ഓട്ടപ്പുരകളിലെ പ്രജകൾ
------------------------------------------
മിച്ച ഭൂമി പതിച്ചു കിട്ടിയ കുഞ്ഞിരാമൻ ചെറ്റപ്പുര കെട്ടിയത് നാട്ടുകാരുടെ സഹായം കൊണ്ടാണ്. അത് കുറെ വർഷം മുമ്പാണ്. അന്ന് നാട്ടിൽ യഥേഷ്ടം മുളങ്കാടുകൾ ഉണ്ടായിരുന്നു. ആരോട് ചോദിച്ചാലും പത്തു മുളയോ ഓലയോ കിട്ടാൻ പ്രയാസം ഉണ്ടായിരുന്നില്ല. പുര കെട്ടിമേയാനും നാട്ടിൽ നല്ല മിടുക്കന്മാരായ പണിക്കാരെ കിട്ടുമായിരുന്നു. കൂലിയുടെ കാര്യത്തിലും അവർ വിട്ടു വീഴ്ച്ച ചെയ്തിരുന്നു. അന്ന് റേഷൻ കടയിൽ നിന്ന് പൂള വട്ട് (മരച്ചീനി) വാങ്ങി വന്ന് പുട്ട് ഉണ്ടാക്കിയാണ് പണിക്കാർക്ക് കട്ടൻ ചായക്ക് കടി കൊടുത്തിരുന്നത്. ഇടനേരം ചക്ക പുഴുങ്ങിയതോ ചക്കര കിഴങ്ങ് (മധുര കിഴങ്ങ്) വേവിച്ചതോ കൊടുക്കും. എന്ത് കിട്ടിയാലും പരാതി പറയാതെ പണിക്കാർ തിന്നും. പിന്നെ കുഞ്ഞിരാമനോട് അവർക്കെല്ലാം ഇഷ്ടവും ബഹുമാനവുമായിരുന്നു. അതെല്ലാം ഓർക്കുമ്പോൾ ഏതോ യുഗത്തിൽ നടന്ന സംഭവം പോലെയാണ് ഇപ്പോൾ കുഞ്ഞിരാമന് തോന്നുന്നത്. നാട്ടിൽ മുളങ്കാടുകൾ ഇല്ലാതാവുകയും തെങ്ങോലകൾ കിട്ടാതാവുകയും ചെയ്തതോടെയാണ് കുഞ്ഞിരാമൻ ഓലപ്പുര പൊളിച്ച് ഓട് മേഞ്ഞത്. അതും കുറെ വർഷം മുമ്പാണ്. അന്ന് നാട്ടിൽ ഗൾഫുകാരുണ്ടായിരുന്നില്ല. ആശാരിമാരും കൊല്ലപ്പണിക്കാരും കൽപ്പടവുകാരും പണി കിട്ടാൻ പ്രയാസപ്പെട്ടിരുന്ന കാലമാണ്. ആധാരം പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പ എടുത്ത് കുഞ്ഞിരാമനും തന്റെ ചിരകാല മോഹം സാക്ഷാൽക്കരിച്ചു. സുഹൃത്തുക്കളായ ആശാരിമാർ കഴുക്കോലും പട്ടികയും ഉണ്ടാക്കി ഓട് മേഞ്ഞു. അന്ന് പൊറോട്ടയും ബീഫും വാങ്ങി കൊടുത്താണ് കുഞ്ഞിരാമൻ അവരുടെ വിശപ്പടക്കിയത്. അടുത്തുള്ള ചായക്കടയിൽ അവ മാത്രമായിരുന്നു പലഹാരം. അതിനാവട്ടെ നല്ല തിരക്കാണ്. നേരത്തെ ഓർഡർ കൊടുത്തില്ലെങ്കിൽ സാധനം കിട്ടില്ല. അതറിയാവുന്ന കുഞ്ഞിരാമൻ സന്ദർഭോചിതമായി പെരുമാറും. ഓലപ്പുരയിൽ നിന്ന് ഓടിട്ട വീട്ടിലേക്ക് താമസം തുടങ്ങിയതോടെ കുഞ്ഞിരാമൻ ബി.പി.എല്ലിൽ നിന്ന് എ.പി.എൽ പദവിയിലുമെത്തി. കട ബാധ്യതയുടെ വാറോലകൾ ഇടയ്ക്കിടെ ശല്യപ്പെടുത്തുമെങ്കിലും ഭാര്യയും മക്കളുമായി കഴിഞ്ഞു കൂടിയത് വലിയ സങ്കടങ്ങൾ ഇല്ലാതെയാണ്. അങ്ങിനെ കാലം ഏറെ കടന്നു പോയപ്പോൾ നാട്ടിൽ മിക്കവരും ഓടിട്ട വീടിനു പകരം വാർപ്പ് ഗൃഹങ്ങൾ കെട്ടിപ്പൊക്കി. പല വീടുകളും കണ്ണഞ്ചിപ്പിക്കുന്ന അംഗ ലാവണ്യമുള്ളതായിരുന്നു. അക്കാലത്ത് മിക്ക വീടുകളിലും ഉള്ള പയ്യന്മാരെല്ലാം ഗൾഫിലായിരുന്നു. നാട്ടിൽ ഓടിട്ട വീടുകൾ കാണണമെങ്കിൽ കുഞ്ഞിരാമന്റെ പടിക്കൽ എത്തണമെന്ന സ്ഥിതി പോലും വന്നു ചേർന്നു. പുത്തൻ പണക്കാരൊക്കെ അക്കാര്യം പറഞ്ഞ് കുഞ്ഞിരാമനെ പരിഹസിക്കാനും സമയം കണ്ടെത്തി. എന്നാൽ കുഞ്ഞിരാമന്റെ അവസ്ഥ നേരെ വിപരീതമായിരുന്നു. ആരോഗ്യം നശിച്ച് പണിക്കൊന്നും പോകാൻ വയ്യാതായി. ഭാര്യ തൊഴിലുറപ്പ് പണിക്ക് പോകുന്ന ദിവസങ്ങളിൽ മാത്രം അടുപ്പ് പുകയുമെന്നായി. കുഞ്ഞിരാമനെ അറിയാവുന്ന പഴയ ചങ്ങാതിമാർ എന്തെങ്കിലും എപ്പോഴെങ്കിലും വല്ലതും കൊടുത്താലായി. അങ്ങിനെയിരിക്കെ ഓടിട്ട വീട് ചോർന്നൊലിക്കാനും തുടങ്ങി. എലിയും പെരുച്ചാഴിയും ചേരയും പൂച്ചയും മത്സരിച്ചു മാരത്തോൺ ഓടുന്നത് കുഞ്ഞിരാമന്റെ പുരപ്പുറത്തായി. അതിനും പുറമേ ചിതൽ കയറി പട്ടികയും കഴുക്കോലും വിഴുങ്ങുകയും ചെയ്തു. ഇനി ഒരു മഴക്കാലം പോലും താണ്ടാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ കുഞ്ഞിരാമൻ ഒരു ആശാരിയെ തേടിയിറങ്ങി. പഴയ ചങ്ങാതിമാരൊന്നും ഇപ്പോൾ പുരപ്പുറത്ത് കയറാറില്ല. അവരുടെ മക്കൾക്കാണെങ്കിൽ ഓടിട്ട വീടിന്റെ പണി അറിയുകയുമില്ല. വാർപ്പ് വീട് കരാർ എടുത്ത് ജനലും വാതിലും നിർമിച്ചു കൊടുക്കുന്ന പണി മാത്രമാണ് പുതിയ തച്ചന്മാർ ചെയ്യുന്നത്. വിവരങ്ങൾ എല്ലാം അറിഞ്ഞപ്പോൾ കുഞ്ഞിരാമൻ ആകെ വിഷമിച്ചു. പുര നിറഞ്ഞു നിൽക്കുന്ന പെൺ മക്കളുടെ ദയനീയ മുഖം കുഞ്ഞിരാമന്റെ മനസ്സിൽ ചുഴലിയായി മാറി. അങ്ങിനെ ആഴ്ചകളും മാസങ്ങളും പിന്നിട്ടു. ഒരു ആശാരിയെ തന്റെ മുന്നിൽ എത്തിക്കണേ എന്ന് ഉള്ളുരുകി പ്രാർഥിച്ചു കൊണ്ടിരിക്കെ പഴയ ചങ്ങാതി കുഞ്ഞാലി മുന്നിലെത്തി. നാട്ടുവർത്തമാനങ്ങൾ കൈമാറി ഇരുവരും ഏറെ നേരം ചിലവിട്ടു. പുര പൊളിച്ചു പണിയാൻ ആളെ കിട്ടാത്ത ദുരവസ്ഥ കുഞ്ഞിരാമൻ പറഞ്ഞു. ഒരാളുണ്ട്, ഒന്ന് പറഞ്ഞു നോക്കട്ടെ എന്ന് പറഞ്ഞ് കുഞ്ഞാലി പടിയിറങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുഞ്ഞാലി എത്തി. കൂടെ ഒരു പയ്യനുണ്ട്. ഇതാരാ എന്ന് കുഞ്ഞിരാമൻ ചോദിക്കുന്നതിനു മുമ്പ് തന്നെ കുഞ്ഞാലി തലയാട്ടി. ഇവൻ എന്റെ ചെക്കനാടോ എന്ന് പതുക്കെ മന്ത്രിച്ചു. അല്ല കുഞ്ഞാലി അന്റെ ചെക്കൻ എന്നാ ആശാരിയായേ എന്ന് ചോദിക്കാൻ കുഞ്ഞിരാമൻ വാ തുറക്കും മുമ്പ് കുഞ്ഞാലി തടഞ്ഞു. അണക്ക് ഇപ്പൊ എന്താ വേണ്ടേ, പൊര പൊളിച്ചു മേയണം, കഴുക്കോലും പട്ടികയും മാറ്റണം. അത് ഇബൻ ചെയ്തോളും. ഞമ്മളും ഉണ്ട് കൂടെ, പോരെ? കുഞ്ഞിരാമനും ഭാര്യയും മക്കളും വാ പൊളിച്ചു നിൽക്കെ ചെക്കൻ പുരപ്പുറത്ത് കയറി ഓടുകൾ ഓരോന്ന് താഴെ ഇറക്കാൻ തുടങ്ങി. ഉച്ചയോടെ ആകാശം വീട്ടിൽ ഇറങ്ങിക്കിടന്നു. കുഞ്ഞിരാമൻ അടുത്ത വീട്ടിൽ പോയി കുറച്ചു കാശ് കടം വാങ്ങി ഹോട്ടലിലേക്ക് ഓടി. രണ്ടു ബീഫ് ബിരിയാണി വാങ്ങി വന്ന് കുഞ്ഞാലിക്കും മകനും വിളമ്പി. രണ്ടു ദിവസം കൊണ്ട് ചെക്കൻ കഴുക്കോലും പട്ടികയും ഉണ്ടാക്കി. മൂന്നാം നാൾ അവൻ പുരപ്പുറത്ത് ഉദിച്ചുയർന്നു. അങ്ങിനെ ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ഒരു ഓടിട്ട വീട് ഉണ്ട്. അടുത്ത തലമുറക്ക് കാട്ടി കൊടുക്കാൻ കുഞ്ഞിരാമൻ ചെയ്ത സേവനം. കുഞ്ഞാലിയും മകനും കൂടി ഏറ്റെടുത്ത മഹാ യത്നം.ഓടിട്ട വീട് ഓട്ട വീട് എന്ന ചൊല്ലിന് കളങ്കമായി കുഞ്ഞിരാമന്റെ വീട് ചോരാതെ ഇന്നും നിലനിൽക്കുന്നു.
---------------------------------
ടി.വി.എം. അലി.