Friday, 5 November 2021

കത്തി തീർന്ന ഓല ചൂട്ടുകൾ

ഒന്നര നൂറ്റാണ്ടു കാലം സന്ദേശങ്ങൾ കൈമാറാൻ നാം ആശ്രയിച്ചിരുന്ന ടെലഗ്രാം സംവിധാനം വിടവാങ്ങിയപ്പോൾ എഴുതിയ കുറിപ്പാണിത്.

ഇനി കമ്പിയില്ലാ കാലം. ടെലി ടൈപ്പ്റൈറ്ററുടെ ടിക് ടിക്ഹൃദയമിടിപ്പ് എൻ്റെ മനസ്സിൽ നിന്ന് ഒരിക്കലും മായുമെന്ന് കരുതുന്നില്ല. 

ഒരു ദശകത്തിലേറെ കാലം ഞാൻ ടെലിഗ്രാം മെസഞ്ചർ ആയും സേവനം നടത്തിയിരുന്നു. 1982- 93 കാലത്തിൻ്റെ ഓർമ്മകൾക്ക് നിറം പകരുന്നത് ടെലഗ്രാം സന്ദേശങ്ങളിൽ അടങ്ങിയ പുഞ്ചിരിയും കണ്ണീരും ആയിരുന്നു. 

അന്ന് എൻ്റെ ഗ്രാമത്തിൽ ലാൻഡ് ഫോണുകൾ അപൂർവ്വമായിരുന്നു. ഞാങ്ങാട്ടിരി തപാൽ ഓഫീസിൽ പബ്ലിക് കാൾ സൗകര്യം ഉണ്ടായിരുന്നു. ടെലിഗ്രാഫ് ഓഫീസ് പ്രവർത്തിച്ചിരുന്നത് പട്ടാമ്പി തപാൽ ഓഫീസിലായിരുന്നു 

രാവിലെ തപാൽ ഉരുപ്പടികളുമായി പുറപ്പെടുന്ന ഞാൻ വൈകുന്നേരം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വീട്ടിലെത്തി മിച്ചമുള്ള തപാൽ ഉരുപ്പടികൾ ഏൽപ്പിക്കുകയാണ് പതിവ്. അന്നേരം പോസ്റ്റ് മാസ്റ്റർ കുഞ്ഞുണ്ണിമാഷ് ഫോണോഗ്രാമായി എത്തിയ ടെലിഗ്രാം സന്ദേശങ്ങൾ വിതരണത്തിനായി വീണ്ടും എന്നെ ഏൽപ്പിക്കും. മിക്കതും അടിയന്തിര സ്വഭാവമുള്ള സന്ദേശങ്ങളായതിനാൽ രാത്രിയെന്നോ പെരുമഴയെന്നോ നോക്കാതെ ഞാൻ വീണ്ടും ഓടും. 

നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ള വിലാസക്കാരൻ്റെ വീട്ടിലേക്കുള്ള യാത്രകൾ പലപ്പോഴും സംഭവബഹുലമാണ്. ചാക്കുരുത്തി കുന്നിലേക്കും, ചെമ്മാൻക്കുന്നിലേക്കും താന്നിക്കുന്നിലേക്കും കുറ്റ്യാനിക്കാട്ടിലേക്കും, കോഴിക്കാട്ടിരി പാലത്തിലേക്കും, പഴയ കടവത്തേക്കും അമ്പലവട്ടത്തേക്കും അരഞ്ഞിപറമ്പിലേക്കും കവളപ്പാറയിലേക്കും മറ്റും നീളുന്ന യാത്രകൾ എങ്ങനെ മറക്കാനാവും. 

കൂരാക്കൂരിരുട്ട് വീണുറങ്ങുന്ന കുണ്ടനിടവഴികളിലൂടെ, വിഷ സർപ്പങ്ങളും പേനായ്ക്കളും വിഹരിക്കുന്ന നാട്ടുപാതയിലൂടെ, ദയാവായ്പോടെ ആരെങ്കിലും നൽകുന്ന ഓലചൂട്ടും മിന്നിച്ച് മരണദൂതനായി ഓടുന്ന മെസഞ്ചറുടെ സേവനം ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. 

മധുവിധു തീരും മുമ്പ് അവധി റദ്ദാക്കിയ സന്ദേശം ലഭിച്ച് അതിർത്തിയിലേക്ക് മടങ്ങുന്ന സൈനികനും, ഗൾഫിലുള്ള മകൻ അപകടത്തിൽ മരണപ്പെട്ട വിവരം അറിയിക്കാൻ കഴിയാതെ വിഷമിക്കുന്ന മെസഞ്ചറും ഒരു നാണയത്തിൻ്റെ ഇരുപുറങ്ങളാണ്. തിരിഞ്ഞുനോക്കുമ്പോൾ കാതിൽ മുഴങ്ങുന്നതിൽ ഏറെയും നിലവിളികളാണ്. സങ്കടപേമാരിയാണ്.

സന്തോഷ സന്ദേശങ്ങൾ ഏറെയുണ്ടെങ്കിലും അവ ഓർമ്മകളെ ഉണർത്തുന്നില്ല എന്നുകൂടി പറയട്ടെ. ഇടിയും മിന്നലും തുലാമഴയും കാലൻ കുടയും ഓലച്ചൂട്ടും പഞ്ചറായ സൈക്കിളും പിന്നെ നെടുവീർപ്പുകളും നെട്ടോട്ടവും എല്ലാം എന്നും ഓർമ്മകളെ ഉണർത്തുമെന്ന് ഉറപ്പാണ്. പുതിയ തലമുറയ്ക്ക് ഓർത്തുവെയ്ക്കാൻ ഒരിക്കലും ഉണ്ടാവില്ല ഇത്തരം ഓലച്ചൂട്ടുകൾ. ദീപ്തമായ ഓർമ്മകൾ സമ്മാനിച്ച ടെലിഗ്രാഫ് വകുപ്പിനും ടെലഗ്രാം സന്ദേശങ്ങൾക്കും നന്ദി.

No comments: