിരുന്നത്.

പത്രങ്ങളുടെ പിന്നാമ്പുറ ചരിത്രമൊന്ന് പരിശോധിക്കാം. ബി.സി. 53മുതൽ റോമാ സാമ്രാജ്യത്തു നിന്ന് ഉത്ഭവിച്ച പത്രങ്ങളുടെ ചരിത്രത്തിന് അനുബന്ധമെന്നോണം നമ്മുടെ നാട്ടിൽ ഇന്നും ചുമർ പത്രങ്ങൾ നിലനിൽക്കുന്നുണ്ട്. കവലകളിൽ കൂറ്റൻ ബോർഡുകളിൽ വാർത്ത എഴുതി പ്രദർശിപ്പിച്ചു കൊണ്ടാണ് റോമാ നഗരത്തിൽ പത്രപ്രവർത്തന ചരിത്രത്തിന് നാന്ദി കുറിച്ചത്. വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയുമാണ്‌ പത്ര പ്രവർത്തനത്തിന്റെ
തുടർ ചരിത്രം രേഖപ്പെടുത്തുന്നത്‌.

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലാണ്‌ ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ദി ഡയ്ലി കോറന്റ്‌ എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690ൽ അമേരിക്കയിലും പത്രപ്രസിദ്ധീകരണമാരംഭിച്ചു.
ഈ കാലഘട്ടത്തിൽ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌.
1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായിരുന്നു.

1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്വ ചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ നടന്നിട്ടുണ്ട്‌.
ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്വ ചിന്തകൾ ഇന്നും തുടരുന്നു.

ജെയിംസ്‌ അഗസ്റ്റസ് ഹിക്കി എന്ന സായിപ്പാണ്‌ ഇന്ത്യയിലെ ആദ്യത്തെ പത്രം പുറത്തിറക്കിയത്‌. ബംഗാൾ ഗസറ്റ് (കൽക്കട്ട അഡ്വർടൈസർ) എന്നായിരുന്നു അതിന്റെ നാമം. എല്ലാവർക്കും വായിക്കാവുന്നതും എന്നാൽ ആരാലും
സ്വാധീനിക്കാൻ കഴിയാത്തതും എന്ന് അവകാശപ്പെട്ടു കൊണ്ടാണ് ആ വർത്തമാന പത്രം വായനക്കാരുടെ കൈകളിൽ എത്തിയത്. 1780 ജനവരി 29നാണ് ആ പത്രം പിറന്നു വീണത്‌. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ
പത്രാധിപർ ജയിലിൽ അടക്കപ്പെട്ടു.
തുടർന്ന് പത്രം അടച്ചു പൂട്ടി. പത്ര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം തന്നെയായിരുന്നു അതിന്റെ അന്ത്യം കുറിച്ചത്.
അങ്ങിനെ ആദ്യത്തെ പത്രം തന്നെ ചരിത്രം കുറിച്ചു.

ലോകത്തിലെ ആദ്യത്തെ പത്രം പുറത്തിറങ്ങിയത് ആയിരം വർഷം മുമ്പാണ്. ''പിങ്ങ് പാവൊ " എന്ന് പേരുള്ള ആ പത്രത്തിന്റെ ജന്മഭൂമി ചൈനയാണ്. തലസ്ഥാന വാർത്തകൾ എന്നാണ് അതിന്റെ അർത്ഥം. എന്നാൽ ആദ്യത്തെ ലക്ഷണമൊത്ത പത്രമായി അറിയപ്പെട്ടത് 1609 ജനവരി 15ന് ജർമനിയിൽ നിന്ന് പുറത്തിറങ്ങിയ
"അവിസൊ" ആണ്. ജൂലിയസ് അഡോൾഫ് മോൻസോഹിനി
എന്ന വ്യക്തിയായിരുന്നു ഉടമ. ഇന്ന് നാം കാണുന്ന പത്രങ്ങളുടെ ആദ്യ രൂപം പിറന്നത്‌ 400 വർഷം മുമ്പ് മാത്രമാണ്. ലോക ചരിത്രത്തിൽ ഇത് ചെറിയൊരു
കാലയളവു മാത്രമായതിനാൽ പത്രങ്ങളുടെ വളർച്ച കൂമ്പടഞ്ഞു എന്ന് പറഞ്ഞ് വിലപിക്കാൻ സമയമായിട്ടില്ല. ആർജവമുള്ളതും പ്രതികരണ ശേഷി നില നിൽക്കുന്നതുമായ ഒരു സമൂഹത്തിൽ മാധ്യമങ്ങളുടെ വളർച്ചയും വികാസവും ഇനിയും പൂർണത പ്രാപിക്കുക തന്നെ ചെയ്യും.

ദേശീയ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പത്രങ്ങൾ വലിയ ചാലകശക്തി തന്നെയായിരുന്നു.
1868ൽ 'അമൃത ബസാർ' പത്രികയും, 1878ൽ 'ദ ഹിന്ദു'വും, പോരാട്ട ഭൂമിയിൽ പതാകാ വാഹകരായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ മറാഠി ഭാഷയിൽ പുറത്തിറങ്ങിയ കേസരി, സുധാരക്, വന്ദേമാതരം, യുഗാന്തർ, ബോംബെ ക്രോണിക്കിൾ തുടങ്ങിയ പത്രങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ഊർജ്ജം പകർന്നിരുന്നു. ബോംബെ ക്രോണിക്കിളിന്റെ മുഖ്യ പത്രാധിപരായിരുന്ന ബെഞ്ചമിൻ ഗൈ ബോർണിമാനെ 1919ൽ ബ്രിട്ടീഷ് സർക്കാർ നാടുകടത്തിയത് ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയെ വിമർശിച്ചതിനായിരുന്നു.

എന്നാൽ വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു കൊണ്ട് പുതിയ പത്രങ്ങൾ പിറന്നു കൊണ്ടിരുന്നു.
സി.വൈ.ചിന്താമണിയുടെ ലീഡർ, സുരേന്ദ്രനാഥ് ബാനർജിയുടെ ബംഗാളി, സി.ആർ.ദാസിന്റെ ഫോർവേഡ്‌, മോത്തിലാൽ നെഹ്റുവിന്റെ ലീഡർ, ഇൻറിപെന്റ്,
ജവഹർലാൽ നെഹ്റുവിന്റെ നാഷണൽ ഹെറാൾഡ്, ആനി ബസന്റിന്റെ ന്യൂ ഇന്ത്യ, ടി.പ്രകാശത്തിന്റെ സ്വരാജ്, രാമനാഥ് ചാറ്റർജിയുടെ മോഡേൺ റിവ്യൂ എന്നീ പത്രങ്ങൾ ശക്തമായ ജിഹ്വകളായിരുന്നു. 1919ൽ യങ് ഇന്ത്യയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു കൊണ്ടാണ് മഹാത്മാഗാന്ധി ദേശീയ പോരാട്ടത്തിന് കരുത്ത് പകർന്നത്. നവജീവൻ, ഹരിജൻ, ഹരിജൻ സേവക്, ഹരിജൻ ബന്ധു തുടങ്ങിയ പത്രങ്ങളും ഗാന്ധിജിയുടെ മേൽനോട്ടത്തിലായിരുന്നു.

ജർമൻ പൗരനും ഭാഷാ പണ്ഡിതനുമായിരുന്ന ഹെർമൻ ഗുണ്ടർട്ടാണ് കേരളത്തിൽ പത്രപ്രവർത്തനത്തിന്റെ വിത്ത് പാകിയത്. 1847ൽ തലശ്ശേരിയിലെ നെട്ടൂർ ഇല്ലിക്കുന്നിൽ ബാസൽ മിഷൻ പള്ളിയുടെ പൂമുഖത്താണ് ആദ്യത്തെ പത്രമായ രാജ്യസമാചാരം ഉയിർത്തത്. ഗുണ്ടർടിന്റെ ശിഷ്യൻ എഫ്.മുള്ളറാണ് രണ്ടാമത്തെ പത്രമായ പശ്ചിമോദയം പുറത്തിറക്കിയത്.

1866ൽ കൊച്ചിയിൽ നിന്ന് തുടങ്ങിയ വെസ്റ്റേൺ സ്റ്റാർ പത്രമാണ് കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം.
അത് ഇംഗ്ലീഷിലായിരുന്നു. ഈ പത്രത്തിൽ തിരുവിതാംകൂർ രാജാവിനേയും ദിവാനേയും വിമർശിച്ച് ലേഖനമെഴുതിയതിന് ജി.പരമേശ്വരൻപിള്ള എന്ന വിദ്യാർത്ഥിയെ കോളേജിൽ നിന്ന് പുറത്താക്കിയത് വിവാദമായിരുന്നു. പിന്നീട് ബാരിസ്റ്റർ ജി.പി.പിള്ള എന്ന തൂലിക നാമത്തിലാണ് അദ്ദേഹം രചന നടത്തിയത്.

ആദ്യ മലയാളപത്രം എന്ന പദവി പശ്ചിമതാരകക്കാണ്. കേരള പതാക, സന്ദിഷ്ട വാദി, സത്യനാദ കാഹളം, നസ്രാണി ദീപിക തുടങ്ങിയ പത്രങ്ങളും അക്കാലത്ത് പിറവിയെടുത്തു. 1887ൽ പത്തനംതിട്ടയിൽ നിന്ന് പുറത്തിറക്കിയ നസ്രാണി ദീപികയാണ് ഇന്നത്തെ ദീപിക. 1890ലാണ് കോട്ടയത്തുനിന്ന് മലയാള മനോരമ പ്രസിദ്ധപ്പെടുത്തിയത്. 1938ൽ ദിവാനായിരുന്ന സർ സി.പി.രാമസ്വാമി അയ്യർ മനോരമ പത്രം നിരോധിക്കുകയും ഓഫീസും പ്രസും മുദ്രവെക്കുകയും ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ സമരത്തെ പിന്തുണച്ചതിന്റെ പേരിലായിരുന്നു ഈ നടപടി. അന്ന് മാമ്മൻമാപ്പിളയായിരുന്നു മനോരമയുടെ മുഖ്യ പത്രാധിപർ.

1905ൽ വക്കം മുഹമ്മദ്
അബ്ദുൽഖാദർ മൗലവി ആരംഭിച്ച സ്വദേശാഭിമാനി പത്രം ചരിത്രത്തിലെ ചുവന്ന ഏടാണ്. 1906ൽ പത്രാധിപ ചുമതല ഏറ്റെടുത്ത കെ.രാമകൃഷ്ണപിള്ളയെ
1910 സെപ്തംബർ 26ന് നാടുകടത്തി. സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസും  പ്രസും കണ്ടു കെട്ടി. ദിവാൻ സർ സി.രാജഗോപാലാചാരിയേയും ശ്രീമൂലം തിരുനാൾ മഹാരാജാവിനേയും വിമർശിച്ചതിനായിരുന്നു നാടുകടത്തൽ.

1935ൽ കേസരി ബാലകൃഷ്ണപിള്ളക്കും വൈതരണികൾ സമാനമായിരുന്നു. തുടർന്ന് കേസരിയും മുദ്രവെച്ചു. സ്വാതന്ത്ര്യ പോരാട്ടത്തിന് കരുത്തു പകർന്ന മാതൃഭൂമിയും, 1937ൽ സി.കേശവൻ ആരംഭിച്ച കൗമുദിയും സർ സി.പി.യുടെ കോപത്തിനിരയായി താഴിട്ടു. സി.വി.കുഞ്ഞിരാമൻ നായരുടെ കേരള കൗമുദിയും, 1942ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ മുഖപത്രമായിറങ്ങിയ ദേശാഭിമാനിയും ഷൊർണൂരിൽ നിന്ന് ഇറങ്ങിയ ഇ.എം.എസിന്റെ പ്രഭാതവും ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്.

ആ കാലഘട്ടത്തിൽ നിന്ന് ഏറെ ദൂരം പിന്നിട്ടെങ്കിലും പത്രങ്ങളോടും മറ്റു മാധ്യമങ്ങളോടുമുള്ള ഭരണകൂട സമീപനം ഇന്നും അസഹിഷ്ണുത നിറഞ്ഞതാണ്. മാധ്യമങ്ങളെ വിലക്കെടുക്കാൻ ഭരണകൂടം എല്ലാ കാലത്തും മുതിർന്നിട്ടുണ്ട്. ഇപ്പോഴാവട്ടെ ഭരണകൂടത്തിനു പുറമെ ബിസിനസ് മാഫിയകളും രാഷ്ട്രീയ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും മാധ്യമങ്ങളെ നക്കിയും ഞെക്കിയും കീഴടക്കാൻ ശ്രമിക്കുന്നു. പരസ്യം നിഷേധിച്ചു കൊണ്ട് സർക്കാരും കോർപ്പറേറ്റുകളും മാധ്യമങ്ങളെ ശ്വാസം മുട്ടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, ഗുണ്ടാ രാഷ്ട്രീയ ശക്തികൾ ഗൗരി ലങ്കേഷ്മാരെയാണ് എന്നന്നേക്കുമായി നാടുകടത്തുന്നത്. ഭരണകൂടത്തിന് ഇഷ്ടമാവാത്ത വാർത്തകൾ എഴുതുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തി നിഷ്ക്രിയരാക്കുന്ന പ്രവണത വർധിക്കുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കപ്പെടുന്നു. കലാപങ്ങൾക്ക് പ്രേരണയാവുന്ന തരത്തിൽ വാർത്തകൾ പടച്ചുവിട്ടു എന്ന തരത്തിൽ നിയമ നടപടികൾ ഉണ്ടാവുന്നു. മത തീവ്രവാദവും ആഗോള ഭീകരതയും ആസുരമാവുന്ന വർത്തമാനകാലത്ത് മാധ്യമ പ്രവർത്തനം കൂടുതൽ അപകടം പിടിച്ച പ്രവൃത്തിയായി മാറിയിട്ടുണ്ട്. ലോകത്തെല്ലായിടത്തും അസ്വസ്ഥത പടർന്നു കയറുമ്പോൾ ആദ്യം ഇരകളാവുന്നത് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തകരാണ്. നിരവധി മാധ്യമ പ്രവർത്തകർ തൊഴിലിടത്തിൽ പിടഞ്ഞു വീണ് ജീവാർപ്പണം ചെയ്തിരിക്കുന്നു. ഈ ദിനത്തിൽ അവരെ നമുക്ക് സ്മരിക്കാം.

കാലത്തിന്റെ മുഖം കാണിക്കുന്ന കണ്ണാടിയാണ് മാധ്യമങ്ങൾ എന്നതിനാൽ കാലമുള്ളിടത്തോളം കണ്ണാടി ഉടയാതിരിക്കേണ്ടത് ആവശ്യമാണ്. ജനാധിപത്യത്തിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന മീഡിയയുടെ വിശ്വാസ്യത തകർക്കാൻ സർക്കാരും നിക്ഷിപ്ത താൽപ്പര്യക്കാരും ഒളിഞ്ഞും തെളിഞ്ഞും കരുക്കൾ നീക്കുന്നുണ്ട്.  സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പാരമ്പര്യമുള്ള പത്രങ്ങൾ പോലും ചില സന്ദർഭങ്ങളിൽ കാലിടറി വീഴുന്നതും കാണുന്നുണ്ട്. പ്രതിസന്ധികളോട് സന്ധി ചെയ്യുന്നവരും ശിരസ് കുനിക്കുന്നവരും സ്വതന്ത്ര മാധ്യമ ധർമം വിസ്മരിക്കുന്നവരാണ്.  പത്ര, ദൃശ്യ, നവ മാധ്യമങ്ങളില്ലാതാവുന്ന ഒരു സമൂഹത്തിൽ, സൂര്യപ്രകാശമുണ്ടാവില്ലെന്നതാണ് വാസ്തവം.

/ www.kathalayam.blogs

Friday, 1 May 2020

∆ കോവിഡ് കാലത്തെ മേയ്ദിന ചിന്തകൾ ∆
   ~~~~~~~~~~~~~~~~~~~~~~~~~~

ലോക്ഡൗണിൽ ലോകം അടച്ചിട്ട പ്രതിസന്ധി ഘട്ടത്തിലാണ് ഇത്തവണ മെയ്ദിന സൂര്യനുണർന്നത്. ആഗോളീകരണത്തിൻ്റെ ആഘോഷ തിമിർപ്പിലായിരുന്ന വൻകിട കുത്തക സ്ഥാപനങ്ങളും അതിനെ പിന്തുണക്കുന്ന ഭരണകൂടങ്ങളും തൊഴിലാളികളുടെ വിലപേശൽ ശക്തി തകർക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണല്ലൊ കൊറോണ വൈറസ് എന്ന മഹാമാരി മരണമാരിയായി പെയ്തിറങ്ങിയത്. എല്ലാം അടച്ചിട്ട കാലത്ത് തൊഴിൽ നഷ്ടപ്പെട്ട കോടാനുകോടി തൊഴിലാളികളുടെ വിലാപങ്ങളാണ് ഇക്കുറി മെയ് ദിന ചിന്തകളായി ഉയരുന്നത്.

അതാത് ദിവസം പണിയെടുത്ത് അന്നത്തിന് വക തേടുന്ന കൂലി തൊഴിലാളികളുടെ അവസ്ഥ എന്താണ്?
പാടത്തും പറമ്പിലും തോട്ടങ്ങളിലും പണിയെടുക്കുന്നവർ, ചുമട്ടുതൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ, പീടികതൊഴിലാളികൾ, പരമ്പരാഗത തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ, ലോട്ടറി ഏജൻ്റുമാർ, പുറം കരാർ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ചെറുകിട വ്യാപാരികൾ, അതിഥി തൊഴിലാളികൾ തുടങ്ങിയ അസംഘടിത മേഖലയിലുള്ള ലക്ഷകണക്കിന് മനുഷ്യർ തൊഴിൽ നഷ്ടം നേരിട്ട് വരുമാനമൊന്നുമില്ലാതെ നട്ടം തിരിയുകയാണ്. കേരളത്തിൽ സൗജന്യ റേഷനും പല വ്യഞ്ജന കിറ്റും കിട്ടുന്നതു കൊണ്ട് പട്ടിണിയിലായിട്ടില്ലെന്ന് സമാധാനിക്കാം. എന്നാൽ നമ്മുടെ അയൽ സംസ്ഥാനങ്ങളിലും അമേരിക്ക ഉൾപ്പെടെയുള്ള ഒന്നാം കിട വികസന നാടുകളിലും ഭക്ഷണവും ചികിത്സയും താഴെ തട്ടിലുള്ളവർക്ക് കിട്ടാക്കനിയാണ്.

മുതലാളിത്തം കൊടിയ ചൂഷണത്തിന് കച്ചകെട്ടിയ കാലത്ത് തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘശക്തിയിൽ വിള്ളലുണ്ടാക്കാനും അവകാശങ്ങൾ കവർന്നെടുക്കാനും തൊഴിൽ മേഖലയിൽ കരാർവൽക്കരണം ത്വരിതപ്പെടുത്താനും കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ടു മുമ്പുണ്ടായിരുന്ന തൊഴിൽ സാഹചര്യങ്ങൾ തിരിച്ചു കൊണ്ടുവരാൻ അവർ നീക്കം നടത്തുകയും ചെയ്തു കൊണ്ടിരുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ സംഹാര താണ്ഡവമാടിയപ്പോൾ സ്ഥിരം തൊഴിലാളികൾ പോലും അരക്ഷിതാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിലും ഇതിൻ്റെ അലയൊലികളുണ്ടായി. താഴെ തട്ടിലുള്ള തൊഴിലാളികളുടെ ജോലി ഭാരം വർധിപ്പിക്കുകയും ആനുകൂല്യങ്ങൾ വെട്ടി കുറക്കുകയും ചെയ്തു.
ഒരേ സമയം ഇരട്ടപ്രഹരമാണ് വിവിധ മേഖലകളിൽ തൊഴിലാളികൾ അനുഭവിച്ചത്.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖല സ്ഥാപനങ്ങൾ കെടുകാര്യസ്ഥത മൂലം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. അതേ സമയം സ്വകാര്യ കമ്പനികൾ വൻതോതിൽ ലാഭം കൊയ്തു.

അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത് 1886 ലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയിൽ നിന്നാരംഭിച്ച തൊഴിലാളി വർഗ്ഗ പോരാട്ടം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗത്തും ഇനിയും തുടരേണ്ട സാഹചര്യമാണ് കോവിഡാനന്തര കാലത്ത് കാത്തിരിക്കുന്നത്.
1904ൽ ആംസ്റ്റർഡാമിൽ നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫ്രൻസിന്റെ വാർഷിക യോഗത്തിലാണ് മെയ്ദിനം ആചരിക്കാൻ ആദ്യമായി തീരുമാനിച്ചത്. 1923 ലാണ് ഇന്ത്യയിൽ മെയ് ദിനാചരണം തുടങ്ങിയത്. ലേബർ കിസാൻ പാർടി ഓഫ് ഹിന്ദുസ്ഥാൻ എന്ന ട്രേഡ് യൂനിയനാണ് മെയ്ദിനത്തിൽ ചെങ്കൊടി ഉയർത്തിയത്.
മദിരാശി ഹൈക്കോടതിയുടെ മുന്നിൽ നടന്ന മെയ്ദിന സമ്മേളനത്തിലാണ് ദേശീയ അവധി വേണമെന്ന ആവശ്യം പ്രമേയത്തിലൂടെ ഉന്നയിക്കപ്പെട്ടത്. എന്നാൽ വി.പി.സിങ്ങ് പ്രധാനമന്ത്രി പദവിയേറ്റ ശേഷമാണ് മെയ്ദിനം ദേശീയ അവധി ദിനമായി അംഗീകരിച്ചത്. എൺപതോളം രാജ്യങ്ങളിൽ പോരാട്ട സ്മരണകൾ ഉണർത്തിക്കൊണ്ട് തൊഴിലാളികൾ മെയ്ദിന റാലികൾ നടത്താറുണ്ട്.  ആ രാജ്യങ്ങളെല്ലാം മെയ്ദിനം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ കേന്ദ്ര ഗവ.വകുപ്പുകളിൽ മാത്രം ഇപ്പോഴും മെയ്ദിന അവധി യാഥാർത്ഥ്യമായിട്ടില്ല. ഇന്ത്യാ മഹാരാജ്യത്ത് അസംഘടിതരായ കോടിക്കണക്കിന് തൊഴിലാളികൾ മെയ്‌ ദിനത്തിലും അടിമനുകം കഴുത്തിലണിഞ്ഞു പണിയെടുക്കുന്നു എന്ന വസ്തുത കാണാതിരുന്നുകൂടാ.

കോവിഡ് വ്യാപന കാലത്ത് ലോകമെങ്ങുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ വസന്തകാലം അസ്തമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള ഭീമന്മാരുടെ ചിറകിന്നടിയിൽ തൊഴിൽ സുരക്ഷിതത്വം മരീചികയാണ്. അധ്വാനിക്കുന്നവരുടെ വില പേശൽ ശക്തി ക്ഷയിച്ചു കഴിഞ്ഞു. കിട്ടിക്കൊണ്ടിരുന്ന വേതനം തന്നെ തുടർന്നും കിട്ടുമോ എന്ന ആശങ്കയാണ് എങ്ങും കാണപ്പെടുന്നത്. കോവിഡിനെ മുൻനിർത്തി പുതിയ നിയമനിർമാണങ്ങൾ കൊണ്ടുവരുന്ന ഭരണകൂടങ്ങൾ ലക്ഷ്യമിടുന്നത് രോഗശമനം മാത്രമല്ലാ, തൊഴിലാളി വർഗ്ഗത്തിൻ്റെ സംഘബലം തകർക്കുക എന്നതുകൂടിയാണ്.

നിലവിൽ നിയമന വ്യവസ്ഥ പോലും കടുത്ത വെല്ലുവിളി നേരിടുന്നു. സർക്കാർ സർവീസിൽ വ്യാപകമായ തോതിൽ കരാർ നിയമനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ആഗോളവൽക്കരണ ത്തിന്റെ നീരാളിക്കൈകൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.
നവ ലിബറൽ നയങ്ങളുടെ കൂർത്ത കോമ്പല്ലുകൾ ദൈനം ദിന ജീവിതത്തെ അലോസരപ്പെടുത്തുന്നു. അതിനു പുറമെ തൊഴിലാളികളുടെ ജീവിത സുരക്ഷ തന്നെ അപകടത്തിലാക്കുന്ന തരത്തിലുള്ള നിയമ നിർമാണവുമായി കേന്ദ്ര ഗവ.മുന്നോട്ടു പോവുന്നു. തൊഴിലാളി വിരുദ്ധ നയങ്ങൾ ചെറുത്തു തോൽപ്പിക്കാൻ സംഘടിത ശക്തിയെന്ന് പറയുന്ന ട്രേഡ് യൂനിയനുകൾക്ക് കഴിയുന്നുമില്ല.
കോവിഡാനന്തര കാലത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് കാത്തിരിക്കുന്നത്.

കേരളത്തിലെ ഇന്നത്തെ തൊഴിൽ മേഖലയിൽ സംഭവിക്കുന്നത് എന്താണ്?  വിദ്യാസമ്പന്നരായ ലക്ഷോപലക്ഷം യുവാക്കളുടെ അവസ്ഥ
പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസം നേടിയ എഞ്ചിനിയർമാരും അധ്യാപകരും കൊടിയ ചൂഷണം നേരിട്ടു കൊണ്ടിരിക്കുന്നു. സ്വാശ്രയ സ്ഥാപനങ്ങളിൽ  പണിയെടുക്കുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് പതിനായിരം രൂപ പോലും പ്രതിമാസം ശമ്പളം ലഭിക്കുന്നില്ല. രാപകൽ സേവനം നടത്തുന്ന നഴ്സുമാർക്ക്  അയ്യായിരം രൂപ പോലും
