Thursday, 14 October 2021

സഹായ പുരുഷൻ

 

~~~~~~~~~~~~~~~




പ്രൊഫഷണൽ നാടകരംഗത്ത് 

അറിയപ്പെടുന്ന ഒരു കലാകാരൻ 

പറഞ്ഞ കഥയാണിത്.

കഥയെന്നുപറഞ്ഞാൽ 

ഇത് കൽപ്പിത കഥയല്ല. 

സംഭവ കഥയാണ്. അഥവാ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന കഥയാണ്.


കലാകാരനെ തൽക്കാലം നമുക്ക് ഹരി എന്ന് വിളിക്കാം. ജീവിതം ഹരിച്ചു 

കൊണ്ടിരിക്കുന്ന ഇയാൾക്ക് ഇപ്പോൾ പ്രായം നാൽപ്പത്. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊല്ലത്തിൽ അഞ്ചോ പത്തോ സ്റ്റേജ് കിട്ടും. ഒരു സ്റ്റേജ് കിട്ടിയാൽ ഇരുനൂറ്റമ്പതു രൂപ ഒക്കും.  എങ്ങനെ പോയാലും ഒരു വർഷം കിട്ടുന്നത് അയ്യായിരം രൂപയ്ക്ക് താഴെയാണ്. ഭാര്യയ്ക്ക് വീട്ടിലിരുന്ന് തുന്നൽ ജോലി ഉള്ളതുകൊണ്ട് മാത്രമാണ് കുടുംബം കഴിഞ്ഞുകൂടുന്നത്.


ഹരിയുടെ നാടകത്തിന് 

ജനപ്രീതി കുറവാണെന്ന ഒരു പോരായ്മയുണ്ട്. മസാല അധികം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ പലർക്കും ഹരി സ്വീകാര്യനായിരുന്നില്ല. നാടകം എഴുതും. പാട്ട് എഴുതും. നന്നായി അഭിനയിക്കും. എന്തിന് സംവിധാനം വരെ ചെയ്യും. പക്ഷേ പറഞ്ഞിട്ടെന്ത്? ഹരി ആധുനികനായിപ്പോയി എന്നതാണ് ആകെയുള്ള പ്രശ്നം. ഇപ്പോഴാണെങ്കിൽ ഹരി ഉത്തരാധുനികനും ആണത്രെ!

കുറച്ചു കഴിഞ്ഞാൽ ചിലപ്പോൾ ദക്ഷിണാധുനികനും ആയേക്കാം. 


ഇതൊന്നും ഹരി സ്വയം പറഞ്ഞു നടക്കുകയല്ല. ഹരിയുടെ ഒരു ചങ്ങാതി ഉണ്ട്. നാടക നിരൂപകനും പത്രപ്രവർത്തകനും എല്ലാമാണ്. ഹരിയുടെ നാടകം ഉള്ളിടത്ത് 'നരി' എന്ന പേരിൽ അറിയപ്പെടുന്ന നിരൂപക ചങ്ങാതിയും എത്തുക പതിവാണ്. ഹരിയുടെ നാടകങ്ങളെ വ്യാഖ്യാനിക്കുന്നവനാണ് നിരൂപക നരിയെന്ന് തൽക്കാലം മനസ്സിലാക്കുക. 


നരി നൽകുന്ന നിരൂപക പദങ്ങളിൽ ആണ് ഹരി അറിയപ്പെടുന്നത്. ഹരിയുടെ പുതിയ നാടകങ്ങളെ ഹരിക്കുന്നതും ഗുണിക്കുന്നതും എല്ലാം നരിയാണെന്ന് ഇപ്പോൾ ബോധ്യമായല്ലോ. ഹരിയുടെ ഉപദേശക വൃന്ദരിൽ നരി ഒന്നാമനാണ്.


നാടകം തുടങ്ങും മുമ്പ് നരി, ഹരിക്ക് ചായ വേണോ എന്ന് ചോദിക്കും. 

ദാഹിക്കുന്നുണ്ടെങ്കിലും ഹരി വേണ്ടെന്നു പറയും. അങ്ങേ വീട്ടിലെ ഇല എന്നും അങ്ങനെ തന്നെ ഇരുന്നോട്ടെ എന്ന ദാർശനികൻ കൂടിയാണ് ഹരി എന്ന് നരിക്ക് നന്നായി അറിയാം. അതുകൊണ്ട് നരി എപ്പോഴും സഹായ പൊതികൾ ഓരോന്ന് തുറന്നു കാണിക്കും. ഉത്സവപ്പറമ്പിലെ വള കച്ചവടക്കാരനെ പോലെ വർണ്ണ വൈവിധ്യമുള്ള വളകൾ. സഹായ വളകൾ. അത് വേണോ? ഇത് വേണോ? എന്ന് എപ്പോഴും തിരക്കുന്ന നരിയെ പരീക്ഷിക്കാൻ ഹരിക്ക് ഒരു അവസരം കിട്ടി. വീണു കിട്ടിയതാണ്. 


ഒരു ദിവസം ഹരിയുടെ പുതിയ നാടകം വേദിയിൽ അരങ്ങുണർത്തുന്ന വേളയിൽ പ്രധാന കഥാപാത്രമായി രംഗത്തുള്ള ഹരിക്ക് അറ്റാക്ക് ഉണ്ടായി. ആദ്യത്തെ അറ്റാക്ക് ആയതിനാൽ ഇതെന്താണ് സംഭവം എന്ന് ഒരു പിടിയും കിട്ടിയില്ല. തലേനാളത്തെ അറാക്കിൻ്റെ 

പുകച്ചിൽ ആയിരിക്കാം എന്നേ കരുതിയുള്ളൂ. അറ്റാക്ക് എന്ന പദം ഹരിക്ക് അറിയാത്തതിനാൽ അറാക്ക് എന്ന പേരിലാണ് ഹൃദയാഘാതം പൊട്ടിവിടർന്നതെന്ന് പറയാം. 


ഏതായാലും നാടകം കളിക്കാൻ ആവാതെ ഹരി വീട്ടിൽ ഇരിപ്പായപ്പോഴും നരി നിത്യ സന്ദർശനം കൈവെടിഞ്ഞില്ല. 

ഹരി, നിനക്ക് പ്രയാസം വല്ലതും ഉണ്ടോ? ഉണ്ടെങ്കിൽ പറയണം കേട്ടോ... പറയാൻ മടിക്കണ്ടട്ടൊ ... മരുന്നു കഴിഞ്ഞോ? ചോറുണ്ണാൻ അരിയുണ്ടോ? ഒരു ചാക്ക് അരി കൊടുത്തയക്കട്ടെ? പണം വല്ലതും വേണോ?


ഓരോ ദിവസവും ഓരോ ക്ഷേമാന്വേഷണങ്ങളുമായി നരി വരുമ്പോഴൊക്കെ ഹരി വേണ്ടെന്ന് പറയും. പലപ്പോഴും ഹരിക്ക് തോന്നിയിട്ടുണ്ട്, ഈ നരി എത്ര നല്ല മനുഷ്യനാണ്. ഇന്നത്തെ കാലത്ത് ഇത്രയും നല്ല മനുഷ്യൻ ഉണ്ടാകുമോ? 

എന്തൊരു സ്നേഹമാണ് നരിക്ക്, തന്നോടും കുടുംബത്തോടും... 

നരി സഹായ പുരുഷൻ തന്നെ! നരിയുടെ മനസ്സിൽ എന്നും ഈ നന്മ ഉണ്ടാകട്ടെ. നന്മയുടെ നറുനിലാവ് സ്ഥിരമായി പ്രകാശിക്കട്ടെ. 

ഇപ്പോൾ പ്രയാസമൊന്നുമില്ല. നരിയെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്നിങ്ങനെയുള്ള ആത്മഗതങ്ങളാണ് ഹരിയെ ഭരിച്ചിരുന്നത്. 


ഈ നരിക്ക് കണ്ടറിഞ്ഞ് വല്ലതും തന്നൂടെ? എന്തിനാ ഇങ്ങനെ ചോദിക്കുന്നത്? ചിലപ്പോൾ ഹരിക്ക് അങ്ങനെയും തോന്നാതിരുന്നില്ല. 

ഒരു ദിവസം അടുപ്പിൽ തീ പുകയില്ല എന്ന് ഉറപ്പായപ്പോൾ, ഹരിയുടെ ഭാര്യ തൂങ്ങിച്ചാകാൻ കയറ് തെരഞ്ഞ് നടക്കുമെന്നായപ്പോൾ, കുട്ടികൾ കിണറിൻ്റെ ആഴം അളന്നു നോക്കും എന്ന് അറിഞ്ഞപ്പോൾ, നരിയുടെ പേന കൊണ്ടു തന്നെ കൂട്ട ആത്മഹത്യ റിപ്പോർട്ട് ചെയ്യിക്കേണ്ടെന്ന് ഹരിക്ക് തീരുമാനിക്കേണ്ടി വന്നു. 

നരി വന്നപ്പോൾ ഹരി പറഞ്ഞു: 

നരി, കാര്യങ്ങൾ കൈവിട്ടു പോവുകയാണ്. നീ കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞങ്ങൾ ചത്തുപോകും. കടം പെരുകി പതിനായിരങ്ങളായി. വീട് ജപ്തി ഭീഷണിയിലാണ്. നീ വിചാരിച്ചാൽ വല്ലതും ചെയ്യാനാവും. 


നരി നിശബ്ദം എല്ലാം കേട്ടു. പതിവുപോലെ ചുണ്ടിൽ പുഞ്ചിരി പ്രകാശിപ്പിച്ചു:  എടോ ഹരി, ജീവിതം എന്ന് പറഞ്ഞാൽ വലിയ നാടകമാണെന്ന് തനിക്കറിയില്ലേ... പകൽ തിരശീല ഉയരുന്നു. രാത്രി തിരശീല താഴുന്നു. അതിനിടയിൽ നമ്മളെല്ലാം നന്നായി അഭിനയിക്കുന്നു. ലോകോത്തര നാടക മത്സരം നടന്നാൽ നിനക്കും എനിക്കുമെല്ലാം ഓസ്കാർ വാങ്ങാൻ കഴിയും. അങ്ങോട്ട് എത്തുക എന്നതായിരിക്കണം ലക്ഷ്യം. ഹരിയെ പോലെ ലോകോത്തര നാടക പ്രതിഭകൾ നമ്മുടെ നാട്ടിൽ തന്നെ അധികം പേരില്ല. ഇനിയും പൊരുതി ജയിക്കണം. ഒരു നേരം പട്ടിണി കിടന്നാലൊന്നും ഒരു പ്രതിഭയും ചാവില്ലടോ… നിസ്സാര പ്രശ്നങ്ങൾ പർവതീകരിച്ച് കാണുന്ന നിൻ്റെ മനസ്സ് ആ പഴയ നാടക സങ്കല്പത്തിൻ്റെ പുളിച്ച പതിപ്പാണ് കേട്ടോ...


നരി പോയത് ഹരി അറിഞ്ഞില്ല. അപ്പോൾ ഹരിയുടെ മനസ്സിൽ പുതിയ നാടകത്തിൻ്റെ വിത്ത് മുളക്കുകയായിരുന്നു.

(മർത്യ ഭാഷ - ഒക്ടോബർ 2001)


www.kathalayam.blogspot.com


പിന്നാമ്പുറം:


പഴയ പത്രക്കെട്ടുകൾ പരതുന്നതിനിടയിലാണ് ഈ കുറിപ്പ് കണ്ടുകിട്ടിയത്. ഇരുപത് വർഷം മുമ്പ് തൃത്താല പടിഞ്ഞാറങ്ങാടിയിൽ നിന്ന് പുറത്തിറങ്ങിയിരുന്ന 'മർത്യഭാഷ' മാസികയിൽ അണിയറ എന്ന പേരിൽ 

ഒരു സ്ഥിരം പംക്തി കൈകാര്യം ചെയ്തിരുന്നു. അന്ന് പത്രപ്രവർത്തക വിദ്യാർത്ഥിയായിരുന്ന എൻ്റെ സുഹൃത്ത് താജീഷ് ചേക്കോട് മാനേജിങ് എഡിറ്ററും, വി.പി.ഹേമന്ത് കുമാർ ചീഫ് എഡിറ്ററും നിർബന്ധിച്ചതുകൊണ്ടാണ് പംക്തി ഏറ്റെടുത്തത്. നാടകത്തെ കുറിച്ചും നാടൻ കലകളെ കുറിച്ചും ഒരു മാസിക എന്ന നിലക്കാണ് മർത്യഭാഷ തുടങ്ങിയത്. ഏതാനും ലക്കങ്ങൾ പുറത്തിറക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞുവെങ്കിലും തുടർച്ച ഉണ്ടായില്ല. എങ്കിലും ഒരു സാഹസത്തിന് മുതിർന്ന സുഹൃത്തുക്കളെ കൈവിടാതെ കൂടെ ചേർന്നു നിൽക്കാൻ സാധിച്ചു എന്നതിൽ ഇപ്പോഴും സന്തോഷമുണ്ട്.

No comments: