Thursday, 6 September 2012

അലി മണിക്ഫാന്‍ സൌഹൃദസന്ദര്‍ശനത്തിന് പട്ടാമ്പിയിലെത്തി

അലി മണിക്ഫാന്‍ 
പട്ടാമ്പി: ബഹുമുഖപ്രതിഭയായി അറിയപ്പെടുന്ന മിനിക്കോയി സ്വദേശി അലി മണിക്ഫാന്‍ സൌഹൃദസന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം പട്ടാമ്പിയിലെത്തി. അമേച്വര്‍ ആസ്ട്രോണമര്‍ ആയ കൊഴിക്കോട്ടിരി അബ്ദുല്‍ ഗഫൂര്‍ തോട്ടിങ്ങലിന്റെ വീട്ടിലാണ് അദ്ദേഹം സന്ദര്‍ശനത്തിനെത്തിയത്. ഒന്നര  പതിറ്റാണ്ടു മുമ്പ് പരിചയപ്പെട്ടവരാണ് ഇരുവരും. ഏകീകൃതഹിജ്റ കലണ്ടറിന് രൂപം നല്‍കിയ ഗോളശാസ്ത്രജ്ഞന്‍ കൂടിയാണ് അലി മണിക്ഫാന്‍. നാം ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ അശാസ്ത്രീയമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
   
    ഗ്രിഗോറിയന്‍ കലണ്ടര്‍ ആദ്യമായി റോമില്‍ പ്രചരിച്ചത് ബിസി 46-ല്‍ ജൂലിയസ് സീസര്‍ എന്ന ചക്രവര്‍ത്തിയുടെ കാലത്തായിരുന്നു. അക്കാലത്ത് ജൂതപുരോഹിതന്മാര്‍ അവരുടെ ഇച്ഛയ്ക്കൊത്ത് കലണ്ടറില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതില്‍ തൃപ്തിയില്ലാത്ത ചക്രവര്‍ത്തി സൂര്യനെ അടിസ്ഥാനമാക്കി കാലഗണന നടത്തുന്ന മാതൃക പിന്തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് ചന്ദ്രമാസക്കലണ്ടര്‍ നിരോധിക്കപ്പെട്ടു. ജൂലിയസ് സീസറുടെ കാലശേഷം ജൂലിയന്‍ കലണ്ടര്‍ നിലവില്‍ വന്നു. പിന്നീട് 1582 - ല്‍ പോപ്പ് ഗ്രിഗറി 13 - ാമന്റെ കാലത്ത് ഗ്രിഗോറിയന്‍ കലണ്ടര്‍ രൂപം കൊണ്ടു. ഇവയെല്ലാം പല തവണ  തിരുത്തപ്പെട്ട കലണ്ടറുകളായിരുന്നുവെന്ന് അലി മണിക്ഫാന്‍ വിവരിച്ചു.
   
മണിക് ഫാന്‍ അബ്ദുല്‍ഗഫൂറിനൊപ്പം                   
    1960 - കളിലാണ് മണിക്ഫാന്‍ ആഗോളകലണ്ടറിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്.സൂര്യചന്ദ്രന്മാരും ഭൂമിയും ഒരേ തലത്തില്‍ വരുന്ന ദിവസമാണ് വാവ് എന്നറിയപ്പടുന്നത്. അടുത്ത ദിവസം ചന്ദ്രമാസത്തിലെ ഒന്നാം ദിവസമാണ്. ശാസ്ത്രലോകം ചന്ദ്രമാസനിര്‍ണയം നടത്തുന്നത് ഈ ഗണിതമനുസരിച്ചാണ്. ചന്ദ്രസഞ്ചാരഗതി കൃത്യമായതിനാല്‍ ലോകം മുഴുവന്‍ ബാധകമായ ഒരു ഏകീകൃതഹിജ്റ കലണ്ടറിനാണ് അലി മണിക്ഫാന്‍ രൂപം നല്‍കിയത്.എന്നാല്‍ ഏകീകൃത ഹിജ്റ കലണ്ടറിനെ അംഗീകരിക്കാന്‍ മുഖം തിരിഞ്ഞ് നില്‍ക്കുന്ന പണ്ഡിതന്മാര്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിലെ മിനിക്കോയിയില്‍ മൂസ മണിക്ഫാന്‍ - ഫാത്തിമാ മണിക്ക ദമ്പതികളുടെ രണ്ടാമത്തെ  മകനായി പിറന്ന അലി മണിക്ഫാന്‍ സമുദ്രജീവശാസ്ത്രം , സമുദഗവേഷണം , ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, പരിസ്ഥിതിവിജ്ഞാനശാസ്ത്രം, പാരമ്പര്യ കപ്പല്‍നിര്‍മാണശാസ്ത്രം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ വിജ്ഞാനശാഖകളില്‍ അതിനിപുണനാണ്. അലി മണിക് ഫാന്‍ സമുദ്രഗവേഷണം നടത്തുന്ന കാലത്ത് കണ്ടെത്തിയ അപൂര്‍വമത്സ്യത്തിന് ശാസ്ത്രലോകം നല്‍കിയത് അബൂഡെഫ്- ഡഫ് മണിക്ഫാനി എന്ന നാമമാണ്. കടലിനേയും അ തിലെ ജീവികളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ അറിവ് ശാസ്ത്രലോകം അത്ഭുതത്തോടെയാണ് കാണുന്നത്.

    1981-ല്‍ മണിക് ഫാനിന്റെ നേതൃത്വത്തില്‍ ഒമാനിലെ സുറില്‍ നിര്‍മിച്ച സോഹര്‍ എന്ന കപ്പലും ചരിത്രത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.വിവിധ മേഖലകളില്‍ തനതായ കണ്ടെത്തലുകള്‍ രേഖപ്പെടുത്തിയ ഈ മനുഷ്യന്‍ ഇന്നും സാധാരണക്കാരനായാണ് ജീവിക്കുന്നത്. എളിമയും വിനയവും കൈവിടാതെ സുഹൃദ്ബന്ധങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന മണിക്ഫാന്‍ പട്ടാമ്പിയില്‍ നിന്ന് യാത്ര തിരിച്ചത് മണ്ണാര്‍ക്കാട്ടേക്കാണ്.ഓരോ സുഹൃദ്സന്ദര്‍ശനവും അദ്ദേഹത്തിന് പുതിയ അനുഭവവും അറിവുവുമാണ് സമ്മാനിക്കുന്നത്.