സ്വകാര്യ ആശുപത്രി മാനേജ്മെന്റ് നൽകുന്നില്ല. അവരുടെ യോജിച്ച പ്രക്ഷോഭങ്ങളെ തുടർന്ന് അവർക്ക് അനുകൂലമായി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടും ആശുപത്രി മുതലാളിമാർ വർധിപ്പിച്ച ശമ്പളം നൽകാൻ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയാണ്. തുണിക്കടകളിലും സൂപ്പർ മാളുകളിലും ജ്വല്ലറികളിലും മറ്റും ജോലി ചെയ്യുന്നവർക്ക് മിനിമം വേതനമോ ഓവർ ടൈം ആനുകൂല്യമോ ലഭ്യമല്ല. അനീതിക്കെതിരെ തൂലിക ഏന്തുന്ന പത്ര പ്രവർത്തകർക്കും മുഴുവൻ സമയ വാർത്താ ചാനൽ പ്രവർത്തകർക്കും വേജ് ബോർഡ് നിർദേശിച്ചിട്ടുള്ള ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടുന്നില്ല. കോവിഡ് കാലത്ത് വ്യാപകമായ പിരിച്ചുവിടൽ ഭീഷണിയും അവർ നേരിടുന്നു.

അതുപോലെ കേന്ദ്ര ഗവ.നു കീഴിലുള്ള തപാൽ വകുപ്പിൽ വർഷങ്ങളായി പണിയെടുക്കുന്ന മൂന്നു ലക്ഷത്തോളം ഗ്രാമീണ്‍ ഡാക് സേവക് ജീവനക്കാർക്ക്, തുല്യ ജോലിക്ക് തുല്യവേതനമോ റഗുലർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റു ആനുകൂല്യങ്ങളോ അനുവദിക്കുന്നില്ല. 
മുപ്പതും നാൽപ്പതും വർഷം സേവനം നടത്തി വിരമിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം എങ്ങിനെ ജീവിക്കും എന്നറിയാതെ അവരുടെ കുടുംബങ്ങൾ ആശങ്കയിലാണ്. തപാൽ വകുപ്പിൽ നാളിതു വരെ നടന്ന എല്ലാ സമരങ്ങളിലും ഈ പ്രശ്നം മുന്നോട്ടു വെച്ചിരുന്നു. നാല്പത് വർഷം മുമ്പ് 150 രൂപ പ്രതിമാസ ശമ്പളം വാങ്ങി തപാൽ വകുപ്പിൽ പ്രവേശിച്ച ജീവനക്കാർക്ക് ഏതാനും മാസം മുമ്പു മാത്രമാണ് അടിസ്ഥാന വേതനം പതിനായിരം രൂപയാക്കി ഉയർത്തിയത്. സിവിൽ സർവന്റ് പദവി നൽകണമെന്ന 1977ലെ സുപ്രീം കോടതി വിധി നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും നടപ്പാക്കപ്പെട്ടില്ല.
ഏഴാം ശമ്പളകമീഷന്റെ പരിധിയിൽ പോലും അവരെ ഉൾപ്പെടുത്തിയില്ല. അനുകൂല ശുപാർശകൾ നൽകിയ ജസ്റ്റിസ് തൽവാർ കമ്മിറ്റി റിപ്പോർട് അട്ടിമറിക്കപ്പെട്ടതു പോലെ, കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോർട്ടും വെള്ളം ചേർത്തു അഴകുഴമ്പ് പരുവത്തിലാക്കി. ശിപാർശകൾ എല്ലാം അംഗീകരിച്ചുവെന്ന് പറഞ്ഞ് പാർലിമെന്റിനെ പോലും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. സമയബന്ധിത വേതനം എന്ന പേരിൽ നാല് മണിക്കൂറിന്റെ അലവൻസ് നൽകി എട്ടു മണിക്കൂറിലേറെ പണിയെടുക്കാൻ നിർബന്ധിപ്പിക്കപ്പെടുന്ന കാട്ടുനീതിയാണ് തപാൽ മേധാവികൾ കൈക്കൊള്ളുന്നത്. ഗ്രാമീൺ ഡാക് സേവക് വിഭാഗത്തിൽ നിയമിക്കപ്പെടുന്ന സമയത്ത് വ്യവസ്ഥകളൊന്നും തന്നെ ബോധ്യപ്പെടുത്താതെയാണ് ചൂഷണം ചെയ്യുന്നത്. ഉപജീവനത്തിന് മറ്റു വരുമാന മാർഗ്ഗങ്ങൾ വേണമെന്നും തപാൽ വകുപ്പിലെ ജോലി തികച്ചും സേവനമാണെന്നും ജീവിക്കാനുള്ള വരുമാനമാർഗ്ഗമെന്ന നിലയിൽ ആരും തന്നെ ഈ തസ്തികയിൽ പ്രവേശിച്ചിട്ടില്ലെന്നുമാണ് തപാൽ മേധാവികൾ ഈയിടെ കോടതിയിൽ ബോധിപ്പിച്ചത്.

കോവിഡിൻ്റെ സമൂഹ വ്യാപനം തടയാൻ എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് കർശനമായി നിർദ്ദേശിക്കുന്ന സർക്കാർ തന്നെ, തപാൽ വകുപ്പിലെ ജീവനക്കാരെ വീട്ടിലിരുത്തിയില്ല. അവശ്യ സർവീസ് എന്ന പേരിൽ മുഴുവൻ ജീവനക്കാരേയും രംഗത്തിറക്കി. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ പത്തും പതിനഞ്ചും കി.മീറ്റർ ദൂരെ താമസിക്കുന്ന ജീവനക്കാർ വല്ലാതെ കഷ്ടപ്പെട്ടുകൊണ്ടാണ് ഓഫീസിലെത്തിയത്. വാണിജ്യ ബാങ്കുകാർ ചെയ്യേണ്ടതായ ജോലി പോലും തപാൽ ജീവനക്കാരുടെ മേൽ അടിച്ചേല്പിക്കപ്പെട്ടു.
ജീവന് രോഗ ഭീഷണി നേരിടുന്ന ഘട്ടത്തിലും തൻ്റെതല്ലാത്ത ജോലി കൂടി തപാൽ ജീവനക്കാർക്ക് ചെയ്യേണ്ടി വന്നു. ഇന്ത്യാ പോസ്റ്റ് പേമെൻ്റ് ബാങ്കിനു വേണ്ടി ചെയ്യുന്ന അധിക ജോലിക്ക് തുച്ഛമായ ഇൻസെൻ്റീവ് മാത്രമാണ് വാഗ്ദാനം ചെയ്തത്.
ഹോട്ട് സ്പോട്ട് മേഖലകളിലും, ക്വാറണ്ടൈയ്നിൽ കഴിയുന്നവരുടെ വീടുകളിലും ജീവനക്കാർ കയറി ഇറങ്ങി ബയോമെട്രിക് സംവിധാനത്തിലൂടെ പെൻഷൻ തുക വിതരണം ചെയ്തു. കോവിഡ് കാലത്ത് ജനങ്ങളെ സേവിക്കാൻ രംഗത്തിറങ്ങിയ ജീവനക്കാരുടെ മേൽ ദിനേന അധിക ജോലികൾ അടിച്ചേൽപ്പിക്കുന്ന സമീപനമാണ് പിന്നീടും തുടരുന്നത്.

കോവിഡ് കാലത്ത് കൊണ്ടുവരുന്ന മാരക പ്രഹര ശേഷിയുള്ള തൊഴിൽ നിയമങ്ങൾ സ്ഥിരം സംവിധാനമായി മാറും എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പതിനായിരം രൂപ വേതനം പറ്റുന്ന ഗ്രാമീൺ ഡാക് സേവകന്മാരുടെ പതിനെട്ടു മാസത്തെ ക്ഷാമബത്തയും ഇൻക്രിമെൻറും ബോണസും വെട്ടുന്നതിനു പുറമെ പന്ത്രണ്ട് ദിവസത്തെ വേതനം കൂടി പി.എം.കെയർ ഫണ്ടിലേക്ക് നൽകണമെന്ന് അധികൃതർ നിഷ്കർഷിക്കുന്നു. സംസ്ഥാന സർക്കാരാവട്ടെ ഇരുപതിനായിരത്തിൻ്റെ താഴെ ശമ്പളം വാങ്ങുന്നവരെ ഇത്തരം നടപടികളിൽ നിന്ന് ഒഴിവാക്കിയത് മാതൃകയാണ്.
ഓരോ പൗരന്റേയും ജീവിത ഭദ്രത ഉറപ്പുവരുത്താൻ ബാധ്യതയുള്ള കേന്ദ്ര സർക്കാരിന്റെ കീഴിലെ തപാൽ വകുപ്പാണ് അടിമവ്യവസ്ഥിതി ഇപ്പോഴും തുടരുന്നത്. ഈ മേഖലയിലെ ചില ട്രേഡ് യൂനിയനുകളാവട്ടെ തപാൽ വകുപ്പിന്റെ ചൂഷണത്തിന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു. മേയ് ദിനത്തിന് പൊതു അവധി വേണമെന്ന് ആവശ്യപ്പെടാൻ പോലും അവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ചുരുക്കി പറഞ്ഞാൽ പൊതുമേഖലയും സ്വകാര്യ മേഖലയും കൊടിയ ചൂഷകരായി മാറിക്കൊണ്ടിരിക്കുകയാണ്.
താൽക്കാലിക ജീവനക്കാർ, പുറംകരാർ ജീവനക്കാർ, ദിവസ വേതനക്കാർ എന്നിങ്ങനെയുള്ള നിയമനങ്ങളാണ് ഇപ്പോൾ മിക്ക വകുപ്പിലും  നടക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും പബ്ലിക് സർവീസ് കമ്മീഷനും ഇനി ആവശ്യമുണ്ടോ എന്ന ചോദ്യം തന്നെ ഇതിനകം ഉയർന്നു കഴിഞ്ഞു.

മറ്റൊരു കാര്യം സുരക്ഷിതരെന്ന് നാം കരുതപ്പെടുന്ന ജീവനക്കാരുടെതാണ്. എസ്.ബി.ഐ.യെ പോലെയുള്ള വലിയ പൊതുമേഖലാ ബാങ്കിലെ ജീവനക്കാർ പോലും തൊഴിൽ ഭീഷണി നേരിടുന്നു. ബാങ്കുകളുടെ ലയനത്തെ തുടർന്ന് നൂറുകണക്കിന് തസ്തികകൾ വെട്ടിക്കുറച്ചു. നിർബന്ധിത വിരമിക്കൽ ഭീഷണി ജീവനക്കാരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമം നടക്കുന്നു. ആധാർ എനേബിൾ പേമെൻ്റ് സിസ്റ്റത്തിലൂടെ ബാങ്കിൻ്റെ സേവനങ്ങൾ മറ്റു ഏജൻസികൾ അപഹരിക്കുന്നു. പൊതുമേഖലയെ വിഴുങ്ങാൻ റിലയൻസ് മണി എന്ന കുത്തക കമ്പനി വല വിരിച്ചു കഴിഞ്ഞു. മറ്റു ബാങ്കുകളിലും കുത്തക കമ്പനികളുടെ നുഴഞ്ഞു കയറ്റം സംഭവിക്കുമെന്നു കരുതണം.

അതുപോലെ ഏതെങ്കിലും കുത്തക കൊറിയർ കമ്പനി തപാലിനെ വിഴുങ്ങുന്നതിനും തക്കം പാർത്തിരിക്കുകയാണ്. പോസ്റ്റൽ പേമെന്റ് ബാങ്കിലൂടെ കയറിക്കൂടാനാണ് അവരുടെ ശ്രമം.
ഇന്ത്യൻ റെയിൽവേയും ബഹുരാഷ്ട്ര കമ്പനിയുടെ കാൽക്കീഴിലേക്ക് നീങ്ങി തുടങ്ങി.
ബി.എസ്.എൻ.എൽ ഇപ്പോൾ തന്നെ ഇത്തിക്കണ്ണിയുടെ ഇരയാണ്. ആയിരകണക്കിന് ജീവനക്കാർ സ്വയം വിരമിച്ച് വീട്ടിലിരിക്കുന്നു.
കിട്ടാനുള്ള ശമ്പളം പോലും കൃത്യമായി ലഭിക്കാത്ത സ്ഥിതിയിലാണവർ.
ഈ സ്ഥിതി മറ്റു പൊതുമേഖലാ സ്ഥാപന
ങ്ങളെയും കാത്തിരിക്കുന്നുണ്ട്.

ചുരുക്കി പറഞ്ഞാൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ ഇവിടെ
ഒരു നിശബ്ദ പ്രതിവിപ്ലവം തൊഴിലാളി വർഗ്ഗത്തിനെതിരെ നടന്നു കൊണ്ടിരിക്കുകയാണ്.
ഇക്കാര്യം മുൻകൂട്ടി കാണാനോ പ്രതിരോധിക്കാനോ സംഘടിത ട്രേഡ് യുണിയൻ നേതാക്കൾക്കോ തൊഴിലാളി വർഗ്ഗ രാഷ്ടീയം കൈകാര്യം ചെയ്യുന്നവർക്കോ സാധിച്ചിട്ടില്ല.
അതിനിടയിലാണ് മഹാമാരിയുടെ താണ്ഡവമുണ്ടായത്. വിദേശ മലയാളികൾ പ്രവാസം ഉപേക്ഷിക്കപ്പെട്ട് നാട്ടിലെത്തുമ്പോൾ പ്രതിസന്ധി ഇനിയും മൂർച്ഛിക്കും. തൊഴിൽ മേഖലയിൽ പ്രവചിക്കാൻ കഴിയാത്ത വിധം അസ്വാരസ്യങ്ങൾ ഉയരും. കടുത്ത മത്സരങ്ങൾ ഉണ്ടാവും. കാർഷിക മേഖലയിൽ പുതിയ ഉണർവ്വുണ്ടാവും. ഉല്പാദനം വർധിക്കും. പക്ഷേ ക്രയശേഷി കുറയും.
അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ഉരുണ്ടുകൂടും.

സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മുദ്രാവാക്യത്തിന് എല്ലാ കാലത്തും പ്രസക്തിയുണ്ട്. മാറ്റം കൊണ്ടുവരാൻ തൊഴിലാളിക്കാണ് കഴിയുക. ആരോഗ്യ പ്രവർത്തകരും നിയമപാലകരും അഗ്നി സുരക്ഷാ ജീവനക്കാരും, റെയിൽവേ അധികൃതരും, തപാൽ ജീവനക്കാരും വളണ്ടിയർമാരും മറ്റും അവസരത്തിനൊത്ത് ഉയർന്ന് കോവിഡിനെ നേരിടുന്നത് കാണുക. അതുപോലെ പ്രതിസന്ധി ഘട്ടത്തിൽ അപ്രതീക്ഷിതമായ മുന്നേറ്റങ്ങൾ ഉണ്ടാവണം. ഇനിയും സമയം വൈകിയിട്ടില്ലെന്നു തോന്നുന്നുണ്ടെങ്കിൽ നേതൃത്വം മുന്നോട്ടു വരണം.
പരമ്പരാഗത പോരാട്ട രീതികളിൽ നിന്ന് വേറിട്ടൊരു സമര മുറയാണ്‌ ഇനി അഭികാമ്യം. ജനങ്ങളുടെ സ്വൈര ജീവിതത്തിനു ഭംഗം വരാത്ത തരത്തിലുള്ള ഒരു സമര രീതി രൂപപ്പെടുത്തിയാൽ മാത്രമേ നാടിന്റെ പിന്തുണ നേടാനാവൂ.
കാലം മാറുന്നതിനു അനുസൃതമായി തൊഴിലാളി സംഘടനകളുടെ പ്രവർത്തന രീതികളിലും മാറ്റം
അനിവാര്യമാണ്. ഈ തിരിച്ചറിവ് ഉണ്ടാവുന്നില്ലെങ്കിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഭാവി കൂടുതൽ
ഇരുളടഞ്ഞതാവും.

© ടി.വി.എം.അലി ©

Thursday, 23 April 2020

ഒരു മാസം പിന്നിടുന്നു:



കൂകി പായാത്ത തീവണ്ടിക്കാലം.


ഇതു പോലെ ഒരു കാലം ഓർത്തെടുക്കാൻ കൂടി കഴിയുന്നില്ലെന്നാണ് പഴമക്കാരുടെ പക്ഷം. ഒന്നര നൂറ്റാണ്ടിനിടയിൽ യുദ്ധകാലത്തുപോലും കൂകി പാഞ്ഞിരുന്ന യാത്രാ വണ്ടികളാണ് പാളങ്ങളിൽ നിന്ന് അപ്രത്യക്ഷമായത്. റെയിൽ പാതയോരങ്ങളിൽ താമസിക്കുന്നവർ ചൂളം വിളി കേൾക്കാതായിട്ട് മാസമൊന്ന് പിന്നിടുകയാണ്. നാട്ടുകാരുടെ സമയക്രമം നിശ്ചയിച്ചിരുന്ന ഒരു തീവണ്ടിക്കാലമാണ് കോവിഡിന് വഴിമാറിയത്.

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് കൊറോണ വ്യാപന ഭീതി മൂലം യാത്രാ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തിവെച്ചത്.
1973ലും 1974ലും റെയില്‍വേ പണിമുടക്കിനെ തുടര്‍ന്നാണ് ഇതിനുമുമ്പ് ട്രെയിന്‍ ഗതാഗതം നിലച്ചിട്ടുള്ളത്.
ഇപ്പോൾ കോവിഡ് വൈറസ് വ്യാപനം ഗുരുതരമായതോടെ മെയ് 3 വരെ എല്ലാ യാത്രാ ട്രെയിനുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
അതിനു ശേഷവും ഓടുമെന്ന് പറയാറായിട്ടില്ല. ചാർട് ചെയ്ത ചില ചരക്കു വണ്ടികള്‍ മാത്രമാണ് ഇപ്പോൾ ഓടുന്നത്.
രണ്ടു പതിറ്റാണ്ടു മുമ്പ് കടലുണ്ടിക്ക് സമീപം തീവണ്ടി പുഴയിൽ വീണതിനെ തുടർന്ന് ഷൊർണൂർ - കോഴിക്കോട് റൂട്ടിൽ തീവണ്ടി ഗതാഗതം ഏതാനും ദിവസം നിർത്തിവെച്ചിരുന്നു.

പ്രത്യേക സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ ചരക്കുനീക്കം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോൾ റെയില്‍വേ നടത്തുന്നത്. ഭക്ഷ്യധാന്യങ്ങള്‍, പാല്‍, മരുന്ന്, പച്ചക്കറി, എണ്ണ, പഴങ്ങള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്‌സ് വണ്ടികളില്‍ കൊണ്ടു പോകുന്നുണ്ട്.

എന്നാൽ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനം ഇന്ത്യൻ റെയിൽവേ ഈ സമയത്ത് ചെയ്തിട്ടുണ്ട്. കോവിഡ് -19 പ്രതിരോധ പരിപാടിയുടെ ഭാഗമായി ഐസൊലേഷൻ  കോച്ചുകളുടെ നിർമാണം നിശ്ചിത സമയത്തിനകം അവർ പൂർത്തിയാക്കിയത് പ്രശംസനീയമാണ്.

തുടക്കത്തിൽ റെയിൽ‌വേ ബോർഡ് സതേൺ റെയിൽ‌വേയ്ക്ക് 473 കോച്ചുകൾ പരിവർത്തനം ചെയ്യാനാണ് നിർദ്ദേശിച്ചത്. പിന്നീട് ഇത് 573 കോച്ചുകളായി ഉയർത്തുകയും ഏപ്രിൽ പത്തിനകം പൂർ‌ത്തിയാക്കുകയും ചെയ്തു. 
മറ്റു മേഖലകളെ അപേക്ഷിച്ച് ദക്ഷിണ റെയിൽ‌വേയാണ് കൂടുതൽ കോച്ചുകൾ പരിവർത്തനം ചെയ്തത്.

ചെന്നൈ, ട്രിച്ചി, സേലം, മധുര, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലെയും 15 പ്രധാന ഡിപ്പോകളിലെയും ജീവനക്കാരാണ് പഴയ കോച്ചുകളിൽ പരിവർത്തന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയത്. പെരമ്പൂർ കാരേജ് ആൻ്റ് വാഗൺ വർക്ക്സ്, പെരമ്പൂർ ലോക്കോ വർക്ക്സ്, ട്രിച്ചി ഗോൾഡൻ റോക്ക് വർക്ക് ഷോപ്പ് എന്നിവയുടെ മേൽനോട്ടത്തിലാണ് വിവിധ ഡിവിഷനുകളിൽ നിന്നുള്ള ടീമുകൾ ഏകോപിച്ച് പ്രവൃത്തി പൂർത്തിയാക്കിയത്.

ക്വാറണ്ടയ്ൻ / ഐസൊലേഷൻ കോച്ചുകളുടെ പ്രധാന സവിശേഷതകൾ ഇവയാണ്: കോച്ചിലെ ഇന്ത്യൻ സ്റ്റൈൽ ലാവറ്ററി, ബാത്ത് റൂമാക്കി മാറ്റി. രോഗികളെ വേർതിരിക്കുന്നതിനായി ക്യാബിന്റെ പ്രവേശന കവാടത്തിൽ പ്ലാസ്റ്റിക് കർട്ടനുകൾ സ്ഥാപിച്ചു. ഓരോ ക്യാബിനിലും ചുവപ്പ്, നീല, മഞ്ഞ നിറങ്ങളിലുള്ള മാലിന്യ ബാഗുകൾ നൽകി. ബക്കറ്റ്, സോപ്പ് ഡിസ്പെൻസറുകൾ, സോപ്പ് വിഭവങ്ങൾ എന്നിവയും ഓക്സിജൻ സിലിണ്ടറുകൾ, വാട്ടർ പൈപ്പുകൾ എന്നിവയും സ്ഥാപിച്ചു. പരിവർത്തനം ചെയ്ത ബാത്ത് റൂമുകളിൽ ടാപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലാമ്പുകൾ നൽകി. കൊതുക് വല, 3 പെഗ് കോട്ട് ഹുക്കുകൾ, അധിക മൊബൈൽ ചാർജിംഗ് പോയിന്റുകൾ തുടങ്ങിയവയും ഐസൊലേഷൻ കോച്ചുകളിലുണ്ട്.

ഐസൊലേഷൻ കോച്ചുകൾ ആവശ്യാനുസരണം ഇന്ത്യയിൽ എവിടേക്കും കൊണ്ടുപോവാൻ കഴിയും. ഒരു പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങളുടെ ആരോഗ്യ കാര്യത്തിലും റെയിൽവേ ജാഗ്രത കാണിച്ചു. രാജ്യത്തെ ജനകോടികളെ കൂട്ടി യോജിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയ്ക്ക് അഭിവന്ദനം.

// ടി.വി.എം.അലി //

Wednesday, 22 April 2020

കോവിഡ് കാലത്തെ ഭൗമദിന ചിന്തകൾ
~~~~~~~~~~~~~~~~~~~~~~~~

ഓരോ വർഷവും ഈ ദിനത്തിലെങ്കിലും   ലോകമെങ്ങുമുള്ള മനുഷ്യർ ഭൗമ വിചാരവുമായി കഴിയുമെന്ന് കരുതാൻ ആവുമോ?  ഇല്ല.
ഭൂമിയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു തല പുണ്ണാക്കാൻ ആർക്കും സമയമില്ല.

ലോകമെങ്ങും മഹാമാരി മരണമാരിയായി മാറുന്ന സമയത്ത് പ്രത്യേകിച്ചും.
കവികളും ചിന്തകരും ശാസ്ത്രജ്ഞരും ഭൗമ വിചാരങ്ങളുമായി കഴിയുന്നുണ്ടാവാം. ഭൂമിയുടെ ഭാവിയെപ്പറ്റി വേവലാതിപ്പെടുന്നുണ്ടാവാം.
പ്രപഞ്ചത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിക്കുന്നുണ്ടാവാം.

എന്നാൽ ലോകം വാഴുന്ന ഭരണാധികാരികൾ പോലും ഉദ്ബോധനത്തിന് അപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
വികസനമെന്ന അജണ്ടയുടെ ദുർബ്ബലമായ അടിത്തറയിലാണ് ഭരണകൂടങ്ങൾ കെട്ടിപ്പൊക്കുന്നത്. സകല ജീവജാലങ്ങളുടേയും വളർച്ചയും വികാസവും പുരോഗതിയും ഒന്നും അവർക്ക് വിഷയമാവുന്നില്ല. സ്വാർത്ഥ താല്പര്യങ്ങൾക്കു മുമ്പിൽ വ്യക്തിസ്വാതന്ത്ര്യമൊന്നും വിലമതിക്കുന്നില്ലല്ലൊ!

ഇതിന് ക്ഷതമേല്പിക്കുന്ന ചിന്തകളെ വികസന വിരുദ്ധമായി കണക്കാക്കുകയും, അവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയും ചെയ്യും. ഭൂമിയുടെ നിലനില്പ് അനിവാര്യമാണ് എന്ന വിചാരം പോലും ഇനിയും പൊതുബോധമായി വളർന്നിട്ടില്ല.
പരിസ്ഥിതി പ്രവർത്തകർ
ബോധവൽക്കരണ പരിപാടികൾ കൊല്ലം തോറും നടത്താറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ അതു പോലും ഭ്രാന്തൻ ജല്പനങ്ങളായി അവഗണിക്കപ്പെടുകയാണ് പതിവ്!

ഭൂമിയുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാണോ? നമ്മുടെ പൂർവ്വീകർ നമ്മെ ഏല്പിച്ചു തന്ന ഭൂമിയാണോ ഇന്നുള്ളത്? 
ആഘോഷമായി ഒരു തൈ നട്ടാൽ ഭൂമിക്കൊരു കുടയാവുമൊ? 

കേരളത്തിലെ കാര്യമെടുക്കുക.
നൂറോ ഇരുന്നൂറോ വർഷം മുമ്പുള്ള കേരളമാണോ ഇന്ന് നാം കാണുന്നത്?
വനം, വയൽ, നീർത്തടം, കുന്നുകൾ എന്നിവയുടെ അവസ്ഥ എന്താണ്?
വനഭൂമിയുടെ വിസ്തൃതി, കൃഷി നിലത്തിന്റെ ശോഷണം, കുന്നുകളും പർവ്വതങ്ങളും നാടു നീങ്ങുന്ന കാഴ്ച, പുഴകളും നീർത്തടങ്ങളും
ഊഷരമാവുന്ന അവസ്ഥ, ജലചൂഷണവും, അനിയന്ത്രിത ഖനനവും, ഭൂപരിവർത്തനവും, വായു മലിനീകരണവും മറ്റും സൃഷ്ടിക്കുന്ന
വിപത്ത് തുടങ്ങിയ വിഷയങ്ങൾ നാം ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ?

ഇല്ല. നമുക്ക് അതിനൊന്നും സമയമില്ല. താനൊരുത്തൻ  വിചാരിച്ചതു കൊണ്ട് ഈ ഭൂമിയെ രക്ഷിക്കാൻ
കഴിയുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്. എങ്കിലും
വരും തലമുറക്ക് കൈ മാറാൻ ഭൂമി അവശേഷിക്കണം. അതിനു നാം ഓരോരുത്തരും ഭൂമിയുടെ മക്കളും
സംരക്ഷകരും ആയി മാറണം. കൊറോണ വൈറസ് വ്യാപന മഹാമാരിയുടെ ഭീതിക്കു മുന്നിൽ അരക്ഷിതാവസ്ഥയിൽ ലോകം നിൽക്കുമ്പോഴും ഭൗമ ചിന്ത കൈ വെടിയാൻ ആവില്ല. മഹാമാരികൾ വരും, മരണം വിതച്ച് കടന്നു പോകും. ദുരിതങ്ങൾ നാം അതിജീവിക്കും. പ്രതിസന്ധികൾ മറികടന്ന് പ്രപഞ്ചമിനിയും അവശേഷിക്കും.

ഭൂമിയിൽ വിരുന്നുകാരായി വന്ന മനുഷ്യർക്ക് ഒന്നും നശിപ്പിക്കാൻ അവകാശമോ അധികാരമോ ഇല്ല. തലമുറകൾ ഇനിയും കടന്നു വരാനുണ്ട്. അവർക്ക് നമ്മുടെ ഭൂമി അതിൻ്റെ വിശുദ്ധിയോടെ തന്നെ കൈമാറേണ്ടതുണ്ട്. ഈ ഭൗമദിനം മുതൽ  അതിൻ്റെ കരുതലുണ്ടാവണം. അടച്ചിടേണ്ടി വന്ന ലോകത്തിൻ്റെ അകത്തളത്തിൽ ഇരുന്നു കൊണ്ട് ചിന്തിക്കുക.
ഈ മഹാപ്രപഞ്ചത്തെ ഭീകരമായ നാശത്തിന്റെ പാതാളത്തിൽ നിന്ന്
കരകയറ്റുമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.

// ടി.വി.എം.അലി //

Saturday, 18 April 2020

ശതാഭിഷേക മംഗളങ്ങൾ



ആയുർവേദ ബാലചികിത്സാ വിദഗ്ദ്ധൻ
എം.ഗംഗാധരൻ വൈദ്യരുടെ എൺപത്തിനാലാം പിറന്നാൾ
ലോക് ഡൗണിൽ ആഘോഷമില്ലാതെ
കടന്നു പോയി. 

ഒരു നാട് ഒന്നടങ്കം ഇന്ന് മേഴത്തൂരിൽ ഒഴുകി എത്തേണ്ടതായിരുന്നു. സാധാരണ ഗ്രാമീണൻ മുതൽ നാടുവാഴുന്ന ഭരണസാരഥികൾ വരെ ആശംസകളുമായി പ്രവഹിക്കുമായിരുന്നു. കൊട്ടും കുരവയും ആരവങ്ങളുമായി വൈദ്യരുടെ ശതാഭിഷേകം നാടിൻ്റെ ഉത്സവമായി ആഘോഷപൂർവ്വം നടക്കുമായിരുന്നു. എന്നാൽ നേരത്തെ എടുത്ത തീരുമാനം കോവിഡ് മഹാമാരിക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. 

എന്നാൽ പതിനായിരങ്ങൾക്ക് സാന്ത്വനമേകിയ ഗംഗാധരൻ വൈദ്യർ, പതിവുപോലെ ലോകത്തിനു മുഴുവൻ സൗഖ്യമേകാൻ ധന്വന്തരി ദേവനോട് പ്രാർത്ഥിച്ചു കൊണ്ടാണ് ഇന്ന് എൺപത്തിനാലാം പിറന്നാൾ ദിനത്തെയും വരവേറ്റത്. ആയിരം പൂർണ്ണചന്ദ്ര പ്രഭ ഏറ്റുവാങ്ങിയ ഗംഗാധരൻ വൈദ്യർക്ക് നാടിൻ്റെ ആശംസ സന്ദേശങ്ങളിലും പ്രാർത്ഥനകളിലും ഒതുങ്ങി.

പ്രമുഖ ബാലചികിത്സാകനായിരുന്ന യശഃശരീരനായ ചാത്തര് നായരുടെ ശിഷ്യനായാണ് ബാലചികിത്സയുടെ ലോകത്തേക്ക് ഗംഗാധരൻ നായരെത്തുന്നത്.

കാഞ്ഞൂര് നാരായണൻ നായരുടെയും മാരിപ്പറമ്പിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. കർഷക കുടുംബത്തിലായിരുന്നു ജനനം.  വൈദ്യമഠം വലിയ നാരായണൻ നമ്പൂതിരിപ്പാടിന്റെ ശിഷ്യൻ കൂടിയാണ് ഗംഗാധരൻ വൈദ്യർ. 

വീടിന്റെ പരിമിതികൾക്കിടയിൽ ഇ.എസ്.എൽ.സി. കഴിഞ്ഞു തുടർപഠനം സാധിക്കാതിരുന്ന കാലത്താണ് ഗുരുനാഥനായ ചാത്തര് നായരുടെ അരികിലേക്ക് എത്തുന്നത്. 
ഗുരുനാഥന്റെ അനുഭവ ജ്ഞാനം ഗുരുകുലരീതിയിൽ സ്വായത്തമാക്കി. അതിനെ കുട്ടികളുടെ വ്യാധികൾക്കു മരുന്നായി മാറ്റി ഗംഗാധരൻ വൈദ്യർ. ഗുരുവിന്റെ പേരമകളായ വിജയലക്ഷ്മി അമ്മയെ ജീവിതപങ്കാളിയായി സ്വീകരിച്ചു. 

പൊള്ളുന്ന ഉണ്ണികൾ എന്ന പേരിലറിയപ്പെട്ട പാലക്കാട് പിരായിരിയിലെ സഹോദരങ്ങൾക്കുൾപ്പടെ സങ്കീർണ്ണ രോഗം ബാധിച്ച ഒട്ടേറെ രോഗികൾക്ക് ആരോഗ്യം തിരിച്ചു നൽകി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ ഗംഗാധരൻ വൈദ്യരുടെ ചികിത്സ കൊണ്ട്  സാധിച്ചു.

തൃത്താലയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകരിൽ പ്രമുഖനാണ് വൈദ്യർ. തൃത്താല സർവീസ് സഹകരണ ബാങ്കിൽ അര നൂറ്റാണ്ടായി ഡയറക്ടർ ആയി സേവനം അനുഷ്ടിച്ചു വരുന്നു. അഷ്ടാംഗം ആയുർവേദ കോളേജിന്റെ ചെയർമാൻ ആയി പ്രവർത്തിക്കുന്നു.  ഗുരുനാഥന്റെ പേരിലാരംഭിച്ച സി.എൻ.എസ് ചികിത്സാലയം എന്ന സ്ഥാപനത്തിന്റെ അമരക്കാരനും പ്രധാന വൈദ്യനുമാണ് അദ്ദേഹം.  സി.എൻ.എസ്സിലൂടെയും സഹോദര സ്ഥാപനങ്ങളിലൂടെയും നൂറിലധികം ജീവനക്കാർക്ക് തൊഴിൽ നൽകുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

ഏഴു പതിറ്റാണ്ടിലധികമായി ബാലചികിത്സാ രംഗത്തു തൻ്റെ ജീവിത കർമ്മം തുടർന്നു വരുന്നു. മക്കളായ ഡോ.കെ.പി. യശോദാമണി, ഡോ.കെ.പി.മണികണ്ഠൻ, മരുമകൻ ഡോ.ടി.ശ്രീനിവാസൻ എന്നിവർ വൈദ്യരുടെ പാതയിലൂടെ തന്നെയാണ് മുന്നോട്ടു നീങ്ങുന്നത്. മറ്റൊരു മകളായ കെ.പി.ആനന്ദവല്ലി സകുടുംബം അമേരിക്കയിലാണ്.

Wednesday, 15 April 2020

ഓസ്ട്രേലിയൻ സ്വദേശിക്ക് ലോക് ഡൗണിൽ സുഖവാസം .



കേരളത്തിൻ്റെ ആയുർവ്വേദ പാരമ്പര്യം അടുത്തറിയാനും മർമ്മ ചികിത്സ പഠിക്കാനും ലക്ഷ്യമിട്ട് പട്ടാമ്പിയിലെത്തിയ ഓസ്ട്രേലിയൻ സ്വദേശിയും യുവ ഡോക്ടറുമായ ജാമി തോമസ് മിക്കോവിന് ലോക്ക് ഡൗൺ നാളുകളിൽ പരമസുഖം.

പട്ടാമ്പി നിളാതീരത്തുള്ള അമിയ ആയുർവ്വേദ നഴ്സിങ് ഹോമിൽ ഡോ.കെ.ടി.വിനോദ്കൃഷ്ണൻ്റെ ശിക്ഷണത്തിലും പരിചരണത്തിലുമാണ് ജാമി തോമസ് മിക്കോ കഴിയുന്നത്.
ഒന്നര മാസമായി ഇദ്ദേഹം പട്ടാമ്പിയിലുണ്ട്. പഠനവും ചികിത്സയും തുടരുന്നതിനിടെയാണ് കൊറോണ ഭീതിയിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്.

വിമാന സർവീസ് നിർത്തലാക്കിയതോടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാൻ മിക്കോവിന് കഴിഞ്ഞില്ല. എന്നാൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ സുരക്ഷിതനായി തങ്ങാൻ സാധിച്ചതിൽ മിക്കോ സന്തുഷ്ടനാണ്. ഈസ്റ്ററും വിഷുവും കൊണ്ടാടിയതും നിളാതീരത്ത് അമിയ ആശുപത്രിയിൽ തന്നെ!

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം നാട്ടിൽ തങ്ങുന്ന വിദേശികളെ പ്രത്യേകം നിരീക്ഷിക്കാൻ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്.
അതോടെ മിക്കോയെ സംരക്ഷിക്കേണ്ട ബാധ്യത ആശുപത്രി അധികൃതർക്ക് സ്വയം ഏറ്റെടുക്കേണ്ടി വന്നു. ലോക് ഡൗണിൽ സ്ഥാപനങ്ങൾ അടച്ചിടാൻ ഉത്തരവ് വന്നതോടെ കിടപ്പു രോഗികളേയും ജീവനക്കാരേയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചതിനാൽ മിക്കോവിന് കൂട്ട് ഡോക്ടരും സഹായിയും മാത്രമാണ്. പോലീസും ആരോഗ്യ വകുപ്പും നഗരസഭയും വിദേശ പൗരൻ്റെ സംരക്ഷണത്തിൽ ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും, മിക്കോവിനെ തീറ്റി പോറ്റാനുള്ള ഉത്തരവാദിത്തം ഡോ.വിനോദ് കൃഷ്ണനും ഭാര്യ ജീലയും നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.

രാവിലെ വീട്ടിൽ നിന്ന് പ്രഭാത ഭക്ഷണം തയ്യാറാക്കി ഡോ.വിനോദ് കൃഷ്ണൻ നഴ്സിങ് ഹോമിലെത്തും. സഹായത്തിന് തെറാപ്പിസ്റ്റ് ഉല്ലാസുമുണ്ട്. പാചകക്കാർ ഇല്ലാത്തതിനാൽ ഡോക്ടരും ഭാര്യ ജീലയും ചേർന്ന്  ഉച്ചഭക്ഷണമൊരുക്കും. അതിനിടയിൽ മിക്കോവിന് മർമ്മ ചികിത്സയെ കുറിച്ച് ഡോക്ടർ വിശദമായി ക്ലാസ് നടത്തും. മർമ്മ ചികിത്സയിൽ പ്രായോഗിക പരിശീലനവും നടക്കുന്നുണ്ട്.

ലോക്ക് ഡൗൺ മെയ് മൂന്നിലേക്ക് നീട്ടിയതോടെ അതുവരെ നിളാതീരം വിട്ട് മിക്കോവിന് പോകാനാവില്ല. നാട്ടിലേക്ക് മടങ്ങി പോകാൻ കഴിയാത്ത പ്രയാസമൊന്നും മിക്കോവിനെ ഇപ്പോൾ അലട്ടുന്നില്ല. സ്വന്തം നാട്ടിലാണെങ്കിൽ പോലും ഇത്ര സുരക്ഷയും ജാഗ്രതയും പരിചരണവും ലഭിക്കില്ലായിരുന്നുവെന്നാണ് മിക്കോവിൻ്റെ അഭിപ്രായം. പകൽ നേരം മുഴുവൻ ഏക അധ്യാപകനായും ഏക രോഗീ ചികിത്സകനായും മാറിയ ഡോ.വിനോദ് കൃഷ്ണൻ്റെ കഷ്ടപ്പാട് ഓർത്താണ് മിക്കോവിന് സങ്കടം.

ലോക് ഡൗൺ:

 മാർഗ്ഗ നിർദ്ദേശങ്ങൾ

രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും.

കോവിഡ് ഹോട്ട്സ്പോട്ടായി തിരിച്ച പ്രദേശങ്ങൾക്ക് ഇളവുകൾ ഉണ്ടാകില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ്‌ കേരളത്തിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്‌. ഇത്‌ കൂടാതെ കാസർകോട്‌ ജില്ലയിലെ ചില പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഹോട്ടലുകളും ഹോം സ്റ്റേകളും പോസ്റ്റോഫീസുകളും തുറക്കാൻ അനുമതി നൽകി. (കേരളത്തിൽ വിഷുവിന് മുമ്പുതന്നെ എല്ലാ തപാൽ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്). ഐ.ടി.സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം. കമ്പോളങ്ങളും തുറക്കാം. പൊതുഗതാഗത സംവിധാനം അനുവദിക്കില്ലെങ്കിലും ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്.
സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം.

റേഷൻ കടകൾ തുറക്കാം. ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് എന്നിവ വിൽക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.

ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എ.ടി.എമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐ.ടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.

റോഡ് നിർമാണം, കെട്ടിട നിർമാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
തോട്ടങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും.
ഐടി സ്ഥാപനങ്ങൾ 50% ജീവനക്കാരുമായി തുറക്കാം. കേന്ദ്ര സർക്കാർ ഓഫീസുകളിൽ 33% ജീവനക്കാരെ അനുവദിക്കും.
വ്യോമ, റെയിൽ വാഹന ഗതാഗതം മെയ് മൂന്നുവരെ പുനരാരംഭിക്കില്ല.

അവശ്യ വസ്തുക്കൾക്ക് നിലവിലുള്ള ഇളവുകൾ തുടരും. വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും.
പൊതു ആരാധന നടത്താൻ പാടില്ലെന്ന് നിർദേശം തുടരും. മദ്യം, സിഗരറ്റ്, പുകയില വില്‍പനയ്ക്ക് നിരോധനം.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം.
മെഡിക്കല്‍ ലാബുകള്‍ക്ക് തുറക്കാം.
ആരാധനാലയങ്ങള്‍ തുറക്കരുത്.
ബാറുകളും മാളുകളും തിയറ്ററുകളും തുറക്കരുത്.
മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം.
ക്ഷീരം, മത്സ്യം, കോഴിവളത്തല്‍ മേഖലകളിലുള്ളവര്‍ക്ക്‌ യാത്രാനുമതി.
പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും.

തുടർച്ചയായി പ്രവർത്തിക്കേണ്ട അത്യാവശ്യമുള്ള നിർമാണ യൂണിറ്റുകൾ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം (പുതിയ നിർദേശമാണ്).
കൽക്കരി, മൈനിംഗ് മേഖലയ്ക്ക് തുറന്ന് പ്രവർത്തിക്കാം (നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം).
ഭക്ഷണസാധനങ്ങളുടെ പാക്കേജിംഗ്, മെഡിക്കൽ ഉപകരണങ്ങളുടെ പാക്കേജിംഗ് എന്നിവ നടത്തുന്നവർക്ക് തുറക്കാം.
തേയിലത്തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. പക്ഷേ, 50 ശതമാനം മാത്രമേ ജോലിക്കാരെ നിയോഗിക്കാവൂ.

അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമേ വാഹനങ്ങൾ ഉപയോഗിക്കാവൂ.
സ്വകാര്യ കാറുകളിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാം. ഡ്രൈവറും പിറകിൽ ഒരാളും മാത്രം.
റെയിൽവേ, എയർപോർട്ട്, സീപോർട്ട് എന്നിവകളിൽ ചരക്ക് നീക്കം മാത്രം.
അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനായി വാഹനങ്ങൾ ഉപയോഗിക്കാം.
പെട്രോളിയം, എൽ.പി.ജി, ഭക്ഷണവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ കൊണ്ടുപോകാൻ അന്തർ സംസ്ഥാന ഗതാഗതം അനുവദിക്കും.
കൊയ്ത്തുപകരണങ്ങൾ കൊണ്ടുപോകാൻ അനുവദിക്കും. അത് അതിർത്തി കടന്നും കൊണ്ടുപോകാം. (പുതിയ നിർദേശമാണ്)
വിദേശ പൗരൻമാർക്ക് ഇന്ത്യയിൽ നിന്ന് പോകാം. പക്ഷേ, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചതിന് ശേഷം മാത്രം.

Sunday, 12 April 2020

അനുഭവം.




# എൻ്റെ ലോക്ക് ഡൗൺ ദിനങ്ങൾ #

∆ ഡിമിറ്റാർ പന്തേവ്, ബൾഗേറിയ ∆

( ലോക്ക് ഡൗൺ നാളുകളിൽ പട്ടാമ്പിയിൽ എത്തിയ  ബൾഗേറിയൻ സ്വദേശിയുടെ സ്നേഹ നിർഭരമായ കുറിപ്പ് )

പലസ്തീനിലെ ഹെബ്രൂണിൽ അൽ ജമായ ക്ലബ്ബുമായി എന്റെ കോച്ചിംഗ് കരാർ പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം, 2019ലെ ക്രിസ്മസ്  / 
ന്യൂ ഇയർ ആഘോഷങ്ങളിൽ മുഴുകി ഞാൻ എന്റെ ജന്മനാടായ ബൾഗേറിയയിലെ വർണയിൽ ഒരു ചെറിയ അവധിക്കാലം ആസ്വദിക്കുകയായിരുന്നു.

ആ സമയത്ത്, ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റെ സുഹൃത്തുക്കളിൽ നിന്ന് (റിയാസ് കാസിം, യൂസഫ് അലി) വിവിധ ഫുട്ബോൾ ടൂർണമെന്റുകളിൽ / പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന എനിക്ക് ഒരു ഫോൺ കോൾ ലഭിച്ചു. 

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന "എച്ച് 16 സ്പോർട്സ് '' സർവീസുകളെ കുറിച്ച് ചർച്ച ചെയ്യാനായിരുന്നു അവർ വിളിച്ചത്.  
യു.എ.ഇ യിലെ മുൻ ഇന്റർനാഷണൽ ഫുട്ബോൾ കളിക്കാരൻ ഹസ്സൻ അലി ഇബ്രാഹിം അൽ ബ്ലൂഷി, 
കേരളത്തിൽ അവരുടെ അന്താരാഷ്ട്ര പരിശീലന കേന്ദ്രം ആരംഭിക്കുന്നുവെന്നായിരുന്നു സന്ദേശം. രാജ്യത്ത് അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്നതും 100% സാക്ഷരതയുള്ളതുമായ കേരളത്തിൽ, നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലനം നൽകാനാവുമെന്നാണ്  
ഹസ്സൻ അലിയെ പ്രചോദിപ്പിക്കുന്ന ഘടകം.

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച നൈപുണ്യ വികസന പരിപാടി നൽകാനുള്ള പ്രചോദനവും കാഴ്ചപ്പാടും ഉള്ള ഉയർന്ന പ്രൊഫഷണൽ പരിശീലന കേന്ദ്രത്തിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താൻ 'എച്ച് 16 സ്പോർട്സ് ' എൻ്റെ സേവനങ്ങൾ വേണമെന്ന് അഭ്യർത്ഥിച്ചു.

അന്താരാഷ്ട്ര നിലവാരമുള്ള സേവനം നൽകുന്നതിന് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിന് ഞാൻ വളരെ അഭിമാനത്തോടെ തന്നെ 'എച്ച് 16 സ്പോർട്സ് ' ഏല്പിച്ച ചുമതല ഏറ്റെടുത്തു. 

2020 മാർച്ച് 4ന് ഞാൻ കേരളത്തിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങി.
എന്റെ പുതിയ സുഹൃത്തുക്കളായ ബാവ, കുഞ്ഞാനു എന്നിവരുമായി എന്റെ താമസസ്ഥലത്തേക്ക് പോയി. തുടർന്ന് അടുത്തുള്ള മറ്റ് ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തു.

എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ല. ആതിഥ്യമര്യാദയുടെ മാധുര്യത്തോടൊപ്പം, അത്ഭുതകരമായതും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ മറഞ്ഞിരിക്കുന്നതുമായ പ്രകൃതി സൗന്ദര്യം എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. ദൈവത്തിൻ്റെ സ്വന്തം നാട് എന്ന പേരിന് തീർത്തും കേരളത്തിന് അർഹതയുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കൊറോണ വൈറസ് ലോകമെങ്ങും ഭീതിയായി പടരുകയും കേരള സംസ്ഥാനവും മറ്റ് രാജ്യങ്ങളും ലോകവും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയും ചെയ്തു.   

കോവിഡ് 19 അടച്ചിടലിൻ്റെ ഒരു ഘട്ടത്തിലും ഞാൻ ആശങ്കപ്പെടുകയോ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുകയോ ചെയ്തില്ല. സംസ്ഥാന മുഖ്യമന്ത്രി ബഹുമാനപ്പെട്ട ശ്രീ.പിണറായി വിജയൻ ഈ സാഹചര്യത്തിന്റെ ചുമതല ഏറ്റെടുത്തതും ആരോഗ്യമന്ത്രി ശ്രീമതി. ഷൈലജ ടീച്ചർ മുന്നിൽ നിന്ന് നയിച്ചതും എടുത്തു പറയേണ്ടതുണ്ട്. 

ദുരന്തനിവാരണത്തിൽ, ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് ദുരന്തത്തെ കൈകാര്യം ചെയ്യുന്നതിലെ അവരുടെ സൂപ്പർ കാര്യക്ഷമതയ്ക്ക് ഞാൻ സാക്ഷിയായതിൽ സന്തോഷമുണ്ട്.
ഈ ഭയാനകമായ രോഗത്തിനെതിരായ പോരാട്ടത്തിൽ അവരുടെ പ്രതിബദ്ധതയ്ക്കും കഠിനാധ്വാനത്തിനും അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നത് വളരെ സന്തോഷകരമാണ്.

പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ ലോക് ഡൗൺ പ്രാബല്യത്തിലായതു മുതൽ മുതുതല ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.പ്രിയദാസും ആരോഗ്യവകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും എന്നെ പരിശോധിച്ചുകൊണ്ടിരുന്നു. അതോടൊപ്പം സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയും എല്ലാ ദിവസവും ഫോണിൽ വിളിക്കുകയും എന്റെ ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു.  

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ 
മോഹനകൃഷ്ണൻ (അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്), 
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും വിദേശിയുടെ ക്ഷേമത്തിനായി സൂക്ഷ്മദൃഷ്ടിയോടെ എന്നെ നിരീക്ഷിക്കുന്നതിലും വളരെ ശ്രദ്ധിച്ചിരുന്നു. 

യൂറോപ്പിൽ കൊറോണ വൈറസ് സൃഷ്ടിച്ച  ദുരന്തത്തെക്കുറിച്ചു കേട്ടപ്പോൾ, ഇപ്പോഴും ഞെട്ടലിൻ്റെ ഓർമ വിട്ടുമാറിയിട്ടില്ല. 
മഹാമാരിയുടെ കാലത്ത് ഞാൻ ഉണ്ടായിരുന്ന സ്ഥലമാണ് കേരളം. അതു കൊണ്ട് ഞാൻ ഭാഗ്യവാനാണ്.  

എന്റെ കുടുംബത്തിന്റെ നന്ദിയും ആശംസകളും അറിയിക്കാൻ ശ്രീ.പിണറായി വിജയൻ, ശ്രീമതി ഷൈലജ ടീച്ചർ എന്നിവരെ വ്യക്തിപരമായി കാണാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.  
കേരള ഫുട്ബോൾ അസോസിയേഷന്റെയും പ്രാദേശിക ഫുട്ബോൾ ഗ്രൂപ്പുകളുടെയും ചിന്താഗതിക്കും ദയയ്ക്കും നല്ല ഹൃദയത്തിനും എന്നും ഹൃദയംഗമായ നന്ദിയുണ്ട്.