ഇന്ന് എം.ടി വേണു ദിനമായിരുന്നു. തുലാമാസത്തിലെ ഇടിയും മഴയും ഒന്നുമില്ലാത്ത തെളിഞ്ഞ സായാഹ്നത്തിൽ എടപ്പാൾ വട്ടംകുളം സി.പി.എൻ യു.പി സ്കൂളിലാണ് അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നത്. കഴിഞ്ഞ വർഷത്തെ അവാർഡ് ജേതാവെന്ന നിലയിൽ ചടങ്ങിൽ ഞാനും പങ്കെടുത്തു. എം.ടി വേണു സാംസ്കാരിക സമിതിയും വട്ടംകുളം അമ്പിളി കലാസമിതിയും സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ, എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിഞ്ഞവരും അറിയാൻ ആഗ്രഹിക്കുന്നവരും സഹൃദയരും പങ്കെടുത്തു.
ലഹരി വിരുദ്ധ പ്രവർത്തകൻ, നടൻ, കവി, പ്രഭാഷകൻ, എക്സൈസ് ഉദ്യോഗസ്ഥൻ എന്നിങ്ങനെ ശ്രദ്ധേയനായ ഗണേഷ് കാണപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു.അക്ഷരജാലകത്തിന്റെ അമരക്കാരൻ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനായി.
ഇത്തവണ കഥാ പ്രാസംഗികൻ തവനൂർ മണികണ്ഠനാണ് പുരസ്കാര ജേതാവ്. എം.ടി വേണുവിന്റെ സഹധർമ്മിണി രാധാലക്ഷ്മി പുരസ്കാരം സമ്മാനിച്ചു. മകൾ നിസരി ക്യാഷ് അവാർഡ് നൽകി. നിരൂപകനും കവിയുമായ സുമേഷ് നിഹാരികയെ ചടങ്ങിൽ ആദരിച്ചു. അച്യുതൻ രംഗസൂര്യ, ഹരിപുരക്കൽ, പി.വി നാരായണൻ, പ്രിയങ്ക, താജിഷ് ചേക്കോട്, ജിതേഷ് കോക്കൂർ, ലത്തീഫ് കുറ്റിപ്പുറം തുടങ്ങിയവർ സംബന്ധിച്ചു.
നാല് പതിറ്റാണ്ടു മുമ്പ് ഞാൻ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് എം.ടി വേണു എന്ന പത്രപ്രവർത്തകൻ പട്ടാമ്പിയിൽ ചില പ്രധാന പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ വരാറുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം എടപ്പാളായിരുന്നു. അപൂർവ്വമായി പട്ടാമ്പിയിൽ എത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നിട്ടുള്ളത്.
നവാബ് രാജേന്ദ്രനെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന കാലത്താണ് അതേ രൂപഭാവമുള്ള എം.ടി വേണുവിനെ പരിചയപ്പെടുന്നത്. ദൂരക്കാഴ്ചയിൽ രണ്ടു പേരും ഒരുപോലെയാണ്. വേഷത്തിലും നടപ്പിലും ഇടപെടലിലും എല്ലാം നവാബ് ടച്ച് വേണുവിലും കാണാമായിരുന്നു. ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്ന നിലയിൽ തൻ്റെതായ ഒരിടം ഉരുവപ്പെടുത്തിയ എം.ടി വേണുവിൻ്റെ എഴുത്ത് ശൈലിയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംസ്കാരങ്ങളുടെ കേദാരമായ നിളയെ ഏറെ സ്നേഹിക്കുകയും തുടർച്ചയായി നിളയെക്കുറിച്ച് എഴുതുകയും ചെയ്ത എം.ടി വേണുവിനെ ഇനിയും നാം തിരിച്ചറിയുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല. ജീവിച്ചിരിക്കുന്ന കാലത്ത് നല്ലൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന മലയാളി, മരണാനന്തരം നിർല്ലോഭം സ്തുതി വചനങ്ങൾ ചൊരിയാറുണ്ട്. എന്നാൽ എം.ടി വേണുവിൻ്റെ കാര്യത്തിൽ അതും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ വേണുവിനെ മനസ്സിലാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നാണ് തോന്നുന്നത്. എം.ടി വേണുവിൻ്റെ ലേഖന സമാഹാരം പുസ്തകമാക്കി പുറത്തിറക്കാൻ അനുസ്മരണ സമിതിയും വേണുവിൻ്റെ കുടുംബാംഗങ്ങളും ശ്രമം നടത്തുന്നുണ്ട്. മൂന്ന് വർഷം മുമ്പാണ് എം.ടി വേണു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം രണ്ടു പേർക്കാണ് പുരസ്കാരം നൽകിയത്. നിളാതീരത്ത് കൂടല്ലൂരിൽ താമസിക്കുന്ന കഥാകൃത്ത് എം.ടി രവീന്ദ്രനോടൊപ്പം, നിളയെ നെഞ്ചേറ്റിയ ഞാനും കുടുംബത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. പൊന്നാനി എം.എൽ.എ പി.നന്ദകുമാറാണ് ഞങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പാലക്കാട് പത്രപ്രവർത്തകനായിരുന്ന ഇ.എ വഹാബ് സ്മാരക പ്രസ് ക്ലബ് അവാർഡ് രണ്ടു തവണ ലഭിച്ച ശേഷം, ആരാധ്യനായ എം.ടി വേണുവിൻ്റെ സ്മരണാർത്ഥം ലഭിച്ച പുരസ്കാരവും വലിയ അംഗീകാരമാണ്.
ഇന്നത്തെ സായാഹ്നം ധന്യമാക്കിയ എല്ലാവർക്കും നന്ദി!
ടി.വി.എം അലി