മനസ്സിൽ ആഹ്ലാദം നിറഞ്ഞു കവിഞ്ഞ ഒരു സായാഹ്നത്തെ കുറിച്ചാണ് ഈ കുറിപ്പ്.
ചേറും ചെളിയും നിറഞ്ഞ ഒരായുഷ്ക്കാലം മാത്രം ഓർത്തുവെക്കുന്നവരുടെ മേൽ പൊന്നാട ചാർത്തി ആദരിക്കുന്ന ഒരു ലളിതമായ ചടങ്ങിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
മണ്ണിൽ ജീവിതം ഉഴുതുമറിച്ച് നാടിന് അന്നമൂട്ടിയ കർഷക തൊഴിലാളികളെ പൊന്നാട ചാർത്തി ആദരിക്കാൻ മനസ് കാണിച്ചത് ശാസ്ത്ര പ്രതിഭയും സംഘവുമായിരുന്നു. എന്റെ സുഹൃത്ത് വാസുദേവൻ തച്ചോത്താണ് നാടിന്റെ മനം കവർന്ന ചടങ്ങ് സംഘടിപ്പിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാരായണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഡയറക്ടർ വാസുദേവൻ തച്ചോത്തും സംഘവുമാണ് നാട്ടുകാരായ മുപ്പതോളം കർഷക തൊഴിലാളികളെ ആദരിച്ചത്. ഞാങ്ങാട്ടിരി ബദാം ചുവട് പ്രദേശത്ത് സജ്ജമാക്കിയ ചടങ്ങിൽ പ്രവാസിയായ ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. കഥാകാരൻ രമണൻ ഞാങ്ങാട്ടിരി ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിൽ പഠനത്തിനെത്തിയ സ്ലോവാക്യ സ്വദേശി പാട്രിക് മുഖ്യാതിഥിയായി. എന്നെ കൂടാതെ പ്രദീപ് ഗുരുവായൂർ, സയ്യിദ് ഫസൽ തങ്ങൾ, ഷൗക്കത്തലി പെരിന്തൽമണ്ണ, ടി.ടി. മുസ്തഫ,
ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വാസുദേവൻ തച്ചോത്ത്, വരുൺ വാസുദേവ്, മേഘ, നേഗ, ഉണ്ണികൃഷ്ണൻ, നാരായണൻ, സുകുമാരൻ, രാജൻ എന്നിവർ സ്നേഹാദര ചടങ്ങിന് നേതൃത്വം നൽകി. ഡോക്യുമെന്ററി പ്രദർശനം, ഗാനമേള, നൃത്ത നൃത്യങ്ങൾ തുടങ്ങിയ പരിപാടികളും മിഴിവേകി.
നാടിനെ നശിപ്പിക്കുന്ന
കഞ്ചാവ് കർഷകരും മദ്യമാഫിയക്കാരും കോടികൾ
കൊയ്യുമ്പോൾ നാടിനെ അന്നമൂട്ടാൻ ജീവിതം ഹോമിക്കുന്നവർക്ക് ശരശയ്യ മാത്രം ലഭിക്കുന്ന ഒരു കാലത്ത് അവരെ ആദരിക്കാൻ സന്നദ്ധനായ സുഹൃത്തിനെ പ്രശംസിക്കാതെ വയ്യ.
No comments:
Post a Comment