ചിത്രങ്ങളിൽ നിറയെ കവിതകൾ പൂക്കുന്ന കാൻവാസ് പാടങ്ങളാണ് എന്റെ സ്വപ്നം എന്ന് പ്രഖ്യാപിക്കുന്ന കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിനെ പരിചയപ്പെട്ടത് പട്ടാമ്പിയിൽ കഴിഞ്ഞ വർഷം
നടന്ന കവിതയുടെ കാർണിവലിൽ വെച്ചാണ്. വിനോദിന്റെ ഒറ്റവര ചിത്രങ്ങൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനവും കാർണിവലിൽ നടന്നിരുന്നു. മനസ്സ് മറന്നു വെക്കുന്ന ഇടങ്ങൾ എന്ന കവിതാ സമാഹാരവും വിനോദ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രപ്രദർശനശാലയിൽ വെച്ചാണ് വിനോദിന്റെ രചനകളെ നോക്കിക്കണ്ടത്.
മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ കറുത്ത പാറതോട്ടത്തിൽ ദാമോദരൻ - ശാന്ത ദമ്പതികളുടെ മകനാണ് 37 കാരനായ വിനോദ്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും, എം.എ.ഇംഗ്ലീഷ് ലിറ്ററേച്ചറും നേടിയ വിനോദ് ഇപ്പോൾ തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പെക്ടരാണ്.
മനുഷ്യന്റെ സങ്കടങ്ങളാണ് വിനോദിന്റെ ചിത്രങ്ങളും കവിതകളും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന പോലെ കാവ്യ ചിത്രകാരനായി ഒരേ സമയം വിനോദ് നമ്മുടെ മുന്നിലെത്തുന്നു. ഓരോ വാക്ക് കടലാസിൽ കുറിക്കുമ്പോഴും, ഓരോ നിറം കാൻവാസിൽ ചാലിക്കുമ്പോഴും ഭയം വിട്ടുമാറാത്ത മനസ്സാണ് വിനോദിനെ വേറിട്ടു നിർത്തുന്നത്. വാക്കിനും നിറത്തിനും അർത്ഥ ഭ്രംശ മേൽക്കരുതെന്ന നിബന്ധന വിനോദിന്റെ രചനകളിൽ കാണാം.
എന്നിലെ മുറുക്കത്തിൻ വേദനയാകുന്നു നിന്നിലെ ഈണങ്ങളെല്ലാം എന്ന് വയലിൻ എന്ന കവിതയിൽ കുറിക്കുമ്പോൾ അത് കവിയുടെ നയപ്രഖ്യാപനമായി കരുതാം. മൗനത്തിന്റെ ഈണം അറിയണമെന്നുണ്ടെങ്കിൽ മിണ്ടാതിരിക്കുക തന്നെ വേണമെന്നും കവി രഹസ്യമെന്ന കവിതയിൽ കുറിക്കുന്നു.
ഒരിക്കൽ നിശബ്ദത എന്നോടു ചോദിച്ചു: ഞാനില്ലെങ്കിൽ ചിന്തകളെ നീയെന്തു ചെയ്യും? ഉത്തരമില്ലാത്തതിനാൽ ഞാൻ നിശബ്ദത പാലിച്ചു എന്ന് മറ്റൊരു കവിതയിൽ വിനോദ് പറയുന്നു.
ഒന്നുമോർക്കരുതേ എന്ന് എന്തോർത്താണു നീ പറയുന്നതെൻ പ്രണയമേ, ഇനിയും കാലത്തിലേക്ക് പൊഴിയുവാൻ നനഞ്ഞ ഈ ഓർമ്മ തൂവലേയുള്ളു ബാക്കി എന്ന് മറ്റൊരു കവിതയിലും വിനോദ് ചൂണ്ടിക്കാട്ടുന്നു. വെയിലിനെപ്പേടിച്ച് ആരുടെ മുഖത്തും നോക്കാൻ കഴിയാതെ കുഴൽക്കിണറിലൊളിച്ചു ഈ വേനലിൽ ഇത്തിരി തെളിനീർ, എന്നെഴുതിയ കവി നിറയാൻ പുഴയില്ലെങ്കിൽ നിനക്ക് മഴയെന്തിനെന്ന് ആകാശവും എന്ന് മറ്റൊരു ചോദ്യവും ഉയർത്തുന്നു.
ഒരു പാത്രത്തിൽ കുറച്ച് കടലാസ് തുണ്ടുകളിട്ട് കിലുക്കി അര നിമിഷം കൊണ്ട് അതിൽ നിന്ന് സുന്ദരി പ്രാവിനെ പുറത്തെടുക്കുന്ന വിദ്യയാണ് കവിതയിൽ വിനോദ് കാണിക്കുന്നതെന്ന് നോവലിസ്റ്റ് സി.രാധാകൃഷ്ണൻ ഒറ്റവര ചിത്രങ്ങൾ എന്ന പുസ്തകത്തിൽ എഴുതിയ അവതാരികയിൽ പറയുന്നു.
അക്ഷരങ്ങളുടേയും നിറങ്ങളുടേയും ലോകത്ത് സജീവ സാന്നിധ്യമാവാൻ ഒരുങ്ങുന്ന വിനോദ് തന്റെ ചിത്രങ്ങളോടൊപ്പം കാവ്യ കൃതികളും ആസ്വാദകരുടെ മുന്നിൽ വെക്കുന്നു. രണ്ടു പുസ്തകങ്ങളിലായി 86 ചെറുതും വലുതുമായ കവിതകളാണുള്ളത്. വാക്കുകളെ കാച്ചിക്കുറുക്കിയ കവിതകൾ ഏറെ ഹൃദ്യമാണ്.
ചിത്രങ്ങളാവട്ടെ നിറങ്ങളുടെ സുന്ദര
കേദാരവുമാണ് .
എഴുത്തും ചിത്രവും:
ടി വി എം അലി
No comments:
Post a Comment