Tuesday, 14 December 2021

സർഗോദ്യാനത്തിലെ തുമ്പികൾ

 


പട്ടാമ്പി ലിമെൻ്റ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനി കുമാരി വിന്ധ്യാജിയുടെ കഥകളും കവിതകളുമാണ് ഈ കുറിപ്പിനാധാരം. തുമ്പി എന്ന തൂലികാനാമത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ എഴുതുന്ന വിന്ധ്യാജിയുടെ ശലഭം എന്ന കവിതാ സമാഹാരവും ഹരിനന്ദനം എന്ന നീണ്ടകഥയും നേരത്തെ ഇ- ബുക്ക് എന്ന നിലയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ പ്രകാശനം ഓൺലൈനിൽ നിർവഹിക്കാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 


ഇപ്പോഴിതാ പുതിയൊരു കഥയുമായി (ജവാൻ്റെ പെണ്ണ്) വിന്ധ്യാജി വായനക്കാരുടെ മുന്നിലെത്തിയിരിക്കുന്നു. ഗൗതമിൻ്റേയും ഭാമയുടെയും അനശ്വര പ്രണയത്തിൻ്റെ കഥയാണിത്. പ്രണയത്തിൻ്റെ പേരിൽ, നിരാശ മൂത്ത് പ്രതികാര വാഞ്ഛയോടെ ഇണയെ കുത്തിക്കീറുകയും കത്തിച്ചു കളയുകയും വെടിയുതിർത്ത് തീർക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത് ഗൗതമിൻ്റെയും ഭാമയുടെയും പ്രണയത്തിന് ജീവനുണ്ട്.


എത്ര എഴുതിയാലും തീരാത്തതാണ് പ്രണയകഥകൾ. മനുഷ്യ മനസ്സിൽ സർഗാത്മകത നിലനിൽക്കുന്ന കാലത്തോളം പ്രണയകഥ എഴുതപ്പെടുകയും വായിക്കപ്പെടുകയും ചെയ്യും. കുയിൽ പാടുന്നതു പോലെ, 

മയിൽ നൃത്തമാടുന്നതു പോലെ, 

റോസാപ്പൂ വിടരുന്നതുപോലെ, 

അമ്മ പ്രസവിക്കുന്നതു പോലെ ഓരോ കഥയും തൂലികയിൽ നിന്ന് വാർന്നു വീഴുക തന്നെ ചെയ്യും. 


ചെറുകഥയുടെ പിറവി പഴയ മുത്തശ്ശി കഥകളിൽ നിന്നാണല്ലൊ. കഥകളുടെ ചരിത്രം തേടി പോകുമ്പോൾ പത്തൊമ്പൊതാം

ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് പാശ്ചാത്യ ഭാഷകളിൽ ചെറുകഥ വളർച്ച പ്രാപിച്ചതെന്ന് കാണാം. ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായി ചെറുകഥ വളർന്നു കൊണ്ടിരുന്നു. ഗദ്യത്തിലുള്ള കല്പിതകഥ 

(Fiction) യുടെ ഒരു ഉപ വിഭാഗമാണ് ചെറുകഥ എന്നു പറയാം. 


എന്താണ് ചെറുകഥ എന്നും അത് എങ്ങിനെ എഴുതണമെന്നും കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതാവണം ചെറുകഥ എന്നു വേണമെങ്കിൽ നിർവചിക്കാമെന്നു മാത്രം. 

പാശ്ചാത്യ സാഹിത്യ കൃതികളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു ഇന്നും വളരെ ചെറുപ്പമാണ്. അതായത് ഒരു നൂറ്റാണ്ട് തികഞ്ഞിട്ടില്ലെന്ന് സാരം. 

അമ്പതാണ്ടുമുമ്പ് കഥകൾ എഴുതിയിരുന്നതു പോലെയല്ല ഇന്ന് എഴുതപ്പെടുന്നത്. നാം ജീവിക്കുന്ന ലോകം ഏറെ മാറിക്കഴിഞ്ഞു. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും വിവര വിജ്ഞാന വിസ്ഫോടനങ്ങളും നമ്മുടെ ജീവിത ശൈലി തന്നെ ഏറെ മാറ്റിമറിച്ചിട്ടുണ്ട്. ഭാഷയും അനുദിനം മാറ്റത്തിനു വിധേയമാണ്. 

എഴുത്തിൻ്റെ രീതിശാസ്ത്രവും നവീകരിക്കപ്പെടുകയാണ്. 


എഴുത്തിൻ്റെ പുതു ലോകത്തേക്ക് കടന്നു വന്ന വിന്ധ്യാജിയുടെ രചനകൾ ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ കഴിയുന്നവയാണ്. ഒട്ടും ദുർഗ്രഹതയോ വൃഥാസ്ഥൂലതയോ ഇല്ലെന്ന് പറയാം. ഭാഷ സരളവും ലളിതവുമാണ്. എഴുതി തെളിഞ്ഞതിൻ്റെ കൈ തഴക്കവും കാണാം. മലയാള സാഹിത്യ രംഗത്ത് ഒരിടം കണ്ടെത്താൻ വിന്ധ്യാജിക്ക് കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് പുസ്തക പ്രകാശനം നിർവഹിക്കുന്നു.

ഭാവുകങ്ങൾ നേരുന്നു.


ടി.വി.എം അലി






Friday, 5 November 2021

കത്തി തീർന്ന ഓല ചൂട്ടുകൾ

ഒന്നര നൂറ്റാണ്ടു കാലം സന്ദേശങ്ങൾ കൈമാറാൻ നാം ആശ്രയിച്ചിരുന്ന ടെലഗ്രാം സംവിധാനം വിടവാങ്ങിയപ്പോൾ എഴുതിയ കുറിപ്പാണിത്.

ഇനി കമ്പിയില്ലാ കാലം. ടെലി ടൈപ്പ്റൈറ്ററുടെ ടിക് ടിക്ഹൃദയമിടിപ്പ് എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് കരുതുന്നില്ല. 

ഒരു ദശകത്തിലേറെ കാലം ഞാൻ ടെലിഗ്രാം മെസഞ്ചർ ആയും സേവനം നടത്തിയിരുന്നു. 1982- 93 കാലത്തിൻ്റെ ഓർമ്മകൾക്ക് നിറം പകരുന്നത് ടെലഗ്രാം സന്ദേശങ്ങളിൽ അടങ്ങിയ പുഞ്ചിരിയും കണ്ണീരും ആയിരുന്നു. 

അന്ന് എൻ്റെ ഗ്രാമത്തിൽ ലാൻഡ് ഫോണുകൾ അപൂർവ്വമായിരുന്നു. ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ പബ്ലിക് കാൾ സൗകര്യം ഉണ്ടായിരുന്നു. ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ചിരുന്നത് പട്ടാമ്പി തപാൽ ഓഫീസിലായിരുന്നു 

രാവിലെ തപാൽ ഉരുപ്പടികളുമായി പുറപ്പെടുന്ന ഞാൻ വൈകുന്നേരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വീട്ടിലെത്തി മിച്ചമുള്ള തപാൽ ഉരുപ്പടികൾ ഏൽപ്പിക്കുകയാണ് പതിവ്. അന്നേരം പോസ്റ്റ് മാസ്റ്റർ കുഞ്ഞുണ്ണിമാഷ് ഫോണോഗ്രാമായി എത്തിയ ടെലിഗ്രാം സന്ദേശങ്ങൾ വിതരണത്തിനായി വീണ്ടും എന്നെ ഏൽപ്പിക്കും. മിക്കതും അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങളായതിനാൽ രാത്രിയെന്നോ പെരുമഴയെന്നോ നോക്കാതെ ഞാൻ വീണ്ടും ഓടും. 

നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ള വിലാസക്കാരൻ്റെ വീട്ടിലേക്കുള്ള യാത്രകൾ പലപ്പോഴും സംഭവബഹുലമാണ്. ചാക്കുരുത്തി കുന്നിലേക്കും, ചെമ്മാൻക്കുന്നിലേക്കും താന്നിക്കുന്നിലേക്കും കുറ്റ്യാനിക്കാട്ടിലേക്കും, കോഴിക്കാട്ടിരി പാലത്തിലേക്കും, പഴയ കടവത്തേക്കും അമ്പലവട്ടത്തേക്കും അരഞ്ഞിപറമ്പിലേക്കും കവളപ്പാറയിലേക്കും മറ്റും നീളുന്ന യാത്രകൾ എങ്ങനെ മറക്കാനാവും. 

കൂരാക്കൂരിരുട്ട് വീണുറങ്ങുന്ന കുണ്ടനിടവഴികളിലൂടെ, വിഷ സർപ്പങ്ങളും പേനായ്ക്കളും വിഹരിക്കുന്ന നാട്ടുപാതയിലൂടെ, ദയാവായ്പോടെ ആരെങ്കിലും നൽകുന്ന ഓലചൂട്ടും മിന്നിച്ച് മരണദൂതനായി ഓടുന്ന മെസഞ്ചറുടെ സേവനം ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. 

മധുവിധു തീരും മുമ്പ് അവധി റദ്ദാക്കിയ സന്ദേശം ലഭിച്ച് അതിർത്തിയിലേക്ക് മടങ്ങുന്ന സൈനികനും, ഗൾഫിലുള്ള മകൻ അപകടത്തിൽ മരണപ്പെട്ട വിവരം അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന മെസഞ്ചറും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങളാണ്. തിരിഞ്ഞുനോക്കുമ്പോൾ കാതിൽ മുഴങ്ങുന്നതിൽ ഏറെയും നിലവിളികളാണ്. സങ്കടപേമാരിയാണ്.

സന്തോഷ സന്ദേശങ്ങൾ ഏറെയുണ്ടെങ്കിലും അവ ഓർമ്മകളെ ഉണർത്തുന്നില്ല എന്നുകൂടി പറയട്ടെ. ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എല്ലാം എന്നും ഓർമ്മകളെ ഉണർത്തുമെന്ന് ഉറപ്പാണ്. പുതിയ തലമുറയ്ക്ക് ഓർത്തുവെയ്ക്കാൻ ഒരിക്കലും ഉണ്ടാവില്ല ഇത്തരം ഓലച്ചൂട്ടുകൾ. ദീപ്തമായ ഓർമ്മകൾ സമ്മാനിച്ച ടെലിഗ്രാഫ് വകുപ്പിനും ടെലഗ്രാം സന്ദേശങ്ങൾക്കും നന്ദി.

Tuesday, 2 November 2021

അവതാരിക

കഥയും കഥയില്ലായ്മയും കുറെ വളപ്പൊട്ടുകളും...


പ്രമുഖ ഗ്രന്ഥകാരനും ഫോട്ടോഗ്രാഫറും അതിലുപരി എന്റെ സുഹൃത്തുമായ ഡോ.രാജൻ ചുങ്കത്താണ് സുരയ്യ യൂസഫ് എന്ന വീട്ടമ്മയുടെ 27 ചെറുകഥകൾ വായിക്കുന്നതിനും ഒരവതാരിക എഴുതുന്നതിനും വേണ്ടി എന്നെ ഏല്പിച്ചത്.

സർഗാത്മകമായ ഒരന്തരീക്ഷത്തിലിരുന്നു കൊണ്ടു മാത്രമേ ഇത്തരം പ്രവൃത്തി വൃത്തിയായി ചെയ്യാൻ കഴിയുകയുള്ളുവെന്ന് എനിക്കറിയാം. ഉഷ്ണതരംഗവും സൂര്യാതപവും നിറഞ്ഞു നിൽക്കുന്നതിനു പുറമെ പൊതു തെരഞ്ഞെടുപ്പിന്റെ ആരവം കൂടി വന്നതോടെ മനസിലെ സർഗാത്മകത മുഴുവൻ വറ്റിവരണ്ടു പോയിരുന്നു. 

മനസ്സിരുത്തി വായിക്കാനും കഥയുടെ രസ ചരടിനു പിറകെ ചെന്ന് വിഹായസിൽ പാറി പറക്കുന്ന പട്ടത്തിന്റെ നർത്തനം കാണാനും ദിവസങ്ങളോളം ഞാൻ ശ്രമിച്ചു. 

സുരയ്യ യൂസഫിന്റെ ആദ്യ കഥാ ഗ്രന്ഥമാണിത്. കഥയും കഥയില്ലായ്മയും എന്നാണ് കൃതിയുടെ പേര്. 1970ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ജനിക്കുകയും, പന്തിരുകുല പെരുമ ചൂടിയ തൃത്താല നിളാതീരത്ത് മരുമകളായി എത്തുകയും ചെയ്ത സുരയ്യ, കഥ എഴുതി തുടങ്ങിയത് ഭർതൃസമേതം സൗദി അറേബ്യയിൽ പ്രവാസ ജീവിതം തുടങ്ങിയ ശേഷമാണ്. ഭർത്താവിന്റെ ബിസിനസിൽ സഹായിക്കുന്നതോടൊപ്പം നല്ലൊരു വീട്ടമ്മയായി കഴിയുകയും മക്കളെ പ്രസവിക്കുകയും അവരെ വളർത്തി വലുതാക്കുകയും ചെയ്യുക എന്ന മഹത്തായ കർത്തവ്യത്തിനിടയിലാണ് സുരയ്യ കഥയെഴുത്ത് തുടങ്ങുന്നത്. 

കുയിൽ പാടുന്നതു പോലെ, മയിൽ നൃത്തമാടുന്നതു പോലെ, റോസാപ്പൂ വിടരുന്നതുപോലെ, അമ്മ പ്രസവിക്കുന്നതു പോലെ തന്നെയാണ് ഓരോ കഥയും വാർന്നു വീഴുന്നത്. പഴയ മുത്തശ്ശി കഥകളിൽ നിന്നാണല്ലൊ ചെറുകഥയുടെ പിറവി. പത്തൊമ്പൊതാം ശതകത്തിന്റെ ആദ്യദശകങ്ങളിലാണ് പാശ്ചാത്യ ഭാഷകളിൽ ചെറുകഥ വളർച്ച പ്രാപിച്ചത്. അച്ചടി വ്യാപകമായതോടെ പത്ര- മാസികാരംഗത്തുണ്ടായ വളർച്ചയുടെ ഫലമായി ആവിർഭവിച്ച ഈ സാഹിത്യരൂപം മുമ്പു നിലനിന്നിരുന്ന കഥാരൂപങ്ങളിൽ നിന്നു വിഭിന്നമായി വായനക്കാരനിൽ ജിജ്ഞാസയുണർത്തി. ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായി ചെറുകഥ വളർന്നു. 

ഗദ്യത്തിലുള്ള കല്പിതകഥ (Fiction)യുടെ ഒരു ഉപ വിഭാഗമാണ് ചെറുകഥ എന്നു പറയാം. കേസരി ബാലകൃഷ്ണപ്പിള്ള നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് :

"ജീവിതത്തിലെ ഒരു സംഭവത്തിന്റെയോ, രംഗത്തിന്റെയോ, ഭാവത്തിന്റെയോ ഗദ്യത്തിലുള്ള ഒരു ചിത്രമാണ് ചെറുകഥ. ഭാവനയിലുള്ള ഒരു സന്ദർഭം മനോഹരമായി ചിത്രീകരിക്കുകയാണ് ഒരു ചെറുകഥയിലൂടെ ചെയ്യുന്നത്. നോവലിലേതു പോലെ കാര്യങ്ങൾ പരത്തി പറയുന്നതിനു പകരം സംഗ്രഹിച്ചു പറയുന്നതാണ് ചെറുകഥ.   എന്താണ് ചെറുകഥ എന്നും അത് എങ്ങിനെ എഴുതണമെന്നും കൃത്യമായി നിര്‍വചിക്കുവാന്‍ ആരും തയ്യാറായിട്ടില്ല. ഒറ്റയിരുപ്പില്‍ വായിക്കാവുന്നതാവണം എന്നു വേണമെങ്കിൽ നിർവചിക്കാമെന്നു മാത്രം. നിങ്ങൾക്ക് തോന്നും പടി എഴുതുക എന്നും ചിലർ പറഞ്ഞു വെച്ചിട്ടുണ്ട്. ആദ്യകാല മലയാള ചെറുകഥകളെ നിരൂപണം ചെയ്തവരുടെ നിഗമനമനുസരിച്ച് വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ വാസനാവികൃതിയും സി.എസ്. ഗോപാലപ്പണിക്കരുടെ ഒരു മുതലനായാട്ടും മറ്റും ചെറുകഥയുടെ പരിധിയിലല്ല ഉൾപ്പെടുത്തിയത്. സംഭവകഥകളുടെ ചേരിയിലാണ് ആ കഥകളെ പ്രതിഷ്ഠിച്ചത്. സംഭാഷണ ബഹുലമായ പദ്യം കഴിഞ്ഞാല്‍ ഭാരതീയ ഭാഷകളില്‍ ഉണ്ടായിരുന്ന സാഹിത്യരൂപം നാടകമായിരുന്നു. 

കുറച്ചു പൊടിപ്പും തൊങ്ങലും ചാർത്തിയ സംഭവ കഥകളും നാടകത്തിനോട് അടുത്തു നില്‍ക്കുന്ന കഥകളും വിളഞ്ഞു നിന്നൊരു കാലം പിന്നിട്ടാണ് ചെറുകഥ എന്ന് നാം ഇന്നു മനസ്സിലാക്കുന്ന കഥാരൂപം തുടങ്ങുന്നത്. മുത്തിരിങ്ങോട്ട് ഭവത്രാതന്‍ നമ്പൂതിരിപ്പാടില്‍ നിന്നാണ് അത്തരം കഥകളുടെ തുടക്കമെന്ന് നിരൂപകർ രേഖപ്പെടുത്തിയിട്ടുണ്ട്. ശരിയായ അര്‍ത്ഥത്തിലുള്ള മലയാള ഗദ്യകഥകളുടെ പിതൃസ്ഥാനമാണ് അദ്ദേഹത്തിന് നിരൂപകർ ചാർത്തി കൊടുത്തത്.

ആധുനിക ചെറുകഥയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആന്റോണ്‍ ചെക്കോവ് റഷ്യയുടെ സാഹിത്യ നഭസിൽ തിളങ്ങി നില്‍ക്കുമ്പോഴാണ് ആദ്യത്തെ മലയാള കഥയെന്ന് കണ്ടെത്തിയ വാസനാവികൃതി (1891) പുറത്തുവരുന്നത്. 

മലയാള കഥയുടെ തുടക്ക കാലത്തുതന്നെയാണ് മോപ്പസാങ്ങിനെപ്പോലെ അമ്പരപ്പിക്കുന്ന പരിണാമ ഗുപ്തിയുള്ള കഥകളെഴുതിയിരുന്ന അമേരിക്കയിലെ ചെറുകഥാകൃത്ത്   ഒ.ഹെന്റിയും ജീവിച്ചിരുന്നത്. അതുപോലെ ചെറുകഥയെ നവീകരിച്ച ജെയിംസ് ജോയ്‌സിന്റെ പ്രസിദ്ധമായ ചെറുകഥാസമാഹാരം ‘ദി ഡബ്ലിനേഴ്സ്’ എന്ന കൃതിയും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ നമ്മുടെ ഭാഷയിലെ ചെറുകഥാ പ്രസ്ഥാനത്തിനു ഇന്നും വളരെ ചെറുപ്പമാണ്. മലയാള ചെറുകഥ പ്രായപൂര്‍ത്തിയായത് തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍‘ (1935) എന്ന കഥയ്ക്കു ശേഷമാണെന്ന് പറയപ്പെടുന്നു. 

സുരയ്യയുടെ കഥകളിലൂടെ കടന്നുപോയപ്പോഴാണ്  ഇത്തരത്തിൽ ചില നഖചിത്രങ്ങൾ തെളിഞ്ഞു വന്നത് എന്നു പറയട്ടെ. നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും, നേരിട്ടനുഭവിച്ച കഥാസന്ദർഭങ്ങളുമാണ് സുരയ്യയുടെ കഥയില്ലായ്മകൾക്ക് കഥാ ചാരുത നൽകുന്നത്. ഞാനും ഒരെഴുത്തുകാരിയാണ് എന്ന് പറഞ്ഞ് ഒരു പത്രാസിനു വേണ്ടി സുരയ്യ കഥ എഴുതുന്നില്ല. ഉള്ളിൽ നിന്ന് ഉറവയെടുത്ത് പുറത്തുചാടുന്ന കഥാബീജങ്ങളാണ് ഓരോ കഥകളേയും യൗവ്വന യുക്തയാക്കുന്നത്.

1970കളിൽ മലയാളിയുടെ പ്രവാസ വാഴ്വിന് തുടക്കം കുറിച്ചതു മുതൽ, തിരിച്ചുവരവിന്റെ വർത്തമാനകാല തിക്താനുഭവങ്ങൾ വരെയുള്ള കാലഘട്ടത്തിന്റെ സ്പന്ദനം ഈ കഥകളിൽ കാണാം. വളരെ ലളിതമായും സ്വതസിന്ധമായും കഥ പറയാൻ സുരയ്യക്ക് കഴിയുമെന്നതിന് തെളിവാണ് ഈ കൃതി. ഓരോ കഥകളേയും കീറി മുറിച്ച് അപഗ്രഥിക്കുക എന്ന സാഹസത്തിനു മുതിരുന്നില്ല. കാരണം ഓരോ കഥയും വിടരുന്നത് വായനക്കാരുടെ മനസിലാണ്. ആ ഉദ്യമം വായനക്കാർക്ക് വിട്ടുനൽകുന്നു. സ്ത്രീ ശാക്തീകരണവും നവോത്ഥാനവും ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ കഥകൾ കൈരളിക്ക് സമർപ്പിക്കുന്നത്. മലയാള കഥാസാഹിത്യ രംഗത്ത് കഥാകാരിക്ക് ഒരിടം ലഭിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട്, അഭിമാനപൂർവ്വം ഈ പുസ്തകം വായനക്കാർക്ക് സമർപ്പിക്കുന്നു.      

/www.kathalayam.blogspot.com/

Sunday, 31 October 2021

തീക്കതിരിൻ്റെ തിളക്കം.

 സഖാവ് ഇ.പി ഗോപാലൻ സ്മൃതി

………..ടി.വി.എം അലി……...


വള്ളുവനാട്ടിലെ സ്വാതന്ത്ര്യ സമര പോരാളിയും നിയമസഭ സാമാജികനുമായിരുന്ന സഖാവ് ഇ.പി.ഗോപാലൻ ഇരുപത് വർഷം മുമ്പാണ് നമ്മെ വിട്ടുപിരിഞ്ഞത്. 

1980കൾ തൊട്ട് ഇ.പിയുമായി അടുത്തിടപഴകാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. മണ്ണേങ്ങോട് 'അരുണ'യിൽ പലവട്ടം ഞാൻ പോയിട്ടുണ്ട്. അരുണയുടെ മുറ്റത്ത് പടർന്ന് പന്തലിച്ച് നിന്നിരുന്ന തേന്മാവിൻ്റെ മാമ്പഴ രുചി ഇന്നും നാവിൻ തുമ്പത്തുണ്ട്. സ്വർണ്ണവർണ്ണമുള്ള വലിയ മാങ്ങയുടെ തൊലി ചെത്തി ചെറിയ പൂളുകളാക്കി പ്ലേറ്റിൽ വെച്ച് സൽക്കരിക്കലായിരുന്നു ഇ.പിയുടെ പ്രധാന ഹോബി. 

അരുണയിൽ ചെല്ലുന്നവർക്കെല്ലാം ആ മാമ്പഴ രുചി നുണയാതെ തിരികെ പോരാനാവില്ല. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ യോഗങ്ങളിലും സെമിനാറുകളിലും മറ്റു പരിപാടികളിലും ഇ.പിയോടൊപ്പം ചേർന്നു നടക്കാൻ അവസരം ലഭിച്ചിരുന്നു. 1990കളിൽ ഞാങ്ങാട്ടിരി ഗ്രാമ വിചാരവേദിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ആദരിക്കാനും സാധിച്ചു. 

1994ലും 1996ലും തൃശൂർ എക്സ്പ്രസ്സ് പത്രത്തിനുവേണ്ടി ഇ.പിയെ ഇൻ്റർവ്യൂ ചെയ്യാനുള്ള ചുമതലയും എന്നിലർപ്പിതമായിരുന്നു. അന്നത്തെ രണ്ടു പത്രങ്ങളും ഇന്നും എൻ്റെ ഫയൽ ശേഖരത്തിലുണ്ട്.

കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.പി. ഗോപാലൻ 1912ലാണ് ജനിച്ചത്. 

ഒന്നും അഞ്ചും നിയമസഭകളിൽ ഇ.പി പട്ടാമ്പി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം നിയമസഭയിൽ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തെയാണ് ഇ.പി. ഗോപാലൻ പ്രതിനിധീകരിച്ചത്. 

1930കളിൽ വള്ളുവനാട്ടിൽ നടന്ന പല സമരങ്ങളിലും പങ്കെടുത്താണ് ഇ.പി. ഗോപാലൻ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 1939ൽ കമ്യൂണിസ്റ്റ് പാർട്ടിയിലംഗമാവുകയും

യുദ്ധത്തിനെതിരെ തീപ്പൊരി പ്രസംഗം നടത്തുകയും ചെയ്തു. ഇതിന്റെ പേരിൽ ഇ.പി 21മാസത്തോളം ജയിൽ വാസം അനുഭവിച്ചു. വള്ളുവനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും കർഷക സമരങ്ങളിലും ഇ.പി സജീവമായി പങ്കെടുത്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര കാലത്തും ഒളിവിലും തെളിവിലും പ്രവർത്തിക്കേണ്ടി വന്നു. നിയമസഭാംഗം, മലബാർ ജില്ലാ ബോർഡംഗം, പാലക്കാട് ജില്ലാ കർഷക സംഘം പ്രസിഡന്റ്, അഗ്രോ ഇൻഡസ്ട്രീസിന്റെ ആദ്യത്തെ നോൺ ഒഫീഷ്യൽ ചെയർമാൻ എന്നീ നിലകളിലും ഇ.പി പ്രവർത്തിച്ചിട്ടുണ്ട്. 2001 നവംബർ1ന് കേരള പിറവി ദിനത്തിലാണ് സഖാവ് ഇ.പി. ഗോപാലൻ മരണപ്പെട്ടത്.

1994ൽ 'തീക്കതിരിൻ്റെ തിളക്കം' എന്ന പേരിൽ എക്സ്പ്രസ് പത്രത്തിൽ എഴുതിയ അഭിമുഖത്തിൻ്റെ പ്രസക്ത ഭാഗം ഇ.പിയെ അറിയാത്തവർക്ക് വേണ്ടി സ്മൃതിദിനത്തിൽ പുനരാവിഷ്ക്കരിക്കുകയാണ്. 

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളർന്നു പന്തലിക്കാൻ മണ്ണ് ഒരുക്കിയവരിൽ പ്രധാനിയാണ് മണ്ണേങ്കോടിൻ്റെ വീരപുത്രനായ ഇ.പി ഗോപാലൻ. 1912ൽ മുല്ലപ്പള്ളി പുത്തൻ വീട്ടിൽ ചാത്തുണ്ണി നായരുടെയും ഇറശ്ശേരി പടിഞ്ഞാറേതിൽ കുഞ്ഞു അമ്മയുടെയും മകനായി ജനനം.   പ്രതികരണശേഷി നഷ്ടപ്പെടലാണ് മരണം എന്ന് കരുതിയിരുന്ന ഇ.പി മരണം വരെയും ജനകീയ പ്രശ്നങ്ങളിൽ മുന്നിലുണ്ടായിരുന്നു.  

വാക്കും പ്രവൃത്തിയും കൂട്ടിയിണക്കാൻ ഇ.പി എന്നും ശ്രദ്ധാലുവായിരുന്നു. മെലിഞ്ഞ ശരീരത്തിനുള്ളിൽ പൊലിയാത്ത നിശ്ചയ ദാർഢ്യമുണ്ടായിരുന്നു. ഇ.പിയുടെ പ്രസംഗം ഇമ്പമുള്ളതായിരുന്നു. അതിനാൽ അദ്ദേഹത്തെ ശ്രവിക്കാൻ ധാരാളം പേർ എത്തുമായിരുന്നു. ഹാസ്യരസത്തോടെയും ഭാവാഭിനയത്തോടെയും നാടൻ ശീലുകൾ കോർത്തിണക്കിയുള്ള പ്രസംഗം അനർഗള പ്രവാഹം തന്നെയാണ്. മൈക്ക് കണ്ടാൽ എല്ലാ ക്ഷീണവും മറക്കുന്ന അദ്ദേഹം എത്രനേരം വേണമെങ്കിലും പ്രസംഗിക്കും. 

''ഇന്ന് പ്രസ്ഥാനങ്ങൾ കുറവാണ്.പാർട്ടികളാണ് കൂടുതൽ. മൗലികമായ പ്രശ്നം അധികാരത്തിൻ്റെതാണ്. പെട്ടെന്ന് ഭിന്നിക്കാനും പിന്നീട് യോജിക്കാനും കഴിയുന്നത് അധികാരത്തിൽ പങ്കു കിട്ടാനുള്ള ആർത്തി കൊണ്ടാണ്. പണ്ട് അധികാരം അകലെയായിരുന്നു. ആദർശം ജീവനേക്കാൾ വലുതായിരുന്നു.ഇന്നാകട്ടെ അധികാരത്തിൻ്റെ അപ്പക്കഷ്ണത്തിന് ഒരാദർശവും തടസ്സമാകുന്നില്ല. ജനസേവകരായ കമ്മ്യൂണിസ്റ്റുകാർ പോലും അധികാരത്തിൻ്റെ പിറകെയാണ് പായുന്നത്.'' 'എക്സ്പ്രസ്സി'ന് അനുവദിച്ച അഭിമുഖത്തിൽ അഗ്നി സ്ഫുരിക്കുന്ന വാക്കുകളോടെയാണ് ഇ.പി സംസാരം തുടങ്ങിയത്. ഇന്നും അതോർമ്മയുണ്ട്. 

1955ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ച ഇ.പി അന്നത്തെ കാര്യത്തിലേക്ക് കടന്നു. അന്ന് കെട്ടിവയ്ക്കാൻ 50 രൂപ പോലും ഇല്ലായിരുന്നു. ഒരാൾ സഹായിച്ചത് കൊണ്ടാണ് തുക കെട്ടിവച്ചത്. ബോർഡിൻ്റെ  ഭരണനേട്ടം 1957ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഗുണം ചെയ്തിട്ടുണ്ട്. 

വിദ്യാർത്ഥിയായിരിക്കെയാണ് ഇ.പി രാഷ്ട്രീയത്തിൽ ആകൃഷ്ടനായത്. 1930 ആഗസ്റ്റിൽ കല്ലായി എട്ടാം നമ്പർ കള്ളുഷാപ്പ് പിക്കറ്റ് ചെയ്തതിന് നാലരമാസം തടവിലായി. അന്ന് കോൺഗ്രസിൻ്റെ വള്ളുവനാട് താലൂക്ക് സെക്രട്ടറിയായിരുന്നു.

1939ൽ ചെർപ്ലശ്ശേരിയിൽ വെച്ച് യുദ്ധവിരുദ്ധ പ്രസംഗം നടത്തിയതിന് വീണ്ടും തടവിലായി. കണ്ണൂർ ജയിലിൽ രണ്ടു വർഷം കിടന്നു. തടവു കാലത്ത് നിരാഹാര സമരവും നടത്തിയിട്ടുണ്ട്. പഴയ മദിരാശി സംസ്ഥാനത്തിലെ രാജമന്ധ്രി, വെല്ലൂർ, ബെല്ലാരി, മദ്രാസ്, കടലൂർ, അലിപ്പുരം, കണ്ണൂർ, കോയമ്പത്തൂർ തുടങ്ങിയ എല്ലാ ജയിലുകളിലും ഇ.പി തടവുകാരനായിട്ടുണ്ട്. ജയിലുകളിൽ കടുത്ത പീഡനമായിരുന്നു. ഭക്ഷണമാണെങ്കിൽ മഹാമോശം. പുഴുക്കളും കല്ലും നിറഞ്ഞ കട്ടചോറും നാറുന്ന പരിപ്പ് കൂട്ടാനും ആണ് കിട്ടിയിരുന്നത്.

1941ൽ വിചാരണ കൂടാതെയുള്ള തടവുകാരനായി നാലുവർഷം രാജമന്ധ്രി ജയിലിൽ കിടന്നപ്പോൾ സ്ഥിതിയിൽ അൽപം മാറ്റം വന്നു. ഭക്ഷണത്തിന് മൂന്നര രൂപ ഉണ്ടായിരുന്നു. അതിനും പുറമേ വീട്ടിലേക്ക് 50 രൂപ അലവൻസായി അയക്കുകയും ചെയ്തിരുന്നുവെന്ന് ഇ.പി പറഞ്ഞു.

രാജമന്ധ്രി ജയിൽ വിടുമ്പോൾ, ജയിലിൽ അവശേഷിച്ചിരുന്നത് മറ്റൊരു ഗോപാലൻ മാത്രമായിരുന്നു. സാക്ഷാൽ കെ.പി.ആർ ഗോപാലൻ. സ്വാതന്ത്ര്യം നേടിയത് അർദ്ധരാത്രിയിൽ ആണെങ്കിൽ, ഇ.പിയുടെ സൂര്യൻ ഉദിച്ചത് അതേ ദിവസം തന്നെ. ആഗസ്റ്റ് 14ന് വെല്ലൂർ ജയിൽ വിട്ടിറങ്ങിയ ഇ.പി പിറ്റേന്ന് സ്വതന്ത്ര ഭാരത പൗരൻ ആയി ഷൊർണൂരിലാണ്  വണ്ടിയിറങ്ങിയത്. മനസ്സുനിറയെ ആഹ്ലാദമായിരുന്നു. പക്ഷേ ജനങ്ങൾ അത്ര ആവേശം കാട്ടിയില്ല. സ്വാതന്ത്ര്യം ആഘോഷിക്കാൻ ചേർന്ന യോഗത്തിൽ ആള് കുറവായിരുന്നു. പ്രസ്തുത യോഗത്തിൽ ഇ.പി പ്രസംഗിക്കുകയും ചെയ്തു.

സ്വാതന്ത്ര്യലബ്ധിയും കാർഷിക പരിഷ്കാരവുമാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമാനകരമായ നേട്ടം ആയി ഇ.പി കരുതിയത്. പത്തായവും പാട്ടപ്പറയും തല്ലിപ്പൊളിക്കാനും നാടുവാഴി പ്രഭുത്വത്തിൻ്റെ നട്ടെല്ല്  ഒടിക്കാനും സാധിച്ചത് ചെറിയ കാര്യമല്ല എന്ന് അദ്ദേഹം പറയുന്നു. പുതിയ തലമുറയ്ക്ക് ഇതിൻ്റെ ഗൗരവം അറിഞ്ഞുകൂടാ. അന്ന് മലയാളം പറയാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. അടിയൻ, റാൻ തുടങ്ങിയ പദങ്ങൾ ആയിരുന്നു മണ്ണിൻ്റെ മക്കളുടെ വാമൊഴി. ഇന്ന് എല്ലാവരും മലയാളം സംസാരിക്കുന്നത് അന്നത്തെ പോരാട്ടത്തിൻ്റെ നേട്ടമാണെന്ന് ഇ.പി സമർത്ഥിക്കുന്നു. 

1969-70ൽ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ ആയിരുന്നു ഇ.പി. അക്കാലത്ത് അദ്ദേഹം കർഷകർക്ക് പമ്പ് സെറ്റുകൾ വിതരണം ചെയ്യാനുള്ള നടപടികളെടുത്തു. ഏത്തം തേവുന്ന സമ്പ്രദായം ഇല്ലാതാക്കാനായിരുന്നു ഈ നടപടി. കാർഷിക രംഗത്ത് യന്ത്രവൽക്കരണത്തിൻ്റെ അനിവാര്യത ബോധ്യപ്പെട്ടതിനെ തുടർന്ന് ദീർഘവീക്ഷണത്തോടെ അതിനുള്ള നടപടികൾക്ക് ഇ.പി തൻ്റെതായ പങ്കു വഹിക്കുകയുണ്ടായി. അന്ന് പലരും ഈ നടപടികളെ എതിർത്തിരുന്നു.എന്നാൽ ഇന്നത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്ന് ഇ.പി ചൂണ്ടിക്കാട്ടി. 

ഒരു ദശാബ്ദത്തിലേറെ കാലം ജയിലിലായിരുന്ന ഇ.പി അത്രയും കാലം നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1957ൽ പട്ടാമ്പിയിൽ നിന്നും, 1960ൽ പെരിന്തൽമണ്ണയിൽ നിന്നും നിയമസഭയിലെത്തിയ ഇ.പി, 1965ലും 1970ലും 1982ലും പരാജയപ്പെട്ടു. 

1964 വരെ ഇ.പിയും ഇ.എം.എസും തോളോട് തോൾ ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് ഇ.എം.എസിനെക്കാൾ പ്രവർത്തന പരിചയം ഇ.പിക്കായിരുന്നു. പാർട്ടി യോഗങ്ങളിൽ ഇരുവരും മുഖ്യ പ്രാസംഗികരുമായിരുന്നു. 1964ൽ പാർട്ടി ഭിന്നിച്ചതിനെ തുടർന്ന് ഇരുവരും രണ്ടു ധ്രുവങ്ങളിലായി. 1965ൽ ശ്രീകൃഷ്ണപുരത്ത് എതിരിടേണ്ടി വന്നത് സി.പി.എം സ്ഥാനാർത്ഥിയെയായിരുന്നു. 

1970ൽ പട്ടാമ്പിയിൽ ഏറ്റുമുട്ടിയത് ഇ.എം.എസിനോടായിരുന്നു എന്നത് വിധിവൈപരീത്യമാവാം. അന്ന് മൂവായിരത്തോളം വോട്ടുകൾക്കാണ് ഇ.പി തോറ്റത്. പട്ടാമ്പി മേഖലയിൽ ഇ.പി ആയിരുന്നു മുന്നിൽ. എന്നാൽ ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലാണ് ഇ.എം.എസ് ഭൂരിപക്ഷം നേടിയത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പ് കടുത്ത ആഘാതമായിരുന്നുവെന്ന് ഇ.പി എപ്പോഴും പറയാറുണ്ട്. പാർട്ടി കെട്ടിപ്പടുത്ത കാലത്ത് നേതാവും അനുയായിയും തമ്മിൽ വ്യത്യാസം ഇല്ലായിരുന്നു. ജാഥയ്ക്ക് മുന്നിലും പിന്നിലും എല്ലാം നേതാക്കൾ നിന്നിരുന്നു. ഇ.പി ഗോപാലൻ സിന്ദാബാദ് എന്ന് വിളിക്കുന്നത് പോലും ഇ.പി വിലക്കിയിരുന്നു. ഇന്ന് എല്ലായിടത്തും നേതൃബിംബങ്ങളാണ് കാണുന്നത്. നേതാവും അനുയായിയും തമ്മിൽ ദൂരമാണിന്ന്. പാർട്ടികളിലെ നേതൃത്വബിംബവൽക്കരണം അപകടമാണ്. 

സോഷ്യലിസത്തിൻ്റെ തകർച്ചയെക്കുറിച്ച് ചോദിച്ചപ്പോൾ ഇ.പി പറഞ്ഞത്, അവിടങ്ങളിലുള്ളവരുടെ അതൃപ്തിയാണ് മാറ്റത്തിന് ഇടയാക്കിയതെന്നാണ്. പുറമെ നിന്ന് ഇടപെടൽ ഉണ്ടായി എന്ന് ഇ.പി കരുതുന്നില്ല. ഇന്നവർ ദുഃഖിതരാണ്. സോഷ്യലിസത്തിൻ്റെ തകർച്ചയിൽ അവർ തികച്ചും അസംതൃപ്തരാണ്. 

1972ൽ നാലുമാസത്തോളം ഇ.പി മോസ്കോയിൽ താമസിച്ചിട്ടുണ്ട്. അന്നത്തെ അനുഭവം അയവിറക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞത്, സോഷ്യലിസത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ ഇനിയും അംഗീകരിക്കപ്പെടും എന്നാണ്. ഏറ്റവുമൊടുവിൽ ഹംഗറി നൽകുന്ന പാഠം അതാണ്. 

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യത്തെ കുറിച്ച് ആരാഞ്ഞപ്പോൾ ഇ.പി പറഞ്ഞത്, കമ്മ്യൂണിസ്റ്റുകാർ ആഗ്രഹിക്കുന്നത് നേതാക്കളുടെ ഐക്യമല്ല. പ്രവർത്തനത്തിനുള്ള ഐക്യമാണ്. പൊതുവിഷയങ്ങളിൽ ഐക്യമുണ്ട്. അടിത്തട്ടിലും അണികൾക്കിടയിലും ഐക്യം വളരുന്നുണ്ട്. 

കമ്മ്യൂണിസ്റ്റ് ലയനത്തെപ്പറ്റി പറയുന്നത് കേൾക്കുക: അടിസ്ഥാന പ്രശ്നങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ട് എന്നാണ് ചിലർ പറയുന്നത്. അഭിപ്രായ വ്യത്യാസം തെറ്റല്ല. അതില്ലാതായാൽ പാർട്ടിതന്നെ നശിച്ചെന്നാണ് അർത്ഥം. 

ജാതി, മത, വർഗീയതയെ കുറിച്ച് ഉൽക്കണ്ഠ പുലർത്തിയ ഇ.പി പറയുന്നു: സ്വാതന്ത്ര്യ സമര കാലത്ത് ദേശീയബോധം ഉണ്ടായിരുന്നു. ഇന്നത് ഇല്ലാതായി. അധികാരത്തിലേക്കുള്ള കുറുക്കു വഴികൾ തേടുന്നവരാണ് ജാതി വർഗീയതയും മത വർഗീയതയും വളർത്തുന്നത്. മതബോധത്തേക്കാൾ ശക്തി ജാതി ബോധത്തിനായതിനാൽ ഇന്നതിൻ്റെ പിറകെയാണ് ചിലർ. ഭരണകൂടത്തിൻ്റെ കഴിവില്ലായ്മയാണ് ഇവിടെ വലിയ പ്രശ്നം. നിലനിൽപ്പിനു വേണ്ടി അവർ വിട്ടുവീഴ്ച നടത്തുകയാണ്. ഇടതുപക്ഷവും ഇതിന് അപവാദമല്ല. വർഗീയതയുമായി കൂട്ടുകൂടാൻ പാടില്ലെന്ന ചിന്താഗതി വളർന്നു വരുന്നുണ്ട്. 

പുത്തൻ സാമ്പത്തിക നയത്തെ കുറിച്ച് ഇ.പി പറയുന്നു: പണ്ട് സാമ്രാജ്യത്വം ശാരീരികമായിട്ടാണ് ഇടപെട്ടിരുന്നത്. ഇന്ന് സാമ്പത്തികമായി ഇടപെടുകയാണ്. അടിമ വാഴ്ചക്കെതിരെ പോരാടിയ ഇന്ത്യൻ ജനത അമേരിക്കയ്ക്ക് ദാസ്യവേല ചെയ്യാൻ വിധിക്കപ്പെടുകയാണ്. 

പുതിയ അടിമ വാഴ്ചക്കെതിരെ ഒരു ജനമുന്നേറ്റം ഉണ്ടാകാൻ വൈകുന്നതിൻ്റെ കാരണത്തെ കുറിച്ച്  ചോദിച്ചപ്പോൾ, ദേശീയ ബോധത്തിൻ്റെ അഭാവമാണ് ക്രിയാത്മകമായ മുന്നേറ്റം ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അന്ധകാരത്തിൽ നിലനിർത്താനാണ് നേതാക്കൾ ശ്രമിക്കുന്നത്. എങ്കില അവർക്ക് രക്ഷയുള്ളൂ. ഇത്തരത്തിലുള്ള ജനാധിപത്യം ജനങ്ങൾക്ക് സ്വീകാര്യമല്ല. അദ്ദേഹം പറഞ്ഞു: 

വ്യവസായമില്ലായ്മയാണ് നമ്മുടെ ശാപം. ഒരു രാഷ്ട്രം അധ:പതിക്കുന്നതിൻ്റെ ചൂടും വേവും നാം അറിയുന്നില്ല. എല്ലായിടത്തും ജീർണതയാണ്. രാഷ്ട്രവും ജന്മഭൂമിയും ജീർണിക്കുന്നു. മൂല്യങ്ങൾ നശിക്കുന്നു. സത്യം, സ്നേഹം, മര്യാദ തുടങ്ങിയവയും മരിക്കുകയാണ്. രാഷ്ട്രീയ സദാചാരത്തിൻ്റെ കപട വേഷത്തിലേക്ക് ഇ.പി വിരൽചൂണ്ടി. 

ഒരു എം.എൽ.എക്ക് പ്രതിമാസം 20,000 രൂപ എങ്കിലും സർക്കാർ ചെലവഴിക്കുന്നുണ്ട്. ജനപ്രതിനിധികൾ ഇന്ന് ജനങ്ങളുടെ മേധാവിയായി മാറിയിരിക്കുന്നു. സ്വന്തം ശമ്പളവും അലവൻസും ഇഷ്ടം പോലെ വർധിപ്പിക്കുന്നത് അവർ തന്നെയാണ്. ഈ രീതി മാറ്റണം. ജനപ്രതിനിധികൾ ജനങ്ങൾക്ക് ഭാരമാവരുത്. ഖജനാവ് ചോർത്തുന്നവർ ആവരുത്.  

വർധിപ്പിച്ച എം.എൽ.എ പെൻഷൻ നിരസിച്ചുകൊണ്ട് ഇ.പി എഴുതിയിട്ടുണ്ട്. ഇപ്പോൾ 1200 രൂപ എം.എൽ.എ പെൻഷൻ ലഭിക്കുന്ന ഇ.പിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷനും നൽകുന്നുണ്ട്. 

പരിസ്ഥിതിയെകുറിച്ച് ചോദിച്ചപ്പോൾ ഭാരതപ്പുഴ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ ഇ.പി പറഞ്ഞു: പുഴ വെറും മണലും വെള്ളവും അല്ല. ജീവിതവുമായി അഭേദ്യ ബന്ധമുള്ളതാണ്. പരിസ്ഥിതി പ്രശ്നം രാഷ്ട്രീയക്കാർ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. 

നാലുവർഷം മുമ്പ് പറളിയിൽ തടയണ കെട്ടിയപ്പോൾ അത് പൊളിക്കാൻ മുമ്പിൽ ഇറങ്ങിയത് മാർക്സിസ്റ്റുകാർ ആയിരുന്നു. ഇപ്പോൾ അവർ തൃത്താലയിൽ തടയണ കെട്ടിയ വാർത്ത പത്രത്തിൽ കണ്ടു. അധികം കഴിയും മുമ്പ് തന്നെ പരിസ്ഥിതി വലിയൊരു വിഷയം ആയി തീരും എന്ന് ഉറപ്പാണ്. 

കഴിഞ്ഞ വർഷം (1993) ഇ.പിയുടെ വീട്ടുമുറ്റത്താണ് പരിസ്ഥിതി പ്രേമികൾ ഒത്തുകൂടിയത്. പട്ടാമ്പി വില്ലേജ് ഓഫീസിന് കെട്ടിടം പണിയുമ്പോൾ കോമ്പൗണ്ടിൽ ഉള്ള മരങ്ങൾ മുറിക്കുന്നത് തടഞ്ഞത് ഇ.പിയാണ്. ഇന്നും അവിടെ പാലമരം ശിരസ്സുയർത്തി നിൽക്കുന്നത് ഇ.പിയുടെ വൃക്ഷ സ്നേഹം മൂലമാണ്. പട്ടാമ്പി മണ്ഡലത്തിൻ്റെ വികസനത്തിനുവേണ്ടി ഇ.പി എന്നും മുമ്പിലുണ്ടായിരുന്നു. പട്ടാമ്പി ഗവൺമെൻറ് സംസ്കൃത കോളേജ്, പട്ടാമ്പി ഗവൺമെൻറ് ഹൈസ്കൂൾ, കോസ്'വെ കം ബ്രിഡ്ജ് എം.എം കോർട്, ആശുപത്രി, രജിസ്ട്രാർ ഓഫീസ് തുടങ്ങിയ എണ്ണമറ്റ സ്ഥാപനങ്ങൾ തുടങ്ങുന്നതിന് ഇ.പി തൻ്റെതായ പങ്കുവഹിച്ചിട്ടുണ്ട്. 

സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, പട്ടാമ്പി വികസനസമിതി പ്രസിഡൻറ് എന്നീ നിലകളിലും ഇ.പിയുടെ സജീവമായിരുന്നു. 

മഹാവിപത്തായി തീർന്നു കൊണ്ടിരിക്കുന്ന അഴിമതി, മയക്കുമരുന്ന് എന്നിവയ്ക്കെതിരെ അചഞ്ചലമായ പോരാട്ടം നടത്താൻ ആഗ്രഹിക്കുന്ന ഇ.പി, ചങ്കൂറ്റമുള്ള കുറച്ച് ചെറുപ്പക്കാർ എൻ്റെ കൂടെ വരുമെങ്കിൽ ഒരു കൈ നോക്കാൻ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു. യുവാക്കളുടെ നിഷ്ക്രിയത്വം പേടിപ്പെടുത്തുന്നതാണെന്ന് ഇ.പി പറയാറുണ്ട്. സമൂഹത്തിൻ്റെ ജീർണത ബോധ്യപ്പെടുകയും അതിനെതിരെ ശക്തമായ പ്രസ്ഥാനങ്ങൾ വളർന്നുവരികയും വേണം. എങ്കിലേ  രക്ഷയുള്ളൂ. ബ്രിട്ടൻ്റെ കീഴിലെ പ്രജ, സ്വതന്ത്ര ഭാരതത്തിലെ പൗരനായി വളർന്നത് നാം അറിഞ്ഞിട്ടില്ല. ഇന്നും പഴയ പ്രജാബോധമാണുള്ളത്. പൗരബോധമില്ല. 

ധാരാളം ഫലവൃക്ഷങ്ങളും കേരകല്പാദികളും ശിരസ്സുയർത്തി നിൽക്കുന്ന വീട്ടുപറമ്പിലെ കാനന ഛായയിലേക്ക് പടിയിറങ്ങുമ്പോൾ സ്നേഹത്തോടെ ഉപദേശം കേട്ടു: ''വിവാദങ്ങളൊന്നും എഴുതരുത്. ഭയം കൊണ്ടല്ല... ഭയമില്ലതാനും.  പ്രധാന വിഷയങ്ങളെ മൂടിവയ്ക്കാനെ വിവാദങ്ങൾ സഹായിക്കുകയുള്ളൂ''. 

ഇ.പിയുടെ നിരീക്ഷണങ്ങൾക്കും ചിന്തകൾക്കും ഇന്നും പ്രസക്തിയുണ്ട് എന്ന് കാൽ നൂറ്റാണ്ടിനു ശേഷവും നമ്മെ ബോധ്യപ്പെടുത്തുന്നു.

(തീക്കതിരിൻ്റെ തിളക്കം -1994 ജൂൺ 12 എക്സ്പ്രസ് വാരാന്ത പതിപ്പ്.

സൂര്യനാളത്തിന് ആയിരം ചന്ദ്രകാന്തി. 1996 ആഗസ്റ്റ് 23 എക്സ്പ്രസ്സ്)


www.kathalayam.blogspot.com


Tuesday, 19 October 2021

പയ്യട ശ്രീധരൻ വൈദ്യരും മഹാകുക്കുട മാംസ തൈലവും

 ~~~~~~/    ഓർമ്മ   /~~~~~

-------    ടി.വി.എം അലി   ---------


1992ലാണ് കൂറ്റനാട് പയ്യട തറവാട്ടിൽ ചെന്ന് ശ്രീധരൻ വൈദ്യരുമായി ഞാൻ ചങ്ങാത്തത്തിലായത്‌. അഞ്ചൽ ശിപായി എന്ന നിലയിൽ പത്ത് വർഷം പിന്നിട്ടപ്പോഴേക്കും കാൽമുട്ടിലെ രണ്ട് ചിരട്ടകളും തേഞ്ഞ നിലയിലായിരുന്നു.  കുന്നംകുളത്തും തൃശൂരുമൊക്കെയുള്ള അലോപ്പതി ഭിഷഗ്വരന്മാർ കുറിച്ചു തന്ന ഗുളിക സേവയിൽ നിന്നൊരു മോചനം കാംക്ഷിച്ചാണ് പയ്യട ശ്രീധരൻ വൈദ്യരുടെ സന്നിധിയിലെത്തിയത്. 


ചില അലോപ്പതി ഡോക്ടർമാരെ പോലെ രോഗിയുടെ മുഖത്തു നോക്കാതെ തന്നെ മരുന്ന് കുറിക്കുന്ന രീതിയായിരുന്നില്ല വൈദ്യരുടേത്. 

ചിരിച്ച മുഖത്തോടെ രോഗികളുമായി ദീർഘനേരം സംവദിക്കുന്ന സ്വഭാവമായിരുന്നതിനാൽ കുറിപ്പടി എഴുതാൻ സമയമെടുക്കും. പല ദേശങ്ങളിൽ നിന്ന് വൈദ്യരെ കാണാൻ എത്തുന്നവർ ഊഴം കാത്ത് ഏറെ നേരം ഇരിക്കണം. ആർക്കും തിരക്കില്ല. തിരക്കീട്ട് കാര്യവുമില്ല. ഒടുവിൽ എൻ്റെ ഊഴമെത്തി. രോഗത്തേക്കാളുപരി മറ്റു കാര്യങ്ങളാണ് വൈദ്യർ തിരക്കുക. വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ അന്വേഷിക്കും. രോഗിയുടെ പശ്ചാത്തലമറിഞ്ഞാണ് ചികിത്സ നിശ്ചയിക്കുക. ഒരു തപാൽക്കാരൻ്റെ പ്രവൃത്തി വിസ്തരിച്ച് തന്നെ ഞാൻ പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ മാരത്തോൺ നടത്തമാണ്. സുമാർ ഇരുപത് / ഇരുപത്തഞ്ച് കി.മീറ്റർ ദിനേന നടക്കാറുണ്ട്. സൈക്കിൾ പോലും കടന്നു പോവാത്ത കുണ്ടനിടവഴികളും പാടവരമ്പുകളും കുന്നിൻ ചെരിവുകളും ചെന്നെത്താൻ നടന്നേ പറ്റൂ. 


തപാൽക്കാരനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും എത്തുന്ന മണി ഓർഡറും ഡ്രാഫ്റ്റും കിട്ടിയിട്ട് വേണം പല കുടുംബങ്ങളുടേയും അടുപ്പെരിയാൻ. ഓരോ കുടുംബത്തിൻ്റെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ട് സമയത്ത് തന്നെ എത്തിക്കാനുള്ള നെട്ടോട്ടമാണ്. അങ്ങനെയാണ് പത്തു വർഷം കൊണ്ട് കാൽമുട്ടിലെ രണ്ട് ചിരട്ടകളും തേഞ്ഞത്. ചിരട്ടക്കുള്ളിലെ മജ്ജ മുഴുവൻ വറ്റിവരണ്ടു. ഗ്രീസിടാത്ത പൽചക്രം കറങ്ങാൻ പാടുപെടുന്നതു പോലെയായിരുന്നു എൻ്റെ അവസ്ഥ. കാൽമുട്ടുകളിൽ സൂചി നിറച്ചു വെച്ചതു പോലെ കുത്തി കയറുന്ന വേദന. സംഹാരി ഗുളിക കഴിക്കുമ്പോൾ വേദനക്ക് ശമനം കാണും. വീണ്ടും തുടങ്ങും. ഒടുവിൽ, അലോപ്പതി ഭിഷഗ്വരന്മാർ വിധിച്ചു: നടക്കുന്ന പണി പറ്റെ ഒഴിവാക്കണം. ഇനിയും നടന്നാൽ പിന്നെ നടക്കാനാവാതെ കിടക്കേണ്ടി വരും. ആ വിധി പ്രസ്താവത്തിനു ശേഷമാണ് പയ്യട ശ്രീധരൻ വൈദ്യരെ ചെന്നുകണ്ടത്.


കുറച്ചു കാലം കഷായാദി ഗുളികകളും ആസവാരിഷ്ടങ്ങളും തൈലവും പ്രയോഗിക്കാൻ വൈദ്യർ നിർദ്ദേശിച്ചു. അങ്ങനെ ഓരോ ആഴ്ചയും പയ്യട നടയിൽ എത്തുക പതിവായി. അന്ന് അദ്ദേഹം എഴുതി തന്ന മഹാകുക്കുട മാംസതൈലം കാൽമുട്ടിൽ തേച്ചുപിടിപ്പിക്കണം. രാത്രി കിടക്കാൻ നേരം ഒരു ടീസ്പൂൺ തൈലം സേവിക്കുകയും ചെയ്യണം. 


രജിസ്ത്രേഡ് മെഡിക്കൽ പ്രാക്ടീഷണറായ ശ്രീധരൻ വൈദ്യർക്ക് ആയുർവ്വേദവും അലോപ്പതിയും അറിയാമെങ്കിലും എനിക്ക് ആയുർവേദം മാത്രമാണ് നൽകിയത്. അദ്ദേഹത്തിൻ്റെ ചികിത്സയുടെ ഫലമായി കാൽമുട്ടുകളിൽ നിന്ന് നഷ്ടപ്പെട്ട മജ്ജ തിരിച്ചെത്തുകയും സൂചി തറക്കുന്ന വേദന വഴി മാറിപ്പോകുകയും ആയാസരഹിതമായി നടക്കാൻ സാധിക്കുകയും ചെയ്തു. അന്നത്തെ ഓർമ്മയ്ക്കു വേണ്ടി ഇന്നും അലമാരയിൽ മഹാകുക്കുട മാംസ തൈലം ഞാൻ കരുതി വെച്ചിട്ടുണ്ട്. വല്ലപ്പോഴും വേദന വരുമ്പോഴൊക്കെ അല്പമൊന്ന് പുരട്ടും. ഒരു ടീസ്പൂൺ കഴിക്കും.  


ആയുർവ്വേദത്തിന്റെ ആഴമറിഞ്ഞ വൈദ്യ ശ്രേഷ്ഠൻ തന്നെയായിരുന്നു ശ്രീധരൻ വൈദ്യർ. രോഗപരിഹാരത്തിന് വിവിധ വൈദ്യശാസ്ത്ര ശാഖകളെ പരസ്പരം സ്വീകരിച്ച് സമന്വയിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കാറുണ്ട്. രോഗീ - ഡോക്ടർ ബന്ധം ഊഷ്മളമായി നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ശരീരത്തേക്കാളുപരി മനസ്സിനായിരുന്നു അദ്ദേഹം ചികിത്സ നിർണ്ണയിച്ചിരുന്നത്. സഹജീവികളോടു മാത്രമല്ല വനജീവികളോടും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു. 


പ്രകൃതിചികിത്സയും, ആയുർവേദ ചിട്ടകളും പിന്തുടർന്നാണ് ശ്രീധരൻ വൈദ്യർ ജീവിച്ചത്. യോഗ, ധ്യാനം, ചിട്ടയായ ഭക്ഷണ രീതി മുതലായവ പിന്തുടർന്നു പോന്ന അദ്ദേഹം ഇരുപത്   വർഷമായി അരിഭക്ഷണം ഒഴിവാക്കിയാണ് ജീവിച്ചത്. പ്രമേഹവും, ഹൃദയ സംബന്ധമായ പ്രശ്നങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് പിടികൂടിയിരുന്നെങ്കിലും ചിട്ടയായ ജീവിത രീതി കൊണ്ടാണ് അവയെ അദ്ദേഹം നേരിട്ടത്. 


ആയുർവേദ ചികിത്സകൻ, ആനപ്രേമി, ആന ഉടമ എന്നിങ്ങനെ ഒരേ സമയം വൈവിധ്യമാർന്ന കർമ്മങ്ങളിലൂടെയാണ് പയ്യട ശ്രീധരൻ വൈദ്യർ കടന്നു പോയത്.

പയ്യട തറവാടിന്റെ പടി കയറി ചെല്ലുന്നവർക്ക് കാണാൻ കണ്ണിന് അമൃത് പകരുന്നൊരു കാഴ്ചയുണ്ട്.  ശ്രീധരൻ വൈദ്യർ തന്റെ പ്രിയപ്പെട്ട വിഷ്ണു എന്ന ആനയെ ഓമനിച്ചു നിൽക്കുന്ന ചന്തം പകരുന്ന കാഴ്ച.  പഴം നൽകിയും, സ്നേഹ വാക്കുകൾ മൊഴിഞ്ഞും, ഗജരാജവിഷ്ണുവിനെ തലോടിനിൽക്കുന്നത് കാണാൻ മാത്രമായി എത്തുന്ന ആനപ്രേമികളും വിരളമല്ല.  


മൂന്ന് പതിറ്റാണ്ടിലേറെയായി പയ്യട തറവാട്ടിൽ ആനകളുണ്ട്. ആന വൈദ്യവും അദ്ദേഹത്തിനറിയാം. 

ഭാര്യ അമ്മുവിനോടൊപ്പം ചേർന്ന് ലാളിച്ചും, സ്നേഹിച്ചും വളർത്തിയ വൈദ്യരുടെ മൂന്നാനകളാണ്, കൂറ്റനാട് രാജശേഖരനും, മധുവും, വിഷ്ണുവും. ആനപ്രേമികൾക്കും ഉത്സവ പ്രേമികൾക്കും അവർ ഹരമായിരുന്നു. 


വൈദ്യരുടെ ഭാര്യ അമ്മു മരണപ്പെട്ടതിൻ്റെ പത്താം നാൾ ഒരാനയും, പതിനെട്ടാം നാൾ മറ്റൊരാനയും ചെരിഞ്ഞു. ഒടുവിൽ വൈദ്യരോടൊപ്പം വിഷ്ണു മാത്രമായി. 

ഇപ്പോൾ വിഷ്ണുവിനെ തനിച്ചാക്കിയാണ് പയ്യട ശ്രീധരൻ വൈദ്യർ കഴിഞ്ഞ ദിവസം യാത്രയായത്. ശ്രീധരൻ വൈദ്യരുടെ വിയോഗത്തിലൂടെ കൂറ്റനാടിന് നഷ്ടപ്പെട്ടത് മഹിത പാരമ്പര്യ വൈദ്യ സംസ്കാരമാണ്. ഒരു മഹാവടവൃക്ഷത്തിൻ്റെ തണലും കുളിരുമാണ്. അദ്ദേഹത്തിൻ്റെ പാവനസ്മരണക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.


www.kathalayam.blogspot.com

Friday, 15 October 2021

കരണ്ടുതീനി


…… ടി.വി.എം അലി …...


ഇത് സ്വപ്നകുമാറിൻ്റെ കഥ! പിറന്ന നാൾ തൊട്ടേ അവൻ സ്വപ്ന ലോകത്തായിരുന്നു. പഠിക്കുന്ന കാലം പയ്യൻ ആകാശം നോക്കിയാണ് നടന്നത്. എതിരെ വരുന്നവരെല്ലാം സ്വപ്നകുമാരൻ്റെ നടത്തം തടസ്സമാകാതിരിക്കാൻ വഴിമാറി നടന്നു.

പാഠപുസ്തകങ്ങളൊന്നും അവന് പഥ്യമായിരുന്നില്ല. എന്നാൽ ഗ്രാമീണ വായന ശാലയിലെ ഓരോ പുസ്തകങ്ങളും അവൻ തിന്നു തീർത്തു. നേരത്തിന് വീട്ടിൽ എത്താത്തതിനാൽ ഭക്ഷണക്രമം തകിടം മറിഞ്ഞു. അതുകൊണ്ടുതന്നെ അവൻ കൃശഗാത്രനായി തീർന്നു.പിന്നീടവൻ രേഖാമാത്ര ശരീരൻ എന്ന ബഹുമതിക്കും അർഹനായി.

ഹൈസ്കൂളിൽ എത്തിയപ്പോഴാണ് നോട്ടു പുസ്തക താളിൽ തലതിരിഞ്ഞ സ്വപ്നങ്ങൾ കാണപ്പെട്ടത്. അത് വായിച്ചറിഞ്ഞ അച്ഛനും അമ്മയ്ക്കും മോഹാലസ്യം ഉണ്ടായി! എന്നിട്ടും നോട്ടു പുസ്തകങ്ങളിൽ മഷിപ്പാത്രം ചിതറി വീണു കൊണ്ടിരുന്നു. 

പാഠപുസ്തകം പഥ്യമല്ലാതിരുന്നതിനാൽ പത്താം ക്ലാസിൽ പാട്ടും പാടി തോറ്റു. ഒന്നും സംഭവിക്കാത്ത മട്ടിൽ കുമാരൻ ദേശാടനത്തിന് ഇറങ്ങി. അക്കാലത്താണ് ആനുകാലികങ്ങളിൽ സ്വപ്നകുമാരൻ്റെ കഥകളും കാവ്യ ശലഭങ്ങളും പിറന്നു വീണത്.

പുസ്തകതാളിൽ നൂറിൽ പരം രചനകൾ മയിൽ പീലി വിടർത്തിയപ്പോൾ, എല്ലാം കൂടി പെറുക്കിക്കൂട്ടി ഒരു പുസ്തകമാക്കാൻ പലരും ഉപദേശിച്ചു. പല പ്രസാധകരുടെയും വിലാസം തേടിപ്പിടിച്ച് 

കഥാസമാഹാരം പാർസലാക്കി അയച്ചു.അധികം വൈകാതെ അവയെല്ലാം കൈപ്പറ്റാതെ തിരിച്ചെത്തി. അച്ചടി കൂലി തന്നാൽ അടിച്ചു കൊടുക്കാം എന്ന് പലരും അവനെ പ്രലോഭിപ്പിച്ചു. അവരെല്ലാം വളരെ ചെറിയ പ്രസാധകരായിരുന്നതിനാൽ പണം കൊടുക്കാൻ കുമാരന് മനസ്സു വന്നില്ല. ഒടുവിൽ ചില സുഹൃത്തുക്കൾ പണം വായ്പ നൽകി നിർബന്ധപൂർവ്വം പ്രസാധക കവാടത്തിലേക്ക് അവനെ തള്ളിവിട്ടു. 

നഗരവൃത്തത്തിലുള്ള 'ആഘാതം' ബുക്സിലാണ് കുമാരൻ ആദ്യം എത്തിയത്. മാനേജർ എന്ന മനുഷ്യൻ്റെ ചീഞ്ഞ തക്കാളി പോലെയുള്ള മുഖത്തുനിന്ന് പരമ പുച്ഛത്തോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ മനോദുഃഖമുണ്ടായി. തപാലിൽ കഥകൾ പാർസൽ അയച്ചപ്പോൾ കൈപ്പറ്റാതെ തിരിച്ചയച്ച മാന്യദേഹമാണ്. കുമാരൻ്റെ ദൈന്യഭാവം കണ്ടു നിന്ന് മുഷിഞ്ഞപ്പോഴാണ് മാനേജർ തിരുവാതുറന്നത്. നിരൂപകൻ്റെ അവതാരികയുണ്ടോ എന്ന ചോദ്യത്തിനു മുമ്പിൽ കുമാരൻ കമിഴ്ന്നടിച്ചു വീണു. 

അങ്ങനെയാണ് നിരൂപക ശിങ്കങ്ങളെ വേട്ടയാടി പിടിക്കാൻ കുമാരൻ നെട്ടോട്ടം തുടങ്ങിയത്. ആ കാഴ്ച ദയനീയം തന്നെയായിരുന്നു. പല പുംഗവൻമാരും വാതിൽ തുറന്നില്ല. തുറന്നവരാവട്ടെ സമയമില്ലെന്ന് മൊഴിഞ്ഞു. ഒടുവിൽ നഗരകവാടം കടന്ന് ജയിൽ ഗ്രാമത്തിലെത്തിയ കുമാരൻ്റെ മുന്നിൽ ഒരു ഇളം തെന്നലായ് ഒരു നിരൂപകൻ വാതിൽ തുറന്നു. അദ്ദേഹത്തിൻ്റെ മാസികയിൽ കഥ എഴുതുന്ന ബന്ധം പറഞ്ഞു. അദ്ദേഹം കുമാരൻ്റെ കാല്പനിക സർഗാത്മകതയിലൂടെ കണ്ണോടിച്ചു. അക്ഷര ചേറിൻ്റെ ഗന്ധം തിരിച്ചറിഞ്ഞു. ഉഴുതുമറിച്ച വിളനിലങ്ങളിൽ മുള പൊട്ടാതെ പോയ വിത്തുകൾ അദ്ദേഹം കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ നെടുങ്കൻ നിരൂപണവും പ്രസ് ഉടമക്കൊരു കത്തും കുമാരന് കൈമാറി. പുസ്തകമിറങ്ങിയാൽ അമ്പത് കോപ്പി റോയൽറ്റി നൽകാമെന്ന് കുമാരൻ ഉദാരനായി. നിരൂപകൻ്റെ ഏതാനും പ്രബന്ധ ഗ്രന്ഥങ്ങൾ വില കൊടുത്തു വാങ്ങുകയും ചെയ്തു.

പ്രസ്സിൽ ചെന്ന് അച്ചടിക്കൂലിയും നൽകി ഗ്രന്ഥകാര പട്ടം ചൂടി കുമാരൻ വിലസി. നഗരത്തിൽ എത്തുമ്പോഴെല്ലാം ആഘാതം ബുക്സിൽ അവൻ കയറി ചെല്ലും. തടിച്ച ഗ്രന്ഥങ്ങൾക്കടിയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന തൻ്റെ കന്നി കൃതിയെ പുറത്തു കാണുന്ന വിധം ഉയർത്തിവെക്കും. ബുക്ക് സെല്ലറോട് പ്രമോട്ട് ചെയ്യാൻ ഉപദേശിക്കും. വർഷമൊന്ന് കഴിഞ്ഞപ്പോൾ കിട്ടിയത് പത്ത് പുസ്തകത്തിൻ്റെ റോയൽറ്റി. രണ്ടാം വർഷം അഞ്ചെണ്ണം. സ്വപ്നകുമാറിൻ്റെ സ്വപ്നങ്ങൾ വൈദ്യുത കമ്പിയിൽ കുരുങ്ങിയ കാക്കയായി. ഒടുവിൽ ഗോഡൗണിലെ ചിതൽപുറ്റിൽ നിന്നാണ് കുമാരൻ്റെ കന്നി പുസ്തകം വീണ്ടെടുക്കപ്പെട്ടത്. 

സ്വപ്നകുമാരൻ പിന്നീട് നഗരവൃത്തത്തിൽ പോയില്ല. ചീഞ്ഞ തക്കാളി മോന്ത കണ്ടില്ല. മുഖ്യധാരയിൽ എത്താനാവാതെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടുവെന്ന തോന്നലിൽ നീറി നീറി കുമാരൻ ഉപ്പിൽ വീണ പല്ലിയായി.

ഒരു നാൾ സ്വപ്നകുമാരൻ രണ്ടാം വട്ടവും വീടുവിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നു.എല്ലാ വഴികളും ചെന്നെത്തിയത് കുതിരവട്ടത്തായിരുന്നു.

(മർത്യഭാഷ - ജനുവരി 2002)



Thursday, 14 October 2021

സഹായ പുരുഷൻ

 

~~~~~~~~~~~~~~~




പ്രൊഫഷണൽ നാടകരംഗത്ത് 

അറിയപ്പെടുന്ന ഒരു കലാകാരൻ 

പറഞ്ഞ കഥയാണിത്.

കഥയെന്നുപറഞ്ഞാൽ 

ഇത് കൽപ്പിത കഥയല്ല. 

സംഭവ കഥയാണ്. അഥവാ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന കഥയാണ്.


കലാകാരനെ തൽക്കാലം നമുക്ക് ഹരി എന്ന് വിളിക്കാം. ജീവിതം ഹരിച്ചു 

കൊണ്ടിരിക്കുന്ന ഇയാൾക്ക് ഇപ്പോൾ പ്രായം നാൽപ്പത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊല്ലത്തിൽ അഞ്ചോ പത്തോ സ്റ്റേജ് കിട്ടും. ഒരു സ്റ്റേജ് കിട്ടിയാൽ ഇരുനൂറ്റമ്പതു രൂപ ഒക്കും.  എങ്ങനെ പോയാലും ഒരു വർഷം കിട്ടുന്നത് അയ്യായിരം രൂപയ്ക്ക് താഴെയാണ്. ഭാര്യയ്ക്ക് വീട്ടിലിരുന്ന് തുന്നൽ ജോലി ഉള്ളതുകൊണ്ട് മാത്രമാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.


ഹരിയുടെ നാടകത്തിന് 

ജനപ്രീതി കുറവാണെന്ന ഒരു പോരായ്മയുണ്ട്. മസാല അധികം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പലർക്കും ഹരി സ്വീകാര്യനായിരുന്നില്ല. നാടകം എഴുതും. പാട്ട് എഴുതും. നന്നായി അഭിനയിക്കും. എന്തിന് സംവിധാനം വരെ ചെയ്യും. പക്ഷേ പറഞ്ഞിട്ടെന്ത്? ഹരി ആധുനികനായിപ്പോയി എന്നതാണ് ആകെയുള്ള പ്രശ്നം. ഇപ്പോഴാണെങ്കിൽ ഹരി ഉത്തരാധുനികനും ആണത്രെ!

കുറച്ചു കഴിഞ്ഞാൽ ചിലപ്പോൾ ദക്ഷിണാധുനികനും ആയേക്കാം. 


ഇതൊന്നും ഹരി സ്വയം പറഞ്ഞു നടക്കുകയല്ല. ഹരിയുടെ ഒരു ചങ്ങാതി ഉണ്ട്. നാടക നിരൂപകനും പത്രപ്രവർത്തകനും എല്ലാമാണ്. ഹരിയുടെ നാടകം ഉള്ളിടത്ത് 'നരി' എന്ന പേരിൽ അറിയപ്പെടുന്ന നിരൂപക ചങ്ങാതിയും എത്തുക പതിവാണ്. ഹരിയുടെ നാടകങ്ങളെ വ്യാഖ്യാനിക്കുന്നവനാണ് നിരൂപക നരിയെന്ന് തൽക്കാലം മനസ്സിലാക്കുക. 


നരി നൽകുന്ന നിരൂപക പദങ്ങളിൽ ആണ് ഹരി അറിയപ്പെടുന്നത്. ഹരിയുടെ പുതിയ നാടകങ്ങളെ ഹരിക്കുന്നതും ഗുണിക്കുന്നതും എല്ലാം നരിയാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ. ഹരിയുടെ ഉപദേശക വൃന്ദരിൽ നരി ഒന്നാമനാണ്.


നാടകം തുടങ്ങും മുമ്പ് നരി, ഹരിക്ക് ചായ വേണോ എന്ന് ചോദിക്കും. 

ദാഹിക്കുന്നുണ്ടെങ്കിലും ഹരി വേണ്ടെന്നു പറയും. അങ്ങേ വീട്ടിലെ ഇല എന്നും അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന ദാർശനികൻ കൂടിയാണ് ഹരി എന്ന് നരിക്ക് നന്നായി അറിയാം. അതുകൊണ്ട് നരി എപ്പോഴും സഹായ പൊതികൾ ഓരോന്ന് തുറന്നു കാണിക്കും. ഉത്സവപ്പറമ്പിലെ വള കച്ചവടക്കാരനെ പോലെ വർണ്ണ വൈവിധ്യമുള്ള വളകൾ. സഹായ വളകൾ. അത് വേണോ? ഇത് വേണോ? എന്ന് എപ്പോഴും തിരക്കുന്ന നരിയെ പരീക്ഷിക്കാൻ ഹരിക്ക് ഒരു അവസരം കിട്ടി. വീണു കിട്ടിയതാണ്. 


ഒരു ദിവസം ഹരിയുടെ പുതിയ നാടകം വേദിയിൽ അരങ്ങുണർത്തുന്ന വേളയിൽ പ്രധാന കഥാപാത്രമായി രംഗത്തുള്ള ഹരിക്ക് അറ്റാക്ക് ഉണ്ടായി. ആദ്യത്തെ അറ്റാക്ക് ആയതിനാൽ ഇതെന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയില്ല. തലേനാളത്തെ അറാക്കിൻ്റെ 

പുകച്ചിൽ ആയിരിക്കാം എന്നേ കരുതിയുള്ളൂ. അറ്റാക്ക് എന്ന പദം ഹരിക്ക് അറിയാത്തതിനാൽ അറാക്ക് എന്ന പേരിലാണ് ഹൃദയാഘാതം പൊട്ടിവിടർന്നതെന്ന് പറയാം. 


ഏതായാലും നാടകം കളിക്കാൻ ആവാതെ ഹരി വീട്ടിൽ ഇരിപ്പായപ്പോഴും നരി നിത്യ സന്ദർശനം കൈവെടിഞ്ഞില്ല. 

ഹരി, നിനക്ക് പ്രയാസം വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയണം കേട്ടോ... പറയാൻ മടിക്കണ്ടട്ടൊ ... മരുന്നു കഴിഞ്ഞോ? ചോറുണ്ണാൻ അരിയുണ്ടോ? ഒരു ചാക്ക് അരി കൊടുത്തയക്കട്ടെ? പണം വല്ലതും വേണോ?


ഓരോ ദിവസവും ഓരോ ക്ഷേമാന്വേഷണങ്ങളുമായി നരി വരുമ്പോഴൊക്കെ ഹരി വേണ്ടെന്ന് പറയും. പലപ്പോഴും ഹരിക്ക് തോന്നിയിട്ടുണ്ട്, ഈ നരി എത്ര നല്ല മനുഷ്യനാണ്. ഇന്നത്തെ കാലത്ത് ഇത്രയും നല്ല മനുഷ്യൻ ഉണ്ടാകുമോ? 

എന്തൊരു സ്നേഹമാണ് നരിക്ക്, തന്നോടും കുടുംബത്തോടും... 

നരി സഹായ പുരുഷൻ തന്നെ! നരിയുടെ മനസ്സിൽ എന്നും ഈ നന്മ ഉണ്ടാകട്ടെ. നന്മയുടെ നറുനിലാവ് സ്ഥിരമായി പ്രകാശിക്കട്ടെ. 

ഇപ്പോൾ പ്രയാസമൊന്നുമില്ല. നരിയെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്നിങ്ങനെയുള്ള ആത്മഗതങ്ങളാണ് ഹരിയെ ഭരിച്ചിരുന്നത്. 


ഈ നരിക്ക് കണ്ടറിഞ്ഞ് വല്ലതും തന്നൂടെ? എന്തിനാ ഇങ്ങനെ ചോദിക്കുന്നത്? ചിലപ്പോൾ ഹരിക്ക് അങ്ങനെയും തോന്നാതിരുന്നില്ല. 

ഒരു ദിവസം അടുപ്പിൽ തീ പുകയില്ല എന്ന് ഉറപ്പായപ്പോൾ, ഹരിയുടെ ഭാര്യ തൂങ്ങിച്ചാകാൻ കയറ് തെരഞ്ഞ് നടക്കുമെന്നായപ്പോൾ, കുട്ടികൾ കിണറിൻ്റെ ആഴം അളന്നു നോക്കും എന്ന് അറിഞ്ഞപ്പോൾ, നരിയുടെ പേന കൊണ്ടു തന്നെ കൂട്ട ആത്മഹത്യ റിപ്പോർട്ട് ചെയ്യിക്കേണ്ടെന്ന് ഹരിക്ക് തീരുമാനിക്കേണ്ടി വന്നു. 

നരി വന്നപ്പോൾ ഹരി പറഞ്ഞു: 

നരി, കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. നീ കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞങ്ങൾ ചത്തുപോകും. കടം പെരുകി പതിനായിരങ്ങളായി. വീട് ജപ്തി ഭീഷണിയിലാണ്. നീ വിചാരിച്ചാൽ വല്ലതും ചെയ്യാനാവും. 


നരി നിശബ്ദം എല്ലാം കേട്ടു. പതിവുപോലെ ചുണ്ടിൽ പുഞ്ചിരി പ്രകാശിപ്പിച്ചു:  എടോ ഹരി, ജീവിതം എന്ന് പറഞ്ഞാൽ വലിയ നാടകമാണെന്ന് തനിക്കറിയില്ലേ... പകൽ തിരശീല ഉയരുന്നു. രാത്രി തിരശീല താഴുന്നു. അതിനിടയിൽ നമ്മളെല്ലാം നന്നായി അഭിനയിക്കുന്നു. ലോകോത്തര നാടക മത്സരം നടന്നാൽ നിനക്കും എനിക്കുമെല്ലാം ഓസ്കാർ വാങ്ങാൻ കഴിയും. അങ്ങോട്ട് എത്തുക എന്നതായിരിക്കണം ലക്ഷ്യം. ഹരിയെ പോലെ ലോകോത്തര നാടക പ്രതിഭകൾ നമ്മുടെ നാട്ടിൽ തന്നെ അധികം പേരില്ല. ഇനിയും പൊരുതി ജയിക്കണം. ഒരു നേരം പട്ടിണി കിടന്നാലൊന്നും ഒരു പ്രതിഭയും ചാവില്ലടോ… നിസ്സാര പ്രശ്നങ്ങൾ പർവതീകരിച്ച് കാണുന്ന നിൻ്റെ മനസ്സ് ആ പഴയ നാടക സങ്കല്പത്തിൻ്റെ പുളിച്ച പതിപ്പാണ് കേട്ടോ...


നരി പോയത് ഹരി അറിഞ്ഞില്ല. അപ്പോൾ ഹരിയുടെ മനസ്സിൽ പുതിയ നാടകത്തിൻ്റെ വിത്ത് മുളക്കുകയായിരുന്നു.

(മർത്യ ഭാഷ - ഒക്ടോബർ 2001)


www.kathalayam.blogspot.com


പിന്നാമ്പുറം:


പഴയ പത്രക്കെട്ടുകൾ പരതുന്നതിനിടയിലാണ് ഈ കുറിപ്പ് കണ്ടുകിട്ടിയത്. ഇരുപത് വർഷം മുമ്പ് തൃത്താല പടിഞ്ഞാറങ്ങാടിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'മർത്യഭാഷ' മാസികയിൽ അണിയറ എന്ന പേരിൽ 

ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്തിരുന്നു. അന്ന് പത്രപ്രവർത്തക വിദ്യാർത്ഥിയായിരുന്ന എൻ്റെ സുഹൃത്ത് താജീഷ് ചേക്കോട് മാനേജിങ് എഡിറ്ററും, വി.പി.ഹേമന്ത് കുമാർ ചീഫ് എഡിറ്ററും നിർബന്ധിച്ചതുകൊണ്ടാണ് പംക്തി ഏറ്റെടുത്തത്. നാടകത്തെ കുറിച്ചും നാടൻ കലകളെ കുറിച്ചും ഒരു മാസിക എന്ന നിലക്കാണ് മർത്യഭാഷ തുടങ്ങിയത്. ഏതാനും ലക്കങ്ങൾ പുറത്തിറക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞുവെങ്കിലും തുടർച്ച ഉണ്ടായില്ല. എങ്കിലും ഒരു സാഹസത്തിന് മുതിർന്ന സുഹൃത്തുക്കളെ കൈവിടാതെ കൂടെ ചേർന്നു നിൽക്കാൻ സാധിച്ചു എന്നതിൽ ഇപ്പോഴും സന്തോഷമുണ്ട്.

Sunday, 3 October 2021

സ്വയം പ്രകാശിക്കുന്ന ജീവിതം


~~~~~~~~~~~~~~~~~~~~~~~~


ഗ്രന്ഥകാരൻ: സി.രാജഗോപാലൻ

പ്രസാധകർ: അക്ഷരജാലകം ബുക്സ്


സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്ന് ജോയിൻ്റ് ഡയറക്ടറായി വിരമിച്ച സി.രാജഗോപാലൻ്റെ നാലാമത്തെ പുസ്തകമാണ് സ്വയം പ്രകാശിക്കുന്ന ജീവിതം. കൃഷി, പരിസ്ഥിതി, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ രാജഗോപാലൻ, ഒരേ ഭൂമി, ഒരേ ജീവൻ എന്ന മാസികയുടെ എഡിറ്ററും, ജൈവകർഷക സമിതിയുടേയും ഭാരതപ്പുഴ സംരക്ഷണ സമിതിയുടേയും പ്രധാന പ്രവർത്തകനുമാണ്.  


അമ്മ മഴക്കാറ്, ഇടവഴി പച്ചകൾ, നിലാവ് കൊണ്ട് മേഞ്ഞ വീട് എന്നീ ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവായ രാജഗോപാലൻ്റെ ദീപ്ത ചിന്തകളാണ് നാലാമത്തെ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്.  ആകാശവാണിയിൽ ഇവ സുഭാഷിതങ്ങളായി ശ്രോതാക്കളിൽ എത്തിയിട്ടുണ്ട്. നവീന ആശയങ്ങളും ദീപ്ത ചിന്തകളും വഴിഞ്ഞൊഴുകുന്ന  സമ്മോഹന ലിഖിത ചിത്രങ്ങളാണ് സ്വയം പ്രകാശിക്കുന്ന ജീവിതം രേഖപ്പെടുത്തുന്നത്. 


120 പുറങ്ങളിൽ, 

36 തലക്കെട്ടുകളിൽ ചിന്താദീപ്തി നൽകുന്ന ഭിന്ന വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. 

അതേ സമയം സാരാംശം ഏകവും ജീവിതഗന്ധിയുമാണ്. ഉണർത്തുപാട്ട് പോലെയുള്ള ഓരോ സുഭാഷിതവും പുസ്തക താളിലെത്തുമ്പോൾ 

സമ്മോഹന സുഗന്ധമായി മാറുന്നുണ്ട്.


ഭാരതത്തിൻ്റെ ജീവനും ജീവനവുമായ കാലവർഷത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആദ്യ കുറിപ്പ് തുടങ്ങുന്നത്. മണമറിയാത്ത മുറ്റത്തെ മുല്ലയാണ് നമുക്ക് മൺസൂൺ എങ്കിലും മഴപ്പൂരം ആസ്വദിക്കുന്നത് വിദേശികളാണെന്ന് രാജഗോപാലൻ നിരീക്ഷിക്കുന്നു. കാലവർഷത്തിൻ്റെ കനിവുകൊണ്ട് മാത്രം പുലരുന്ന ഒരു സമൂഹമായിട്ടും നമുക്ക് തൊടാൻ കഴിയാത്ത ഒരു സൂക്ഷ്മ ലോകമാണതെന്ന് ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു. 


മഹാത്മാവ് എന്ന വാക്കിൻ്റെ ശരിയായ അർത്ഥം ഏതു ലോകഭാഷയിലും ലളിതവും വ്യക്തവുമായി മനസ്സിലാക്കാവുന്ന ഒരു നിഘണ്ടുവാകുന്നു ഗാന്ധിജിയുടെ ജീവിതം എന്ന് രണ്ടാമത്തെ കുറിപ്പിൽ അദ്ദേഹം എഴുതുന്നു. 


ആരാധനാലയങ്ങളിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്ന കാലത്തും സമൂഹത്തിൽ നിന്ന് നന്മ പടിയിറങ്ങി പോകുന്നതിലുള്ള നൊമ്പരമാണ് അതിരില്ലാതാക്കുന്ന പ്രാർത്ഥനകൾ എന്ന സുഭാഷിതത്തിലുള്ളത്.


നിങ്ങൾ സംസാരിക്കുമ്പോൾ ദൈവം മൗനം പാലിക്കുന്നു. നിങ്ങൾ മൗനം പാലിക്കുമ്പോൾ ദൈവം സംസാരിക്കുന്നു എന്ന് വിശ്വവിഖ്യാതനായ സാഹിത്യകാരൻ ഡോസ്റ്റോവ്സ്കിയുടെ പ്രസിദ്ധമായ നിരീക്ഷണമുണ്ട്. ദൈവം സംസാരിക്കുമ്പോൾ അത് ഏത് ഭാഷയായിരിക്കും? അത് സ്നേഹത്തിൻ്റെ ഏക ഭാഷയായിരിക്കുമെന്നും അതിൻ്റെ ഉള്ളടക്കം ജീവനെ സംബന്ധിച്ച സത്യസൗന്ദര്യങ്ങളായിരിക്കുമെന്നും മൗനം, ഉള്ളിലേക്ക് തുറക്കുന്ന വാതിൽ എന്ന കുറിപ്പിൽ വായിക്കാം.


കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ക്ഷേത്രോത്സവങ്ങളെ കുറിച്ച് ശ്രീനാരായണഗുരു പറഞ്ഞതിൻ്റെ പ്രസക്തി ഇന്ന് വർധിച്ചിട്ടുണ്ടെന്ന് മുളയറയും നിറപറയും എന്ന കുറിപ്പിൽ  ഉണർത്തുന്നതോടൊപ്പം താലപ്പൊലി പാടങ്ങളിൽ നല്ല പുത്തരി വിളയിച്ചെടുക്കണമെന്ന് രാജഗോപാലൻ ഈ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു. ആലും തറയും വിളക്കുമായി, ചേലഞ്ചും കാവിലെ ഉത്സവങ്ങൾ എന്ന് ഇടശ്ശേരി കുറിച്ചിട്ട കാവ്യഭംഗികൾ ഇനിയും നമ്മുടെ ഉത്സവങ്ങളിൽ കതിരിടുവാൻ ഇടവരട്ടെ എന്നും ഗ്രന്ഥകാരൻ പ്രത്യാശിക്കുന്നു. 


വേണ്ടത്ര ശുദ്ധവായു ലഭിക്കാത്തിടത്ത് ഇരുത്തി പഠിപ്പിച്ചാൽ സ്വാഭാവികമായും കുട്ടികൾ ഉറക്കം തൂങ്ങികളും അലസരും അശ്രദ്ധരുമായി തീരും എന്ന് ഹൈടെക് സമുച്ചയ വിദ്യാലയങ്ങളോട് ഉപദേശിക്കുന്ന കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കോടികൾ കിലുങ്ങുന്ന സ്കൂൾ കെട്ടിടങ്ങളാണ് വിദ്യാഭ്യാസ വളർച്ചയുടെ പ്രതീകങ്ങളായി ഉയർത്തി കാണിക്കപ്പെടുന്നത്. വൃക്ഷത്തണൽ നിറഞ്ഞ തുറസ്സുകളിൽ വിദ്യാലയം നടത്തുക എന്നത് അപരിഷ്കൃതമാണെന്നാണ് പരിഷ്കരണവാദികൾ പറയുക. വായുവിനെ നിർമ്മലമാക്കാനും ആരോഗ്യ പൂർണ്ണമാക്കാനും വൃക്ഷങ്ങൾക്ക് മാത്രമേ സാധിക്കൂവെന്ന് ഗ്രന്ഥകാരൻ പറയുമ്പോൾ ആധുനിക സമൂഹത്തിന് രുചിക്കണമെന്നില്ല. 


ജീവപരിണാമത്തിൻ്റെ മുന്നൂറ് കോടി വർഷം നീണ്ട സുദീർഘമായ ചരിത്രത്തിൽ പതിനായിരം വർഷത്തെ കൃഷിയുടെ കാലം പോലും വളരെ ഹൃസ്വമാണ്. അക്കാലം വരെ മറ്റ് ജന്തുജാലങ്ങളെയെന്ന പോലെ മനുഷ്യനേയും തീറ്റിപ്പോറ്റിയത് പ്രകൃതി യാണെന്ന പരമസത്യം നാം മറന്നു പോവുന്നുവെന്ന് ഗ്രന്ഥകാരൻ ഓർമ്മപ്പെടുത്തുന്നു. ഫുക്കുവോക്കയുടെ ഒറ്റ വൈക്കോൽ എന്നത് ഗാന്ധിജിയുടെ ചർക്കപോലെ കരുത്തുറ്റ ഒരു ജീവിത ദർശനമാണെന്ന് ഒടുവിലത്തെ കുറിപ്പിൽ വായിക്കാം.


ഒരു ചരടിൽ കോർത്ത കമ്പിത്തിരി കത്തിക്കയറുന്നതു പോലെ ഓരോ അധ്യായങ്ങളും വായനക്കാരുടെ മനസ്സിൽ പൂത്തിരിയായി പ്രസരിപ്പിക്കുന്ന രചനാരീതി ആകർഷകമാണ്. ജീവിതയാത്രയിൽ വഴി കാട്ടുന്ന നാട്ടു വെളിച്ചങ്ങളാണ് ഓരോ വരിയിലും പ്രകാശിക്കുന്നത്. അസ്വസ്ഥമായ മനുഷ്യന് ഇത്തിരി സ്വാസ്ഥ്യം കിട്ടാനും സാന്ത്വനവും പ്രത്യാശയും ലഭിക്കാനും ഈ ഗ്രന്ഥം ഉപകരിക്കുമെന്നുറപ്പാണ്. 


കലുഷിതമായ ലോകത്ത് ആസുര താണ്ഡവങ്ങളുടെ ആവർത്തന ദൃശ്യങ്ങൾ മാത്രം കണ്ടു ശീലിച്ചവർക്ക് സ്വയം പ്രകാശിക്കുന്ന ജീവിതത്തിൻ്റെ വെളിച്ചം ദൃശ്യമായെന്ന് വരില്ല. നമ്മുടെ ഉള്ളിലുള്ള തിരിനാളം പോലും കെടാതിരിക്കാൻ ശ്രദ്ധിക്കുന്നവരും വിരളമായിരിക്കാം. എന്നിരിക്കിലും ചില നാട്ടു വെളിച്ചങ്ങൾ ഇപ്പോഴും മാനവികതയുടെ നിലാവെട്ടമായി നില നിൽക്കുന്നുണ്ട്. നിസ്വാർത്ഥവും കരുണാർദ്രവുമായ സേവനം നടത്തുന്ന ദേവതുല്യരായ മനുഷ്യർ അങ്ങിങ്ങായ് കഴിയുന്നുണ്ട്. അവരുടെ കൂട്ടത്തിലേക്ക്, സ്വയം പ്രകാശിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ആരെയെങ്കിലും പ്രചോദിപ്പിക്കാൻ ഈ സുഭാഷിത ഗ്രന്ഥത്തിന് കഴിഞ്ഞാൽ കൃതാർത്ഥനായി എന്ന കരുതലാണ് സി.രാജഗോപാലനുള്ളത്.


കൊപ്പം അഭയം എന്ന അഗതികളുടെ ആശാകേന്ദ്രത്തിൻ്റെ സ്ഥാപകൻ പി.കൃഷ്ണനാണ് ഗ്രന്ഥത്തിന് അവതാരിക എഴുതിയിട്ടുള്ളത്. 

ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങ് വെട്ടമായി പ്രകാശം പരത്തുന്ന പി.കൃഷ്ണൻ എന്ന മഹാമനുഷ്യൻ്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ച

ഗ്രന്ഥകാരൻ, അഭയത്തിലെ ഗ്രാമവികസന പ്രവർത്തനങ്ങളെ സർഗ്ഗാത്മകമാക്കാൻ സഹായിച്ചിട്ടുണ്ട്.

സെൻ, ഓഷോ, ജിദ്ദു ചിന്തകൾ ഗ്രന്ഥകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവതാരികയിൽ പി.കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.


പട്ടാമ്പി താലൂക്കിലെ എടപ്പലം ഗ്രാമത്തിൽ ജനിച്ച സി.രാജഗോപാലൻ വാണിജ്യ ശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും മാസ്റ്റർ ബിരുദധാരിയാണ്. പട്ടാമ്പി പള്ളിപ്പുറം ഗോവിന്ദാലയത്തിലാണ് താമസിക്കുന്നത്. അക്ഷരജാലകം ബുക്സിൻ്റെ ആദ്യ പുസ്തകമാണിത്. അക്ഷരജാലകം ഗ്ലോബൽ സാംസ്കാരിക കൂട്ടായ്മയാണ് ഇതിൻ്റെ വിതരണം ഏറ്റെടുത്തിട്ടുള്ളതെന്ന് മുഖവുരയിൽ ഹുസൈൻ തട്ടത്താഴത്ത് എഴുതിയിട്ടുണ്ട്. കന്നി സംരംഭത്തിൽ മികച്ചൊരു ഗ്രന്ഥം പുറത്തിറക്കാൻ സാധിച്ചുവെന്ന് അക്ഷരജാലകത്തിൻ്റെ പ്രവർത്തകർക്ക് അഭിമാനിക്കാം.


   ~~~ ടി.വി.എം അലി ~~~

www.kathalayam.blogspot.com


Tuesday, 7 September 2021

ഒരു കൂടല്ലൂർ വീരഗാഥ

പടിപ്പുര:


എം.ടി.വാസുദേവൻ നായർ എന്ന മഹാപ്രതിഭയെ കുറിച്ച് എഴുതാത്തവരുണ്ടാവില്ല. 

നിരവധി എഴുത്തുകാർ ഇതിനകം അനേകം ലേഖനങ്ങളും പുസ്തകങ്ങളും അനുഭവ കുറിപ്പുകളും  മറ്റും കൈരളിക്ക് സമ്മാനിച്ചിട്ടുണ്ട്. 

കഴിഞ്ഞ കർക്കടകത്തിൽ 88 പിന്നിട്ട എം.ടിയെ കുറിച്ച് പ്രത്യേക പതിപ്പുകളും പുറത്തു വന്നിരുന്നു. 


എഴുത്തിൻ്റെ വഴിയിൽ എത്തിയവരെല്ലാം തീർത്ഥാടകരായി കൂടല്ലൂർ ഗ്രാമത്തിൽ വന്നു പോവാറുണ്ട്. മൂന്ന് പതിറ്റാണ്ടു മുമ്പ് സാഹിത്യ വിദ്യാഭ്യാസ ജ്വര ബാധിച്ച കാലത്ത് ഞാനും കൂടല്ലൂരിലെ നിത്യസന്ദർശകനായിരുന്നു. കഥാകൃത്തും ഫോട്ടോഗ്രാഫറുമായ സുഹൃത്ത് ഗഫൂർ പട്ടാമ്പിയുമൊത്താണ് കൂടല്ലൂരിൽ പോയിരുന്നത്. ഇരുട്ടിയാൽ ബസ്സില്ലാത്ത ആ കാലത്ത് തിരിച്ചുവരവ് മിക്കവാറും നടന്നിട്ടായിരുന്നു. പുഴയോര പാതയിലൂടെ കഥ പറഞ്ഞ് നടന്നൊരു കാലത്തിൻ്റെ ഓർമ്മകൾ രണ്ട് പ്രളയത്തിലും ഒഴുകിപ്പോയിട്ടില്ല. 


അന്ന് വംശാവലിയുടെ കഥ പറഞ്ഞു തന്ന ബാലേട്ടനും ഗോവിന്ദേട്ടനും നാരായണേട്ടനും ഇന്ന് ജീവിച്ചിരിപ്പില്ല. മാടത്ത് തെക്കേപ്പാട്ട് തറവാട്ടിൽ ഇന്ന് താമസക്കാരുമില്ല. രണ്ട് തവണ  പ്രളയജലത്തിൽ മുങ്ങിയ 'അശ്വതി'യും അടഞ്ഞുകിടക്കുകയാണ്.

'അശ്വതി'യുടെ പടിഞ്ഞാറ് ഭാഗത്ത് 'അക്ഷര'യിൽ എം.ടി.യുടെ ചെറിയമ്മയുടെ മകൻ എം.ടി.രവീന്ദ്രൻ എന്ന രവിയേട്ടൻ താമസിക്കുന്നുണ്ട്. കൂടല്ലൂരിൻ്റെ കഥകൾ എഴുതിയും ഓർമ്മകൾ അയവിറക്കിയും കഴിയുന്ന അദ്ദേഹത്തിന് ഒരാഗ്രഹമുണ്ട്: 

എം.ടി.യുടെ എല്ലാ കഥാപാത്രങ്ങളേയും ശില്പങ്ങളാക്കി മാറ്റി കൂടല്ലൂരിനെ ഒരു സാഹിത്യ മ്യൂസിയമാക്കണം. സാഹിത്യ പ്രേമികളുടെ തീർത്ഥാടന ഗ്രാമമാക്കണം. 


കൂടല്ലൂർ വീരഗാഥ എം.ടിയെ കുറിച്ചുള്ള കഥ മാത്രമല്ല. എം.ടിയുടെ വംശാവലിയുടെ കഥയാണ്. എം.ടിയുടെ അച്ഛനമ്മമാരുടെ പൂർവ്വ കഥയാണ്. ജ്ഞാനപീഠം ലഭിക്കുന്നതിനു മുമ്പ് എഴുതപ്പെട്ടതാണ്.  തിരക്കഥയുടെ രൂപത്തിലാണ് കൂടല്ലൂർ വീരഗാഥ എഴുതിയത്. തൃശൂർ എക്സ്പ്രസ് വാരാന്ത പതിപ്പിലാണ് അച്ചടിമഷി പുരണ്ടത്. പുതിയ തലമുറക്ക് വേണ്ടി, വായിച്ചു മറന്നവർക്ക് വേണ്ടി വീണ്ടും സമർപ്പിക്കുന്നു. (ടി.വി.എം.അലി)


കൂടല്ലൂർ ഗ്രാമം. 


നിളയിൽ തൂതപ്പുഴ കൂടുന്ന ഇടം. 

ഇത് എം.ടിയുടെ ഗ്രാമമാണ്. 

മലയാള സാഹിത്യത്തിൽ കൂടല്ലൂരിനെ അനശ്വരമാക്കിയ കഥാകാരൻ്റെ പൂർവ്വകഥ തേടിയാണ് കൂടല്ലൂരിൽ എത്തിയത്. കൂടല്ലൂരിനെ ലോകമറിയുന്നത് എം.ടിയിലൂടെയാണ്. 

എം.ടിയെ വിശ്വ സാഹിത്യകാരനാക്കിയത് കൂടല്ലൂരുമാണ്. മലയാള സാഹിത്യത്തിലും സിനിമയിലും നിത്യ വിസ്മയമായി നിറഞ്ഞുനിൽക്കുന്ന എം.ടി കഥാപ്രപഞ്ചത്തിലെ ശൂന്യതകൾ പൂരിപ്പിച്ച സാഹിത്യകാരനാണ്.


പുഴകൾ പരിണയിച്ചു ഒന്നിക്കുന്ന കൂടല്ലൂരിൽ എത്ര പെറുക്കിയാലും 

തീരാത്തത്രയും കഥകൾ മറഞ്ഞു കിടക്കുന്നുണ്ട്. വേലായുധനും, ഗോവിന്ദൻകുട്ടിയും, 

കോന്തുണ്ണി അമ്മാമയും, മീനാക്ഷിയേടത്തിയുമെല്ലാം കൂടല്ലൂരിൻ്റേതാണെന്ന് എം.ടി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. 


എം.ടിക്ക് തൻ്റെ കഥകളെക്കാൾ പ്രിയപ്പെട്ടതായിരുന്നു കഥകളുടെ കഥകൾ! ഒരു അമൂല്യ നിധി പോലെ അദ്ദേഹം അവയെല്ലാം മനസ്സിൽ സൂക്ഷിക്കുന്നു. വേരുകൾ പറിച്ചു മാറ്റാൻ ആവാത്ത വിധം അഭേദ്യമാം വിധമാണ് എം.ടിക്ക് കൂടല്ലൂർ എന്ന തൻ്റെ ഗ്രാമത്തോടുള്ള ബന്ധം. വ്യത്യസ്തമായ ഭൂതലങ്ങൾ തേടി പലപ്പോഴും അദ്ദേഹം അലയാറുണ്ടെങ്കിലും വീണ്ടും വന്നെത്തുന്നത് കൂടല്ലൂരിൽ തന്നെയാണ്. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അദ്ദേഹം ഇഷ്ടപ്പെടുന്നത് തൻ്റെ പ്രിയപ്പെട്ട നിളാനദിയെയാണ്!


കൂട്ടക്കടവ്.


എടവം കഴിഞ്ഞാലും ചടുലമാവാത്ത പുഴ. ഇടതടവില്ലാതെ മണൽ നിറച്ച് പുഴ നീന്തി കയറുന്ന ലോറികളുടെ നീണ്ട നിര കാണാം. കടവിൽ തോണിയും തോണിക്കാരനും ഇല്ല. ഓളവും തീരവും തമ്മിൽ സമരസപ്പെടുന്നില്ല. ചൂളമിട്ട് കടന്നുപോകുന്ന പടിഞ്ഞാറൻ കാറ്റിൽ മമ്മദ്ക്കയുടെ കെസ്സ് പാട്ടിനുവേണ്ടി കാതോർത്തു. കടവ് പുരയും മമ്മദ്ക്കയും ഇല്ലാത്ത കൂട്ടക്കടവ്. 


അണച്ചുകെട്ടിയ തോണി 

ഓളപ്പാളികളിൽ കുണുങ്ങി നിൽക്കുന്നതും സങ്കല്പിച്ച് ഏറെ നേരം നിന്നു. വേദനയുടെ മന്ദഹാസം പോലെ. 

നേർത്ത പകൽ വെളിച്ചം. മാനവികതയുടെ മഹാനദികൾ മനസ്സിൽ സൂക്ഷിച്ച ബാപ്പുട്ടിയെ ഇവിടെ കണ്ടെത്താനാവുമോ? 

പാതിരാവും പകൽവെളിച്ചവും 

ഇണ ചേരുന്ന മണൽ മെത്തയിൽ കൂർത്ത ഇലകളുള്ള പുല്ലുകളാണ് തഴയ്ക്കുന്നത്.


അശ്വതി.


ആദ്യ നക്ഷത്രത്തിൻ്റെ ഐശ്വര്യം തങ്ങിനിൽക്കുന്ന വീട്.

അശ്വതിയിലിരുന്നാൽ പുഴ കാണാം. പുഴയിൽ ഓളങ്ങൾ ഇളകുന്നതും കാണാം. എം.ടിയുടെ സഹോദരൻ ബാലേട്ടൻ്റെ പറമ്പിൽനിന്ന് 30 സെൻറ് സ്ഥലം വാങ്ങിയാണ് അശ്വതി പണിതത്.

തിരക്ക് പിടിച്ച നഗര ജീവിതത്തിൽ നിന്ന് മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങൾ ഊരിയെടുത്തു എം.ടി അശ്വതിയിൽ കൂടണയാൻ എത്തുക പതിവാണ്. ഇവിടെ വന്നില്ലെങ്കിൽ എം.ടിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടും. നിളയിൽ നീരാടി തിമിർത്ത കുട്ടിക്കാലം ഒരു വേണുഗാനം പോലെ എം.ടിയുടെ മനസ്സിലുണ്ട്. 


ഈ പുഴയും ഈ കടവും ഈ ഗ്രാമവും എല്ലാം എം.ടിയുടെ കഥകളുടെ ഭൂമികയാണ്. ഓരോ എഴുത്തുകാരനും സ്വന്തമായി ഇത്തിരി കൃഷിഭൂമിയുണ്ട്. എഴുതുവാനുള്ള മെറ്റീരിയൽസ് അവിടെ നിന്നാണ് ലഭിക്കുന്നത്. അതിനോട് അയാൾ വല്ലാത്തൊരു വൈകാരിക ബന്ധം പ്രകടിപ്പിക്കുന്നു എന്ന് എം.ടി പ്രസ്താവിക്കുമ്പോൾ തൻ്റെ പൂർവ ബോധത്തിൽ കിടക്കുന്ന കൃഷിഭൂമി കൂടല്ലൂർ ആണെന്ന് അടിവരയിട്ടു ഉറപ്പിക്കുകയാണല്ലോ.


തൃത്താല കുമ്പിടി റോഡ്. 


കൂട്ടക്കടവിൽനിന്ന് അൽപ്പദൂരം 

തെക്കോട്ട് നടന്നാൽ നിരത്തിനോട് ചേർന്ന് പാടം കാണാം.

പാടം മുറിച്ചുകടന്നാൽ താന്നിക്കുന്നിൻ്റെ താഴ്വാരത്ത് എത്താം. ഇവിടെയാണ് എം.ടിയുടെ തറവാട്.

കൂടല്ലൂരിൻ്റെ എല്ലുറപ്പുള്ള താന്നിക്കുന്നും നട്ടെല്ലായ നാലുകെട്ടും. മാടത്ത് തെക്കേപ്പാട്ട് തറവാട്. കൂടല്ലൂരിൻ്റെ ഇതിഹാസങ്ങൾ ലോകത്തിന് കാഴ്ചവെച്ച കാഥികൻ്റെ പണിപ്പുര. 


പണ്ട് പടിപ്പുര ഉണ്ടായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിലത് വീണുപോയി. പടവുകൾ കയറി ചെന്നപ്പോൾ താന്നിക്കുന്നിൻ്റെ ശിരസ്സിൽ മുടിയഴിച്ചാടുന്ന കാറ്റിൻ്റെ ഊറ്റമറിഞ്ഞു. പഴയ പാരമ്പര്യത്തിൻ്റെ ജീവസ്സുറ്റ സ്മരണ പോലെ തറവാട് ഉയർന്നുനിൽക്കുന്നു. 

നാലുകെട്ടും അസുരവിത്തും 

കുട്ട്യേടത്തിയും ഓപ്പോളുമെല്ലാം ഇരുട്ടിൻ്റെ ആത്മാവ് കീറി പുറത്തുചാടുന്നതു പോലെ തോന്നി. 

സർപ്പക്കാവും കേരാദി ഫലവൃക്ഷങ്ങളും നിറഞ്ഞ കാനനഭംഗിയിൽ പ്രകൃതിയുടെ നിറച്ചാർത്ത് പോലെ തറവാട്. പണ്ട് നാലുകെട്ടായിരുന്നു. അല്പസ്വല്പം രൂപമാറ്റം വരുത്തിയിട്ടുണ്ടെങ്കിലും പഴമയുടെ ഗന്ധം വിടാതെ തങ്ങി നിൽക്കുന്നുണ്ട്.


ഫ്ലാഷ് ബാക്ക്. 


ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാദം. വലിയൊരു തറവാട്ടിലെ ക്ഷീണിത 

താവഴിക്കായിരുന്നു തെക്കേപ്പാട്ടുകാർ. ഇവിടെ നാരായണി അമ്മയും നാലു മക്കളും. (രണ്ടാണും രണ്ടു പെണ്ണും).


നാരായണി അമ്മയുടെ മൂത്ത മകളാണ് അമ്മാളുക്കുട്ടി. അവൾക്ക് വിവാഹ പ്രായമായി. മനസ്സിൽ സ്വപ്നങ്ങൾ പൂത്തു നിൽക്കുന്ന കാലമാണ്. താന്നിക്കുന്നിലും താഴ്വാരത്തിലും പുഴയിലും പാടവരമ്പിലും ഒരു പൂത്തുമ്പി പോലെ അമ്മാളു പാറി നടന്നു. ഒരു ദിവസം അമ്മാളു അപരിചിതനായ 

ഒരു യുവാവിനെ കാണാനിടയായി. 

ആഗതനെ കുറിച്ച് അറിയുവാൻ അവളിൽ ആകാംക്ഷ വളർന്നു. 


ആഗതൻ പുന്നയൂർക്കുളത്തുകാരനാണ്.

പേര് നാരായണൻനായർ. 

പുന്നയൂർക്കുളത്തുകാരനായ തെണ്ടിയത്ത് വീട്ടിൽ നാരായണൻനായർ, മാടത്ത് തെക്കേപ്പാട്ട് വീട്ടിലെ അമ്മാളുവുമായി ലോഹ്യത്തിലാവാൻ അധികനാൾ വേണ്ടി വന്നില്ല.


അയാൾ മെട്രിക്കുലേഷൻ പാസായി വെറുതെ നടക്കുകയാണ്. അയാൾക്ക് കൂടല്ലൂരിൽ ഒരു സതീർത്ഥ്യനുണ്ട്. പാറക്കുളങ്ങര ഗോവിന്ദമേനോൻ. (പിന്നീട് ഗോവിന്ദമേനോൻ സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചു). 


ഉപരിപഠനത്തിന് മദ്രാസിൽ പോകണമെന്നായിരുന്നു നാരായണൻനായർ ആഗ്രഹിച്ചിരുന്നത്. അക്കാര്യത്തെക്കുറിച്ച് 

ആലോചിക്കാനാണ് അയാൾ കൂടല്ലൂർ വന്നത്. എന്നാൽ ഒരു നിയോഗം പോലെ അയാൾ കൂടല്ലൂരിൽ തങ്ങി. 

പള്ളിമഞ്ഞാലിൽ കുഞ്ഞുമുഹമ്മദ് സാഹിബിൻ്റെ മക്കളെയും മറ്റും പഠിപ്പിക്കാൻ നിയുക്തനാവുകയും ചെയ്തു. അക്കാലത്താണ് നാരായണൻ നായർ അമ്മാളുവിനെ പരിണയിച്ചത്.


പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റ്.


കൂടല്ലൂരിൽ നിന്ന് സുമാർ 70 കിലോമീറ്റർ ദൂരം കാണും പുതുക്കാട്ടേക്ക്. നാരായണൻ നായർ പുതുക്കാട് പാലപ്പിള്ളി എസ്റ്റേറ്റിൽ ക്ലാർക്കായി ചേർന്നു. ഇക്കാലത്താണ് അമ്മാളു സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്. അമ്മാളു പുലരും മുമ്പ് കൂടല്ലൂരിൽ നിന്ന് പുറപ്പെടും. 70 കിലോമീറ്റർ നടക്കണം. വാഹനങ്ങൾ ഒന്നുമില്ല. നടന്നേ പറ്റൂ. തൃശ്ശൂർ വഴി നടന്ന് പാലപ്പള്ളി എസ്റ്റേറ്റിൽ എത്തുമ്പോൾ രാത്രിയാവും. കൂടെ ആങ്ങള പയ്യൻ ഉണ്ടാവും. ഇത്രയും ദൂരം നടന്നു ചെന്നാണ് അമ്മാളു ഭർതൃസന്നിധിയിൽ എത്തിയിരുന്നത്. ഇന്നത് ആലോചിക്കാൻ പോലുമാവാത്ത കാര്യമാണ്. 


പുന്നയൂർക്കുളത്ത് ഭർതൃഗൃഹത്തിൽ അമ്മാളു അധികനാൾ നിന്നിട്ടില്ല. 

നാരായണൻ നായർക്ക് അതത്ര താല്പര്യമുള്ള കാര്യമായിരുന്നില്ല. അമ്മാളു ഗർഭിണിയായിരിക്കെയാണ് നാരായണൻ നായർ സിലോണിലേക്ക് പോയത്. അവിടെ തലശ്ശേരിക്കാരനായ ടി.പി കുഞ്ഞുമൂസയുടെ കമ്പനിയിൽ മാനേജരായി ചേർന്നു. 


അതിനിടയിൽ അമ്മാളു ഗോവിന്ദനെ പ്രസവിച്ചു. സീമന്തപുത്രനെ ലാളിച്ച്  വർഷമൊന്ന് തള്ളിനീക്കിയ അമ്മാളുവിന് ഒരു ദിവസം ഭർത്താവിൻ്റെ സന്ദേശം കിട്ടി. കുഞ്ഞിനെയുമെടുത്ത് ഉടനെ 

പുറപ്പെടണം എന്നായിരുന്നു സന്ദേശം. നാരായണൻ നായർ ധനുഷ്കോടി മണ്ഡപം ക്യാമ്പിൽ കാത്തു നിൽക്കാം എന്നും അറിയിച്ചിരുന്നു. 


സാഹസികത അമ്മാളുവിൻ്റെ കൂടപ്പിറപ്പാണല്ലോ. പുതുക്കാട്ടേക്ക് നടന്നുപോയ അനുഭവമുണ്ട്. വരുന്നതു വരട്ടെ എന്ന് നിനച്ച് അമ്മാളു പുറപ്പെട്ടു. 

പൈതലിനെ തോളിലിട്ട് പതിനാറുകാരനായ പയ്യനെ കൂട്ടിയാണ് യാത്ര. അമ്മാളുവിൻ്റെ അപാര ധൈര്യം കണ്ടു നാട്ടുകാർ അത്ഭുതം കൂറി. അന്ന് തീവണ്ടിയാത്ര ആലോചിക്കുമ്പോൾ തന്നെ കിടിലം കൊള്ളണം. യാത്രക്കാരെ കവർച്ച ചെയ്യുന്ന കൊള്ളക്കാരുടെ കാലമാണ്. ഏതായാലും അതൊരു സാഹസിക യാത്രയായിരുന്നു.

ധനുഷ്കോടി മണ്ഡപം ക്യാമ്പിൽ വച്ചാണ് നാരായണൻ നായർ പ്രഥമ പുത്രനെ കാണുന്നത്. 


സിലോൺ. 


ഭർത്താവിനൊപ്പം അമ്മാളു സിലോണിൽ കുടുംബ ജീവിതം ആരംഭിച്ചു. ഗോവിന്ദനെ തമിഴ് സ്കൂളിൽ ചേർത്തു. കൂടല്ലൂരിൽ ജനിച്ചു വളർന്ന അമ്മാളുവിന് സിലോൺ ജീവിതവും തമിഴ് പേച്ചും സഹിക്കാനാവുമായിരുന്നില്ല. മകൻ്റെ തമിഴ് പേച്ച് കേട്ട് അമ്മാളു ഭയന്നു. ഗോവിന്ദന് വയസ്സായപ്പോൾ അമ്മാളു ബാലനെ പ്രസവിച്ചു. 


കൂടല്ലൂരും താന്നിക്കുന്നും  പുഴയും പാടവും ഇടവഴിയും എല്ലാം അമ്മാളുവിൻ്റെ മനസ്സിൽ പച്ച പിടിച്ചിരുന്നു. തൻ്റെ പൊന്നോമന മക്കൾ തമിഴന്മാരായി വളരുകയാണ് എന്ന വിചാരം ആ അമ്മയെ വല്ലാതെ വേദനിപ്പിച്ചു.


1928ൽ രണ്ടു മക്കളെയും കൂട്ടി 

അവർ സിലോൺ വിട്ടു. മക്കളെ മലയാളികളാക്കി വളർത്താനുള്ള ഉൾക്കടമായ അഭിനിവേശം അവർക്ക് ഇല്ലായിരുന്നുവെങ്കിൽ മലയാളസാഹിത്യം എത്രമേൽ ദരിദ്രമാവുമായിരുന്നു? 

തൻ്റെ സുഖവും സന്തോഷവും മാത്രം ഇച്ഛിച്ചിരുന്നുവെങ്കിൽ അമ്മാളു സിലോണിൽ തന്നെ തങ്ങുമായിരുന്നുവല്ലോ. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കൂടല്ലൂരും 

തെക്കേപ്പാട്ട് തറവാടും, എം.ടിയുമെല്ലാം അറിയപ്പെടാത്ത ഏതോ ഗ്രഹത്തിൽ അകപ്പെടുമായിരുന്നു. 


വീണ്ടും കൂടല്ലൂരിൽ 


താന്നിക്കുന്നിൻ്റെ ചരിവിലുള്ള ഒരു മൺകുടിലിലാണ് അമ്മയും മക്കളും താമസിച്ചത്. സുഭിക്ഷമായ സിലോൺ ജീവിതത്തിൽനിന്ന് വിരുദ്ധമായിരുന്നു കാര്യങ്ങളുടെ കിടപ്പ്.

ചാക്കരി കഞ്ഞി കുടിച്ചാണ് കുട്ടികൾ വളർന്നത്. വളരെ ദാരിദ്ര്യം നിറഞ്ഞ കാലഘട്ടമാണ് പിന്നിട്ടത്. എങ്കിലും ഗോവിന്ദനെ വീട്ടിലിരുത്തി മലയാളം പഠിപ്പിക്കാൻ കിഴക്കേപ്പാട്ട് ശങ്കരൻ നായരെ നിയോഗിച്ചു.


ഒരു വർഷംകൊണ്ട് ഗോവിന്ദൻ മലയാളം നന്നായി പഠിച്ചു. തുടർന്ന് ആറു നാഴിക ദൂരെയുള്ള 

കുമരനല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ഗോവിന്ദനെ ചേർത്തു. 

മലമക്കാവ് ഡിസ്ട്രിക്റ്റ് ബോർഡ് എലിമെൻ്ററി സ്കൂളിൽ ബാലനെയും ചേർത്തു. 


സിലോണിൽ നിന്ന് നാരായണൻ നായർ അയക്കുന്ന തുക കൊണ്ടാണ് നാളുന്തിയിരുന്നത്. വീട്ടിൽ ഏഴ് പേരുണ്ടായിരുന്നു. അമ്മാളു, ഗോവിന്ദൻ, ബാലൻ, അമ്മാളുവിൻ്റെ അച്ഛനും അമ്മയും രണ്ട് അനിയന്മാരും. പിന്നെ ആശ്രിതർ വേറെയും. വളരെ അരിഷ്ടിച്ച് കഴിഞ്ഞുപോന്ന ആ കാലഘട്ടം എം.ടിയുടെ ജനനത്തിനു മുമ്പായിരുന്നു. പിന്നീടാണ് അഞ്ചുവയസ്സിൻ്റെ അകലമിട്ട് നാരായണനും വാസുവും ജനിച്ചത്. 


തെക്കേപ്പാട്ട് തറവാട്ടിലെ പൂമുഖം. 


വാസു കൂടല്ലൂരിൽ വന്നാൽ തറവാട്ടിൽ നിന്നാണ് ഊണു കഴിക്കുക പതിവ്. ചിലപ്പോൾ അശ്വതിയിലേക്ക് ഊണ് കൊടുത്തു വിടും. 


മൂത്ത ജേഷ്ഠൻ ഗോവിന്ദൻ മാഷ് അടിയുറച്ച ഗാന്ധിയനായിരുന്നു.

1967ൽ സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ചത് ഗോവിന്ദൻ മാഷ്ക്കായിരുന്നു. എസ്.എസ്.എൽ.സി യിലും, ബി.എയിലും റാങ്ക് നേടിയിട്ടുണ്ട്. മദ്രാസും, ആന്ധ്രയും, മലബാറും ഉൾപ്പെടുന്ന പഴയ മദിരാശി സംസ്ഥാനത്തിൽ പി.എസ്.സി പരീക്ഷയിലും അദ്ദേഹം റാങ്ക് നേടിയിട്ടുണ്ട് 


1943ൽ മദിരാശി സെക്രട്ടറിയേറ്റിൽ 

യു.ഡി.ക്ലാർക്ക് ആയി ജോലി ലഭിച്ചതാണ്. പക്ഷേ നിർഭാഗ്യം കൊണ്ടത് നഷ്ടപ്പെട്ടു. ഗോവിന്ദൻ കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് സി.ഐ.ഡി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ജോലി നഷ്ടപ്പെട്ടത്. 

ചീഫ് സെക്രട്ടറിയുടെ പദവി വരെ എത്തേണ്ടതായിരുന്നു, ജോലിയിൽ ഉണ്ടായിരുന്നുവെങ്കിൽ. പിന്നീട് മദ്രാസിൽ ബാച്ചിലർ ഓഫ് ടീച്ചിങിൽ ചേർന്നു. 


തുടർന്ന് മലബാർ ഡിസ്ട്രിക്റ്റ് 

ബോർഡിൻ്റെ കീഴിലുള്ള നിരവധി ഹൈസ്കൂളുകളിൽ അദ്ധ്യാപക വൃത്തി ചെയ്തു. ഒടുവിൽ കുമരനെല്ലൂർ ഹൈസ്കൂളിൽ നിന്നാണ് അടുത്തു പറ്റിയത്. ഭാര്യയും അഞ്ചു മക്കളും ഉണ്ട് തെക്കേപ്പാട്ടിലെ കാരണവരായി ഗോവിന്ദൻ മാഷ് പൂർവ്വ സ്മൃതികൾ അയവിറക്കി ഏറെ കാലം ജീവിച്ച ശേഷമാണ് മരണപ്പെട്ടത്.


പത്തായപുര.


തറവാടിനോട് ചേർന്ന് തെക്കു ഭാഗത്താണ് എം.ടി.എൻ നായർ 

എന്ന നാരായണൻ നായർ താമസിച്ചിരുന്നത്. പഴയ പത്തായപ്പുരയുടെ സ്ഥാനത്താണിത് പണിതിട്ടുള്ളത്. എം.ടി.എൻ നായർ എം.ടിയുടെ നേരെ മൂത്ത ജേഷ്ഠൻ ആണ്. ആദ്യകാലത്ത് ധാരാളം കവിതകൾ ഇദ്ദേഹം എഴുതിയിട്ടുണ്ട്. നിരവധി കഥകളും രചിച്ചിട്ടുണ്ട്. 

1945 ലാണ് കവിതകൾ എഴുതാൻ തുടങ്ങിയത്. യോഗക്ഷേമം, ജയകേരളം, മംഗളോദയം, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ആണ് കഥകൾ വന്നിട്ടുള്ളത്. 


31 വർഷം റെയിൽവേയിൽ ജോലി ചെയ്തു. ഒടുവിൽ കൺട്രോളർ പദവിയിൽ നിന്നാണ് വിരമിച്ചത്. നിരവധി ഇതര ഭാഷാ ഗ്രന്ഥങ്ങൾ വിവർത്തനം നടത്തിയിട്ടുണ്ട്.

കവാബത്തയുടെ ഹിമഭൂമി, 

സാർത്രെയുടെ എറോസ്റ്റ് റാറ്റസ്, ജെ.കൃഷ്ണമൂർത്തിയുടെ അറിഞ്ഞതിൽ നിന്നുള്ള മോചനം, 

ജീവിതത്തിൻ്റെ ദാർശനികത, കാഫ്കയുടെ മെറ്റമോർഫസിസ്, 

ലോക കഥ തുടങ്ങിയവയാണ് മൊഴിമാറ്റം ചെയ്യപ്പെട്ട പ്രധാന ഗ്രന്ഥങ്ങൾ. ഉദ്യോഗസ്ഥരായ രണ്ട് പെൺമക്കൾ ഉൾപ്പെടെയുള്ള കുടുംബം പാലക്കാട്ടാണ് താമസിച്ചിരുന്നത്. ഏതാനും വർഷം മുമ്പ് എം.ടി.എൻ മരണപ്പെട്ടു.


ബാലേട്ടൻ 


പുഴക്ക് അഭിമുഖമാണ് എം.ടി.ബി നായർ എന്ന ബാലേട്ടൻ്റെ വീട്. പുന്നയൂർക്കുളത്ത് നിന്ന് അച്ഛൻ്റെ ഓഹരി വിറ്റുകിട്ടിയ തുക കൊണ്ട് ഒരേക്കർ നിലം വാങ്ങിയാണ് വീട് പണിതത്. ഇതിൽ നിന്നാണ് 'അശ്വതി' പണിയാൻ എം.ടിക്ക് 30 സെൻറ് സ്ഥലം നൽകിയത്. 


എം.ടി.ബി നായർ എന്ന ബാലേട്ടൻ റെയിൽവേയിലെ ജോലി ഒഴിവാക്കിയ ശേഷം പിന്നീട് കോഴിക്കോട് നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ദിനപ്രഭയിൽ 

രണ്ടുവർഷം സബ് എഡിറ്ററായി പ്രവർത്തിച്ചു. അന്ന് തിക്കോടിയനും കൂടെയുണ്ടായിരുന്നു. രണ്ടുവർഷം കഴിഞ്ഞതും പത്രം നിന്നു. 


1950ൽ തൃശ്ശൂർ എക്സ്പ്രസിൽ ആറുമാസത്തോളം സബ് എഡിറ്ററായി. എ.പി.പി നമ്പ്യാർ അവധിയെടുത്ത കാലത്താണിത്. ജേർണലിസം കൊണ്ട് ജീവിക്കാനാവില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു ബ്രിട്ടീഷ് കമ്പനിയിൽ

സെയിൽസ് വിഭാഗത്തിൽ 

പ്രവേശിച്ചു. 32 വർഷം പ്രസ്തുത കമ്പനിയെ സേവിച്ചു. ഇക്കാലത്ത് കേരളത്തിന് പുറത്തും സഞ്ചരിച്ചു. ആദ്യകാലത്ത് ധാരാളം കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഫോട്ടോഗ്രാഫിയിൽ ആണ് കൂടുതൽ കമ്പം. എം.ടി.ബി നായരുടെ രണ്ട് സീരിയലുകൾ ദൂരദർശൻ സംപ്രേഷണം ചെയ്തിട്ടുണ്ട്. എം.ടി.ബി നായർക്ക് നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്. മരണപ്പെട്ട മകൻ മധു തെക്കേപ്പാട്ട് അറിയപ്പെടുന്ന ഫോട്ടോഗ്രാഫറായിരുന്നു.  

ബാലേട്ടൻ മരണപ്പെട്ട ശേഷം ഇവിടെ സന്ദർശകരുടെ ബാഹുല്യം കണ്ടിട്ടില്ല. 


വാസുവിൻ്റെ പൂർവ്വകഥ: ഫ്ലാഷ് ബാക്ക്. 


1933ലാണ് അമ്മാളുകുട്ടി നാലാമത്തെ മകനെ പ്രസവിച്ചത്. മൂന്നാൺമക്കൾക്ക് ശേഷം നാലാം പേറ് പെണ്ണാവണമെന്ന് അമ്മാളു ആഗ്രഹിച്ചു കാണും. നിൻ്റെ ഓർമ്മയ്ക്ക് എന്ന കഥയിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്: 

ഞങ്ങൾ നാലാൺമക്കളാണ്. സഹോദരിമാർ ആരുമില്ല. പാറുവമ്മയുടെ അഭിപ്രായത്തിൽ അതാണ് അമ്മയുടെ ഏറ്റവും വലിയ സുകൃതം. ഒരു പെൺകുട്ടി ഉണ്ടാവാൻ അമ്മയും അച്ഛനും ആഗ്രഹിച്ചിരുന്നു. മൂന്നാൺമക്കൾക്കു ശേഷം അമ്മ ഗർഭിണിയായപ്പോൾ കണിയാർ പറഞ്ഞു, ഇത് പെൺകുട്ടി തന്നെ. എല്ലാവർക്കും സന്തോഷമായി. ചെയ്യാത്ത വഴിപാടുകളും കയറാത്ത അമ്പലങ്ങളുമില്ല. പക്ഷേ പ്രതീക്ഷകളെല്ലാം തട്ടിമാറ്റിക്കൊണ്ട് ഒരു ചാവാളി ചെറുക്കൻ ഭൂജാതനായി. വിനയപൂർവ്വം അറിയിച്ചുകൊള്ളട്ടെ 

ആ നിർഭാഗ്യവാൻ ഞാനാണ്. ഒരു മകളുടെ സ്ഥാനത്ത് വന്ന് പിറന്നത് കൊണ്ടായിരിക്കാം അമ്മയുടെ വക ധാരാളം അടി വന്നുചേരാറുണ്ട്. ഏട്ടന്മാരും ഇടയ്ക്കെല്ലാം ദ്രോഹിക്കും. തനിച്ചിരിക്കുമ്പോൾ എൻ്റെ ദുരവസ്ഥയെപ്പറ്റി ഞാൻ ഓർത്തുപോവും. 


ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരു പഴയ താളാണ് ഈ കഥയെന്ന് എം.ടി. എഴുതിയിട്ടുണ്ട്. കുടുക്കുകൾ വേറിട്ട ഒരു മുഷിഞ്ഞ കാലുറ അരയിൽ കുടുക്കി നിർത്തിയാണ് വാസു എന്ന കഥാപാത്രം നടക്കുന്നത്. പത്തോ പതിനൊന്നോ വയസ്സാണ് അവന്. അമ്മാളു അമ്മയുടെ മകൻ വാസു വല്ലാത്ത വികൃതിയും വല്യേ വാശിക്കാരനുമായിരുന്നു. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കും.  ഒടുവിൽ കരച്ചിൽ നിർത്താൻ ഒരു വഴി കണ്ടുപിടിച്ചു. വാസുവിൻ്റെ കൈപിടിച്ചു ബാലേട്ടൻ പുഴയിൽ ചെന്നിരിക്കും. പുഴ കണ്ട് അവൻ ശാന്തനാകും. പിന്നെ വാശിയോ ശാഠ്യമോ ഒന്നുമുണ്ടാവില്ല. പുഴയിലെ ഓളങ്ങൾ നോക്കി ഏറെ നേരം അവൻ ഇരിക്കും. പിന്നെ തിരിച്ചു പോരും. പലപ്പോഴും ഇതായിരുന്നു പതിവ്.


മൂന്നാം വയസ്സിലാണ് വാസുവിനെ എഴുത്തിനിരുത്തിയത്. കോപ്പൻ മാഷ് നടത്തിയിരുന്ന സ്വകാര്യ വിദ്യാലയത്തിലാണ് ആദ്യാക്ഷരങ്ങൾ പഠിച്ചത്. അവിടെ മൂന്ന് ക്ലാസാണ് ആകെ ഉണ്ടായിരുന്നത്. രണ്ടുവർഷം കൊണ്ട് മൂന്നാം ക്ലാസ് വരെയുള്ള പാഠങ്ങൾ പഠിച്ചു. അഞ്ചാം വയസ്സിൽ മലമക്കാവ് എലിമെൻ്ററി സ്കൂളിൽ  ചേർത്തു. 


ഏഴാം വയസ്സിൽ അഞ്ചാം തരം വരെയുള്ള എല്ലാ പാഠങ്ങളും പഠിച്ചു തീർത്തു. അവന് അസാമാന്യ ബുദ്ധിയായിരുന്നു. എട്ടാം വയസ്സിൽ കുമരനെല്ലൂർ ഹൈസ്കൂളിൽ ഫസ്റ്റ് ഫോമിൽ ചേർന്നു. പതിനാലാം വയസ്സിൽ എസ്.എസ്.എൽ.സി പാസ്സായി. മിടുക്കനായ വിദ്യാർത്ഥി എന്ന പരിഗണനയിൽ എല്ലാവർഷവും സ്റ്റൈപ്പൻ്റ് കിട്ടിയിരുന്നു. 

പ്രൈമറി ക്ലാസ്സിൽ ഡബിൾ പ്രമോഷനും ഫസ്റ്റ് ഫോം തൊട്ട് സ്റ്റൈപ്പൻഡ് നേടിയ വാസുവിന് രണ്ടുവർഷം ഉഴപ്പി നടക്കേണ്ടി വന്നു. 


പതിനാലാം വയസ്സിൽ എസ്.എസ്.എൽ.സി പാസ്സായങ്കിലും കോളേജിൽ ചേരാൻ 16 തികയണമായിരുന്നു. ഇക്കാലത്താണ് സാഹിത്യകൃതികളുമായി വാസു സഹവാസത്തിലായത്. അതിനുമുമ്പുതന്നെ ഏട്ടന്മാരുടെ കഥകളും കവിതകളും അച്ചടിച്ചു വന്നിരുന്നതും വാസുവിനെ പ്രചോദിപ്പിച്ചു കാണണം.


അഞ്ച് നാഴിക ദൂരെയാണ് വായനശാല. ആനക്കര ഗോവിന്ദ കൃഷ്ണാലയം വായനശാലയിൽ ധാരാളം ഗ്രന്ഥശേഖരം ഉണ്ടായിരുന്നു. എല്ലാ ആനുകാലികങ്ങളും അവിടെ എത്തിയിരുന്നു. ഉച്ചയൂണ് കഴിഞ്ഞാൽ ഒരു നടത്തമാണ്. സന്ധ്യവരെ അവിടെ കൂടും. ഇക്കാലത്താണ് അച്ഛൻ സമ്പാദ്യവുമായി സിലോണിൽ നിന്ന് വന്നതും തെക്കേപ്പാട്ട് തറവാട് വിലക്കെടുത്തതും.


എഴുത്തിൻ്റെ വഴിയിലൂടെ...


1947ലാണ് തുടക്കം. ആദ്യം എഴുതിയത് ലേഖനമായിരുന്നു. രത്നവ്യവസായത്തെ പറ്റിയാണ് എഴുതിയത്. മദ്രാസിൽനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന ചിത്രകേരളം മാസികയിലായിരുന്നു വിഷുക്കൈനീട്ടം എന്ന ആദ്യ കഥ അച്ചടിച്ചുവന്നത്. ബാലേട്ടനാണ് ഈ കഥയ്ക്ക് ഇല്യുസ്ട്രേഷൻ വരച്ചത്. 


പതിനാറ് തികഞ്ഞപ്പോൾ പാലക്കാട് വിക്റ്റോറിയയിൽ ചേർന്ന് പഠിക്കുന്ന സമയത്താണ് രക്തം പുരണ്ട മൺതരികൾ എന്ന കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. ഇതിന് മുൻകൈയെടുത്തത് സഹപാഠികളായിരുന്നു. പിന്നീട് മാതൃഭൂമി നടത്തിയ ലോക കഥാമത്സരത്തിൽ വളർത്തുമൃഗങ്ങൾ എന്ന കഥ മലയാള വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി. ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 


കേന്ദ്രബിന്ദു. 


കഥകളിലേക്ക് കടക്കാം. നിരവധി കഥകളിൽ വാസു തന്നെയാണ് കേന്ദ്രബിന്ദു. ബാല്യകാലം ചിത്രീകരിക്കുന്ന കഥകളിൽ കാൽപ്പനികത തുളുമ്പി നിൽക്കുന്നു. അദ്ദേഹം കഥ പറയുന്നില്ല; കഥ അനുഭവിപ്പിക്കുകയാണ്. ഹൃദയത്തോടാണ് കഥ സംവദിക്കുന്നത്. കഥാപാത്രങ്ങൾ നിലവിളിക്കുകയല്ല, തേങ്ങിക്കരയുകയാണ്. ഇതൊരു നീറുന്ന നൊമ്പരമായി മനസ്സിൽ തങ്ങിനിൽക്കും. 


തെറ്റും തിരുത്തും, പടക്കം, നിൻ്റെ ഓർമ്മയ്ക്ക് എന്നീ കഥകളിൽ കഥാനായകൻ വാസു തന്നെയാണ്. 

നീലക്കടലാസിലെ വേണുവിനെയും, നുറുങ്ങുന്ന ശൃംഖലകളിലെ ശേഖരനേയും, ഒരു പിറന്നാളിൻ്റെ ഓർമ്മയിലെ കുഞ്ഞികൃഷ്ണനെയും, ഓപ്പോളിലെ അപ്പുവിനെയും കണ്ടെടുത്തത് പൂർവ്വബോധത്തിൻ്റെ സ്മരണയിൽ നിന്നാവാതെ തരമില്ലല്ലോ. 


ഇരുട്ടിൻ്റെ ആത്മാവ്.


അകത്തു നിന്നും ഒരു കോലാഹലം 

ഉമ്മറത്തേക്ക് നീങ്ങി വരികയാണ്. 

ഭ്രാന്തൻ! ഭ്രാന്തൻ! വേലായുധൻ പിന്നെ നിന്നില്ല. ചുണ്ടുകൾ നനച്ചപ്പോൾ ഉപ്പ് ചുവച്ചു. നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങിയ ചോരയാണ്. കാലിലെ ചങ്ങല കഷ്ണവും വലിച്ചുകൊണ്ട് വേലായുധൻ പടിയിറങ്ങി. ശരീരം തളർന്നു വീഴാറായിരുന്നു. എങ്കിലും ഒരു ചുഴലിക്കാറ്റിൻ്റെ വേഗത്തിൽ അവൻ ഓടി.


ഓടിവരുന്നത് ഇരുട്ടിൻ്റെ ആത്മാവിലെ വേലായുധനാണ്. വാസുവിന് അന്ന് ഏഴോ എട്ടോ ആണ് പ്രായം. അന്നാണ് വാസു വേലായുധനെ കണ്ടത്. ഭ്രാന്തൻ വേലായുധൻ വീട്ടിൽ കയറി വന്ന രംഗം എം.ടിയുടെ മനസ്സിൽ ഇപ്പോഴുമുണ്ട്. വടക്കേ വീട്ടിൽ നിന്ന് രക്ഷപ്പെട്ടാണ് അവൻ വന്നത്. കോലായിലേക്ക് അവൻ കയറി. നിലവിളക്കിൻ്റെ വെളിച്ചത്തിൽ വേലായുധനെ കണ്ടു. മാളോടത്തി എനിക്കിത്തിരി ചോറ് തരൂ... അവൻ അമ്മയോട് പറഞ്ഞു. കുഞ്ഞുനാളിൽ കണ്ട വേലായുധൻ ഇരുട്ടിൻ്റെ ആത്മാവിൽ അനശ്വരനായത് എത്രയോ വർഷങ്ങൾക്കു ശേഷമാണ്. അതെഴുതുമ്പോൾ എം.ടിക്ക് 20 വയസ്സ് കഴിഞ്ഞു കാണും. ഒരു വ്യാഴവട്ടക്കാലം മനസ്സിൽ ജീവിച്ചതിനുശേഷമാണ് വേലായുധൻ ഇരുട്ടിൻ്റെ ആത്മാവിലെ അനശ്വര കഥാപാത്രമായത് എന്നോർക്കുമ്പോൾ എം.ടിയുടെ തപസ്യയുടെ ആഴം കാണാനാകും. 


വെള്ളിനാണയം.


എം.ടി ബി.എസ്.സിക്ക് പഠിക്കുകയാണ്. അക്കാലത്താണ് അമ്മയ്ക്ക് ക്യാൻസർ പിടിപെട്ടത്. അമ്മയെ ചികിത്സിക്കാൻ മദ്രാസിലേക്ക് കൊണ്ടു പോകുകയാണെന്ന് വാസുവിന് വിവരം കിട്ടി. വീട്ടിലെത്താൻ വാസുവിൻ്റെ മനസ്സ് തുടിച്ചു. പക്ഷേ പരീക്ഷയുടെ വാൾമുനയാണ് ശിരസ്സിൽ. 

അമ്മയെ തീവണ്ടിയിലാണ് കൊണ്ടുപോകുന്നത്. വിവരമറിഞ്ഞ് വാസു ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഓടി. 


തീവണ്ടിയിൽ അമ്മയുണ്ടായിരുന്നു. 

മകൻ അമ്മയെ കണ്ടു. അമ്മ മകൻ്റെ ശിരസ്സിൽ തലോടി. അത് അമ്മയുടെ അവസാനത്തെ അനുഗ്രഹമായിരുന്നു എന്ന് കരുതിയില്ല. വണ്ടി ചൂളം വിളിച്ച് നീങ്ങാൻ തുടങ്ങും മുമ്പ് അമ്മ കോന്തല അഴിച്ച് ഒരു വെള്ളിനാണയം എടുത്തു മകൻ്റെ കരം കവർന്ന്  ഉള്ളംകൈയിൽ അത് വെച്ചുകൊടുത്തു. അതിൽ അമ്മയുടെ സ്നേഹം മുഴുവൻ ഉണ്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ വിട ചൊല്ലിയപ്പോൾ അത് ഒടുക്കത്തെ കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. ആ വെള്ളിനാണയമാണ് 

സർവ്വ ഐശ്വര്യങ്ങളുടേയും ഉറവിടം എന്ന് പറയാം. അതിനുശേഷം എം.ടിക്ക് പണവും പ്രശസ്തിയും പെരുകി കൊണ്ടിരുന്നു. അമ്പത്തി അഞ്ചാം വയസ്സിൽ അമ്മ മരണപ്പെടുമ്പോൾ വാസു ബി.എസ്.സി പരീക്ഷ എഴുതുകയായിരുന്നു. അമ്മ മരിച്ച വിവരം വാസുവിനെ അറിയിച്ചില്ല. പരീക്ഷയ്ക്ക് വിഘ്നം വരാതിരിക്കാൻ വേണ്ടിയാണ് അറിയിക്കാതിരുന്നത്. 

പരീക്ഷ തീർന്നതും വാസുവിനെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. 


വാസു ബി.എസ്.സി പാസായി. പാലക്കാട് എം.വി ട്യൂട്ടോറിയലിൽ എം.ടി.വാധ്യാരായി ചേർന്നു. നല്ല വാഗ്മി ആയിരുന്നതിനാൽ വിദ്യാർഥികൾക്കെല്ലാം എം.ടിയെ വളരെ ഇഷ്ടമായിരുന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ കളമൊന്നു മാറ്റി ചവിട്ടാൻ എം.ടിക്ക് മോഹമുണ്ടായി. അതിനെ തുടർന്ന് ഗ്രാമസേവകൻ ആയിത്തീരാനുള്ള പരിശീലനത്തിന് തളിപ്പറമ്പിലേക്ക് പോയി. 


തളിപ്പറമ്പ്.


ഗ്രാമസേവകൻ ആകാനുള്ള പരിശീലന കളരിയിലാണ് എം.ടി. ആ കാലം വളരെ ഹ്രസ്വമായിരുന്നു. ഇവിടെ രസകരമായ ഒരു സംഭവം ഉണ്ടായി. 

എം.ടി പണ്ടുമുതൽക്കേ ബീഡി വലി കമ്പക്കാരനാണ്. ഇന്നും ചുണ്ടിൽ എരിയുന്ന ബീഡി കാണാം. ഒന്നിൽ നിന്നും മറ്റൊന്ന് കത്തിച്ചു വലിക്കുന്ന കാലം. വലിയോട് വലി. മുറിയിൽ പുകമയം. പ്രിൻസിപ്പാളിൻ്റെ കണ്ണിൽ പെടാൻ അധികം വൈകിയില്ല. ബീഡി വലിക്കാരനെ ഉടനെ പിടികൂടി. പ്രിൻസിപ്പാൾ കടുത്ത ഗാന്ധിയനാണ്. പോരാത്തതിന് പുകവലി വിരുദ്ധനും. 


പിന്നത്തെ കഥ പറയാനുണ്ടോ? ഗ്രാമസേവകനാവാനുള്ള യുവാവ് ബീഡി സേവകനായി മാറുന്നത് 

പ്രിൻസിപ്പാൾക്ക് പൊറുക്കാൻ കഴിഞ്ഞില്ല. കയ്യോടെ പിടികൂടി ശാസിച്ചു നോക്കി. വീണ്ടും നോട്ടപ്പുള്ളിയാക്കി. വീണ്ടും ശാസിച്ചു. പക്ഷേ വാസുവിൻ്റെ ബീഡി എരിഞ്ഞുകൊണ്ടിരുന്നു. മുറിയാകെ പുക നിറഞ്ഞുകൊണ്ടിരുന്നു. ബീഡിവലി അത്രമേൽ പ്രിയപ്പെട്ടതായിരുന്നു. അതുപേക്ഷിച്ചു ഉദ്യോഗം വേണ്ടെന്ന് വാസു കരുതി. ഒരു മാസം കൊണ്ട് പരിശീലനം മതിയാക്കി വാസു മുങ്ങി. പിന്നെ പൊങ്ങിയത് പഴയ ലാവണത്തിൽതന്നെ. എം.ടി ട്യൂട്ടോറിയലിൽ വീണ്ടും തിരിച്ചെത്തിയപ്പോൾ വിദ്യാർത്ഥികൾക്ക് അതൊരു ഉത്സവമായിരുന്നു. 


പത്രാധിപർ. 


ട്യൂട്ടോറിയലിൽ വാദ്ധ്യാരായിരുന്ന കാലം. മാതൃഭൂമിയിൽ ഒരു പരസ്യം കണ്ടു. സബ് എഡിറ്ററെ ആവശ്യമുണ്ട്. അപേക്ഷ അയച്ചു. വൈകാതെ നിയമനം കിട്ടി.   എൻ.വി കൃഷ്ണവാര്യരുടെ കൂടെയായിരുന്നു എം.ടിയുടെ പ്രവർത്തനം. 12 വർഷം സബ് എഡിറ്ററായി പ്രവർത്തിച്ചതിന് ശേഷം മുഖ്യ പത്രാധിപരായി. ഇക്കാലത്താണ് നിർമ്മാല്യം എന്ന സിനിമ സംവിധാനം ചെയ്തത്. അതിനുമുമ്പുതന്നെ മുറപ്പെണ്ണ്, നഗരമേ നന്ദി എന്നിവ തിരശീലയിൽ എത്തിയിരുന്നു. മാണിക്യക്കല്ല് (ബാല നോവൽ), 

നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിൻ്റെ ആത്മാവ് തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി പ്രശസ്തിയുടെ ഗോപുരനടയിൽ എത്തിക്കഴിഞ്ഞിരുന്നു. 


രണ്ടാമൂഴം. 


1980- 82 കാലം. ശരിക്കും ഒരു രണ്ടാമൂഴക്കാരനായി പുനർജ്ജനിച്ച കാലമാണിത്. ഗുരുതരമായ കരൾ രോഗം പിടിപെട്ട് മരണത്തിൻ്റെ വക്കിലെത്തി. രംഗബോധമില്ലാത്ത കോമാളിയെ പോലെ കടന്നു വന്ന മരണദൂതൻ രണ്ടാമൂഴം നൽകി അനുഗ്രഹിച്ച് പിന്മാറി. ഇക്കാലത്താണ് രണ്ടാമൂഴം, ആൾക്കൂട്ടത്തിൽ തനിയെ എന്നിവ രചിച്ചത്. 


കോഴിക്കോട് സിതാരയിൽ താമസിക്കുന്ന എം.ടിക്ക് ഭാര്യയും രണ്ടു പെൺമക്കളുമുണ്ട്. മൂത്തവൾ സിതാര  അമേരിക്കയിലാണ്. രണ്ടാമത്തെ മകൾ അശ്വതി. സഹധർമ്മിണി സരസ്വതി കലാമണ്ഡലം നൃത്താധ്യാപികയായിരുന്നു. ഇപ്പോൾ നൃത്തവിദ്യാലയം നടത്തി വരുന്നു. 

എം.ടി.യുടെ അമ്മ മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ കാൻസർമൂലം അച്ഛനും മരിച്ചു. 


ആത്മകഥ.


എം.ടിയുടെ എല്ലാ കഥകളും കൂട്ടിവെച്ചാൽ അദ്ദേഹത്തിൻ്റെ ആത്മകഥയായി. ഇക്കാര്യം എം.ടി.തന്നെ പറഞ്ഞിട്ടുണ്ട്. 

എൻ്റെ ദുഃഖങ്ങളും ആഹ്ലാദങ്ങളും വിഹ്വലതകളും സ്വപ്നങ്ങളും എന്നെ കീഴടക്കുമ്പോൾ എനിക്ക് എഴുതണം. എഴുതാതെ വയ്യ. എഴുതിയില്ലെങ്കിൽ എന്നോട് കാട്ടിയ നെറികേടായി ഏതോ അജ്ഞാത ശബ്ദം എവിടെയിരുന്നോ അപലപിക്കുന്നത് നിശബ്ദമായി ഞാൻ കേൾക്കുന്നു. 


എം.ടി കേൾക്കുന്ന അജ്ഞാത ശബ്ദം തീർച്ചയായും കൂടല്ലൂരിൻ്റേതാണ്. ഇവിടുത്തെ മനുഷ്യരുടെ കണ്ണീരും പുഞ്ചിരിയും അദ്ദേഹം കാണുന്നു. നിളയുടെ തെളിനീരും ഉൾപുളകവും എം.ടി അറിയുന്നു. അതുകൊണ്ട് എം.ടിക്ക് എഴുതാതെ വയ്യ. 


അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിൻ്റെ അസുലഭ നിമിഷങ്ങൾക്ക് വേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി എഴുതുന്ന എം.ടിക്ക് ആ സ്വാതന്ത്ര്യമാണ് അസ്തിത്വമായിട്ടുള്ളത്. അതില്ലെങ്കിൽ എം.ടി കാനേഷുമാരി കണക്കിലെ ഒരക്കം മാത്രമാവുമായിരുന്നു. 


ഈ സ്വാതന്ത്ര്യവും അസ്തിത്വവും എം.ടിക്ക് നൽകിയത് കൂടല്ലൂരാണ്. എം.ടി കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നത് പോലെ മലയാളസാഹിത്യവും കൂടല്ലൂരിനോട് കടപ്പെട്ടിരിക്കുന്നു. 


('എക്സ്പ്രസ്' വാരാന്ത പതിപ്പ് 1994 ജൂലൈ 10 / 17 തീയതികളിൽ പ്രസിദ്ധപ്പെടുത്തിയത് )