Monday, 5 December 2022

എം.ടി വേണു പുരസ്കാരം

എം.ടി വേണു എന്ന വേറിട്ട പത്രപ്രവർത്തകനെ അടുത്തറിയാൻ അവസരങ്ങൾ ഏറെ ഉണ്ടായിരുന്നില്ല!

നാല് പതിറ്റാണ്ടു മുമ്പ് ഞാൻ പത്രപ്രവർത്തനം തുടങ്ങിയ കാലത്ത് എം.ടി വേണു എന്ന പത്രപ്രവർത്തകൻ  പട്ടാമ്പിയിൽ ചില പ്രധാന പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ വരാറുണ്ട്. അദ്ദേഹത്തിൻ്റെ പ്രവർത്തന കേന്ദ്രം എടപ്പാളായിരുന്നു. അപൂർവ്വമായി  പട്ടാമ്പിയിൽ എത്തുന്ന സന്ദർഭങ്ങളിൽ മാത്രമാണ് ഞങ്ങളുടെ കൂടിക്കാഴ്ച നടന്നിട്ടുള്ളത്. 

നവാബ് രാജേന്ദ്രനെ ആരാധനയോടെ നോക്കിക്കണ്ടിരുന്ന കാലത്താണ് അതേ രൂപഭാവമുള്ള എം.ടി വേണുവിനെ പരിചയപ്പെടുന്നത്. ദൂരക്കാഴ്ചയിൽ രണ്ടു പേരും ഒരുപോലെയാണ്. വേഷത്തിലും നടപ്പിലും ഇടപെടലിലും എല്ലാം നവാബ് ടച്ച് വേണുവിലും കാണാമായിരുന്നു. ധിഷണാശാലിയായ പത്രപ്രവർത്തകൻ എന്ന നിലയിൽ തൻ്റെതായ ഒരിടം ഉരുവപ്പെടുത്തിയ എം.ടി വേണുവിൻ്റെ എഴുത്ത് ശൈലിയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്കാരങ്ങളുടെ കേദാരമായ നിളയെ ഏറെ സ്നേഹിക്കുകയും തുടർച്ചയായി നിളയെക്കുറിച്ച് എഴുതുകയും ചെയ്ത എം.ടി വേണുവിനെ ഇനിയും നാം തിരിച്ചറിയുകയോ വിലയിരുത്തുകയോ ചെയ്തിട്ടില്ല.

ജീവിച്ചിരിക്കുന്ന കാലത്ത് നല്ലൊരു വാക്ക് പറയാൻ മടിച്ചു നിൽക്കുന്ന മലയാളി, മരണാനന്തരം നിർല്ലോഭം സ്തുതി വചനങ്ങൾ ചൊരിയാറുണ്ട്. എന്നാൽ എം.ടി വേണുവിൻ്റെ കാര്യത്തിൽ അതും സംഭവിച്ചിട്ടില്ല. ഒരു പക്ഷേ വേണുവിനെ മനസ്സിലാക്കാൻ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരും എന്നാണ് തോന്നുന്നത്.

എം.ടി വേണുവിൻ്റെ ലേഖന സമാഹാരം പുസ്തകമാക്കി പുറത്തിറക്കാൻ അനുസ്മരണ സമിതിയും വേണുവിൻ്റെ കുടുംബാംഗങ്ങളും ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പാണ് എം.ടി വേണു സ്മാരക പുരസ്കാരം ഏർപ്പെടുത്തിയത്.  ഇത്തവണ രണ്ടു പേർക്ക് പുരസ്കാരം നൽകാനാണ് സമിതി തീരുമാനിച്ചത്. ഇന്ന് ആനക്കര കുമ്പിടിയിൽ നടന്ന ചടങ്ങിൽ, നിളാതീരത്ത് കൂടല്ലൂരിൽ താമസിക്കുന്ന കഥാകൃത്ത് എം.ടി രവീന്ദ്രനോടൊപ്പം, നിളയെ നെഞ്ചേറ്റിയ ഞാനും കുടുംബത്തോടൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. പൊന്നാനി എം.എൽ.എ ശ്രീ.പി.നന്ദകുമാറാണ് ഞങ്ങൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചത്. 

രാവിലെ പത്ത് മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ബഹുമാന്യനായ ജനപ്രതിനിധി ഒമ്പതേമുക്കാലിന് തന്നെ വേദിയിലെത്തി സംഘാടകരേയും അവാർഡ് ജേതാക്കളേയും ഞെട്ടിച്ചു. എം.ടി വേണുവുമൊത്ത്  അടുത്തിടപഴകിയതിൻ്റെ ഓർമ്മകൾ സ്മരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ആനക്കര പഞ്ചായത്ത് പ്രസിഡൻറ് കെ.മുഹമ്മദിൻെറ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.  എം.ടി വേണു സാംസ്കാരിക വേദി പ്രസിഡൻറ് രാധാലക്ഷ്മി ക്യാഷ് അവാർഡുകൾ കൈമാറി. ''വർത്തമാനകാല മാധ്യമങ്ങൾ '' എന്ന വിഷയത്തെ അധികരിച്ച് പി.വി സേതുമാഷ് സംസാരിച്ചു.

എം.ടി വേണു വെട്ടി തെളിയിച്ച കാനനപാതകളെല്ലാം ഇന്ന് രാജവീഥികളായെന്നും, ഇതിലൂടെ അനായാസം സഞ്ചരിക്കുന്ന പുതിയ പത്രപ്രവർത്തകർ പൂർവ്വസൂരികളെ പിൻപറ്റാൻ വിമുഖരാണെന്നും സേതുമാഷ് വിമർശിച്ചു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി ഗീത, ടി.ഹമീദ്, ഹുസൈൻ തട്ടത്താഴത്ത്, താജിഷ് ചേക്കോട്, വി.ടി ബാലകൃഷ്ണൻ, അച്ചുതൻ രംഗസൂര്യ, ഹരി കെ.പുരക്കൽ, നിസരി, ജിതേന്ദ്രൻ കോക്കാട് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങ് ഗോപാലകൃഷ്ണൻ മാവറയുടെ അധ്യക്ഷതയിൽ ഉഷ കുമ്പിടി ഉദ്ഘാടനം ചെയ്തു. പ്രിയങ്ക പവിത്രൻ, ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ദീപ ദേവിക, ഒതളൂർ മോഹനൻ, അപ്പു കുമ്പിടി,  കുമ്പിടി രാധാകൃഷ്ണൻ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. 

വിദ്യാർത്ഥികൾക്കായി നടത്തിയ  അക്ഷരജാലകം - എം.ടി വേണു സാഹിത്യ മത്സര വിജയികൾക്ക് അക്ഷരജാലകം ചെയർമാൻ ഹുസൈൻ തട്ടത്താഴത്ത്, ബ്ലോക്ക് മെമ്പർ എം.ടി ഗീത, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.കെ ബാലചന്ദ്രൻ, സബിത ടീച്ചർ, ഇ.വി കുട്ടൻ, രാജേഷ് മാഷ്, അച്ചുതൻ രംഗസൂര്യ, നിസരി തുടങ്ങിയവർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

പാലക്കാട് പത്രപ്രവർത്തകനായിരുന്ന ഇ.എ വഹാബ് സ്മാരക പ്രസ് ക്ലബ് അവാർഡ് രണ്ടു തവണ ലഭിച്ച ശേഷം, ആരാധ്യനായ എം.ടി വേണുവിൻ്റെ സ്മരണാർത്ഥം ലഭിച്ച ഈ പുരസ്കാരവും കൂടുതൽ ഉത്തരവാദിത്തവും കടപ്പാടും എന്നിൽ അർപ്പിച്ചിരിക്കുകയാണ്. എല്ലാവർക്കും നന്ദി!

No comments: