സംസ്ഥാനത്ത് തപാൽ ഓഫീസ് വഴി വിതരണം ചെയ്തിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് കിട്ടാൻ കാല താമസം വരുന്നു എന്ന പരാതി സംബന്ധിച്ച് ചില വസ്തുതകൾ പരിശോധിക്കാം. കേരളത്തിൽ 32 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കളുണ്ട്. വർഷങ്ങളായി ഇവർക്ക് പെൻഷൻ വിതരണം ചെയ്തിരുന്നത് കേരളത്തിലെ അയ്യായിരത്തിൽപരം തപാൽ ഓഫീസ് മുഖേനയായിരുന്നു. പഞ്ചായത്ത് ഓഫീസിൽ നിന്ന് അയക്കുന്ന മണി ഓർഡർ, ഗ്രാമീണ തപാൽ ജീവനക്കാർ ഓരോ ഗുണഭോക്താവിന്റേയും വീടുകളിൽ എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ ഈ സമ്പ്രദായം അവസാനിപ്പിച്ച് സേവിംഗ് ബാങ്ക് അക്കൌണ്ട് വഴി തുക നൽകാൻ നടപടിയായതോടെയാണ് എല്ലാം അവതാളത്തിലായത്. ലക്ഷക്കണക്കിന് വയോധികരേയും, വികലാംഗരേയും, ഭിന്നശേഷിക്കാരേയും, വിധവകളേയും മറ്റും ഇത്രമാത്രം ദ്രോഹിക്കുന്ന ഒരു തീരുമാനം നടപ്പിലാക്കാൻ ആർക്കായിരുന്നു തിടുക്കം? ഒരു ജനകീയ സർക്കാരും ചെയ്യാൻ പാടില്ലാത്ത കൊടും ക്രൂരതയാണ് കഴിഞ്ഞ മാസങ്ങളിൽ കാണാനായത്. ഒരു വർഷം 2500 കോടിയിൽപരം രൂപയാണ് സംസ്ഥാന സർക്കാർ വിവിധ പെൻഷൻ വിതരണം ചെയ്യാൻ നീക്കിവെക്കുന്നത്. കഴിഞ്ഞ ആറു മാസത്തെ തുക വിതരണം ചെയ്യാൻ 1320 കോടി രൂപ തപാൽ വകുപ്പിനേയും ബാങ്ക് അധികൃതരേയും ഏൽപ്പിച്ചുവെങ്കിലും 700 കോടിയോളം രൂപ ഗുണഭോക്താക്കൾക്ക് ലഭിച്ചില്ല എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് വിവിധ പത്ര മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തപാൽ ജീവനക്കാരെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലായിരുന്നു. വിതരണത്തിന് ലഭിച്ച 925.54 കോടി രൂപയിൽ ഇതുവരെ 863.06 കോടി രൂപ നൽകിക്കഴിഞ്ഞെന്ന് പി.എം.ജി. മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സർക്കാർ വിതരണത്തിന് നൽകിയ തുക തപാൽ സേവിങ്ങ്സ് അക്കൌണ്ടിൽ എത്തിയാൽ അത് ഓരോ ഗുണഭോക്താവിനും എപ്പോൾ വേണമെങ്കിലും പിൻ വലിക്കാവുന്നതാണ്.
32 ലക്ഷം പേരും ഒരു ദിവസം തന്നെ തുക പിൻ വലിക്കാൻ വരില്ലല്ലോ. അങ്ങിനെ വന്നാൽ മാത്രമേ മൊത്തം തുകയും ചിലവാകുകയുള്ളൂ. എന്നാൽ നമ്മുടെ ഗ്രാമങ്ങളിൽ അഞ്ചു മണിക്കൂർ സമയം തുറന്നു പ്രവർത്തിക്കുന്ന തപാൽ ബ്രാഞ്ച് ഓഫീസുകളുടെ സ്ഥിതി എന്താണ്? ഒരു കോണി മുറിയിലാണ് മിക്ക ഓഫീസുകളും പ്രവർത്തിക്കുന്നത്. ആയിരം രൂപ സൂക്ഷിക്കാൻ പോലും അടച്ചുറപ്പില്ലാത്ത ഈ ഓഫീസുകളിൽ നിന്നാണ് നൂറുകണക്കിന് ഗുണഭോക്താക്കൾക്ക് തുക വിതരണം ചെയ്യുന്നത്. ചെറിയ തുക മാത്രം കൈ കാര്യം ചെയ്യാൻ കഴിയുന്ന ഇത്തരം പോസ്റ്റ് ഓഫീസുകളിൽ നിന്ന് മണി ഓർഡർ സുഗമമായി നൽകിയിരുന്നു എന്ന വസ്തുത ഇപ്പോൾ പലരും മറന്നുകഴിഞ്ഞു. വൃദ്ധർക്കും, വികലാംഗർക്കും ഓട്ടോ വിളിച്ച് ഓഫീസിൽ
പല വട്ടം എത്തി തുക വന്നോ എന്നറിഞ്ഞ് അത് കൈപ്പറ്റാൻ വരുന്ന ചിലവ് കണക്കിലെടുത്താൽ പെൻഷൻ തന്നെ വേണ്ടെന്നു വെക്കാൻ തോന്നലുണ്ടാക്കും. അത് കൊണ്ടാണ് അക്കൌണ്ടിൽ തന്നെ തുക കിടക്കാൻ കാരണം. ജനമനസ്സ് അറിയുന്ന ഒരു ഭരണാധികാരി ഈ വസ്തുത മനസ്സിലാക്കിയാൽ പഴയ പോലെ മണി ഓർഡർ സമ്പ്രദായം തന്നെ പുന:സ്ഥാപിക്കുമെന്നുറപ്പാണ് .