Monday, 31 March 2014

ഹായ് ...അവധിക്കാലം

ഹായ് ...അവധിക്കാലം
------------------------
നാട്ടിലെ പള്ളിക്കൂടങ്ങളെല്ലാം മധ്യ വേനലവധിക്ക് അടച്ചു. ഇനി രണ്ടു മാസം കുട്ടികള്ക്ക് തകൃതി മേളം.
പണ്ടത്തെ പോലെ മാവിലെറിയാനും കൊത്താം കല്ല്‌ വിളയാടാനും തലമ പന്ത് കളിക്കാനും ഇന്നത്തെ
പിള്ളാർക്ക് അറിയില്ല. പുതു കാലത്ത് നവ ലിബറൽ കളികളുണ്ടാവും .അവരതിൽ മുഴുകും എന്നറിയാഞ്ഞിട്ടല്ല. പണ്ടത്തെ കുട്ടിക്കാലം ഇന്നത്തെ പിള്ളാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത അത്രയും വിദൂരത്താണ് . സത്യം പറഞ്ഞാല് ഇന്ന് ഒരു  അവധിക്കാലം ഉണ്ടോ? ഓടി ചാടി കളിച്ചു തിമിർക്കാൻ രക്ഷിതാക്കൾ അനുവദിക്കുമോ? ഇല്ലെന്നു വേണം കരുതാൻ.
എന്റെ കുട്ടിക്കാലം സ്വാതന്ത്ര്യത്തിന്റെ ഊഷര കാലമായിരുന്നു. വേനലിന്റെ മുഴുവൻ കാഠിന്യവും അനുഭവിക്കാൻ അന്ന് കഴിഞ്ഞിരുന്നു. നട്ടുച്ച നേരത്ത് ടാറുരുകുന്ന റോഡിൽനിന്ന് കുമിളയായി പൊങ്ങുന്ന
കുഞ്ഞു ടാറിൻ മണികൾ ഉരുട്ടിയെടുത്ത് ഗോട്ടിയാക്കി കളിച്ചത് , നിളയിൽ നീന്തി തുടിച്ചത് , കുളത്തിലേക്ക്
തള്ളിയിട്ടു സ്വയം നീന്താൻ പഠിപ്പിച്ചത് , മനക്കലെ മാവിന്റെ ആകാശ കൊമ്പത്ത് സ്വര്ണം പൂശി നിക്കുന്ന
ഗോമാങ്ങ എറിഞ്ഞു വീഴ്ത്തി കടിച്ചു തിന്നു രസിച്ചത് , തെങ്ങോല മെടഞ്ഞു പന്തുണ്ടാക്കി തലമ എറിഞ്ഞു
കളിച്ചത് , വിറകു പുരയിൽ ഉടുതുണി കൊണ്ട് കർട്ടൻ കെട്ടി നാടകം കളിച്ചത്, സൈക്കിൾ ചവിട്ടു പരിശീലിച്ചത് , അങ്ങിനെയങ്ങിനെ എന്തെല്ലാം വിനോദങ്ങളായിരുന്നുവെന്നോ ...
ഇന്ന് അങ്ങിനെ  വല്ലതും ഓർത്തു വെക്കാൻ പുതിയ തലമുറയിലുള്ളവർക്ക് എന്താണുള്ളത് ?
നവ മാധ്യമങ്ങളിലും കംപ്യുട്ടർ ഗൈമുകളിലും കണ്ണുകൾ പൂഴ്ത്തി വിനോദിക്കുന്നവരെ മാത്രമേ എവിടെയും
കാണാനാവുന്നുള്ളൂ . എങ്കിലും ചില നാട്ടിന്പുറത്തെങ്കിലും ഞങ്ങളുടെ കുട്ടിക്കാലം ആവിഷ്ക്കരിക്കാൻ
ആരെങ്കിലുമൊക്കെ ഉത്സാഹിക്കുന്നുണ്ടാവും എന്നു കരുതുകയാണ്.

Sunday, 30 March 2014

കുഞ്ഞിരാമന്റെ കഥ

കുഞ്ഞിരാമന്റെ കഥ
---------------------
ഒരു പാവത്താനായിരുന്നു കുഞ്ഞിരാമൻ . മല നാട്ടിലെ ഒരു ഓണം കേറാ മൂലയിലായിരുന്നു താമസം.
അല്പ്പസ്വല്പ്പം കൃഷിയും കാലി മേക്കലുമായി കഴിഞ്ഞു കൂടുകയായിരുന്നു. അങ്ങിനെ ഇരിക്കെയാണ്
നാട്ടിലാകെ വോട്ടു കാലം പൊട്ടി വീണത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവാണ് പിന്നീട്
സാധാ വോട്ടറായ കുഞ്ഞിരാമന്റെ ജീവിതത്തിലുണ്ടായത്. അന്തി മയങ്ങും നേരത്ത് ഒരു കൂട്ടം ആളുകള്
കുഞ്ഞിരാമന്റെ വീട് തേടി വന്നു. അന്നേരം കെട്ടിയോള് ചീത പെണ്ണ് മാത്രമേ ഉമ്മറത്ത് ഉണ്ടാർന്നൊള്ളൂ .
വന്നവര് വന്ന കാര്യം ഓളോടു പറഞ്ഞില്ല. കുട്ട്യോളെ പാടത്തേക്ക് ഓടിച്ച് കുഞ്ഞിരാമനെ കയ്യോടെ പിടികൂടി വന്നവരുടെ മുന്നിലെത്തിച്ചു. വന്നവര് മൂപ്പരെ കെട്ടിപ്പിടിച്ച് സ്വകാര്യം പറേണത്‌ കണ്ടപ്പൊ ചീത പെണ്ണിന്
നാണം മുട്ടി. സംഗതി അറിഞ്ഞപ്പോഴാവട്ടെ കുഞ്ഞിരാമനും പെണ്ണിനും ആകെ ബേജാറായി. ഇന്നേവരെ സ്വപ്നം കാണാത്ത ഒരു മഹാ ഭാഗ്യമാണ് പടി കടന്നു വന്നിട്ടുള്ളത്. ചുരുക്കി പറഞ്ഞാൽ കുഞ്ഞിരാമൻ സ്ഥാനാർഥി ആവണം. അതും അപരനാവണം. ചോദിക്കുന്ന പണം തരും. നിന്ന്
കൊടുത്താൽ മതി. പിന്നെ കാര്യങ്ങളൊക്കെ വന്നവര് നോക്കി ക്കോളും  പത്തു ചക്രം കിട്ടുന്ന പണിയല്ലേ എന്ന്
കരുതി കുഞ്ഞിരാമനും കെട്ടിയോളും സമ്മതിച്ചു . കുറെ കടലാസ്സിലെല്ലാം ഒപ്പ് ചാര്ത്തിക്കൊടുത്തു. അഡ്വാൻസ്
എണ്ണി വാങ്ങി പുതിയ പത്തു സ്വപ്നം കൂടി കണ്ടു ഇരുവരും കെട്ടിപ്പിടിച്ചു കിടന്നുറങ്ങി .പിറ്റേന്ന് പുലര്ന്നത് പുകിലോടെയാണ് . ഇന്നലെ വന്നവരുടെ എതിരാളികള് പടി കടന്നു വന്നത് ആക്രോശ ത്തോടെയാണ്. വന്നവര് പുലഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തി. പത്രിക പിന്വലിച്ചേ പറ്റൂ എന്നായി.ലോകമെങ്ങും
അറിയപ്പെടുന്ന സാക്ഷാൽ കുഞ്ഞിരാമാനെതിരെ മത്സരിക്കാൻ എങ്ങിനെ ധൈര്യം വന്നൂ എന്നായിരുന്നു ചോദ്യം .
പാവം കുഞ്ഞിരാമനും ചീത പെണ്ണും ആകെ ഭയന്നു. ഇനി എന്ത് ചെയ്യും എന്നറിയാതെ കുഴങ്ങി. വിവരം എങ്ങിനയോ അറിഞ്ഞു ഇന്നലെ വന്നവര് ഓടിയെത്തി . വീട്ടു മുറ്റത്ത് ആകെ ബഹളം. നാട്ടുകാര് മുഴോനും അപരനെ കാണാനെത്തി. കുഞ്ഞിരാമനും കെട്ടിയോളും അന്നേരം അനുഭവിച്ച ധർമ സങ്കടം ഒരു പുരാണത്തിലും തെരഞ്ഞു നോക്കിയാൽ കണ്ടെത്താനാവില്ല .കുഞ്ഞിരാമാനെന്നു പേരിട്ടു വിളിച്ച അച്ഛനെയും
അമ്മയെയും ആദ്യമായി ശപിച്ചു. വന്നവർ ഇരു കൂട്ടരും ഒറ്റക്കെട്ടായി കുഞ്ഞിരാമന്റെ നേരെ ബാണങ്ങള് തുരു തുരാ എയ്തു .ഒടുവിൽ ഇന്നലെ വാങ്ങിയ തുക തിരിച്ചു കൊടുത്തു . പകരം ഒപ്പിട്ടു നല്കിയ കടലാസ് കുഞ്ഞിരാമന്റെ മുഖത്തേക്ക് നീട്ടി എറിഞ്ഞു വന്നവര് ഭൂമി കുലുക്കി പടി കടന്നു. അപ്പോഴാണ്‌ തെരഞ്ഞെടുപ്പിനെ
ക്കുറിച്ചും ജനാധിപത്യ പ്രക്രിയയെ കുറിച്ചും പാവം കുഞ്ഞിരാമന് വെളിപാട് ഉണ്ടായത്. പക്ഷെ അപ്പോഴേക്കും
കുഞ്ഞിരാമൻ അപരനായി മാറിയിരുന്നു. ഇപ്പോൾ കുഞ്ഞിരാമൻ അറിയപ്പെടുന്നത് തന്നെ അപരൻ എന്നാ പേരിലാണ്

Tuesday, 25 March 2014

തമിഴ് ബാലൻ തിരിച്ചെത്തി

നീല ഗിരിയുടെ ആഹ്ലാദം 
---------------------------------
ഇന്ന് വൈകുന്നേരം പ്രസ്സ് ക്ലബിലേക്ക് അയാൾ വന്നത് തനിച്ചായിരുന്നില്ല. കൂടെ മകനും ഉണ്ടായിരുന്നു.
ഗൂടല്ലുർ ഗുണ മംഗലം കാട്ടു മന്നാര് കോയിൽ സ്വദേശി രാജേന്ദ്രനെ ഓർമയില്ലെ ?
ഒരു മാസമായി കാണാതായ മകനെ തേടി അലഞ്ഞു നടന്ന പിതാവിനെ... ഫെബ്രുവരിയിൽ വീടു വിട്ടു പോയ
ചന്ദ്ര ശേഖരനെ തെരഞ്ഞു നാടായ നാടെല്ലാം അലഞ്ഞൂകൊൻടിരുന്ന രാജേന്ദ്രൻ ഒരാഴ്ച മുമ്പാണു എന്റെ
മുന്നിൽ സങ്കട ക്കടലുമായി എതതിയത്. പത്രത്തിലും ഫേസ് ബൂക്കിലും തമിഴ് ബാലനെ കാണാതായ
വാർത്ത നൽകിയതിനെ തുടർന്നു ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്നാണു മകനെ തിരിച്ചു കിട്ടിയത്.
പതിനഞ്ചു വയസ്സ് പ്രായമുള്ള മകന്റെ കൈ പിടിച്ചാണു അയാൽ നന്ദി പറയാൻ വന്നത്.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ മകനെ ലഭിച്ചപ്പോൽ ആ മെലിഞ്ഞുണങിയ മനുഷ്യന്റെ
മുഖത്ത് നീല ഗിരിയിൽ നിന്നൊഴുകി വന്ന ആശ്വാസ തെന്നലുൻന്ടായിരന്നു....
ഇനി ഒരിക്കലും വീടു വിട്ടു പോവില്ലെന്നു സത്യം ചെയ്താണു ആ നിഷ്കളങ്ക ബാലൻ എന്നോട് യാത്ര
പറഞ്ഞത്. അച്ചനും മകനും നടന്നു പോകുന്ന കാഴ്ച്ച നോക്കി നിന്നപ്പോൽ വർഷങൽക്കു മുമ്പു നാട് വിട്ടോടിപ്പോയ ഞാൻ വീട്ടിൽ തിരിച്ചെത്തിയ പ്രതീതി ഉണ്ടായി.


Sunday, 23 March 2014

ജലവിചാരം

വെള്ളത്തിന്റെ വില
---------------------
കത്തുന്ന വേനലിന്റെ കനലാണെങ്ങും  . വാൾത്തല പോലെ മിന്നുന്ന മീന വെയിലിൽ കുടി വെള്ളത്തിനു വേണ്ടി അലയുകയാണ് ഗ്രാമീണ ജനത.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ  ജല ക്ഷാമം രൂക്ഷമാണ്.  തുലാ വര്ഷവും ഇടവപ്പാതിയും കൊണ്ടു അനുഗ്രഹിക്കപ്പെട്ട ഒരു നാടിന്റെ ദുസ്ഥിതി ഇതാണെങ്കിൽ    മഴ പെയ്യാത്ത നാടുകളുടെ അവസ്ഥ ഓർക്കുക വയ്യ.  ഇവിടെ ചെറുതും വലുതുമായ ഒട്ടനവധി കുടിവെള്ള പദ്ധതികളുണ്ട്. എന്നാലോ വേനലാരംഭിക്കുന്നതോടെ എല്ലാം നീരറ്റ നിലയിലാവും. സ്വകാര്യ വ്യക്തികളാവട്ടെ സ്വന്തം കിണർ താഴിട്ടു പൂട്ടുന്ന കാലമാണ്. വെള്ളത്തിന്റെ അവകാശം തനിക്കു മാത്രമെന്ന് അവർ കരുതുന്നു. അടുത്ത വീട്ടുകാരുടെ കിണറുകളെ പോലും വന്ധ്യയാക്കുന്ന തരത്തില്  പുത്തൻ കാശുകാർ
തന്നിഷ്ട പ്രകാരം കുഴൽ കിണറു കുഴിക്കുന്നതും പ്രതിസന്ധി വര്ധിപ്പിക്കുന്നു. യഥാർത്ഥത്തിൽ വെള്ളത്തിന്റെ വില അറിയാത്തവരായി മലയാളി മാറി ക്കഴിഞ്ഞു. ഈ ലോകത്ത് എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ട
വെള്ളം വില്പ്പന വസ്തുവാക്കുന്നതു പോലും നീതിക്ക് നിരക്കുന്നതല്ല. ഭൂമിയുടെ മുലപ്പാലാണ് കുടി വെള്ളം.
ഒന്നര പതിറ്റാണ്ട് മുമ്പ് ഗുരു നിത്യ ചൈതന്യ യതിയുടെ ഫേണ്‍ ഹില്ലിലുള്ള ആശ്രമത്തിൽ ഒരാഴ്ച കുടുംബത്തോടൊപ്പം താമസിക്കാൻ അവസരം ലഭിക്കുകയുണ്ടായി. അന്നാണ് വെള്ളത്തിന്റെ വില എന്തെന്ന്
മനസ്സിലായത്‌.ഭക്ഷണം കഴിച്ചു പാത്രം കഴുകുമ്പോൾ ടാപ്പിൽ നിന്ന് നൂലു പോലെ വീഴുന്ന വെള്ളം ക്രമീകരിച്ചത്
കണ്ടു. വെള്ളം കൊണ്ടു ധൂർത്ത് നടത്തി ശീലിച്ചവര്ക്ക് ഈ ക്രമീകരണം അസഹ്യമായിരുന്നു. അത്
മനസ്സിലാക്കിയ ഗുരു വെള്ളത്തിന്റെ വില സംബന്ധിച്ച് പിറ്റേന്ന് പ്രഭാഷണം നടത്തുകയുണ്ടായി.
അതിനു ശേഷം ഈ നിമിഷം വരെയും ഗുരുവചനം എന്റെ മനസ്സിലുണ്ട്.  വെള്ളം ഉപയോഗിക്കുന്ന സമയത്തെല്ലാം ആ മഹദ് വചനം ഓർമ വരും. ലോക ജല ദിനത്തിൽ മാത്രം വെള്ളത്തെപ്പറ്റി ചിന്തിച്ചാൽ പോര.
എന്നും എപ്പോഴും ജീവ ജലം സംബന്ധിച്ച് ഓര്മ വേണം. അടുത്ത ലോക മഹായുദ്ധം വെള്ളത്തിന്‌ വേണ്ടി
ആയിരിക്കും എന്ന ആശങ്ക അസ്ഥാനത്തല്ല .

Monday, 17 March 2014

നീല ഗിരിയുടെ വിലാപം



 നീല ഗിരിയുടെ വിലാപം 
-----------------------------------
പതിവു പോലെ വൈകുന്നേരം പ്രസ്സ് ക്ലബിൽ ഇരിക്കുമ്പോൾ തീരെ പരിചയമില്ലാത്ത ഒരാൾ 
കടന്നു വന്നു. മെലിഞ്ഞ ശരീരം . ഉണങ്ങിയ കൈ കാലുകൾ . വരൾച്ച ബാധിച്ച കണ്ണുകൾ .
ഒറ്റ നോട്ടത്തിൽ തമിഴനാണെന്ന് മനസ്സിലായി. വണക്കം സാർ എന്ന് പറഞ്ഞ് വന്ന കാര്യത്തിലേക്ക് 
മുഖവുര കൂടാതെ കടന്നു. ഗൂടല്ലൂർ ജില്ലയിലെ ഗുണ മംഗലം കാട്ടു മന്നാർ കോയിലിനു സമീപം 
താമസിക്കുന്ന രാജേന്ദ്രൻ ആണ് ഇയാൾ . കുറച്ചു കാലമായി പട്ടാമ്പിയിലാണ് കുടുംബ സമേതം 
കഴിയുന്നത്‌. ഗവ.ആശുപത്രിയുടെ അടുത്തുള്ള വാടക വീട്ടില് ഭാര്യയും മക്കളും ഒത്തു കൂലി വേല 
ചെയ്തു അല്ലലില്ലാതെ കഴിയുന്ന കുടുംബമായിരുന്നു. കൊല്ലത്തിൽ  ആറു മാസം ഇവിടെയും 
ആറ് മാസം നീല ഗിരിയുടെ താഴ് വരയിലും . അങ്ങിനെയിരിക്കെ കഴിഞ്ഞ മാസം 12 ന് 15 വയസ്സുള്ള മകൻ ചന്ദ്രശേഖരനെ കാണാതായി. പല സ്ഥലത്തും തെരഞ്ഞു. പൊലിസിൽ പരാതി നല്കി.
ഒരു മാസം കഴിഞ്ഞു. ഒരു വിവരവും ലഭിച്ചില്ല . ഒടുവിലാരോ പറഞ്ഞാണ് പ്രസ്സ് ക്ലബിൽ എത്തിയത്. നടന്ന കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞിട്ടും മതി വരാത്ത മട്ടിലായിരുന്നു അയാൾ .
നീലഗിരിയിൽ നിന്ന് താഴേക്ക്‌ പതിച്ച അരുവി പോലെ രാജേന്ദ്രന്റെ കണ്ണുകളിൽ നിന്ന് പ്രവാഹം 
ഉണ്ടായി. വരണ്ട കണ്ണുകൾ എത്ര പെട്ടന്നാണ് തടാകമായത്. ഒരു ചുഴലി കാറ്റിൽ അകപ്പെട്ട പോലെ 
രാജേന്ദ്രൻ നിന്നു തിരിഞ്ഞു . മകന്റെ നിറം മങ്ങിയ ഫോട്ടോ എനിക്ക് തന്നു. ഞാൻ അതിലേക്കു നോക്കി. വാർത്ത കൊടുക്കാം എന്നും മകൻ ഉടനെ തിരിച്ചു വരും എന്നും ഞാൻ പറഞ്ഞു.അയാൾ  കൈ 
കൂപ്പിയും താണു വണങ്ങിയും നടന്നകന്നു. വാർത്ത‍യോടൊപ്പം ചിത്രം ചേർത്ത് വെച്ചപ്പോൾ എന്റെ 
ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായി. പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞതും മദ്രാസിലേക്ക് ഒളിച്ചോടിയ 
ഞാൻ തന്നെ അല്ലെ ഇവൻ .അതെ. ബാല്യം എന്റെ മുന്നില് വീണ്ടും ഉയിർത്ത് എണീക്കുകയാണ് .

Sunday, 16 March 2014

കഥ /.എലിയുടെ വീട്

എലിയുടെ വീട്
----------------
എലിയുടെ വീട്ടിലായിരുന്നു അലി താമസിച്ചിരുന്നത്. വീട്ടിൽ എത്ര എലികളുന്ടെന്നു എണ്ണി തിട്ടപ്പെടുത്താൻ
അലിക്ക് കഴിഞ്ഞിരുന്നില്ല. രാവും പകലും എലികളുടെ വിളയാട്ടമായിരുന്നു. എലിയെ എങ്ങിനെ പിടി കൂടാം
എന്ന ഗവേഷണത്തിലായിരുന്നു അലിയുടെ ഭാര്യ. പല വിദഗ്ധരും ഉപായങ്ങൾ നിരത്തി.എല്ലാം പ്രയോഗിച്ചു.
ഒന്നും ഫലം കണ്ടില്ല. ശർക്കര തിളപ്പിച്ച്‌ പാവുണ്ടാക്കി. അതിൽ പഞ്ഞി മുക്കി ഗുളിക ഉണ്ടാക്കി. എലി പഞ്ഞി
മിഠായി തിന്നു വെങ്കിലും ഒന്നും സംഭവിച്ചില്ല. ഇനിയുണ്ടോ മിഠായി എന്ന ചോദ്യ ഭാവത്തോടെ എലികൂട്ടം
അലിയെ നോക്കി പരിഹസിച്ചു. വീട്ടിലുള്ള പുസ്തകമെല്ലാം എലി തിന്നു തീർത്തു. ലാപ്ടോപിന്റെ കേബിളും
വൈദ്യുതി വയറുകളും എലി മുറിച്ചിട്ടു.അലിക്കും ഭാര്യക്കും ജീവിതം വഴി മുട്ടി. മൂന്നു എലി കെണികളും തുരുമ്പിച്ചു. തക്കാളി, തേങ്ങാ പൂള് ,
ഉണക്ക മീൻ തുടങ്ങിയ ഇരകൾ എല്ലാം എലികൂട്ടം കെണിയിൽ പെടാതെ തിന്നു കൊണ്ടിരുന്നു. എലി കെണി
പരാജയമായതോടെ ഇനി എന്ത് ചെയ്യും എന്നായി അലിയുടെ ചിന്ത. ഒരു ദിവസം ഒരു കുഞ്ഞനെലി കെണിയിൽ
കുടുങ്ങി. പെരുത്ത സന്തോഷത്തോടെ അലിയുടെ ഭാര്യ കെണി എടുത്തു ഒരു ബക്കറ്റ് വെള്ളത്തില മുക്കി.
ഒരു മണി നേരം കഴിഞ്ഞു കാണും. ശവ സംസ്കാരത്തിന് കുഴി കുത്തി. ഇനി കുഴിച്ചിടാം. കെണിയുടെ കതക്
തുറന്നു. ഒറ്റ ചാട്ടം. ചത്തെന്നു കരുതിയ എലി ചിലച്ചു കൊണ്ട് ചാടി ഓടി. വീണ്ടും പുരപ്പുറത്തു കയറി
കുടുംബത്തെ വിളിച്ചു. .പൊടുന്നനെ പുരപ്പുറമാകെ മൂഷിക സേന നിറഞ്ഞു. അവരുടെ നേതാവായി
മാര്ജ്ജാരനും. അവരോരുമിച്ചു ഓടു കുലുക്കി. ചുമരും കഴുക്കോലും പട്ടികയും കീഴടക്കി. ഇപ്പോൾ എലിക്കൂട്ടിൽ
അലിയും ഭാര്യയും പിന്നെ പഞ്ഞി മിഠായിയും. എലിയുടെ വീട്ടിൽ പഞ്ഞി മിഠായി തിന്നു അലി എഴുതുകയാണ്.
മൂഷിക പുരാണം തുടർ കഥ.

Saturday, 15 March 2014

കവിത / സംഭവിച്ചത്

സംഭവിച്ചത് 
----------------

പുലർകാലെ കണ്ടത് 
പുതിയൊരു സ്വപ്നം 
പുഴയും ചുഴിയും 
പനയും മലയും 
അണ പൊട്ടിയ പോലെ 
മാനം തൊട്ടതു കാണെ 
ഉള്ളു കിടുങ്ങി 
ഉടലു നടുങ്ങി 
ഉലകം മുഴുവൻ 
ഉരലായ് പൊങ്ങി 
ഇരുളിൽ മുങ്ങി 
പുലർ കാലെ കണ്ടത് 
കിടിലൻ സ്വപ്നം 
ഹെന്തൊരു സ്വപ്നം .


Friday, 14 March 2014

കവിത / പ്രണയം

പ്രണയം 
---------

ചിത്ത ഭ്രമം ബാധിച്ച
എന്ടെ പ്രണയത്തിന്
പ്രായം പതിനേഴ്‌ ...
കണ്മുന നീട്ടി , ചുണ്ടു വിടര്ത്തി ,
കിന്നരി തലപ്പാവുമായി വന്ന പ്രണയം
ഇടവഴിയിലും പെരുവഴിയിലും
കാത്തു നിന്നു .
പ്രണയാര്ധനനായി ,
പരവശനായി
സ്വപ്നാടകനായി അലയവെ
ഉള്ളിലുറഞ്ഞ ഹിമ കണങ്ങൾ തിരയടിച്ചു .
അപ്പോൾ പ്രണയം എന്നോട് കയർത്തു ...
ചിരിക്കാനറിയാത്ത കൃശ ഗാത്ര കീടമേ
നിനക്കുള്ളതല്ല പ്രണയം
വഴി മാറുക , മിഴി മൂടുക
വിട ചൊല്ലിടട്ടെ മൂകം ....