Wednesday, 7 December 2022

സ്ത്രീയുടെ കണ്ണീർക്കിനാവുകൾ

 സ്ത്രീയുടെ കണ്ണീർക്കിനാവുകൾ 

~~~~~~~~~~~~~~~~~~~~~~~~~~

………….  ടി.വി.എം അലി   …….


യാത്രയ്ക്ക് പറ്റിയ ദിവസമല്ലായിരുന്നു അന്ന്. തോരാത്ത മഴയും, ചീറിയടിക്കുന്ന കാറ്റും, ഞെട്ടിത്തെറിപ്പിക്കുന്ന ഇടിമുഴക്കവും. അന്ന് സൂര്യനുദിക്കാത്ത ദിവസമായിരുന്നു. 

ഇരുട്ട് കട്ടപിടിച്ച രാത്രി. വിജനമായ പുഴയോരം. കോരിച്ചൊരിയുന്ന മഴ. അക്കരെയെത്താൻ കടത്തുവഞ്ചി കാത്തുനിൽക്കുകയാണ് കഥാനായകൻ. 

അങ്ങിനെ നിൽക്കവേ തലയോടുകൂടി മൂടിപ്പുതച്ച ഒരു പ്രാകൃതരൂപം പെരുമഴ നനഞ്ഞ് അടുത്തെത്തി. നിങ്ങളാരാണെന്ന് അയാൾ ചോദിച്ചു. 

അക്കരയ്ക്ക് പോകാനുള്ള ഒരാളാണെന്ന മറുപടി കേട്ടപ്പോഴാണ് അതൊരു സ്ത്രീയാണെന്ന് മനസ്സിലായത്.

അമ്പരന്നു നിൽക്കുന്ന കഥാനായകനോട്, പരിഭ്രമിക്കേണ്ട ഞാനൊരു സ്ത്രീയാണെന്ന് അവൾ അറിയിക്കുകയും ചെയ്തു. അസമയത്ത് സഞ്ചരിക്കാനുള്ള കാരണമന്വേഷിച്ചപ്പോൾ ആ അബല ആത്മധൈര്യത്തോടെ പറഞ്ഞത് നിങ്ങളെപ്പോലെത്തന്നെ എന്നായിരുന്നു. 

ഞാനൊരു നമ്പൂരിയാണെന്ന് സ്വയമയാൾ പരിചയപ്പെടുത്തിയപ്പോൾ, അവൾ പൊട്ടിച്ചിരിക്കുകയും, എന്നാൽ ഞാനൊരാത്തേമ്മാരാണ് എന്ന് അറിയിക്കുകയും ചെയ്തപ്പോൾ കഥാനായകൻ കിടിലം കൊണ്ടു. 

വി.ടിയുടെ ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥയിലെ സന്ദർഭമാണ് ഇവിടെ എഴുതിയത്. സമുദായം കീറത്തുണി പോലെ വലിച്ചെറിഞ്ഞ കുറിയേടത്ത് താത്രിയായിരുന്നില്ല അവൾ. പോത്തന്നൂർ അംശത്തിലെ ഏതോ ഒരു ഇല്ലത്തിൽ സ്നേഹനിധിയായ ഒരു നമ്പൂരിക്ക് പിറന്ന അഞ്ചു പെൺമക്കളിൽ മൂത്തവളായിരുന്നു അവൾ. 

മംഗലാപുരത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് എത്തിയ ആ ആത്തേമ്മ സ്വന്തം കഥ വി.ടിയോട് പറയുകയാണ്. അവളുടെ ഏടത്തിമാർ രണ്ടുപേരും തിരണ്ടപ്പോൾ അവരുടെ പെൺകൊട നടത്തുന്നതിനെപ്പറ്റി അച്ഛനും അമ്മയും അവ്വാസനത്തിൻ്റെ മുമ്പിലും പുറത്തളത്തിലും ശ്രീലകത്തും കോണിച്ചുവട്ടിലുമെല്ലാം വെച്ച് കുശുകുശുത്തു.

അങ്ങിനെ നാൾ നീങ്ങവേ മൂന്നാം പിറയായ കഥാനായികയും  ഋതുമതിയായി. ആ ദിവസം മുതൽ ഇല്ലത്ത് വരുന്നവരെയും പോകുന്നവരെയും പറ്റി മനസ്സിലാക്കാൻ ഒരു രസം അവളിലുമുണ്ടായി. വേളി പെൺകൊടയുടെ വർത്തമാനം കേൾക്കാൻ ചെവി വട്ടം പിടിച്ച് നടക്കുക പതിവായി. ഏടത്തിമാരെ കൊടുത്തതും അവരുടെ ആയനിയൂണ്, ക്രിയ, ആർപ്പ്, കുടിവെപ്പ് ഇത്യാദി കാര്യങ്ങളിൽ അവൾ തുഷ്ണിയിട്ട്  മനസ്സിലാക്കിയിരുന്നു.

എന്നാൽ ഏടത്തിമാരുടെ വേളിയോടെ ഇല്ലത്തെ ജന്മം മുഴുവൻ കടത്തിലായിക്കഴിഞ്ഞിരുന്നു. ഇനി മൂന്ന് പെൺകൊട കൂടി നടത്താൻ വഴി തേടുന്ന അച്ഛനോട് രണ്ടാം വേളിക്ക് ചിലർ നിർബന്ധിച്ചു. കൂടി കഴിം. പിന്ന്യോ? എന്ന ആലോചനയാൽ അത് വേണ്ടെന്നു വെച്ചു. 

ഒരു ദിവസം വടക്കുനിന്ന് ഒരു നമ്പൂരി വന്ന് ജാതകം ചോദിച്ച ശേഷം സ്നേഹനിധിയായ അച്ഛൻ്റേയും അമ്മയുടേയും മുഖത്ത് ദുഃഖച്ഛായ സ്ഥായിയായി. സാധാരണ പെൺകൊടക്ക് പതിവുള്ള കാര്യങ്ങളൊന്നും നടത്താതെ അച്ഛൻ തൊണ്ടയിടറിക്കൊണ്ടും അത് പുറത്തറിയാതിരിക്കാൻ പാടുപെട്ടും അവളോട് മംഗലാപുരത്തേക്ക് പുറപ്പെടാൻ പറഞ്ഞു. അതിൻ്റെ അർത്ഥം അവൾക്ക് മനസ്സിലായപ്പോൾ ഞെട്ടി. എങ്കിലും ഒരു സ്വപ്നം പോലെ അവൾ നടന്നു. 

ഒന്നും പറയാതെ കണ്ണീരോടെ അമ്മ അവളെ യാത്രയാക്കുന്നതും ചെറിയ അനുജത്തി കൂടെ പുറപ്പെടാൻ വാശിപിടിച്ച് നിലവിളിച്ചതും ഹൃദയസ്പർശിയായ വിവരണമാണ്. സ്റ്റേഷനിൽ മൂന്നു പേർ കാത്തു നിന്നിരുന്നു. ഒരു സ്ത്രീയും രണ്ടു പുരുഷനും. അവരോടൊപ്പം അച്ഛനും മകളും കാറിൽ കയറി. വഴിക്ക് എവിടെയോ വെച്ച് അച്ഛൻ കാറിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അന്നുരാത്രി അവളെ പാർപ്പിച്ച മുറിയിലേക്ക് മുമ്പൊന്നും കണ്ടിട്ടില്ലാത്ത കറുത്ത തടിച്ച കൂറ്റനായ ഒരു മനുഷ്യൻ കടന്നു ചെന്ന്, അവളുടെ രണ്ടു തോളിലും കൈ അമർത്തി കുലുങ്ങിച്ചിരിച്ചു.

അയാളുടെ തുടുത്തു തുറിച്ച വട്ടക്കണ്ണുകളും കൊമ്പൻ മീശയും പച്ചച്ചിരിയും കണ്ടപ്പോൾ തന്നെ മരിച്ചാൽ മതിയെന്ന് തോന്നിപ്പോയി. പിന്നെ ഞാൻ പറയേണ്ടല്ലോ? എന്ന ചോദ്യത്തിലൂടെ ആ രംഗം അവൾ പറഞ്ഞു തീർത്തു.

നിങ്ങളെങ്ങനെ രക്ഷപ്പെട്ടു എന്ന് കഥ കേൾക്കുന്നയാൾ വിളിച്ചു ചോദിച്ചുവെങ്കിലും നടന്നുപോയ അവളിൽ നിന്ന് മറുപടിയൊന്നും കേട്ടില്ല. തോണിക്കൊമ്പത്തിരുന്ന് അവളുടെ പേർ ഉച്ചത്തിൽ വിളിച്ചെങ്കിലും ഉത്തരമില്ലായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥ ഒരു കണ്ണീർക്കാവ്യമാണ്. വി.ടി കഥ പറയുകയല്ല; ഒരു കാലഘട്ടത്തോടൊപ്പം നമ്മെ നടത്തുകയാണ്. യഥാർത്ഥ ചരിത്രത്തിൽ നിന്ന് അടർത്തിയെടുത്ത രക്തപുഷ്പമാണ് വി.ടിയുടെ കഥകൾ. 

വി.ടിയുടെ കഥകളിൽ കഥാനായകൻ കഥാകാരൻ തന്നെയാണ്. സ്വയം ഒരു കഥാപാത്രമായി മാറിക്കൊണ്ട് ചുറ്റുമുള്ള മനുഷ്യാവസ്ഥകളുടെ കണ്ണീരും കിനാവും പകർന്നു നൽകുകയാണ്.

പുറത്തളത്തിലെ വെടിവട്ടവും പുറം കുപ്പായത്തിലെ ചുളിവുകളും വിഡ്ഡി വേഷം കെട്ടിയാടുന്ന സൂരി നമ്പൂതിരിമാരേയും ചിത്രീകരിക്കുന്ന അക്കാലത്തെ കഥകളിൽ നിന്ന് വ്യത്യസ്തമായി, അകത്തളത്തിൽ ജീവിത ദുരിതത്തിൻ്റെ വേവും നോവും അനുഭവിച്ചിരുന്നവരുടെ കഥയാണ് വി.ടി പറഞ്ഞത്.

നമ്പൂരി സമുദായത്തിൽ കൊടികുത്തി വാണിരുന്ന അനാശാസ്യ പ്രവണതകളുടെ തോലുരിക്കാൻ ഇറങ്ങിത്തിരിച്ച വി.ടിക്ക് കഥയെഴുത്ത് പോരാട്ടത്തിൻ്റെ ഭാഗം തന്നെയായിരുന്നു. 

സരളമായ ഭാഷയിൽ എഴുതപ്പെട്ട വിഷുക്കേട്ടം എന്ന കഥയിൽ കുട്ടനുണ്ടാവുന്ന വിപരീത ചിന്താശകലം നോക്കുക: ഭദ്രദീപത്തിൻ്റെ  മുന്നിൽ നിൽക്കുന്ന കോമളകളേബരം മങ്ങിയ വെളിച്ചത്തിൽ മലരൊളി തിരളുന്നതും മഴക്കാറിന്നിടയിലെ മിന്നൽപ്പിണർ പോലെ സന്ധ്യാദീപത്തിൻ്റെ മുന്നിൽ നമസ്കരിക്കുന്നതും കുട്ടൻ കാണുന്നുണ്ട്.

ആ പ്രൗഢാംഗന ഇലയും പലകയും വെച്ച് കാത്തു നിന്നിടത്ത് ചെന്നിരുന്ന്  ഉണ്ണാനിരുന്നപ്പോഴാണ് ആ കോമള കളേബരത്തിൻ്റെ സൗന്ദര്യം കാണപ്പെട്ടത്. ഉരുണ്ടു നന്നായ് മുല, നീണ്ടിരുണ്ടു ചുരുണ്ടു പിന്നെത്തല, മോടിയൊക്കെ വരേണ്ടതെല്ലാമിഹ വന്നുചേർന്ന മട്ടിലുള്ള കഥാനായികയെ കണ്ടപ്പോൾ കുട്ടൻ്റെ മനസ്സിലുണ്ടായ വിചാരമെന്തായിരുന്നു?

നമ്പൂരി സ്ത്രീകൾ മാറുമറക്കേണ്ടതില്ല എന്ന ഒരഭിപ്രായം ഈ ജീവദശയിൽ വല്ലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിൽ അത് അപ്പോൾ മാത്രമായിരുന്നുവെന്ന് ഞാനിന്ന് സത്യം ചെയ്യാം എന്നാണ് ഇക്കഥയിൽ വി.ടി എഴുതിയത്.

കഥാന്ത്യത്തിലാണ് ഹാ- ഞാനെത്ര ഭാഗ്യവാൻ എന്നുകൂടി കുട്ടന് തോന്നുന്നത്. ഇരുട്ടിൽ തപ്പിയെണീറ്റപ്പോൾ മൃദു കൈത്തണ്ടയിൽ സ്പർശിക്കുന്നതും ഞൊടിയിടയിൽ ഹസ്തേന ഹസ്തം ഗ്രഹിച്ച് കെട്ടിപ്പുണരുന്നതും ഇക്കൊല്ലത്തെ കണി കമനീയമായി എന്ന് കുട്ടനുരുവിട്ടപ്പോൾ, എന്നാൽ വിഷുക്കേട്ടവും നന്നാവണമല്ലോ എന്ന പ്രത്യുത്തരത്തോടെ ആ കോമള കളേബരം കുട്ടൻ്റെ കപോലത്തിൽ മൃദുവായ പല്ലവാധരം പതിപ്പിക്കുന്നതുമായ രംഗം അതിമനോഹരമായ് പകർന്നുനൽകാൻ വി.ടിക്ക് എങ്ങനെ സാധിച്ചു എന്ന് ആരും അത്ഭുതപ്പെട്ടുപോകും. 

പ്രതികൂലമായ പ്രകൃതിയെ വകവെക്കാതെ കുതിച്ചുപായുന്ന തീവണ്ടി പൊതുജനാഭിപ്രായം വിഗണിച്ച് മുമ്പോട്ടു പോകുന്ന ഭരണകൂടത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഉത്തരം കിട്ടാത്ത ചോദ്യം എന്ന കഥയിൽ ഉപമിക്കുമ്പോൾ ആ നിരീക്ഷണപാടവത്തിന് സാമൂഹ്യ പ്രസക്തി എക്കാലത്തുമുണ്ടാവുന്നു.

തിളച്ചുമറിയുന്ന കലത്തിൽ നിന്ന് ഒരു വറ്റെടുത്ത് വേവ് പരിശോധിക്കുന്ന ലാഘവത്തോടെയാണ് വി.ടി തൻ്റെ സാമൂഹ്യ ചുറ്റുപാടിൽ നിന്ന് കഥകൾ പെറുക്കിയെടുത്ത് വിളമ്പിയത്. ഓരോ ഇല്ലങ്ങളിലും അകായിയിൽ കഴിഞ്ഞിരുന്ന അന്തർജ്ജനങ്ങളുടെ ജീവിതം അതികഠിനമായിരുന്നു. പുരുഷ മേധാവിത്വത്തിൻ്റെ ആധിപത്യ നുകത്തിനടിയിൽ ബാല്യവും കൗമാരവും യൗവ്വനവും ഹോമിക്കേണ്ടി വന്ന സ്ത്രീജന്മങ്ങൾക്ക്, അരങ്ങിലേക്കുള്ള വഴികാട്ടിയായി മാറാൻ സാമൂഹ്യ പ്രവർത്തനത്തോടൊപ്പം സാഹിത്യ സൃഷ്ടിയും സഹായകരമായിരുന്നു. 

മേഴത്തൂരിൽ മണ്ണിൽ മുളച്ച വിപ്ലവ വീര്യം കേരളമാകെ ആളിപ്പടർത്താൻ ഒരു ശാന്തിക്കാരന് എങ്ങനെ സാധിച്ചു എന്നത് എക്കാലത്തെയും വിസ്മയമാണ്. വൈകിയുദിച്ച അക്ഷര സൂര്യൻ്റെ കൊടും താപം ആ ശാന്തിക്കാരൻ്റെ മനസ്സിൽ അശാന്തി വിതച്ചിരിക്കണം. 

മനസ്സിലെ കൊടുങ്കാറ്റ് സമുദായ മധ്യത്തിലേക്ക് കെട്ടഴിച്ചുവിട്ട് വാളും ചിലമ്പുമില്ലാതെ വെളിച്ചപ്പെട്ട് ഇടിമുഴക്കവും മിന്നൽപ്പിണരുമുതിർത്ത്  അസമയത്ത് സഞ്ചരിച്ച് സമുദായത്തിലെ ജീർണ്ണതക്കും  ഇരുട്ടിനുമെതിരെ ഒരു മിന്നാമിനുങ്ങിൻ്റെ  തീക്കനലുമായി നടന്നുപോയ ആ പോരാളി ഒരു ഇതിഹാസം തന്നെയാണ്. 

സ്വന്തം സമുദായത്തെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യ സമൂഹത്തെ മൊത്തം അഗ്നിശുദ്ധി വരുത്താൻ ശ്രമിച്ച വി.ടിയെ വിമർശിക്കുക എന്നത് ചിലരുടെ വിനോദമാണ്. വി.ടിയുടെ സ്വന്തം സമുദായത്തിൽ വന്ന മാറ്റത്തിൻ്റെ കാറ്റ് ഇതര സമുദായങ്ങളിൽ ഇന്നും വീശിയിട്ടില്ല. അടുക്കളയിൽ നിന്ന് അരങ്ങിലെത്തിയ സ്ത്രീയുടെ സമകാലിക അവസ്ഥ അതികഠിനമായി തുടർന്നുവരുന്നു. സ്ത്രീ ഒരുൽപ്പന്നമാണിന്നും. ഒരു ചരക്ക് എന്ന നിലയിൽ തന്നെയാണ് പുരുഷസമൂഹം അവളെ കാണുന്നത്. ഭോഗിച്ച്, ഭോഗിച്ച്, ഭോഗ്യയോഗ്യമല്ലാതായാൽ അവളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. പഴയ ആത്തേമ്മയിൽ നിന്ന് ഏറെ വ്യത്യാസമൊന്നും പുതിയ അരങ്ങിലമ്മയ്ക്കുമില്ല.

ഹിപ് ഹിപ് ഹുറൈ എന്ന കഥയിലെ അടീരിയെപ്പോലെ, നാലും കെട്ടും, അഞ്ചും കെട്ടും എന്ന മട്ടിൽ ചില വെല്ലുവിളികൾ ഇന്നും ഉയരുന്നുണ്ട്. ഇത് ഒരു സമുദായത്തിൻ്റെ മാത്രം പ്രശ്നമല്ല. പുരുഷമേധാവിത്വത്തിൻ്റെ വിത്തുകാള മനോഭാവമെന്നതിനെ വിശേഷിപ്പിക്കാം. 

പ്രബുദ്ധ കേരളമെന്നും സാക്ഷരകേരളമെന്നും കൊട്ടിഘോഷിക്കുന്ന കേരളത്തിൽ 30 ശതമാനം വനിതാ ഭരണാധികാരികൾ അരിയിട്ട് വാഴ്ച നടത്തിത്തുടങ്ങിയിട്ടും പിൻസീറ്റിലെ ഡ്രൈവിംഗ് ആണ് പുരുഷൻ നടത്തുന്നത് എന്നുപറഞ്ഞാൽ ചിലർക്കെങ്കിലും അത് അലോസരം ഉണ്ടാക്കിയേക്കാം.

പെൺകൊട നടത്താൻ പൊന്നും പണവും മറ്റു ജംഗമ വസ്തുക്കളും ഇല്ലാത്ത എത്രയോ കുടുംബങ്ങൾ നെരിപ്പോടായി കഴിയുന്നു. അവിവാഹിതകളായ യുവതികൾ വൈധവ്യം പേറി ഇവിടെ കഴിയുന്നുണ്ട്. അവിവാഹിതകളായ അമ്മമാരും വേണ്ടത്രയുണ്ട്. പെൺ മക്കളെ സേലത്തും  മദ്രാസിലും ബോംബെയിലും വിൽക്കുന്ന സ്നേഹനിധികളായ മാതാപിതാക്കൾ ഇന്നും നിരവധിയാണ്.

പ്രണയമെന്നത് ഇന്ന് മരണമാണ്. കാമുകിമാരുടെ കൂട്ടമരണങ്ങൾ ഇന്ന് പത്രത്താളുകളിൽ നിത്യവാർത്തയാണ്. വർണ്ണ വിവേചനം ഇല്ലെന്ന് അഹങ്കരിക്കുന്ന ഇന്ത്യയിൽ തൊലി കറുത്തുപോയ കുറ്റത്തിന് സ്ത്രീ ശിക്ഷിക്കപ്പെടുന്നു. കറുത്ത പുരുഷന് വെളുത്തു സുന്ദരിയായ ഭാര്യയെ തന്നെ വേൾക്കണം! 

ഐശ്വര്യറായി, സുസ്മിത സെൻ എന്നീ ലോക സുന്ദരികളെ സൃഷ്ടിക്കുന്ന ഭാരതത്തിൻ്റെ സൗന്ദര്യ ശാസ്ത്രമെന്താണ്? സൗന്ദര്യമെന്നത് ഒന്നോ രണ്ടോ വ്യക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് തനി ഫാസിസമാണ്.

ആഗോളവൽക്കരണത്തിൻ്റേയും ഉദാരവൽക്കരണത്തിൻ്റേയും ഫലമായി ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് സ്ത്രീ വർഗ്ഗമാണ്. സ്ത്രീകൾ ഇരകളാണ്. പരിഭ്രമിക്കേണ്ട ഞാനൊരു സ്ത്രീയാണ് എന്നുപറഞ്ഞ ആത്തേമ്മയുടെ ചങ്കൂറ്റം പോലും ആധുനിക സ്ത്രീക്ക് കൈമോശം വന്നിരിക്കുന്നു. 

വലിയ തറവാടുകൾ ശിഥിലമാവുകയും അണുകുടുംബങ്ങൾ പെറ്റു പെരുകുകയും ചെയ്തപ്പോൾ, സ്ത്രീകൾ ഒരളവിൽ ആഹ്ലാദിച്ചിരുന്നു. പുരുഷാധിപത്യത്തെ തളച്ചുനിർത്താമെന്നവർ വ്യാമോഹിച്ചിരുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകൾ ഒരുപടികൂടി ഉയരത്തിൽ കയറി നിന്ന് ആർപ്പുവിളിച്ചിരുന്നു. 

ഇരകൾ എന്നും ഇരകൾ തന്നെയാണെന്ന് തിരിച്ചറിയുമ്പോൾ കയറിൽ തൂങ്ങിയും കുളത്തിൽ മുങ്ങിയും റെയിലിൽ തലനീട്ടിയും മണ്ണെണ്ണയിൽ തീക്കുളിച്ചും ജീവനൊടുക്കുന്ന സ്ത്രീകളുടെ എണ്ണം കുതിച്ചുയരുന്നു. പാടത്ത് പൂട്ടുവാൻ കൊണ്ടുപോകുന്ന കന്നുകാലികൾ വിസമ്മതം ഭാവിച്ചിട്ട്  എന്തുഫലമുണ്ടാകാനാണ്? വി.ടിയുടെ താത്രിമാരിന്നും ചോദിക്കുന്നു. 

പക്ഷിമൃഗാദികൾ പോലും അനുപമമായ സ്വാതന്ത്ര്യം അനുഭവിക്കുന്നു. സ്വാതന്ത്ര്യത്തിൽ അന്തർഭവിച്ചിരിക്കുന്ന ആനന്ദം ദൈവീകമാണ്. നിങ്ങൾക്ക് സ്വാതന്ത്ര്യത്തിന് ആഗ്രഹമുണ്ടോ? സൂര്യപ്രകാശം ഏൽക്കുകയും, 

സ്വച്ഛവായു ശ്വസിക്കുകയും ചെയ്യണമെന്നുണ്ടോ? തീർച്ചയായും ഇവയെല്ലാം സ്ത്രീകളുടെ ജന്മാവകാശമാണ്. അതിനായി നിങ്ങളൊന്ന് ശ്രമിച്ചു നോക്കുക എന്ന് താത്രി എഴുതിയ അന്ത്യസന്ദേശം മായയോ മൻമതിഭ്രാന്തിയോ എന്ന കഥയിലുണ്ട്. 

മറക്കുടക്കുള്ളിൽ മറഞ്ഞുനിന്നിരുന്ന ആത്തേമ്മമാരുടെ മനമറിയാനും അവരുടെ മനസ്സിൽ നീറിപ്പുകയുന്ന കിനാവിൻ്റെ കനലുകളുടെ ചൂട് ആവാഹിക്കാനും അത് ഭാവതീവ്രതയോടെ കഥകളിലേക്ക് പകർന്നുനൽകാനും വി.ടി കാണിച്ച മിടുക്ക് ശ്ലാഘനീയമാണ്. 

ജനിച്ചു ജീവിച്ച സ്വന്തം സമുദായത്തിൻ്റെ പടിപ്പുരയും പത്തായപ്പുരയും പുറത്തളവും അകായിയും ഇച്ചിൽ കുപ്പയുമെല്ലാം അദ്ദേഹം തൻ്റെ  കഥാദർപ്പണത്തിലൂടെ പുറംലോകത്തിന് കാണിച്ചുതന്നു. മറക്കുടക്കുള്ളിലെ മഹാനരകത്തിൽ നിന്ന് പുറംലോകത്തിൻ്റെ സൂര്യ പ്രഭാപൂരത്തിലേക്ക് ആത്തേമ്മമാരെ അദ്ദേഹം ആനയിച്ചു.

അന്നേവരെ എഴുതപ്പെട്ട പൂർവ്വീകരുടെ കഥകളിൽ നിന്ന് വി.ടിയുടെ രചനകൾ വേറിട്ടുനിൽക്കുന്നതും അതുകൊണ്ടാണ്. ഒരർത്ഥത്തിൽ വി.ടി  സാഹിത്യകാരൻ എന്നതിലുപരി ചരിത്രകാരനാണ്. കഥ ഇവിടെ ചരിത്രരേഖയാണ്. 

ഏതെങ്കിലും മൂസാമ്പൂരിയുടെ അനവധി പത്നിമാരിൽ ഒരാളായിത്തീരാനും മിടുക്കുണ്ടെങ്കിൽ പ്രസവിക്കാനും ഇല്ലെങ്കിൽ മരണം വരെ നരകിക്കാനും മാത്രം വിധിക്കപ്പെട്ട പെൺകിടാങ്ങൾക്ക് പ്രേമിക്കാനും, കാമുകനെ ചുംബിക്കാനും അറിയാമെന്നറിയിച്ചത് വി.ടിയുടെ വിഷുക്കേട്ടം എന്ന കഥയിലാണ്.

വിഷുക്കേട്ടം എന്ന കഥ നോക്കുക:

ഒരു സന്ധ്യാനേരത്ത് പൂഴിപ്പറമ്പില്ലത്തേക്ക് കഥാനായകനായ കുട്ടൻ വിഷു ആഘോഷിക്കാൻ വിരുന്നു ചെല്ലുന്നു. മുറ്റത്തെത്തിയപ്പോൾ ആരെയും കണ്ടില്ല. ചെത്തവും ചൂരുമില്ലാത്ത അന്തരീക്ഷം പരിശോധിക്കുന്നതിനിടയിൽ, പത്തായപ്പുരയുടെ കോലായിൽ ഒരു ചുവപ്പൻ നായ മേലാകവേ ചെള്ളിളകിക്കിതച്ചും സ്ഥൂലാസ്ഥി പാർശ്വങ്ങളുയർന്നു താഴ്ന്നും ഏതാണ്ട് നമസ്കരിച്ചു കിടന്നിരുന്നു. 

അപരിചിതനെക്കണ്ടമാത്രയിൽ കടുവ വായ്പൊളിക്കുമ്പോലെ നെടുതായ ഒരു കോട്ടുവാവിട്ട്, ആന നീട്ടിമടക്കുമ്പോലെ ഒന്നിളകി എഴുന്നേറ്റു യാത്രയായി. 

ചുറ്റുപാടുകളെ അതി സൂക്ഷ്മതയോടെയും കാവ്യ ഹൃദയത്തോടെയും നോക്കിക്കാണുന്ന ഈ കഥാകാരൻ കല്പനകളുടെ അമൃതകുംഭം യഥേഷ്ടം ഭുജിക്കുന്നത് ഇക്കഥയിൽ കാണാം. 

കവി ഒരു പച്ച മനുഷ്യനാണ്. ദാർശനികനാണ്. ഉല്പതിഷ്ണുവാണ്. പോരാളിയാണ്. പരുക്കൻ യാഥാർത്ഥ്യത്തിൻ്റെ ബീഭത്സമുഖം അനാവരണം ചെയ്യുന്നവനാണ്. ഏതൊരു പോരാളിയുടെ ഉള്ളിൻ്റെയുള്ളിലും ദുർബലമായ ചില അംശങ്ങൾ കുടികൊള്ളുന്നുണ്ട്.

തൻ്റെ ദൗർബല്യം തിരിച്ചറിയാനും അത് തുറന്നു പറയാനും കഴിയുന്നവർ വിരളമായിരിക്കും. താത്രിയുടെ സന്ദേശം വി.ടിയുടെ ദർശനമാണ്. ഒരു പുരുഷൻ ഇത്ര ഉജ്ജ്വലമാംവിധത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയർത്തി എന്നത് അത്ഭുതകരമായിരിക്കാം. ഇന്നത്തെ സ്ത്രീ സ്വാതന്ത്ര്യവാദികളും പെണ്ണെഴുത്തു പ്രസ്ഥാനക്കാരും മറ്റും  ഇത്ര ശക്തമായി പ്രതികരിച്ചിട്ടില്ലെന്നും കാണാം. 

പെണ്ണായി പിറന്നാൽ മണ്ണായി തീരുവോളം കണ്ണീരു കുടിക്കാൻ വിധിക്കപ്പെടണമെന്നുണ്ടോ? തന്തൂരി അടുപ്പിൽ കിടന്നു വേവണമെന്നുണ്ടോ? ആരെയും അലോസരപ്പെടുത്താത്ത ഈ ചോദ്യങ്ങൾ വി.ടിയുടെ ആത്മാവിന് അശാന്തി പകരുമെന്നുറപ്പാണ്.  

ഭിക്ഷാടനക്കാരിയായും തെരുവ് വേശ്യയായും പഞ്ചതാര മന്ദിരങ്ങളിലെ രതിറാണിയായും വാർത്താ മാധ്യമങ്ങളിലെ അർധനഗ്നയായും സിനിമയിൽ ഉടുതുണിയില്ലാത്തവളായും ഒടുവിൽ എയ്ഡ്സ് ബാധിച്ച ചീഞ്ഞളിയുന്ന നികൃഷ്ടജന്മമായും  മാറിക്കൊണ്ടിരിക്കുന്ന ആധുനിക അരങ്ങിലമ്മമാർക്ക് മോചനമേകാൻ ഒരവധൂതൻ ഇനി എന്നാണ് വന്നെത്തുക?

(എക്സ്പ്രസ്സ് വാരാന്തപ്പതിപ്പ് -10 മാർച്ച് 1996)


No comments: