~~~~~~~~~~~~~~~~~~~~~~~
മറക്കാൻ കഴിയുമോ മഴയോർമകൾ.
-------------- ടി.വി.എം.അലി -------------
~~~~~~~~~~~~~~~~~~~~~~~
മഴയെ കുറിച്ച് വിചാരിക്കുമ്പോൾ എല്ലാം ഓർമകളിൽ നിറയുന്നത് കൈതക്കുളവും, കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പി പുഴയുമാണ്.
എത്ര മഴ നനഞ്ഞാണ് കാലം കടന്നു പോയത് എന്ന് അളന്നു നോക്കാൻ ആവില്ല.
ഓരോ മഴയും ഓരോന്നായിരുന്നു.
ഒന്നും മറ്റൊന്നിനോട് ലയിക്കാതെ വേറിട്ടു നിൽക്കുന്ന മഴയോർമ്മകൾ. കുഞ്ഞുനാളിൽ മഴ നനയാൻ മോഹിച്ചു മുറ്റത്തിറങ്ങി നിൽക്കുമ്പോൾ അരുതാത്തത് എന്തോ ചെയ്ത അപരാധത്തിന്റെ പേരിൽ ഉടലിൽ ഈർക്കിൽ വീണ ചുവന്ന വരകൾ ഇപ്പോഴും മാഞ്ഞിട്ടില്ല.
ചെറിയൊരു വീടിന്റെ ഇടുങ്ങിയ മുറികളിൽ, ഓട്ടപ്പുരയിൽ നിന്ന് അടർന്നുവീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ,
ഗോട്ടി കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു.
പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൽ ആവേശമായിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിന്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്?
കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ, തോർത്തിൽ പിടയുന്ന പരൽമീൻ ആയിരുന്നു മഴ. കൈതക്കുളത്തിന്റെ ആഴങ്ങളിൽ മുങ്ങാംകുഴി മുങ്ങുമ്പോൾ കാലിൽ ചുറ്റുന്ന നീർക്കോലി ആയിരുന്നു മഴ.
ഋതുഭേദങ്ങളിൽ, പല ഭാവങ്ങളിൽ, പരിഭവം പറഞ്ഞ് പെയ്തിറങ്ങിയത് പ്രണയ മഴയായിരുന്നു.
പതിറ്റാണ്ടുകൾക്കു മുമ്പ് 1970കളുടെ അന്ത്യപാദത്തിൽ കോവൈ നഗരത്തിൽ ജോലിചെയ്തിരുന്ന നാളുകളിൽ,
ഓർക്കാപ്പുറത്ത് പൊട്ടിവീണ പേമാരിയിൽ,
നിരത്ത് പുഴയായതാണ്
ആദ്യത്തെ പ്രളയ സ്മരണ.
പഴയ പുസ്തകങ്ങൾ വിൽക്കുന്ന യുനിവേഴ്സൽ ബുക്ക്സ്റ്റാളിന്റെ മുന്നിൽ ചാക്ക് വിരിച്ച് അന്തിയുറങ്ങിയ ഒരു കാലമുണ്ടായിരുന്നു.
ഒരു രാത്രി പാതിര പിന്നിട്ടനേരത്ത് കാറ്റിനോടൊപ്പം പെയ്തിറങ്ങിയ ഉഗ്രമഴയെ ചെറുക്കാൻ ടാർപ്പായ വലിച്ചുകെട്ടിയിട്ടും രക്ഷയുണ്ടായില്ല.
കാനകൾ എല്ലാം നിറഞ്ഞ് നഗര മാലിന്യം മുഴുവൻ നിരത്തിലേക്ക് പൊങ്ങിയപ്പോൾ ടൗൺഹാളും, നവാബ് ഹക്കീം റോഡും, എം.എം.മാർക്കറ്റും പുഴയായി മാറിയിരുന്നു.
പുസ്തക കടയിൽ പ്രളയജലം വായന തുടങ്ങിയപ്പോൾ, തൊട്ടടുത്ത ഇരുമ്പു കടയിലേക്ക് മാറിനിന്ന് നേരം വെളുപ്പിച്ചത് എങ്ങനെ മറക്കാനാണ്?
കൗമാരത്തിൽ കാടിറങ്ങിവന്ന മഴക്കെല്ലാം നല്ല തണുപ്പായിരുന്നു.
എത്ര മൂടിപ്പുതച്ചാലും
മനസ്സിലേക്ക് കടന്നു വരുന്ന ശീത മഴ.
മഴയത്ത് കുടചൂടിയും ചൂടാതെയും നടക്കുന്നതായിരുന്നു ഏറെ ഇഷ്ടം.
ചൂരൽ കാലുള്ള
കാലൻ കുടയുമായി ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ നടന്നുനീങ്ങിയ 13 വർഷത്തെ മഴയായിരുന്നു നിറഭേദങ്ങളുടെ സംഗീത പെരുമഴ.
ഒരു കർക്കിടക മഴയിൽ പട്ടാമ്പി പാലത്തിലൂടെ നടന്നു പോയിരുന്ന വയോധികൻ കുടയോടൊപ്പം പുഴയിലേക്ക് പറന്നുപോയത് ഒരിക്കലും മറക്കാൻ കഴിയാത്ത മഴയോർമയാണ്.
ആ സാധു മനുഷ്യന്റെ നിലവിളി ഇന്നും മഴയുടെ ആരവത്തോടൊപ്പം കേൾക്കാറുണ്ട്.
വർഷങ്ങൾ എത്രയോ കഴിഞ്ഞിട്ടും കർക്കടക മഴ പെയ്യുമ്പോൾ ആ മനുഷ്യന്റെ നിലവിളിയാണ് മഴ.
മഴയുടെ, കാറ്റിന്റെ സംഗീതം സീൽക്കാരമായി മാറുകയാണ് ഓർമകളിൽ.
പുഴയുടെ സമാന്തര നിരത്തിലൂടെ നടക്കുന്നതിനിടയിൽ ഒരു ഇടവപ്പാതി മഴയോടൊപ്പം കടന്നുവന്ന കാറ്റ് എന്റെ ചൂരൽ കാലുള്ള കുട തട്ടിയെടുക്കാൻ നടത്തിയ നീക്കം ചെറുക്കാൻ പൊരിഞ്ഞ പോരാട്ടം വേണ്ടി വന്നതും ഓർമയുണ്ട്. പാടത്തിന്റെ നടുവിലൂടെയുള്ള ടാറിട്ട റോഡിലൂടെ നടക്കുമ്പോഴാണ് ഇടവപ്പാതി, പുഴ കടന്ന് തിരിമുറിയാതെ ആർത്തലച്ചു വന്നത്.
വിശാലമായ വയലിലോ നിരത്തിലോ ആരും ഉണ്ടായിരുന്നില്ല. കാറ്റിന്റെ മൂളലും മഴയുടെ താളവും കാലൻ കുടയിൽ പതിച്ചു കൊണ്ടിരിക്കെ, കുട പൊങ്ങുന്നതു പോലെ തോന്നി. കുടയുടെ പിടിവിടാത്തതിനാൽ എന്റെ കാലുകളും തറയിൽ നിന്ന് പൊങ്ങുകയാണോ എന്നൊരു സംശയവും ഉണ്ടായി. സംഗതി പന്തിയല്ലെന്ന് ബോധ്യമായപ്പോൾ നടന്നുകൊണ്ടിരുന്ന ഞാൻ തറയിലിരുന്നു. നിലത്ത് കുത്തി നിർത്തിയ കാലൻ കുടക്കീഴിൽ അങ്ങിനെ അല്പനേരം ഇരുന്നപ്പോൾ കരിമ്പനകളെ വിറപ്പിച്ച കാറ്റിന്റെ സീൽക്കാരമായിരുന്നു മഴ.
പിന്നീട് മഴയോർമകൾ പെയ്തിറങ്ങുന്നത് ഓലമേഞ്ഞ ഷെൽട്ടറിലേക്കാണ്.
അഭയാർത്ഥിയെപ്പോലെ കഴിഞ്ഞിരുന്ന 1980കളിലായിരുന്നു നാട്ടിലെ ഷെൽട്ടർ ജീവിതം. അന്ന് ഓരോ മഴക്കാലവും യുവമിഥുനങ്ങളുടെ കദനമായിരുന്നു മഴ.
വേനലിൽ കെട്ടിമേയാത്തതിന്റെ പരിഭവത്തിൽ ഓട്ട വീണ പനമ്പട്ടകളിൽ നിന്ന് ഊർന്നിറങ്ങിവന്ന മഴനാരുകൾ മുറി നിറയുമ്പോൾ തല നനയാതിരിക്കാൻ
കാൽ ഇളകിയ ബെഞ്ചിന്റെ
താഴെ നേരം വെളുപ്പിച്ച യുവമിഥുനങ്ങളുടെ കണ്ണീർ മഴ തോർന്നതെന്നാണ് ?
വർഷങ്ങൾക്ക് ശേഷം 2018 ഡിസംബർ 30ന് പുലരിയിൽ മുന്നൊരുക്കമോ അലർട്ടുകളോ
അകമ്പടിയില്ലാതെ നേരിയ മഴക്കൊപ്പം നങ്കൂരമിട്ട ചുഴലി കാറ്റിൽ ആകാശത്തോളം പൊങ്ങിയ മഞ്ചാടി മരത്തിന്റെ കൊമ്പ് അടർന്നുവീണതും വീട് ഭാഗികമായി തകർന്നതും അത്ഭുതകരമായി മൂന്ന് ജീവനുകൾ പോറലൊന്നുമേൽക്കാതെ രക്ഷപ്പെട്ടതും പ്രകൃതിയുടെ കാരുണ്യമല്ലാതെ മറ്റെന്താണ് ?
അവിടംകൊണ്ട് അവസാനിക്കുന്നില്ല മഴയോർമ്മകൾ.
2019 മെയ് 17ന് രാത്രി ഓർക്കാപ്പുറത്ത് പെയ്ത വേനൽ മഴയും അകമ്പടി വന്ന കാറ്റും ഭീകര താണ്ഡവമാടിയത് ഭീതിയോടെയല്ലാതെ ഓർക്കാൻ കഴിയില്ല.
രാത്രി അത്താഴം കഴിക്കുന്ന നേരത്താണ് വേനൽമഴ വിരുന്നു വന്നത്.
കൂടെ വന്ന കാറ്റിന് ആയിരം കൈകളുണ്ടായിരുന്നു. ഓടിട്ട വീടിന്റെ ദ്വാരങ്ങളിലൂടെ തത്തിക്കളിച്ച കാറ്റ് ഓടുകൾ
ഓരോന്നും പുറത്തേക്ക് എറിഞ്ഞ് രസിച്ചു. പരിസരത്ത് നിന്നിരുന്ന തേക്കും തെങ്ങും കവുങ്ങും മുരിങ്ങയും കാറ്റിൽ വിറകൊണ്ടു.
ഓടുകൾ പറന്നു വീഴുന്നതും മഴ വീടകം നിറയുന്നതും ഹുങ്കാര ശബ്ദത്തോടെ കാറ്റ് സീൽക്കരിക്കുന്നതും തീവ്ര മഴ പൊട്ടി വീഴുന്നതും ഭീതിയോടെ നോക്കിനിൽക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. നിമിഷങ്ങൾക്കകം വീട് ശിരസ്സിൽ പതിക്കുമെന്നും മൂന്നു മനുഷ്യജീവികൾ സമാധിയടയുമെന്നും മനസ്സിലുറപ്പിച്ച് നിൽക്കെയാണ് വധശിക്ഷ കാത്തു കഴിയുന്നവരെ വെറുതെ വിട്ടതു പോലെ കാറ്റും മഴയും ദയാദാക്ഷിണ്യത്തോടെ പിൻവാങ്ങിയത്.
ഒരു ഓട് പോലും ശിരസ്സിലേക്ക് ഇടാതെ എല്ലാം പുറത്തേക്ക് വലിച്ചെറിഞ്ഞ കാറ്റിന്റെ കൈകളെ പഴിക്കുവതെങ്ങനെയാണ് ?
മഴ നൽകിയ നവരസങ്ങൾ എല്ലാം തകിടം മറിയുന്ന വർത്തമാന കാലത്ത്,
പ്രളയ മഴയും തീവ്ര മഴയും നമുക്ക് പരിചിതമാവുകയാണല്ലോ. പ്രണയമഴ പ്രളയമഴയായും മരണമഴയായും പരിണമിക്കുമ്പോഴും, മഴയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലല്ലോ.
ആകാശത്തിന്റെ ഗർഭപാത്രത്തിൽ ഒളിപ്പിച്ചുവെച്ച സമുദ്രങ്ങളെ കുറിച്ച് ചിന്തിച്ച് വിസ്മയിക്കുമ്പോഴും മനസ്സിനെ തണുപ്പിച്ച പവിഴ മഴയേയും, ജീവൻ നൽകിയ കാരുണ്യ മഴയേയും, ജീവ ജലത്തിന്റെ ജൈവ നീതിയേയും നമിക്കാതെ വയ്യ!
°°°°°°°°°°°°°°°

No comments:
Post a Comment