Monday, 12 February 2018

സ്മാർട് തപാൽ

കേരളത്തിലെ ഗ്രാമീണ പോസ്റ്റോഫിസുകൾ സ്മാർട്ടായി.
ഒറ്റപ്പാലം ഡിവിഷൻ പരിധിയിലുള്ള എല്ലാ തപാൽ ബ്രാഞ്ച് ഓഫീസുകളിലും ജീവനക്കാർക്ക് പരിശീലനം നൽകിയ ശേഷം RICT/MCD മെഷീൻ സ്ഥാപിച്ചു.   നഗരങ്ങളിലുള്ള പ്രധാന തപാൽ ഓഫീസുകളിൽ ലഭിക്കുന്ന മുഴുവൻ സേവനവും ബ്രാഞ്ച് ഓഫീസിലും ഇനി ലഭ്യമാവും. MCD വന്നതോടെ ഗ്രാമീണ മേഖലയിലെ പോസ്റ്റോഫീസുകളിലും ഇപ്പോൾ പണമിടപാടുകൾ  കമ്പ്യൂട്ടർ ഉപയോഗിച്ച് കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് മാറി കഴിഞ്ഞു. പഴയ എഴുത്ത് രീതിയിൽ നിന്നും
പുതിയ ഡിജിറ്റൽ യുഗത്തിലേക്ക് ഗ്രാമീണ തപാൽ മേഖല മാറുന്നത് കൗതുകത്തോടെയാണ് ജീവനക്കാരും ഇടപാടുകാരും  വീക്ഷിക്കുന്നത്. പുതിയ സംവിധാനമായ ആർ.ഐ.സി.റ്റി. MCD മെഷിൻ ഏറെ സവിശേഷതകൾ ഉള്ളതാണ്. ഉപയോഗിക്കാൻ ഏറെ എളുപ്പമാണ്. വൈവിധ്യങ്ങൾ ഒട്ടനവധിയാണ്.
ബസ്സ് കണ്ടക്ടർമാരുടേയും, ബാങ്ക് ബിൽ കളക്ടർമാരുടേയും കയ്യിലുള്ള മെഷിനെ പോലെയുള്ളവയാണ് പോസ്റ്റോഫീസുകളിൽ എത്തിയ യന്ത്രം.  ഒരു പെട്ടിയിൽ ഒതുങ്ങുന്ന തരത്തിൽ ആർ.ഐ.സി.ടി.
MCD മെഷിൻ, ചാർജർ, സ്കാനർ, ക്യാമറ എന്നിവ ഇതിലുണ്ട്. ഒരു ചെറിയ സൂട്ട് കേസിൽ ഇവ കൊണ്ടു നടക്കാം. വൈദ്യുതി ഇല്ലാത്ത ഓഫീസിൽ സോളാർ പാനൽ ഉപയോഗിച്ചും പ്രവർത്തിപ്പിക്കാം. സേവിങ്ങ് ബാങ്ക് ഇടപാടുകൾ പൂർണ്ണമായും കോർ ബാങ്കിങ്ങിലേക്ക് മാറി കഴിഞ്ഞു. ഗ്രാമീണ മേഖലയിലെ തപാൽ ഓഫീസുകളിൽ വലിയ തോതിൽ മാറ്റം ഇതുമൂലം പ്രതീക്ഷിക്കുന്നുണ്ട്. ഓരോ ഇടപാടും തൽസമയം തന്നെ മുഖ്യ തപാൽ ഓഫീസിലെ സർവെറിൽ എത്തും. എയർടെൽ കമ്യൂണിക്കേഷനാണ്
ഓൺലൈൻ സാങ്കേതിക വിദ്യ നൽകുന്നത്. ചില സ്ഥലങ്ങളിൽ നെറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടെങ്കിലും അവ വൈകാതെ പരിഹരിക്കും.  ഭാവിയിൽ പോസ്റ്റുമാൻമാർക്കും ഇത്തരം ആർ.ഐ.സി.ടി. മെഷിൻ നൽകാനാണ് തപാൽ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ വീടിന് മുന്നിൽ തന്നെ എ.ടി.യം സൗകര്യവും മറ്റും എത്തിക്കാനാണ് തപാൽ വകുപ്പിൻ്റെ ശ്രമം. പെൻഷൻ വിതരണം, തൊഴിലുറപ്പുകാർക്ക് കൂലി നൽകൽ, സ്പീഡ്, രജിസ്റ്റർ, മണി ഓർഡർ ഉരുപ്പടികളുടെ ബുക്കിങ്ങ് എന്നിവ ഔട്ട് ഡോറിൽ ലഭ്യമാക്കാനാണ് അടുത്ത ശ്രമം.
ഡിജിറ്റൽ യുഗത്തിൽ ആധുനിക സൗകര്യവും ഗുണമേന്മയുള്ള സേവനവും
നൽകാൻ കഴിയുമെന്ന് ജീവനക്കാർ പറയുന്നു. അതേ സമയം ഗ്രാമീണ തപാൽ ഓഫീസുകളിലെ രണ്ടേ മുക്കാൽ ലക്ഷത്തോളം ജീവനക്കാർക്ക് രണ്ടു വർഷമായി ശമ്പള പരിഷ്ക്കരണം നടപ്പാക്കിയിട്ടില്ല. 2016 ജനവരി മുതൽ റഗുലർ തപാൽ ജീവനക്കാർക്ക് ഏഴാം ശമ്പള കമീഷൻ ശുപാർശകൾ നടപ്പാക്കിയിരുന്നു. ഏപ്രിൽ മുതൽ അപാകത പരിഹരിക്കാനും നടപടി തുടങ്ങി. എന്നാൽ ജി.ഡി.എസ്. ജീവനക്കാരുടെ സേവന വേതന പരിഷ്ക്കരണത്തിന് നിയോഗിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി രണ്ടു വർഷം മുമ്പ് സമർപ്പിച്ച റിപ്പോർട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ജി.ഡി.എസ്. യൂണിയൻ കഴിഞ്ഞ ആഗസ്റ്റിൽ ഏഴുദിവസം സമരം നടത്തിയിരുന്നു. അനുഭാവ പൂർവ്വം പരിഗണിക്കുമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്.

No comments: