Wednesday, 7 December 2022

സ്ത്രീയുടെ കണ്ണീർക്കിനാവുകൾ

 സ്ത്രീയുടെ കണ്ണീർക്കിനാവുകൾ 

~~~~~~~~~~~~~~~~~~~~~~~~~~

………….  ടി.വി.എം അലി   …….


യാത്രയ്ക്ക് പറ്റിയ ദിവസമല്ലായിരുന്നു അന്ന്. തോരാത്ത മഴയും, ചീറിയടിക്കുന്ന കാറ്റും, ഞെട്ടിത്തെറിപ്പിക്കുന്ന ഇടിമുഴക്കവും. അന്ന് സൂര്യനുദിക്കാത്ത ദിവസമായിരുന്നു. 

ഇരുട്ട് കട്ടപിടിച്ച രാത്രി. വിജനമായ പുഴയോരം. കോരിച്ചൊരിയുന്ന മഴ. അക്കരെയെത്താൻ കടത്തുവഞ്ചി കാത്തുനിൽക്കുകയാണ് കഥാനായകൻ. 

അങ്ങിനെ നിൽക്കവേ തലയോടുകൂടി മൂടിപ്പുതച്ച ഒരു പ്രാകൃതരൂപം പെരുമഴ നനഞ്ഞ് അടുത്തെത്തി. നിങ്ങളാരാണെന്ന് അയാൾ ചോദിച്ചു. 

അക്കരയ്ക്ക് പോകാനുള്ള ഒരാളാണെന്ന മറുപടി കേട്ടപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്.

അമ്പരന്നു നിൽക്കുന്ന കഥാനായകനോട്, പരിഭ്രമിക്കേണ്ട ഞാനൊരു സ്ത്രീയാണെന്ന് അവൾ അറിയിക്കുകയും ചെയ്തു. അസമയത്ത് സഞ്ചരിക്കാനുള്ള കാരണമന്വേഷിച്ചപ്പോൾ ആ അബല ആത്മധൈര്യത്തോടെ പറഞ്ഞത് നിങ്ങളെപ്പോലെത്തന്നെ എന്നായിരുന്നു. 

ഞാനൊരു നമ്പൂരിയാണെന്ന് സ്വയമയാൾ പരിചയപ്പെടുത്തിയപ്പോൾ, അവൾ പൊട്ടിച്ചിരിക്കുകയും, എന്നാൽ ഞാനൊരാത്തേമ്മാരാണ് എന്ന് അറിയിക്കുകയും ചെയ്തപ്പോൾ കഥാനായകൻ കിടിലം കൊണ്ടു. 

വി.ടിയുടെ ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥയിലെ സന്ദർഭമാണ് ഇവിടെ എഴുതിയത്. സമുദായം കീറത്തുണി പോലെ വലിച്ചെറിഞ്ഞ കുറിയേടത്ത് താത്രിയായിരുന്നില്ല അവൾ. പോത്തന്നൂർ അംശത്തിലെ ഏതോ ഒരു ഇല്ലത്തിൽ സ്നേഹനിധിയായ ഒരു നമ്പൂരിക്ക് പിറന്ന അഞ്ചു പെൺമക്കളിൽ മൂത്തവളായിരുന്നു അവൾ. 

മംഗലാപുരത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് എത്തിയ ആ ആത്തേമ്മ സ്വന്തം കഥ വി.ടിയോട് പറയുകയാണ്. അവളുടെ ഏടത്തിമാർ രണ്ടുപേരും തിരണ്ടപ്പോൾ അവരുടെ പെൺകൊട നടത്തുന്നതിനെപ്പറ്റി അച്ഛനും അമ്മയും അവ്വാസനത്തിൻ്റെ മുമ്പിലും പുറത്തളത്തിലും ശ്രീലകത്തും കോണിച്ചുവട്ടിലുമെല്ലാം വെച്ച് കുശുകുശുത്തു.

അങ്ങിനെ നാൾ നീങ്ങവേ മൂന്നാം പിറയായ കഥാനായികയും  ഋതുമതിയായി. ആ ദിവസം മുതൽ ഇല്ലത്ത് വരുന്നവരെയും പോകുന്നവരെയും പറ്റി മനസ്സിലാക്കാൻ ഒരു രസം അവളിലുമുണ്ടായി. വേളി പെൺകൊടയുടെ വർത്തമാനം കേൾക്കാൻ ചെവി വട്ടം പിടിച്ച് നടക്കുക പതിവായി. ഏടത്തിമാരെ കൊടുത്തതും അവരുടെ ആയനിയൂണ്, ക്രിയ, ആർപ്പ്, കുടിവെപ്പ് ഇത്യാദി കാര്യങ്ങളിൽ അവൾ തുഷ്ണിയിട്ട്  മനസ്സിലാക്കിയിരുന്നു.

എന്നാൽ ഏടത്തിമാരുടെ വേളിയോടെ ഇല്ലത്തെ ജന്മം മുഴുവൻ കടത്തിലായിക്കഴിഞ്ഞിരുന്നു. ഇനി മൂന്ന് പെൺകൊട കൂടി നടത്താൻ വഴി തേടുന്ന അച്ഛനോട് രണ്ടാം വേളിക്ക് ചിലർ നിർബന്ധിച്ചു. കൂടി കഴിം. പിന്ന്യോ? എന്ന ആലോചനയാൽ അത് വേണ്ടെന്നു വെച്ചു. 

ഒരു ദിവസം വടക്കുനിന്ന് ഒരു നമ്പൂരി വന്ന് ജാതകം ചോദിച്ച ശേഷം സ്നേഹനിധിയായ അച്ഛൻ്റേയും അമ്മയുടേയും മുഖത്ത് ദുഃഖച്ഛായ സ്ഥായിയായി. സാധാരണ പെൺകൊടക്ക് പതിവുള്ള കാര്യങ്ങളൊന്നും നടത്താതെ അച്ഛൻ തൊണ്ടയിടറിക്കൊണ്ടും അത് പുറത്തറിയാതിരിക്കാൻ പാടുപെട്ടും അവളോട് മംഗലാപുരത്തേക്ക് പുറപ്പെടാൻ പറഞ്ഞു. അതിൻ്റെ അർത്ഥം അവൾക്ക് മനസ്സിലായപ്പോൾ ഞെട്ടി. എങ്കിലും ഒരു സ്വപ്നം പോലെ അവൾ നടന്നു. 

ഒന്നും പറയാതെ കണ്ണീരോടെ അമ്മ അവളെ യാത്രയാക്കുന്നതും ചെറിയ അനുജത്തി കൂടെ പുറപ്പെടാൻ വാശിപിടിച്ച് നിലവിളിച്ചതും ഹൃദയസ്പർശിയായ വിവരണമാണ്. സ്റ്റേഷനിൽ മൂന്നു പേർ കാത്തു നിന്നിരുന്നു. ഒരു സ്ത്രീയും രണ്ടു പുരുഷനും. അവരോടൊപ്പം അച്ഛനും മകളും കാറിൽ കയറി. വഴിക്ക് എവിടെയോ വെച്ച് അച്ഛൻ കാറിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അന്നുരാത്രി അവളെ പാർപ്പിച്ച മുറിയിലേക്ക് മുമ്പൊന്നും കണ്ടിട്ടില്ലാത്ത കറുത്ത തടിച്ച കൂറ്റനായ ഒരു മനുഷ്യൻ കടന്നു ചെന്ന്, അവളുടെ രണ്ടു തോളിലും കൈ അമർത്തി കുലുങ്ങിച്ചിരിച്ചു.

അയാളുടെ തുടുത്തു തുറിച്ച വട്ടക്കണ്ണുകളും കൊമ്പൻ മീശയും പച്ചച്ചിരിയും കണ്ടപ്പോൾ തന്നെ മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി. പിന്നെ ഞാൻ പറയേണ്ടല്ലോ? എന്ന ചോദ്യത്തിലൂടെ ആ രംഗം അവൾ പറഞ്ഞു തീർത്തു.

നിങ്ങളെങ്ങനെ രക്ഷപ്പെട്ടു എന്ന് കഥ കേൾക്കുന്നയാൾ വിളിച്ചു ചോദിച്ചുവെങ്കിലും നടന്നുപോയ അവളിൽ നിന്ന് മറുപടിയൊന്നും കേട്ടില്ല. തോണിക്കൊമ്പത്തിരുന്ന് അവളുടെ പേർ ഉച്ചത്തിൽ വിളിച്ചെങ്കിലും ഉത്തരമില്ലായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥ ഒരു കണ്ണീർക്കാവ്യമാണ്. വി.ടി കഥ പറയുകയല്ല; ഒരു കാലഘട്ടത്തോടൊപ്പം നമ്മെ നടത്തുകയാണ്. യഥാർത്ഥ ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത രക്തപുഷ്പമാണ് വി.ടിയുടെ കഥകൾ. 

വി.ടിയുടെ കഥകളിൽ കഥാനായകൻ കഥാകാരൻ തന്നെയാണ്. സ്വയം ഒരു കഥാപാത്രമായി മാറിക്കൊണ്ട് ചുറ്റുമുള്ള മനുഷ്യാവസ്ഥകളുടെ കണ്ണീരും കിനാവും പകർന്നു നൽകുകയാണ്.

പുറത്തളത്തിലെ വെടിവട്ടവും പുറം കുപ്പായത്തിലെ ചുളിവുകളും വിഡ്ഡി വേഷം കെട്ടിയാടുന്ന സൂരി നമ്പൂതിരിമാരേയും ചിത്രീകരിക്കുന്ന അക്കാലത്തെ കഥകളിൽ നിന്ന് വ്യത്യസ്തമായി, അകത്തളത്തിൽ ജീവിത ദുരിതത്തിൻ്റെ വേവും നോവും അനുഭവിച്ചിരുന്നവരുടെ കഥയാണ് വി.ടി പറഞ്ഞത്.

നമ്പൂരി സമുദായത്തിൽ കൊടികുത്തി വാണിരുന്ന അനാശാസ്യ പ്രവണതകളുടെ തോലുരിക്കാൻ ഇറങ്ങിത്തിരിച്ച വി.ടിക്ക് കഥയെഴുത്ത് പോരാട്ടത്തിൻ്റെ ഭാഗം തന്നെയായിരുന്നു. 

സരളമായ ഭാഷയിൽ എഴുതപ്പെട്ട വിഷുക്കേട്ടം എന്ന കഥയിൽ കുട്ടനുണ്ടാവുന്ന വിപരീത ചിന്താശകലം നോക്കുക: ഭദ്രദീപത്തിൻ്റെ  മുന്നിൽ നിൽക്കുന്ന കോമളകളേബരം മങ്ങിയ വെളിച്ചത്തിൽ മലരൊളി തിരളുന്നതും മഴക്കാറിന്നിടയിലെ മിന്നൽപ്പിണർ പോലെ സന്ധ്യാദീപത്തിൻ്റെ മുന്നിൽ നമസ്കരിക്കുന്നതും കുട്ടൻ കാണുന്നുണ്ട്.

ആ പ്രൗഢാംഗന ഇലയും പലകയും വെച്ച് കാത്തു നിന്നിടത്ത് ചെന്നിരുന്ന്  ഉണ്ണാനിരുന്നപ്പോഴാണ് ആ കോമള കളേബരത്തിൻ്റെ സൗന്ദര്യം കാണപ്പെട്ടത്. ഉരുണ്ടു നന്നായ് മുല, നീണ്ടിരുണ്ടു ചുരുണ്ടു പിന്നെത്തല, മോടിയൊക്കെ വരേണ്ടതെല്ലാമിഹ വന്നുചേർന്ന മട്ടിലുള്ള കഥാനായികയെ കണ്ടപ്പോൾ കുട്ടൻ്റെ മനസ്സിലുണ്ടായ വിചാരമെന്തായിരുന്നു?

നമ്പൂരി സ്ത്രീകൾ മാറുമറക്കേണ്ടതില്ല എന്ന ഒരഭിപ്രായം ഈ ജീവദശയിൽ വല്ലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അപ്പോൾ മാത്രമായിരുന്നുവെന്ന് ഞാനിന്ന് സത്യം ചെയ്യാം എന്നാണ് ഇക്കഥയിൽ വി.ടി എഴുതിയത്.

കഥാന്ത്യത്തിലാണ് ഹാ- ഞാനെത്ര ഭാഗ്യവാൻ എന്നുകൂടി കുട്ടന് തോന്നുന്നത്. ഇരുട്ടിൽ തപ്പിയെണീറ്റപ്പോൾ മൃദു കൈത്തണ്ടയിൽ സ്പർശിക്കുന്നതും ഞൊടിയിടയിൽ ഹസ്തേന ഹസ്തം ഗ്രഹിച്ച് കെട്ടിപ്പുണരുന്നതും ഇക്കൊല്ലത്തെ കണി കമനീയമായി എന്ന് കുട്ടനുരുവിട്ടപ്പോൾ, എന്നാൽ വിഷുക്കേട്ടവും നന്നാവണമല്ലോ എന്ന പ്രത്യുത്തരത്തോടെ ആ കോമള കളേബരം കുട്ടൻ്റെ കപോലത്തിൽ മൃദുവായ പല്ലവാധരം പതിപ്പിക്കുന്നതുമായ രംഗം അതിമനോഹരമായ് പകർന്നുനൽകാൻ വി.ടിക്ക് എങ്ങനെ സാധിച്ചു എന്ന് ആരും അത്ഭുതപ്പെട്ടുപോകും. 

പ്രതികൂലമായ പ്രകൃതിയെ വകവെക്കാതെ കുതിച്ചുപായുന്ന തീവണ്ടി പൊതുജനാഭിപ്രായം വിഗണിച്ച് മുമ്പോട്ടു പോകുന്ന ഭരണകൂടത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥയിൽ ഉപമിക്കുമ്പോൾ ആ നിരീക്ഷണപാടവത്തിന് സാമൂഹ്യ പ്രസക്തി എക്കാലത്തുമുണ്ടാവുന്നു.

തിളച്ചുമറിയുന്ന കലത്തിൽ നിന്ന് ഒരു വറ്റെടുത്ത് വേവ് പരിശോധിക്കുന്ന ലാഘവത്തോടെയാണ് വി.ടി തൻ്റെ സാമൂഹ്യ ചുറ്റുപാടിൽ നിന്ന് കഥകൾ പെറുക്കിയെടുത്ത് വിളമ്പിയത്. ഓരോ ഇല്ലങ്ങളിലും അകായിയിൽ കഴിഞ്ഞിരുന്ന അന്തർജ്ജനങ്ങളുടെ ജീവിതം അതികഠിനമായിരുന്നു. പുരുഷ മേധാവിത്വത്തിൻ്റെ ആധിപത്യ നുകത്തിനടിയിൽ ബാല്യവും കൗമാരവും യൗവ്വനവും ഹോമിക്കേണ്ടി വന്ന സ്ത്രീജന്മങ്ങൾക്ക്, അരങ്ങിലേക്കുള്ള വഴികാട്ടിയായി മാറാൻ സാമൂഹ്യ പ്രവർത്തനത്തോടൊപ്പം സാഹിത്യ സൃഷ്ടിയും സഹായകരമായിരുന്നു. 

മേഴത്തൂരിൽ മണ്ണിൽ മുളച്ച വിപ്ലവ വീര്യം കേരളമാകെ ആളിപ്പടർത്താൻ ഒരു ശാന്തിക്കാരന് എങ്ങനെ സാധിച്ചു എന്നത് എക്കാലത്തെയും വിസ്മയമാണ്. വൈകിയുദിച്ച അക്ഷര സൂര്യൻ്റെ കൊടും താപം ആ ശാന്തിക്കാരൻ്റെ മനസ്സിൽ അശാന്തി വിതച്ചിരിക്കണം. 

മനസ്സിലെ കൊടുങ്കാറ്റ് സമുദായ മധ്യത്തിലേക്ക് കെട്ടഴിച്ചുവിട്ട് വാളും ചിലമ്പുമില്ലാതെ വെളിച്ചപ്പെട്ട് ഇടിമുഴക്കവും മിന്നൽപ്പിണരുമുതിർത്ത്  അസമയത്ത് സഞ്ചരിച്ച് സമുദായത്തിലെ ജീർണ്ണതക്കും  ഇരുട്ടിനുമെതിരെ ഒരു മിന്നാമിനുങ്ങിൻ്റെ  തീക്കനലുമായി നടന്നുപോയ ആ പോരാളി ഒരു ഇതിഹാസം തന്നെയാണ്. 

സ്വന്തം സമുദായത്തെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യ സമൂഹത്തെ മൊത്തം അഗ്നിശുദ്ധി വരുത്താൻ ശ്രമിച്ച വി.ടിയെ വിമർശിക്കുക എന്നത് ചിലരുടെ വിനോദമാണ്. വി.ടിയുടെ സ്വന്തം സമുദായത്തിൽ വന്ന മാറ്റത്തിൻ്റെ കാറ്റ് ഇതര സമുദായങ്ങളിൽ ഇന്നും വീശിയിട്ടില്ല. അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയ സ്ത്രീയുടെ സമകാലിക അവസ്ഥ അതികഠിനമായി തുടർന്നുവരുന്നു. സ്ത്രീ ഒരുൽപ്പന്നമാണിന്നും. ഒരു ചരക്ക് എന്ന നിലയിൽ തന്നെയാണ് പുരുഷസമൂഹം അവളെ കാണുന്നത്. ഭോഗിച്ച്, ഭോഗിച്ച്, ഭോഗ്യയോഗ്യമല്ലാതായാൽ അവളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. പഴയ ആത്തേമ്മയിൽ നിന്ന് ഏറെ വ്യത്യാസമൊന്നും പുതിയ അരങ്ങിലമ്മയ്ക്കുമില്ല.

ഹിപ് ഹിപ് ഹുറൈ എന്ന കഥയിലെ അടീരിയെപ്പോലെ, നാലും കെട്ടും, അഞ്ചും കെട്ടും എന്ന മട്ടിൽ ചില വെല്ലുവിളികൾ ഇന്നും ഉയരുന്നുണ്ട്. ഇത് ഒരു സമുദായത്തിൻ്റെ മാത്രം പ്രശ്നമല്ല. പുരുഷമേധാവിത്വത്തിൻ്റെ വിത്തുകാള മനോഭാവമെന്നതിനെ വിശേഷിപ്പിക്കാം. 

പ്രബുദ്ധ കേരളമെന്നും സാക്ഷരകേരളമെന്നും കൊട്ടിഘോഷിക്കുന്ന കേരളത്തിൽ 30 ശതമാനം വനിതാ ഭരണാധികാരികൾ അരിയിട്ട് വാഴ്ച നടത്തിത്തുടങ്ങിയിട്ടും പിൻസീറ്റിലെ ഡ്രൈവിംഗ് ആണ് പുരുഷൻ നടത്തുന്നത് എന്നുപറഞ്ഞാൽ ചിലർക്കെങ്കിലും അത് അലോസരം ഉണ്ടാക്കിയേക്കാം.

പെൺകൊട നടത്താൻ പൊന്നും പണവും മറ്റു ജംഗമ വസ്തുക്കളും ഇല്ലാത്ത എത്രയോ കുടുംബങ്ങൾ നെരിപ്പോടായി കഴിയുന്നു. അവിവാഹിതകളായ യുവതികൾ വൈധവ്യം പേറി ഇവിടെ കഴിയുന്നുണ്ട്. അവിവാഹിതകളായ അമ്മമാരും വേണ്ടത്രയുണ്ട്. പെൺ മക്കളെ സേലത്തും  മദ്രാസിലും ബോംബെയിലും വിൽക്കുന്ന സ്നേഹനിധികളായ മാതാപിതാക്കൾ ഇന്നും നിരവധിയാണ്.

പ്രണയമെന്നത് ഇന്ന് മരണമാണ്. കാമുകിമാരുടെ കൂട്ടമരണങ്ങൾ ഇന്ന് പത്രത്താളുകളിൽ നിത്യവാർത്തയാണ്. വർണ്ണ വിവേചനം ഇല്ലെന്ന് അഹങ്കരിക്കുന്ന ഇന്ത്യയിൽ തൊലി കറുത്തുപോയ കുറ്റത്തിന് സ്ത്രീ ശിക്ഷിക്കപ്പെടുന്നു. കറുത്ത പുരുഷന് വെളുത്തു സുന്ദരിയായ ഭാര്യയെ തന്നെ വേൾക്കണം! 

ഐശ്വര്യറായി, സുസ്മിത സെൻ എന്നീ ലോക സുന്ദരികളെ സൃഷ്ടിക്കുന്ന ഭാരതത്തിൻ്റെ സൗന്ദര്യ ശാസ്ത്രമെന്താണ്? സൗന്ദര്യമെന്നത് ഒന്നോ രണ്ടോ വ്യക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് തനി ഫാസിസമാണ്.

ആഗോളവൽക്കരണത്തിൻ്റേയും ഉദാരവൽക്കരണത്തിൻ്റേയും ഫലമായി ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീ വർഗ്ഗമാണ്. സ്ത്രീകൾ ഇരകളാണ്. പരിഭ്രമിക്കേണ്ട ഞാനൊരു സ്ത്രീയാണ് എന്നുപറഞ്ഞ ആത്തേമ്മയുടെ ചങ്കൂറ്റം പോലും ആധുനിക സ്ത്രീക്ക് കൈമോശം വന്നിരിക്കുന്നു. 

വലിയ തറവാടുകൾ ശിഥിലമാവുകയും അണുകുടുംബങ്ങൾ പെറ്റു പെരുകുകയും ചെയ്തപ്പോൾ, സ്ത്രീകൾ ഒരളവിൽ ആഹ്ലാദിച്ചിരുന്നു. പുരുഷാധിപത്യത്തെ തളച്ചുനിർത്താമെന്നവർ വ്യാമോഹിച്ചിരുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ഒരുപടികൂടി ഉയരത്തിൽ കയറി നിന്ന് ആർപ്പുവിളിച്ചിരുന്നു. 

ഇരകൾ എന്നും ഇരകൾ തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ കയറിൽ തൂങ്ങിയും കുളത്തിൽ മുങ്ങിയും റെയിലിൽ തലനീട്ടിയും മണ്ണെണ്ണയിൽ തീക്കുളിച്ചും ജീവനൊടുക്കുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു. പാടത്ത് പൂട്ടുവാൻ കൊണ്ടുപോകുന്ന കന്നുകാലികൾ വിസമ്മതം ഭാവിച്ചിട്ട്  എന്തുഫലമുണ്ടാകാനാണ്? വി.ടിയുടെ താത്രിമാരിന്നും ചോദിക്കുന്നു. 

പക്ഷിമൃഗാദികൾ പോലും അനുപമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നു. സ്വാതന്ത്ര്യത്തിൽ അന്തർഭവിച്ചിരിക്കുന്ന ആനന്ദം ദൈവീകമാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യത്തിന് ആഗ്രഹമുണ്ടോ? സൂര്യപ്രകാശം ഏൽക്കുകയും, 

സ്വച്ഛവായു ശ്വസിക്കുകയും ചെയ്യണമെന്നുണ്ടോ? തീർച്ചയായും ഇവയെല്ലാം സ്ത്രീകളുടെ ജന്മാവകാശമാണ്. അതിനായി നിങ്ങളൊന്ന് ശ്രമിച്ചു നോക്കുക എന്ന് താത്രി എഴുതിയ അന്ത്യസന്ദേശം മായയോ മൻമതിഭ്രാന്തിയോ എന്ന കഥയിലുണ്ട്. 

മറക്കുടക്കുള്ളിൽ മറഞ്ഞുനിന്നിരുന്ന ആത്തേമ്മമാരുടെ മനമറിയാനും അവരുടെ മനസ്സിൽ നീറിപ്പുകയുന്ന കിനാവിൻ്റെ കനലുകളുടെ ചൂട് ആവാഹിക്കാനും അത് ഭാവതീവ്രതയോടെ കഥകളിലേക്ക് പകർന്നുനൽകാനും വി.ടി കാണിച്ച മിടുക്ക് ശ്ലാഘനീയമാണ്. 

ജനിച്ചു ജീവിച്ച സ്വന്തം സമുദായത്തിൻ്റെ പടിപ്പുരയും പത്തായപ്പുരയും പുറത്തളവും അകായിയും ഇച്ചിൽ കുപ്പയുമെല്ലാം അദ്ദേഹം തൻ്റെ  കഥാദർപ്പണത്തിലൂടെ പുറംലോകത്തിന് കാണിച്ചുതന്നു. മറക്കുടക്കുള്ളിലെ മഹാനരകത്തിൽ നിന്ന് പുറംലോകത്തിൻ്റെ സൂര്യ പ്രഭാപൂരത്തിലേക്ക് ആത്തേമ്മമാരെ അദ്ദേഹം ആനയിച്ചു.

അന്നേവരെ എഴുതപ്പെട്ട പൂർവ്വീകരുടെ കഥകളിൽ നിന്ന് വി.ടിയുടെ രചനകൾ വേറിട്ടുനിൽക്കുന്നതും അതുകൊണ്ടാണ്. ഒരർത്ഥത്തിൽ വി.ടി  സാഹിത്യകാരൻ എന്നതിലുപരി ചരിത്രകാരനാണ്. കഥ ഇവിടെ ചരിത്രരേഖയാണ്. 

ഏതെങ്കിലും മൂസാമ്പൂരിയുടെ അനവധി പത്നിമാരിൽ ഒരാളായിത്തീരാനും മിടുക്കുണ്ടെങ്കിൽ പ്രസവിക്കാനും ഇല്ലെങ്കിൽ മരണം വരെ നരകിക്കാനും മാത്രം വിധിക്കപ്പെട്ട പെൺകിടാങ്ങൾക്ക് പ്രേമിക്കാനും, കാമുകനെ ചുംബിക്കാനും അറിയാമെന്നറിയിച്ചത് വി.ടിയുടെ വിഷുക്കേട്ടം എന്ന കഥയിലാണ്.

വിഷുക്കേട്ടം എന്ന കഥ നോക്കുക:

ഒരു സന്ധ്യാനേരത്ത് പൂഴിപ്പറമ്പില്ലത്തേക്ക് കഥാനായകനായ കുട്ടൻ വിഷു ആഘോഷിക്കാൻ വിരുന്നു ചെല്ലുന്നു. മുറ്റത്തെത്തിയപ്പോൾ ആരെയും കണ്ടില്ല. ചെത്തവും ചൂരുമില്ലാത്ത അന്തരീക്ഷം പരിശോധിക്കുന്നതിനിടയിൽ, പത്തായപ്പുരയുടെ കോലായിൽ ഒരു ചുവപ്പൻ നായ മേലാകവേ ചെള്ളിളകിക്കിതച്ചും സ്ഥൂലാസ്ഥി പാർശ്വങ്ങളുയർന്നു താഴ്ന്നും ഏതാണ്ട് നമസ്കരിച്ചു കിടന്നിരുന്നു. 

അപരിചിതനെക്കണ്ടമാത്രയിൽ കടുവ വായ്പൊളിക്കുമ്പോലെ നെടുതായ ഒരു കോട്ടുവാവിട്ട്, ആന നീട്ടിമടക്കുമ്പോലെ ഒന്നിളകി എഴുന്നേറ്റു യാത്രയായി. 

ചുറ്റുപാടുകളെ അതി സൂക്ഷ്മതയോടെയും കാവ്യ ഹൃദയത്തോടെയും നോക്കിക്കാണുന്ന ഈ കഥാകാരൻ കല്പനകളുടെ അമൃതകുംഭം യഥേഷ്ടം ഭുജിക്കുന്നത് ഇക്കഥയിൽ കാണാം. 

കവി ഒരു പച്ച മനുഷ്യനാണ്. ദാർശനികനാണ്. ഉല്പതിഷ്ണുവാണ്. പോരാളിയാണ്. പരുക്കൻ യാഥാർത്ഥ്യത്തിൻ്റെ ബീഭത്സമുഖം അനാവരണം ചെയ്യുന്നവനാണ്. ഏതൊരു പോരാളിയുടെ ഉള്ളിൻ്റെയുള്ളിലും ദുർബലമായ ചില അംശങ്ങൾ കുടികൊള്ളുന്നുണ്ട്.

തൻ്റെ ദൗർബല്യം തിരിച്ചറിയാനും അത് തുറന്നു പറയാനും കഴിയുന്നവർ വിരളമായിരിക്കും. താത്രിയുടെ സന്ദേശം വി.ടിയുടെ ദർശനമാണ്. ഒരു പുരുഷൻ ഇത്ര ഉജ്ജ്വലമാംവിധത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തി എന്നത് അത്ഭുതകരമായിരിക്കാം. ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യവാദികളും പെണ്ണെഴുത്തു പ്രസ്ഥാനക്കാരും മറ്റും  ഇത്ര ശക്തമായി പ്രതികരിച്ചിട്ടില്ലെന്നും കാണാം. 

പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാൻ വിധിക്കപ്പെടണമെന്നുണ്ടോ? തന്തൂരി അടുപ്പിൽ കിടന്നു വേവണമെന്നുണ്ടോ? ആരെയും അലോസരപ്പെടുത്താത്ത ഈ ചോദ്യങ്ങൾ വി.ടിയുടെ ആത്മാവിന് അശാന്തി പകരുമെന്നുറപ്പാണ്.  

ഭിക്ഷാടനക്കാരിയായും തെരുവ് വേശ്യയായും പഞ്ചതാര മന്ദിരങ്ങളിലെ രതിറാണിയായും വാർത്താ മാധ്യമങ്ങളിലെ അർധനഗ്നയായും സിനിമയിൽ ഉടുതുണിയില്ലാത്തവളായും ഒടുവിൽ എയ്ഡ്സ് ബാധിച്ച ചീഞ്ഞളിയുന്ന നികൃഷ്ടജന്മമായും  മാറിക്കൊണ്ടിരിക്കുന്ന ആധുനിക അരങ്ങിലമ്മമാർക്ക് മോചനമേകാൻ ഒരവധൂതൻ ഇനി എന്നാണ് വന്നെത്തുക?

(എക്സ്പ്രസ്സ് വാരാന്തപ്പതിപ്പ് -10 മാർച്ച് 1996)


Monday, 5 December 2022

എം.ടി വേണു പുരസ്കാരം

എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിയാൻ അവസരങ്ങൾ ഏറെ ഉണ്ടായിരുന്നില്ല!

നാല് പതിറ്റാണ്ടു മുമ്പ് ഞാൻ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് എം.ടി വേണു എന്ന പത്രപ്രവർത്തകൻ  പട്ടാമ്പിയിൽ ചില പ്രധാന പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ വരാറുണ്ട്. അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം എടപ്പാളായിരുന്നു. അപൂർവ്വമായി  പട്ടാമ്പിയിൽ എത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. 

നവാബ് രാജേന്ദ്രനെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന കാലത്താണ് അതേ രൂപഭാവമുള്ള എം.ടി വേണുവിനെ പരിചയപ്പെടുന്നത്. ദൂരക്കാഴ്ചയിൽ രണ്ടു പേരും ഒരുപോലെയാണ്. വേഷത്തിലും നടപ്പിലും ഇടപെടലിലും എല്ലാം നവാബ് ടച്ച് വേണുവിലും കാണാമായിരുന്നു. ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്ന നിലയിൽ തൻ്റെതായ ഒരിടം ഉരുവപ്പെടുത്തിയ എം.ടി വേണുവിൻ്റെ എഴുത്ത് ശൈലിയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരങ്ങളുടെ കേദാരമായ നിളയെ ഏറെ സ്നേഹിക്കുകയും തുടർച്ചയായി നിളയെക്കുറിച്ച് എഴുതുകയും ചെയ്ത എം.ടി വേണുവിനെ ഇനിയും നാം തിരിച്ചറിയുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല.

ജീവിച്ചിരിക്കുന്ന കാലത്ത് നല്ലൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന മലയാളി, മരണാനന്തരം നിർല്ലോഭം സ്തുതി വചനങ്ങൾ ചൊരിയാറുണ്ട്. എന്നാൽ എം.ടി വേണുവിൻ്റെ കാര്യത്തിൽ അതും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ വേണുവിനെ മനസ്സിലാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നാണ് തോന്നുന്നത്.

എം.ടി വേണുവിൻ്റെ ലേഖന സമാഹാരം പുസ്തകമാക്കി പുറത്തിറക്കാൻ അനുസ്മരണ സമിതിയും വേണുവിൻ്റെ കുടുംബാംഗങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പാണ് എം.ടി വേണു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.  ഇത്തവണ രണ്ടു പേർക്ക് പുരസ്കാരം നൽകാനാണ് സമിതി തീരുമാനിച്ചത്. ഇന്ന് ആനക്കര കുമ്പിടിയിൽ നടന്ന ചടങ്ങിൽ, നിളാതീരത്ത് കൂടല്ലൂരിൽ താമസിക്കുന്ന കഥാകൃത്ത് എം.ടി രവീന്ദ്രനോടൊപ്പം, നിളയെ നെഞ്ചേറ്റിയ ഞാനും കുടുംബത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. പൊന്നാനി എം.എൽ.എ ശ്രീ.പി.നന്ദകുമാറാണ് ഞങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 

രാവിലെ പത്ത് മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ബഹുമാന്യനായ ജനപ്രതിനിധി ഒമ്പതേമുക്കാലിന് തന്നെ വേദിയിലെത്തി സംഘാടകരേയും അവാർഡ് ജേതാക്കളേയും ഞെട്ടിച്ചു. എം.ടി വേണുവുമൊത്ത്  അടുത്തിടപഴകിയതിൻ്റെ ഓർമ്മകൾ സ്മരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.മുഹമ്മദിൻെറ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.  എം.ടി വേണു സാംസ്കാരിക വേദി പ്രസിഡൻറ് രാധാലക്ഷ്മി ക്യാഷ് അവാർഡുകൾ കൈമാറി. ''വർത്തമാനകാല മാധ്യമങ്ങൾ '' എന്ന വിഷയത്തെ അധികരിച്ച് പി.വി സേതുമാഷ് സംസാരിച്ചു.

എം.ടി വേണു വെട്ടി തെളിയിച്ച കാനനപാതകളെല്ലാം ഇന്ന് രാജവീഥികളായെന്നും, ഇതിലൂടെ അനായാസം സഞ്ചരിക്കുന്ന പുതിയ പത്രപ്രവർത്തകർ പൂർവ്വസൂരികളെ പിൻപറ്റാൻ വിമുഖരാണെന്നും സേതുമാഷ് വിമർശിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി ഗീത, ടി.ഹമീദ്, ഹുസൈൻ തട്ടത്താഴത്ത്, താജിഷ് ചേക്കോട്, വി.ടി ബാലകൃഷ്ണൻ, അച്ചുതൻ രംഗസൂര്യ, ഹരി കെ.പുരക്കൽ, നിസരി, ജിതേന്ദ്രൻ കോക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് ഗോപാലകൃഷ്ണൻ മാവറയുടെ അധ്യക്ഷതയിൽ ഉഷ കുമ്പിടി ഉദ്ഘാടനം ചെയ്തു. പ്രിയങ്ക പവിത്രൻ, ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ദീപ ദേവിക, ഒതളൂർ മോഹനൻ, അപ്പു കുമ്പിടി,  കുമ്പിടി രാധാകൃഷ്ണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. 

വിദ്യാർത്ഥികൾക്കായി നടത്തിയ  അക്ഷരജാലകം - എം.ടി വേണു സാഹിത്യ മത്സര വിജയികൾക്ക് അക്ഷരജാലകം ചെയർമാൻ ഹുസൈൻ തട്ടത്താഴത്ത്, ബ്ലോക്ക് മെമ്പർ എം.ടി ഗീത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.കെ ബാലചന്ദ്രൻ, സബിത ടീച്ചർ, ഇ.വി കുട്ടൻ, രാജേഷ് മാഷ്, അച്ചുതൻ രംഗസൂര്യ, നിസരി തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

പാലക്കാട് പത്രപ്രവർത്തകനായിരുന്ന ഇ.എ വഹാബ് സ്മാരക പ്രസ് ക്ലബ് അവാർഡ് രണ്ടു തവണ ലഭിച്ച ശേഷം, ആരാധ്യനായ എം.ടി വേണുവിൻ്റെ സ്മരണാർത്ഥം ലഭിച്ച ഈ പുരസ്കാരവും കൂടുതൽ ഉത്തരവാദിത്തവും കടപ്പാടും എന്നിൽ അർപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും നന്ദി!

Sunday, 30 October 2022

സഹനത്തിൻ്റെ ഹിമവാൻ

മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ ഓർമ്മകൾക്ക് 125 ൻ്റെ നിറവ്

∆      ടി.വി.എം അലി     ∆


വള്ളുവനാടിന്റെ വീരയോദ്ധാവായിരുന്നു മോഴിക്കുന്നത്ത്‌ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌. 125 വർഷം മുമ്പ്‌ ജനിക്കുകയും ഇതിഹാസചരിത്രമായി ജീവിക്കുകയും ചെയ്ത ആ വീര പോരാളിയെ പുതിയ തലമുറയ്‌ക്ക്‌ പരിചയപ്പെടുത്താൻ അദ്ദേഹത്തിൻ്റെ പിൻമുറയ്ക്കാർ നടത്തുന്ന ശ്രമം ശ്രദ്ധേയമാണ്. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ തപാൽ വകുപ്പ് മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ സ്മരണാർത്ഥം നവംബർ 3ന് പട്ടാമ്പിയിൽ വെച്ച് ഫസ്റ്റ് ഡെ കവർ പുറത്തിറക്കുകയാണ്.

ഈ സന്ദർഭത്തിൽ മോഴിക്കുന്നത്തിൻ്റെ ജ്വലിക്കുന്ന ജീവിതവീഥിയിലൂടെ ഒന്ന് കണ്ണോടിക്കാം. 1072 എടവമാസത്തിൽ (1897) പൂരാടം നാളിലാണ്‌ ആ പോരാളിയുടെ ജനനം.

ചെർപ്ലശ്ശേരിയിലെ മോഴിക്കുന്നത്ത്‌ മനക്കൽ നാരായണൻ സോമയാജിപ്പാട്‌ – സാവിത്രി അടിതിരിപ്പാട്‌ ദമ്പതികളുടെ മകനായി പിറന്ന ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ സഹനത്തിന്റെ ഹിമവാനായിരുന്നു. ശിശുമർദ്ദനം മൂർധന്യദശയിൽ എത്തിയിരുന്ന കാലത്താണ്‌ ബ്രഹ്‌മദത്തൻ വേദോപനിഷത്തുകൾ പഠിച്ചത്‌.

അന്നത്തെ മർദ്ദനത്തിന്റെ സാമ്പിൾ ഇതാണ്‌: അടികൊണ്ട്‌ വളർന്നാലേ കുട്ടി നന്നാവൂ എന്നാണ്‌ വേദവാക്യം. ഒരുദിവസം തട്ടിൻമുകളിൽ നിന്ന്‌ താഴത്തേക്ക്‌ തള്ളിയിടപ്പെട്ട ആ കുട്ടി, ഒമ്പതാം വയസിൽ അനുഭവിച്ച വേദനകൾ മുതിർന്ന ശേഷവും ഓർമ്മയിൽ കാത്തുസൂക്ഷിച്ചിരുന്നു. ഒരു വികൃതിയും കാണിച്ചില്ലെങ്കിലും ഓത്തു ചൊല്ലിക്കുന്നതിന്റെ ശിക്ഷ സഹിച്ചേ പറ്റൂ. മക്കളെ തല്ലുവാൻ കൈ വരാത്തതുകൊണ്ട്‌ മറ്റുള്ളവരെ തല്ലാൻ ഏൽപിക്കുന്ന രീതിയുണ്ടായിരുന്നു. നിസ്സഹായരായ കുട്ടികൾ മുതിർന്ന ഗുരുക്കന്മാരുടെ പീഡനങ്ങൾക്കിരയാവാൻ വിധിക്കപ്പെട്ടവരായിരുന്നു.

കുട്ടിക്കാലത്ത്‌ അനുഭവിച്ചുകൊണ്ടിരുന്ന മർദ്ദനത്തിന്റെ തിണ്ണബലമാണ്‌ യൗവനത്തിലെ ക്രൂരപീഡനങ്ങളിൽ ബ്രഹ്‌മദത്തനെ താങ്ങിനിർത്തിയതെന്ന്‌ പറയാം. കുട്ടിക്കാലത്ത്‌ വേദവും ഉപനിഷത്തും പഠിച്ചതിനു പുറമേ ഋഗ്വേദ സംഹിതയും അദ്ദേഹം ഹൃദിസ്ഥമാക്കിയിരുന്നു. ഭാസകാളിദാസന്മാരുടെ കാവ്യനാടകാദികളിലും അദ്ദേഹം അവഗാഹം നേടി. മഹാകവി വള്ളത്തോളും നാലപ്പാട്ട്‌ നാരായണമേനോനും ആത്മമിത്രങ്ങളായിരുന്നു. കാവ്യാസ്വാദകൻ, നിരൂപകൻ എന്നീ നിലകളിലും മോഴിക്കുന്നം പ്രശസ്തനാണ്‌.

1921ൽ മലബാറിൽ നടന്ന രാഷ്‌ട്രീയ പ്രക്ഷോഭമാണ്‌ ഖിലാഫത്ത്‌ ലഹള. ഇത്‌ സാമൂദായിക ലഹളയാണെന്ന്‌ ബ്രിട്ടീഷുകാർ പോലും പറഞ്ഞിട്ടില്ല. അതൊരു രാഷ്‌ട്രീയ വിപ്ലവമായിരുന്നു. ആഭ്യന്തര കലാപകാരികളായാണ്‌ അവർ പ്രക്ഷോഭകരെ കണ്ടത്‌. നാസി ഭടന്മാർ രാഷ്‌ട്രീയത്തടവുകാരോട്‌ കാണിച്ച കൊടുംക്രൂരതകളെല്ലാം വെള്ളപ്പട്ടാളം ഇവിടെയും ആവർത്തിച്ചിട്ടുണ്ട്‌. ഖിലാഫത്ത്‌ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ ഒരു വിഭാഗമാളുകൾ അച്ചടക്കം വെടിഞ്ഞ്‌ നിയന്ത്രണാതീതരായി നീങ്ങി. അതോടെയാണ്‌ അനിഷ്ടകരമായ സംഭവങ്ങൾ നടന്നത്‌.

1921 ആഗസ്‌റ്റ്‌ 19ന്‌ ഏറനാട്ടിൽ ഇറങ്ങിയ വെള്ളപ്പട്ടാളം ക്രമേണ തൂതപ്പുഴ കടന്ന്‌ ചെർപ്ലശ്ശേരിയിലെത്തി. ഖിലാഫത്ത്‌ കലാപകാരികൾ പോലീസ്‌ സ്‌റ്റേഷൻ കൈയേറിയെന്നും, കാക്കത്തോട്‌ പാലം പൊളിച്ചെന്നും സബ്‌ ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയെന്നും കിംവദന്തികൾ നാടാകെ പരക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞ്‌ ബ്രഹ്‌മദത്തൻ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചെങ്കിലും നിഷ്‌ഫലമായി.

കോൺഗ്രസും ഖിലാഫത്ത്‌ പ്രസ്ഥാനവുമാണ്‌ ലഹളക്ക്‌ കാരണക്കാരെന്ന ആരോപണമുയർന്നു. ലഹളയുടെ കുറ്റം മുഴുവൻ നിരപരാധിയായ ബ്രഹ്‌മദത്തന്റെ ശിരസ്സിലായി. പട്ടാളം വീടുവളയുമെന്നും വെടിവെച്ചുകൊല്ലുമെന്നും തൂക്കിലേറ്റുമെന്നും നാട്ടിൽ വാർത്ത പരന്നു. സുഹൃത്തുക്കൾ നാടുവിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത താനെന്തിന്‌ നാടുവിട്ടോടണം എന്നായിരുന്നു ബ്രഹ്‌മദത്തന്റെ ചിന്താഗതി.

എന്നാൽ ഒരുദിവസം രാവിലെ പട്ടാളം ഇല്ലത്തെത്തി. ചിങ്ങം16നാണ്‌ സംഭവം. കൊല്ലപ്പെട്ടെന്ന്‌ കരുതിയ സബ്‌ ഇൻസ്‌പെക്ടർ മൊയ്‌തീന്റെ നേതൃത്വത്തിലായിരുന്നു പട്ടാളത്തിന്റെ പ്രവേശനം. വസ്‌ത്രം മാറാനോ ഊണ്‌ കഴിക്കാനോ അനുവദിക്കാതെ മുറ്റത്തേക്കിറക്കി. ഒരു പട്ടാളക്കാരൻ രണ്ട്‌ മാറ്‌ നീളമുള്ളൊരു കയറെടുത്തു. മറ്റൊരാൾ കൈകൾ പിന്നോക്കം പിടിച്ചുകെട്ടി. കയറിന്റെ ഒരു തലകൊണ്ട്‌ കഴുത്തിലും വടമിട്ടു. കഴുത്തു കുടുങ്ങി. തൊണ്ട ഞെരുങ്ങി. ശ്വാസം മുട്ടിച്ചു കൊല്ലുമെന്നാണ്‌ കരുതിയത്‌. കഴുത്തിൽ ചാർത്തിയ കയറും പിടിച്ച്‌ പട്ടാളം ബ്രഹ്‌മദത്തനെ പുറത്തേയ്‌ക്ക്‌ ആനയിച്ചു. പടിഞ്ഞാറ്റിയുടെ മുകളിൽ നിന്നിരുന്ന അമ്മമാരും മറ്റു അന്തർജനങ്ങളും പെൺകിടാങ്ങളും കിളിവാതിലിലൂടെ ഈ കാഴ്‌ചകണ്ട്‌ വാവിട്ടലറുന്നത്‌ ബ്രഹ്‌മദത്തൻ കേൾക്കുന്നുണ്ടായിരുന്നു.

പട്ടാളവും പോലീസും തോക്കും കുന്തവുമായി ബ്രഹ്‌മദത്തനെ കച്ചേരിക്കുന്നിലേക്ക്‌ ആനയിച്ചു. വഴിക്കുവെച്ച്‌ വെടിവെച്ച്‌ കൊന്നുകളയുമെന്ന്‌ അദ്ദേഹം കരുതി. പക്ഷേ ഒറ്റയടിക്ക്‌ കൊല്ലാൻ അവർ തയ്യാറായില്ല. ഭീഷണിപ്പെടുത്തി സാക്ഷികളെകൊണ്ട്‌ കളവുപറയിപ്പിക്കുന്ന കാര്യത്തിൽ പോലീസ്‌ വിജയിച്ചു. മോഴിക്കുന്നം പ്രേരണ ചെലുത്തിയാണ്‌ ലഹള നടത്തിയതെന്ന്‌ സാക്ഷികൾ മൊഴി നൽകി.

തടവുകാരെയെല്ലാം പിന്നോക്കം ബന്ധിപ്പിച്ച്‌ പരസ്പരം കൂട്ടിക്കെട്ടി. കുതിരപ്പട്ടാളം ബന്ദികളെ നിരത്തിലൂടെ അടിച്ചോടിച്ചു. ചെർപ്ലശ്ശേരി തൊട്ട്‌ കാറൽമണ്ണ, ഒറ്റപ്പാലം, വാണിയംകുളം തുടങ്ങിയ സ്ഥലങ്ങളിലൂടെ തടവുകാരെ ചെമ്മരിയാടുകളെപ്പോലെ ഓടിച്ച്‌ ഷൊർണ്ണൂർ സ്‌റ്റേഷനിലെത്തിച്ചു. ഉടുതുണിയും പ്രാണനും പോകുന്ന ഈ പലായനത്തെപ്പറ്റി ബ്രഹ്‌മദത്തൻ ഖിലാഫത്ത്‌ സ്മരണകളിൽ വിവരിച്ചിട്ടുണ്ട്‌. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ്‌ ബ്രഹ്‌മദത്തനും മറ്റു തടവുകാരും അനുഭവിച്ചത്‌.

പിന്നീട്‌ ജയിലുകളിൽ നിന്ന്‌ ജയിലിലേക്കുള്ള നെട്ടോട്ടമായിരുന്നു. പോലീസിന്റെയും ജയിലർമാരുടെയും വാർഡന്മാരുടെയും ക്രൂരമർദ്ദനങ്ങൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്‌. ഒരു മനുഷ്യന്‌ ഇത്രമാത്രം പീഡനങ്ങൾ അനുഭവിക്കാനാവുമോ എന്ന്‌ ആരും ചിന്തിച്ചുപോകും. കോടതികളിൽ നിന്ന്‌ കോടതികളിലേക്ക്‌ അദ്ദേഹത്തെ അവർ ആട്ടിത്തെളിച്ചു. രാജാവിനോട്‌ യുദ്ധം പ്രഖ്യാപിച്ചു, പട്ടാളത്തിന്റെ വഴി തടയാൻ പാലം പൊളിച്ചു, നിയമവിരുദ്ധമായി സംഘം ചേർന്നു തുടങ്ങിയ കുറ്റങ്ങളാണ്‌ ബ്രഹ്‌മദത്തന്റെ മേൽ ചാർത്തിയിരുന്നത്‌. എന്നാൽ ഹൈക്കോടതിയുടെ കല്പനപ്രകാരം കോയമ്പത്തൂർ ജയിലിൽ നിന്ന്‌ അദ്ദേഹത്തെ വിട്ടയച്ചു.

ഇല്ലത്തെത്തി അധികം നാൾ കഴിയും മുമ്പ്‌ മറ്റൊരു മാരണം അദ്ദേഹം അനുഭവിച്ചു. സമുദായഭ്രഷ്ടിന്റെ കഠിനപീഡനമായിരുന്നു ആ മാരണം. ഗവർമെണ്ടിനേക്കാൾ ദുഷ്ടതയാണ്‌ സമുദായകാരണവന്മാർ അദ്ദേഹത്തോട് കാണിച്ചത്‌. 

ഭ്രഷ്ടിന്റെ ഡിഗ്രി കൂടിയതിനാൽ ചെർപ്ലശ്ശേരിയിൽ നിന്ന്‌ അദ്ദേഹം പട്ടാമ്പിയിലേക്ക്‌ താമസം മാറ്റി. ഒരുവർഷം പിന്നിട്ടപ്പോൾ വലിയമ്മ മരണപ്പെട്ടു. പിന്നീട്‌ അമ്മയും. മരണവീട്ടിൽ നിൽക്കാൻ അനുവദിക്കാത്തതുകൊണ്ട്‌ അദ്ദേഹത്തിന്‌ പെട്ടെന്ന്‌ തിരിച്ചുപോരേണ്ടി വന്നിരുന്നു. ഇതിനുശേഷമാണ്‌ അദ്ദേഹം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്‌. അമ്മയുടെ മരണശേഷം ആചാരങ്ങൾ പാടെ ഉപേക്ഷിച്ചു. പൂണൂൽ ആഭാസമായി തോന്നി. അതോടെ ഭ്രഷ്ടിന്റെ കാഠിന്യവും വർദ്ധിച്ചു. 

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷമാണ്‌ സ്ഥിതിഗതികളിൽ മാറ്റമുണ്ടായത്‌. ജന്മിത്വം തകർന്നതും ഖിലാഫത്തിനുശേഷമാണ്‌. കുടിയാന്മാർ പാട്ടമിച്ചവാരങ്ങൾ കൊടുക്കാതെയായി. ഇതോടെ ജന്മികൾ കടത്തിൽ മുങ്ങി.

1929ലെ വില ഇടിവോടുകൂടി പഴയ ജന്മിമാർ തരിപ്പണമായി. ജന്മിത്വം നശിച്ചതോടെ ഭൗതികബോധം വർദ്ധിച്ചു. ജീവിക്കുവാൻ ആചാരലംഘനം ആവശ്യമായി. ഈ വിധം മാറ്റം വന്നതോടെയാണ്‌ ബ്രഹ്‌മദത്തന്‌ സമുദായത്തിൽ വീണ്ടും സ്ഥാനം ലഭിച്ചത്‌.

1918ലാണ്‌ ബ്രഹ്‌മദത്തൻ സജീവ രാഷ്‌ട്രീയത്തിലറങ്ങിയത്‌. അന്നദ്ദേഹം ചെർപ്ലശ്ശേരി മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റായിരുന്നു. 1921ലാണ്‌ അറസ്‌റ്റ്‌ നടന്നത്‌. 1932ൽ വള്ളിക്കുന്ന്‌ ഇടശ്ശേരി ഇല്ലത്തെ സാവിത്രിയെ വേളി കഴിച്ചു. 

ആ ദമ്പതികൾക്ക്‌ ഏഴു മക്കളുണ്ട്‌. നാരായണൻ നമ്പൂതിരി (ഞാങ്ങാട്ടിരി), സാവിത്രി അന്തർജ്ജനം (കുറിച്ചിത്താനം, പാല), രാജചന്ദ്രൻ (പട്ടാമ്പി), നീലകണ്‌ഠൻ (തൃശ്ശൂർ), നരേന്ദ്രമോഹൻ (മാട്ടായ, ഞാങ്ങാട്ടിരി), ശാന്ത (പാല), ജയദേവൻ (പട്ടാമ്പി) എന്നിവരാണ്‌ മക്കൾ. (ആരും ജീവിച്ചിരിപ്പില്ല).

ദീർഘകാലം പട്ടാമ്പി പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു മോഴിക്കുന്നത്ത്‌ ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാട്‌ 67-ാം വയസിൽ 1964 ജൂലൈ 26നാണ്‌ അന്തരിച്ചത്‌.

ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്നു അദ്ദേഹം. സഹനത്തിന്റെ ഹിമവാനായ  അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ കുടുംബാംഗങ്ങൾ പട്ടാമ്പിയിൽ സ്മാരകമന്ദിരം പണിതിട്ടുണ്ട്‌. ലൈബ്രറി, കോൺഫ്രൻസ്‌ ഹാൾ, പാർട്ടി ഓഫീസ്‌ ഉൾപ്പെടെയുള്ള ഒരു കെട്ടിടമാണിത്. 

സ്വാതന്ത്ര്യാനന്തരം ഭാരതം ഏഴര പതിറ്റാണ്ട്‌ പിന്നിടുന്ന വേളയിലെങ്കിലും വീര പോരാളികളുടെ ജീവചരിത്രം പാഠപുസ്തകമാക്കിക്കൊണ്ട്‌ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്‌.  കാണാച്ചങ്ങലകൾ കൊണ്ട്‌ രാജ്യത്തെ കൂച്ചുവിലങ്ങിടുന്ന ആഗോളീകരണ കാലത്ത്‌ ഓർമ്മകൾകൊണ്ട്‌ ഒരു പ്രതിരോധം തീർക്കാൻ തീവ്രശ്രമം ആവശ്യമാണ്‌. 

നവംബർ 3ന് പട്ടാമ്പി സ്മാരക മന്ദിരത്തിൽ ചേരുന്ന ചടങ്ങിൽ ഉത്തരമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ നിർമലാദേവി, മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മുദ്ര പതിച്ച ഫസ്റ്റ് ഡെ കവർ പ്രകാശനം ചെയ്യും. വി.കെ.ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, സർവ്വകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Wednesday, 19 October 2022

തീർത്ഥാടനം.


പറയിപെറ്റ പന്തിരുകുലത്തിലെ ജ്ഞാനിയായ നാറാണത്ത് ഭ്രാന്തൻെറ സ്മരണകളുമായി ആയിരങ്ങൾ രായിരനെല്ലൂർ മലകയറി. തുലാം പിറന്നതോടെ തീർത്ഥാടന നാളുകൾക്ക് തിരിതെളിഞ്ഞു. പന്തിരുകുല പുരാവൃത്തമുറങ്ങുന്ന രായിരനല്ലൂർ മലമുകളിലേക്ക് ചൊവ്വാഴ്ച ആയിരക്കണക്കിന് തീർത്ഥാടകരെത്തി.

പട്ടാമ്പി - വളാഞ്ചേരി പാതയിൽ നടുവട്ടം, ഒന്നാന്തിപ്പടി എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ മല കയറിയത്. വർഷം തോറും തുലാം 1ന് ദുർഗ്ഗാദേവിയുടെ പ്രീതി തേടി ആയിരങ്ങൾ രായിരനല്ലൂർ മലമുകളിൽ എത്താറുണ്ട്. എന്നാൽ കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും മലകയറ്റം ചടങ്ങുകൾ മാത്രമാക്കിയിരുന്നു. 


ചെത്തല്ലൂർ തൂതപ്പുഴയോരത്തു ജനിച്ച ജ്ഞാനിയായ ഭ്രാന്തനെ നാരായണമംഗലത്ത് ഭട്ടതിരിമാരാണ് എടുത്തു വളർത്തിയത് എന്നാണ് ഐതിഹ്യം. ഇവർ വേദപഠനത്തിന് തിരുവേഗപ്പുറയിലെത്തിച്ചെന്നും പഠന കാലത്ത് മലയുടെ മുകളിലേക്ക് വലിയ കല്ലുരുട്ടിക്കയറ്റി താഴേക്ക് തട്ടിയിട്ട് ആർത്തു ചിരിക്കുന്നത് നാറാണത്തു ഭ്രാന്തൻെറ പതിവായിരുന്നുവെന്നും അങ്ങനെയൊരു ദിവസം മലമുകളിലെത്തിയ ഭ്രാന്തനു മുന്നിൽ ദുർഗ്ഗാദേവി പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. മലമുകളിലെ ആൽമരത്തിലെ പൊന്നൂഞ്ഞാലിലാടുകയായിരുന്ന ദുർഗ്ഗാ ദേവി ഭ്രാന്തൻെറ പ്രാകൃതരൂപത്തിൽ ഭയചകിതയായി താഴെയിറങ്ങി ഏഴടി വെച്ച് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയെന്നും പാദം പതിഞ്ഞ പാറയിൽ ഏഴു കുഴികളുണ്ടായെന്നും അതിലൊന്നിൽ പൂവും കനിയും വെച്ച് ഭ്രാന്തൻ പൂജ ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തിയെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. 

വിവരമറിഞ്ഞെത്തിയ ഭട്ടതിരിമാർ കുടുംബൈശ്വര്യത്തിനായി മലമുകളിൽ ക്ഷേത്രം പണിത് പൂജ തുടർന്നെന്നാണ് കരുതുന്നത്. കുഴികളിൽ വാൽക്കണ്ണാടി വെച്ചാണ് പൂജ. കുഴിയിലെ വറ്റാത്ത ഉറവയിൽ നിന്നെടുക്കുന്ന ജലം തീർത്ഥമായും നൽകുന്നു. മലമുകളിലെ ദേവീക്ഷേത്രത്തിൽ ദർശനം നടത്തി ഭ്രാന്തൻെറ കൂറ്റൻ ശിൽപത്തെ വലംവെച്ച് വണങ്ങി വിവിധ വഴിപാടുകളും കഴിച്ചാണ് ഭക്തർ മലയിറങ്ങുന്നത്. 

മലയുടെ അടിവാരത്തുള്ള ദുർഗ്ഗാക്ഷേത്രത്തിലും മലയ്ക്ക് പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും മലകയറ്റത്തോടനുബന്ധിച്ച് പ്രത്യേക പൂജയുണ്ട്. ഭ്രാന്താചലത്തിലെ പ്രതിഷ്‌ഠാദിനാഘോഷവും തുലാം 1നാണ്. ഇവിടെ ഭ്രാന്തൻ തപസ്സനുഷ്ഠിച്ച് ഒരിക്കൽ കൂടി ദുർഗ്ഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും വിശ്വാസമുണ്ട്. തപസ്സു ചെയ്ത പീഠവും കെട്ടിയിട്ടെന്ന് കരുതുന്ന കാഞ്ഞിരമരവും മരത്തിലെ വലിയ ഇരുമ്പു ചങ്ങലയുമൊക്കെ ഭക്തരെ മാത്രമല്ല ചരിത്രാന്വേഷകരെയും ആകർഷിക്കുന്നതാണ്. ആമയൂർ മന ഭട്ടതിരിപ്പാടിൻെറ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് മലയിൽ പൂജാദി കർമ്മങ്ങൾ നടത്തുന്നത്.തെളിഞ്ഞ അന്തരീക്ഷത്തിലാണ് മല കയറ്റചടങ്ങുകൾ നടന്നത്.വിവിധ ജില്ലകളിൽ നിന്നെത്തിയ ആ ബാലവൃദ്ധം തീർത്ഥാടകരെ സഹായിക്കാൻ സന്നദ്ധ സേവകരും ഇരുനൂറോളം പോലീസുകാരും രായിരനല്ലൂരിൽ ഉണ്ടായിരുന്നു.

Tuesday, 30 August 2022

ഒടിയൻ ശരണം ഗച്ഛാമി

സൈബർ യുഗത്തിലും ഒടിയന് പ്രസക്തിയുണ്ടോ? ഈയിടെ ഒടിയൻ എന്ന സിനിമ റിലീസായ സമയത്ത് പലരും ഉന്നയിച്ച ചോദ്യമാണിത്. ഈ ചോദ്യത്തിൽ നിന്ന് തന്നെ  തുടങ്ങാം. 


ഫ്ലാഷ് ബാക്ക്:


വർഷങ്ങൾക്കു മുമ്പ് ഞങ്ങളുടെ  ഗ്രാമത്തിലും ഒടിയന്മാർ ഉണ്ടായിരുന്നു. അവരുടെ വിളയാട്ടവുമുണ്ടായിരുന്നു. ഇതിൻ്റെ സ്മരണാർത്ഥമെന്നോണം ഒടിയൻപടി എന്ന പേരിൽ ഒരു പ്രദേശവും ഇവിടെയുണ്ട്. പണ്ട് തോട്ടപ്പായ എന്നറിയപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് ഒടിയൻപടിയായി പരിണമിച്ചത്. അതുകൊണ്ട് ഒടിയനെ വിട്ടൊരു കളി ഞങ്ങൾക്കില്ല.


ഒടിയൻപടി രൂപം കൊള്ളുന്നതിനു മുമ്പ് തന്നെ ഒടിയൻ എന്ന അപര നാമത്തിൽ അറിയപ്പെട്ടിരുന്ന ചില വ്യക്തികളും ഗ്രാമത്തിൽ ഉണ്ടായിരുന്നു. 

ഞങ്ങളുടെ കുട്ടിക്കാലത്ത് പല വീടുകളിലും ഒടിയനേറ് പതിവായിരുന്നു. അന്ന് ഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നില്ല. ഞങ്ങൾ അക്കാലത്ത് താമസിച്ചിരുന്നത് ഓലപ്പുരയിലായിരുന്നു. ചെത്തി തേക്കാത്ത ചുമരിൽ നിറയെ പൊത്തുകളുമുണ്ടായിരുന്നു. 

പൊത്തുകളിൽ പല്ലികളും പാറ്റകളും തേളുകളും വസിച്ചിരുന്നു. 


മണ്ണ് തിന്നുന്ന ദു:ശീലമുള്ള ചില കുട്ടികൾ ചുമരിൽ നിന്ന് മണ്ണ് അടർത്തി തിന്നാനും രഹസ്യമായി വീട്ടിലെത്തുമായിരുന്നു. ആടുമാടുകളും കോഴികളും കുട്ടികളും ഇരുട്ട് വീഴും മുമ്പ് തന്നെ വീട്ടിലെത്തും. അധികം വൈകാതെ മുതിർന്നവരും കൂടണയും.

മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന് കുട്ടികൾ പഠിച്ചതോതും. സന്ധ്യയായാൽ സ്ത്രീകളാരും പുറത്തിറങ്ങാറില്ല. 


അങ്ങനെയിരിക്കെ നാട്ടിൽ ഒടിയൻ ശല്യം രൂക്ഷമായി. സന്ധ്യയായാൽ മുതിർന്നവർക്ക് പോലും പുറത്തിറങ്ങാൻ പേടി. ഇടവഴിയിലെ കരിയില അനങ്ങിയാൽ പോലും ഒടിയനാണെന്ന് കരുതും. നിലാവുള്ള രാത്രിയിലാവട്ടെ വാഴ ഇല കാറ്റിൽ അനങ്ങിയാൽ പോലും പേടി നിറയും. രാത്രിയായാൽ പല വീടുകളിലും കല്ല് വന്നു വീഴും. ഞങ്ങൾ ഉറങ്ങുന്ന മുറിയിലേക്കും കല്ലേറ് പതിവായിരുന്നു. മഴക്കാലത്ത് നനയാത്ത കല്ലുകളാണ് വന്നു വീഴുക. ഉണങ്ങിയ ഓലപ്പുറത്ത് ചറപറാന്ന് ചരൽ വന്നു വീഴുന്നതും പേടിച്ചു വിറച്ച് ഞങ്ങൾ നേരം വെളുപ്പിക്കുന്നതും അന്ന് പതിവായിരുന്നു.


ആരാണ് ഒടിയൻ? ആർക്കു വേണ്ടിയാണിത് ചെയ്യുന്നത്? എന്തിനു വേണ്ടിയാണ് ഞങ്ങളെ ഭയപ്പെടുത്തുന്നത്? ഒട്ടേറെ ചോദ്യമുനകൾ ഉയർന്നെങ്കിലും ആർക്കും ഉത്തരമില്ലായിരുന്നു. ഒടിയൻ്റെ ശല്യം നിത്യസംഭവമായതോടെ

പട്ടാമ്പിയിൽ നിന്ന് ഒരു വിദഗ്ദനെ ആരോ വിളിച്ചുകൊണ്ടുവന്നു. അയാളുടെ പേര് ഹിറ്റ്ലർ എന്നായിരുന്നു. ഒടിയനെ ഒടിക്കുന്നവനായിരുന്നു ഹിറ്റ്ലർ എന്നാണ് പറഞ്ഞു കേട്ടിരുന്നത്.

നൂൽബന്ധമില്ലാതെ വേണമത്രെ ഒടിയനെ പിടിക്കാൻ! 


അങ്ങനെ ഒരു രാത്രി ഡിജിറ്റൽ സംഗീതത്തിൻ്റെ അകമ്പടിയില്ലാതെ ഹിറ്റ്ലർ രംഗത്തിറങ്ങി ഒടിയൻ വേട്ട തുടങ്ങി. ഉടുവസ്ത്രമില്ലാതെയാണ് ഹിറ്റ്ലറും കൂട്ടാളിയും വേട്ടക്കിറങ്ങിയത്.

കൂരാക്കൂരിരുട്ടുള്ള രാത്രിയായതിനാൽ വസ്ത്രമുണ്ടായാലും ഇല്ലെങ്കിലും 

ആരും കാണുകയില്ലല്ലൊ.


രാത്രി പത്ത് മണിയായിക്കാണും.

ഓലപ്പുരക്ക് മീതെ ചരൽ കല്ലുകളുടെ പേമാരി തുടങ്ങി. അസുരന്മാരുടെ ആട്ടങ്ങയേറ് ദീർഘനേരം നീണ്ടുനിന്നു. വളപ്പിലെ കരിമ്പനയിലും തെങ്ങിലും കല്ല് വന്നു വീഴുന്ന ശബ്ദം കേട്ട് ഞങ്ങൾ ഭയന്നു വിറച്ചു. 


ഏറെ നേരം പരസ്പരം ഏറ് തുടർന്നെങ്കിലും ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തീർന്നതുകൊണ്ടാവാം പാതിരാ നേരത്ത് യുദ്ധം നിന്നു. അന്ന് രാത്രി തന്നെ ഹിറ്റ്ലറും ഒടിയനും സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ച് പിരിഞ്ഞു. 


പിന്നീട് ഒടിയൻ്റെ പൊടി പോലും കണ്ടില്ലെന്നത് നേരാണ്. വൈദ്യുതി വന്ന് വർഷങ്ങൾ ഏറെ കഴിഞ്ഞ ശേഷമാണ് ഒടിയൻപടി

എന്ന പേര് അടുത്ത പ്രദേശത്തിന്  പതിച്ചു കിട്ടിയത്. ഡിജിറ്റൽ യുഗത്തിലും ആ പേര് നിലനിൽക്കുന്നുണ്ട്.


ആമുഖമായി ഇത്രയും പറഞ്ഞത് ദേശീയ പ്രാധാന്യം ലഭിച്ച മറ്റൊരു ഒടിയൻ കഥ പറയാനാണ്.

1993 നവംബറിലാണ് സംഭവം.

പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിലെ പേരടിയൂർ എന്ന ഗ്രാമം ദേശീയ മാധ്യമങ്ങളിൽ പോലും നിറഞ്ഞു നിന്ന കഥയാണിത്.

1993 നവംബർ 11ന് ഈ കഥ ഞാൻ എക്സ്പ്രസ്സ് പത്രത്തിൽ ബൈലൈൻ സ്റ്റോറിയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒടിയൻ ശരണം ഗച്ഛാമി എന്ന പേരിൽ എഴുതിയ ആലേഖനം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. 


ആ കഥയുടെ രത്നചുരുക്കം ഇങ്ങനെ:


പേരടിയൂർ ഗ്രാമത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും അടുത്തടുത്ത ദിവസങ്ങളിൽ മരണപ്പെട്ടതോടെയാണ് ഒടിയൻ കഥയുടെ തുടക്കം. ഇതിൽ രണ്ടു പേർ രോഗം പിടിപെട്ടും, ഒരാൾ കിണറ്റിൽ വീണുമാണ് മരിച്ചത്. എന്നാൽ മരിച്ചവരുടെ ബന്ധുക്കൾക്ക് ഒരു സംശയം. ഈ മരണങ്ങൾ മൂന്നും അസ്വാഭാവികമാണെന്ന് ചിലർക്ക് ഒരു തോന്നൽ. സംശയ നിവാരണത്തിന് സിദ്ധനും ജ്യോത്സ്യനും രംഗത്തെത്തി. പ്രശ്നം വെച്ചു, വിധിയെഴുതി. 

ഒടിബാധ തന്നെ.


പിന്നെയും സംശയം മൂത്തു. രാശി മൂത്തു. കൂട്ടരാശിയായി. കൂട്ടവിധിയും വന്നു. സംശയം തീർന്നു. ഒടിബാധ തന്നെ! ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ!  

ഒടിയനാര്? സംശയമുന നീണ്ടത് നാട്ടിലെ പാണന്മാരുടെ നേരെ! 


വിദ്യാസമ്പന്നരും സാക്ഷര കക്ഷികളും കമ്പ്യൂട്ടർ മസ്തിഷ്കങ്ങളും സവർണരും വർണമില്ലാത്തവരും, ചെങ്കോൽ എന്തുന്നവരും, ഏന്താനിരിക്കുന്നവരും എല്ലാവരും ഒന്നിച്ചപ്പോൾ നാട്ടിലെ പാണകുടുംബങ്ങൾക്ക് രക്ഷ ഇല്ലാതായി. ഒടിയന്മാരെ നാട്ടിൽ നിന്ന് ഓടിച്ചു വിടാൻ ആഹ്വാനം ചെയ്തുകൊണ്ട് മൈക്ക് കെട്ടിയ ജീപ്പ് മുക്കിലും മൂലയിലും പാഞ്ഞു. ജനം തടിച്ചുകൂടി. ശകുനം മുടക്കാൻ പോലീസ് എത്തിയതുകൊണ്ട് 

നാടുകടത്താൻ കഴിഞ്ഞില്ല. 

പാവം ജീപ്പ് ഡ്രൈവറും ഉച്ചഭാഷിണി ഉടമയും കേസിൽ പെട്ടു.


വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം പോലെ പേരടിയൂർ ഗ്രാമം കേരളത്തിൻ്റെ നെഞ്ചിൽ കളങ്കമായി കിടന്നു. പാണ സമുദായക്കാർക്ക് വഴിനടക്കാനും കുടിവെള്ളം എടുക്കാനും ഭയമായി. ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു. രാജ്യത്തിൻ്റെ കണ്ണും കാതും പേരടിയൂരിൻ്റെ ആകാശത്ത് തമ്പടിച്ചു. സൈബർ യുഗത്തിൽ കഴിയുന്ന ഒടിയന്മാർ പുതിയ വഴികൾ തേടണം എന്നാണ് പേരടിയൂർ നൽകുന്ന പാഠം.


കാളവണ്ടി യുഗത്തിൽ ഒടിയന് നല്ല വിലയും നിലയും ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയാറുണ്ട്. ജന്മിത്തവും നാടുവാഴിത്തവും അടിയാള വർഗ്ഗത്തിൻ്റെ നെഞ്ചിൽ പത്തി വിടർത്തിയാടിയിരുന്ന അക്കാലങ്ങളിൽ സ്വയരക്ഷയ്ക്ക് വേണ്ടി പാണൻമാരും പറയൻമാരും (നിന്ദിതരും പീഡിതരും) ഒടിവേഷം കെട്ടിയിരുന്നു. 


കൊലകൊമ്പൻമാരും വില്ലാളിവീരൻമാരും ആയിരുന്ന സവർണ്ണ പ്രഭുക്കന്മാർക്ക് ഒടിയന്മാരെ ഭയമായിരുന്നു. അതുകൊണ്ടുതന്നെ മേൽപ്പറഞ്ഞ സമുദായാംഗങ്ങൾക്ക് പീഡനം ഏൽക്കാതെ കഴിഞ്ഞുകൂടാമായിരുന്നു.


കാലാന്തരത്തിൽ ഒടിയൻ എന്ന കഥാപാത്രം മുത്തശ്ശിക്കഥകളിലൂടെ തലമുറകളിലേക്ക് പകർന്നു നൽകപ്പെട്ടു. വാശിപിടിച്ചു കരയുന്ന 

കുട്ടികളെ മെരുക്കാനും രാത്രി സഞ്ചാരം നടത്തുന്ന യുവാക്കളെ തളർത്താനും മുതിർന്നവർ, ഒടിയൻ കഥ ബീഭത്സകരമാംവിധം വർണിച്ച് ഭയപ്പെടുത്തുമായിരുന്നു.


സന്ധ്യയായാൽ സ്ത്രീകൾ, പ്രത്യേകിച്ച് നവഗർഭിണികൾ പുറത്തിറങ്ങുമായിരുന്നില്ല. ഒടിയൻ തീണ്ടിയാൽ ഗർഭച്ഛിദ്രമോ മരണം തന്നെയോ സംഭവിച്ചേക്കാം എന്നായിരുന്നു കാരണം. ഗർഭം കലക്കുന്നവനും പിള്ളത്തൈലം ഉണ്ടാക്കി വേഷം മാറുന്നവനും പൂച്ചയായും നായയായും കാളയായും മൂന്നു കാലുള്ള ജീവിയായും മറ്റും ആരോപിക്കപ്പെട്ടിരുന്ന ഒടിയന്മാർ സത്യത്തിൽ അന്നത്തെ സൂപ്പർസ്റ്റാർ തന്നെയായിരുന്നു.


വൈദ്യുതി എത്താത്ത അക്കാലത്ത് നിലാവിനെയും നിഴലിനെയും ഭയമായിരുന്നു. ഏതു കോലത്തിൽ എപ്പോൾ വന്നു ചാടും എന്നറിയാതെ ഹൃദയമിടിപ്പോടെ വഴി നടന്നിരുന്ന പലരും ഹൃദയസ്തംഭനം മൂലം മരണപ്പെട്ടാൽ പോലും അതിൻ്റെ ക്രെഡിറ്റ് ഒടിയന് തന്നെയായിരുന്നു. 


ഒടിയനെ ഏർപ്പാടാക്കി കൊടുക്കാൻ ഇടനിലക്കാർ ഉണ്ടായിരുന്നു. ദുർമന്ത്രവാദവും മുറിവൈദ്യവും തൊഴിലാക്കിയവരാണ് ഒടിയനുമായി സഖ്യം ഉണ്ടാക്കിയിരുന്നത്.

ഒടിശല്യം ഒഴിവാക്കാൻ തയ്യാറായി എത്തുന്ന മന്ത്രവാദി നൂൽ ബന്ധമില്ലാതെ ഇരുട്ടിലേക്കിറങ്ങും. 

നേരം പലരും മുമ്പ് കളം വരച്ച് കത്തി കുത്തി നിർത്തുന്നതോടെ ഒടിയൻ കീഴടങ്ങി എന്ന് വിധി എഴുതപ്പെടും. ഒടിയൻ ആരാണെന്ന് മാത്രം പ്രഖ്യാപിക്കില്ല. ഇതാണ് അവരുടെ രഹസ്യ ഇടപാടിൻ്റെ ആണിക്കല്ല്.  


തിരി ഉഴിച്ചിൽ, മുട്ടിറക്കൽ, ഹോമം നടത്തൽ, ചെമ്പുതകിടിൽ കള്ളികൾ വരച്ച് മന്ത്രാക്ഷരം എഴുതൽ, അവ ലോഹക്കൂട്ടിലും കുപ്പിയിലും വെച്ച്  അടുപ്പിലും പുരയുടെ ചുറ്റിലും കുഴിച്ചിടൽ, ആൾരൂപം ഉണ്ടാക്കി ആണിയടിക്കൽ,  ഒഴുകുന്ന വെള്ളത്തിൽ കുടം ഒഴുക്കൽ എന്നിങ്ങനെയുള്ള വിദ്യകളെല്ലാം പ്രയോഗിച്ചാണ് ഒടിശല്യം തീർത്തിരുന്നത്. തട്ടകം മാറി ഒടിവിദ്യ പ്രയോഗിക്കില്ലെന്ന് ഒരു അലിഖിത കരാറും ഒടിയന്മാർ തമ്മിൽ ഉണ്ടാക്കിയിരുന്നു.


എന്നാൽ വൈദ്യുതിയുടെ വരപ്രസാദം ഉണ്ടായ സ്ഥലങ്ങളിൽ  ഒടിയൻമാർക്ക് കഷ്ടകാലം തുടങ്ങി. ഒടിവിദ്യ കൊണ്ട് വയർ നിറയില്ലെന്നു വന്നതോടെ അവർ കൂലിപ്പണിക്കാരായി മാറി. പോരാത്തതിന് സമൂഹത്തിൽ സർവതല സ്പർശിയായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്തു. 


പാടവരമ്പിലൂടെ നടന്നു പോയവരൊക്കെ കർഷകത്തൊഴിലാളികളും, പെൻഷൻ ഉടമകളുമായി. തൊഴിലില്ലാത്ത യുവതീ യുവാക്കൾക്ക് തൊഴിലില്ലായ്മാ വേതനവും കിട്ടിത്തുടങ്ങി.

ദൂരദർശനും ക്രൂരദർശനവും ഗ്രാമങ്ങളിൽ വന്നെത്തി. കമ്പ്യൂട്ടർ മനുഷ്യൻ്റെ അവശ്യ വസ്തുവായി.


ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ മനുഷ്യ സംസ്കാരത്തെ മാറ്റിമറിച്ചിട്ടും നമ്മുടെ ശാസ്ത്രജ്ഞന്മാർ നാളികേരം ഉടച്ച് പൂജ നടത്തി, മുഹൂർത്തം കുറിച്ച് റോക്കറ്റ് വിക്ഷേപിക്കുന്നു. 

നാട് ഭരിക്കുന്ന മന്ത്രിമാരും മറ്റു ഉന്നത വ്യക്തികളും നഗ്നസന്യാസിമാരുടെയും ആൾ ദൈവങ്ങളുടെയും തടവുകാരായി മാറുന്നു. മുഷ്ടിചുരുട്ടി ആകാശം 

പിളർക്കുമാറുച്ചത്തിൽ ഇങ്കിലാബ് വിളിക്കുന്നവർ പോലും, അതേ സ്പിരിറ്റിൽ ശബരിമല ശാസ്താവിന് ശരണം വിളിക്കുന്നു.


ഏതു വിദൂര നൂറ്റാണ്ടിൽ എത്തിപ്പെട്ടാലും ഇതൊന്നും മാറ്റാൻ കഴിഞ്ഞെന്നുവരില്ല. കാരണം ഇതെല്ലാം നമ്മുടെ രക്തത്തിലലിഞ്ഞു കിടക്കുകയാണ്. തലമുറകളിലേക്ക് പകർന്നു നൽകുകയാണ്. 

അതുകൊണ്ട് ഒടിയനും വിരാമ ചിഹ്നം ഇടേണ്ട കാര്യമില്ല. മുറിവൈദ്യന്മാരും സിദ്ധന്മാരും ദുർമന്ത്രവാദികളും ഒടിയന്മാരുമെല്ലാം ഇനിയും വന്നുകൊണ്ടിരിക്കും.


പതിരായതെല്ലാം കതിരായി മാറുന്ന 

നവമാധ്യമ അതിപ്രസര കാലത്ത് 

ഒടിവിദ്യ പഠിപ്പിക്കാൻ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാമെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയരുതല്ലൊ. സർക്കാർ 

അതിന് അക്കാദമിക തലത്തിൽ അംഗീകാരം നൽകണം. ഭൗതികസൗകര്യങ്ങളും ഗ്രാൻ്റും കൊടുക്കണം. ആസന്ന ഭാവിയിൽ സർവകലാശാല ആവാനുള്ള സാധ്യത അതിന് ഉണ്ടാവണം. 

ഓൺലൈനിലും സൗജന്യ പഠനം നൽകണം. ഒടിവിദ്യയിൽ പ്രാവീണ്യമുള്ളവരെ ഭാവിയിൽ ഗവർണർമാരായും നിയമിക്കാം. 


പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് തൊഴിൽ ലഭിക്കുമോ? ഭയം ഒട്ടും  വേണ്ട. അഗ്നിപഥ് മോഡലിൽ നാല് വർഷത്തേക്ക് നിയമനം നൽകാം. പരിശീലന കാലശേഷം ക്വട്ടേഷൻ സംഘങ്ങളായി മാറാം.  

ഭരണകക്ഷിക്കും പ്രതിപക്ഷ കക്ഷികൾക്കും ഒടി സേനയുടെ സേവനം സ്വീകരിക്കാം. കോടികൾ കൊടുക്കാതെ തന്നെ ജനപ്രതിനിധികളെ വരുതിയിൽ നിർത്താം. പാകിസ്ഥാനേയും ചൈനീസ് ഭീഷണിയേയും നേരിടാൻ ഒടിയൻ സേന രൂപീകരിക്കാം. വിഘടന, വിഭജന വാദികളായ സകല ദുർ മന്ത്രവാദികളെയും തളക്കാൻ എന്തെളുപ്പം. ഇപ്പോൾ മനസ്സിലായില്ലേ എല്ലാകാലത്തും ഒടിയന് പ്രസക്തിയുണ്ട്. ഒടിയൻ ശരണം ഗച്ഛാമി! 

ഒടിയന്മാർ നീണാൾ വാഴട്ടെ!

-ടി വി എം അലി-

Sunday, 28 August 2022

കട്ടിൽ മാടം കോട്ട

ജൈന സംസ്കൃതി തുളുമ്പുന്ന കട്ടിൽമാടം കോട്ട തകർച്ചയിൽ തന്നെ;

വാഹനമിടിച്ച് കോട്ടയുടെ ശില്പശില അടർന്നു വീണു.

പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന ഹൈവെയുടെ ഓരത്ത്, കൂറ്റനാടിനും പട്ടാമ്പിക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയുടെ തെക്കുഭാഗത്തുള്ള ശില്പശിലയുടെ മുകൾ ഭാഗമാണ് തകർന്നു വീണത്. 

നൂറു കണക്കിന് ടോറസ് ലോറികളും കണ്ടെയ്നർ വാഹനങ്ങളും ഇരമ്പി പായുന്ന നിരത്തോരത്താണ് കോട്ട നിലകൊള്ളുന്നത്.  അജ്ഞാത വാഹനം ഇടിച്ചാണ് ശില്പശില പൊളിഞ്ഞു വീണത്. 

സംരക്ഷിക്കാൻ നാഥനില്ലാത്തതിനാൽ നൂറ്റാണ്ടുകളായി കോട്ട അനാഥാവസ്ഥയിലാണ്. ചതുരാകൃതിയിലുള്ള ഈ കരിങ്കൽ ശില്പം കരവിരുതിന്റേയും നിർമ്മാണ വൈദഗ്ദ്യത്തിന്റേയും സമ്മോഹന സ്മാരകമാണ്. ദക്ഷിണേന്ത്യ മുഴുവൻ നൂറ്റാണ്ടുകളോളം ബുദ്ധ- ജൈനമതങ്ങളുടെ സ്വാധീനതയിലായിരുന്ന കാലത്ത് നിർമ്മിച്ചതാണിത്. 

കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമാണ് കാണുന്നതെന്ന് ചരിത്ര ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. ജൈന - ബുദ്ധമത ആസ്ഥാനങ്ങളോട് ബന്ധപ്പെട്ടാണ് 'കട്ടിൽ '  എന്ന പദം പ്രയോഗിച്ചിരുന്നതെന്ന് ചരിത്ര ഗവേഷകനായിരുന്ന ഡോ.എൻ.എം.നമ്പൂതിരി നേരത്തെ വ്യക്തമാക്കിയിരുന്നു.

പാലക്കാട് ചുരം വഴി ഭാരതപ്പുഴയുടെ തീരഗ്രാമങ്ങളിൽ ഒട്ടനവധി കുടിയേറ്റങ്ങൾ അക്കാലത്ത് നടന്നിരുന്നു. അതു കൊണ്ടു തന്നെ ബൗദ്ധരുടെ ഒട്ടനവധി ചരിത്രാവശിഷ്ടങ്ങൾ നിളാതടത്തിലുണ്ട്. അതിലൊന്നാണ് അപൂർവ്വ സ്മാരകമായ കട്ടിൽ മാടം കോട്ട. 

ഗോപുര സ്തംഭം, വാതായന സ്ഥാനം എന്നീ അർത്ഥങ്ങളാണ് കട്ടിൽ എന്ന വാക്കിന് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. കണ്ണിന് കൗതുകം പകർന്നു നൽകുന്നതും ചരിത്രാന്വേഷികളെ ആകർഷിക്കുന്നതുമായ ഈ കരിങ്കൽ ശില്പത്തിന്റെ നിർമ്മിതിക്ക് പിന്നിൽ ജൈനരാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. 

തൃത്താലയുടെ എതിർ കരയിലുള്ള പള്ളിപ്പുറം കുളമുക്ക് ഗ്രാമം നൂറ്റാണ്ടുകൾക്കു മുമ്പ് കുളമുഖം പട്ടണമായിരുന്നുവെന്നും  1233 ലെ ഒരു കന്നഡ ലിഖിതത്തിൽ ഈ പട്ടണത്തെപ്പറ്റി പരാമർശിച്ചിട്ടുണ്ടെന്നും ചില ഗവേഷകർ എഴുതിയിട്ടുണ്ട്. 

അറബിക്കടലിൽ നിന്ന് ഭാരതപ്പുഴയിലൂടെ അക്കാലത്ത് ജലഗതാഗതം സജീവമായിരുന്നതിനാൽ വ്യാപാരത്തിന് വന്ന ജൈനരാണ് ഗോപുര സ്തംഭം നിർമ്മിച്ചത് എന്നാണ് നിഗമനം.

2004 ജനവരിയിൽ ലാൻറ് റവന്യൂ കമ്മീഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. പൊതുനിരത്തിനോട് തൊട്ടു കിടക്കുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പുകാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല. 

കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിരുന്നില്ല. എന്നാൽ ഇപ്പോഴാവട്ടെ പിൻഭാഗത്തോട് ചേർന്ന കോണിലാണ് കല്ല് അടർന്ന് നാശം സംഭവിച്ചത്. കോട്ടയുടെ ഉൾവശം ചെറിയൊരു കിണർ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളും ചുമരെഴുത്തുകളും മാത്രമേ കാണാനാവുകയുള്ളൂ. 

അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും, ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും സംവിധാനം ഒരുക്കേണ്ടതാണ്. പൂർവ്വസൂരികളോട് കൃതജ്ഞത രേഖപ്പെടുത്തുന്നതോടൊപ്പം വരും തലമുറയുടെ മുന്നിൽ ഇത് അടയാളപ്പെടുത്താനും നമുക്ക് ബാധ്യതയുണ്ട്.

® ടി വി എം അലി

Wednesday, 22 June 2022

അവതാരിക

 ഓർമകളുടെ പുഴത്തെളിമ 

……..സി.രാജഗോപാലൻ 

അലി...

ഓർമ്മകളുടെ പുഴത്തെളിമയിൽ അലിഞ്ഞുചേരുന്ന ഒരു മുഖം.മൂന്നര പതിറ്റാണ്ടായി ഈ ഞാങ്ങാട്ടിരിക്കാരനെ അടുത്തറിയാം. ഭാരതപ്പുഴയുടെ നാശവും മറ്റു പരിസ്ഥിതി പ്രശ്നങ്ങളുമാണ് ഞങ്ങളെ ഒരുമിപ്പിച്ചത്. അന്നുതൊട്ടിന്നോളം കണ്ടുമുട്ടിയപ്പോഴെല്ലാം ഞങ്ങൾക്ക് വിഷയമായത് നിളയുടെ ദുരവസ്ഥയാണ്. 

പുഴയുടെ ആത്മാവ് മനുഷ്യാകാരം പൂണ്ടാലെന്നതുപോലെ ജീവിച്ച ഇന്ത്യനൂർ ഗോപി മാസ്റ്ററുടെ നേതൃത്വത്തിലുള്ള ഭാരതപ്പുഴ സംരക്ഷണ സമിതിയിലെ അംഗങ്ങളായും സഹയാത്രികരായും ആദ്യകാലം മുതൽ ഞങ്ങളൊക്കെ ഉണ്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ വിവേകമെന്നത് പാരിസ്ഥിതിക വിവേകമാണ്. ആ വിവേകം എക്കാലവും അലിയുടെ ജീവിതത്തിലും എഴുത്തിലും നേർമയോടെ വെളിച്ചപ്പെടുന്നത് നമ്മൾ അറിയുന്നു. നാടോടുമ്പോഴും നടുകെ ഓടാതെ അരികു ചേർന്ന് പോകുന്ന ജീവിതത്തിൻ്റെ നന്മകളെ പുൽകുന്ന ഒരാൾ. തൻ്റെ സൗമ്യതയും മൃദുഭാഷണവും അകപ്പച്ചയും കൊണ്ട് പരിചിതർക്കെല്ലാം പ്രിയപ്പെട്ടവനാകുന്നു അലി.

എഴുത്ത് എന്നത് ജീവിതത്തിൽ നിന്നും ഇത്തിരി പൊങ്ങി നിൽക്കും വിധമുള്ള സാഹിത്യപ്രവർത്തനമല്ല ഈ എഴുത്തുകാരന്. മറിച്ച് ജീവിതത്തിൽ നിന്ന് എഴുത്തും എഴുത്തിൽ നിന്ന് ജീവിതവും വാറ്റിയെടുക്കുന്ന ഒരു രസവിദ്യയാണത്. തീക്ഷ്ണമായ ജീവിത വഴികളിൽ പൊടിയുന്ന ഉപ്പും വിയർപ്പും എഴുത്തു പേനയിലെ മഷിയാവുന്നു ഇദ്ദേഹത്തിന്. ഹോട്ടൽ തൊഴിലാളി, ലോട്ടറി വില്പന ശാലയിലെ കണക്കപ്പിള്ള, അച്ചുകൂടത്തിലെ പ്രൂഫ് റീഡർ, ഗ്രാമീണ തപാൽ ജീവനക്കാരൻ, പത്ര- ദൃശ്യ മാധ്യമ പ്രവർത്തകൻ, കഥാകൃത്ത്, നോവലിസ്റ്റ്, പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖമായ ജീവിത മണ്ഡലങ്ങളിൽ ആഴത്തിൽ വേരോടിയ അനുഭവ സമ്പന്നൻ. താൻ പരിചയപ്പെട്ട വ്യക്തികൾ, ദേശകാലങ്ങൾ, തൻ്റെ അനുഭവ പരിസരങ്ങൾ, തൊഴിലിടങ്ങൾ  എന്നിങ്ങനെ നാനാതരം ഉറവിടങ്ങളിൽ നിന്നും ഉറവ പൊട്ടിയുണ്ടാകുന്ന സ്വാഭാവിക രചനകളാണ് അലിയുടെ സാഹിത്യം. സർഗ്ഗ രചനയുടെ നിശിത വ്യാകരണങ്ങളോടു വിധേയപ്പെടാത്ത ബ്ലോഗെഴുത്ത് സങ്കേതത്തെ അവലംബിച്ച്  പലപ്പോഴായി തയ്യാറാക്കപ്പെട്ട കുറിപ്പുകളാണ് 'ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും' എന്ന കൗതുകകരമായ ശീർഷകത്തിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്.

കാരക്കാടിൻ്റെ പൊക്കിൾക്കൊടി എന്ന പ്രഥമ അദ്ധ്യായം കാരക്കാട് എന്ന തനിമയാർന്ന, ഭാരതപ്പുഴയോര ദേശത്തിൻ്റെ കൗതുകകരമായ ഭൂതകാല ആഖ്യാനമാണ്. നാട്ടു വാങ്മയങ്ങളിൽ ഇത്തിരി നർമ്മം മേമ്പൊടിയാക്കി ഉച്ചരിക്കപ്പെടുന്ന ഒരു ദേശപ്പേരായിരുന്നു അടുത്ത കാലം വരെ ഇത്. ജനിച്ച മണ്ണും അതിൻ്റെ പൂർവ്വകാലങ്ങളുമായി അറ്റുപോകാത്ത പൊക്കിൾക്കൊടി ബന്ധം സൂക്ഷിക്കുന്ന ഒരു ജനസമൂഹത്തിൻ്റെ ശിശുസഹജമായ നിഷ്കളങ്കതയാണ് അകാരണമായി പരിഹസിക്കപ്പെട്ടത്. ചട്ടിയിൽ വെച്ച ചെടിയാകലാണ്, വെട്ടിയൊതുക്കി 'ബോൺസായ്' ആകലാണ് പരിഷ്കാരം എന്ന മൗഢ്യമാണ് ഈ ദേശ പരിഹാസത്തിൽ ഉള്ളടങ്ങിയ ചേതോവികാരം. എന്നാൽ സത്യം മറ്റൊന്നാണ്. പുത്തൻ കരിക്ക് ചെത്തി കുടിക്കുമ്പോൾ കിട്ടുന്ന ആ ഉൾത്തരിപ്പും കുളിരും അനുഭവമാക്കുന്ന നിഷ്കളങ്ക സ്നേഹമാണ്, ആ ദേശം അതിൻ്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നത്. 

അഹങ്കാര ലേശമില്ലാത്ത നാട്ടുമനുഷ്യർ പലപ്പോഴും ഇത്തിരി നർമ്മം കലർത്തി സ്വയം ചിത്രീകരിച്ചാണ് തന്നെ ലോകത്തിന് പരിചയപ്പെടുത്താറുള്ളത്. ജീവിതത്തിൻ്റെ ഉള്ളറിഞ്ഞവനു മാത്രമേ സ്വയം നർമ്മപ്പെടുത്താൻ തക്ക ആത്മവിശ്വാസമുണ്ടാവൂ. അസൂയാർഹമായ ആ നന്മയായിരുന്നു സത്യത്തിൽ കാരക്കാട് എന്ന ദേശത്തിൻ്റേയും ദേശക്കാരുടേയും ഉൺമ. അലിയുടെ ആഖ്യാനത്തിൽ നിന്നും നമുക്കത് വായിച്ചെടുക്കാം. 

വാക്കിലും നോക്കിലും ഉടുപ്പിലും നടപ്പിലും നാട്യങ്ങളില്ലാത്ത ആ നാട് സൂക്ഷിച്ച തനിമകൾ ആരിലും കൗതുകം വളർത്തും. ''അന്ന് കാരക്കാട്ടെത്താൻ ബസ്സും ഓട്ടോയും ഒന്നുമില്ല. അങ്ങാടിയിലേക്ക് മരച്ചീനിയും പച്ചക്കറിയും പനനൊങ്കും ചുമന്ന് വിയർത്തു കുളിച്ച് ഓടുന്ന തൊഴിലാളികളെ ധാരാളം കാണാം.

ചന്തയിൽ നിന്ന് അരിയും മീനും മൺകലങ്ങളും ചുമന്ന് കാരക്കാട്ടേക്ക് പോകുന്നവരെയും കാണാം. കൃഷിപ്പണിക്കാലത്ത് പാടം മുഴുവൻ കന്നും കലപ്പയും കർഷകരും പണിക്കാരും അവരുടെ ഒച്ചയും ബഹളവും നിറഞ്ഞിരുന്നതും ഓർമ്മ വരുന്നു. കാരക്കാട് ഗ്രാമത്തിൻ്റെ ഇടനെഞ്ചിലൂടെയാണ് റെയിൽപ്പാത കടന്നു പോകുന്നത്. തീവണ്ടിയുടെ ശബ്ദം കേട്ടാൽ മതി, അത് എങ്ങോട്ട് പോകുന്നതാണെന്ന് പറയുമായിരുന്നു അന്നത്തെ കാരക്കാട്ടുകാർ. പണം തീർത്തും ദുർല്ലഭമായിരുന്ന ആ കാലത്ത് വല്ലപ്പോഴും കയ്യിലെത്തുന്ന ഓട്ടമുക്കാൽ അമൂല്യ നിധിയായി മുണ്ടിൻ്റെ കോന്തലക്കൽ മുറുക്കിക്കെട്ടും കാരണവന്മാർ. 

അപൂർവ്വമായേ അന്നൊക്കെ ബസ് യാത്രയുള്ളൂ. കണ്ടക്ടർ യാത്രക്കൂലി ചോദിച്ചാൽ അവർ സരസമായി പറയും: "ഞമ്മള് കേറ്യാലും കേറിലെങ്കിലും ഇങ്ങള് കാരക്കാട് പോകൂലെണ്ണീ… അങ്ങനെ പോണ ബസ്സില് എന്തിനാടോ കായ്?" കാരക്കാടിന് ഈ വിധത്തിൽ തൻകാര്യമുള്ള ഒരു നാട്ടുഭാഷ സ്വന്തമായിട്ടുണ്ടായിരുന്നു.ഏറ്റവും സ്നേഹത്തോടെ അവർ വിളിക്കുന്നത് 'മജ്ജത്തേ' എന്നാണ്.'പൊന്നാരണ്ണി' സ്നേഹത്താൽ കുതിരുന്ന സംബോധനയാണ്. 'പണ്ടാറക്കാലാ' എന്നത് ചീത്ത വിളിയുടെ സർവ്വനാമവും!

കടപ്പറമ്പത്ത് കാവിലെ വേലയാണ് അവരുടെ ദേശീയോത്സവം. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും വേല എല്ലാവരുടെയുമാണ്. കൈമെയ് മറന്ന് അവർ സഹായിക്കും. ബലിപെരുന്നാളിന് ഉച്ചഭക്ഷണം കഴിഞ്ഞാൽ വീട്ടുമുറ്റത്ത് 'കുരുകുരു മെച്ചം പെണ്ണുണ്ടോ? കുഞ്ഞാലിക്കൊരു പെണ്ണുണ്ടോ?" എന്ന്  പെണ്ണുങ്ങൾ വരിയൊത്ത് പാട്ടു പാടി കളിക്കും. പെരുന്നാൾ ദിവസം വീട്ടിലുള്ളവരും വിരുന്നുകാരും ഒരുമിച്ചിരുന്നാണ് ഊണ്. വലിയ മുറിയിൽ പായ വിരിച്ച്, അതിൽ വാഴയില നിവർത്തിയിടും. മുളകൊണ്ട് ഉണ്ടാക്കിയ വലിയ കുട്ടയിലാണ് ചോറ്. ആവി പൊങ്ങുന്ന ചോറ് ഇലയിൽ പരത്തിയിടും. എല്ലാവരും ചോറു കൂനക്ക് ചുറ്റിലും ചമ്രം പടിഞ്ഞിരിക്കും. കൊതിപ്പിക്കുന്ന പോത്തിറച്ചിക്കറിയും പയർ ഉപ്പേരിയും വലിയ പപ്പടവും ഉണ്ടാവും. 

യന്ത്ര വേഗങ്ങൾ ബാധിക്കാത്ത, രാസമാലിന്യങ്ങൾ തീണ്ടാത്ത, പൊങ്ങച്ചമെന്തെന്നറിയാത്ത ഒരു വള്ളുവനാടൻ കർഷക ഗ്രാമത്തിൻ്റെ കലർപ്പറ്റ ഗതകാല ജൈവ ജീവിത ചിത്രങ്ങൾ ഇങ്ങനെ ഇതൾ വിരിയുന്നു അലിയുടെ കാരക്കാടൻ സ്മൃതികളിൽ. 

കാലം മാറിയപ്പോൾ കൂറ്റൻ മണി മന്ദിരങ്ങളും, അവക്ക് ചുറ്റിലും എണ്ണമറ്റ ആക്രി കൂമ്പാരങ്ങളുമായി 'പുരോഗമിച്ച' കാരക്കാടിനെ കുറിച്ചും അലി പറഞ്ഞു വയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ വ്യാപകമായി കത്തിക്കുന്നത് മൂലം അന്തരീക്ഷ മലിനീകരണവും 

ശ്വാസകോശ രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള മാരക വിപത്തും കാരക്കാടിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്ത് കാരക്കാടിൻ്റെ (അല്ല... ആധുനിക ലോകത്തിൻ്റെ) ജാതക ഫലം ഗണിക്കപ്പെടുന്നതായും നമുക്ക് മനസ്സിലാക്കാം. 

ഓല ഓടായും, ഓട് കോൺക്രീറ്റ് ആയും പരിണമിക്കുന്ന ഒരു കാലത്ത് അതിനൊപ്പം മുന്നേറുന്നതിൽ പരാജയപ്പെട്ട് കിതക്കുന്ന ജീവിതങ്ങളുടെ ആത്മാംശം കലർന്ന ഓർമ്മയാണ് ഓട്ടപ്പുരകളിലെ പ്രജകൾ. അലിയുടെ പല കുറിപ്പുകൾക്കും മേമ്പൊടിയാവുന്ന നർമ്മം തെരഞ്ഞെടുപ്പു നാളിലെ കാണാക്കാഴ്ചകളിലെത്തുമ്പോൾ മൂർച്ചയുള്ള ആക്ഷേപ ഹാസ്യമായി മുനകൂർക്കുന്നത് കാണാം. നമുക്കൊക്കെ ചിരപരിചിതമാണ് ആ കാഴ്ചകൾ.

തെരഞ്ഞെടുപ്പ് ജ്വരം മൂർച്ഛിക്കുമ്പോൾ അധികാരക്കൊതി മൂത്ത്  അങ്ങേയറ്റത്തെ ബാലചാപല്യത്തോടെ 'ചിഹ്നഭയം' പൂണ്ട് കലഹിക്കുന്ന പാർട്ടിക്കാരെ കണ്ടു സ്വയം ഇളിഭ്യരായി തീരുന്നവരാണല്ലോ പ്രബുദ്ധരായ വോട്ടർമാർ. വരി നിന്ന് വരി നിന്ന് വരിയുടഞ്ഞു പോയവരാണവർ. 

അവർ കാണേണ്ടിവരുന്ന കാഴ്ചകൾ: "പതിവുപോലെ സ്വീപ്പർ മുറ്റമടിക്കാൻ ചൂലുമായി എത്തിയപ്പോൾ ബൂത്ത് ഏജൻറ് കോപിച്ചു. പോ … പോ … ചിഹ്നം കൊണ്ടുള്ള കളി ഇവിടെ വേണ്ടാ…" ബൂത്തിൻ്റെ മോന്തായത്തിൽ എതിർകക്ഷിയുടെ ചിഹ്നം വിജയ ഭാവത്തിൽ കറങ്ങുമ്പോൾ സഹിക്കുമോ ഒരു ബൂത്തേജൻ്റ്! അത് അഴിച്ചുമാറ്റും വരെ പോളിംഗ് നിർത്തിവെപ്പിച്ചു അയാൾ! 

അങ്ങനെ വിയർത്തിരുന്നു പണിയെടുക്കുന്ന തെരഞ്ഞെടുപ്പ് കർമ്മികൾ കപ്പും സോസറും ടംബ്ലറും ചിഹ്നമായതുകൊണ്ട് വെള്ളവും ചായയും വേണ്ടെന്നുവച്ചു. വൈകുന്നേരം ആറുവരെ ഉമിനീർ കുടിച്ച് അവർ പവിത്രമായ ജനാധിപത്യ കർമ്മം അനുഷ്ഠിച്ചു. ഇതൊക്കെ കണ്ട് അസാധു ഊറിച്ചിരിക്കുന്നിടത്താണ് തെരഞ്ഞെടുപ്പ് കാഴ്ചകൾ അവസാനിക്കുന്നത്.

ഈ തെരഞ്ഞെടുപ്പ് കാഴ്ചകളോട് ചേർത്തുവെച്ച് കാണേണ്ടതാണ് അപര പുരാണം @ കുഞ്ഞിരാമൻ്റെ കഥ. നമ്മുടെ മഹത്തായ ജനാധിപത്യ പ്രക്രിയക്ക് കളങ്കം ചാർത്തുന്ന മ്ലേച്ഛമായ രാഷ്ട്രീയക്കളിയാണ് തെരഞ്ഞെടുപ്പിൽ കുത്തിനാട്ടപ്പെടുന്ന അപരന്മാർ. മലനാട്ടിലെ ഒരു ഓണം കേറാമൂലയിൽ കഴിഞ്ഞുവന്ന, ജനായത്തത്തിൻ്റെ എട്ടും പൊട്ടും തിരിയാത്ത, പാവത്താനായ കുഞ്ഞിരാമനു മുമ്പിൽ ഒരു വോട്ടു കാലത്ത് പൊട്ടിവീണ സൗഭാഗ്യമായിരുന്നു സ്ഥാനാർത്ഥിത്വം. 

പാർട്ടിക്കാർ കൊണ്ടുവന്ന പേപ്പറുകളിലൊക്കെ ഒപ്പിട്ടു കൊടുത്ത്,  അവർ നൽകിയ കൈമടക്കും വാങ്ങി 'എന്തതിശയമേ' എന്ന് അന്തിച്ചിരിക്കുമ്പോഴാണ്, സാക്ഷാൽ കുഞ്ഞിരാമനെതിരെ നിൽക്കാൻ നീയാരാടാ എന്ന് ചോദിച്ചു മറു പാർട്ടിക്കാർ കലിപൂണ്ടുവന്നത്. 

ഇരു പാർട്ടിക്കാരും കുഞ്ഞിരാമൻ്റെ വീട്ടുമുറ്റത്ത് ഏറ്റുമുട്ടി. കുഞ്ഞിരാമനിലും തറച്ചു കുറേ അമ്പുകൾ. ഒടുവിൽ വാങ്ങിയ കാശ് തിരിച്ചുനൽകി ഒപ്പിട്ടു നൽകിയ കടലാസ് അവർ കുഞ്ഞിരാമൻ്റെ മുഖത്തേക്കെറിഞ്ഞു പടികടന്നു. അപ്പോഴാണത്രെ തെരഞ്ഞെടുപ്പിനെക്കുറിച്ചും ജനാധിപത്യ പ്രക്രിയയെക്കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാടുണ്ടായത്. പക്ഷേ അപ്പോഴേക്കും അപരൻ എന്ന മാറാപ്പേര് കുഞ്ഞിരാമനിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

ബീഡി തെറുപ്പ് പണിശാലകളായിരുന്ന ഓലപ്പീടികകൾ രാഷ്ട്രീയ വിദ്യാലയങ്ങളായി അടയാളപ്പെട്ട ഒരു കാലം കേരള ചരിത്രത്തിലുണ്ട്. നാട്ടിലെ ബീഡിക്കമ്പനിയിൽ അക്കാലത്ത് പണിക്കെത്തിയ 'ജിന്ന്' എന്ന് ഇരട്ടപ്പേരുള്ള ക്ഷയരോഗിയായ തൊഴിലാളിയുടെ കഥയാണ് ബീഡിക്കമ്പനിയിലെ ജിന്ന്. ചോര കലർന്ന അയാളുടെ തുപ്പൽ പീടിക മുറ്റത്ത് ഉടഞ്ഞ സൂര്യബിംബം പോലെ ചിതറിക്കിടക്കുന്ന കാഴ്ചയും അതിൻ്റെ ഉടമയായ ജിന്നുമാണ് തൻ്റെ 'സൂര്യശയനം' എന്ന നോവലിന് പ്രചോദനമായത് എന്ന് ഗ്രന്ഥകാരൻ ഓർക്കുന്നു.

പത്രപ്രവർത്തകൻ, ദൃശ്യമാധ്യമ പ്രവർത്തകൻ എന്നീ നിലകളിലുള്ള അലിയുടെ അനുഭവക്കുറിപ്പുകളും നമുക്ക് ഈ പുസ്തകത്തിൽ വായിക്കാം. ആലൂരിൻ്റെ ഓർമ്മകൾ, ലോക്ഡൗൺ എന്ന അവധിക്കാലം, ഒരു പെൺകുട്ടി കരയുന്നു പിന്നെയും, വീണ്ടും ചില കൂടല്ലൂർ കാഴ്ചകൾ, വെള്ളത്തിൻ്റെ വില, നീലഗിരിയുടെ വിലാപം, കത്തിത്തീർന്ന ഓലച്ചൂട്ടുകൾ, കിണറുകൾ കുപ്പത്തൊട്ടികൾ തുടങ്ങിയവ ആ ഗണത്തിൽ പെടുന്നു. 

ടെലിഗ്രാം മെസഞ്ചറായി ജോലി ചെയ്ത കാലത്തെ തീവ്രമായ അനുഭവങ്ങളാണ് കത്തിത്തീർന്ന ഓലച്ചൂട്ടുകളിൽ പുകയുന്നത്. ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും  പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എന്നെന്നും ഓർമ്മകളെ ഉണർത്തുമെന്ന് അലി അടിവരയിട്ട് പറയുന്നു. 

ഗ്രന്ഥകാരൻ ഏതു വിഷയത്തെക്കുറിച്ച് എഴുതുമ്പോഴും പ്രകൃതിയോട് ചേർന്നു പോകുന്ന ഒരു സരള ജീവിതത്തിൻ്റെ സ്വപ്ന ചാരുത അതിൽ ദർശിക്കാനാവും. രചനകളിലെല്ലാം പൊതുവായി കാണുന്ന പാരിസ്ഥിതികമായ അന്തർധാരയാണ് ടി.വി.എം അലി എന്ന എഴുത്തുകാരൻ്റെ അക മുദ്ര. പയ്യട ശ്രീധരൻ വൈദ്യർ, വസീറലി കൂടല്ലൂർ, കെ.ആർ.എസ് കുറുപ്പ്, കൂമുള്ളി ശിവശങ്കരൻ എന്നിവരെക്കുറിച്ച് ഈ ഗ്രന്ഥത്തിലുള്ള കുറിപ്പുകളും ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. 

ഗ്രന്ഥകാരൻ്റെ ആത്മകഥാംശമുള്ള കുറിപ്പുകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് 'മറക്കാൻ കഴിയുമോ മഴയോർമകൾ' എന്നത്. മഴയെക്കുറിച്ച് വിചാരിക്കുമ്പോഴെല്ലാം ഓർമ്മകളിൽ നിറയുന്നത് കൈതക്കുളവും കണ്ണൻ തോടും കണ്ണന്നൂർ കയവും പട്ടാമ്പിപ്പുഴയുമാണ്. ചെറിയൊരു വീടിൻ്റെ ഇടുങ്ങിയ മുറികളിൽ ഓട്ടപ്പുരയിൽ നിന്ന് അടർന്നു വീണ മഴത്തുള്ളികൾ ചാണകം മെഴുകിയ തറയിൽ ഗോട്ടിക്കുഴികളാവുന്നത് നോക്കിയിരിക്കുമ്പോൾ മഴ കൗതുകമായിരുന്നു. പടിഞ്ഞാറുനിന്ന് കുന്നിറങ്ങി വരുന്ന മഴയുടെ ഉന്മാദനൃത്തം ബാല്യത്തിൻ്റെ ആവേശമായിരുന്നു. ചാഞ്ഞും ചരിഞ്ഞും നോക്കുന്ന കാക്കയെപ്പോലെ കാറ്റിൻ്റെ താളത്തിനൊത്ത് കോലായിലേക്ക് വിരുന്നിനെത്തുന്ന തണുത്ത മഴയെ എങ്ങനെ മറക്കാനാണ്…! 

കണ്ണൻ തോട് കലങ്ങി മറിയുമ്പോൾ തോർത്തിൽ പിടയുന്ന പരൽ മീനായിരുന്നു മഴ. ഇങ്ങനെയൊക്കെ എഴുതുന്ന ഒരാളുടെ ഹൃദയം എത്രമേൽ ഈർപ്പമുള്ളതും ഹരിതാഭവുമായിരിക്കണം. 

ആ വിധത്തിൽ തൻ്റെ നേർമ കൊണ്ട് ഭൂഭാരം തീരെ കുറഞ്ഞ ചുവടുകളുമായി അല്പം അരികു ചേർന്നു ജീവിതയാത്ര ചെയ്യുന്ന ഒരു എളിയ മനുഷ്യൻ്റെ ഹരിത ഹൃദയമാണ് ഈ പുസ്തകത്തിലെ ഓരോ കുറിപ്പിലും സ്പന്ദിക്കുന്നത്. 

സി. രാജഗോപാലൻ പള്ളിപ്പുറം.

26.11.2021

കുട ചൂടാതെ കാലവർഷം

മിഥുനത്തിലും മഴ കനിഞ്ഞില്ല; അണക്കെട്ടുകളിലെ ജലനിരപ്പ്‌ താഴുന്നു. കുട ചൂടാതെ ഇടവം കടന്നു പോവുകയും മിഥുനം പിറന്ന് ഒരാഴ്ച പിന്നിടുകയും ചെയ്തിട്ടും പാലക്കാട് ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ മഴ കനിഞ്ഞില്ല. മഴക്കമ്മി മൂലം മലമ്പുഴയിലും പോത്തുണ്ടിയിലും സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളമാണുള്ളത്‌. മംഗലം അണക്കെട്ടിൽ 28 ശതമാനവും. 

ഈ അണക്കെട്ടുകളുടെ ഇടത്‌, വലതു കനാലുകൾ കൃഷിക്കായി തുറന്നിട്ടുണ്ട്‌. ചുള്ളിയാർ അണക്കെട്ടിൽ 17 ശതമാനം വെള്ളമേയുള്ളൂ. മഴ കനത്ത്‌ പെയ്യേണ്ട സമയത്ത്‌ പെയ്യാതിരിക്കുന്നത്‌ ജില്ലയിലെ കൃഷിയെയും കുടിവെള്ള വിതരണത്തെയും ദോഷകരമായി ബാധിക്കും. ഈ മാസം ഒന്നുമുതൽ 19 വരെ തെക്കുപടിഞ്ഞാറൻ കാലവർഷം ജില്ലയിൽ 69 ശതമാനം കുറവാണെന്നാണ് കണക്ക്.

നിലവിൽ ആശങ്കയില്ലെങ്കിലും വരും ദിവസങ്ങളിൽ മഴ ലഭിച്ചെങ്കിൽ മാത്രമേ കുടിവെള്ളത്തിന്‌ വെള്ളം ശേഖരിക്കാനാവൂ. ശിരുവാണി അണക്കെട്ടിന്റെ റിവർ സ്ലൂയിസുകൾ അഞ്ച്‌ സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ആകെ സംഭരണ ശേഷിയുടെ 43 ശതമാനം വെള്ളമാണുള്ളത്‌. കാഞ്ഞിരപ്പുഴയിൽ സംഭരണ ശേഷിയുടെ 42 ശതമാനം വെള്ളമുണ്ട്‌. റിവർ സ്ലൂയിസുകൾ കനാലിലേക്ക്‌ തുറന്നിട്ടുണ്ട്‌. മീങ്കരയിൽ 51 ശതമാനം വെള്ളമാണുള്ളത്‌. നിലവിൽ കനാൽ വഴി വെള്ളമൊഴുക്കുന്നുണ്ട്‌. വാളയാറിൽ സംഭരണശേഷിയുടെ 28 ശതമാനം വെള്ളമേയുള്ളൂ. തൃത്താല വെള്ളിയാങ്കല്ല് തടയണയിലും ഭാരതപ്പുഴയിലും നീരൊഴുക്ക് നാമമാത്രമാണ്. കനത്ത കാലവർഷം പ്രതീക്ഷിച്ച് തടയണയുടെ ഷട്ടറുകൾനേരത്തെ തുറന്നു വിട്ടതാണ് ജലവിതാനം താഴാനിടയായത്.

Tuesday, 21 June 2022

കരിമ്പനക്കാട് തീർക്കാൻ

കവിയുടെ വിത്ത് യാത്ര...


പാലക്കാടിൻ്റെ പച്ചപ്പിൽ കരിമ്പനക്കാറ്റിൻ്റെ മർമ്മരം തീർക്കാനുള്ള കവി രാജേഷ് നന്ദിയംകോടിൻ്റെ വിത്ത് യാത്ര സപ്തവർഷത്തിലേക്ക് കടന്നു.

ഓരോ വർഷവും ലോക പരിസ്ഥിതി ദിനത്തിലാണ് വിത്ത് യാത്രയുടെ തുടക്കം. ഒറ്റക്കും സുഹൃത്തുക്കളോടൊപ്പവും വിവിധ സംഘടനകളോടൊപ്പവുമാണ് ദേശങ്ങൾ താണ്ടിയുള്ള വിത്ത് യാത്ര. വിവിധയിനം വിത്തുകളും തൈകളും നട്ടുപിടിപ്പിക്കുന്ന രാജേഷ് ഇത്തവണ പാലക്കാടിന്റെ മാത്രം കാഴ്ചയായ കരിമ്പനകൾക്കാണ് പ്രാധാന്യം നൽകുന്നത്. പ്രത്യേകിച്ച് പരിചരണമൊന്നുമില്ലാതെ പാടവരമ്പുകളിലും കനാൽ ഓരങ്ങളിലും പുറമ്പോക്കുകളിലും കരിമ്പന വളരും. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കാണപ്പെടുന്ന കരിമ്പന ചന്തം പടിഞ്ഞാറൻ മേഖലയിലും തീർക്കാനാണ് കരിമ്പന തേങ്ങകളുമായി രാജേഷ് വിത്തുയാത്ര നടത്തുന്നത്. സ്വയം പ്രതിരോധം തീർത്ത് ദീർഘകാലം ഉറപ്പോടെ നിൽക്കാൻ കഴിയുന്ന വൃക്ഷം എന്നതിനാലാണ് ഇത്തവണ കരിമ്പന വിത്തുകൾ കൂടുതലായി തെരഞ്ഞെടുത്തത്.

കരിമ്പന തേങ്ങകൾ പഴുത്തു വീഴാൻ തുടങ്ങിയപ്പോൾ തന്നെ ഇവ ശേഖരിയ്ക്കാൻ തുടങ്ങിയിരുന്നു.  

നേരത്തെ കൂറ്റനാട് പുളിയപ്പറ്റ കായലോരങ്ങളിലും മറ്റും രാജേഷ് നട്ട വിത്തുകൾ മരമായി നിൽക്കുന്നത് കാണാം. രാജേഷിന്റെ ഈ പ്രവൃത്തിക്ക് തുണയായി നിരവധി കലാകാരന്മാരും, സാമൂഹ്യ പ്രവർത്തകരും കൂടെയുണ്ട്.

മനസ്സിൽ മുളക്കുന്ന കവിതകളും  മണ്ണിൽ വളരുന്ന വിത്തുകളും തന്റെ ബൈക്കിൽ തൂക്കിയിട്ട സഞ്ചികളിൽ ഉണ്ടാവും. ഒന്നിൽ തൻ്റെ കാവ്യ ഗ്രന്ഥങ്ങൾ. മറ്റൊന്നിൽ  പുളിങ്കുരു, കണിക്കൊന്ന, പറങ്കിയണ്ടി, ചക്കക്കുരു, കരിമ്പന എന്നിവയുടെ വിത്തുകൾ. ഒരു മഴക്കാലം താണ്ടാൻ ഈ എഴുത്തുകാരന് മറ്റൊന്നും വേണ്ട. ബ്ലാക്ക് ആന്റ് വൈറ്റ്, ശ്വാസം, എഫ്.ഐ.ആർ, മമ്പണി, കിഴുക്കാം തൂക്ക്, തോന്നിയ പോലെ എന്നീ അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് രാജേഷ് നന്ദിയംകോട്. ആനുകാലികങ്ങളിലും എഴുതുന്നു.

കുട്ടിക്കാലത്ത് പ്രകൃതിയുമായി ഏറെ ചങ്ങാത്തത്തിലായിരുന്നു രാജേഷ്. അന്നൊക്കെ വിവിധ തരം പക്ഷികളേയും, അവയുടെ മുട്ടകളേയും രാജേഷ് തിരിച്ചറിയുകയും നിരീക്ഷിയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഏഴ് വർഷം മുമ്പാണ് രാജേഷ് ആദ്യ വിത്തു യാത്ര നടത്തിയത്. ആദ്യ കാലങ്ങളിൽ തന്റെ പുസ്തകങ്ങളും മറ്റും വിറ്റ് കിട്ടുന്ന പണത്തിൽ നിന്നും ഇന്ധനം നിറച്ച് ബൈക്കിലായിരുന്നു യാത്ര. കുലത്തൊഴിൽ കളഞ്ഞു കുളിച്ച് ഉഴപ്പി നടക്കുന്നവൻ എന്ന ആക്ഷേപം ആദ്യ കാലങ്ങളിൽ കേട്ടിരുന്നു. ഒറ്റക്ക് തുടങ്ങി വെച്ച വിത്തു യാത്രക്കിപ്പോൾ കൂട്ടായി നിരവധി പേർ കണ്ണികളാവുന്നതാണ് രാജേഷിൻ്റെ നേട്ടം. 

രാജേഷ് നന്ദിയംകോടിന്റെ വിത്തു യാത്ര കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലേക്ക് കടന്നു. ആറങ്ങോട്ടുകര തച്ച്കുന്ന് ഭാഗത്തേക്കാണ് വിത്ത് യാത്ര പ്രവേശിച്ചത്. വിശാലമായ പാടത്തെ തോട്ടുവരമ്പിലാണ് കരിമ്പന വിത്തുകൾ പാകിയത്‌. ഷോർട്ട് ഫിലിം സംവിധായകനും മേക്കപ്പ്മാനുമായ സുന്ദരൻ ചെട്ടിപ്പടി, മാധ്യമ പ്രവർത്തകനായ പരമേശ്വരൻ ആറങ്ങോട്ടുകര, നാടക പ്രവർത്തകരായ അസിസ് പെരിങ്ങോട് ,

രാമകൃഷ്ണൻ തുടങ്ങിയവരും രാജേഷിന് പിന്തുണയായി എത്തി. പറ്റുന്നിടത്തെല്ലാം കരിമ്പന വിത്തുകൾ പാകാനാണ് രാജേഷ് നന്ദിയംകോടും അതാത് പ്രദേശത്തെ കലാകാരന്മാരും ശ്രമിക്കുന്നത്. രാജേഷിൻ്റെ ഭാര്യ ശാലിനിയും മകൻ ഘനശ്യാമും വിത്തുയാത്രക്ക് നിറഞ്ഞ മനസ്സോടെ പിന്തുണ നൽകുന്നുണ്ട്.

Monday, 16 May 2022

പുഴവക്കത്തെ കെടാത്ത നിലാവ്.


ഗ്രന്ഥകാരൻ: വി.ടി.വാസുദേവൻ.


കുട്ടിക്കാലത്ത് പഞ്ചാരമണലിൽ കൂത്താടിയ പുഴയും, നഖമുന പോലെ മൂർച്ഛയുള്ള ഓർമ്മകളും, ഒന്നും ഒളിച്ചുവെക്കാതെയുള്ള എഴുത്തും ഒന്നിച്ചെഴുന്നള്ളുമ്പോൾ വായനക്കാർക്കുണ്ടാവുന്ന അനുഭൂതി വിവരണാതീതമാണ്. എൻ്റെ ഗുരുതുല്യനായ പ്രിയപ്പെട്ട വി.ടി.വാസുദേവൻ മാഷ്ടെ പുതിയ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഒറ്റയിരുപ്പിന് വായിച്ചു തീർക്കാമെന്നാണ് ആദ്യം കരുതിയത്.


എന്നാൽ ഓരോ താളിലും ആറ്റിക്കുറുക്കിയ വാക്കുകൾക്കുള്ളിൽ അടയിരിക്കുന്ന ചരിത്ര സ്മൃതികൾ ആസ്വദിച്ച് തീർക്കാൻ സാവകാശമെടുത്തു. ഓടിച്ച് വായിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള സംഗതിയല്ല. ആമുഖം വായിച്ച് നിരൂപണം എഴുതുന്നവരുടെ കാലത്തും, 

പേർത്തും പേർത്തും വായിച്ച് വരികൾക്കിടയിലെ കടലാഴങ്ങളിലേക്ക് ഊളിയിട്ടു പോവുന്നതാണ് എനിക്ക് ഇഷ്ടം. ഹൃദ്യമായ എഴുത്താണെങ്കിൽ വീണ്ടും വീണ്ടും വായിക്കും. അത്തരത്തിൽ വായനക്കെടുത്ത പുസ്തകമാണ് പുഴവക്കത്തെ കെടാത്ത നിലാവ്.


ഗ്രാമത്തിൻ്റെ അതിരായ പുഴയും, മടക്കു മടക്കായിക്കിടന്നിരുന്ന കുന്നിൻ ചെരിവും, പൊൻ വെയിലിന് മുല നൽകിയ പുഴയിലെ വെൺകുളിർ മണലും, കാവും കുളവും പടർ വാഴയും കവുങ്ങും നിറഞ്ഞ തോട്ടങ്ങളുമെല്ലാം ഓർമ്മകളിൽ നിറയുമ്പോൾ, പൊയ്പ്പോയ ഒരു കാലത്തിൻ്റെ കുളമ്പടിയാണ് കാതിൽ മുഴങ്ങുന്നത്. 


നിളയോരങ്ങളിൽ ജീവിക്കുന്നവരും മൺമറഞ്ഞവരുമായ അനേകം മനുഷ്യർ കഥാപാത്രങ്ങളായി നമ്മുടെ മുന്നിലെത്തുന്നുണ്ടിതിൽ. അവരുമായി അടുത്തിടപഴകിയതിൻ്റെ ഓർമ്മകളുടെ ഒഴുക്കാണ് ഇരുനൂറോളം പുറങ്ങളിൽ തിരതല്ലുന്നത്. 


സാംസ്കാരിക കേരളത്തിൻ്റെ രൂപീകരണത്തിൽ ഭാരതപ്പുഴയ്ക്കും അതിൻ്റെ ഇരുകരകൾക്കുമുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടു തന്നെ നിളാതീരത്ത് നടന്ന നിരവധി സംഭവങ്ങൾക്കും മുന്നേറ്റങ്ങൾക്കും നേർസാക്ഷിയായിരുന്ന ഗ്രന്ഥകാരൻ്റെ അനുഭവകുറിപ്പുകൾക്കും കെടാത്ത നിലാവിൻ്റെ മിഴിവുണ്ട്.


മുറിയുന്തോറും വളർന്നു കൊണ്ടിരിക്കുന്ന നഖം പോലെ മൂർച്ചയുള്ള ഓർമ്മകളുടെ പോറലുണ്ടിതിൽ. പക്ഷേ മൃദുലമായ ഭാഷയുടെ ലേപനം കൊണ്ട് മുറിവുണക്കാൻ അധ്യാപകനും പത്രപ്രവർത്തകനുമായ ഗ്രന്ഥകാരന് അനായാസേന കഴിയുന്നുണ്ട്. പുഴവക്കത്തെ കെടാത്ത നിലാവ് അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. 


ജീവിക്കുന്നവരും മൺമറഞ്ഞവരുമായ കുറെ മനുഷ്യരെ പുഴവക്കത്തെ നിലാവെട്ടത്തിൽ ഉടനീളം കാണാം. ജീവിത പരിസരത്തെ നിലാവെട്ടമാക്കിയ കഥാപാത്രങ്ങളെ നേരിട്ടറിയുന്നവർക്ക് 

ഈ കുറിപ്പുകൾ ഏറെ ഹൃദ്യമാവും. അല്ലാത്തവർക്കാവട്ടെ ഇത്തരം നിലാവെട്ടങ്ങളെ കാണാൻ കഴിഞ്ഞില്ലല്ലൊ എന്ന നൊമ്പരം അവശേഷിക്കുകയും ചെയ്യും.


കവി സി.വി.ഗോവിന്ദനെ ഓർത്തെടുക്കുമ്പോൾ എം.ഗോവിന്ദനേയും, ടി.വി.ശൂലപാണി വാരിയരേയും, വി.ടി.ഭട്ടതിരിപ്പാടിനേയും, കേളപ്പജിയേയും, ഏ.വി ഗോവിന്ദമേനോനെയും, എൻ.പി.ദാമോദരനേയും, ഇടശ്ശേരിയേയും, പി.കെ.എ റഹീമിനേയും, എൻ.കൃഷ്ണപിള്ളയേയും, എം.പി.പോൾ, എം.വി ദേവൻ, സി.ജെ.തോമസ്, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരെയും കണ്ടുമുട്ടും. 


ഒരു കടവിൽ നിന്ന് അനേകരിലേക്ക് എത്തിചേരാനുള്ള കുണ്ടനിടവഴികൾ നിളാതീരത്ത് കാണപ്പെടുന്നതുപോലെ ഈ ഗ്രന്ഥത്തിലെ ഓരോ കുറിപ്പിലുമുണ്ട് അനേകം പേരിലേക്ക് എത്തിചേരാനുള്ള കൈവഴികൾ. 

36 കുറിപ്പുകളിലൂടെ കടന്നു പോകുമ്പോൾ നിളാതീരത്തെ സാമൂഹ്യ, സാംസ്കാരിക ചരിത്രത്തിലൂടെ യാത്ര ചെയ്തതിൻ്റെ അനുഭൂതി വായനക്കാരിലുണ്ടാവും. 


വള്ളുവനാട്ടിലെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ നെടുനായകത്വം വഹിച്ച വി.ടി.ഭട്ടതിരിപ്പാടിൻ്റെ കാൽപ്പാടുകളും ഓരോ കുറിപ്പിലും അന്തർലീനമാണ്. 

നിളയിലെ നാട്ടുവെളിച്ചം എന്ന കൃതിക്ക് ശേഷം രചിക്കപ്പെട്ട കനപ്പെട്ട ഗ്രന്ഥമാണ് പുഴവക്കത്തെ കെടാത്ത നിലാവ്. സാഹിത്യ വിദ്യാർത്ഥികൾക്കും പരിസ്ഥിതി പ്രവർത്തകർക്കും റഫറൻസായി ഉപയോഗിക്കാവുന്നതു പോലെ തന്നെ സാധാരണ വായനക്കാരന് നെഞ്ചോട് ചേർത്തുവെക്കാവുന്ന സംഗതികൾ കെടാത്ത നിലാവിലുണ്ട്. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തക പ്രസാധകർ. 


ടി വി എം അലി



Friday, 29 April 2022

കാർഷിക ഗവേഷണ കേന്ദ്രം

 /ദേശാടനം/ ടി വി എം അലി

പട്ടാമ്പി നഗരഹൃദയത്തിലുള്ള ലോകോത്തര സ്ഥാപനമാണ് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം. പെരിന്തൽമണ്ണ റോഡിലും പാലക്കാട് റോഡിലും ഇതിന് രണ്ട് കവാടങ്ങളുണ്ട്. പ്രധാന കവാടം പെരിന്തൽമണ്ണ റോഡിലാണ്. പാലക്കാട് റോഡരികിലാണ് സെയിൽസ് കൗണ്ടർ.

ലോക പ്രശസ്ത സ്ഥാപനമാണെങ്കിലും  മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന പഴമൊഴി പട്ടാമ്പിയിലും കേൾക്കാം.

പാലക്കാട് റോഡിലുള്ള കവാടം വഴിയാണ് വിശാലമായ ഗവേഷണ കേന്ദ്രത്തിലേക്ക് കടന്നത്. തണൽ വിരിച്ച നിരത്തിലൂടെ ചെന്നാൽ വിശാലമായ പരീക്ഷണ പാടം കാണാം. വെള്ളമില്ലാത്ത പാടത്ത് ട്രാക്ടർ പൂട്ടുന്നു. ഉഴുതുമറിച്ച മണ്ണിൽ അന്നം തേടി എത്തിയ വെള്ള കൊറ്റികൾ പാറി നടക്കുന്നു. പാടത്ത് മേട ചൂട് പെയ്തിറങ്ങുമ്പോൾ പൂട്ടു കണ്ടത്തിന് സ്വർണ്ണവർണ്ണം. പ്രധാന കെട്ടിടത്തിൻ്റെ മുന്നിൽ ഏകദിന കിസാൻ മേളയുടെ ബാക്കിപത്രമെന്ന നിലയിൽ അഴിച്ചിട്ട പ്രദർശന സ്റ്റാൾ.

ഇനി കാര്യത്തിലേക്ക് കടക്കാം. 1927ൽ മദ്രാസ് സർക്കാരിൻ്റെ കൃഷി വകുപ്പിന് കീഴിൽ സ്ഥാപിതമായ പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന് ഇപ്പോൾ പ്രായം 95 ആയി. 

പാഡി ബ്രീഡിങ്ങ്‌ സ്റ്റേഷൻ എന്നാണ് ആദ്യകാലത്ത് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. 1972ൽ ഈ കേന്ദ്രം കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായി. ഒൻപതര ദശകങ്ങൾ പിന്നിടുമ്പോൾ ആഗോള കാർഷിക ഭൂപടത്തിൽ ഇടം പിടിക്കാനും ലോകോത്തര നേട്ടമുണ്ടാക്കാനും ഈ കേന്ദ്രത്തിനായിട്ടുണ്ട്. ആര്യൻ മുതൽ വൈശാഖ് വരെ 60 ഇനം മുന്തിയ നെൽ വിത്തിനങ്ങൾ ഈ കേന്ദ്രത്തിൻ്റെ സംഭാവനയാണ്. കൂടാതെ പയറു വർഗ്ഗങ്ങൾ,  പച്ചക്കറികൾ എന്നീ വിളകളിലും മികച്ച ഇനങ്ങളും നൂതന കൃഷിരീതികളും ഈ കേന്ദ്രത്തിൽ നിന്ന് ഉരുത്തിരിച്ചെടുത്തിട്ടുണ്ട്.

1968ൽ പുറത്തിറക്കിയ പി.ടി.ബി. 35 (അന്നപൂർണ്ണ) എന്ന നെൽവിത്ത് തെക്കു കിഴക്കൻ ഏഷ്യയിൽ തന്നെ ആദ്യത്തെ അത്യുൽപാദന ശേഷിയുള്ള ചുവന്ന അരിയുള്ള ഉയരം കുറഞ്ഞ നെൽ വിത്തിനമാണ്. നെല്ലിലെ ഗവേഷണ പദ്ധതികൾക്ക് പുറമെ ദേശീയ പയറു വർഗ്ഗ ഗവേഷണ പദ്ധതിയും, ദീർഘകാല പോഷക പരിപാലന ഗവേഷണ പദ്ധതിയും, ദേശീയ വിത്ത് ഗവേഷണ പദ്ധതിയും കേന്ദ്രം ഏറ്റെടുത്ത് നടത്തുന്നുണ്ട്.

2011മുതൽ കൃഷി ശാസ്ത്രത്തിലുള്ള ഡിപ്ലോമ കോഴ്സ് ഈ കേന്ദ്രത്തിൽ നടന്ന് വരുന്നുണ്ട്. കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് വിളകൾ സംരക്ഷിക്കുന്നതിനും, അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും റൈസ് മൊബൈൽ ക്ലിനിക്‌, വിത്ത് പരിശോധന ലബോറട്ടറി, മണ്ണ് - ഇല പരിശോധന സംവിധാനം, ടിഷ്യു കൾച്ചർ ലാബ്, ബയോ കൺട്രോൾ ലാബ്, ജനിതക ശേഖരം ദീർഘകാലം സൂക്ഷിക്കുന്നതിനുള്ള സംവിധാനം, മറ്റു ഗവേഷണ സൗകര്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രവും ഇവിടെയുണ്ട്.

ഗുണമേന്മയുള്ള വിത്ത്, നടീൽ വസ്തുക്കൾ, ജൈവ കീട - രോഗ നിയന്ത്രണോപാധികൾ എന്നിവ ഉത്പാദിപ്പിച്ച് വിപണന കേന്ദ്രം വഴി  കർഷകർക്ക് നൽകുന്നുണ്ട്.  നെൽ കൃഷിയുടെ പഴമയും പുതുമയും പരിചയപ്പെടുത്തുന്ന ഒരു റൈസ് മ്യൂസിയവും ഇവിടെയുണ്ട്.

സൂക്ഷ്മ മൂലക വളങ്ങൾ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യം മനസ്സിലാക്കി നെല്ല്, വാഴ, പച്ചക്കറികൾ എന്നീ വിളകളിൽ, ഇലകളിൽ തളിച്ച് ഉപയോഗിക്കാവുന്ന വളക്കൂട്ടുകൾ സമ്പൂർണ്ണ എന്ന പേരിൽ കേന്ദ്രം നിർമ്മിച്ചിട്ടുണ്ട്. വാഴയിലും, പച്ചക്കറികളിലും സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന ഗുളിക രൂപത്തിലാണ് ഇവ പുറത്തിറക്കുന്നത്.

വേനൽ കാലത്ത് അനുഭവപ്പെടുന്ന വരൾച്ച പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾക്ക് എന്നും പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.  ജലസേചനത്തിനാവശ്യമായ ജലസംഭരണി വേണമെന്നുള്ള ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അതിനൊരു പരിഹാരമെന്ന നിലയിൽ രണ്ട് ഏക്കർ വിസ്തൃതിയുള്ള ഒരു കുളം നിർമ്മിക്കാൻ പദ്ധതി തയ്യാറായിട്ടുണ്ട്. ജലസേചന സൗകര്യം ലഭ്യമായാൽ പുഞ്ചകൃഷി ഉൾപ്പെടെയുളള പരീക്ഷണങ്ങളും ഈ കേന്ദ്രത്തിൽ നടപ്പാക്കാനാവും. 

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ നെല്ലിനമായ പി.ടി.ബി 6.5 കെ.എ.യു സുപ്രിയ അത്യുൽപാദന ശേഷിയുള്ള താണ്. കെ.എ.യു സുപ്രിയ ദീർഘകാല മൂപ്പുള്ളതും ഹെക്ടറിന് 6.5–7 വരെ ശരാശരി വിളവ് തരുന്നവയുമാണെന്ന് കാർഷിക ഗവേഷണകേന്ദ്രം പറയുന്നു. ഉയരം കൂടിയ ഓലകളും ഇടതൂർന്ന കതിരുകളും ഉള്ള സുപ്രിയ മുണ്ടകൻ കൃഷിക്കാണ് കൂടുതൽ യോജിക്കുക. ചാഞ്ഞു വീഴാത്തതു കൊണ്ട് യന്ത്രം ഉപയോഗിച്ച് കൊയ്യാനും മെതിക്കാനും ബുദ്ധിമുട്ട് ഉണ്ടാവില്ല. കൂടാതെ, രോഗപ്രതിരോധ ശേഷിയും ഉയർന്ന താപനിലയെയും ജലദൗർലഭ്യതയെയും അതിജീവിക്കാനുള്ള ശേഷിയുമുണ്ട്. 

സുപ്രിയയോടൊപ്പം വികസിപ്പിച്ച കെ.എ.യു അക്ഷയ എന്ന ഇനവും സമാനമായ പ്രത്യേകതകൾ ഉള്ളവയാണ്. നിലവിലുള്ള കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ ഈ ഇനങ്ങൾക്ക് സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

വേനല്‍ കാലത്തേക്ക് പറ്റിയ രണ്ട് പയറിനങ്ങളുടെ പരീക്ഷണവും വിജയകരമായിരുന്നു. കെ.ബി.സി 4, പി.ജി.സി.പി 23 എന്നിവയാണ് കർഷകരെ കാത്തിരിക്കുന്ന പയർ ഇനങ്ങൾ. വേനല്‍ക്കാലത്തേക്ക് പറ്റിയ ഇവ 55-60 ദിവസം കൊണ്ട് വിളവെടുക്കാം. ആദ്യ വിളക്ക് ശേഷവും രണ്ടാം വിളക്ക് ശേഷവും ഇവ കൃഷിയോഗ്യമാണ്. പച്ചയായും വിത്തായും ഇവ ഭക്ഷ്യയോഗ്യമാണ്. കുറ്റിപ്പയര്‍ ഇനത്തില്‍പ്പെടുന്നവയാണ് ഇവ. നെല്‍കൃഷിക്കായി വയലില്‍ ഇട്ട ഫോസ്ഫറസ് പൂര്‍ണമായും നെല്ല് വലിച്ചെടുക്കാതെ മണ്ണില്‍ തന്നെ കിടക്കുന്നുണ്ടാവും. ഈ ഫോസ്ഫറസ് വലിച്ചെടുത്ത് പയര്‍ മണിയിലൂടെ തിരിച്ച് ലഭിക്കുന്ന പ്രതിഭാസം ഇതിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. മണ്ണിൻ്റെ ഘടന തിരിച്ചെടുക്കാന്‍ പയര്‍ കൃഷിയിലൂടെ കഴിയും. ഇതിന്റെ തണ്ടും ഇലയുമൊക്കെ ജൈവ വളമായും ഉപയോഗിക്കാം. ഈ ജൈവ വളം മണ്ണിന് ഗുണകരമാണ്. ഇതിലൂടെ ജൈവ അണുക്കളേയും തിരിച്ചെടുക്കാനാവും. 

രണ്ട് പ്രളയത്തെ തുടര്‍ന്ന് മണ്ണിന്റെ ഘടനക്ക് മാറ്റം വന്നിട്ടുണ്ട്. ഇത് തിരിച്ച് പിടിക്കാനും പയര്‍ കൃഷിയിലൂടെ കഴിയും. അതുപോലെ തന്നെ ഗുണകരമായ ഒന്നാണ് മുതിര കൃഷി. ഇതിന്റെ വിത്തെടുത്ത ശേഷം ഇവയുടെ തൊണ്ട് പശുക്കള്‍ക്കും മറ്റും നല്‍കാവുന്ന ഉത്തമ ഭക്ഷണമാണ്.

വിപണന കേന്ദ്രത്തിൽ ദിനേന നൂറുകണക്കിന് കർഷകരും മറ്റുള്ളവരും തൈകളും വിത്തുകളും വാങ്ങാൻ എത്തുന്നുണ്ട്. അത്യുൽപ്പാദന ശേഷിയുള്ള തൈകളാണ് വിപണിയിലുള്ളത്. 

ലോകോത്തര സ്ഥാപനമാണെങ്കിലും ജനങ്ങളിലേക്ക് ആണ്ടിറങ്ങാൻ ഈ കേന്ദ്രത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന വിമർശനമാണ് പുറത്തുള്ള മിക്കവരും പങ്കുവെച്ചത്. പഴയ പ്രതാപം ഇപ്പോഴില്ലെന്നും അവിടെ നടക്കുന്നതൊന്നും ഭൂരിഭാഗം കർഷകരും അറിയുന്നില്ലെന്നും പരിസരത്തുള്ളവർ പരിതപിച്ചതും കേൾക്കാനിടയായി.

വർഷങ്ങൾക്ക് മുമ്പ് കാണപ്പെട്ടിരുന്ന സജീവത ഇപ്പോഴില്ലെന്ന വിമർശനത്തിൽ കഴമ്പുണ്ട്. ആരോഹണത്തിന് ശേഷം അവരോഹണവും അനിവാര്യമാണല്ലൊ!


Friday, 1 April 2022

പിറന്നാൾ മാരത്തോൺ

മാരത്തോൺ ഓടി ജന്മദിനം കൊണ്ടാടി. അനുമോദനങ്ങളുമായി കളിപ്രേമികൾ.

ഓടി ഓടി ജന്മദിനം കൊണ്ടാടിയ രണ്ടു പേർക്ക് നാടിൻ്റെ പ്രശംസ. ഗ്രാമത്തിൻ്റെ കായിക മോഹത്തിന് പൊൻ തൂവൽ നൽകിയ പിലാക്കാട്ടിരി സ്വദേശികളെ കളി പ്രേമികൾ ആരവങ്ങളോടെ അനുമോദിച്ചു. 

പീച്ചി ഫോറസ്റ്റ് സീഡ് സെന്ററിൻ്റേയും തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റേയും ചുമതല വഹിക്കുന്ന റെയ്ഞ്ച് ഓഫീസറും പെരിങ്ങോട് പിലാക്കാട്ടിരി സ്വദേശിയുമായ എം.പി മണി തൻ്റെ 51-ാം ജന്മദിനം കൊണ്ടാടിയത് 51 കിലോമീറ്റർ മാരത്തോൺ ഓട്ടത്തിലൂടെ. എം.പി മണിയെ പിന്തുടർന്ന്,  29 വയസ് പിന്നിടുന്ന നാട്ടുകാരനായ രാകേഷ് കറ്റശ്ശേരി 29 കി.മീറ്ററും ഓടി പിറന്നാൾ കൊണ്ടാടി.

ദേശീയ വനം കായിക മേളയിൽ പങ്കെടുത്ത് കേരളത്തിനു വേണ്ടി ഫുട്ബോളിലും, മധ്യ-ദീർഘ ദൂര ഓട്ടങ്ങളിലുമായി 9 സ്വർണ്ണം, 6 വെള്ളി, 5 വെങ്കലം എന്നിങ്ങനെ 20 മെഡലുകൾ എം.പി മണി നേരത്തെ നേടിയിട്ടുണ്ട്. കൂടാതെ കേരളത്തിനകത്തും പുറത്തുമായി നടന്നിട്ടുള്ള 35  മാരത്തോൺ മത്സരങ്ങളിൽ പങ്കെടുത്ത് 24ലും വെറ്ററൻ കാറ്റഗറിയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ മണി കരസ്ഥമാക്കിയിട്ടുണ്ട്. 2014ലെ കേരളത്തിലെ മികച്ച ഡെപ്യൂട്ടി റെയിഞ്ചാഫീസർക്കുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിനും ഇദ്ദേഹം അർഹനായിട്ടുണ്ട്. ഫുട്ബോൾ കോച്ചു കൂടിയാണ് മണി.

പുലർച്ചെ 2 മണിക്ക് പെരിങ്ങോട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഓട്ടം കൂറ്റനാട് - പടിഞ്ഞാറങ്ങാടി - നീലിയാട് കുമരനല്ലൂർ - ആനക്കര - കുമ്പിടി  കൂടല്ലൂർ - വെള്ളിയാങ്കല്ല് വഴി - കൊടിക്കുന്നിലെത്തി, തിരിച്ച് പെരിങ്ങോട് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ എം.പി മണി ഓട്ടം അവസാനിപ്പിച്ചു. 51 കി.മീറ്റർ ഓടാൻ  5 മണിക്കൂറും 56 മിനിറ്റുമെടുത്തു. രാകേഷ് കറ്റശ്ശേരിക്ക് 29 കി.മീറ്റർ പൂർത്തിയാക്കാൻ മൂന്ന് മണിക്കൂർ 21 മിനിറ്റ് സമയമെടുത്തു. 

യുവാക്കളിൽ ആരോഗ്യ ബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇരുവരും മാരത്തോൺ ഓടിയത്. ആർമി, പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ഫയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്കും, സ്പോർട്സ്, ഫിറ്റ്നസ് താല്പര്യമുള്ളവർക്കും സൗജന്യമായി പരിശീലനം നൽകുന്ന റണ്ണേഴ്സ് പെരിങ്ങോട് കൂട്ടായ്മയിലെ 70 ഓളം പേരുടെ പിന്തുണയും പിറന്നാൾ ഓട്ടക്കാർക്ക് ലഭിച്ചു. 

ഈവനിങ്ങ് സ്പോർട്സ് ക്ലബ് പ്രസിഡണ്ട് സേതുമാധവൻ, അജയ്ഘോഷ് എന്നിവർ ഇരുവർക്കും ഉപഹാരം നൽകി. കൂറ്റനാട് SBI അസി.മാനേജർ അശ്വിൻ, ഷമീർ, വിപിൻ, ശ്യാം, ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.

Tuesday, 29 March 2022

ഓട്ടൂർ കുറിപ്പ്

പട്ടാമ്പിയിൽ ഓട്ടൂർ ഓഫ്സെറ്റ് പ്രസ് പ്രവർത്തനം തുടങ്ങിയ കാലത്താണ് അച്യുതൻ കുട്ടിയെ പരിചയപ്പെട്ടത്.

1998ൽ പുറത്തിറങ്ങിയ 'സൂര്യശയനം' എന്ന നോവലിനും 2001ൽ 'ഈസൻ മൂസ' എന്ന ബാല നോവലിനും അച്ച് (DTP) നിരത്തിയത് ഓട്ടൂർ അച്യുതൻ കുട്ടിയാണ്. 

മേല്പറഞ്ഞ രണ്ടു പുസ്തകങ്ങളിലും ആമുഖ കുറിപ്പിൽ അദ്ദേഹത്തിൻ്റെ പേര് ഇടം പിടിച്ചിട്ടുണ്ട്. പിന്നീട് അച്ചുകൂടം വിട്ട അച്യുതൻ കുട്ടിയെ കാണുന്നത് അധ്യാത്മിക പ്രഭാഷകൻ എന്ന നിലയിലാണ്. മികച്ച പ്രഭാഷകൻ എന്ന നിലയിൽ നിരവധി വേദികളിൽ പ്രത്യക്ഷപ്പെട്ട അച്യുതൻ കുട്ടിയെ നേരിട്ട് കാണുന്നത് അപൂർവ്വമായി. 

അങ്ങനെയിരിക്കെ കഴിഞ്ഞയാഴ്ച പട്ടാമ്പി ഗവ.സംസ്കൃത കോളേജിൽ എത്തിയ അദ്ദേഹം, എൻ്റെ പുതിയ പുസ്തകം ( ഓട്ടപ്പുരയിലെ പ്രജയും ബീഡി കമ്പനിയിലെ ജിന്നും) ചോദിച്ചു വാങ്ങുകയും, വായിച്ചു തീർന്നയുടൻ തന്നെ സുദീർഘമായ കുറിപ്പ് അയക്കുകയും ചെയ്തു. 

പൂർണ്ണരൂപം ഇതാ...

പുതിയ പുസ്തകം വായിച്ചു. അപ്പോൾ സുഹൃത്തായ അങ്ങെയ്ക്ക് ഒരു മറുപടി കുറിപ്പ് എഴുതാമെന്ന് കരുതി. 28ചെറിയ കുറിപ്പുകളായി തുന്നിച്ചേർത്ത ഒരു സുന്ദര കലാസൃഷ്ടിയാണ് പുതിയ പുസ്തകം.

പഴമയുടെ പ്രതാപത്തിലേയും പോയ് മറഞ്ഞ ഹൃദയവ്യഥകളെയും ജീവിത പന്ഥാവിൽ കണ്ടുമുട്ടിയവരേയും വിടപറഞ്ഞവരേയും സ്മൃതി മണ്ഡലത്തിലെ ചെപ്പുതുറന്ന് നിരത്തിവെച്ചിട്ട് ഇമ്പമാർന്ന ശീലുകളായി പാടിതന്ന പോലെ തോന്നി മുഴുവനും വായിച്ചപ്പോൾ.

അവതാരകൻ എഴുതിയ പോലെ ജീവിതത്താളുകളിൽ വായിക്കാൻ മറന്നുപോയ വരികൾ വീണ്ടെടുത്തു തന്നിരിക്കുന്നു. ഓരോ കുറിപ്പുകളും എല്ലാവരിലും നന്മനിറയട്ടെ എന്നതുതന്നെയാണ് അങ്ങുദ്ദേശിക്കുന്നത് എന്നത് വ്യക്തമാണ്.

കാരക്കാട്ടുകാരുടെ നിഷ്കളങ്കത ബോധ്യപ്പെട്ടിട്ടുണ്ട്. പണ്ട് കിഴായൂരിലെ വീട്ടിൽ നിന്നും റെയിൽ പാളത്തിൻെറ ഓരം പറ്റി പട്ടാമ്പിക്കു നടക്കുമ്പോൾ മാങ്ങ, കൈപ്പക്ക, വെണ്ടയ്ക്ക തുടങ്ങിയ ചുമടേന്തി വരുന്ന നിരവധി കാരക്കാട്ടുകാരെ കാണാമായിരുന്നു. ഒരിക്കൽ തലച്ചുമടുമായി വരുന്ന ഒരു കാക്ക എന്തോ പറഞ്ഞു നടക്കുന്നതു കണ്ട് ചോദിച്ചപ്പോൾ പറയുകയാണ്: "കുട്ട്യേ ഞമ്മള് പ്രാവിനോട് ഞമ്മൻെറ ബെശമം പറയാ. പ്രാവേ ജ്ജെങ്കിലും കേക്ക് ൻെറ ശങ്കടം എന്നു പറയായിരുന്നു ൻെറ കുട്ട്യേ."

രസികന്മാരായ അവരെ നേരിൽ കാണുന്നതു പോലെ തോന്നി. വെടിക്കെട്ടു ദുരന്തങ്ങൾ എത്രകണ്ടാലും വെടിക്കെട്ടിനോടുള്ള വാഞ്ച കുറയുന്നില്ല എന്ന സങ്കടം ഒരിടത്ത്. ഓലപ്പുര ഓടുമേഞ്ഞ പുരയായപ്പോൾ ഓട്ടപ്പുരയായതും കോൺക്രീറ്റ് കെട്ടിടത്തിനിടയിൽ അതു നിവർന്നു നിൽക്കുന്നതും മറ്റൊരിടത്ത്.

വോട്ടിങ്ങ് മെഷീനായപ്പോൾ നോട്ട ഓട്ടുനേടുന്നതും, രാഷ്ട്രീയം പോളിംഗ് ബൂത്തിൽ നിഷിദ്ധമായതിനാൽ നിരാഹാര വ്രതത്തിൽ ചിലർ.

ക്ഷയരോഗത്തെ ജിന്നാക്കി ജീവിത പ്രാരാബ്ധങ്ങൾ നിമിത്തം ചില്ലറത്തുട്ടിനായുള്ള അധ്വാനങ്ങൾ വരച്ചുകാണിച്ചതും കണ്ടു.

വർത്തമാനകാല മഹാമാരി അവധി തന്നിട്ടും അത് ആസ്വദിക്കാനാകാത്ത ബാല്യങ്ങൾ, മദിരാശി ചേക്കേറി സിനിമ തന്ന ജീവിതം എന്ന മട്ടിൽ ഒരു കുറിപ്പ്, ആദ്യമായി അച്ചടിച്ചു വന്ന കഥ തീർത്ത ഉത്സാഹം, പേടിപ്പെടുത്തിയ പെരുമഴക്കാലം, അത്തിമരത്തിലൂടെ അന്യസഹായത്തിൻെറ മേന്മ,

വേർപിരിയുന്ന സ്നേഹ സുന്ദരികൾ, അവതരുന്ന നൊമ്പരം, കൂട്ടായ്മയിലൂടെ എല്ലാവർക്കും ഉയർച്ച, ആകാശവാണിയെന്ന കാണാമൊഴിയിൽ കഥപറയാൻ കഴിഞ്ഞത്, രാജ്യത്തിൻെറ ആഗോളവത്കരണം ബദ്ധപ്പാടുകൾ സൃഷ്ടിക്കുന്നത്, കൂടല്ലൂർ ഗ്രാമചിന്തകൾ, ജലം അമൂല്യമാണെന്ന് നിത്യചൈതന്യയതി, അപരനാവാൻ വിധിച്ച കുഞ്ഞിരാമൻ, പരസ്പര കലഹവും, ബന്ധുവധവും മനുഷ്യരുടെ സ്വാർത്ഥചിന്തകൾ ഒരുമഹാമാരിക്കും മാറ്റാനാവില്ല എന്നതും, മനോരോഗിയവാൻ വിധിക്കപ്പെട്ട പാവം, തീവണ്ടികൾ ക്വാറൻറയിൻ കേന്ദ്രമാക്കി സാന്ത്വനമായത്, കാണാതെ പോയ മകനെ തിരിച്ചുകിട്ടാൻ സഹായിച്ചത്, സാഹിത്യരചനകൾക്ക് പ്രചോദനമായ വസീറലി എന്ന മഹത്‌വ്യക്തി, പയ്യട ശ്രീദരൻ വൈദ്യരുടെ ആതുരസേവനം, രാപ്പകൽ ഭേദമന്യേ കമ്പി സന്ദേശങ്ങളുമായി നടന്നത്, ശുദ്ധജല കിണറുകളെ കുപ്പതൊട്ടിയാക്കി പൈപ്പുവെള്ളത്തിനായി കേഴുന്നവർ, സാമ്പത്തിക സഹായമായി പലിശ രഹിത സംഘങ്ങൾ, കൃഷ്ണ കീർത്തനത്തിൽ ശിഷ്ടജീവിതം നയിക്കുന്ന കൂമുള്ളി ശിവേട്ടൻ, അങ്ങനെ പത്മനാഭൻെറ പെൻഷനർഹനായ തച്ചുടയകൈമളുടെ പരമ്പരയിലുള്ള കെ.ആർ.എസ്.കുറുപ്പ് ഇത്തരം ബ്ലോഗെഴുത്തുകളുടെ ഒരു സമ്മേളനം. 

പുസ്തകം അതിഗംഭീരം. ഹൃദയശുദ്ധിയുള്ളവർക്കേ സൗന്ദര്യാത്മകമായ രചനകൾ നിർവ്വഹിക്കാൻ പറ്റൂ. ഇതു ബോധ്യപ്പെടൂത്തുന്നതാണ് അലിയുടെ രചനകൾ. ജീവിത യാത്രയിൽ ഇനിയും ഹൃദയഗന്ധികളായ അനേകം രചനകൾ നിർവ്വഹിക്കാൻ എൻെറ സുഹൃത്തായ അലിയ്ക്ക് ഭാഗ്യമുണ്ടാകട്ടെ. ജഗദീശ്വരൻ തുണയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ...


ഓട്ടൂർ അച്യുതൻകുട്ടി

കൃഷ്ണകൃപ, മൂർക്കാട്ടുപറമ്പ്,

പട്ടാമ്പി. Ph. 94957 14427.