~~~~~~/ ഓർമ്മ /~~~~~
------- ടി.വി.എം അലി ---------
1992ലാണ് കൂറ്റനാട് പയ്യട തറവാട്ടിൽ ചെന്ന് ശ്രീധരൻ വൈദ്യരുമായി ഞാൻ ചങ്ങാത്തത്തിലായത്. അഞ്ചൽ ശിപായി എന്ന നിലയിൽ പത്ത് വർഷം പിന്നിട്ടപ്പോഴേക്കും കാൽമുട്ടിലെ രണ്ട് ചിരട്ടകളും തേഞ്ഞ നിലയിലായിരുന്നു. കുന്നംകുളത്തും തൃശൂരുമൊക്കെയുള്ള അലോപ്പതി ഭിഷഗ്വരന്മാർ കുറിച്ചു തന്ന ഗുളിക സേവയിൽ നിന്നൊരു മോചനം കാംക്ഷിച്ചാണ് പയ്യട ശ്രീധരൻ വൈദ്യരുടെ സന്നിധിയിലെത്തിയത്.
ചില അലോപ്പതി ഡോക്ടർമാരെ പോലെ രോഗിയുടെ മുഖത്തു നോക്കാതെ തന്നെ മരുന്ന് കുറിക്കുന്ന രീതിയായിരുന്നില്ല വൈദ്യരുടേത്.
ചിരിച്ച മുഖത്തോടെ രോഗികളുമായി ദീർഘനേരം സംവദിക്കുന്ന സ്വഭാവമായിരുന്നതിനാൽ കുറിപ്പടി എഴുതാൻ സമയമെടുക്കും. പല ദേശങ്ങളിൽ നിന്ന് വൈദ്യരെ കാണാൻ എത്തുന്നവർ ഊഴം കാത്ത് ഏറെ നേരം ഇരിക്കണം. ആർക്കും തിരക്കില്ല. തിരക്കീട്ട് കാര്യവുമില്ല. ഒടുവിൽ എൻ്റെ ഊഴമെത്തി. രോഗത്തേക്കാളുപരി മറ്റു കാര്യങ്ങളാണ് വൈദ്യർ തിരക്കുക. വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ അന്വേഷിക്കും. രോഗിയുടെ പശ്ചാത്തലമറിഞ്ഞാണ് ചികിത്സ നിശ്ചയിക്കുക. ഒരു തപാൽക്കാരൻ്റെ പ്രവൃത്തി വിസ്തരിച്ച് തന്നെ ഞാൻ പറഞ്ഞു. രാവിലെ മുതൽ രാത്രി വരെ മാരത്തോൺ നടത്തമാണ്. സുമാർ ഇരുപത് / ഇരുപത്തഞ്ച് കി.മീറ്റർ ദിനേന നടക്കാറുണ്ട്. സൈക്കിൾ പോലും കടന്നു പോവാത്ത കുണ്ടനിടവഴികളും പാടവരമ്പുകളും കുന്നിൻ ചെരിവുകളും ചെന്നെത്താൻ നടന്നേ പറ്റൂ.
തപാൽക്കാരനെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങളാണ്. സ്വദേശത്തു നിന്നും വിദേശത്തു നിന്നും എത്തുന്ന മണി ഓർഡറും ഡ്രാഫ്റ്റും കിട്ടിയിട്ട് വേണം പല കുടുംബങ്ങളുടേയും അടുപ്പെരിയാൻ. ഓരോ കുടുംബത്തിൻ്റെയും പ്രശ്നങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ട് സമയത്ത് തന്നെ എത്തിക്കാനുള്ള നെട്ടോട്ടമാണ്. അങ്ങനെയാണ് പത്തു വർഷം കൊണ്ട് കാൽമുട്ടിലെ രണ്ട് ചിരട്ടകളും തേഞ്ഞത്. ചിരട്ടക്കുള്ളിലെ മജ്ജ മുഴുവൻ വറ്റിവരണ്ടു. ഗ്രീസിടാത്ത പൽചക്രം കറങ്ങാൻ പാടുപെടുന്നതു പോലെയായിരുന്നു എൻ്റെ അവസ്ഥ. കാൽമുട്ടുകളിൽ സൂചി നിറച്ചു വെച്ചതു പോലെ കുത്തി കയറുന്ന വേദന. സംഹാരി ഗുളിക കഴിക്കുമ്പോൾ വേദനക്ക് ശമനം കാണും. വീണ്ടും തുടങ്ങും. ഒടുവിൽ, അലോപ്പതി ഭിഷഗ്വരന്മാർ വിധിച്ചു: നടക്കുന്ന പണി പറ്റെ ഒഴിവാക്കണം. ഇനിയും നടന്നാൽ പിന്നെ നടക്കാനാവാതെ കിടക്കേണ്ടി വരും. ആ വിധി പ്രസ്താവത്തിനു ശേഷമാണ് പയ്യട ശ്രീധരൻ വൈദ്യരെ ചെന്നുകണ്ടത്.
കുറച്ചു കാലം കഷായാദി ഗുളികകളും ആസവാരിഷ്ടങ്ങളും തൈലവും പ്രയോഗിക്കാൻ വൈദ്യർ നിർദ്ദേശിച്ചു. അങ്ങനെ ഓരോ ആഴ്ചയും പയ്യട നടയിൽ എത്തുക പതിവായി. അന്ന് അദ്ദേഹം എഴുതി തന്ന മഹാകുക്കുട മാംസതൈലം കാൽമുട്ടിൽ തേച്ചുപിടിപ്പിക്കണം. രാത്രി കിടക്കാൻ നേരം ഒരു ടീസ്പൂൺ തൈലം സേവിക്കുകയും ചെയ്യണം.
രജിസ്ത്രേഡ് മെഡിക്കൽ പ്രാക്ടീഷണറായ ശ്രീധരൻ വൈദ്യർക്ക് ആയുർവ്വേദവും അലോപ്പതിയും അറിയാമെങ്കിലും എനിക്ക് ആയുർവേദം മാത്രമാണ് നൽകിയത്. അദ്ദേഹത്തിൻ്റെ ചികിത്സയുടെ ഫലമായി കാൽമുട്ടുകളിൽ നിന്ന് നഷ്ടപ്പെട്ട മജ്ജ തിരിച്ചെത്തുകയും സൂചി തറക്കുന്ന വേദന വഴി മാറിപ്പോകുകയും ആയാസരഹിതമായി നടക്കാൻ സാധിക്കുകയും ചെയ്തു. അന്നത്തെ ഓർമ്മയ്ക്കു വേണ്ടി ഇന്നും അലമാരയിൽ മഹാകുക്കുട മാംസ തൈലം ഞാൻ കരുതി വെച്ചിട്ടുണ്ട്. വല്ലപ്പോഴും വേദന വരുമ്പോഴൊക്കെ അല്പമൊന്ന് പുരട്ടും. ഒരു ടീസ്പൂൺ കഴിക്കും.
ആയുർവ്വേദത്തിന്റെ ആഴമറിഞ്ഞ വൈദ്യ ശ്രേഷ്ഠൻ തന്നെയായിരുന്നു ശ്രീധരൻ വൈദ്യർ. രോഗപരിഹാരത്തിന് വിവിധ വൈദ്യശാസ്ത്ര ശാഖകളെ പരസ്പരം സ്വീകരിച്ച് സമന്വയിപ്പിക്കണമെന്ന് അദ്ദേഹം വാദിക്കാറുണ്ട്. രോഗീ - ഡോക്ടർ ബന്ധം ഊഷ്മളമായി നിലനിർത്താൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. ശരീരത്തേക്കാളുപരി മനസ്സിനായിരുന്നു അദ്ദേഹം ചികിത്സ നിർണ്ണയിച്ചിരുന്നത്. സഹജീവികളോടു മാത്രമല്ല വനജീവികളോടും അദ്ദേഹം ആത്മബന്ധം പുലർത്തിയിരുന്നു.
പ്രകൃതിചികിത്സയും, ആയുർവേദ ചിട്ടകളും പിന്തുടർന്നാണ് ശ്രീധരൻ വൈദ്യർ ജീവിച്ചത്. യോഗ, ധ്യാനം, ചിട്ടയായ ഭക്ഷണ രീതി മുതലായവ പിന്തുടർന്നു പോന്ന അദ്ദേഹം ഇരുപത് വർഷമായി അരിഭക്ഷണം ഒഴിവാക്കിയാണ് ജീവിച്ചത്. പ്രമേഹവും, ഹൃദയ സംബന്ധമായ പ്രശ്നങ്ങളും പതിറ്റാണ്ടുകൾക്ക് മുൻപ് പിടികൂടിയിരുന്നെങ്കിലും ചിട്ടയായ ജീവിത രീതി കൊണ്ടാണ് അവയെ അദ്ദേഹം നേരിട്ടത്.
ആയുർവേദ ചികിത്സകൻ, ആനപ്രേമി, ആന ഉടമ എന്നിങ്ങനെ ഒരേ സമയം വൈവിധ്യമാർന്ന കർമ്മങ്ങളിലൂടെയാണ് പയ്യട ശ്രീധരൻ വൈദ്യർ കടന്നു പോയത്.
പയ്യട തറവാടിന്റെ പടി കയറി ചെല്ലുന്നവർക്ക് കാണാൻ കണ്ണിന് അമൃത് പകരുന്നൊരു കാഴ്ചയുണ്ട്. ശ്രീധരൻ വൈദ്യർ തന്റെ പ്രിയപ്പെട്ട വിഷ്ണു എന്ന ആനയെ ഓമനിച്ചു നിൽക്കുന്ന ചന്തം പകരുന്ന കാഴ്ച. പഴം നൽകിയും, സ്നേഹ വാക്കുകൾ മൊഴിഞ്ഞും, ഗജരാജവിഷ്ണുവിനെ തലോടിനിൽക്കുന്നത് കാണാൻ മാത്രമായി എത്തുന്ന ആനപ്രേമികളും വിരളമല്ല.
മൂന്ന് പതിറ്റാണ്ടിലേറെയായി പയ്യട തറവാട്ടിൽ ആനകളുണ്ട്. ആന വൈദ്യവും അദ്ദേഹത്തിനറിയാം.
ഭാര്യ അമ്മുവിനോടൊപ്പം ചേർന്ന് ലാളിച്ചും, സ്നേഹിച്ചും വളർത്തിയ വൈദ്യരുടെ മൂന്നാനകളാണ്, കൂറ്റനാട് രാജശേഖരനും, മധുവും, വിഷ്ണുവും. ആനപ്രേമികൾക്കും ഉത്സവ പ്രേമികൾക്കും അവർ ഹരമായിരുന്നു.
വൈദ്യരുടെ ഭാര്യ അമ്മു മരണപ്പെട്ടതിൻ്റെ പത്താം നാൾ ഒരാനയും, പതിനെട്ടാം നാൾ മറ്റൊരാനയും ചെരിഞ്ഞു. ഒടുവിൽ വൈദ്യരോടൊപ്പം വിഷ്ണു മാത്രമായി.
ഇപ്പോൾ വിഷ്ണുവിനെ തനിച്ചാക്കിയാണ് പയ്യട ശ്രീധരൻ വൈദ്യർ കഴിഞ്ഞ ദിവസം യാത്രയായത്. ശ്രീധരൻ വൈദ്യരുടെ വിയോഗത്തിലൂടെ കൂറ്റനാടിന് നഷ്ടപ്പെട്ടത് മഹിത പാരമ്പര്യ വൈദ്യ സംസ്കാരമാണ്. ഒരു മഹാവടവൃക്ഷത്തിൻ്റെ തണലും കുളിരുമാണ്. അദ്ദേഹത്തിൻ്റെ പാവനസ്മരണക്ക് മുന്നിൽ പ്രണാമമർപ്പിക്കുന്നു.
www.kathalayam.blogspot.com
No comments:
Post a Comment