Friday, 15 April 2016

അനാഥരുടെ ആത്മ വിലാപങ്ങൾ ആര് കേൾക്കും ?

കരിമരുന്നിന്റെ മദപ്പാടുകൾ
---------------------------------------------
കൊല്ലം പരവൂരിൽ ഏപ്രിൽ 10 ന് പുലർച്ചെയുണ്ടായ  വെടിക്കെട്ട്‌ ദുരന്തം ലോക മനസാക്ഷിയെ  തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. പുറ്റിങ്ങൽ ക്ഷേത്രത്തിൽ നടന്ന മീന ഭരണി ഉത്സവത്തിന്റെ ഭാഗമായി എല്ലാ വർഷവും ഇവിടെ മത്സര കമ്പം എന്ന പേരിൽ വെടിക്കെട്ട്‌ നടത്താറുണ്ട്‌. ഇതിന്റെ വിപത്ത് അനുഭവിക്കുന്ന പരിസരവാസികൾ എതിർപ്പ് ഉയർത്താറുണ്ടെങ്കിലും ഉത്സവ കമ്മിറ്റി ഭാരവാഹികൾ അവഗണിക്കുകയാണ് പതിവ്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് താമസിക്കുന്ന പങ്കജാക്ഷിയമ്മ എല്ലാ വർഷവും വെടിക്കെട്ട്‌ അപകട രഹിതമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിക്കും അധികാരികൾക്കും പരാതി നൽകാറുണ്ട്. എന്നാൽ എല്ലാ ഉത്സവങ്ങളും നിയന്ത്രിക്കുന്നത് ഭക്തരല്ലെന്നും, മണി പവറും മസിൽ പവറും നെഞ്ചേറ്റിയ മാഫിയാ മനസ്കരാണെന്നും തിരിച്ചറിയാൻ പങ്കജാക്ഷി അമ്മയെ പോലെയുള്ളവർക്ക് കഴിയുമായിരുന്നില്ല. സ്വൈര ജീവിതം ഉറപ്പു വരുത്തേണ്ട ഭരണാധികാരികൾ നിയമവും, നിബന്ധനകളും കാറ്റിൽ പറത്താൻ ഉൽസാഹിക്കുകയും ഉത്സവം കെങ്കേമമാക്കാൻ സഹായിക്കുകയും  ചെയ്യും. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും പ്രാദേശിക ജനനായകരുടെ പിന്തുണയോടെയാണ് കമ്പം നടത്തിയതും ദുരന്തം വിതച്ചതും എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇനി ഇതിന്റെ പേരിൽ അന്വേഷണവും ആരോപണ പ്രത്യാരോപണവും ഉയരുകയും ആറു മാസം കഴിയും മുമ്പ് തന്നെ എല്ലാ ചാരവും കെട്ടടങ്ങുകയും ചെയ്യും. എന്നാൽ അനാഥമായ നൂറിൽ പരം കുടുംബങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന് ആരും വേവലാതിപ്പെടാൻ ഉണ്ടാവില്ല. അർദ്ധ പ്രാണനോടെ ശിഷ്ട കാലം ജീവിക്കേണ്ടി വരുന്ന ഇരുനൂറിൽ പരം മനുഷ്യരുടെ ദയനീയ സ്ഥിതിയും നാം വിസ്മരിക്കും.

ആലൂരിന്റെ ഓർമ്മകൾ
--------------------------------------
1999 ജനവരി ഒന്നിനാണ് പാലക്കാട് ജില്ലയിൽ ആദ്യമായി പട്ടാമ്പിയിൽ 'സാനഡു വിഷൻ' എന്ന പേരിൽ പ്രാദേശിക വാർത്താ ചാനൽ സംപ്രേക്ഷണം ആരംഭിച്ചത്. ഒരു വാർത്താ ചാനൽ നടത്തിയ പരിചയം ഒന്നുമില്ലാതെയാണ് ഞാൻ ന്യൂസ്‌ എഡിറ്റർ എന്ന നിലയിൽ അന്ന് ആ സാഹസം ഏറ്റെടുത്തത്. തുടക്കത്തിൽ  പത്ത് മിനുട്ട് വാർത്തയാണ് കേബിൾ വഴി പ്രേക്ഷകർക്ക്‌ എത്തിച്ചത്. ആറു മാസം മുമ്പ് തന്നെ ആവശ്യമായ ഫയൽ ചിത്രങ്ങൾ ഷൂട്ട് ചെയ്തിരുന്നുവെങ്കിലും ചിത്ര ദാരിദ്ര്യം .ഉണ്ടായിരുന്നു. വള്ളുവനാട്ടിൽ ഉത്സവകാലം സജീവമായാൽ വിഷയ ദാരിദ്ര്യം തീരുമെന്നും ഞങ്ങൾക്കറിയാമായിരുന്നു. അങ്ങിനെയിരിക്കെ മാർച്ച് മാസം പിറന്നു. ഇനി  ഉത്സവ പൂക്കാലമാണ്. കുന്നംകുളം സ്വദേശി റെജിയാണ് ക്യാമറമാൻ.  ആൾ മിടുക്കനാണ്. ഓരോ ഷോട്ടും കാവ്യാന്മകമാണ്. റെജിയുടെ ചിത്രങ്ങൾ കണ്ടാണ്‌ ഞാൻ വാർത്തകൾ തയ്യാറാക്കിയിരുന്നത്. ദിവസേനയുള്ള വാർത്തകളുടെ സമയം അര മണിക്കൂറായി ഉയർത്താനും ആഴ്ച വട്ടം എന്ന പേരിൽ വാർത്താ വിശകലന പരിപാടി തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചതും റെജിയുടെ ചിത്രങ്ങളായിരുന്നു. സാനഡു വിഷൻ കുടുംബ സദസ്സുകളെ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കെയാണ് ആലൂർ ചാമുണ്ടിക്കാവിൽ 1999 മാർച്ച് 4 ന് 4 മണിയോടെ വെടിക്കെട്ട്‌ പുരയ്ക്ക് തീ പിടിച്ചതും, എട്ടു പേരുടെ ജീവൻ ചിതറി തെറിച്ചതും. വിവരം അറിഞ്ഞ ഉടൻ ഞങ്ങൾ അങ്ങോട്ട്‌ കുതിച്ചു. അപ്പോൾ അവിടെ കണ്ട കാഴ്ച ഇന്നോളം കാണാത്തതായിരുന്നു.
കാവും പരിസരവും ഒരു യുദ്ധ ഭൂമിയായി മാറിയിരിക്കുന്നു. കെട്ടിടങ്ങൾ തകർന്നു കിടക്കുന്നു. പരിസരത്തുള്ള മരങ്ങളിൽ മനുഷ്യരുടെ ശരീര ഭാഗങ്ങൾ തൂങ്ങിയാടുന്നു. അതി ഭീകര കാഴ്ച കണ്ടു ഞങ്ങൾ നടുങ്ങി നിൽക്കെ തീയും പുകയും ഉയരുന്ന ശ്മശാന ഭൂമിയിലൂടെ റെജി ഓടി നടന്ന് ചിത്രം പകർത്തുകയായിരുന്നു. ഉത്സവത്തിന്റെ തലേ ദിവസമാണ് ദുരന്തം ഉണ്ടായത്. വെടിക്കെട്ട്‌ പണിക്കാരാണ് മരിച്ചവരെല്ലാം. ഉച്ച നേരത്ത് ഷെഡിൽ ജോലിക്കാർ കുറവായിരുന്നു. അല്ലെങ്കിൽ മരണ സംഖ്യ ഉയരുമായിരുന്നു. ക്ഷേത്ര പരിസരത്തുള്ള നെയ്ത്തു കേന്ദ്രം പൂർണ്ണമായും വീടുകൾ, കടകൾ, അര കിലോമീറ്റർ അകലെയുള്ള ജുമാമസ്ജിദ് തുടങ്ങിയവക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സംഭവമാണ് വള്ളുവനാട്ടിലെ ഉത്സവങ്ങൾക്കെല്ലാം ഒരു പുനർ ചിന്തക്ക് കാരണമായി മാറിയത്. ഞങ്ങളുടെ ചാനൽ റേറ്റിംഗ് ഉയർത്തിയത് ആലൂർ ദുരന്തമായിരുന്നു. ദുരന്ത കാഴ്ചകൾ വീണ്ടും വീണ്ടും കാണിക്കണമെന്ന് പ്രേക്ഷകരിൽ നിന്ന് ആവശ്യം ഉയർന്നു വന്നുകൊണ്ടിരുന്നു. മനുഷ്യ മനസുകളിൽ കുടികൊള്ളുന്ന ആസുര തൃഷ്ണയാണ് ഇതിലൂടെ ഞങ്ങൾക്ക് ബോധ്യമായത്.

നിലക്കാത്ത നിലവിളികൾ
-----------------------------------------
ആലൂർ വെടിക്കെട്ട്‌ ദുരന്തത്തിനു ശേഷം മറ്റൊരു ദുരന്തം ഉണ്ടാവരുതേ എന്ന പ്രാർത്ഥനക്ക് വിലയുണ്ടായില്ല. കാരണം ദുരന്തത്തിന് ഉത്തരവാദി മനുഷ്യനാണെന്നും ദൈവമല്ലെന്നും ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.
2000 നവംബർ 17 ന് ചാലിശ്ശേരിക്ക് അടുത്തുള്ള ആലിക്കരയിൽ അനധികൃത പടക്ക ശാല കത്തി രണ്ടു സ്ത്രീ തൊഴിലാളികൾ  മരിച്ചു. വെടിക്കെട്ട്‌ ദുരന്തത്തിൽ സ്ത്രീകൾ കൊല്ലപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. 2002 ഏപ്രിൽ 11 ന് അട്ടപ്പാടിയിൽ വെടിമരുന്ന് ദുരന്തത്തിൽ രണ്ടു പേർ മരിച്ചു. ഇവരിൽ ഒരാൾ വിദ്യാർഥിയായിരുന്നു. 2003 മാർച്ച് 23 ന് തൃശൂർ ജില്ലയിലെ വേലൂരിൽ ഉണ്ടായ കരിമരുന്നു സ്ഫോടനത്തിൽ അഞ്ചു തൊഴിലാളികളാണ് മരിച്ചത്. കൂറ്റനാട് ആമക്കാവ് സ്വദേശികളായ രണ്ടു സഹോദരന്മാരും ഇതിൽ ഉൾപ്പെട്ടിരുന്നു. 2007 ൽ ചാലിശ്ശേരി മുല്ലംപറമ്പിൽ കരിമരുന്നു കത്തി ഒരു യുവാവ് മരിച്ചു. 2009 ഫെബ്രുവരി 26 ന് തൃത്താല മുടവന്നൂരിൽ വെടിപ്പുര കത്തി ഏഴു പേർ മരിച്ചു.  2009 നവംബർ 11 ന് നെന്മാറ ഇടപ്പാടത്ത് പടക്ക നിർമ്മാണ ശാല കത്തി മൂന്നു പേരും മരിച്ചു. 2011 ഫെബ്രുവരി 1 ന് ഷൊർണൂർ ത്രാങ്ങാലിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു തീവണ്ടി യാത്രക്കാരൻ ഉൾപ്പെടെ 13 പേർ മരിച്ചു. പാലക്കാട്-കോഴിക്കോട് റെയിൽ പാതക്കരികിലായിരുന്നു ഉഗ്ര സ്ഫോടനം നടന്നത്. 2014 ഏപ്രിൽ 14 ന് ഷൊർണൂരിൽ ഒരാളും, നവംബർ 30 ന് കോങ്ങാട് രണ്ടു പേരും കരിമരുന്നിനാൽ മരിച്ചു. 2013 മാർച്ച് 2 ന് ചെർപ്ലശേരി പന്നിയംകുറുശിയിൽ ഏഴു പേരും മരിച്ചു.
2015 ൽ പരുതൂർ കുടുംബ ക്ഷേത്രത്തിൽ വെടിക്കെട്ട്‌ പ്രയോഗിക്കുമ്പോൾ രണ്ടു പേർ പൊള്ളലേറ്റ് മരിച്ചു.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോ ഉത്സവ കാലത്തും കരിമരുന്നും കരിവീരനും മൂലം മരണം തുടർക്കഥയാണ്. കാൽ നൂറ്റാണ്ടിനിടയിൽ സംസ്ഥാനത്ത് ചെറുതും വലുതുമായി ആയിരത്തോളം വെടിക്കെട്ട്‌ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ 850 ഓളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കരിമരുന്ന് സംഭരിച്ച് പടക്കം നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് ആണ് തീ പിടിച്ച് പൊട്ടിത്തെറിക്കുന്നത്. കെട്ടിടങ്ങൾ ആണ് തകരുന്നതെങ്കിൽ മരണം ഏറെ കൂടുമായിരുന്നു. വെടിക്കെട്ട്‌ നടക്കുന്നതിനിടയിൽ കൂടുതൽ മരണം ഉണ്ടായത് കൊല്ലം പരവൂരിൽ തന്നെയാണ്. പണിശാലകളിൽ ഉണ്ടാവുന്ന സ്ഫോടനങ്ങൾക്ക് കാരണം തൊഴിലാളികളുടേയും കരാറുകാരുടെയും അനാസ്ഥ തന്നെയാണ്.1978 ലാണ് ഇന്ത്യൻ എക്സ്പ്ലോസീവ് നിയമം നിലവിൽ വന്നത്. അതെ വർഷം തൃശൂർ പൂരം വെടിക്കെട്ടിൽ എട്ടു പേർ മരിച്ചിരുന്നു. നിയമം നിലവിൽ വന്നിട്ട് മൂന്നര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും അത് നടപ്പിലാക്കാൻ ആരും തയ്യാറാവുന്നില്ല. നിയമം എങ്ങിനെ മറികടക്കാം എന്നും എങ്ങിനെ ലംഘിക്കാം എന്നും നോക്കുന്നവരാണ് ഏറെയും. അതുകൊണ്ടാണ് ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതും,  നിരപരാധികളായ മനുഷ്യ ജീവൻ ചിതറി തെറിക്കാൻ ഇടവരുന്നതും.  ഉഗ്ര സ്ഫോടനം നടത്തി ആളുകളെ കൊന്ന് ദൈവ പ്രീതി നേടുന്ന ഒരു സമൂഹത്തെ ഈ ലോകം നാളെ എന്താണ് വിളിക്കുക?


No comments: