Wednesday, 19 September 2012

പീഡിതസ്ത്രീത്വങ്ങള്‍ക്ക് സ്മരണാഞ്ജലിയോടെ

 
പത്രവാര്‍ത്തയുടെ ചതുരക്കോളത്തിലൊതുങ്ങാത്ത സ്ത്രീവിഹ്വലതകളില്‍ നിന്ന് കഥകള്‍ കണ്ടെത്തിയ മാധ്യമപ്രവര്‍ത്തകന്‍ ടി വി എം അലിയുടെ കഥാസമാഹാരം - ‘മുള്‍ദളങ്ങള്‍’- ആസ്വാദകരുടെ മനസ്സിലേക്ക്  ഒരേ സമയം ദളങ്ങളുടെ മാര്‍ദ്ദവവും മുള്ളുകളുടെ മുറിവും സമ്മാനിച്ചു. ഒറ്റയിരുപ്പിലുള്ള വായനയ്ക്കൊടുവില്‍ നല്ലൊരു പുസ്തകം വായിച്ചതിന്റെ സന്തോഷത്തോടൊപ്പം നമ്മുടെ  സഹജീവികളായ സ്ത്രീജന്മങ്ങളുടെ ദുരന്തങ്ങളോര്‍ത്തുള്ള ഒരിറ്റു കണ്ണീരും തീര്‍ച്ചയാണ്.
   
    കുടുംബഭദ്രതയ്ക്കായി  വീട്ടുജോലിക്ക് പുറമെ നിരവധി സഹനങ്ങള്‍ കൂടി പേറുന്ന സ്ത്രീ വീട്ടിനകത്തു തന്നെ ഏറെ പീഡനങ്ങള്‍ക്കിരയാവൂന്നു. തൊഴിലിടങ്ങളിലും യാത്രാവേളകളിലും അവളെ കാത്തിരിക്കുന്നത് കാപാലികരുടെ നഖമുനകളാണ്. ചതിക്കപ്പെടുമ്പോഴും സമൂഹത്തിന്റെ സദാചാരപ്പോലീസ് അവളെ പ്രതിക്കൂട്ടിലാക്കുന്നു.
   
    ക്ഷമിച്ചും സഹിച്ചും ഭയന്നും ആക്രമിക്കപ്പെട്ടും കഴിയാന്‍ വിധിക്കപ്പെട്ട സ്ത്രീത്വത്തിന്റെ ഭിന്നമുഖങ്ങളാണ്   സമാഹാരത്തിലെ 17 കഥകളിലൂടെ കഥാകൃത്ത് വരച്ചിടുന്നത്.അറിഞ്ഞും അറിയാതെയും തെറ്റുകളിലെത്തിപ്പെടുന്ന ഈ സ്ത്രീകഥാപാത്രങ്ങള്‍, തന്റെ പത്രപ്രവര്‍ത്തനവഴികളില്‍ ടിവിഎം അലിയെന്ന മാധ്യമപ്രവര്‍ത്തകന്‍ മുഖാമുഖം ദര്‍ശിച്ചവരാണ്. തന്റെ പ്രവര്‍ത്തനകേന്ദ്രമായ , പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന (മരിച്ചുജീവിക്കുന്ന) ഈ സ്ത്രീകളുടെ , ഒരു വാര്‍ത്തയെഴുത്തു കൊണ്ടുമാത്രം സാന്ത്വനപ്പെടുത്താനാവാത്ത, ജീവിതവ്യഥകളെ  ചൂരും ചൂടും നഷ്ടപ്പെടുത്താതെ  കഥകളിലേക്ക് ആവാഹീക്കുകയാണ് ചെയ്തിട്ടുള്ളത്.
   
    തമ്പ്രാന്മാരുടെ ‘ഔദാര്യ’ത്തില്‍  ഉഷ്ണപ്പുണ്ണ് സമ്പാദിച്ച ദളിത് യുവതിയായ കാളിയും , നാട്ടുനടപ്പനുസരിച്ച് രണ്ടു സഹോദരന്മാരുടെ ഭാര്യയായി ജീവിച്ച് , ഒടുവില്‍ താന്‍ കാരണം അവര്‍ തല തല്ലിക്കീറുന്നതിന് സാക്ഷിയാകേണ്ടി വന്ന യശോദയും, നിശ്ചയിച്ച കല്യാണം മുടങ്ങിയപ്പോള്‍ രക്ഷകനായെത്തി, സ്വന്തം ശിങ്കിടിയെ തന്നെ പുതുമാരനായി അറേഞ്ച് ചെയ്തു കൊടുത്ത  കുഞ്ഞാലിമുസല്യാരെന്ന പ്രമാണി നടത്തിയ ലൈംഗികാക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി  വന്ന റാബിയയും , പരപുരുഷബന്ധം സംശയിച്ച് ഭര്‍ത്താവ് ചെയ്ത ക്രൂരമായ ആഭിചാരക്രിയകള്‍ക്ക് വിധേയയാകേണ്ടി വന്ന ശോഭനയുമെല്ലാം  നമ്മുടെ മനസ്സുകളില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.
   
    തീവണ്ടിയാത്രയ്ക്കിടെ നരാധമന്റെ കൊടുംക്രൂരതയാല്‍ കൊല്ലപ്പെട്ട സൌമ്യയ്ക്കാണ് പുസ്ത കം സമര്‍പ്പിച്ചിട്ടുള്ളത്.‘ചിരി മറന്ന കോമാളി’ (കഥാസമാഹാരം),  ‘ സൂര്യശയനം’ (നോവല്‍),  ‘ഈസന്‍മൂസ’ (ബാലസാഹിത്യം) ഇവയാണ് ഇതരകൃതികള്‍.എഴുത്തിന്റെ മൂന്നു ദശാബ്ദങ്ങള്‍ പിന്നിട്ട ടിവിഎം അലി , പാലക്കാട് ജില്ലയിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള ഇ എ വഹാബ് സ്മാരക അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കിയിട്ടുണ്ട്. പാലക്കാട് നെഹ്രു യുവകേന്ദ്രയുടെ ‘യൂത്ത് ലൈന്‍ ’,  ‘ലൈഫ്’(തൃശ്ശൂര്‍), ‘ദര്‍ശനഭൂമി’(ഗുരുവായൂര്‍) മാസികകളില്‍ സഹപത്രാധിപരായി ജോലി ചെയ്തു.മേലെ പട്ടാമ്പി തപാലോഫീസില്‍ ഗ്രാമീണ്‍ സഡക്ക് ഡാക്ക് വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ്. പ്രാദേശികചാനലായ പട്ടാമ്പി കേബിള്‍ വിഷന്റെ ന്യൂസ് എഡിറ്ററായും സേവനം ചെയ്യുന്നു. ഭാര്യ : ഇയ്യാത്തുകുട്ടി, മക്കള്‍ : സബിദ, ഉബൈദ്.                    എം ഗോപിനാഥന്‍ പട്ടാമ്പി.

2 comments:

gsg murali said...

the book review of M.GOPINATHAN,PTB, its nice about TVM.ALI's works

gsg murali said...

the book review of M.GOPINATHAN,PTB, its nice about TVM.ALI's works