തിമിർക്കുകയാണ്.
രാവിലെ തുടങ്ങിയ മഴയാണ്. കുടയുണ്ടായിട്ടും പാതി നനഞ്ഞ് ബസ്സിൽ കയറി. പൊട്ടച്ചിറ എത്തിയപ്പോൾ ജയൻ മാഷ് വിളിച്ചു. ചെർപ്ലശ്ശേരിയിൽ ഇറങ്ങി നിന്നാ മതി. ഞാൻ കാറുമായെത്താം. റൂട്ട് മാപ്പ് അയച്ചു തന്നിരുന്നുവെങ്കിലും വടക്കു മുറി എന്ന ഉൾഗ്രാമത്തിലെത്തുക എന്നത് പ്രയാസമുള്ള കാര്യമാണ്. അതും പെരുമഴയത്ത്. ഉച്ചക്ക് ഒന്നരക്ക് ബസ്റ്റാൻ്റിൽ ഇറങ്ങി നിന്നു. അധികം വൈകാതെ ജയൻ മാഷ് എത്തി.
ചെർപ്ലശ്ശേരി - പെരിന്തൽമണ്ണ റോഡിലൂടെ അഞ്ച് കി.മീറ്റർ ചെന്നാൽ തൂത എത്തും മുമ്പ് ഷാപ്പുംപടി എന്നൊരു സ്റ്റോപ്പുണ്ട്. അവിടെ നിന്ന് വീട്ടിക്കാട് റോഡിലൂടെ തെക്കുംമുറി വഴിയായി യാത്ര. തകർന്ന നിരത്താണ്. കുഴികളിൽ വെള്ളമുണ്ട്. ആഴമറിയാതെ കാറിൻ്റെ ചക്രം കുഴിയിൽ ചാടി നീന്തിക്കയറുന്നുണ്ട്.
പിന്നെ കാർ കുളപ്പട റോഡിലേക്ക് തിരിഞ്ഞ് കുറച്ച് ദൂരം ചെന്നപ്പോൾ വടക്കുമുറി എ.എൽ.പി സ്കൂൾ തെളിഞ്ഞു. സമയം രണ്ട് മണിയോടെ പുതുതായി നിർമ്മിച്ച വിദ്യാലയത്തിലെത്തി. അഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ കെട്ടിടമാണ്. കെ.ജി മുതൽ നാല് വരെയുള്ള നൂറോളം കുട്ടികളാണ് സ്കൂളിലുള്ളത്.
മഴവിടാനുള്ള ഭാവമില്ല. അന്തരീക്ഷം കറുത്തു പുകഞ്ഞ് തന്നെ നിൽക്കുകയാണ്. പ്രവേശന കവാടത്തിൻ്റെ മുകളിലുള്ള ഷീറ്റിൽ മഴ തലതല്ലി അലമുറയിടുകയാണ്. അത് സഹിക്കാൻ വയ്യാതെയാവണം വൈദ്യുതി പടിയിറങ്ങിപ്പോവുകയും ചെയ്തു. ഉച്ചഭാഷിണി ഉണ്ടെങ്കിലും വൈദ്യുതി ഇല്ലാതെന്തു ചെയ്യും? ഇത്തിരി നേരം ഞങ്ങൾ മൂപ്പനെ കാത്തിരുന്നു. കാണാനില്ല. കുട്ടികളാവട്ടെ അതിഥിയെ കേൾക്കാൻ റെഡിയായി ഇരിക്കുകയാണ്.
വായനാവാരാചരണത്തിൻ്റെ സമാപന ചടങ്ങാണ്. ഇനിയും നീട്ടി കൊണ്ടുപോവാൻ പറ്റില്ല. മഴ തോരുന്നില്ല. വൈദ്യുതി ദാ വന്നു, ദേ പോയി എന്ന മട്ടിൽ തല നീട്ടിയെങ്കിലും കാലിൽ ഉറച്ചുനിന്നില്ല. അങ്ങനെ വിട്ടുകൊടുക്കാൻ പറ്റില്ലല്ലൊ. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യണമല്ലൊ. ജയൻമാഷ് അധ്യക്ഷനായി ചടങ്ങ് തുടങ്ങി. നന്നായി സംവദിക്കുന്ന കുട്ടികളാണ് എല്ലാവരും എന്ന് മനസ്സിലായി. എൻ്റെ ഊഴമായി.
മഴയെ കുറിച്ച് തുടങ്ങി പി.എൻ പണിക്കരിലൂടെ നീങ്ങി വായനയുടെ മാഹാത്മ്യത്തെക്കുറിച്ചും മറ്റും പറഞ്ഞ് ഭാരതപ്പുഴയെ കുറിച്ചൊരു കവിതയും കാച്ചിയങ്ങ് നിർത്തി. അപ്പോഴേക്കും മഴയുടെ തിരി മുറിഞ്ഞു. വായനാവാരത്തിലെ വിവിധ മത്സര വിജയികൾക്ക് സ്കൂളിലെ മൊമെൻ്റോയോടൊപ്പം എൻ്റെ 'ഈസൻ മൂസ'യും (ബാലനോവൽ) ചേർത്ത് സമ്മാനിച്ചു. മൂന്നരയോടെ ജയൻ മാഷ് കാറിലിരുത്തി എന്നെ ബസ് സ്റ്റോപ്പിൽ എത്തിച്ചു. നല്ലൊരു അനുഭവം സമ്മാനിച്ച കുട്ടികൾക്കും അധ്യാപകർക്കും എന്നെ വടക്കുമുറിയിൽ എത്തിക്കാൻ യത്നിച്ച ടി.കെ ചന്ദ്രശേഖരൻ മാഷ്ക്കും നന്ദി!