Sunday, 26 August 2018

മുരളീരഥമുരുളുന്നു നിത്യം!



സേവന രംഗത്ത് മുരളീധരൻ സജീവ സാന്നിധ്യം.

പട്ടാമ്പിയിൽ എവിടെ നോക്കിയാലും വേളേരി മഠത്തിൽ മുരളീധരനെ കാണാം. ഓരോ ദിവസവും സേവനത്തിന് മാറ്റി വെച്ച വ്യക്തിയാണ് ഇദ്ദേഹം. പ്രളയ ദിനങ്ങളിലാണ് മുരളിയുടെ സേവന സമർപ്പണ സന്നദ്ധത ഏവരും ഗൗരവമായി തിരിച്ചറിഞ്ഞത്. ഭാരതപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാൻ തുടങ്ങിയ ദിവസം മുരളി തന്റെ fb പേജിൽ ദീർഘവീക്ഷണത്തോടെ ഒരു പോസ്റ്റിട്ടു: വെള്ളപ്പൊക്കം മൂലം വീടുകളിൽ താമസിക്കാൻ കഴിയാത്തവർക്കും യാത്ര തടസ്സപ്പെട്ടവർക്കും തന്റെ ചൈതന്യ വർക്കിങ്ങ് വിമൻസ് ഹോസ്റ്റലിൽ സൗജന്യമായി താമസവും ഭക്ഷണവും നൽകാൻ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഇത് പിറ്റേന്ന് പത്രത്തിലും അച്ചടിമഷി പുരണ്ടു. നിളയിൽ മലവെള്ള പാച്ചിലുണ്ടാവുകയും തീവണ്ടി ഗതാഗതം ഉൾപ്പെടെയുള്ള  യാത്രാ സംവിധാനം നിലക്കുകയും ചെയ്തപ്പോൾ പെരുവഴിയിലായ നിരവധി സ്ത്രീകളും കുട്ടികളും എത്തിയത് മുരളിയുടെ ഹോസ്റ്റലിലാണ്. മുരളിയുടെ സുരക്ഷാ സംവിധാനം കേട്ടറിഞ്ഞ് ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജും തഹസിൽദാർ കാർത്യായനി ദേവിയും ചൈതന്യ  ഹോസ്റ്റലിലെത്തി അന്തേവാസികളെ കാണുകയും മുരളിയുടെ ജീവകാരുണ്യ
സേവന സന്നദ്ധതയെ പ്രശംസിക്കുകയും ചെയ്തു.
ഇതിനു പുറമെ പട്ടാമ്പി ഗവ.ഹൈസ്കൂളിൽ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പിലും മുരളിയുടെ സേവനം തുടർന്നു. മലവെള്ളം പിൻവാങ്ങിയതോടെ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് പുഴ മാലിന്യം നീക്കാനും ചെളി കയറിയ വീടുകളും കടകളും സ്ഥാപനങ്ങളും വൃത്തിയാക്കാനും കൂടെ മുരളിയുമുണ്ടായിരുന്നു. വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ടൗൺ സൗന്ദര്യവൽക്കരണ പദ്ധതി നടപ്പാക്കിയതോടെയാണ് പ്രവാസിയായിരുന്ന മുരളി ശ്രദ്ധേയനാവാൻ തുടങ്ങിയത്. പട്ടാമ്പി പോലീസ് സ്റ്റേഷന്റെ മുന്നിലുള്ള ബസ് വെയ്റ്റിങ്ങ് ഷെൽട്ടറിനു സമീപത്തും പട്ടാമ്പി പാലത്തിന്റെ ഇരുവശങ്ങളിലും ഉദ്യാനം നിർമിച്ചു കൊണ്ടാണ് മുരളി തന്റെ സേവന സന്നദ്ധതക്ക് ഹരിതാഭ പകർന്നത്. അങ്ങിനെ നഗരത്തിന്റെ ഉദ്യാനപാലകനായി മാറിയ മുരളി മായാജാല പ്രകടനത്തിലൂടെ മാന്ത്രിക ആസ്വാദക സദസിലും പ്രിയ താരമായി. ആരിൽ നിന്നും പ്രതിഫലം വാങ്ങാതെയാണ് മുരളിയുടെ മാന്ത്രിക പ്രകടനം. ഇതോടൊപ്പം അവശരേയും രോഗികളേയും സഹായിക്കുന്നവരുടെ സാന്ത്വന കൂട്ടായ്മയിലും, റോട്ടറി ക്ലബിലും, ജനമൈത്രി സമിതിയിലും, വ്യാപാരികളുടെ ക്ഷേമ പ്രവർത്തന സംഘത്തിലും,
ജൈവ പച്ചക്കറി കർഷകൻ,  ബയോഗ്യാസ് പ്ലാന്റ്
പ്രചാരകൻ തുടങ്ങിയ മേഖലകളിലും മുരളിയെ കാണാം. പതിനെട്ടു വർഷം മസ്ക്കറ്റിൽ ജോലി ചെയ്ത മുരളി ബഹുഭാഷാ വാഗ്മി കൂടിയാണ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, അറബിക്, സിംഹള, ബംഗ്ല, തഗാളൊ, സോഹീലി തുടങ്ങിയ ഭാഷകൾ കൈകാര്യം ചെയ്യാനറിയാം. ഇദ്ദേഹത്തിന്റെ സേവന സന്നദ്ധതക്ക് മന്ത്രിമാരിൽ നിന്നും മറ്റു ജനപ്രതിനിധികളിൽ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്നും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പട്ടാമ്പി വേളേരി മഠത്തിൽ ശേഖരൻ നായർ - കാർത്യായനി അമ്മ ദമ്പതികളുടെ മകനാണ് മുരളീധരൻ.
ഭാര്യ: ഗീത.
മക്കൾ: നമിത, അമൃത.
പട്ടാമ്പി പന്തക്കൽ റോഡിൽ വേളേരി മഠത്തിൽ താമസിക്കുന്ന മുരളീധരൻ സദാ സേവന സന്നദ്ധനാണ്. ആർക്കും ബന്ധപ്പെടാം.
ഫോൺ:
9846 205 424.

ശാസ്ത്ര കൗതുകം


 



ചൊവ്വയുടെ ഉള്ളറകളറിയാൻ ഇൻസൈറ്റ് പ്രയാണം തുടരുന്നു.

ചൊവ്വക്ക് ദോഷമുണ്ടോ എന്നറിയാൻ ഏതാനും മാസം കൂടി കാത്തിരിക്കാം. നാസയുടെ ബഹിരാകാശ പേടകമായ മാർസ് ഇൻസൈറ്റ് പാതി ദൂരം പിന്നിട്ടു കഴിഞ്ഞു. മൂന്നര മാസം മുമ്പാണ് പേടകം യാത്ര പുറപ്പെട്ടത്. ഇതിനകം 27.7 കോടി കി.മീറ്റർ ദൂരം താണ്ടി കഴിഞ്ഞു. ഇനി മൂന്നു മാസം കൂടി കഴിഞ്ഞാൽ പേടകം 20.8 കോടി കി.മീറ്റർ ദൂരം കൂടി പിന്നിടും. അതോടെ ചൊവ്വയിലെ എൽസിയം പ്ലാനിഷ്യ എന്നറിയപ്പെടുന്ന പ്രത്യേക മേഖലയിൽ പേടകം എത്തും. ഗ്രഹത്തിന്റെ അജ്ഞാതമായ ഉള്ളറകളറിയാനും താപനില രേഖപ്പെടുത്താനുമുള്ള നാസയുടെ പ്രഥമ ദൗത്യമാണിത്. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കാനുള്ള സംവിധാനവും പേടകം കരുതിയിട്ടുണ്ട്. പ്രതലത്തിൽ നേരിട്ട് സ്ഥാപിക്കാൻ അത്യാധുനിക സീസ്മോ മീറ്ററുമുണ്ട്. ഇതിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങൾ രേഖപ്പെടുത്താനും കഴിയും. ചൊവ്വാ ദോഷത്തിന്റെ പേരിൽ നിരവധി യുവതീ യുവാക്കളുടെ വിവാഹ ജീവിതത്തിൽ വില്ലനായി നിൽക്കുന്ന ഈ ഗ്രഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അവസരം കൈ വന്നിരിക്കുകയാണെന്നും ചില ശാസ്ത്ര കുതുകികൾ ഹാസ്യ രൂപേണ പറയുന്നുണ്ട്.

ചരിത്രമെഴുതാൻ 'ഗഗന്യാൻ'




വി.ആർ.ലളിതാംബിക:
ചരിത്ര ദൗത്യവുമായി മലയാളി വനിത!

ബഹിരാകാശ മനുഷ്യ ദൗത്യത്തിനൊരുങ്ങുന്ന ഐ.എസ്.ആർ.ഒ. പ്രതീക്ഷയർപ്പിക്കുന്നത് മലയാളി വനിതയിൽ!
മുപ്പത് വർഷമായി ഐ.എസ്.ആർ.ഒ.യിൽ വിക്ഷേപണ സാങ്കേതിക വിദ്യയിൽ സ്പെഷലിസ്റ്റായി പ്രവർത്തിക്കുന്ന ഡോ. വി.ആർ.ലളിതാംബിക (56) യാണ് ചരിത്രം രചിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡപ്യൂട്ടി ഡയറക്ടരായ ലളിതാംബിക പുതിയ നിയോഗം ഏറ്റെടുക്കാൻ മൂന്ന് മാസം മുമ്പാണ് ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ. ആസ്ഥാനത്തെത്തിയത്.
2001 ൽ സ്പേസ് ഗോൾഡ് മെഡലും, 2013 ൽ പെർഫോമൻസ് എക്സലൻസ് അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇവർ നേടിയിട്ടുണ്ട്. ബഹിരാകാശ മനുഷ്യ ദൗത്യത്തിന് നിലവിലുണ്ടായിരുന്ന വെല്ലുവിളികൾ നാല് വർഷം മുമ്പുതന്നെ ഐ.എസ്.ആർ.ഒ. തരണം ചെയ്തിട്ടുണ്ട്. വിക്ഷേപണ വാഹനത്തിന്റെ രൂപകൽപനയും നിർമാണവും നിർവഹിക്കപ്പെട്ടതോടെ ഈ രംഗത്ത് വൻ കുതിപ്പിനൊരുങ്ങുകയാണ് ഐ.എസ്.ആർ.ഒ.
ജി.സാറ്റ് 19 ഉപഗ്രഹം കഴിഞ്ഞ വർഷം വിക്ഷേപിച്ചപ്പോൾ ഡിജിറ്റൽ ഓട്ടോ പൈലറ്റ് (ഡി.എ.പി.) സംവിധാനം രൂപപ്പെടുത്തിയത് ഡോ.വി.ആർ.ലളിതാംബികയായിരുന്നു. കഴിഞ്ഞ വർഷം പി.എസ്.എൽ.വി.യിൽ 104 ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ച് ചരിത്രമെഴുതിയപ്പോൾ ആ ദൗത്യസംഘത്തിന് ചുക്കാൻ പിടിച്ചത് ഈ മലയാളി മങ്കയായിരുന്നു. 2022 ൽ ഒരിന്ത്യക്കാരൻ ബഹിരാകാശത്ത് കാലു കുത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ഗഗനചാരിയെ തിരഞ്ഞെടുക്കുന്ന ചുമതലയും ഇവരിലർപ്പിതമാണ്. 1984 ൽ ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേശ് ശർമ റഷ്യൻ പേടകത്തിലാണ് ചരിത്ര നിയോഗം പൂർത്തിയാക്കിയിരുന്നത്. ഇന്ത്യൻ വംശജയും അമേരിക്കൻ പൗര യുമായ കൽപന ചൗളയും സുനിത വില്യംസും നാസയുടെ ബഹിരാകാശ ദൗത്യത്തിലാണ് ചരിത്രം രചിച്ചത്. ഇന്ത്യയുടെ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് 'ഗഗന്യാൻ' എന്നാണ് പേരിട്ടിരിക്കുന്നത്.  ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.കെ.ശിവനാണ് രാജ്യത്തെ വനിതകൾക്ക് അഭിമാനമാവുന്ന തീരുമാനത്തിലൂടെ ഡോ.വി.ആർ.ലളിതാംബികയെ ദൗത്യമേല്പിച്ചത്.

Saturday, 25 August 2018

സ്വപ്ന വേദികളിൽ സതീഷിന് നൃത്തമാടണം



ഭാരതപ്പുഴയുടെ പ്രളയാനന്തര വരൾച്ച ചിത്രീകരിച്ച് മടങ്ങുമ്പോഴാണ് കൊടുമുണ്ട ഗേറ്റിൽ വെച്ച് ആ ചെറുപ്പക്കാരനെ ഞാൻ ശ്രദ്ധിച്ചത്. എന്റെ കൂടെ ഗോപി മാഷുമുണ്ട്.  നിളയുടെ രൂപ ഭാവ മാറ്റങ്ങളെ കുറിച്ച് ഞാനും ഗോപി മാഷും സംസാരിക്കുന്നതിനിടയിലേക്കാണ് അയാൾ പൊടുന്നനെ കയറി വന്നത്. ഞങ്ങളുടെ നേരെ അയാൾ ടിക്കറ്റ് നീട്ടി.  വേണ്ടെന്ന് ആംഗ്യത്തിൽ പറഞ്ഞൊഴിഞ്ഞെങ്കിലും രണ്ടു മൂന്നു വട്ടം അയാൾ ഞങ്ങളുടെ മുന്നിലൂടെ തന്നെ നടന്നു. എന്തോ ഒരു അസാധാരണത്വം അയാളിലുണ്ടെന്ന് അപ്പോൾ എനിക്ക് തോന്നാതിരുന്നില്ല.
അതിനിടയിൽ ഗോപി മാഷ് അയാളെ വിളിച്ച് 'സതി' യല്ലേ എന്ന് സംശയ നിവൃത്തി വരുത്തി. ഗോപി മാഷ് കുശലം പറഞ്ഞ് അയാളെ വിട്ടു. എന്നിട്ട് സതിയെ കുറിച്ച് ഒന്നു രണ്ടു വാക്കിലൂടെ എനിക്ക് പരിചയപ്പെടുത്തി. പട്ടാമ്പിക്കുള്ള ബസ് കാത്തിരിക്കുകയാണ് ഞാൻ. എന്നെ പറഞ്ഞയച്ചിട്ടു വേണം ഗോപി മാഷിന് വീട്ടിലെത്താൻ. അതിനിടയിൽ ഒന്നു രണ്ടു തവണ റെയിൽവേ ഗേറ്റ് അടയുകയും തീവണ്ടികൾ കടന്നു പോകുകയും ചെയ്തു. തിരക്കൊഴിഞ്ഞ രണ്ടു ബസും ഞാൻ വിട്ടു. എനിക്കെന്തോ സതിയെക്കുറിച്ച് കുറച്ചു കൂടി അറിയണമെന്ന് തോന്നി. ഞാൻ അയാളെ വിളിച്ച് അരികിലെ കസേരയിലിരുത്തി കുശലം ചോദിച്ചു. സംസാരിക്കുമ്പോൾ ഇ.എം.എസിനെപ്പോലെ അല്പം വിക്കുണ്ട്. കണ്ണുകൾക്കും ചലന വ്യതിയാനമുണ്ട്. താടിയും മുടി നീട്ടി വളർത്തിയിട്ടുണ്ട്. ലോട്ടറി വകുപ്പിന്റെ മുദ്ര പതിച്ച ഓവർ കോട്ടും ചുവന്ന ലുങ്കിയുമാണ് വേഷം. ഞാൻ സതിയെ വായിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി. അതറിഞ്ഞിട്ടാവണം സതി തന്റെ ജീവിത ചിത്രം പതുക്കെ അനാവരണം ചെയ്തു. മൂന്നാം വയസ് മുതൽ സിനിമാറ്റിക് ഡാൻസറാണ് സതി. ഗുരുക്കന്മാരില്ല. മൈക്കിൾ ജാക്സനെ അനുകരിച്ചാണ് കുട്ടിക്കാലത്ത് ആട്ടം തുടങ്ങിയത്. പെരുമുടിയൂർ സ്കൂളിൽ വാർഷികാഘോഷ വേദികളിൽ ബ്രേക്ക്‌ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. നാട്ടിലും ചില വേദികളിൽ നൃത്തമാടിയിട്ടുണ്ട്. പരേതനായ ഗോപാലകൃഷ്ണൻ നായരുടേയും സ്കൂൾ പാചക തൊഴിലാളിയായിരുന്ന സുലോചനയുടേയും മകനാണ് സതി എന്ന സതീഷ് (30). പെരുമുടിയൂർ സിതാര മണ്ഡപത്തിനു സമീപം സതീഷ് മന്ദിരത്തിൽ, വയോധികയായ  അമ്മയോടൊപ്പമാണ് താമസം. കഴിഞ്ഞ ആറ് വർഷമായി ചെറുശ്ശേരി ശിവക്ഷേത്രത്തിൽ താൽക്കാലിക കഴകക്കാരനായി രാവിലെയും വൈകുന്നേരവും സേവനമനുഷ്ഠിക്കുന്ന സതി, പകൽ മുഴുവൻ ലോട്ടറി വില്പനക്കാരനാണ്. ദിവസേന പത്ത്, പതിനഞ്ച് കി.മീറ്റർ ദൂരം നടക്കുന്ന സതി മിക്കവാറും മലപ്പുറം ജില്ലയിലെ കൊടുമുടി വരെ പോയി ഭാഗ്യ വില്പന നടത്താറുണ്ട്. ശരാശരി രണ്ടായിരം രൂപയുടെ ടിക്കറ്റ് വിൽക്കാറുണ്ട്. പ്രധാന ജീവിതോപാധി ഭാഗ്യവില്പന തന്നെയാണ്. സേവനം നടത്തുന്നത് സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ഇത് സർക്കാർ ജോലിയായി സമൂഹം കാണുന്നില്ല എന്ന സങ്കടം സതിയുടെ വാക്കുകളിലുണ്ട്. ഒരു സുഹൃത്തിന്റെ സഹായത്തോടെ ഈയിടെ ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഷോ പ്രോഗ്രാമിൽ ഓഡിഷൻ ടെസ്റ്റിനു പോയിരുന്നു. നല്ല പ്രകടനം കാഴ്ചവെച്ച സതിയെ പ്രോഗ്രാമിലേക്ക് സെലക്ട് ചെയ്തതായി പറഞ്ഞിരുന്നു. ഫ്ലവേഴ്സിന്റെ സ്റ്റേജ് ലഭിച്ചാൽ തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാവും എന്ന പ്രതീക്ഷയിലാണ് സതി. കണ്ണിന് ജന്മനാൽ അല്പം കാഴ്ച കുറവുണ്ടെങ്കിലും പരിമിതികളുടെ വന്മതിലുകൾ താണ്ടാനുള്ള ആർജ്ജവം സതി നിലനിർത്തുന്നുണ്ട് എന്ന് എനിക്ക് ബോധ്യമായി.
ഭാരതപ്പുഴ കര കവിഞ്ഞൊഴുകിയപ്പോൾ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്ന അനുഭവവും സതി പങ്കുവെച്ചു. ദുരിതാശ്വാസ ക്യാമ്പ് വിട്ട സതിയും അമ്മയും പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ്. എല്ലാ കുറവുകളിൽ നിന്നും കനവിൽ കണ്ട നിറവുകളിലേക്കും നിറപ്പകിട്ടാർന്ന നൃത്തവേദികളിലേക്കും എത്തിച്ചേരാൻ
സതിക്ക് കഴിയട്ടെ എന്ന് ഞങ്ങൾ ആശംസിച്ചു.  പ്രളയം മൂലം നറുക്കെടുപ്പ് മാറ്റി വെച്ച രണ്ട് നിർമൽ ലോട്ടറി ടിക്കറ്റ് ഞങ്ങൾ വാങ്ങി. ഹൃദയം കൊണ്ട് നിർമലമായ ആ യുവാവിന് മംഗളങ്ങൾ നേർന്നു കൊണ്ട് ഞാൻ അടുത്ത ബസിൽ കയറി.

Thursday, 9 August 2018

ഒരു കർക്കിടക സ്മരണ...

വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. നിറവയറുമായി നിള ഇരുകര മുട്ടി ഒഴുകുകയാണ്.
ഞാൻ പട്ടാമ്പി പാലത്തിലൂടെ സൈക്കിളിൽ വരികയായിരുന്നു .
എന്റെ മുന്നിലൂടെ ഒരാൾ കുട ചൂടി നടക്കുന്നുണ്ട്.
അയാൾ തിരക്കിട്ടോടുന്നതുപോലെ അല്പം വേഗത്തിലാണ്.
പൊടുന്നനെ പാലത്തിലൂടെ അതിവേഗം ഒരു ബസ്‌ വന്നു.
അപ്പോൾ ശക്തമായ കാറ്റടിച്ചു. നോക്കി നിൽക്കെ ഒരു
ബലൂണ്‍ പറന്നു പോകുന്നത് പോലെ ഒരു കുട പുഴയിൽ വീണു.
കുടയോടൊപ്പം ആ മനുഷ്യനും മദിച്ച് ഒഴുകുന്ന പുഴയിൽ കലർന്നു.
പിന്നെ പുഴയിൽ നിന്ന് ഉയർന്നത് ദിഗന്തം നടുക്കുന്ന നിലവിളിയാണ്.
അതുകേട്ടു ആളുകൾ അങ്ങാടിയിൽ നിന്ന് ഓടിയെത്തി. നീന്തൽ അറിയുന്നവർ
പുഴയിലേക്ക് എടുത്തു ചാടി. പുഴയിൽ നല്ല ഒഴുക്കാണ്. അതിവേഗം ഒഴുകി
പോകുന്ന ഒരു കുട മാത്രം ഇപ്പോൾ പാലത്തിൽ നിൽക്കുന്നവർക്ക് കാണാം.
നിള ഉന്മാദിനിയായി ഒഴുകുന്നത്‌ കാണാൻ എത്തിയവർ തരിച്ചു നിൽക്കുകയാണ്.
നിമിഷങ്ങൾക്കകം ദൂരെ ഒരു കറുത്ത പൊട്ടു പോലെ കുട മറഞ്ഞു.
ഒരു ജീവൻ നിളയിൽ ഓളമായി ഒഴുകി.
രക്ഷിക്കാൻ പുഴയിൽ ചാടിയവർ നിരാശരായി കര കയറി.
കടം വാങ്ങിയ കുടയുമായി മരുന്ന് വാങ്ങാൻ അങ്ങാടിയിൽ
പോയ ഒരു പാവം മനുഷ്യന്റെ മരണത്തിനു സാക്ഷിയായി പലരുമുണ്ടായിരുന്നു.
പക്ഷെ ഓരോ കർക്കിടകത്തിലും ആ പാവം മനുഷ്യൻ എന്റെ
ഓർമകളിൽ പെയ്തിറങ്ങുകയാണ്‌.
ഈ കർക്കിടകത്തിലും മൂന്നു പേരുടെ ജീവൻ നിളയിൽ ഒഴുകിയിട്ടുണ്ട്.
ഒരാൾ ജീവിതപ്പാച്ചിലിന് തടയിടാനാണ് ചാടിയതെങ്കിൽ രണ്ടു പേർ മീൻ പിടിക്കാനിറങ്ങിയതായിരുന്നു. ഓരോ മഴക്കാലത്തും
നിളയിൽ ഒഴുകിപ്പോയ ജീവിതങ്ങളുടെ കണക്ക് ഏത് കാനേഷുമാരിയിലാണുണ്ടാവുക?
അന്തം കെട്ട മണലെടുപ്പിൽ കുഴിഞ്ഞു പോയത് നിളയുടെ സ്വർണ്ണമേനിയാണ്. അവിടെ തഴച്ചു വളർന്ന ആറ്റുവഞ്ഞിക്കാട്ടിൽ കുടുങ്ങി കിടന്ന മൃത സ്വപ്നങ്ങൾ തിന്ന് വളർന്നത് മത്സ്യങ്ങളാണ്. ഓള പരപ്പിൽ പുളയുന്നത് ദുരന്ത വാർത്തകളാണ്. അപ്പോഴെല്ലാം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ ആവതില്ലാതെ പ്രാദേശിക ഭരണകൂടങ്ങൾ കൈമലർത്തുകയാണ്.
പുഴയിൽ നിന്ന് കുഴിയിലേക്കും കുഴിയിൽ നിന്ന് കാട്ടിലേക്കും നിള പരിവർത്തനം ചെയ്തു കൊണ്ടിരിക്കുമ്പോഴും
കൗമാരത്തിലെ നിളയോളങ്ങളാണ് മനസ്സിൽ ഉറവയെടുക്കുന്നത്.
അതുകൊണ്ടാണ്
നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും പഴയൊരു കാഴ്ച കർക്കിടക മഴ പോലെ,
കണ്ണീർ മഴ പോലെ ഓരോ മഴക്കാലത്തും എന്നെ പൊതിയുന്നത്.
------------------------
ടി.വി.എം. അലി
------------------------

Monday, 6 August 2018

നോബിൾ ബാബു:


മാഞ്ഞു പോകാത്ത നിറക്കൂട്ട് ...

സ്വന്തം പേരു പോലും വിസ്മൃതിയിലാവുകയും ഒരു താര രാജാവിന്റെ കഥാപാത്ര നാമമായി അറിയപ്പെടേണ്ടി വരികയും ചെയ്ത അപൂർവ്വതയാണ് അകാലത്തിൽ പൊലിഞ്ഞ നോബിൾ ബാബു എന്ന കലാകാരന്റെ ജീവിതം.
പള്ളിപ്പുറം ചെറുകുടങ്ങാട് സ്വദേശി ബാലകൃഷ്ണൻ - ചെമ്പ്ര കൊണ്ടപ്പുറത്ത് ചിന്താമണി ദമ്പതികളുടെ മകന്റെ പൂർവ്വനാമം ശങ്കരനാരായണൻ എന്നായിരുന്നു. അച്ഛനും അമ്മയും അവനെ അപ്പു എന്നു വിളിച്ചു. മാവൂർ റയോൺസിൽ ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ കമ്പനി ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയതോടെയാണ് അപ്പുവിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്. ഹിന്ദി സൂപ്പർ സ്റ്റാർ രാജേഷ് ഖന്നയുടെ 'ബാബു' എന്ന ഹിറ്റ് സിനിമ റിലീസായ സമയം. സിനിമയിലെ ടൈറ്റിൽ കഥാപാത്രമായി ഒന്നര വയസുകാരൻ മാറുകയായിരുന്നു. ക്വാർട്ടേഴ്സിലെ അന്തേവാസികളാണ് അപ്പുവിനെ ബാബുവായി വാഴിച്ചത്. അങ്ങിനെ രേഖകളിലും ബാബു സ്ഥിരപ്രതിഷ്ഠനായി.
താര രാജാവിന്റെ കഥാപാത്രമായത് യാദൃശ്ചികതയാണെങ്കിലും ബാബുവിന്റെ ഉള്ളിലൊരു കലാകാരൻ ഒളിഞ്ഞു കിടന്നിരുന്നു. ക്ലാസിക് സാഹിത്യ കൃതികൾ വായിച്ചും സംഗീതം ആസ്വദിച്ചും പ്രകൃതിയെ സ്നേഹിച്ചും ആരും കേൾക്കാതെ മൂളിപ്പാട്ട് പാടിയും ആരും കാണാതെ ചിത്രങ്ങൾ വരച്ചും വളർന്ന ബാബുവിന് ഐ.എ.എസ്.നേടുക എന്നൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ബിരുദമെടുത്തതിനെ തുടർന്ന്, ബാബു 1991 ൽ ഐ.എ.എസ് പരീക്ഷ എഴുതി. പ്രിലിമിനറി ലിസ്റ്റിൽ ഇടം നേടി. അന്നേരം അലിഗഡിലെ ചില വിദ്യാർത്ഥികൾ നൽകിയ കേസിനെ തുടർന്ന് പ്രിലിമിനറി ലിസ്റ്റ് കോടതി റദ്ദാക്കി.  അതോടെ ഐ.എ.എസ്.സ്വപ്നം വെടിഞ്ഞ് വേദം പഠിക്കാനും കാശിയിൽ പോയി സന്യസിക്കാനും ബാബു തീരുമാനിച്ചു. വീട്ടുകാർ ഇത് മണത്തറിയുകയും നീണ്ടു നിന്ന സമ്മർദ്ദങ്ങളെ തുടർന്ന് ഗാർഹസ്ഥ്യത്തിലേക്ക് മടങ്ങുകയും ചെയ്തു.
അതിനിടയിൽ
റയോൺസിൽ നിന്ന്
വിരമിച്ച ബാലകൃഷ്ണൻ 1983ൽ പട്ടാമ്പിയിൽ നോബിൾ ഇലക്ട്രിക്കൽസ് എന്ന സ്ഥാപനം തുടങ്ങി. പിതാവിനോടൊപ്പം ബാബുവും ഇലക്ട്രിക്കൽ ട്രീറ്റ്മെൻറിൽ മുഴുകി. അങ്ങിനെ കൊണ്ടപ്പുറത്ത് ബാബു, നോബിൾ ബാബുവായി.
ചിത്രകാരൻ, ഗായകൻ, സാഹിത്യാസ്വാദകൻ,
പരിസ്ഥിതി പ്രവർത്തകൻ, പൊതുപ്രവർത്തകൻ,
എല്ലാറ്റിനുമുപരി മനുഷ്യ സ്നേഹി എന്നിങ്ങനെ പട്ടാമ്പിയുടെ പൊതുമണ്ഡലത്തിൽ അരികു ചേർന്ന് നടന്ന ബാബുവിന് അർഹിക്കുന്ന അംഗീകാരമൊന്നും ലഭിക്കാതെ പോയത് അദ്ദേഹം അതൊന്നും ആഗ്രഹിക്കാത്തതു കൊണ്ടായിരിക്കാം. ആഗ്രഹിച്ചതെല്ലാം
കൈവിട്ടകന്നു പോയതിന്റെ നൊമ്പരം ഉള്ളിലുറഞ്ഞു കിടന്നതുകൊണ്ടാവാം തന്റെ സർഗ്ഗ സിദ്ധികളൊന്നും ആസ്വാദക ലോകത്തിന്റെ മുന്നിൽ നിരത്തിവെക്കാൻ ബാബു നിന്നില്ല. ജീവിത യാത്രക്കിടയിൽ നിരത്തിൽ ചിതറി വീണ നിറക്കൂട്ടായി മാഞ്ഞു പോകുമ്പോഴും, നിറമുള്ള ചിത്രമായി മനസ്സിൽ ചിലരെങ്കിലും ചിരകാലം
സൂക്ഷിക്കുമെന്നുറപ്പാണ്.
നിളയെ നെഞ്ചേറ്റിയ ഏതാനും പരിസ്ഥിതി സ്നേഹികളോടൊപ്പം
ബാബുവിനെ കാണാനും ഇടപഴകാനും കഴിഞ്ഞതിന്റെ നനുത്ത ഓർമകളെ ദീപ്തമാക്കിയത് രാംജി പെരുമുടിയൂരിന്റെ മുഖമൊഴിയാണ്.
നട്ടുച്ചക്ക് അസ്തമിച്ച സർഗ്ഗ പ്രകാശത്തെ രേഖപ്പെടുത്താൻ ആ സ്വരമാസിക ഇല്ലായിരുന്നുവെങ്കിൽ
ബാബുവിന്റെ സർഗ്ഗ സ്പന്ദനങ്ങൾ ആരോരും അറിയാതെ പോകുമായിരുന്നു.