Monday, 28 April 2014

കിണറുകൾ കുപ്പത്തൊട്ടികൾ

കിണറുകൾ കുപ്പത്തൊട്ടികൾ
--------------------------

കേരള കലാമണ്ഡലത്തിനു സമീപത്തുള്ള  ചുങ്കം കവലയിൽ ബസ് കാത്തു നില്ക്കുമ്പോഴാണ് ഒരു പൊതു കിണർ
കണ്ണിൽ തടഞ്ഞത്. കാഴ്ചയിൽ നല്ലൊരു കിണറെന്നു തോന്നി. കവല മധ്യത്തിൽ പഴയ പ്രതാപം വിളിച്ചോതി
നില കൊള്ളുന്ന ആ കിണറിനരികിലേക്ക് ഞാൻ നടന്നു. രണ്ടു റോഡുകളുടെ ഇടയിലുള്ള ചെറിയൊരു
സ്ഥലത്താണ് ആൾമറയുള്ള കിണർ . കിണറിന്റെ ആൾമറയിൽ നിറയെ വാൽപോസ്റ്റർ കണ്ടു. വെള്ളം കോരിയെടുക്കാൻ രണ്ടു ഭാഗത്ത് തുടിക്കാൾ വെച്ചിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ ഒന്നാന്തരം കിണർ തന്നെ. അനേകായിരം മനുഷ്യർക്കും കന്ന് കാലികൾക്കും ജീവ ജലം നല്കിയിരുന്ന ആ കിണറിനു നാല് തലമുറയുടെ
പ്രായം കാണും. പൊരി വെയിലത്ത്‌ വിയർത്തു കുളിച്ചു നിന്ന ഞാൻ അല്പം ആശ്വസിക്കാമെന്നു കരുതി
കിണറിലേക്ക് എത്തി നോക്കി. ആൾമറക്കു താഴെ നിറയെ ചെടികളും പ്ലാസ്റ്റിക് വേസ്റ്റുകളും കുമിഞ്ഞു
കിടക്കുന്നു. മൂടിക്കെട്ടിയ കണ്ണുകൊണ്ടു കാണുന്നതുപോലെ ഞാൻ മിഴിച്ചു നോക്കി. അടിയിൽ ഹരിത ദ്രാവകം
സൂര്യ പ്രകാശത്തിനു വേണ്ടി ഇളകുന്നത് കണ്ടു. ആ കാഴ്ച  എന്നിൽ നൊമ്പരമായി തിരയടിച്ചു.
ഞങ്ങളുടെ തറവാട്ടിലും ഇതുപോലെ നല്ലൊരു കിണറുണ്ടായിരുന്നു. തറവാട് ഭാഗം വെച്ചപ്പോൾ കിണർ
രണ്ടു ഓഹരി ഉടമകളുടെ കൈവശം വന്നു ചേർന്നു. മറ്റു ഓഹരി ഉടമകൾക്കും വെള്ളമെടുക്കാൻ
അവകാശവും രേഖാമൂലം നല്കി. പരിസരത്തുള്ള വീട്ടുകാരെല്ലാം വേനലിൽ ഈ കിണറിനെയാണ്
ആശ്രയിച്ചിരുന്നത്. വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ്. കുഴൽ കിണറും ഹൗസ് കണക്ഷനും ഇല്ലായിരുന്ന
അക്കാലത്ത് കുടിക്കാനും കുളിക്കാനും അലക്കാനും വിള നനക്കാനും ഈ കിണറായിരുന്നു വരദായനി.
എന്നാൽ ഏതാനും വർഷം കഴിഞ്ഞപ്പോൾ നാട്ടിൽ കുടിവെള്ള പദ്ധതിയും പൊതു ടാപ്പുകളും ഹൗസ് കണക്ഷനും
വന്നു. അതോടെ കിണറിനെ എല്ലാവരും അവഗണിച്ചു. അധികം വൈകാതെ കിണർ കുപ്പതൊട്ടിയായി.
അപകടകെണി ആയതോടെ എല്ലാവരും ചേർന്ന് കിണറിനു ജല സമാധി വിധിച്ചു. കിണർ നിന്ന സ്ഥലം കൂടി
ഓഹരി ഉടമകൾ പറമ്പാക്കി മാറ്റി. ഇപ്പോൾ എല്ലാവരും നിളയിലെ ക്ലോറിൻ വെള്ളമാണ് എന്തിനും
ഏതിനും ഉപയോഗിക്കുന്നത്. അതിനിടയിൽ പൊതു ടാപ്പുകളും തദ്ദേശ ഭരണകൂടം വേണ്ടെന്നു വെച്ചു.
ഇപ്പോൾ കുഴൽ വെള്ളത്തിന്റെ വരവും കാത്ത് നിദ്ര വെടിഞ്ഞ് കുത്തിയിരിപ്പാണ് എല്ലാവരും.
വീടുതോറും കുഴൽ കിണർ കുത്തിയവരും കുടിവെള്ളത്തിനു വലയുകയാണ്. ഇരുമ്പ് യുഗം തൊട്ടു
നിലനീന്നിരുന്ന നാട്ടു കിണറുകൾ ഓരോന്നായി നാട് നീങ്ങി. അതോടൊപ്പം നാട്ടു നന്മകളും
നാടിന്റെ സ്നേഹ സൗഹൃദവും വറ്റുകയാണ് . ഭൂമി കൂടുതൽ ഊഷരമാവുകയാണ് . 

Friday, 25 April 2014

മദ്യ കേരളം

മദ്യ കേരളം
----------------
മദ്യത്തിൽ മുങ്ങുകയാണ് കേരളം . കുടിച്ചു കുടിച്ചു മരിക്കാൻ തീരുമാനിച്ച പോലെയാണ് ഓരോരുത്തരും
മദ്യ വില്പ്പന ശാലകൾക്കു മുന്നിൽ വരി നില്ക്കുന്നത്. കുടുംബത്തെ കെടുത്തുന്നത് മദ്യമാണെങ്കിലും
ഖജനാവ് നിറക്കുന്നത് മുഴു കുടിയൻമാരാണ് . ഓണം വന്നാലും ക്രിസ്തമസ് വന്നാലും എന്തിനേറെ
ഹർത്താൽ പൊട്ടി വീണാലും ചുരുങ്ങിയത് നൂറു കോടി രൂപയെങ്കിലും ബീവരേജിലെത്തും .
ഓരോ ടൗണിലും രണ്ടോ മൂന്നോ ബാറുകളും ബീവരേജ് ഔട്ട്‌ ലെറ്റുകളും കാണാം. ഇവയുടെ
ചുറ്റും എപ്പോഴും ആൾക്കൂട്ടം ഉണ്ടാവും. ബീവരേജ് ഔട്ട്‌ ലെറ്റുകൽക്കു മുന്നിൽ വളഞ്ഞു പുളഞ്ഞു
കിടക്കുന്ന മലമ്പാമ്പിനെ അനുസ്മരിക്കും വിധം മനുഷ്യ മതിൽ കാണാം. ഏറ്റവും അച്ചടക്കമുള്ള ഒരു
ജനത ഏതെന്നു ചോതിച്ചാൽ ഉത്തരം തേടി അലയേണ്ടി വരില്ല. അതിനെല്ലാം ഉപരി ഏറെ ദയനീയമാണ്
നടപ്പാതയിലെ കാഴ്ച്ച . ഉടുതുണി ഇല്ലാതെ നഗ്നത വെളിവാക്കി പുരുഷ കേസരികൾ പാത വക്കിൽ
കിടക്കുന്നത് സ്ഥിരം കാഴ്ച്ചയായി മാറിയിട്ടുണ്ട്. അന്തി പാതിര നേരത്ത് ലക്കും ലഗാനുമില്ലാതെ 
വേച്ചു വേച്ചു വീട്ടിലെത്തുന്ന കുടുംബ നാഥനെ കാത്തിരിക്കുന്നവരുടെ കാര്യമൊന്നു ഓർത്തു നോക്കൂ.
കഷ്ടാൽ കഷ്ട തരം തന്നെ. കേരളത്തിൽ കൂലി വേല ചെയ്യുന്ന ഒരു തൊഴിലാളിക്ക് ദിനേന സുമാർ അഞ്ഞൂറ്
മുതൽ ആയിരം രൂപ വരെ കൂലി കിട്ടുന്നുണ്ട്‌. ഇതിൽ നൂറു രൂപ പോലും വീട്ടിലെത്തിക്കാത്തവരാണ്
ഭൂരി ഭാഗവും . ആരോഗ്യവും ആയുസ്സും  ചോർന്നു പോവുന്നത് അറിയാതെ ഒരു സമൂഹം നമ്മുടെ
മുന്നിൽ ചോദ്യ ചിൻഹമായി നിൽക്കുകയാണ്. ഈ സമയത്താണ് ബാറുകളുടെ നിലവാരത്തെ ചൊല്ലി
കേരളത്തിൽ ഭരണ നേത്രുത്വം അടി കൂടുന്നത്. വിഷയത്തിൽ ഇടപെട്ട കോടതി മദ്യ മുക്ത കേരളത്തിനു
വേണ്ടി സുപ്രധാനമായ ചില നിർധേഷങൽ മുന്നോട്ടു വെച്ചതു സ്വാഗതാർഹമാണ്.

Tuesday, 22 April 2014

ഭൗമ ദിന ചിന്തകൾ

ഭൗമ ദിന ചിന്തകൾ
------------------
ഓരോ വർഷവും ഈ ദിനത്തിലെങ്കിലും   ലോകമെങ്ങുമുള്ള മനുഷ്യർ ഭൗമ വിചാരവുമായി കഴിയുമെന്ന് കരുതാൻ ആവുമോ ?  ഇല്ല. ഭൂമിയെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു തല പുണ്ണാക്കാൻ ആർക്കും സമയമില്ല.
ഭൗമ ശാസ്ത്രഞ്ജർ പോലും ഉദ്ബോധനത്തിന് അപ്പുറം എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല.
നമ്മുടെ നിലനില്പ്പിന്റെ കാര്യമെന്ന വിചാരം പോലും വ്യാപകമായി വളർന്നിട്ടില്ല . പരിസ്ഥിതി പ്രവർത്തകർ
ഒറ്റപ്പെട്ട ചില പരിപാടികൾ കൊല്ലം തോറും നടത്താറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല.
ഭൂമിയുടെ ഭാവി നമ്മുടെ കയ്യിൽ ഭദ്രമാണോ? നമ്മുടെ പൂർവ്വീകർ നമ്മെ ഏല്പ്പിച്ചു തന്ന ഭൂമിയാണോ ഇന്നുള്ളത്?  ആഘോഷമായി ഒരു തൈ നട്ടാൽ ഭൂമിക്കൊരു കുടയാവുമൊ?  കേരളത്തിലെ കാര്യമെടുക്കുക.
നൂറോ ഇരുന്നൂറോ വർഷം മുമ്പുള്ള കേരളമാണോ ഇന്ന് നാം കാണുന്നത് ?
വനം , വയൽ , നീർത്തടം , കുന്നുകൾ എന്നിവയുടെ അവസ്ഥ എന്താണ്? വന ഭൂമിയുടെ വിസ്തൃതി , കൃഷി നിലത്തിന്റെ ശോഷണം , കുന്നുകളും പർവ്വതങ്ങളും നാടു നീങ്ങുന്ന കാഴ്ച , പുഴകളും നീർത്തടങ്ങളും
ഊഷരമാവുന്ന അവസ്ഥ , ജല ചൂഷണവും , ഖനന നശീകരണവും , വായു മലിനീകരണവും മറ്റും സൃഷ്ടിക്കുന്ന
വിപത്ത് തുടങ്ങിയ വിഷയങ്ങൾ നാം ഇനിയും ഗൗരവമായി എടുത്തിട്ടുണ്ടോ ?
ഇല്ല. നമുക്ക് അതിനൊന്നും സമയമില്ല. താനൊരുത്തൻ  വിചാരിച്ചതു കൊണ്ട് ഈ ഭൂമിയെ രക്ഷിക്കാൻ
കഴിയുമോ എന്ന് സംശയിക്കുന്നവരും ഏറെയാണ്.
വരും തലമുറക്ക് കൈ മാറാൻ ഭൂമി അവശേഷിക്കണം. അതിനു നാം ഓരോരുത്തരും ഭൂമിയുടെ മക്കളും
സംരക്ഷകരും ആയി മാറണം. ഈ ഭൗമ ദിനം മുതൽ  മഹാ പ്രപഞ്ചത്തെ നാശത്തിന്റെ പാതാളത്തിൽ നിന്ന്
കര കയറ്റുമെന്നു പ്രതിജ്ഞ ചെയ്യാം.

Monday, 14 April 2014

തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ .

 തെരഞ്ഞെടുപ്പ് നാളിലെ കാണാക്കാഴ്ചകൾ ...
--------------------------------------------
സമയം : പ്രഭാതം
സ്ഥലം : പോളിംഗ് ബൂത്ത്‌
നീണ്ട വരി . ആണും പെണ്ണും കൂട്ടി മുട്ടാതെ കടന്നു പോകാൻ നടുവിലായി ടസ്കും ബഞ്ചും വെച്ചൊരു
ബാരികേട് . ആണ്‍ വരിയിൽ നില്ക്കുന്ന ഗ്രാമത്തിന്റെ സ്വന്തം കവി ബോറടി മാറ്റാൻ കവിതയുടെ കെട്ടഴിച്ചു:
" വരി നിന്നു ,വരി നിന്നു / വരിയുടഞ്ഞു പോയവർ / വരികയാണ് , വരികയാണ് / വിരലിൽ മഷി പുരട്ടുവാൻ "
അത് കേട്ടതും കാവൽ നിന്ന പോലിസ് ഏമാൻ വിലക്കി: "ഇവിടെ രാഷ്ട്രീയം പാടരുത് ". അപ്പോൾ കവിയുടെ സുഹൃത്ത് ചോദിച്ചു: "പറയാമോ സാർ ..." . ഏമാൻ കണ്ണുരുട്ടി : " പാടില്ലാ ..രാഷ്ട്രീയം പാടില്ല "
കവി പ്രതികരിച്ചു: " സാറെ , വോട്ടെടുപ്പും രാഷ്രീയ പ്രവർത്തനമല്ലേ ..അപ്പൊ അതും അരുതെന്ന് പറഞ്ഞൂടെ?". ഏമാൻ ഒന്നും പറയാതെ അപ്പുറത്തേക്ക് നടന്നു.
രംഗം : രണ്ട് .
പതിവ് പോലെ സ്വീപ്പർ മുറ്റമടിക്കാൻ ചൂലുമായി എത്തി. അത് കണ്ടതും ബൂത്ത്‌ ഏജെന്റിനു കോപം വന്നു: "പോ ...പോ..ഇവിടെ ചിന്ഹം കൊണ്ടുള്ള കളി വേണ്ടാ ...".സ്വീപ്പറിന് സംഗതി പിടി  കിട്ടി. കെജരിവാളിന്റെ ആയുധം വലിച്ചെറിഞ്ഞ് ആ സ്ത്രീ സ്ഥലം വിട്ടു.
രംഗം: മൂന്ന് .
ബൂത്ത്‌ എജെന്റ് മേല്പോട്ട് നോക്കിയപ്പോൾ ഞെട്ടിപ്പോയി . തന്റെ എതിർ കക്ഷിയുടെ തെരഞ്ഞെടുപ്പു ചിന്ഹം അതി വേഗം കറങ്ങുന്നു. നിയമ സഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവത്തോടെ
അയാള് എണീറ്റു . " സാറെ, പോളിംഗ് നിർത്തണം ...സീലിംഗ് ഫാൻ അഴിച്ചു മാറ്റാതെ വോട്ടെടുപ്പ് നടത്താൻ
പറ്റില്ല." പ്രിസൈഡിംഗ് ഓഫിസർക്കു ആപത്ത് ബോധ്യമായി. ഒരു സ്ഥാനാർഥിയുടെ ചിന്ഹം ബൂത്തിൽ
പ്രദർശിപ്പിച്ചുകൊണ്ട് വോട്ടെടുപ്പ് നടത്തിയാൽ കോടതി കയറേണ്ടി വരും. ഉടനെ ആളെ വിട്ട്
എലെക്ട്രീഷനെ വരുത്തി ഫാൻ അഴിച്ചെടുത്തു. കപ്പും സോസറും , ടംബ്ലറും ചിന്ഹമായതു കൊണ്ട്
വെള്ളവും ചായയും വേണ്ടെന്നു വെച്ചു . ഉപവാസം ശീലിക്കാൻ പഠിപ്പിച്ച തെരഞ്ഞെടുപ്പു
കമ്മീഷന് നന്ദി പറഞ്ഞ് ജീവനക്കാർ വൈകുന്നേരം ആറു മണി വരെ ഉമിനീര് കുടിച്ചു.
രംഗം : നാല് .
ചക്കി തള്ള വിറച്ചു വിറച്ചാണ് ബൂത്തിലെത്തിയത്. വെയിലത്ത്‌ നിന്ന് വന്നതു കൊണ്ട് വോട്ടു മുറിയിൽ
ഇരുട്ടു കൂട് കെട്ടിയത് പോലെ തോന്നി. യന്ത്ര പലകയിലെ ചിന്ഹങ്ങളൊന്നും കണ്ണിൽ തെളിഞ്ഞില്ല.
ഏതോ ഒരു ഭാഗത്ത് വിരലമർത്തി ബീപ് കേട്ടപ്പോൾ ചക്കി തള്ള ഒന്നു ഞെട്ടി. വിരലമർന്നതു നോട്ടക്കാണെന്ന്
യന്ത്രത്തിന് മനസ്സിലായെങ്കിലും ചുമന്നു കൊണ്ട് വന്ന പാർടി പ്രവർത്തകനു അക്കിടി തിരിച്ചറിയാൻ
സാധിച്ചില്ല. ഒരുപാട് വിരലുകൾ നോട്ടയിൽ പതിഞ്ഞപ്പോൾ സ്വതന്ത്രനെ പിന്നിലാക്കിയ സംതൃപ്തിയിൽ
അസാധു ഊറി ചിരിച്ചു.
രംഗം:   അഞ്ച് .
യന്ത്ര പലകയിൽ പല വട്ടം തെരഞ്ഞിട്ടും കൈപ്പത്തി കാണാതായപ്പോൾ മാധവി നേശ്യാർക്ക് സങ്കടവും കോപവും വന്നു. ഒടുവിൽ താമരയിതളിൽ വിരലോടിച്ച് കലിപ്പ് തീർത്തു . കൂടെ വന്ന നീലി തള്ളയാവട്ടെ
കൊയിത്തരിവാളും കതിരും കാണാഞ്ഞ് പിണങ്ങി നിന്നു . ബീപ് കേൾക്കാതായപ്പോൾ പോളിംഗ്
ഓഫിസർ ഇടപെട്ടു. ഒടുവിൽ നീലിയുടെ വോട്ടും വേലിപ്പുറത്തായി .മനപ്പടി ഉണ്ണാമന്റെ കണ്ണിൽ യന്ത്ര പലക
ആധാറിന്റെ രൂപത്തിലാണ് അവതരിച്ചത്. പോസ്റ്റ്‌ മാൻ വീട്ടിലെത്തിച്ചിരുന്ന വാർദ്ധക്യ പെൻഷൻ ബാങ്കിലേക്ക്
മാറ്റിയ നടപടി ഓർത്തപ്പോൾ ഉണ്ണാമന്റെ മനസ്സില് കോപം ഇരച്ചെത്തി. അന്ന് മുതൽ ആ വയോധികന്റെ
മനസ്സില് വൈരം കത്തുകയായിരുന്നു. ആ കലിപ്പ് തീർക്കാൻ ഉണ്ണാമൻ കുത്തിയത് അപരന്റെ ചിന്ഹത്തിലായിരുന്നു . വിളക്കതല പാറു അമ്മയുടെ നെഞ്ചിലെരിഞ്ഞത് പാചക വാതകമായിരുന്നു.
മൂന്നിരട്ടി തുക രൊക്കം കൊടുത്ത് സബ്സിഡി വാങ്ങാൻ ബാങ്കിൽ പോയി വരി നിന്ന് മടുത്തതിന്റെ
രോഷം നുരഞ്ഞു പൊങ്ങിയപ്പോൾ പാറു അമ്മ ആഞ്ഞു കുത്തിയത് ഗ്യാസ് സിലിണ്ടറിന്റെ നെഞ്ഞിലായിരുന്നു.
രംഗം: ആറ്
സമയം: സായാഹ്നം
സ്ഥലം: പോളിംഗ് ബൂത്തിന്റെ സമീപം
വോട്ടു പെട്ടികൾ ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നത് കാണാം. ഉദ്യോഗസ്തരും പോലീസുകാരും ബൂത്ത്‌ ലവൾ
ഓഫീസർമാരും സ്ഥലം വിടാനുള്ള തത്രപ്പാടിലാണ്. അതിനിടയിൽ മരച്ചുവട്ടിൽ ഒരു സംഘം ആളുകൽ വാതു
വെക്കുന്ന തിരക്കിലാണ്. "വാളോ വിളക്കോ ? / ഉരലൊ മലരോ? / ശശിയോ മഷിയോ ?/ കണ്ണനോ തൊണ്ണനോ?/  രാജനോ വീരനോ ? /  ബഷീറോ നസീറോ ? / "....
ആര് ജയിക്കും ? ആര് തോല്ക്കും ? വെയ് രാജാ വെയ് ....ഒരു ലക്ഷം ...രണ്ടു...മൂന്ന് ...
നവ ലിബറൽ ജനാധിപത്യത്തിന്റെ പുതു വാതായനങ്ങൾ തുറക്കപ്പെടുകയാണ്.
ഓഹരി കമ്പോളത്തിലേക്ക് കടന്നു ചെല്ലാൻ കഴിയാത്ത സാധാരണക്കാരന്റെ നിക്ഷേപം ഇതൊക്കെയാണല്ലോ .


 .


Monday, 7 April 2014

കേരളം പോളിംഗ് ബൂത്തിലേക്ക്

കേരളം പോളിംഗ് ബൂത്തിലേക്ക്
--------------------------------
പതിനാറാം ലോകസഭയിലേക്കുള്ള ഒന്നാം ഘട്ട വിധി എഴുത്ത് ഇന്ന് തുടങ്ങി.ഏപ്രിൽ 10 നാണ് കേരളത്തിന്റെ
സമ്മതി ദാനം . സംസ്ഥാനത്ത് 27 വനിതകളുൽപ്പെടെ 269 സ്ഥാനാർഥികളാണ് ജന വിധി തേടുന്നത്.
ആകെ 2,42,51,937 വോട്ടർമാരാണ് ഉള്ളത്.ഇവരിൽ  1,25,70,434 പേര് സ്ത്രീകളും 1,16,81,503 പേര്
പുരുഷന്മാരുമാണ് . ഇവരിൽ അഞ്ചു ലക്ഷം പേര് പുതിയ വോട്ടര്മാരാണ്. അതായത് ഇത്തവണ വിധി
എഴുത്തിൽ നിർണ്ണായക പങ്കു വഹിക്കുന്നത് സ്ത്രീകളും യുവ വോട്ടര്മാരുമാണ് . പാലക്കാട് ജില്ലയിൽ
20,03,479 വോട്ടര്മാരുണ്ട്. ഇവിടെയും സ്ത്രീകളാണ് കൂടുതലെന്ന് കാണാം. പുരുഷന്മാരുടെ എണ്ണം
9,76,224 ആണെങ്കില് വനിതകളുടെ എണ്ണം 10,27,285 ആണ്. ഇവരിൽ 38,390 പേര് നവ വോട്ടർമാരാണ് .
ഇതിലാവട്ടെ വനിതകൾ 16,660 ആണെങ്കില് പുരുഷന്മാര്  21,730 ആണ്. പുതുതായി പട്ടികയിൽ പേര്
ചേർക്കുന്ന കാര്യത്തിൽ  വനിതകൾ പിന്നിലായെന്നു മാത്രം.
പാലക്കാട് ലോകസഭ മണ്ഡലത്തിൽ ഏഴു നിയമസഭാ മണ്ഡലങ്ങളുണ്ട്‌. പട്ടാമ്പി , ഷൊരന്നുർ , ഒറ്റപ്പാലം,
കോങ്ങാട്, മണ്ണാർക്കാട് , പാലക്കാട്, മലമ്പുഴ എന്നീ മണ്ഡലങ്ങളിലായി 11,82,904 വോട്ടര്മാരുണ്ട്.
പട്ടാമ്പി , മണ്ണാർക്കാട് , പാലക്കാട് എന്നീ മണ്ഡലങ്ങൾ യു.ഡി.എഫും , ഷൊർന്നുർ , ഒറ്റപ്പാലം , കോങ്ങാട്,
മലമ്പുഴ മണ്ഡലങ്ങൾ എൽ .ഡി.എഫും പ്രതിനിധീകരിക്കുന്നു. സിറ്റിംഗ് എം.പി. എം.ബി. രാജേഷും മുൻ എം.പി.യും മുൻ മന്ത്രിയുമായ എം.പി. വീരേന്ദ്രകുമാറുമാണ് മുഖ്യ പ്രതിയോഗികൾ. അതുകൊണ്ടു തന്നെ
തീ പാറുന്ന മത്സരമാണ് ഇവിടെ നടക്കുന്നത്. പുതിയ പട്ടാമ്പി താലൂക്കിലുള്ളവർ ഇത്തവണ രണ്ടു ലോകസഭാ
( പാലക്കാടും പൊന്നാനിയും  ) അംഗങ്ങളെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലെത്തും .പൊന്നാനിയുടെ
ഭാഗ മായ തൃത്താലയിലെ വോട്ടര്മാരുടെ മുന്നില്  സിറ്റിങ്ങ് എം.പി.യായ ഇ.ടി. മുഹമ്മദ്‌ ബഷീറും
ഇടതു സ്വതന്ത്രനായ വി. അബ്ദുറഹ്മാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്. പട്ടാമ്പിയിലുള്ളവർ പാലക്കാടിന്റെ
സാരഥിയെ കണ്ടെത്തും. നമ്മുടെ സമ്മതി ദാനം സമാധാന പൂർണ്ണ മാവട്ടെ.

Sunday, 6 April 2014

ബീഡി കമ്പനിയിലെ ജിന്ന്

ബീഡി കമ്പനിയിലെ ജിന്ന്
-------------------------
വർഷങ്ങൾക്കു മുമ്പ് എന്റെ വീടിന്റെ സമീപം ഒരു ബീഡി കമ്പനി ഉണ്ടായിരുന്നു.  യു .പി. സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടു വന്നാൽ ബീഡി കമ്പനിയിൽ ചെന്നിരിക്കും. മുറം മടിയിൽ വെച്ച് ഇലയിൽ പുകയിലയിട്ട് ബീഡി ചുരുട്ടി കെട്ടുന്ന വിദ്യ കൗതുകത്തോടെ നോക്കി നില്ക്കും. അസീസ്ക്ക, ഉമ്മർക്ക, കുട്ടപ്പ കുറുപ്പ് ,  പിന്നെ പേരറിയാത്ത ഏതാനുംബീഡി  തെറുപ്പുകാരും കമ്പനിയിലുണ്ടായിരുന്നു.രാവിലെ മുതൽ വൈകുന്നേരം വരെ ഒച്ചയും ബഹളവും വാഗ്വാദവും കേൾക്കാറുണ്ട് .ചുരുക്കി പറഞ്ഞാല്  ആ ബീഡി കമ്പനി
ഒരു രാഷ്ട്രീയ വിദ്യാലയം ആയിരുന്നു . മൂന്നോ നാലോ പത്രങ്ങൾ ആ കമ്പനിയിലുണ്ടായിരുന്നു. രാവിലെ പത്ര വായനയോടെയാണ്ബീഡി  തെറുപ്പു തുടങ്ങുക. പിന്നെ ഓരോ വാർത്തയെകുറിച്ചും അപഗ്രഥനമാണ് . ചർച്ച മുറുകുമ്പോൾ തീ പാറും. അങ്ങിനെയിരിക്കെ ജിന്ന് എന്ന് ഇരട്ടപ്പേരുള്ള ഒരാള് പുതുതായി കമ്പനിയിൽ ജോലിക്കെത്തി . വെളുത്ത ശരീരം , മെലിഞ്ഞ പ്രകൃതം, ഉറക്കെ സംസാരിക്കും, വല്ലാതെ കിതക്കും, പിന്നെ കാര്ക്കിച്ചു തുപ്പും, തെറിച്ചു വീഴുന്നതോ ചുവപ്പ് കലര്ന്ന വെളുത്ത കഫക്കട്ട...കുടുക്കിടാത്ത കുപ്പായം
ആയതു കൊണ്ട് ചുമക്കുമ്പോൾ ജിന്നിന്റെ നെഞ്ചിന്കൂട് വികസിക്കുന്നത് കാണാം . കുട നിവർത്തി ചുരുക്കുന്നത് പോലെ വാരിയെല്ലുകൾ ഉയരുന്നതും താഴുന്നതും നോക്കി നില്ക്കാരുണ്ട്. ഇടയ്ക്കിടെ മുറ്റത്ത്‌ തുപ്പി നിറക്കുന്നത്  അറപ്പുളവാക്കുന്ന കാഴ്ചയാണെങ്കിലും  ആരും അത് വിലക്കാറില്ല . അതുകൊണ്ട് മുറ്റമെന്നും അത്തപ്പൂക്കളം ഇട്ട പ്രതീതിയാണ്. ചോരപ്പൂക്കളം ആയി മാറുന്ന മുറ്റത്ത് ഉടഞ്ഞ സൂര്യ ബിംബം
തിളങ്ങുന്നത് കാണാൻ ഭംഗിയുണ്ട് .
ജിന്ന് എന്ന് പേരുള്ള ഈ ക്ഷയ രോഗി അന്ന് എന്റെ  മനസ്സില് കയറിക്കൂടിയതാണ്. സൂര്യ ശയനം എന്ന
നോവലിന്റെ രചന തുടങ്ങുമ്പോൾ ജിന്നിന്റെ മുഖം മനസ്സില് നിറഞ്ഞു നിന്നിരുന്നു. പിന്നീട് ഒരിക്കൽ ചെന്നൈ
താംബരത്തുള്ള ടി.ബി.സാനിട്ടോറിയം സന്ദര്ഷിക്കാൻ അവസരമുണ്ടായി. വളരെ മനോഹരമായ ആതുരാലയം ആയിരുന്നു ആ സ്ഥാപനം.നൂറു കണക്കിനു ക്ഷയ രോഗികളെ കണ്ടപ്പോഴാണ് ഈ രോഗത്തിന്റെ
വ്യാപ്തി ബോധ്യപ്പെട്ടത്. എയിഡ്സ് എന്ന മഹാ വ്യാധിയെ കുറിച്ച് ലോകം ആശങ്കയിലായ സന്ദര്ഭത്തിലാണ് അതിനേക്കാൾ ഏറെ ഭീഷണി ക്ഷയ രോഗത്തിനും ഉണ്ടെന്നു വൈദ്യ ശാസ്ത്രം തുറന്നു
പറഞ്ഞത്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും പിടി പെടാവുന്ന ക്ഷയ രോഗം ഇന്നും ലോകത്തിനു
വെല്ലുവിളി ഉയർത്തുന്നുണ്ട് . ആ കാര്യം അറിയാൻ കഴിഞ്ഞതു  കൊണ്ടാണ് ക്ഷയ രോഗിയെ മുഖ്യ
കഥാപാത്രമാക്കി സൂര്യ ശയനം രചിച്ചത്. അസീസ്‌ എന്ന കേന്ദ്ര കഥാപാത്ര സൃഷ്ടിയെ കുറിച്ച്
പല വായനക്കാരും ആകാംക്ഷയോടെ ആരാഞ്ഞപ്പോഴും ഈ പശ്വാതലം തുറന്നു പറഞ്ഞിരുന്നില്ല.
കുട്ടിക്കാലത്ത് മനസ്സില് പതിഞ്ഞ ചിത്രങ്ങളാണ് പിന്നീട് വിശ്വ സൃഷ്ടികളായി രൂപാന്തരപ്പെടാറുള്ളത് .
ഒരു രോഗിയുടെ മനസ്സിലേക്ക് ഞാൻ നടത്തിയ തീർത്ത യാത്രയാണ് ആ നോവൽ .ഇത് ജിന്നിന്റെ ജീവിത കഥയല്ല.എന്റെ ജീവിത യാത്രയിൽ  ഞാൻ അനുഭവിച്ച വേദനകളും യാതനകളും ഉൽ ചേർത്ത് വെച്ചിട്ടുണ്ട് .പിന്നിട്ട ജീവിത സാഹചര്യം, കണ്‍ മുന്നില് കണ്ട സംഭവങ്ങൾ, ഇട പഴകിയ മനുഷ്യര് , ഇവ എല്ലാം ഓരോ എഴുത്തിലും കടന്നു വരാറുണ്ട്. അക്കൂട്ടത്തിൽ എന്നെ സ്വാധീനിച്ച ഒരു മനുഷ്യ ജീവിയായിരുന്നു ബീഡി കമ്പനിയിലെ ജിന്ന്. .ഗുരു നിത്യ ചൈതന്യ യതി അവതാരിക എഴുതി അനുഗ്രഹിച്ച ഈ നോവൽ ഇതിനകം രണ്ടുപതിപ്പുകൾ ഇറങ്ങി. ഒരുപാട് വായനക്കാര് നേരിട്ടും എഴുതിയും  അറിയിച്ച നല്ല വാക്കുകൾ
എഴുത്തിനുള്ള അംഗീകാരം ആണ്. ധ്വനി എന്ന നല്ല സിനിമ സംവിധാനം ചെയ്ത എ.ടി. അബു  എന്റെ
നോവൽ വായിച്ച് പടമെടുക്കാൻ താല്പ്പര്യം പ്രകടിപ്പിക്കുകയും നിർമാതാവിനെ കിട്ടിയാൽ മറ്റു കാര്യങ്ങൾ
ചർച്ച ചെയ്യാമെന്ന് പെരിന്തൽമണ്ണയിൽ നടന്ന കൂടി കാഴ്ചയിൽ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ അദേഹത്തിന്റെ ആകസ്മിക വേർപ്പാട് മൂലം ആ പദ്ധതിയും നിദ്ര പൂകി. വര്ഷം തോറും
ക്ഷയ രോഗ ദിനാചരണം നടക്കുമ്പോൾ ഈ നോവലും ജിന്ന് എന്ന ബീഡി തൊഴിലാളിയും
എന്റെ മനസ്സിലേക്ക് ക്ഷണിക്കാതെ തന്നെ കടന്നു വരാറുണ്ട്.

Thursday, 3 April 2014

ഒരു പെണ്‍കുട്ടി കരയുന്നു പിന്നെയും ...

ഒരു പെണ്‍കുട്ടി  കരയുന്നു പിന്നെയും ...
----------------------------------------
കഴിഞ്ഞ ദിവസം കണ്ടൊരു കാഴ്ച്ചയാണ് . കോളജ് സ്റ്റോപ്പിലെ  ഉങ്ങ് മര ചുവട്ടിൽ മൂന്നു പെണ്‍കുട്ടികൾ
നില്ക്കുന്നു. അതിലൊരു മെലിഞ്ഞ പെണ്‍കുട്ടി തേങ്ങി തേങ്ങി കരയുന്നു. കൂട്ടുകാരികൾ അവളെ
ആശ്വസിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.  തൊട്ടടുത്തുള്ള കട വരാന്തയിൽ നിന്നിരുന്ന ഞാൻ ഈ കാഴ്ച്ച
സുഹൃത്തിനു കാട്ടിക്കൊടുത്തു. കുട്ടിക്ക് വല്ല അസുഖമോ മറ്റോ ആണെങ്കിൽ ആശുപത്രിയിലേക്ക് പോകാനുള്ള
സൗകര്യം ചെയ്തു കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചു. കരയുന്ന കുട്ടിയുടെ കൂട്ടുകാരിയെ ഞാൻ മാടി വിളിച്ചു.
ആ കുട്ടി ഓടി വന്നു. എന്തിനാണ് കൂട്ടുകാരി  കരയുന്നത് എന്ന് ഞാൻ ചോദിച്ചു.അവളാവട്ടെ കാര്യം പറയാൻ
മടിച്ചു.വീട്ടില് അച്ഛനോ അമ്മക്കോ വല്ല അസുഖവും ? ഉടനെ വീട്ടിലെത്തിക്കണോ ? പറയാൻ മടിക്കേന്ടെന്നു
ഞാനാവർത്തിച്ച് പറഞ്ഞു. കാര്യം പറഞ്ഞാല് ഏട്ടൻ ചിരിച്ചു മണ്ണ് കപ്പും എന്നായിരുന്നു അവളുടെ മറുപടി.
അതും പറഞ്ഞ് അവളോടിപ്പോയി.അപ്പോഴാണ്‌ സംഗതിയുടെ പൊരുള് പിടി കിട്ടിയത്. അവളുടെ അടുത്തേക്ക് ഒരു പയ്യൻ ബൈക്കോടിച്ചു വരുന്നത് കണ്ടു. അവര് തമ്മിലല്പ്പ  നേരം സംസാരിക്കുന്നതും കണ്ടു.ഡിഗ്രി ഫൈനൽ സെമസ്റ്റെർ കഴിഞ്ഞു പിരിയുന്നതിന്റെ വിരഹ വേദനയാണ് അവളുടെ കരച്ചിലിന്
കാരണമെന്നു ഞങ്ങൾക്ക് അല്പം വൈകിയാണ് മനസ്സിലായത്. കൂട്ടുകാരൻ വന്നു സംസാരിച്ചപ്പോഴേക്കും
അവളുടെ കരച്ചിൽ നിലച്ചു. ഇതിനു സമാനമായ മറ്റൊരു കരച്ചിൽ എന്റെ ഓർമയിലേക്ക് ഒഴുകിയെത്തി.
മൂന്നര പതിറ്റാണ്ട് മുമ്പ് കോവൈ നവാബ് ഹക്കീം റോഡിലെ ഒരു ഗല്ലിയിൽ നിന്നാണ് ആ കരച്ചിലുയർന്നു
കേട്ടത്. നാഷണൽ കോളജിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒരു 18 കാരനെ യാത്രയാക്കുന്ന
ചടങ്ങിലാണ് അയൽക്കാരിയായ 15 കാരി ആർത്തലച്ചു കരഞ്ഞത്. കുറച്ചു കാലം അവൾ അവന്റെ ശിഷ്യയായിരുന്നു .കണക്കും ആംഗലേയവും  പഠിപ്പിച്ച ബന്ധം. കൗമാര സ്വപ്നങ്ങൾക്ക് ചിറകു വിടരുന്ന
കാലം. വേർപ്പാട് വേദന തന്നെയാണ്.അത് എന്നെന്നും നൊമ്പരപ്പെടുത്തുന്ന മുറിവാണ്.പിന്നീട് ഒരിക്കലും
കണ്ടിട്ടില്ലെങ്കിലും അന്നത്തെ 18 കാരന്റെ മനസ്സിലിപ്പൊഴും ഒരു പ്രാവിന്റെ കുറുകലുണ്ട്.

Wednesday, 2 April 2014

പാരഡി പാട്ടിന്റെ പൂരം

പാരഡി പാട്ടിന്റെ പൂരം
-------------------------
കേരളം മീന ചൂടിലുരുകുന്ന സമയത്താണ് പാർലിമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെ ചൂട്
ഇരട്ടിയായി. ഒരാഴ്ചക്കകം പ്രചാരണ കോലാഹലങ്ങളവസാനിക്കും. സ്ഥാനാർഥികൽ ഇതിനകം പല വട്ടം സമ്മതിദായകരെ കണ്ടു കഴിഞ്ഞു. ഇപ്പോൾ വോട്ടര്മാരെ ആകർഷിക്കാൻ പറ്റിയ പാരഡി പാട്ടുകളുമായി
വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നുണ്ട്. 1980 കളിലെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ ഓർമയിൽ
വരികയാണ്. അന്ന് റെഡി മേഡ് കാസ്സറ്റ്‌ പരിചയമായിട്ടില്ല. നാട്ടിൻ പുറങ്ങളിൽ പ്രവര്ത്തിക്കുന്ന യുവ ജന
ക്ലബുകൽക്കാണ് പാട്ടിന്റെ ചുമതല ലഭിച്ചിരുന്നത്. അന്നത്തെ ക്ലബുകളാവട്ടെ സംഗീതാദി കലകളുടെ ഈറ്റില്ല
മായിരുന്നു. ആ ഗണത്തിൽ പെട്ടതായിരുന്നു ഞാങ്ങാട്ടിരി യുവ കാഹളം. അക്കാലത്ത് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ സ്ഥാനാർഥിക്കു വേണ്ടി പാട്ടെഴുതാനുള്ള അവസരം എന്നെ തേടി എത്തിയത്
ഓർക്കുന്നു. എം.എസ്. കുമാർ , ആര്യൻ മാഷ്‌ , ശിവ ശങ്കരൻ മാഷ്‌, സുകുമാരൻ മാഷ്‌, ടി.കെ.നാരായണദാസ്‌ ,
തുടങ്ങിയ പ്രമുഖരാണ് മുന്നിലും പിന്നിലും ചുക്കാൻ പിടിക്കുന്നത്‌. തിരൂര് ഷാ എന്ന സംഗീത സംവിധായകന്റെ ശിക്ഷണത്തിലായിരുന്നു മേല്പറഞ്ഞവർ കൊട്ടും പാട്ടും പഠിച്ചിരുന്നത്. തബല, ഹാർമോണിയം , ഗിത്താർ , ഫ്ലൂട്ട് , വയലിൻ തുടങ്ങിയ ഉപകരണങ്ങളും ക്ലബിൽ ഉണ്ടായിരുന്നു. പാട്ട് എഴുതാൻ
നിയോഗം ലഭിച്ച ഞാനാവട്ടെ എങ്ങിനെ തുടങ്ങണം എന്നറിയാതെ ഉഴറി നടക്കുകയാണ്. മറ്റു പാട്ടുകൾ
ഈണമിട്ട് കഴിഞ്ഞു. ഇനി വേണ്ടത് എന്റെ രണ്ടു പാട്ടാണ്. ആദ്യമായി രാഷ്ട്രീയ ഗാനം എഴുതാനുള്ള
ഒരുക്കത്തിലാണ് മനസ്സ്. ഒടുവിലതാ അത് സംഭവിച്ചു. " പടചട്ട അണിഞ്ഞും മനസ്സുകൾ ഉണർന്നും അടരാടാൻ
എത്തുന്നെ ..." , " പഞ്ചാര പുഞ്ചിരി തൂകി വോട്ടും തേടി നടക്കുന്നോനെ ...." എന്നിങ്ങനെ രണ്ടു പാട്ട്
കമ്പോസ് ചെയ്തു. ചുരുക്കി പറയട്ടെ അന്ന് കോളാമ്പിയിലൂടെ ഒഴുകി നടന്ന ഈ ഗാനങ്ങൾ മറ്റു മണ്ഡലങ്ങളിൽ
കൂടി ഹിറ്റായി എന്നെ പറയേണ്ടു. തെരഞ്ഞെടുപ്പും ആരവവും കഴിഞ്ഞിട്ടും കുട്ടികളുടെ ചുണ്ടുകളിൽ
ഈ പാട്ടുകൾ ഏറെ കാലം മായാതെ നിലനിന്നു എന്നത് ഇന്നും ആവേശം നല്കുന്നുണ്ട്.