പട്ടാമ്പിക്കടുത്തുള്ള മരുതൂർ പുലാശ്ശേരിക്കരയിൽ പടിക്കൽ തൊടി വീട്ടിൽ സത്യഭാമ ഒരു കവയത്രിയാണെന്നും മനോഹരമായി പാട്ടുകൾ പാടുന്നവളാണെന്നും ആർക്കും അറിഞ്ഞുകൂടായിരുന്നു.
അര നൂറ്റാണ്ടു പിന്നിട്ട സത്യഭാമയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായത് ഈയിടെയാണ്. അഞ്ചാം ക്ലാസിൽ പഠനം നിന്നു പോയ സത്യഭാമക്ക് എങ്ങിനെയാണ് കവിതകൾ എഴുതാൻ കഴിയുക എന്ന വിസ്മയത്തിലാണ് ഇപ്പോൾ പലരും. കഴിഞ്ഞ പത്തു വർഷമായി സത്യഭാമ മേലെ പട്ടാമ്പിയിലുള്ള 'സുദർശന' വീട്ടിൽ അംഗമാണ്. സുദർശന ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ബാങ്കിലും മറ്റു സ്ഥാപനങ്ങളിലും അവർ സ്വീപ്പർ ജോലി ചെയ്യുകയാണ്. 'സുദർശന'യിലെ വീട്ടമ്മയായ ഇന്ദിര മോഹനനും മരുമകൾ ഡോ.ആർദ്ര വിനോദുമാണ് സത്യഭാമയിലെ കവിത്വം ആദ്യം തിരിച്ചറിഞ്ഞത്. ഒരു വേലക്കാരി എന്ന പരിഗണനയിൽ
അവർ സത്യഭാമയെ കണ്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. സത്യഭാമ എഴുതുന്നതും പാടുന്നതും സ്വന്തം ജീവിതം തന്നെയാണെന്ന് അവർ മനസ്സിലാക്കി. 'സുദർശന'യിലെ മോഹനേട്ടൻ ആകസ്മികമായി മരിക്കുന്നതിന്റെ തലേ ദിവസം സത്യഭാമ എഴുതിയ കവിതയിൽ മരണാനന്തര ദുഃഖത്തിന്റെ തീവ്രത ഉണ്ടായിരുന്നു എന്നത് ഇന്ദിരക്ക് ബോധ്യമായത് പുനർ വായനയിൽ നിന്നാണ്. ഇപ്പോൾ 53 വയസ് പിന്നിട്ട സത്യഭാമ രണ്ടു വർഷം മുമ്പാണ് വിവാഹിതയായത്.
വീട്ടിലെ സാഹചര്യങ്ങൾ തന്നെയായിരുന്നു വിവാഹം നീളാൻ കാരണം.മലപ്പുറം ജില്ലയിലെ കോക്കൂർ ആശാരി പുരക്കൽ മോഹനൻ സത്യഭാമയുടെ ജീവിതത്തിലേക്ക് കടന്നു വന്നതു പോലെ തന്നെ തിരിച്ചു പോയി. ഒന്നര വർഷം മാത്രം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിന്റെ ബാക്കി പത്രമാണ് ഇപ്പോൾ സത്യഭാമയുടെ മനസ്സിൽ ചിറകടിക്കുന്ന കാവ്യ ശലഭങ്ങൾ. വിഭാര്യനായി കഴിഞ്ഞിരുന്ന മോഹനൻ സത്യഭാമയുടെ ജീവിതത്തിൽ കടന്നു വന്നത് വലിയൊരു പ്രതീക്ഷയായിരുന്നു. വാർദ്ധക്യത്തിൽ ഒരു കൂട്ടായല്ലോ എന്നായിരുന്നു സത്യഭാമ കരുതിയത്. എന്നാൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം വിതറിയ ആ സ്നേഹമയിയെ ഹൃദയാഘാതമായി വന്ന മരണം കൂട്ടിക്കൊണ്ടുപോയി.
ഇപ്പോൾ മോഹനന്റെ മക്കളുടെ സംരക്ഷണം അവർക്കു ലഭിക്കുന്നുണ്ട്. എങ്കിലും ദുരിതങ്ങളുടെ കൂട്ടുകാരിയാണ് സത്യഭാമ. ജീവിതത്തിൽ ഒരിക്കൽ പോലും മനം നിറഞ്ഞു സന്തോഷിക്കാൻ അവസരം ഉണ്ടായിട്ടില്ല. ദാരിദ്ര്യം പത്തി വിടർത്തിയ വഴികളിലൂടെ കുട്ടിക്കാലം പിന്നിട്ട സത്യഭാമ കൗമാരത്തിലും യൗവ്വനത്തിലും കെട്ടിട നിർമ്മാണ തൊഴിലാളിയായി. അതിനിടയിൽ ആരോഗ്യം ചോർന്നു പോയപ്പോഴാണ് വീട്ടു വേലക്കാരിയുടേയും സ്വീപ്പറുടെയും വേഷം അണിഞ്ഞത്. അതാത് ദിവസം കയ്യിൽ കിട്ടുന്ന കീറ കടലാസ്സിൽ അവൾ സ്വന്തം ജീവിതം കുറിച്ചു വെക്കും. അത് ചിലപ്പോൾ ഭജനയുടെ രൂപത്തിലാവും. അല്ലെങ്കിൽ അയ്യപ്പ സ്തുതിയായിരിക്കും. മറ്റു ചിലപ്പോൾ ലളിത ഗാനമാവും. കലാഭവൻ മണിയുടെ മരണം അവരിൽ ഉണ്ടാക്കിയ ആഘാതം പോലും ഏറെ വലുതായിരുന്നുവെന്ന് അവരുടെ നാടൻ പാട്ട് വിളിച്ചു പറയും. എന്തെഴുതിയാലും അതിനൊരു താളമുണ്ടാവും. ഈണത്തിൽ പാടാനും അവർക്കു കഴിയും. ഇതെല്ലാം ആരും കാണാതെ ചെയ്തു പോരുകയായിരുന്നു. എന്നാൽ ഭാഗ്യമെന്നു പറയട്ടെ 'സുദർശന'യിൽ
എത്തിയില്ലായിരുന്നുവെങ്കിൽ ഈ കവയത്രി ചാപിള്ളയാവുമായിരുന്നു. സത്യഭാമ എഴുതിക്കൂട്ടിയ കവിതകൾ ശേഖരിച്ചു വെക്കുകയാണ് ഡോ. ആർദ്ര ആദ്യം ചെയ്തത്. പിന്നീട് കവിതകൾ അവരെക്കൊണ്ടു തന്നെ ചൊല്ലിച്ചു. അത് മൊബൈലിൽ റിക്കാർഡ് ചെയ്തു. വാട്സ്‌ആപ്പിലും ഫേസ് ബുക്കിലും യു ടൂബിലും പോസ്റ്റ് ചെയ്തു. പട്ടാമ്പിയിലെ കവികളേയും പത്രക്കാരെയും വിളിച്ചു വരുത്തി കവിതകൾ കാട്ടിക്കൊടുക്കുകയും കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു. അങ്ങിനെയാണ് സത്യഭാമയെ കാവ്യലോകം കാണുന്നത്. എല്ലാവരും നന്നായി പ്രോത്സാഹിപ്പിച്ചു. അനുമോദിച്ചു. ഒരു പുസ്തകം പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ 'സുദർശന'യിലെ സ്നേഹമയികൾ മുന്നോട്ട് നീങ്ങുകയാണ്.
കാവ്യ ശലഭങ്ങൾ ചിറകടിക്കുന്ന സത്യഭാമയുടെ മനസ് തിരിച്ചറിഞ്ഞ 'സുദർശന'യിലെ ഇന്ദിരയും കുടുംബവുമാണ് ഈ എഴുത്തുകാരിയെ കൈരളിക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കുടുംബത്തോട് കാവ്യ കൈരളി കടപ്പെട്ടിരിക്കുന്നു.
---------------------------------------
ടി വി എം അലി
----------------------------------------