~~~~~~~~~~~~~~~~~~~~~~~~
ഗ്രന്ഥകാരൻ: സി.രാജഗോപാലൻ
പ്രസാധകർ: അക്ഷരജാലകം ബുക്സ്
സംസ്ഥാന ഓഡിറ്റ് വകുപ്പിൽ നിന്ന് ജോയിൻ്റ് ഡയറക്ടറായി വിരമിച്ച സി.രാജഗോപാലൻ്റെ നാലാമത്തെ പുസ്തകമാണ് സ്വയം പ്രകാശിക്കുന്ന ജീവിതം. കൃഷി, പരിസ്ഥിതി, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ രാജഗോപാലൻ, ഒരേ ഭൂമി, ഒരേ ജീവൻ എന്ന മാസികയുടെ എഡിറ്ററും, ജൈവകർഷക സമിതിയുടേയും ഭാരതപ്പുഴ സംരക്ഷണ സമിതിയുടേയും പ്രധാന പ്രവർത്തകനുമാണ്.
അമ്മ മഴക്കാറ്, ഇടവഴി പച്ചകൾ, നിലാവ് കൊണ്ട് മേഞ്ഞ വീട് എന്നീ ശ്രദ്ധേയ ഗ്രന്ഥങ്ങളുടെ രചയിതാവായ രാജഗോപാലൻ്റെ ദീപ്ത ചിന്തകളാണ് നാലാമത്തെ കൃതിയിൽ സമാഹരിച്ചിട്ടുള്ളത്. ആകാശവാണിയിൽ ഇവ സുഭാഷിതങ്ങളായി ശ്രോതാക്കളിൽ എത്തിയിട്ടുണ്ട്. നവീന ആശയങ്ങളും ദീപ്ത ചിന്തകളും വഴിഞ്ഞൊഴുകുന്ന സമ്മോഹന ലിഖിത ചിത്രങ്ങളാണ് സ്വയം പ്രകാശിക്കുന്ന ജീവിതം രേഖപ്പെടുത്തുന്നത്.
120 പുറങ്ങളിൽ,
36 തലക്കെട്ടുകളിൽ ചിന്താദീപ്തി നൽകുന്ന ഭിന്ന വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
അതേ സമയം സാരാംശം ഏകവും ജീവിതഗന്ധിയുമാണ്. ഉണർത്തുപാട്ട് പോലെയുള്ള ഓരോ സുഭാഷിതവും പുസ്തക താളിലെത്തുമ്പോൾ
സമ്മോഹന സുഗന്ധമായി മാറുന്നുണ്ട്.
ഭാരതത്തിൻ്റെ ജീവനും ജീവനവുമായ കാലവർഷത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് ആദ്യ കുറിപ്പ് തുടങ്ങുന്നത്. മണമറിയാത്ത മുറ്റത്തെ മുല്ലയാണ് നമുക്ക് മൺസൂൺ എങ്കിലും മഴപ്പൂരം ആസ്വദിക്കുന്നത് വിദേശികളാണെന്ന് രാജഗോപാലൻ നിരീക്ഷിക്കുന്നു. കാലവർഷത്തിൻ്റെ കനിവുകൊണ്ട് മാത്രം പുലരുന്ന ഒരു സമൂഹമായിട്ടും നമുക്ക് തൊടാൻ കഴിയാത്ത ഒരു സൂക്ഷ്മ ലോകമാണതെന്ന് ഗ്രന്ഥകാരൻ വരച്ചുകാട്ടുന്നു.
മഹാത്മാവ് എന്ന വാക്കിൻ്റെ ശരിയായ അർത്ഥം ഏതു ലോകഭാഷയിലും ലളിതവും വ്യക്തവുമായി മനസ്സിലാക്കാവുന്ന ഒരു നിഘണ്ടുവാകുന്നു ഗാന്ധിജിയുടെ ജീവിതം എന്ന് രണ്ടാമത്തെ കുറിപ്പിൽ അദ്ദേഹം എഴുതുന്നു.
ആരാധനാലയങ്ങളിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്ന കാലത്തും സമൂഹത്തിൽ നിന്ന് നന്മ പടിയിറങ്ങി പോകുന്നതിലുള്ള നൊമ്പരമാണ് അതിരില്ലാതാക്കുന്ന പ്രാർത്ഥനകൾ എന്ന സുഭാഷിതത്തിലുള്ളത്.
നിങ്ങൾ സംസാരിക്കുമ്പോൾ ദൈവം മൗനം പാലിക്കുന്നു. നിങ്ങൾ മൗനം പാലിക്കുമ്പോൾ ദൈവം സംസാരിക്കുന്നു എന്ന് വിശ്വവിഖ്യാതനായ സാഹിത്യകാരൻ ഡോസ്റ്റോവ്സ്കിയുടെ പ്രസിദ്ധമായ നിരീക്ഷണമുണ്ട്. ദൈവം സംസാരിക്കുമ്പോൾ അത് ഏത് ഭാഷയായിരിക്കും? അത് സ്നേഹത്തിൻ്റെ ഏക ഭാഷയായിരിക്കുമെന്നും അതിൻ്റെ ഉള്ളടക്കം ജീവനെ സംബന്ധിച്ച സത്യസൗന്ദര്യങ്ങളായിരിക്കുമെന്നും മൗനം, ഉള്ളിലേക്ക് തുറക്കുന്ന വാതിൽ എന്ന കുറിപ്പിൽ വായിക്കാം.
കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ക്ഷേത്രോത്സവങ്ങളെ കുറിച്ച് ശ്രീനാരായണഗുരു പറഞ്ഞതിൻ്റെ പ്രസക്തി ഇന്ന് വർധിച്ചിട്ടുണ്ടെന്ന് മുളയറയും നിറപറയും എന്ന കുറിപ്പിൽ ഉണർത്തുന്നതോടൊപ്പം താലപ്പൊലി പാടങ്ങളിൽ നല്ല പുത്തരി വിളയിച്ചെടുക്കണമെന്ന് രാജഗോപാലൻ ഈ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു. ആലും തറയും വിളക്കുമായി, ചേലഞ്ചും കാവിലെ ഉത്സവങ്ങൾ എന്ന് ഇടശ്ശേരി കുറിച്ചിട്ട കാവ്യഭംഗികൾ ഇനിയും നമ്മുടെ ഉത്സവങ്ങളിൽ കതിരിടുവാൻ ഇടവരട്ടെ എന്നും ഗ്രന്ഥകാരൻ പ്രത്യാശിക്കുന്നു.
വേണ്ടത്ര ശുദ്ധവായു ലഭിക്കാത്തിടത്ത് ഇരുത്തി പഠിപ്പിച്ചാൽ സ്വാഭാവികമായും കുട്ടികൾ ഉറക്കം തൂങ്ങികളും അലസരും അശ്രദ്ധരുമായി തീരും എന്ന് ഹൈടെക് സമുച്ചയ വിദ്യാലയങ്ങളോട് ഉപദേശിക്കുന്ന കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കോടികൾ കിലുങ്ങുന്ന സ്കൂൾ കെട്ടിടങ്ങളാണ് വിദ്യാഭ്യാസ വളർച്ചയുടെ പ്രതീകങ്ങളായി ഉയർത്തി കാണിക്കപ്പെടുന്നത്. വൃക്ഷത്തണൽ നിറഞ്ഞ തുറസ്സുകളിൽ വിദ്യാലയം നടത്തുക എന്നത് അപരിഷ്കൃതമാണെന്നാണ് പരിഷ്കരണവാദികൾ പറയുക. വായുവിനെ നിർമ്മലമാക്കാനും ആരോഗ്യ പൂർണ്ണമാക്കാനും വൃക്ഷങ്ങൾക്ക് മാത്രമേ സാധിക്കൂവെന്ന് ഗ്രന്ഥകാരൻ പറയുമ്പോൾ ആധുനിക സമൂഹത്തിന് രുചിക്കണമെന്നില്ല.
ജീവപരിണാമത്തിൻ്റെ മുന്നൂറ് കോടി വർഷം നീണ്ട സുദീർഘമായ ചരിത്രത്തിൽ പതിനായിരം വർഷത്തെ കൃഷിയുടെ കാലം പോലും വളരെ ഹൃസ്വമാണ്. അക്കാലം വരെ മറ്റ് ജന്തുജാലങ്ങളെയെന്ന പോലെ മനുഷ്യനേയും തീറ്റിപ്പോറ്റിയത് പ്രകൃതി യാണെന്ന പരമസത്യം നാം മറന്നു പോവുന്നുവെന്ന് ഗ്രന്ഥകാരൻ ഓർമ്മപ്പെടുത്തുന്നു. ഫുക്കുവോക്കയുടെ ഒറ്റ വൈക്കോൽ എന്നത് ഗാന്ധിജിയുടെ ചർക്കപോലെ കരുത്തുറ്റ ഒരു ജീവിത ദർശനമാണെന്ന് ഒടുവിലത്തെ കുറിപ്പിൽ വായിക്കാം.
ഒരു ചരടിൽ കോർത്ത കമ്പിത്തിരി കത്തിക്കയറുന്നതു പോലെ ഓരോ അധ്യായങ്ങളും വായനക്കാരുടെ മനസ്സിൽ പൂത്തിരിയായി പ്രസരിപ്പിക്കുന്ന രചനാരീതി ആകർഷകമാണ്. ജീവിതയാത്രയിൽ വഴി കാട്ടുന്ന നാട്ടു വെളിച്ചങ്ങളാണ് ഓരോ വരിയിലും പ്രകാശിക്കുന്നത്. അസ്വസ്ഥമായ മനുഷ്യന് ഇത്തിരി സ്വാസ്ഥ്യം കിട്ടാനും സാന്ത്വനവും പ്രത്യാശയും ലഭിക്കാനും ഈ ഗ്രന്ഥം ഉപകരിക്കുമെന്നുറപ്പാണ്.
കലുഷിതമായ ലോകത്ത് ആസുര താണ്ഡവങ്ങളുടെ ആവർത്തന ദൃശ്യങ്ങൾ മാത്രം കണ്ടു ശീലിച്ചവർക്ക് സ്വയം പ്രകാശിക്കുന്ന ജീവിതത്തിൻ്റെ വെളിച്ചം ദൃശ്യമായെന്ന് വരില്ല. നമ്മുടെ ഉള്ളിലുള്ള തിരിനാളം പോലും കെടാതിരിക്കാൻ ശ്രദ്ധിക്കുന്നവരും വിരളമായിരിക്കാം. എന്നിരിക്കിലും ചില നാട്ടു വെളിച്ചങ്ങൾ ഇപ്പോഴും മാനവികതയുടെ നിലാവെട്ടമായി നില നിൽക്കുന്നുണ്ട്. നിസ്വാർത്ഥവും കരുണാർദ്രവുമായ സേവനം നടത്തുന്ന ദേവതുല്യരായ മനുഷ്യർ അങ്ങിങ്ങായ് കഴിയുന്നുണ്ട്. അവരുടെ കൂട്ടത്തിലേക്ക്, സ്വയം പ്രകാശിക്കുന്ന സാമൂഹിക പ്രവർത്തനങ്ങളിലേക്ക് ആരെയെങ്കിലും പ്രചോദിപ്പിക്കാൻ ഈ സുഭാഷിത ഗ്രന്ഥത്തിന് കഴിഞ്ഞാൽ കൃതാർത്ഥനായി എന്ന കരുതലാണ് സി.രാജഗോപാലനുള്ളത്.
കൊപ്പം അഭയം എന്ന അഗതികളുടെ ആശാകേന്ദ്രത്തിൻ്റെ സ്ഥാപകൻ പി.കൃഷ്ണനാണ് ഗ്രന്ഥത്തിന് അവതാരിക എഴുതിയിട്ടുള്ളത്.
ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങ് വെട്ടമായി പ്രകാശം പരത്തുന്ന പി.കൃഷ്ണൻ എന്ന മഹാമനുഷ്യൻ്റെ കൂടെ പ്രവർത്തിക്കാൻ അവസരം ലഭിച്ച
ഗ്രന്ഥകാരൻ, അഭയത്തിലെ ഗ്രാമവികസന പ്രവർത്തനങ്ങളെ സർഗ്ഗാത്മകമാക്കാൻ സഹായിച്ചിട്ടുണ്ട്.
സെൻ, ഓഷോ, ജിദ്ദു ചിന്തകൾ ഗ്രന്ഥകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അവതാരികയിൽ പി.കൃഷ്ണൻ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
പട്ടാമ്പി താലൂക്കിലെ എടപ്പലം ഗ്രാമത്തിൽ ജനിച്ച സി.രാജഗോപാലൻ വാണിജ്യ ശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും മാസ്റ്റർ ബിരുദധാരിയാണ്. പട്ടാമ്പി പള്ളിപ്പുറം ഗോവിന്ദാലയത്തിലാണ് താമസിക്കുന്നത്. അക്ഷരജാലകം ബുക്സിൻ്റെ ആദ്യ പുസ്തകമാണിത്. അക്ഷരജാലകം ഗ്ലോബൽ സാംസ്കാരിക കൂട്ടായ്മയാണ് ഇതിൻ്റെ വിതരണം ഏറ്റെടുത്തിട്ടുള്ളതെന്ന് മുഖവുരയിൽ ഹുസൈൻ തട്ടത്താഴത്ത് എഴുതിയിട്ടുണ്ട്. കന്നി സംരംഭത്തിൽ മികച്ചൊരു ഗ്രന്ഥം പുറത്തിറക്കാൻ സാധിച്ചുവെന്ന് അക്ഷരജാലകത്തിൻ്റെ പ്രവർത്തകർക്ക് അഭിമാനിക്കാം.
~~~ ടി.വി.എം അലി ~~~
www.kathalayam.blogspot.com
No comments:
Post a Comment