പട്ടാമ്പിയിലെ ശാരദാ സമാജം വിസ്മൃതിയിലേക്ക്; ഗവ.താലൂക്ക് ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ പൊളിച്ചുനീക്കും.
പട്ടാമ്പി റെയിൽവേ സ്റ്റേഷൻ്റേയും താലൂക്ക് ആസ്ഥാന മന്ദിരമായ മിനി സിവിൽ സ്റ്റേഷൻ്റേയും തൊട്ടരികിലുള്ള ശാരദാ സമാജം വിസ്മൃതിയിലേക്ക്. നഗരമധ്യത്തിലാണെങ്കിലും വിജനത അനുഭവപ്പെടുന്ന, നിഴലുറങ്ങുന്ന ഒരു തുണ്ട് ഭൂമിയാണിത്. സ്വാതന്ത്ര്യ സമര സേനാനികളും സാംസ്കാരിക നായകരും പൊതുരംഗത്തുള്ള പ്രമുഖരും ഒത്തുകൂടിയിരുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു ശാരദാ സമാജം.
1930-50കളിൽ വിദ്വാൻ സി.എസ്.നായർ, കല്ലന്മാർതൊടി രാവുണ്ണി മേനോൻ, വിദ്വാൻ ചാത്തുക്കുട്ടി എഴുത്തച്ഛൻ, ഉള്ളാട്ടിൽ ഗോവിന്ദൻ കുട്ടി നായർ, കെ.എൻ.എഴുത്തച്ഛൻ തുടങ്ങിയവരുടെ സാഹിത്യ, രാഷ്ട്രീയ ചർച്ചകൾക്ക് ചേർന്നിരിക്കാൻ പറ്റിയ സ്ഥലമായിരുന്നു സമാജം. അന്ന് കവിതയുടെ തലസ്ഥാനമായിരുന്നു പട്ടാമ്പിയെന്ന് മഹാകവി പി.കുഞ്ഞിരാമൻ നായർ വിശേഷിപ്പിച്ചിരുന്നു. കവികളെ കൂടാതെ പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്ന മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ഇ.പി.ഗോപാലൻ, അസൈനാർ വൈദ്യർ, വെങ്ങാലിൽ കൃഷ്ണമേനോൻ, മഞ്ഞപ്ര കുഞ്ഞപ്പ മേനോൻ തുടങ്ങിയവരുടെ സാന്നിധ്യവും പതിവായിരുന്നു.
പുതിയ തലമുറകളുടെ കടന്നു വരവോടെ ശാരദാ സമാജത്തിനും മാറ്റങ്ങളുണ്ടായി. പട്ടാമ്പിയിലെ യുവാക്കൾ ചെസ്സും കാരംസും ബാഡ്മിൻറനും കളിക്കാൻ സമാജം ഉപയോഗിച്ചു. 1980കളിൽ കെട്ടിടവും കോമ്പൗണ്ടും ഭാർഗ്ഗവി നിലയമായി മാറി. തുടർന്ന് ഇ.പി.ഗോപാലനും, ഡോ.കെ.പി.മുഹമ്മദുകുട്ടിയും നേതൃത്വം നൽകിയിരുന്ന പട്ടാമ്പി വികസന സമിതി രണ്ടു തവണ പുനരുദ്ധാരണം നടത്തി. എന്നിട്ടും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ വിരുദ്ധർ ചീട്ടുകളി കേന്ദ്രമാക്കിയതോടെ ശാരദാ സമാജത്തിൻ്റെ അവസ്ഥ കൂടുതൽ ദയനീയമായി.
ഈ ദു:സ്ഥിതിയിൽ നിന്ന് മോചനം ലഭിച്ചത് 15 വർഷം മുമ്പ് പട്ടാമ്പി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ഇവിടെ പ്രവർത്തനം തുടങ്ങിയ ശേഷമാണ്. ശാരദാ സമാജം മികച്ച സാന്ത്വന കേന്ദ്രമായി മാറുകയും ചെയ്തു. തൊട്ടരികിലുള്ള പട്ടാമ്പി ഗവ.താലൂക്ക് ആശുപത്രിയുടെ വികസനത്തിനു വഴിമാറുക എന്ന നിയോഗമാണ് ഇപ്പോൾ ശാരദാ സമാജത്തിനുള്ളത്.
നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റി 99 ലക്ഷം രൂപ ചെലവിട്ട് ഇരുനില കെട്ടിടം പണിയാൻ കരാറായിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ ഒ.പി. കം ഡയാലിസിസ് കെട്ടിടമാണ് ഇവിടെ പണിയുക. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇതിൻ്റെ മുന്നോടിയായി പെയ്ൻ ആൻറ് പാലിയേറ്റീവ് ക്ലിനിക് ബാങ്ക് ഹാളിലേക്ക് മാറ്റിയിട്ടുണ്ട്. ശാരദാ സമാജം പൊളിച്ചുമാറ്റുന്നതോടെ പട്ടാമ്പിയുടെ ദേശ ചരിത്രത്തിൽ ഉയർന്നു നിൽക്കുന്ന ഒരടയാളമാണ് നാടുനീങ്ങുന്നത്.
No comments:
Post a Comment