കവിയുടെ വിത്ത് യാത്ര...
പാലക്കാടിൻ്റെ പച്ചപ്പിൽ കരിമ്പനക്കാറ്റിൻ്റെ മർമ്മരം തീർക്കാനുള്ള കവി രാജേഷ് നന്ദിയംകോടിൻ്റെ വിത്ത് യാത്ര സപ്തവർഷത്തിലേക്ക് കടന്നു.
ഓരോ വർഷവും ലോക പരിസ്ഥിതി ദിനത്തിലാണ് വിത്ത് യാത്രയുടെ തുടക്കം. ഒറ്റക്കും സുഹൃത്തുക്കളോടൊപ്പവും വിവിധ സംഘടനകളോടൊപ്പവുമാണ് ദേശങ്ങൾ താണ്ടിയുള്ള വിത്ത് യാത്ര. വിവിധയിനം വിത്തുകളും തൈകളും നട്ടുപിടിപ്പിക്കുന്ന രാജേഷ് ഇത്തവണ പാലക്കാടിന്റെ മാത്രം കാഴ്ചയായ കരിമ്പനകൾക്കാണ് പ്രാധാന്യം നൽകുന്നത്. പ്രത്യേകിച്ച് പരിചരണമൊന്നുമില്ലാതെ പാടവരമ്പുകളിലും കനാൽ ഓരങ്ങളിലും പുറമ്പോക്കുകളിലും കരിമ്പന വളരും. ജില്ലയുടെ കിഴക്കൻ മേഖലകളിൽ കാണപ്പെടുന്ന കരിമ്പന ചന്തം പടിഞ്ഞാറൻ മേഖലയിലും തീർക്കാനാണ് കരിമ്പന തേങ്ങകളുമായി രാജേഷ് വിത്തുയാത്ര നടത്തുന്നത്. സ്വയം പ്രതിരോധം തീർത്ത് ദീർഘകാലം ഉറപ്പോടെ നിൽക്കാൻ കഴിയുന്ന വൃക്ഷം എന്നതിനാലാണ് ഇത്തവണ കരിമ്പന വിത്തുകൾ കൂടുതലായി തെരഞ്ഞെടുത്തത്.
കരിമ്പന തേങ്ങകൾ പഴുത്തു വീഴാൻ തുടങ്ങിയപ്പോൾ തന്നെ ഇവ ശേഖരിയ്ക്കാൻ തുടങ്ങിയിരുന്നു.
നേരത്തെ കൂറ്റനാട് പുളിയപ്പറ്റ കായലോരങ്ങളിലും മറ്റും രാജേഷ് നട്ട വിത്തുകൾ മരമായി നിൽക്കുന്നത് കാണാം. രാജേഷിന്റെ ഈ പ്രവൃത്തിക്ക് തുണയായി നിരവധി കലാകാരന്മാരും, സാമൂഹ്യ പ്രവർത്തകരും കൂടെയുണ്ട്.
മനസ്സിൽ മുളക്കുന്ന കവിതകളും മണ്ണിൽ വളരുന്ന വിത്തുകളും തന്റെ ബൈക്കിൽ തൂക്കിയിട്ട സഞ്ചികളിൽ ഉണ്ടാവും. ഒന്നിൽ തൻ്റെ കാവ്യ ഗ്രന്ഥങ്ങൾ. മറ്റൊന്നിൽ പുളിങ്കുരു, കണിക്കൊന്ന, പറങ്കിയണ്ടി, ചക്കക്കുരു, കരിമ്പന എന്നിവയുടെ വിത്തുകൾ. ഒരു മഴക്കാലം താണ്ടാൻ ഈ എഴുത്തുകാരന് മറ്റൊന്നും വേണ്ട. ബ്ലാക്ക് ആന്റ് വൈറ്റ്, ശ്വാസം, എഫ്.ഐ.ആർ, മമ്പണി, കിഴുക്കാം തൂക്ക്, തോന്നിയ പോലെ എന്നീ അഞ്ച് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് രാജേഷ് നന്ദിയംകോട്. ആനുകാലികങ്ങളിലും എഴുതുന്നു.
കുട്ടിക്കാലത്ത് പ്രകൃതിയുമായി ഏറെ ചങ്ങാത്തത്തിലായിരുന്നു രാജേഷ്. അന്നൊക്കെ വിവിധ തരം പക്ഷികളേയും, അവയുടെ മുട്ടകളേയും രാജേഷ് തിരിച്ചറിയുകയും നിരീക്ഷിയ്ക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഏഴ് വർഷം മുമ്പാണ് രാജേഷ് ആദ്യ വിത്തു യാത്ര നടത്തിയത്. ആദ്യ കാലങ്ങളിൽ തന്റെ പുസ്തകങ്ങളും മറ്റും വിറ്റ് കിട്ടുന്ന പണത്തിൽ നിന്നും ഇന്ധനം നിറച്ച് ബൈക്കിലായിരുന്നു യാത്ര. കുലത്തൊഴിൽ കളഞ്ഞു കുളിച്ച് ഉഴപ്പി നടക്കുന്നവൻ എന്ന ആക്ഷേപം ആദ്യ കാലങ്ങളിൽ കേട്ടിരുന്നു. ഒറ്റക്ക് തുടങ്ങി വെച്ച വിത്തു യാത്രക്കിപ്പോൾ കൂട്ടായി നിരവധി പേർ കണ്ണികളാവുന്നതാണ് രാജേഷിൻ്റെ നേട്ടം.
രാജേഷ് നന്ദിയംകോടിന്റെ വിത്തു യാത്ര കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലേക്ക് കടന്നു. ആറങ്ങോട്ടുകര തച്ച്കുന്ന് ഭാഗത്തേക്കാണ് വിത്ത് യാത്ര പ്രവേശിച്ചത്. വിശാലമായ പാടത്തെ തോട്ടുവരമ്പിലാണ് കരിമ്പന വിത്തുകൾ പാകിയത്. ഷോർട്ട് ഫിലിം സംവിധായകനും മേക്കപ്പ്മാനുമായ സുന്ദരൻ ചെട്ടിപ്പടി, മാധ്യമ പ്രവർത്തകനായ പരമേശ്വരൻ ആറങ്ങോട്ടുകര, നാടക പ്രവർത്തകരായ അസിസ് പെരിങ്ങോട് ,
രാമകൃഷ്ണൻ തുടങ്ങിയവരും രാജേഷിന് പിന്തുണയായി എത്തി. പറ്റുന്നിടത്തെല്ലാം കരിമ്പന വിത്തുകൾ പാകാനാണ് രാജേഷ് നന്ദിയംകോടും അതാത് പ്രദേശത്തെ കലാകാരന്മാരും ശ്രമിക്കുന്നത്. രാജേഷിൻ്റെ ഭാര്യ ശാലിനിയും മകൻ ഘനശ്യാമും വിത്തുയാത്രക്ക് നിറഞ്ഞ മനസ്സോടെ പിന്തുണ നൽകുന്നുണ്ട്.
No comments:
Post a Comment