Friday, 15 April 2016

സോമയാഗം സമാപിച്ചു

 യാഗശാല അഗ്നിദേവന് സമർപ്പിച്ചു.
---------------------------------------------
പെരുമുടിയൂരിൽ പത്ത് നാൾ നടന്ന  അഗ്നിഷ്ടോമ സോമയാഗം വെള്ളിയാഴ്ച രാത്രി സമാപിച്ചു. 



വിഷു പുലരി മുതൽ തുടങ്ങിയ സോമാഹുതി ചടങ്ങുകൾ അവസാനിച്ചതോടെ കല്പ പ്രായശ്ചിത്തം നടന്നു. 
എല്ലാ ചടങ്ങുകളും പൂർത്തിയായതോടെ യാഗ ദ്രവ്യങ്ങൾ ജലാശയത്തിൽ ഒഴുക്കി. എല്ലാവരും സ്നാനം ചെയ്ത ശേഷം യാഗശാലയിൽ തിരിച്ചെത്തി. തുടർന്ന് യജമാനൻ അപൂർവ്വം എന്ന നെയ്‌ ഹോമിച്ചു. പ്രത്യാഗമനം എന്ന ചടങ്ങിലൂടെ ഹോമാഗ്നിയായ ത്രേതാഗ്നിയെ അരണിയിലേക്ക് തിരിച്ച് ആവാഹിച്ചു. യജമാനൻ ഇല്ലത്തേക്ക് മടങ്ങിയതോടെ യാഗശാല അഗ്നിക്ക് സമർപ്പിച്ചു. യാഗത്തിന് കാർമികത്വം വഹിക്കുന്ന യജമാനൻ സോമയാജിപ്പാട് ആയും, യജമാന പത്നി പത്തനാടിയായും ഇനി അറിയപ്പെടും. യാഗാഗ്നി സമർപ്പണം കാണാൻ പതിനായിരങ്ങളാണ് പെരുമുടിയൂർ യാഗഭൂമിയിൽ എത്തിയത്. സംസ്കൃത പാണ്ഡിത്യവും, പുന്നശ്ശേരി കളരിയും കാവ്യ ഗുരുക്കന്മാരുടെ കീർത്തിയും പേറുന്ന പെരുമുടിയൂർ ഗ്രാമം ഇനി യജ്ഞ ഗ്രാമം എന്ന പേരിലും ചരിത്രത്തിൽ ഇടം പിടിക്കുകയാണ്.

1 comment:

bhattathiri said...

യജ്ഞപതിയുടെ ആത്യന്തികമായ സംപ്രീതിയാണ് എല്ലായജ്ഞങ്ങളുടേയും പ്രധാന ഉദ്ദേശ്യം ഈ യജ്ഞങ്ങൾ പിഴവില്ലാതെ നടത്തുന്നതുകൊണ്ട് വിതരണത്തിന്റെ വിവിധ വിഭാഗങ്ങൾക്ക് ചുമതലപ്പെട്ട ദേവൻമാർ സംപ്രീതരാകുന്നു, പ്രകൃതി വിഭവങ്ങളുടെ വിതരണം ശരിയായി നടക്കുന്നു.
യജ്ഞാനുഷ്ഠാനത്തിന് അനേകം പാർശ്വഫലങ്ങളും ഉണ്ട്, അവ ആത്യന്തികമായി ഭൗതികബന്ധങ്ങളിൽ നിന്ന് മുക്തി നേടാൻ വഴിയൊരുക്കുന്നു. വേദങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ യജ്ഞാചരണം സർവ്വകർമ്മങ്ങളേയും പവിത്രീകരിക്കും.
''ആഹാരശുദ്ധൗസത്ത്വശുദ്ധിഃ
സത്ത്വശുദ്ധൗ ധ്രുവാസ്മൃതിഃ
ധ്‌രുവാസ്മൃത്യാ സ്മൃതേർല്ലാഭേ
സർവഗ്രന്ഥിനാം വിപ്രമോക്ഷഃ''
യജ്ഞാനുഷ്ഠാനംകൊണ്ട് ഭക്ഷ്യവസ്തുക്കൾ ശുദ്ധീകരിക്കപ്പെടുന്നു. ആ ശുദ്ധീകൃതാഹാരങ്ങൾ ഭക്ഷിക്കുന്നവരുടെ ജീവിതവും പവിത്രമാക്കുന്നു. ജീവിതശുദ്ധി സ്മരണമണ്ഡലത്തിലുള്ള സൂക്ഷ്മകോശങ്ങളെ ശുദ്ധീകരിക്കുന്നു. സ്മരണശുദ്ധിവന്നാൽ മുക്തിമാർഗ്ഗചിന്ത ആരംഭിക്കുന്നു. ഇതെല്ലാം ഒത്തിണങ്ങിവന്നാൽ അവബോധത്തിലേക്ക് വഴിയൊരുങ്ങുന്നു. ആധുനിക സമൂഹത്തിന് ഇത് അത്യാവശ്യമാണ്
2016 ഏപ്രിൽ മാസത്തിൽ പാലക്കാട് ജില്ലയിലെ പട്ടാമ്പി പെരുമുടിയൂർ ക്ഷേത്ര പരിസരത്തുവച്ച് അഗ്നിഷ്ടോമ സോമയാഗം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു