…… ടി.വി.എം അലി …...
ഇത് സ്വപ്നകുമാറിൻ്റെ കഥ! പിറന്ന നാൾ തൊട്ടേ അവൻ സ്വപ്ന ലോകത്തായിരുന്നു. പഠിക്കുന്ന കാലം പയ്യൻ ആകാശം നോക്കിയാണ് നടന്നത്. എതിരെ വരുന്നവരെല്ലാം സ്വപ്നകുമാരൻ്റെ നടത്തം തടസ്സമാകാതിരിക്കാൻ വഴിമാറി നടന്നു.
പാഠപുസ്തകങ്ങളൊന്നും അവന് പഥ്യമായിരുന്നില്ല. എന്നാൽ ഗ്രാമീണ വായന ശാലയിലെ ഓരോ പുസ്തകങ്ങളും അവൻ തിന്നു തീർത്തു. നേരത്തിന് വീട്ടിൽ എത്താത്തതിനാൽ ഭക്ഷണക്രമം തകിടം മറിഞ്ഞു. അതുകൊണ്ടുതന്നെ അവൻ കൃശഗാത്രനായി തീർന്നു.പിന്നീടവൻ രേഖാമാത്ര ശരീരൻ എന്ന ബഹുമതിക്കും അർഹനായി.
ഹൈസ്കൂളിൽ എത്തിയപ്പോഴാണ് നോട്ടു പുസ്തക താളിൽ തലതിരിഞ്ഞ സ്വപ്നങ്ങൾ കാണപ്പെട്ടത്. അത് വായിച്ചറിഞ്ഞ അച്ഛനും അമ്മയ്ക്കും മോഹാലസ്യം ഉണ്ടായി! എന്നിട്ടും നോട്ടു പുസ്തകങ്ങളിൽ മഷിപ്പാത്രം ചിതറി വീണു കൊണ്ടിരുന്നു.
പാഠപുസ്തകം പഥ്യമല്ലാതിരുന്നതിനാൽ പത്താം ക്ലാസിൽ പാട്ടും പാടി തോറ്റു. ഒന്നും സംഭവിക്കാത്ത മട്ടിൽ കുമാരൻ ദേശാടനത്തിന് ഇറങ്ങി. അക്കാലത്താണ് ആനുകാലികങ്ങളിൽ സ്വപ്നകുമാരൻ്റെ കഥകളും കാവ്യ ശലഭങ്ങളും പിറന്നു വീണത്.
പുസ്തകതാളിൽ നൂറിൽ പരം രചനകൾ മയിൽ പീലി വിടർത്തിയപ്പോൾ, എല്ലാം കൂടി പെറുക്കിക്കൂട്ടി ഒരു പുസ്തകമാക്കാൻ പലരും ഉപദേശിച്ചു. പല പ്രസാധകരുടെയും വിലാസം തേടിപ്പിടിച്ച്
കഥാസമാഹാരം പാർസലാക്കി അയച്ചു.അധികം വൈകാതെ അവയെല്ലാം കൈപ്പറ്റാതെ തിരിച്ചെത്തി. അച്ചടി കൂലി തന്നാൽ അടിച്ചു കൊടുക്കാം എന്ന് പലരും അവനെ പ്രലോഭിപ്പിച്ചു. അവരെല്ലാം വളരെ ചെറിയ പ്രസാധകരായിരുന്നതിനാൽ പണം കൊടുക്കാൻ കുമാരന് മനസ്സു വന്നില്ല. ഒടുവിൽ ചില സുഹൃത്തുക്കൾ പണം വായ്പ നൽകി നിർബന്ധപൂർവ്വം പ്രസാധക കവാടത്തിലേക്ക് അവനെ തള്ളിവിട്ടു.
നഗരവൃത്തത്തിലുള്ള 'ആഘാതം' ബുക്സിലാണ് കുമാരൻ ആദ്യം എത്തിയത്. മാനേജർ എന്ന മനുഷ്യൻ്റെ ചീഞ്ഞ തക്കാളി പോലെയുള്ള മുഖത്തുനിന്ന് പരമ പുച്ഛത്തോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ മനോദുഃഖമുണ്ടായി. തപാലിൽ കഥകൾ പാർസൽ അയച്ചപ്പോൾ കൈപ്പറ്റാതെ തിരിച്ചയച്ച മാന്യദേഹമാണ്. കുമാരൻ്റെ ദൈന്യഭാവം കണ്ടു നിന്ന് മുഷിഞ്ഞപ്പോഴാണ് മാനേജർ തിരുവാതുറന്നത്. നിരൂപകൻ്റെ അവതാരികയുണ്ടോ എന്ന ചോദ്യത്തിനു മുമ്പിൽ കുമാരൻ കമിഴ്ന്നടിച്ചു വീണു.
അങ്ങനെയാണ് നിരൂപക ശിങ്കങ്ങളെ വേട്ടയാടി പിടിക്കാൻ കുമാരൻ നെട്ടോട്ടം തുടങ്ങിയത്. ആ കാഴ്ച ദയനീയം തന്നെയായിരുന്നു. പല പുംഗവൻമാരും വാതിൽ തുറന്നില്ല. തുറന്നവരാവട്ടെ സമയമില്ലെന്ന് മൊഴിഞ്ഞു. ഒടുവിൽ നഗരകവാടം കടന്ന് ജയിൽ ഗ്രാമത്തിലെത്തിയ കുമാരൻ്റെ മുന്നിൽ ഒരു ഇളം തെന്നലായ് ഒരു നിരൂപകൻ വാതിൽ തുറന്നു. അദ്ദേഹത്തിൻ്റെ മാസികയിൽ കഥ എഴുതുന്ന ബന്ധം പറഞ്ഞു. അദ്ദേഹം കുമാരൻ്റെ കാല്പനിക സർഗാത്മകതയിലൂടെ കണ്ണോടിച്ചു. അക്ഷര ചേറിൻ്റെ ഗന്ധം തിരിച്ചറിഞ്ഞു. ഉഴുതുമറിച്ച വിളനിലങ്ങളിൽ മുള പൊട്ടാതെ പോയ വിത്തുകൾ അദ്ദേഹം കണ്ടെത്തി. ഒരാഴ്ച കഴിഞ്ഞ് ചെന്നപ്പോൾ നെടുങ്കൻ നിരൂപണവും പ്രസ് ഉടമക്കൊരു കത്തും കുമാരന് കൈമാറി. പുസ്തകമിറങ്ങിയാൽ അമ്പത് കോപ്പി റോയൽറ്റി നൽകാമെന്ന് കുമാരൻ ഉദാരനായി. നിരൂപകൻ്റെ ഏതാനും പ്രബന്ധ ഗ്രന്ഥങ്ങൾ വില കൊടുത്തു വാങ്ങുകയും ചെയ്തു.
പ്രസ്സിൽ ചെന്ന് അച്ചടിക്കൂലിയും നൽകി ഗ്രന്ഥകാര പട്ടം ചൂടി കുമാരൻ വിലസി. നഗരത്തിൽ എത്തുമ്പോഴെല്ലാം ആഘാതം ബുക്സിൽ അവൻ കയറി ചെല്ലും. തടിച്ച ഗ്രന്ഥങ്ങൾക്കടിയിൽപ്പെട്ട് ഞെരിപിരി കൊള്ളുന്ന തൻ്റെ കന്നി കൃതിയെ പുറത്തു കാണുന്ന വിധം ഉയർത്തിവെക്കും. ബുക്ക് സെല്ലറോട് പ്രമോട്ട് ചെയ്യാൻ ഉപദേശിക്കും. വർഷമൊന്ന് കഴിഞ്ഞപ്പോൾ കിട്ടിയത് പത്ത് പുസ്തകത്തിൻ്റെ റോയൽറ്റി. രണ്ടാം വർഷം അഞ്ചെണ്ണം. സ്വപ്നകുമാറിൻ്റെ സ്വപ്നങ്ങൾ വൈദ്യുത കമ്പിയിൽ കുരുങ്ങിയ കാക്കയായി. ഒടുവിൽ ഗോഡൗണിലെ ചിതൽപുറ്റിൽ നിന്നാണ് കുമാരൻ്റെ കന്നി പുസ്തകം വീണ്ടെടുക്കപ്പെട്ടത്.
സ്വപ്നകുമാരൻ പിന്നീട് നഗരവൃത്തത്തിൽ പോയില്ല. ചീഞ്ഞ തക്കാളി മോന്ത കണ്ടില്ല. മുഖ്യധാരയിൽ എത്താനാവാതെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടുവെന്ന തോന്നലിൽ നീറി നീറി കുമാരൻ ഉപ്പിൽ വീണ പല്ലിയായി.
ഒരു നാൾ സ്വപ്നകുമാരൻ രണ്ടാം വട്ടവും വീടുവിട്ടിറങ്ങി. എങ്ങോട്ടെന്നില്ലാതെ നടന്നു.എല്ലാ വഴികളും ചെന്നെത്തിയത് കുതിരവട്ടത്തായിരുന്നു.
(മർത്യഭാഷ - ജനുവരി 2002)
No comments:
Post a Comment