Monday, 19 February 2018

പേരും ദുഷ്പേരും

ഒടിയൻ പടിയും
പ്രാന്തൻപടിയും

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു തീരുമാനമാണ് ഈ കുറിപ്പിനാധാരം.
സ്ഥലപ്പേരിലെ ദുഷ്പേര് നീക്കാൻ നാട്ടുകാർ ആവശ്യപ്പെട്ട പ്രകാരം ആഭ്യന്തര മന്ത്രാലയം അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു എന്നാണ് വാർത്ത.
ഇതനുസരിച്ച് രാജസ്ഥാനിലെ ചോർ ബസായ്
(കള്ളന്മാരുടെ പാർപ്പിടം) എന്ന സ്ഥലം ഇനി മുതൽ ബസായ് എന്നായി മാറും.
ഹരിയാനയിലെ ഗന്ത (അഴുക്ക്) ഗ്രാമം ഇനി മുതൽ
അജിത് നഗറായും അറിയപ്പെടും.
ബിഹാറിലെ നാച്നിയ (നൃത്തം ചെയ്തു ജീവിക്കുന്നവർ) എന്ന ഗ്രാമം കാശിപ്പുർ എന്നാകും. അതാത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണ് പേരുമാറ്റത്തിന് ആദ്യം സംസ്ഥാന സർക്കാരിനെ സമീപിക്കേണ്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിവേദനം നൽകാം. അന്തിമ തീരുമാനം മന്ത്രാലയത്തിന്റേതാണ്.
ഇവിടെ നമ്മുടെ നാട്ടിലും ചില പേരുകളിൽ മാറ്റം വരുത്തേണ്ടതുണ്ട്. തൃത്താല പഞ്ചായത്തിലെ തോട്ടപ്പായ എന്ന സ്ഥലം ഒടിയൻ പടിയായതും ഞാങ്ങാട്ടിരി അമ്പലം സ്റ്റോപ്പിനെ പ്രാന്തൻ പടിയാക്കിയതും ചില വക്രബുദ്ധിക്കാരാണ്. ഒടിയൻ പടിയെന്നും പ്രാന്തൻ പടിയെന്നും കൂറ്റൻ ഫ്ലക്സിൽ എഴുതി വെക്കുന്നവരെ കാണുമ്പോൾ
തൊലി ഉരിയുന്ന വേദന തോന്നിയിട്ടുണ്ട്.
ഉത്സവകാലത്ത്
ആയിരങ്ങൾ ചെലവിട്ടാണ് ചിലർ ദുഷ്പേര് നെഞ്ചേറ്റാൻ തുനിഞ്ഞിറങ്ങുന്നത്.
സ്വന്തം നാടിന്റെ സൽപ്പേര് മാനക്കേടുണ്ടാക്കുന്ന വിധം മാറ്റിമറിക്കാൻ
കാണിക്കുന്ന ഉത്സാഹം
ലജ്ജാകരമെന്നേ പറയേണ്ടൂ.
ഇനിയും ഇത്തരം മാനക്കേടുകൾ പേറുന്ന ഗ്രാമങ്ങൾ കേരളത്തിലുണ്ട്.
ഗാന്ധിനഗറിനെ ചെഗുവേര നഗർ എന്നാക്കാൻ ചിലർ ഒരുങ്ങിയപ്പോൾ ശിവജി നഗർ എന്നാക്കാൻ വേറെ ചിലർ രംഗത്തെത്തിയതും ക്രമസമാധാന പ്രശ്നമായി മാറിയതും മറ്റും നേരത്തെ
വാർത്തയായതാണല്ലൊ.
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാവാം.
ഒരു പേരിൽ എന്തെല്ലാം ഉണ്ടാവണം എന്നാണ് ചിന്തിക്കേണ്ടത്. കേരളമെന്ന് കേട്ടാൽ എന്ന് കവി പാടിയതോർക്കുക.
ഓരോ ഗ്രാമ നാമവും അന്ത: രംഗത്തെ അഭിമാന
പൂരിതമാക്കട്ടെ.
അപമാനകരമായ ഗ്രാമ നാമങ്ങളിൽ
നിന്നും മാനക്കേടിൽ നിന്നും മോചനമുണ്ടാവട്ടെ.
... ടി വി എം അലി ...

No comments: